സ്വന്തം തറവാട് : ഭാഗം 5

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

"എന്താ... എന്താ മോളേ... " ശ്രീധരമേനോൻ ചോദിച്ചു... അപ്പോഴേക്കും വരുണും കിരണും അവിടേക്ക് വന്നു "പാമ്പ്... പാമ്പ്... " വേദിക പേടിയോടെ മുഖം പൊത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു... "പാമ്പോ... എവിടെ... " "അവിടെ ജനലിന്റെയടുത്ത് രണ്ട് പാമ്പുകൾ... " വേദിക പറഞ്ഞതുകേട്ട് എല്ലാവരും അവിടേക്ക് നോക്കി... അവിടെ ഒന്നുംതന്നെ ആരും കണ്ടില്ല... കിരൺ ജനലിനടുത്തേക്ക് നടന്നു... പിന്നെ ജനൽ തുറന്ന് പുറത്തേക്ക് നോക്കി അപ്പോഴേക്കും ശ്രീധരമേനോനും വരുണും ആ മുറിയിലെല്ലാം നോക്കി... " "ഇവിടെ ഒരു പാമ്പും ചേരയുമൊന്നുമില്ല... ഓരോന്ന് ആലോചിച്ച് കിടന്നോളും എന്നിട്ട് ഇല്ലാത്തതും ഉണ്ടെന്ന് പറഞ്ഞ് മറ്റുള്ളവരെ മെനക്കെടുത്തും... സത്യം പറയുകയാണ്... ഇവളെ എത്രയും പെട്ടന്ന് ഡോക്ടറെ കാണിക്കണം... ഇല്ലെങ്കിൽ നമുക്ക് ഇവളെ നഷ്ടമാവുകയേയുള്ളൂ... നിങ്ങൾക്കാർക്കും വയ്യെങ്കിൽ വേണ്ട... ഞങ്ങൾ കൊണ്ടുപൊയ്ക്കോളാം ഇവളെ... ഞങ്ങൾക്കിത് കണ്ടു നിൽക്കാൻ വയ്യ... " കിരൺ പറഞ്ഞു... "ഞാൻ സത്യമായിട്ടും കണ്ടതാണ്...

രണ്ട് പാമ്പുകൾ പത്തി വിടർത്തി എന്റെ നേരെ ചീറ്റുന്നത്... " വേദിക പറഞ്ഞു... "എന്നിട്ടെവിടെ അവറ്റകൾ... അന്തരീക്ഷത്തിൽ ലയിച്ചുപോയോ... അതോ ഭൂമിതുരന്ന് പാതാളത്തിലേക്ക് പോയോ... " "മോളേ നിനക്ക് തോന്നിയതാകും... ഇവിടെ എങ്ങനെയാണ് പാമ്പുകൾ വരുന്നത്... ജനലും വാതിലും ചാരിയിട്ടതല്ലേ... " പ്രസന്ന ചോദിച്ചു "അല്ല അമ്മേ... സത്യമായിട്ടും ഞാൻ കണ്ടതാണ്... എങ്ങനെയാണ് നിങ്ങളെ പറഞ്ഞ് വിശ്വസിപ്പിക്കുക... " "സാരമില്ല... ഏതായാലും മോള് ഇവിടെ ഒറ്റക്ക് കിടക്കേണ്ട താഴേക്ക് വാ... അവിടെ ഹാളിൽ എല്ലാവരുടേയും കൂടെ ഇരിക്കാം... " ശ്രീധരമേനോൻ അവളേയും കൂട്ടി താഴേക്ക് നടന്നു... ബാക്കിയുള്ളവർ പുറകിലായി ചെന്നു.... ▪️▪️▪️▪️▪️▪️▪️▪️▪️ "മോനേ... പ്രസന്ന വിളിച്ചിരുന്നു... വേദിക ഇപ്പോൾ എന്തോ ചില ദുഷിച്ച സ്വപ്നങ്ങൾ കണ്ട് എന്നും ഞെട്ടിയുണരുന്നെന്ന്... ഇന്നിപ്പോൾ മുറിയിൽ രണ്ട് നാഗങ്ങളെ കണ്ടു എന്നാണ് പറയുന്നത്... " നന്ദന്റെ അമ്മ സുലോചന പറഞ്ഞു... "നാഗങ്ങളോ... അതെങ്ങനെ മുറിയിൽ നാഗങ്ങൾ വരുന്നത്... " "അതാണ് അവരും അവളോട് ചോദിക്കുന്നത്...

അവിടെ മുഴുവൻ അവർ അരിച്ചു പെറുക്കി നോക്കി... അവരൊന്നും കണ്ടില്ലെന്നാണ് പറയുന്നത്... ചിലപ്പോൾ നിഴൽ വല്ലതും കണ്ട് പേടിച്ചതാകാം... " "അല്ലാതെ പിന്നെ... അവിടെ അവളുടെയടുത്ത് നാഗങ്ങൾ വരുകയാണല്ലോ... അതിനിടയിൽ അമ്മയെന്തോ സ്വപ്നത്തിന്റെ കാര്യം പറഞ്ഞല്ലോ എന്ത് സ്വപ്നം കണ്ടൂന്നാണ് പറയുന്നത്... " "തന്റെ മുൻജന്മമാണെന്നാണ് അവൾ പറയുന്നത്... അവളുടെ അതേ രൂപമുള്ള ഒരു പെണ്ണിനേയും നിന്റെ രൂപമുള്ള ചെറുപ്പക്കാരനേയുമാണ് കാണുന്നതെന്ന്... അതിലെ പെണ്ണിന്റെ അച്ഛനും ഏട്ടന്മാരുംകൂടി ആ പയ്യനെ എന്തോ ചെയ്യുന്നതായിട്ട്... അവർ ബ്രഹ്മദത്തൻ തിരുമേനിയെ കണ്ടു അദ്ദേഹവും പറയുന്നത് മുൻജന്മത്തെ കാര്യമാണെന്നാണ്... പക്ഷേ ഇതൊക്കെ എന്തോ മനസ്സിന്റെ തോന്നലാണെന്നും അവളെ ഒരു സൈക്കാട്രിസ്റ്റിനെ കാണിക്കണമെന്നുമാണ് കിരണും വരുണും പറയുന്നത്..... "

അതുകേട്ട് നന്ദൻ ഞെട്ടി... അത് സുലോചന ശ്രദ്ധിച്ചു... "എന്താ മോനേ നീ ഞെട്ടിയത്... " "അപ്പോൾ അത് സത്യമാണോ... " "എന്താ നീ പറഞ്ഞുവരുന്നത്... " സുലോചന ആദിയോടെ ചോദിച്ചു... "അവൾ കണ്ടെന്ന് പറയുന്ന സ്വപ്നം എന്നും ഞാനും കാണാറുണ്ട്... പക്ഷേ ഞാനത് കാര്യമാക്കിയെടുത്തില്ല... അപ്പോൾ ആ കണ്ട സ്വപ്നത്തിലെ അനന്തനും പാർവതിയുമാണോ ഞങ്ങൾ... " "എന്താ മോനേ പറയുന്നത്... നീയും കാണുന്നുണ്ടെന്നോ അതെല്ലാം... അപ്പോൾ തിരുമേനി പറഞ്ഞത് സത്യമാണോ... " "എനിക്കറിയില്ല... നാളെ നമുക്ക് മേപ്പല്ലൂർ തിരുമേനിയുടെ അടുത്തേക്കൊന്ന് പോയാലോ... "പോകാം പക്ഷേ നാളെ വേണ്ട... നാളെ അച്ഛൻ ഇവിടെയുണ്ടാവുമല്ലോ... അന്നേരം നമ്മൾ പോയാൽ അച്ഛന് ഭക്ഷണമുണ്ടാക്കി കൊടുക്കുന്നത് ആരാണ്... " "എന്നാൽ ഞാൻ പോയി വരാം... ഇതിന്റെ സത്യാവസ്ഥ എനിക്ക് അറിയണം... വെറുതേ ഒരേ സ്വപ്നം ഞാനും വേദികയും എന്നും കാണില്ലല്ലോ... ഇതിലെന്തോ സത്യമുണ്ട് അത് എന്താണെന്ന് എനിക്കറിയണം... "

"എന്നാൽ നീ പോയി വാ... നീ മാത്രമാകുമ്പോൾ ചിലപ്പോൾ തിരുമേനി എല്ലാ കാര്യവും പറഞ്ഞെന്നിരിക്കും... " സുലോചന പറഞ്ഞു... "ഉം... ശരി ഏന്തായാലും എനിക്ക് ഇതിന്റെ യാഥാർത്ഥ്യം അറിയണം... അവളെ എല്ലാവരുടെ മുന്നിലുമൊരു മാനസ്സികരോഗിയാക്കാൻ ഞാൻ സമ്മതിക്കില്ല... അവൾ കാണുന്ന അതേ സ്വപ്നം ഒരുതരത്തിലല്ലെങ്കിലും മറ്റൊരു തരത്തിൽ ഞാനും കാണുന്നുണ്ട്... അപ്പോൾ എനിക്കും മാനസികരോഗമാണെന്ന് അവർ പറയുമല്ലോ... എന്നെയും ഒരു സൈക്കാട്രിസ്റ്റിനെ കാണിക്കമെന്നും പറയുമല്ലോ... നാളെ ഇതേ കുറിച്ച് തിരുമേനിയുടെ ചോദിച്ചറിഞ്ഞിട്ടേ മറ്റെന്തുമുള്ളൂ... ഞാൻ വരാൻ താമസിക്കുകയാണെങ്കിൽ എന്റെ മുറിയിലെ മേശവലിപ്പിൽ അയ്യായിരം രൂപയുണ്ട്... അതെടുത്ത് അച്ഛന്റെ കയ്യിൽ കൊടുത്ത് പതിനൊന്നുമണിക്ക് ആ കുന്നത്തെ സുധാകരന്റെ മകൻ പ്രദീപന് കവലയിലെ ചായക്കടൽ വച്ച് കൊടുക്കണമെന്നും പറയണം... നമ്മുടെ നാരായണേട്ടൻ അവനോട് കുറച്ച് പണം കടം വാങ്ങിച്ചിരുന്നു... അദ്ദേഹത്തിന്റെ ഭാര്യയുടെ ചികിത്സക്കായി...

ഇന്ന് ആ പ്രദീപൻ അതും ചോദിച്ച് കവലയിൽ വച്ച് അദ്ദേഹത്തെ ദ്രോഹിച്ചു... അത് കണ്ടു നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല... പണം ഞാൻ തിരികെ കൊടുക്കാമെന്ന് ഏറ്റു... " "അയ്യോ... എന്നിട്ട് നാരായണേട്ടന് എന്തെങ്കിലും പറ്റിയോ..." "തക്ക സമയത്ത് ഞാൻ അവിടെ എത്തിയതുകൊണ്ട് ഒന്നുമുണ്ടായില്ല... " "അല്ലെങ്കിലും എന്റെ മോൻ ഇപ്പോൾ വലിയ പരോപകാരിയാണല്ലോ അല്ലേ... മറ്റുള്ളവരെ സഹായിക്കുന്നത് ഏറ്റവും വലിയ പുണ്യമാണ്... അല്ലെന്ന് പറയുന്നില്ല... പക്ഷേ അവനവന്റെ അവസ്ഥകൂടി അറിഞ്ഞിട്ടു വേണം കൊടുക്കാൻ... നാളികേരം വിറ്റ പണവും തറവാട് വീടിന്റെ വാടകയും നിന്റെ കയ്യിലാണുള്ളത്... അതുവച്ചാണ് നീ മറ്റുള്ളവരെ സഹായിക്കുന്നതെന്ന് ഓർമ്മ വേണം... എത്രകാലം അതുകൊണ്ട് നീ സഹായം ചെയ്യും... അച്ഛൻ നിന്നോട് പലതവണ പറഞ്ഞു ഒരു ബിസിനസ് തുടങ്ങാൻ... അതിന് നിനക്ക് താൽപ്പര്യമില്ല... അച്ഛന്റെ കട നിന്നോട് നടത്താനും പറഞ്ഞു... അതിനും നിനക്ക് വയ്യ... നാളെ നിന്റെ മുറപ്പെണ്ണിന്റെ കഴുത്തിൽ ഒരു താലി ചാർത്തി കൊണ്ടുവരാനുള്ളതാണ്...

പക്ഷേ പുതുശ്ശേരി തറവാട്ടിലെ പെണ്ണിനെ കെട്ടുന്ന നിനക്ക് എന്താണ് ജോലി എന്ന് ആരെങ്കിലും ചോദിച്ചാൽ എന്താണ് പറയുക... ഇങ്ങനെ നാട്ടുകാരെ സഹായിച്ച് നടക്കുകയെന്നതോ... എടാ എന്തെങ്കിലുമൊരു നല്ല ജോലി ആദ്യം കണ്ടുപിടിക്ക്... വിദേശത്ത് ഒരുതവണ പോയി ഒന്നുമില്ലാതെ തിരികെ പോന്നു... അതുപോലെയുള്ള ജോലി ഇനി നോക്കേണ്ട... ഞാനൊരു കാര്യം പറയാം... ആകെയുള്ള സ്വത്തിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ഒരു ജീവിതം മുന്നോട്ട് കൊണ്ടുപോകാമെന്ന തോന്നൽ വേണ്ട... അവനവന് സ്വന്തമായി ഒരു വരുമാനമില്ലെങ്കിൽ അവൻ മറ്റുള്ളവരുടെ മുന്നിൽ വെറും പട്ടിയാണ്... ആർക്കും ഒരു മതിപ്പുപോലുമുണ്ടാകില്ല പറഞ്ഞേക്കാം... " "ഞാൻ നോക്കാത്തതാണോ... നല്ല ജോലിയൊന്നും കിട്ടുന്നില്ലല്ലോ... എന്തായാലും എന്റെ കൂട്ടുകാരൻ വിനീതിനോട് പറഞ്ഞിട്ടുണ്ട്... അവന്റെ അച്ഛൻ വലിയ വലിയ മുതലാളിമാരുമായി നല്ല ബന്ധമുള്ള ആളാണല്ലോ... അവൻ പറഞ്ഞാൽ അവന്റെ അച്ഛൻ കേൾക്കാതിരിക്കില്ല...." "എന്തായാലും നീ ഒന്ന് ആത്മാർത്ഥമായി പരിശ്രമിക്ക്...

ഒരു കൂലിയും വേലയുമില്ലാത്ത നിന്റെ കയ്യിൽ എന്തുവിശ്വസിച്ചാണ് അവർ വേദികമോളെ പിടിച്ചുതരുന്നത്... " "എല്ലാം ശരിയാകും അമ്മേ... എന്റെ കാലദോഷം എല്ലാം മാറും... അമ്മ നോക്കിക്കോ... " അതും പറഞ്ഞ് നന്ദൻ തന്റെ മുറിയിലേക്ക് നടന്നു.... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "രാത്രി കിരൺ വേദികയെ ഡോക്ടറെ കാണിക്കേണ്ട കാര്യം ആലോചിച്ച് കിടക്കുകയായിരുന്നു... അന്നേരമാണ് അവന്റെ ഫോണിൽ ഒരു കോൾ വന്നത്.... കിരൺ ഏതെങ്കിലും പേഷ്യന്റ് ആയിരിക്കുമെന്ന് കരുതി കോൾ എടുത്തു... "ഹലോ എന്നെ മനസ്സിലായോ... " മറുവശത്തു നിന്നുള്ള ചോദ്യം കേട്ട് കിരണൊന്ന് സംശയിച്ചു... "ഇല്ല മനസ്സിലായില്ല... ആരാണ്... " "അതു ശരി... അപ്പോൾ ഡോക്ടർക്ക് ഓർമ്മശക്തി കുറവാണ് അല്ലേ... വൈകീട്ട് കണ്ട എന്നെ മറന്നെന്ന് പറഞ്ഞാൽ അത് വല്ലാത്ത മറവിതന്നെ... " "ഓ ശിൽപ്പ... കുന്നത്തെ സുധാകരന്റെ മകൾ... " "അപ്പോൾ ഓർമ്മയുണ്ട്... " "അങ്ങനെ മറക്കാൻ പറ്റുമോ... തലനാരിഴ വ്യത്യാസത്തിൽ എന്റെ കാറിനുമുന്നിൽനിന്ന് രക്ഷപ്പെട്ടവളല്ലേ... അതുപോട്ടെ എവിടെനിന്ന് കിട്ടി എന്റെ നമ്പർ... "

"അതാണിപ്പോൾ നന്നായത്... ഇത്രയും പേരുകേട്ട ഒരു ഡോക്ടറുടെ നമ്പർ സംഘടിപ്പിക്കാനാണോ പണി... " "അതുശരിയാണ്... ഇപ്പോഴെന്താണ് വിളിക്കാൻ കാരണം... " "ഒന്നുമില്ല... വൈകീട്ട് ഞാൻ കുറച്ച് മോശമായി പറഞ്ഞുപോയി... ക്ഷമ ചോദിക്കാൻ വിളിച്ചതാണ്... " "അത് അവിടെവച്ച് കഴിഞ്ഞില്ലേ... പിന്നെയെന്തിനാണ് ഇപ്പോഴൊരു ക്ഷമ... " "എന്താ അറിയില്ല... കിടന്നിട്ട് ഉറക്കം വരുന്നില്ല... അപ്പോൾ കരുതി വിളിച്ച് ക്ഷമ പറയാമെന്ന്... അതുകൊണ്ട് വിളിച്ചതാണ്... " "ഇപ്പോൾ സമാധാനമായില്ലേ... ഇനികിടന്നുറങ്ങിക്കോളൂ... എന്നെ വിളിക്കുന്നത് നിന്റെ അച്ഛനറിഞ്ഞാൽ അനുമതി നിന്റെ കാര്യത്തിലൊരു തീരുമാനമാവാൻ... അതുകൊണ്ട് ഫോൺവക്കാൻ നോക്ക്... " "അതെന്താ ഇത്ര വലിയ തിടുക്കം... ഞാൻ വിളിച്ചത് ശല്യമായോ... " "എനിക്ക് ശല്യമായിട്ടല്ല... എന്നാലും വേണ്ട... അത് ശരിയായ കാര്യമല്ല... ഇനി എന്നെ വിളിക്കരുത്... "

"ഓ... അത്രക്ക് വലിയ പ്രമാണിയാണോ... ഞാനറിഞ്ഞില്ല... എന്നാലേ ഡോക്ടറൊന്ന് കരുതിക്കോ... ഞാൻ ഇനിയും വിളിക്കും... ഡോക്ടറെടുത്തിട്ടില്ലെങ്കിൽ എടുക്കുന്നതുവരെ വിളിച്ചുകൊണ്ടേയിരിക്കും... ഒരു കാര്യം ഞാൻ പറയാം.. ഇന്നത്തെ വൈകീട്ടത്തെ സംഭവത്തോടെ ഇയാൾ എന്റെ മനസ്സിൽ ഒഴിവാക്കാൻ കഴിയാത്തത്ര സ്ഥാനം പിടിച്ചിരിക്കുകയാണ്... അന്നേരം ഇയാളെ ഞാൻ വിളിക്കുക തന്നെ ചെയ്യും.... ഇനിയഥവാ ഫോൺ തീരേ എടുക്കാതിരുന്നാൽ ഞാനങ്ങ് വരും ഹോസ്പ്പിറ്റലിലേക്കാണെങ്കിൽ അങ്ങനെ... അതല്ല വീട്ടിലേക്കാണെങ്കിൽ അങ്ങനെ... അത് പിന്നീട് നിങ്ങൾക്കൊരു ബുദ്ധിമുട്ടായി മാറും... അതുവേണ്ടെങ്കിൽ ഫോൺ എടുക്കുന്നതായിരിക്കും നല്ലത്... " അതു പറഞ്ഞ് ശിൽപ്പ കോൾ കട്ടു ചെയ്തു...........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story