സ്വന്തം തറവാട് : ഭാഗം 51

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

"ചെറുപ്പംമുതൽ കേട്ടുകേട്ട് സത്യമെന്താണെന്നറിയാതെ കുറച്ചൊക്കെ ഞാനും വിശ്വസിച്ചു പോയി... വർഷങ്ങൾ ഒരുപാട് ആയിട്ടുണ്ടാവും... എന്നാലും ഇത് കണ്ടുപിടിക്കാൻ കഴിയില്ലേ... എന്റെ അമ്മാവനോടും അമ്മയോടും സത്യമെന്താണെന്ന് പറഞ്ഞ് ബോധിപ്പിക്കാൻ കഴിയില്ലേ... " "തീർച്ചയായും കഴിയും... പക്ഷേ അതിന് വ്യക്തമായ എന്തെങ്കിലും സൂചന നമുക്ക് ലഭിക്കണം... അതില്ലാത്തിടത്തോളം നമുക്ക് മുന്നോട്ട് പോകുവാൻ കഴിയില്ല... അന്ന് ആത്മഹത്യ എന്നപേരിൽ തള്ളിയ ഈ കേസിന്റെ ഫയൽ തപ്പിയെടുക്കാൻ കുറച്ച് ബുദ്ധിമുട്ടുമാണ്... ഏത് വർഷം ഏത് തിയ്യതി എന്നൊന്നും നമുക്കറിയില്ലല്ലോ... അതോർമ്മയുണ്ടെങ്കിൽ നമുക്ക് ശ്രമിച്ചുനോക്കാം... അത്രയേ പറയാൻ പറ്റൂ... " വിശാഖ് പറഞ്ഞു... "ആ ദിവസം അങ്ങനെ മറക്കാൻ പറ്റില്ല... കാരണം അന്ന് എന്റേയും പ്രസന്നയുടേയും വിവാഹദിവസമായിരുന്നു... അന്ന് രാത്രിയാണ് അത് നടന്നത്... ആ കേസ് അന്ന് നോക്കിയത് പള്ളിത്താഴത്തെ ഭാസ്കരനായിരുന്നു...

പണം കൊടുത്താൽ എന്ത് നെറികേടിനും കൂട്ടുനിൽക്കുന്ന അല്പൻ... അതിനുള്ള ശിക്ഷ രണ്ടുവർഷത്തിനുശേഷം ഇന്നുവരേയും അയാൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്... ഏതോ ഒരു ഉത്സവപറമ്പിൽ കളി നടക്കുമ്പോൾ അവരെ ഓടിച്ചു പിടിക്കുന്നതിനിടയിൽ കാൽതെറ്റി വലിയൊരു കുഴിയിൽ വീണ് നട്ടെല്ലുപൊട്ടി കിടപ്പിലാണ്... വീൽചെയറിൽ വീടിന്റെ പുറത്തൊക്കെ ഇറങ്ങും... വയസ്സ് എൺപതിനോടടുത്തു... കാലനുപോലും വേണ്ടാതെ കിടക്കുകയാണ് ... ഒരുകണക്കിന് പാവവുമാണ്... അയാൾ പണം ഉണ്ടാക്കാൻ ചില സത്യങ്ങൾ കണ്ടില്ലെന്നു നടിച്ചു എന്നേയുള്ളു... അതിനേക്കാളേറെ അനുഭവിച്ചു തീരത്തു... ഇവിടെ സ്വന്തം വിജയത്തിനുവേണ്ടി പല നെറികേടുകൾ ചെയ്തിട്ടും ദൈവമവരെ പനപ്പോലെ വളർത്തുകയല്ലേ... " "എത്ര വലുതായാലും ഒരിക്കൽ ഏതൊരു ദുഷ്ടനും ചെയ്ത തെറ്റിന് ശിക്ഷയനുഭവിക്കേണ്ടിവരും...

ഇവിടേയും അതാണ് നടക്കാൻ പോകുന്നത്... നമ്മുടെ കൈകൊണ്ടല്ലെങ്കിലും അത് അനുഭവിക്കും... ജോലിയോടുള്ള ആത്മാർത്ഥത കാണിച്ചതിന്റെ പേരിൽ എന്റെ അച്ഛന് നേരിടേണ്ടിവന്ന അനുഭവം അതാണ്... ഒന്നുമറിയാത്ത അമ്മയെ ആ ദുഷ്ടൻ... എല്ലാത്തിനും അവസരമൊത്തുവരും എന്ന സമാധാനത്തോടെയാണ് ഞാൻ ജീവിക്കുന്നത്... അന്ന് എല്ലാത്തിനും പലിശസഹിതം കൊടുക്കും ഞാൻ... " ശ്യാം അതുപറയുമ്പോൾ അവന്റെ കണ്ണിൽ സുധാകരനോടുള്ള പക ആളികത്തുകയായിരുന്നു... " "അതു പറഞ്ഞപ്പോഴാണ് ഓർത്തത്... നിന്റെ അച്ഛൻ വിജിലൻസിൽ ആയിരുന്നില്ലേ... ഏതോ പാലത്തിന്റെ അഴിമതിയുടെ പേരിലല്ലേ ആ സുധാകരനെതിരേ ആക്ഷനെടുത്തത്... അപ്പോൾ അച്ചന് അറിയാൻ പറ്റുമല്ലോ അയാൾ ഏതൊക്കെ വർക്കുകളിൽ അഴിമതി നടത്തിയെന്ന്...

നേരിട്ടറിയില്ലെങ്കിലും അന്നത്തെ അച്ഛന്റെ പല വിശ്വസ്തരായവർക്കും അറിയാം സാധിക്കും... നിന്റെ അച്ഛൻ വിചാരിച്ചാൽ ചിലപ്പോ അയാളെ കുടുക്കാൻ പറ്റിയ പല തെളിവുകളും നമുക്ക് കിട്ടിയെന്നിരിക്കും... നീയൊന്ന് അച്ഛനുമായി സംസാരിച്ചുനോക്ക്... " വൈശാഖ് പറഞ്ഞു... "നിങ്ങൾക്കറിയാമല്ലോ എന്റെ അമ്മ മരിച്ചതിൽപ്പിന്നെ അച്ഛന്റെ അവസ്ഥ... സ്വന്തം മുറിയും ഉമ്മറവുമായിരുന്നു അച്ഛന്റെ ജീവിതം... അതിനൊരു മാറ്റം വന്നത് ഇന്നലെയാണ്... ആ കാര്യം ഞാൻ നന്ദനോട് പറയാം മറന്നു... എന്റെ ചെറുപ്പത്തിലേ അച്ഛന്റെ അനിയത്തി ഒരനാഥനായ ചെറുപ്പക്കാരന്റെ കൂടെ ഇറങ്ങിപ്പോയതായിരുന്നു... അച്ഛൻ ഒരുപാട് അന്വേഷിച്ചു കണ്ടുകിട്ടിയില്ല... പക്ഷേ എന്റെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ടാണോ എന്നറിയില്ല ദൈവം അച്ഛനോട് കരുണകാണിച്ചു... അതും നന്ദനിലൂടെ... നിങ്ങൾ രക്ഷപ്പെടുത്താൻ വേണ്ടി ഞങ്ങളുടെ പഴയ വീട്ടിൽ ഒരമ്മയേയും മകളേയും താമസിപ്പിച്ചില്ലേ... അതാരാണെന്നറിയോ... വർഷങ്ങൾക്കുമുന്നേ ഞങ്ങൾക്ക് നഷ്ടപ്പെട്ട എന്റെ അപ്പച്ചിയായിരുന്നു...

സോജയെ കണ്ട അച്ഛന് അവളിലെ പരിചിതമായ മുഖഛായ കണ്ട് അവളോട് അച്ഛന്റേയും അമ്മയുടേയും പേര് ചോദിച്ചപ്പോഴാണ് സംഭവം മനസ്സിലായത്... അത് അച്ഛനെ എന്തുമാത്രം സന്തോഷിച്ചെന്നറിയോ... ഇപ്പോൾ അച്ഛൻ വീട്ടിൽ ഓടിനടക്കുകയാണ്... അച്ഛനിപ്പോൾ അനിയത്തിയും മകളും മതി... പക്ഷേ ഇതിനിടക്ക് സുധാകരന്റെ കാര്യം പറഞ്ഞുചെന്നാൽ ഇപ്പോഴുള്ള സന്തോഷം ഇല്ലാതാകുമോ എന്നാണ് പേടി... എന്നാലും ഞാൻ അച്ഛനോട് പറയാം.... "അപ്പോൾ സോജ നിന്റെ മുറപ്പെണ്ണാണോ... ദൈവം വലിയവനാണ്... അല്ലെങ്കിൽ ഇതുപോലൊരു സർപ്രൈസ് തരുമോ... അവർ എത്തേണ്ടിടത്താണ് എത്തിയത്... ഇനി അവരുടെ കാര്യത്തിൽ പേടിവേണ്ട... വർഷങ്ങൾക്കുശേഷം നിന്റെ അച്ഛന് വന്ന മാറ്റം ഇനി ഇതിന്റെ പേരിൽ ഇല്ലാതാവരുത്.... നമുക്ക് മറ്റു വഴി നോക്കാം... അച്ഛന്റെ വിശ്വസ്ഥരുടെ അഡ്രസ് തന്നാൽമതി... നമുക്കന്വേഷിക്കാം... " നന്ദൻ പറഞ്ഞു..

. "കഴിഞ്ഞ എട്ടുവർഷമായി അച്ഛൻ മനസ്സാകെ തകർന്ന അവസ്ഥയായിരുന്നു... ഒന്നിനോടും ഒരു താല്പര്യവുമിലേലാതെ ജീവിക്കുകയായിരുന്നു... മനസ്സിൽ കുന്നത്തെ സുധാകരനോടുള്ള പക മാത്രം.... ഏതായാലും ഞാനൊന്ന് സംസാരിക്കും... അമ്മയുടെ മരണത്തിനുത്തരവാദിയായവനെ കുടുക്കാനുള്ള വഴി അച്ഛൻ തടസപ്പെടുത്തില്ല... അച്ഛൻ നമ്മളെ സഹായിക്കുമെന്നാണ് എന്റെ വിശ്വാസം... ആദ്യം ഞാൻ ഇതൊന്ന് സംസാരിക്കട്ടെ... എന്നിട്ട് ബാക്കി കാര്യങ്ങൾ നമുക്ക് നോക്കാം... നിന്നോട് തീർത്താൽ തീരാത്ത കടപ്പാടാണ് എനിക്കും അച്ഛനുമുള്ളത്... ഒരിക്കലും കണ്ടുമുട്ടില്ലെന്നുകരുതിയ അപ്പച്ചിയെ തിരികെയെത്തിച്ചവനാണ് നീ... ആ നീ ആവിശ്യപ്പെട്ട കാര്യം നിറവേറ്റാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാണ് ഞങ്ങൾ ജീവിക്കുന്നത്... " "അതാണ്... അപ്പോൾ ശിൽപ്പ അവളുടെ രീതിയിൽ തെളിവ് കണ്ടുപിടിക്കട്ടെ... ശ്യാം അവന്റെ രീതിയിലും കണ്ടുപിടിക്കട്ടെ... എന്നാൽ നമുക്കങ്ങോട്ട് ഇറങ്ങിയാലോ...

ആദ്യമായി ഒരു പുതിയ ബിസിനസ് തുടങ്ങുമ്പോൾ അവിടെ ചർച്ചചെയ്യേണ്ട വിഷയമായിരുന്നില്ല ഇതൊക്കെ... ഏതായാലും ഇനി ഇതിനെ പറ്റി ഇവിടെവെച്ച് ഒരു സംസാരം വേണ്ട... നമുക്കിറങ്ങാം... " വരുൺ പറഞ്ഞു... "ഇത്രയധികം സംസാരിച്ചതിനുശേഷമാണോ നിനക്ക് ഈ ബുദ്ധി ഉദിച്ചത്..." ശിവദാസമേനോൻ ചിരിയോടെ ചോദിച്ചു... "അത് പിന്നെ അത്ര സീരിയസായിട്ടാണല്ലോ പറഞ്ഞുകൊണ്ടിരുന്നത്.... അതാണ് ഞാനും ഇടപെടാതിരുന്നത്... " "ഓ അങ്ങനെ... അല്ലാതെ മറ്റൊന്നുംകൊണ്ടല്ല... ഏതായാലും ഇവൻ പറഞ്ഞത് കേട്ടില്ലെന്നുവേണ്ട... നമുക്കിറങ്ങാം... ഇനി കുറച്ചുനേരം നന്ദൻ ബിസിനസിന്റെ ബാലപാഠങ്ങൾ പഠിക്കട്ടെ... " എല്ലാവരും അവിടെനിന്ന് ഇറങ്ങാനൊരുങ്ങി... ▪️▪️▪️▪️▪️▪️▪️▪️▪️▪️ "കിരണേട്ടാ ഞാൻ പെട്ടന്ന് മനസ്സുമാറി വീട്ടുകാരോട് അടുക്കുമ്പോൾ അവർക്ക് സംശയം തോന്നില്ലേ...

അച്ഛന്റെ ലക്ഷ്യം നിറവേറ്റാൻ ഞാൻ ഇവിടെ വന്നുകയറിയതാണ് എന്നായിരുന്നു അച്ഛൻ കരുതിയിരുന്നത്... പക്ഷേ ആ വിശ്വാസം നമ്മൾതന്നെ നഷ്ടപ്പെടുത്തിയില്ലേ... ഇനി അച്ഛൻ നമ്മളെ വിശ്വസിക്കുമോ... " വീട്ടിലെത്തിയ ശിൽപ കിരണിനോട് ചോദിച്ചു... "നീ പറഞ്ഞതിൽ കാര്യമില്ലാതില്ല... കാരണം അവക്കുള്ള വിശ്വാസം നമ്മൾതന്നെ ഇല്ലാതാക്കി... പക്ഷേ അങ്ങനെകരുതി നമ്മളിരുന്നാൽ ഇനിയും നിന്റെ അച്ഛൻ ചെയ്യുന്ന ഓരോ ക്രൂരതയും അനുഭവിക്കേണ്ടിവരും... അതുണ്ടാകാൻ പാടില്ല... അതിന് അവരുടെ വിശ്വാസം വീണ്ടും നേടിയെടുത്തേ മതിയാവൂ... അതിന് ഒരു വഴിയാണ് ആലോചിക്കേണ്ടത്... " "ഞാൻ ഒരു കാര്യം പറഞ്ഞാൽ അനുസരിക്കുമോ... എന്റെ പെൺബുദ്ധിയിൽ തോന്നിയതാണ്... നല്ലതാണെങ്കിൽ എടുക്കാം... അല്ലെങ്കി ഒഴിവാക്കാം... "

"എന്താണെങ്കിലും പറ... എന്നിട്ട് തീരുമാനിക്കാം വേണോ വേണ്ടയോ എന്ന്... " "അത് കുറച്ച് കടുത്തകയ്യാണ്... ഇവിടെയുള്ള എല്ലാവരുടേയും സമ്മതമുണ്ടെങ്കിൽ മാത്രം ചെയ്താൽമതി... ആദ്യം നമുക്കൊരു വാടകവീട് വേണം... എന്നിട്ട് നമ്മൾ കുറച്ചുകാലം അവിടെ താമസിക്കണം... എന്റെ വീട്ടുകാരുടെ മുന്നിൽ നമ്മൾ ഇവിടെനിന്ന് തെറ്റി മാറിതാമസിക്കുകയാണെന്ന് വരുത്തി തീർക്കണം... പ്രദീപേട്ടനുമായി വേദികയുടെ വിവാഹം നടത്താമെന്ന് കിരണേട്ടന്റെ അച്ഛൻ വാക്കുതന്ന് നമ്മുടെ വിവാഹം നടത്തിയിട്ട് പെട്ടന്നൊരുദിവസം വാക്കുമാറിയപ്പോൾ അത് ചോദ്യം ചെയ്തതിന് നമ്മളും ഇവിടെയുള്ളവരും തമ്മിൽ അഭിപ്രായ വിത്യാസമുണ്ടായെന്നും കാര്യങ്ങൾ പറഞ്ഞ് തെറ്റിയെന്നും ഉണ്ടാക്കിയെടുക്കണം... അതാണ് നമ്മൾ ഇവിടെനിന്ന് മാറിയത് എന്നുണ്ടാക്കിയെടുക്കണം...

ഇത് കേൾക്കുമ്പോൾ അച്ഛന് നമ്മളോടുള്ള പക തീരുമെന്നുറപ്പാണ്... കാരണം ഇനിയുള്ള കളി നമ്മളെവച്ച് കളിപ്പിക്കാമെന്നും അച്ഛൻ കരുതും... പക്ഷേ ഈ കാര്യം കിരണേട്ടന്റെ അച്ഛൻ സ്വീകരിക്കുമോ എന്നതാണ് പ്രശ്നം..." ശിൽപ പറഞ്ഞതുകേട്ട് കിരൺ കുറച്ചു നേരം ആലോചിച്ചു.... പിന്നെ അവളെ നോക്കി... "നീ പറഞ്ഞ ഐഡിയ കൊള്ളാം പക്ഷേ നീ പറഞ്ഞപോലെ ഇതിന് അച്ഛൻ സമ്മതിക്കുമോ... മാത്രമല്ല നാട്ടുകാർ എന്ത് കരുതും.... " "ഈ നാട്ടിലെ ഭൂരിഭാഗമുള്ള നല്ലവരെല്ലാരും എന്റെ അച്ഛനോട് ദേഷ്യമുള്ളവരാണ്... അവർ ചോദിക്കുമ്പോൾ സത്യം നമുക്ക് പറയാമല്ലോ... പിന്നെ കിരണേട്ടന്റെ അച്ഛൻ... നന്ദേട്ടന്റെ മനസ്സിൽ വാശി കയറ്റാൻവേണ്ടി വേദികയെ കൂട്ടുപിടിച്ച് കളിച്ച നാടകത്തിന്റെയത്ര വലുതൊന്നുമല്ലല്ലോ ഇത്... " "അത് ശരിയാണ്... നീ പറഞ്ഞ പ്ലാൻ നടക്കുകയാണെങ്കിൽ നിന്റെ വീട്ടിൽ കയറിപ്പറ്റാൻ പറ്റിയ അവസരവുമാണിത്... ഏതായാലും ഇവിടെയുള്ളവരുടെ അഭിപ്രായം കേട്ടിട്ട് നമുക്ക് മുന്നോട്ടുപോവാം... എന്താ......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story