സ്വന്തം തറവാട് : ഭാഗം 59

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

"മോളേ നിന്റെ മനസ്സിലുള്ള വേദന എനിക്കറിയാം... ഞങ്ങളുടെമുന്നിൽ അത് മറച്ചുവക്കേണ്ട കാര്യമില്ല... മോളുടെ സ്വന്തം അച്ഛനാണ് പോയത്... കിരൺ വരുന്നുണ്ട്... അവൻ വന്നാൽ നമുക്ക് വീട്ടിലേക്ക് പോകാം... " അടുത്തദിവസം ഉച്ചക്കുമുന്നേ സുധാകരന്റെ ബോഡി മോസ്റ്റുമോർട്ടത്തിനുശേഷം വീട്ടിലേക്ക് കൊണ്ടുവന്നു... ജലജക്കും ശിൽപ്പക്കും കാര്യമായ ഭാവഭേദമില്ലാത്തത് പലരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു... അതിനെപ്പറ്റി പലരും സ്വകാര്യം പറയുന്നുമുണ്ടായിരുന്നു... എന്നാൽ ആകെ തകർന്നമട്ടിലായിരുന്നു പ്രദീപ്... തന്റെ ഒരുഭാഗം നഷ്ടപ്പെട്ട വേദനയോടെ ചുമരുംചാരി സുധാകരന്റെ ബോഡിയിലേക്കും നോക്കി അവൻ നിന്നു... അവിടെയുള്ള എല്ലാകാര്യവും നോക്കിനടത്തിയത് രാജശേഖരനും കിരണുമായിരുന്നു... കാണേണ്ടവരെല്ലാം കണ്ടുകഴിഞ്ഞു സുധാകരന്റെ ബോഡി ചിതയിലേക്കെടുത്തു...

കർമ്മങ്ങളെല്ലാം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു... അന്ന് രാത്രി ആകെ തളർന്ന് തന്റെ മുറിയിൽ കിടക്കുകയായിരുന്നു പ്രദീപ്... അവന്റെയടുത്തേക്ക് രാജശേഖരൻ ചെന്നു... "എടാ പ്രദീപേ... എന്തൊരു കിടപ്പാണ് ഇത്... നീയെഴുന്നേറ്റേ... " രാജശേഖരൻ പറഞ്ഞതുകേട്ട് പ്രദീപ് എഴുന്നേറ്റു... എടാ മോനേ പോയവർ പോയി... അതോർത്ത് വിഷമിച്ചിരുന്നിട്ട് എന്താണ് കാര്യം... നോക്ക് താഴെ കിരൺ ഒറ്റക്കാണ് എല്ലാം ചെയ്യുന്നത്... നീയവിടേക്ക് ചെല്ല്... " "എനിക്ക് കഴിയുന്നില്ല അമ്മാവാ... എന്തിനാണ് അച്ഛൻ ഇത് ചെയ്തത്... എന്താണ് എന്റെ അച്ഛന് കുറച്ചുദിവസമായി പറ്റിയത്... അച്ഛന് മനസ്സിൽ കാര്യമായിട്ട് എന്തോ മനഃപ്രയാസം വന്നിട്ടുണ്ട്... അതല്ലാതെ അച്ഛന് ഇങ്ങനെയൊരവസ്ഥ വരില്ല.. " "പ്രദീപേ... അത് പറയാൻകൂടിയാണ് ഞാൻ വന്നത്... അച്ഛന് ഒരു മനഃപ്രയാസവും ഉണ്ടായിട്ടില്ല... അച്ഛൻ ഇത്രയുംകാലം ചെയ്തുകൂട്ടിയതിന് കിട്ടിയ ശിക്ഷയാണ് ഇത്...

നിനക്കറിയോ എന്റെ ചേച്ചി അതായത് നിന്റെ വല്ല്യമ്മ ആത്മഹത്യ ചെയ്തകാര്യം നിനക്ക് അറിയുന്നതല്ലേ... " "അറിയാം ആ പുതുശ്ശേരി ശ്രീധരമേനോൻ കാരണമല്ലേ അത് നടന്നത്... " "അങ്ങനെ നമ്മൾ വിശ്വസിച്ചു... അല്ല വിശ്വസിപ്പിച്ചു നിന്റെ അച്ഛൻ... മരിച്ചുപോയവരെപ്പറ്റി കുറ്റം പറയുകയല്ല... നമ്മൾ വിശ്വസിച്ചതൊന്നുമല്ലായിരുന്നു സത്യം... എല്ലാം ചെയ്തത് നിന്റെ അച്ഛനായിരുന്നു.. " "അമ്മാവനെന്താണ് പറഞ്ഞത്... " "അതാണ് സത്യം മോനേ... എല്ലാം അയാളുടെ കളിയായിരുന്നു... " രാജശേഖരൻ എല്ലാ കാര്യവും പ്രദീപിനോട് പറഞ്ഞു... എല്ലാം കേട്ടുകഴിഞ്ഞിട്ടും ഒരു റിയാക്ഷനും പ്രദീപിന്റെ മുഖത്ത് കാണാതിരുന്നപ്പോൾ രാജശേഖരൻ സംശയിച്ചു ... "നിങ്ങൾ പറഞ്ഞതത്രയും ശരിയാണ്... എനിക്കെല്ലാം അറിയാം... " "അപ്പോൾ എല്ലാം അറിഞ്ഞിട്ടും നിനക്ക് എങ്ങനെ അയാളോട് നല്ലതുപോലെ പെരുമാറാൻ കഴിയുന്നു... " "അവിടെ നിങ്ങളാണ് തെറ്റി... നിങ്ങളെന്തുകരുതി ഞാൻ അയാളെ സ്നേഹിക്കുകയാണെന്നോ.... അല്ല വർഷങ്ങളായി കൊണ്ടുനടക്കുന്ന മറ്റൊരു പക മനസ്സിലിട്ട് ഊട്ടിയുറപ്പിക്കുകയായിരുന്നു ഞാൻ...

"എന്ത് പക... ഇതല്ലാതെ നിന്റെ അച്ഛനോട് എന്ത് പകയാണ് നിനക്ക്... " "ഹും അച്ഛൻ... അയാൾ എന്റെ അച്ഛനല്ല... അതുമാത്രമല്ല നിങ്ങളുടെ സഹോദരി എന്റെ അമ്മയുമല്ല... " പ്രദീപ് പറഞ്ഞതുകേട്ട് രാജശേഖരൻ ഞെട്ടി... "നിനക്കെന്തുപറ്റി പ്രദീപേ... നിനക്കെന്താ പ്രാന്തുപിടിച്ചോ... " "ഞാൻ പ്രാന്ത് പറയുകയല്ല... പറയുന്നത് സത്യമാണ്... നിങ്ങളും ഈ നാട്ടുകാരും കരുതുന്നതുപോലെ ഞാൻ കുന്നത്തെ സുധാരന്റേയോ നിങ്ങളുടെ സഹോദരിയുടേയോ മകനല്ല... നിങ്ങളുടെ സഹോദരിയുടെ കാരുണ്യംകൊണ്ട് ഇവിടെയെത്തിയവൻ... കുന്നത്തെ സുധാകരനെ കാരണം അനാഥനായവൻ... ഇത് അറിയുന്നത് അമ്മക്കും അച്ഛനെന്ന് പറയുന്ന അയാൾക്കും മാത്രമാണ്... എന്റെ ശരിയായ അച്ഛനുമമ്മയേയും സുധാകരനാണ് ഇല്ലാതാക്കിയത്... എന്റെ പതിനെട്ടാം വയസ്സിലാണ് ഞാൻ ഈ സത്യമറിയുന്നത്... അതും നിങ്ങളുടെ സഹോദരിയുടെ നാവിൽനിന്ന്... ഒരിക്കലും ഞാൻ ഇതുപോലെയാകണമെന്ന് കരുതിയതല്ല... പക്ഷേ എല്ലാ സത്യവും അറിഞ്ഞപ്പോൾ... അതുവരെ ഞാൻ അച്ഛനെന്നു കരുതിയവൻ

എന്റെ അച്ഛന്റേയും അമ്മയുടേയും മരണത്തിന് ഉത്തരവാദിയാണെന്ന് അറിഞ്ഞപ്പോൾ... എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നി... കുന്നത്തെ സുധാകരനോട് പകയായിരുന്നു പിന്നീടെനിക്ക്... അയാളെ ഇല്ലാതാക്കുക അതായിരുന്നു എന്റെ ലക്ഷ്യം... അതും പെട്ടന്ന് തീർക്കാൻ എനിക്ക് ഉദ്ദേശമില്ലായിരുന്നു... എല്ലാവരും ഭയക്കുന്ന അയാളെ നാട്ടുകാർ പുച്ഛിക്കണം... അതുമൂലം അയാൾ നാണംകെടണം... അതിനായി ഞാൻ ഒരുങ്ങിയിറങ്ങി... സുധാകരൻ ചെറുപ്പത്തിലേ എങ്ങനെയായിരുന്നു അതുപോലെ ഞാൻ ജീവിച്ചു... ഓരോരുത്തരെ വേദനിപ്പിക്കുമ്പോഴും ആയിരംവട്ടം അവരോട് മാപ്പിരക്കുന്നുണ്ടായിരുന്നു... പ്രത്യേകിച്ച് പുതുശ്ശേരിക്കാരോടും നന്ദനോടും... എനിക്കറിയാമായിരുന്നു ശ്രീധരമേനോനല്ല എന്റെ വല്ല്യമ്മയുടെ മരണത്തിന് കാരണക്കാരൻ... ആരെയോ സഹായിക്കാൻ സുധാകരൻ പറഞ്ഞുനടന്ന കഥയാണ് അതെന്നുകരുതി... പക്ഷേ ഇന്ന് നിങ്ങൾ പറയുന്നതിനുമുന്നേ അമ്മ എന്നോട് എല്ലാ സത്യവും പറഞ്ഞിരുന്നു.. ഇനിയൊരു സത്യം ഞാൻ പറയാം...

സുധാകരന്റ മരണം വെറുമൊരു ആത്മഹത്യയല്ല... അയാളെ വകവരുത്തിയതാണ്... മറ്റാരുമല്ല ഞാൻതന്നെ... ഞാനാണ് അയാളെ കെട്ടിത്തൂക്കിയത്... " "പ്രദീപേ.. അപ്പോൾ നീ... എന്തിനുവേണ്ടി... " "ഞാൻ പറഞ്ഞല്ലോ എന്റെ പതിനെട്ടാം വയസ്സിൽ തുടങ്ങിയ അയാളുടുള്ള പക തീർക്കാൻ സാധിച്ചത് ഇന്നലെയാണ്... നിങ്ങൾ കരുതുന്നതുപോലെ അയാൾക്ക് ഒന്നുമില്ലായിരുന്നു... എല്ലാം അഭിനയമായിരുന്നു... സത്യം എന്തായിരുന്നു എന്ന് ഞാൻ പറയാം... കുറച്ചുദിവസംമുന്നേ അയാളോട് ഞാൻ എനിക്ക് ഇവിടെ നിൽക്കാൻ പറ്റില്ലെന്നും എവിടേക്കെങ്കിലും നാടുവിട്ട് പോകണമെന്നും പറഞ്ഞു... അങ്ങനെ അയാൾ എന്നെ കോട്ടയത്തെ അയാളുടെ ഏതോ കൂട്ടുകാരന്റെ അടുത്തേക്ക് പറഞ്ഞയക്കാമെന്ന് പറഞ്ഞു... പക്ഷേ എന്നെ സഹായിക്കുക എന്ന വ്യാജേന എന്നെ വകവരുത്തുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം... അത് അയാൾ കോട്ടയത്തെ കൂട്ടുകാരനോട് ഫോണിൽ പറയുന്നത് നേരിട്ട് കേട്ടതാണ്... ഞാൻ ജീവിച്ചിരുന്നാൽ ഈ കണ്ട അയാളുടെ സ്വത്തുക്കൾ എനിക്ക് തരേണ്ടിവരുമെന്നും അതുകൊണ്ട് ഞാൻ ജീവിച്ചിരിക്കാൻ പാടില്ല എന്നും അയാൾ ഫോണിൽ പറയുന്നുണ്ടായിരുന്നു...

പലരോടും പലതും പറഞ്ഞുനടന്നിരുന്നെങ്കിലും എല്ലാ സത്യവും അറിഞ്ഞതിനുശേഷം എനിക്ക് അയാളുടെ സ്വത്തിനോട് യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല... എനിക്കത് വേണ്ടതാനും... പക്ഷേ ഇത് കേട്ടതോടെ ഒരു കാര്യം ഞാൻ ഉറപ്പിച്ചു... അയാളുടെ സ്വത്തുക്കൾ കൈക്കലാക്കുക... അതിനുള്ള വഴി ഞാനാലോചിച്ചു... എന്തുവന്നാലും ഇവിടെനിന്ന് എവിടേക്കും പോകേണ്ട എന്നും തീരുമാനിച്ചു... എന്നാലത് അയാളെ കൂടുതൽ ചൊടിപ്പിച്ചു... എന്നെ വകവരുത്താൻ മറ്റുവഴികൾ കണ്ടെത്താനായിരുന്നു അടുത്തശ്രമം... അതിനിടയിലായിരുന്നു വല്ല്യമ്മയുടെ മരണവുമായി അയാളുടെ ബന്ധം നിങ്ങളറിഞ്ഞതും അയാളെ ഒരു മാനസികരോഗിയാക്കാനുള്ള പദ്ധതി നിങ്ങൾ മെനഞ്ഞതും... നിങ്ങൾ സംസാരിച്ച കാര്യങ്ങൾ അയാൾ അറിഞ്ഞിരുന്നു... അതയാൾ നേരിട്ട് കേട്ടിരുന്നു... നിങ്ങൾ സംസാരിച്ചത് കേട്ടുകൊണ്ടാണ് അയാൾ അന്ന് ഇവിടെ വന്നുകയറിയത്... എല്ലാം കേട്ടുകഴിഞ്ഞ അയാൾ നിങ്ങളെ അറിയാതെ തിരിച്ചു പോയി... "

"അപ്പോൾ അയാൾ ഇത്രയും ദിവസം അഭിനയിക്കുകയായിരുന്നോ എന്തിനുവേണ്ടി... നീയെങ്ങനെ ഇതറിഞ്ഞു..." "അയാൾ കളിച്ചത് ബുദ്ധികൊണ്ടാണ്... ഇന്നലെ ഞാൻ ടൗണിൽനിന്ന് വരുന്ന സമയത്ത് അയാൾ പൂട്ടികിടക്കുന്ന മില്ലിന്റെ മുന്നിൽ ഇരിക്കുന്നുന്നുണ്ടായിരുന്നു... നാട്ടുകാരെ ബോധ്യപ്പെടുത്താൻ എന്തൊക്കെയോ കാണിച്ചുകൂട്ടുന്നുണ്ട്... അതുകണ്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ആത്മസംതൃപ്തി തോന്നി... എന്റെ അച്ഛന്റേയും അമ്മയുടേയും മരണത്തിനുത്തരവാദിയായവൻ ഈ ലോകം തന്നെ കൈക്കുമ്പിളിലാണെന്ന് നടിച്ച് നടന്നവന്റെ അപ്പോഴത്തെ അവസ്ഥ കണ്ടപ്പോൾ ദൈവം വലിയവനാണെന്ന് തോന്നി... കുറച്ചുനേരം ഞാൻ അയാളെ നോക്കിനിന്നു... എന്നെ കണ്ടിട്ടും അയാളിൽ ഒരു മാറ്റവും കണ്ടില്ല... ഞാൻ അവിടെനിന്ന് പോകാനായി ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ പെട്ടന്ന് അയാൾ എന്നെനോക്കി ചിരിച്ചു... പിന്നെ കൈകാട്ടി എന്നെ വിളിച്ചു... ഞാൻ ബൈക്ക് ഓഫ് ചെയ്ത് അയാളുടെ അടുത്തേക്ക് നടന്നു... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

"എന്താ പ്രദീപേ... ഈ അവസ്ഥയിൽ എന്നെ കണ്ടപ്പോൾ നിനക്ക് സഹതാപം തോന്നുന്നുണ്ടോ... അതോ സന്തോഷമോ... " സുധാകരൻ ചോദിച്ചതുകേട്ട് പ്രദീപ് ഞെട്ടി... "നിങ്ങൾ എന്താണ് പറഞ്ഞത്... അപ്പോൾ ഇതെല്ലാം നിങ്ങളുടെ അഭിനയമായിരുന്നോ... " "അല്ലാതെപിന്നെ... എന്നെ ഒരു പ്രാന്തനാക്കാൻ നിന്റെ അമ്മയും അമ്മാവനും എനിക്ക് ഏതോ മരുന്ന് തരാൻ നോക്കുകയായിരുന്നല്ലോ... എന്റെ ഭാഗ്യംകൊണ്ടാണ് ഞാനത് കേട്ടത്... എനിക്ക് രാത്രി തന്ന പാലിൽ ചേർത്തായിരുന്നു പ്രയോഗം..." "അമ്മയും അമ്മാവനോ... എന്തിനുവേണ്ടി... ഞാനിത് വിശ്വസിക്കില്ല... " "വേണമെങ്കിൽ വിശ്വസിച്ചാൽ മതി... നീ വിശ്വസിക്കണമെന്ന് എനിക്കൊരു നിർബന്ധവുമില്ല....

പിന്നെ ഇങ്ങനെ അഭിനയിക്കാൻ മറ്റൊരു ഉദ്ദേശംകൂടിയുണ്ടായിരുന്നെന്ന് കൂട്ടിക്കോ... നീ നീയായാണ് ആ ഉദ്ദേശം... നീ ഇല്ലാതാവുക... അതിന് പല കളികളും ഞാൻ നോക്കി... പക്ഷേ ഒന്നും വിജയിച്ചില്ല... അവസാനം കോട്ടയത്തേക്ക് നിന്നെ പറഞ്ഞയച്ച് അവിടെവെച്ച് തീർക്കാനായിരുന്നു ലക്ഷ്യം... അവിടേയും വിജയം നിന്റെകൂടെ നിന്നു... എന്നാൽ ഇത് എനിക്ക് കിട്ടിയ ഏറ്റവും വലിയ അവസരമാണ്... ഇപ്പോൾ നിന്നെ തീർത്താൽ അത് മാനസികരോഗിയായ ഒരാൾ ചെയ്തതാണെന്നേ വരൂ.. ഒരു കോടതിക്കും എന്നെ ശിക്ഷിക്കാൻ പറ്റില്ല........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story