സ്വന്തം തറവാട് : ഭാഗം 50

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

"ഇന്ന് കുന്നത്തെ സുധാകരൻ അനുഭവിക്കുന്ന അത്രയും സ്വത്ത് രേഖാമൂലമുള്ളതാണോ എന്ന് നമ്മൾ കണ്ടെത്തണം... അതിന് ശിൽപ അവരുമായി കൂടുതൽ അടുക്കണം... അവിടെ സ്വന്തം അച്ഛനാണെന്ന പരിഗണന ഉണ്ടാകരുത്... അയാൾ ഇത്രയുംകാലം ചെയ്ത ഓരോ വർക്കുകളിലും എത്രമാത്രം അഴിമതി നടത്തി എന്ന് കണ്ടുപിടിക്കണം... ഇവളുടെ വീട്ടിൽ നമുക്കുവേണ്ട എന്തെങ്കിലും തെളിവ് ഉണ്ടാവാതിരിക്കില്ല... അത് കിട്ടിയാൽ പിന്നെ വേണ്ടത് എന്താണെന്ന് എനിക്കറിയാം... " അതുകേട്ട് കിരൺ ശിൽപയെ നോക്കി... അപ്പോഴും വിശാഖിനെ ഫെയ്സ് ചെയ്യാനാവാതെ നിൽക്കുകയായിരുന്നു ശിൽപ... "എന്താടോ നിനക്ക് പറയാനുള്ളത്... നീയെന്താ ആലോചിക്കുന്നത്... ഇത് നല്ലൊരു കാര്യമാണെന്നാണ് എനിക്ക് തോന്നുന്നത്... അതല്ല നിന്റെ മനസ്സിൽ സ്വന്തം അച്ഛനെതിരെ ഇങ്ങനെയൊരു നീക്കം നടത്താൻ പ്രയാസമുണ്ടെങ്കിൽ ആരും നിന്നെ നിർബന്ധിക്കില്ല... എന്തായാലും നിനക്ക് തുറന്നു പറയാം... " കിരൺ ശിൽപയോട് പറഞ്ഞു.... "അത്... ഞാൻ... കിരണേട്ടനറിയുന്നതല്ലേ അച്ഛനെ...

അച്ഛൻ എന്താണോ മനസ്സിൽ കാണുന്നത് അത് നിറവേറ്റാൻ എന്തും ചെയ്യും... ആരെ വേണമെങ്കിലും കുട്ടുപിടിക്കും... ആരേയും വിലക്കെടുക്കും... അത് ഇന്നും ഇന്നലേയും തുടങ്ങിയതല്ല... എനിക്ക് ഓർമ്മവച്ച കാലംതൊട്ടേ കാണുന്നതാണ് ഞാൻ... അവിടെ ഞാനോ മറ്റാരെങ്കിലോ എതിർക്കുന്നതിൽ കാര്യമില്ല... എതിർത്തിട്ടും പ്രയോജനമില്ല... അച്ഛന്റെ ഓരോ പ്രവൃത്തിയിലും വഞ്ചിക്കപ്പെട്ടവർ പലരുമുണ്ട്... എന്തിന് ഞാനവരെ ഇതിലുണ്ട്... അവിടെ സ്വന്തം ചോരയിൽ ജനിച്ചതാണ് എന്ന പരിഗണയില്ല... അച്ഛന് ജയിക്കണം അതേയുള്ളൂ... അവിടെ സ്വന്തബന്ധങ്ങളില്ല... എതിർക്കുന്നതാരാണോ അവരെ എന്തും ചെയ്യും... വിശാഖേട്ടന്റെ കാര്യത്തിൽ എനിക്ക് പറ്റിയതും അതായിരുന്നു... കിരണേട്ടനെ മനസ്സിൽ വച്ചുനടക്കുമ്പോഴും സ്വന്തം ജീവൻ ഭയന്നാണ് അന്ന് വിശാഖേട്ടനുമായി ഞാൻ അടുക്കാൻ ശ്രമിച്ചത്... എന്റെ മനസ്സ് എപ്പോഴെങ്കിലും അച്ഛൻ മനസ്സിലാക്കും എന്നുകരുതി... മനസ്സിൽ അപ്പോഴും കുറ്റബോധം നിറഞ്ഞുതന്നെയാണ് വിശാഖേട്ടനോട് അന്ന് നാടകം കളിച്ചത്...

ആ സമയത്ത് എന്റെ മനസ്സിൽ ആയിരംവട്ടം വിശാഖേട്ടനോട് മാപ്പപേക്ഷിക്കുന്നുമുണ്ടായിരുന്നു... എല്ലാം ഏറ്റുപറയാൻ ഞാൻ പലവട്ടം ആലോചിച്ചതുമാണ്... പക്ഷേ അപ്പോഴൊക്കെ അച്ഛന്റെ ഭീഷണിക്കുമുന്നിൽ വീണുപോവുകയായിരുന്നു... അവസാനം അച്ഛന്റെ കൈകൊണ്ട് തീരാനാണ് യോഗമെങ്കിൽ അതുതന്നെ തടക്കട്ടെയെന്നുകരുതി വിശാഖേട്ടനോട് എല്ലാ സത്യവും തുറന്നുപറയാൻ തീരുമാനിച്ചു അപ്പോഴേക്കും വിശാഖേട്ടൻ എന്റെ ശല്യം സഹിക്കാതെ വയ്യാതെ നമ്പർതന്നെ മാറ്റിയിരുന്നു... ഒരികണക്കിന് അത് എനിക്കൊരു ആശ്വാസമായിരുന്നു... ആ പേരും പറഞ്ഞ് വിശാഖേട്ടനെ കൂടുതൽ ശല്യം ചെയ്യേണ്ടല്ലോ... പക്ഷേ അവിടേയും അച്ഛൻ വെറുതേ നിന്നില്ല... വിശാഖേട്ടന്റെ പുതിയ നമ്പർ കണ്ടുപിടിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു അച്ഛൻ... അച്ഛൻ വിശാഖേട്ടന്റെ നമ്പർ കണ്ടുപിടിച്ചാൽ വീണ്ടും അദ്ദേഹത്തെ തനിക്ക് വഞ്ചിക്കേണ്ടിവരും എന്നറിയുന്നതുകൊണ്ട് കിരണേട്ടനെ ഇഷ്ടപ്പെടുന്ന കാര്യം ഞാൻ അച്ഛനോട് പറഞ്ഞു...

അതുകേട്ട് അച്ഛൻ ഒന്നും മിണ്ടിയില്ല... അച്ഛൻ പുതിയ കരുക്കൾ നോക്കുകയായിരുന്നു... തന്റെ ചൊൽപ്പടിക്ക് നിൽക്കാനും തന്റെ ഓരോ വെട്ടിപ്പിനും കൂട്ടുനിൽക്കുകയും ചെയ്യാൻ വിശാഖേട്ടനെപ്പോലെ ഒരു പോലീസ് ഓഫീസർ മരുമകനായി ലഭിക്കാനായിരുന്നു അച്ഛന്റെ മോഹം... പക്ഷേ എന്നെ മനസ്സിലുള്ള കാര്യം പറഞ്ഞപ്പോൾ അത് നടപ്പിലാകില്ലയെന്ന് കരുതിക്കാണും എന്നാണ് ഞാൻ കരുതിയത്... പിന്നീടാണറിഞ്ഞത് പഴയ കണക്കുകളെ തീർക്കാൻ അച്ഛന് കിട്ടിയ അവസരമാണ് അതെന്ന്... അവസാനം എന്റെ ആഗ്രഹത്തിന് അച്ഛൻ സമ്മതിച്ചു... അത് എന്നോടുള്ള ഇഷ്ടംകൊണ്ടോ വാത്സല്യംകൊണ്ടോ അല്ല... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച തല എന്റെ അമ്മയുടേതാണ്... സ്വന്തം ചേച്ചിയുടെ മരണത്തിന് കാരണക്കാരായവരുടെ നാശം കാണാൻ കിട്ടിയ അവസരം മുതലാക്കുക എന്നതായിരുന്നു ലക്ഷ്യം... അതിന് അന്ന് എനിക്കുമുന്നിൽ വച്ച നിബന്ധന വേദികയെ പ്രദീപേട്ടനെക്കൊണ്ട് വിവാഹം കഴിപ്പിക്കുക എന്നതായിരുന്നു...

അതിന് നിങ്ങളുമായി പ്രഷർ ചെലുത്തേണ്ടത് ഞാനായിരിക്കണമെന്നും പറഞ്ഞു... എന്നാലേ നമ്മൾ തമ്മിലുള്ള ബന്ധത്തിന് സമ്മതിക്കുകയുള്ളൂ എന്നും പറഞ്ഞു... കിരണേട്ടനെ നഷ്ടപ്പെടാതിരിക്കാൻ ഞാൻ അച്ഛൻ പറയുന്നത് സ്വീകരിച്ചു... എന്നാൽ ഇപ്പോ എനിക്കറിയാം ദൈവം നിശ്ചയിച്ചത് മാറ്റിയെടുക്കാൻ നമ്മളെക്കൊണ്ടാവില്ല എന്ന് അതെനിക്ക് മനസ്സിലാക്കിത്തന്നത് മറ്റാരുമല്ല... നമ്മുടെ കുടുംബത്തിന് വേണ്ടപ്പെട്ട ഒരാളാണ്... അതാരാണെന്നറിഞ്ഞാൽ ചിലപ്പോ പലരും പരിഹസിച്ചെന്നുവരും എന്നാലും അതാണ് സത്യം... വേദികയുടെ മുൻജന്മം അനന്തന്റെ പെണ്ണായ പാർവ്വതി.... " അതുകേട്ട് കിരൺ ഒഴിച്ച് മറ്റെല്ലാവരും ഞെട്ടി... " "അതെ സത്യമാണ് ഞാനീ പറഞ്ഞത്... ഞാൻ മാത്രമല്ല കിരണേട്ടനും ആ ആത്മാവിനെ കണ്ടതാണ്... അവളുടെ കഥകൾ എന്നോട് പറഞ്ഞതുമാണ്... അതുകേട്ടപ്പോൾ എനിക്ക് മനസ്സിലായി എന്തൊക്കെ ചെയ്താലും ആരെതിർത്താലും മേപ്പല്ലൂർ തിരുമേനി പറഞ്ഞതുപോലെ നന്ദേട്ടനേയും വേദികയേയും പിരിക്കാൻ കഴിയില്ലെന്ന്...

പക്ഷേ എന്നാലും എന്റെ അച്ഛനും അമ്മാവനും ഏട്ടനും വെറുതെയിരിക്കില്ല എന്നെനിക്ക് ഉറപ്പാണ്... അച്ഛൻ എന്തും ചെയ്യും... അതിനുവേണ്ടി ആരേയും ഇല്ലാതാക്കാൻവരെ നോക്കും... അത് സംഭവിക്കരുത്... അതിനുവേണ്ടി നിങ്ങൾ പറയുന്നത് ഞാൻ അനുസരിക്കാം... എന്നെക്കൊണ്ട് കഴിയുന്നതുപോലെ എല്ലാം ചെയ്യാം... ഞാൻ ചെയ്തുകൂട്ടിയ തെറ്റുകൾക്ക് ഇതൊരു പരിഹാരമാവുമെങ്കിൽ എന്തിനും ഞാൻ ഒരുക്കമാണ്... പക്ഷേ ഒരു സത്യം എനിക്കറിയണം... എന്റെ അമ്മയും അമ്മാവനും വിശ്വസിക്കുന്ന എന്റെ വല്ല്യമ്മയുടെ മരണത്തിൽ കിരണേട്ടന്റെ അച്ഛന് എന്തെങ്കിലും പങ്കുണ്ടോ... "ഇല്ല... അത് മറ്റാരെക്കാളും എനിക്ക് നിശ്ചയമുണ്ട്... പെട്ടന്ന് ശിവദാസമേനോനിൽനിന്ന് ആ ഒരു മറുപടി കേട്ടപ്പോൾ എല്ലാവരും അയാളെ സൂക്ഷിച്ചുനോക്കി... " "അമ്മാവന് അതെങ്ങനെ വ്യക്തമായി അറിയാം..

. അങ്ങനെയല്ലെങ്കിൽ എന്തിനാണ് അവർ അച്ഛനെ വേട്ടയാടുന്നത്... " വരുൺ ചോദിച്ചു "ഇത്രയുംകാലം നിന്റെ അച്ഛൻ പറഞ്ഞതിൽപ്രകാരമാണ് ഞാനിതെല്ലാം എന്റെ മനസ്സിൽ കൊണ്ടുവന്നത്... ഇനിയത് പറയാതെ വയ്യ... കാരണം ഒരു കളവ് പലയാവർത്തി കേട്ടാൽ അത് സത്യമാണെന്ന് മനസ്സുതന്നെ ഉറപ്പിക്കും... അങ്ങനെ നിന്റെ അച്ഛനെ സംശയിക്കുന്നത് കാണാൻ എനിക്ക് വയ്യ... ഞാനെല്ലാ സത്യവും പറയാം... പത്തുമുപ്പത് വർഷങ്ങൾക്കുമുന്നേ അതായത് എന്റെ അനിയത്തിയെ നിങ്ങളുടെ അമ്മയെ നിന്നെ അച്ഛൻ വിവാഹം കഴിക്കുന്നതിനുമുന്നേ ഈ ഞാനും നിന്നെ അച്ഛനും കൂട്ടുകാരായിരുന്നു... കൂട്ടുകാരെന്ന് എന്നുപറഞ്ഞാൽപോരാ... ഒരു അമ്മയുടെ ഗർഭപാത്രത്തിൽ ജനിച്ചില്ല എന്നേയുള്ളു... അത്രക്കുമുണ്ടായിരുന്നു ഞങ്ങൾ തമ്മിലുള്ള ബന്ധം... എന്നാൽ അന്നും ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ കരടാണ് സുധാകരൻ... അവൻ ഇന്നുകാണുന്നതുപോലെയല്ല... ഇന്നത്തെ അത്ര പണമോ പ്രതാപമോ അവനില്ലായിരുന്നു...

എന്റെ അനിയത്തി അവനെ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞപ്പോൾ ആരെക്കാളും കൂടുതൽ സന്തോഷിച്ചത് ഞാനാണ്... അവരുടെ ബന്ധത്തിന് കൂട്ടുനിന്നതും ഞാനാണ്... എന്നാൽ എന്റെ അനിയത്തിയോട് സുധാകരന് ഒരു താല്പര്യമുണ്ടായിരുന്നു എന്ന് വൈകിയാണ് ഞാനും ഇവനും വീട്ടുകാരും അറിഞ്ഞത്... അത് ഒരിക്കലും ഉൾക്കൊള്ളാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ല... ഒരു ചട്ടമ്പിയും കൂലിതല്ലുകാരനുമായ അവന് എന്റെ അനിയത്തിയെ വിവാഹം കഴിച്ചിപ്പിച്ചുകൊടുക്കുവാൻ പറ്റുമോ.... അതവനോട് നേരിട്ടുതന്നെ പറഞ്ഞു... അതുമാത്രമല്ല അവന്റെ കൈകൊണ്ട് രണ്ടുമൂന്നുപേരുടെ ജീവൻവരെ പോയിട്ടുണ്ട്... അതിന്റെ പേരിൽ കുറച്ചുകാലം അകത്തും കിടന്നവനാണ്... അവനെക്കൊണ്ട് അത് ചെയ്യിപ്പിച്ചവർ തന്നെ അവനെ ജാമ്യത്തിലുമിറക്കി... പ്രസന്നയെ അവന് വിവാഹം ചെയ്തുകൊടുക്കില്ലെന്ന് അവനോട് പറഞ്ഞതുമുതൽ അവന് വാശി കൂടി... പിന്നിടവനിൽനിന്നും പല ഉപദ്രവങ്ങളും സഹിക്കേണ്ടിവന്നു...

ആയിടക്കാണ് ഞങ്ങൾ ജോലി ചെയ്തിരുന്ന കമ്പനിയിലെ മാനേജരായ ശിവശങ്കരൻനായരുടെ മൂത്ത മകൾ ഗിരിജക്ക് ഇവനോടൊരിഷ്ടം തോന്നിയത്... ആദ്യമൊക്കെ ഞാനും ഇവനും അത് കാര്യമായി എടുത്തില്ല... വഴിതെറ്റി കള്ളും കഞ്ചാവുമായി നടക്കുന്ന സ്വന്തം മകനെ അതായത് ഇപ്പോ സുധാകരന്റെ കൂട്ടായി നിരക്കുന്ന രാജശേഖരനിൽനിന്ന് കിട്ടാത്ത സ്നേഹം ഞങ്ങളിൽനിന്നും ശിവശങ്കരൻനായർക്ക് കിട്ടിയിരുന്നു... അതേപോലെ അദ്ദേഹവും സ്വന്തം മക്കളായി ഞങ്ങളെയും കണ്ടു... ആ ഒരു സ്വാതന്ത്ര്യത്തിന്റെ പുറത്തുള്ള ഇടപഴകലാണെന്ന് ഇവനോടെന്ന് കരുതി... എന്നാ കുറച്ചുനാൾ കഴിഞ്ഞ് ഗിരിജ അവളുടെ ഇഷ്ടം ശ്രീധരനെ അറിയിച്ചു... ഇവൻ തന്നെ എല്ലാകാര്യവും അവളോട് പറഞ്ഞു... എല്ലാം കേട്ടുകഴിഞ്ഞ ഗിരിജ ഒന്നുചിരിച്ചു അതൊരു തെളിച്ചമില്ലാത്ത ചിരിയായിരുന്നു... അന്നവൾ പറഞ്ഞത് ഇപ്പോഴും എന്റെ കാതുകളിൽ ഉണ്ട്... --ശ്രീധരേട്ടൻ വിഷമിക്കേണ്ട... ഞാൻ എന്നെ പൊട്ടമനസ്സിൽ ഓരോന്നു സങ്കൽപ്പിച്ചുകൂട്ടി... ആദ്യം ശ്രീധരേട്ടന്റെ മനസ്സ് അറിയാൻ ശ്രമിച്ചില്ല....

എന്നുകരുതി ശ്രീധരേട്ടനോട് എനിക്ക് ദേഷ്യമോ വെറുപ്പോ ഇല്ലാ ട്ടോ... എന്നും ഒരു ഏട്ടനായി ഞാൻ കരുതിക്കോളാം... എന്നാലും മനസ്സിൽ ചെറിയൊരു വേദന... അത് എനിക്കുതന്നെ മാറ്റിയെടുക്കാൻ പറ്റും... -- അന്നവൾ പറഞ്ഞതാണ് ഇത്... ആ അവൾ ആത്മഹത്യ ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല... അതും ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് അവൾ ഗർഭിണിയായിരുന്നു എന്നും അന്ന് വാർത്തെ വന്നു... പക്ഷേ സത്യാവസ്ഥ എനിക്കും ശ്രീധരനുമറിയാം... ഇപ്പോഴിത് പറഞ്ഞതുതന്നെ ഒരിക്കലും നിങ്ങൾ സ്വന്തം അച്ഛനെ ഒരു ക്രൂരനായി കാണരുത് എന്നു കരുതിയാണ് ... " "ഇല്ല അമ്മാവാ... ആര് എന്തൊക്കെ പറഞ്ഞാലും ഒരിക്കലും അച്ഛനെ ഞങ്ങൾ അവിശ്വസിക്കില്ല... ഞങ്ങൾക്ക് അച്ഛനെ അറിയാം... പക്ഷേ നടന്നതെന്താണെന്ന് ഞങ്ങൾക്കറിയണം... അമ്മാവൻ പറഞ്ഞതിൽപ്രകാരം അതൊരു വെറും ആത്മഹത്യയായി കാണാൻ ഞങ്ങൾക്ക് കഴിയില്ല... ഇതിന്റെ പിന്നിൽ ആരോ കളിച്ചിട്ടുണ്ട്... അതുറപ്പാണ്... " കിരൺ പറഞ്ഞു... "കിരൺ പറഞ്ഞത് ശരിയാണ്... ഇതിന്റെ പിന്നിൽ ആരോ ഉണ്ട്...

ചിലപ്പോൾ നമ്മൾ സംശയിക്കുന്ന ആള് തന്നെയാവും... പക്ഷേ അതിന് തെളിവ് നമ്മുടെ കയ്യിലില്ല... " "അച്ഛാ ഞാൻ ചോദിച്ചത് വിഷമമായോ... അങ്ങനെയൊന്നും കരുതിയല്ല ഞാൻ ചോദിച്ചത്... അച്ഛൻ എപ്പോഴും അമ്മയോട് ഈ കാര്യം പറഞ്ഞ് അമ്മയിൽ പക കൂട്ടുമായിരുന്നു... അതിനാലാണ് ഞാൻ... " ശിൽപ ശ്രീധരമേനോനോട് കൈകൂപ്പി പറഞ്ഞു... "സാരമില്ല മോളേ... സത്യം എന്നായാലും എല്ലാവരുമറിയും... മോളതോർത്ത് വിഷമിക്കേണ്ട... " "വിഷമമില്ല അച്ഛാ... എനിക്കിപ്പോൾ എന്നോടുതന്നെ പകയാണ്... ഇതുപോലൊരു ക്രൂരന്റെ രക്തത്തിൽ ജനിച്ചുപോയല്ലോ എന്ന പക... ഇത്രയുംകാലം അയാളെ അച്ഛാ എന്നു വിളിച്ചല്ലോ എന്ന പക... ആ പക എനിക്ക് തീർക്കണം... അതിന് നിങ്ങൾ നേരത്തെ പറഞ്ഞതുപോലെ ഞാൻ ചെയ്യാം... എന്റെ അമ്മയേയും അമ്മാവനേയും ഇത്രയുംകാലം പറഞ്ഞുചതിക്കുകയായിരുന്നു അയാൾ...

ഇപ്പോൾ എനിക്ക് തോന്നുകയാണ് ഇതിന്റെ പിന്നിലും അയാൾ തന്നെയാണോ എന്ന്... അന്ന് അച്ഛനോട് എന്റെ അച്ഛന് തീർത്താൽ തീരാത്ത പകയുണ്ടായിരുന്നല്ലോ... അത് ഇതിലൂടെ വീട്ടിയതാണോ എന്നു കരുതുകയാണ് ഞാൻ... എനിക്കും അറിയണം ഇതിന്റെ സത്യാവസ്ഥ... എന്റെ അച്ഛനെന്നു പറയുന്ന ആ ദ്രോഹിയാണ് ഇതിനു പിന്നിലെങ്കിൽ ഒരിക്കലും മാപ്പുകൊടുക്കരുത്... ചെറുപ്പകാലത്ത് കേട്ടുകേട്ട് സത്യമെന്താണെന്നറിയാതെ കുറച്ചൊക്കെ ഞാനും വിശ്വസിച്ചു പോയി... വർഷങ്ങൾ ഒരുപാട് ആയിട്ടുണ്ടാവും... എന്നാലും ഇത് കണ്ടുപിടിക്കാൻ കഴിയില്ലേ... എന്റെ അമ്മാവനോടും അമ്മയോടും സത്യമെന്താണെന്ന് പറഞ്ഞ് ബോധിപ്പിക്കാൻ കഴിയില്ലേ... "......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story