സ്വന്തം തറവാട് : ഭാഗം 7

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

മേപ്പല്ലൂർ ബ്രഹ്മദത്തൻ തിരുമേനിയെ കാണാൻ പോവുകയായിരുന്നു നന്ദൻ... ആ തറവാടിന്റെ മുന്നിലെത്തിയപ്പോൾ അവൻ കണ്ടു പടിപ്പുര അടച്ചിട്ടേക്കുന്നത്... നന്ദൻ ബൈക്ക് നിർത്തി അവിടെ നിന്നു... "ആരാ എന്താ വേണ്ടത്... " ആരുടേയോ ശബ്ദം കേട്ട് നന്ദൻ തിരിഞ്ഞു നോക്കി... ബ്രഹ്മദത്തൻ തിരുമേനിയുടെ കാര്യസ്ഥൻ ശങ്കുണ്ണിയായിരുന്നു അത്... "തിരുമേനി... തിരുമേനിയില്ലേ ഇവിടെ... " നന്ദൻ ചോദിച്ചു... "ഇല്ലല്ലോ... വെളുപ്പിന് പോയതാണ്... ആരാണ്... " "ഞാൻ ഇവിടെയടുത്തുള്ളതാണ്... പേര് ദേവാനന്ദ്... " "ദേവാനന്ദ്... പുതുശ്ശേരി തറവാട്ടിലെ കുട്ടിയെ വിവാഹം കഴിക്കാൻ പോകുന്ന... " "അതെ... തിരുമേനി എവിടെ പോയതാണ്... ഇപ്പോൾ വരുമോ... " "ഇല്ല... തിരുമേനി ഇനി പതിനാറ് ദിവസം കഴിഞ്ഞശേഷം വരൂ... തിരുമേനിയുടെ അടുത്ത ബന്ധത്തിലൊരു മരണം നടന്നു... തിരുമേനിയുടെ ജേഷ്ടനായി വരും...

പുലയാണ്... അതുകൊണ്ട് പതിനാറ് കഴിഞ്ഞേ വരൂ... അതിനിടയിൽ വന്നിട്ടും കാര്യമില്ല... പൂജയോ കർമ്മങ്ങളെ നടത്താൻ പറ്റില്ലല്ലോ... അതു കഴിഞ്ഞ് വന്നോളൂ... " നന്ദൻ കുറച്ച് സമയം ആലോചിച്ചു പിന്നെ ബൈക്കിൽ കയറി... "തിരുമേനി വന്നാൽ ഞാൻ വന്നിരുന്ന കാര്യം പറയൂ... എനിക്ക് കുറച്ച് കാര്യങ്ങൾ ചോദിച്ചറിയാനായിരുന്നു... എന്നാൽ ശരി ഞാൻ പോവുകയാണ്.. " നന്ദൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് അവിടെനിന്നും പോന്നു... അവൻ നേരെ പുതുശ്ശേരി തറവാട്ടിലേക്കാണ് പോയത്... അവിടെ മുറ്റത്ത് ബൈക്ക് നിർത്തിയവനിറങ്ങി... " "അല്ലാ ഇതാര്... എന്റെ കണവനോ... " ബൈക്കിന്റെ ശബ്ദം കേട്ട് പുറത്തേക്ക് വന്ന വേദിക ചോദിച്ചു... നന്ദനവളെ സൂക്ഷിച്ചു നോക്കി... "എന്താ എന്നെ ഇതിനു മുമ്പ് കാണാത്തതു പോലെ നോക്കുന്നത്... " വേദിക ചോദിച്ചു... "അല്ല ഞാൻ നോക്കുകയായിരുന്നു... ഇത് എന്റെ വേദികയാണോ അതോ അനന്തൻ സ്നേഹിച്ച പാർവതിയാണോ എന്ന്... " "നന്ദേട്ടനെന്താ പറഞ്ഞത്... നന്ദേട്ടനെങ്ങനെയറിയാം അവരെ... ഓ എന്റെ ഇപ്പോഴത്തെ അവസ്ഥ അച്ഛനോ അമ്മയോ വിളിച്ചു പറഞ്ഞതാകുമല്ലേ... "

"എന്നോട് ആരും പറഞ്ഞതല്ല... നിന്റെ സ്വപ്നത്തിന്റെ കാര്യം അപ്പച്ചി അമ്മയോട് പറഞ്ഞു എന്നുള്ളത് സത്യം... പക്ഷേ നീ കണ്ട സ്വപ്നത്തിലെ കഥാപാത്രങ്ങൾ ആരും പറഞ്ഞുതന്നതല്ല... " "പിന്നെ എങ്ങനെ അറിയാം ഇതെല്ലാം... " "അതിലെ അനന്തൻ ഞാനായതുകൊണ്ട്... എന്റെ മുൻജന്മമല്ലേ അനന്തൻ... അതുപോലെ നീ ആ അനന്തൻ സ്നേഹിച്ച പെണ്ണല്ലേ... അന്നേരം എനിക്ക് ഇതൊക്കെ അറിയാതിരിക്കില്ലല്ലോ... അതുപോട്ടെ... എന്താ നിന്റെ ഏട്ടന്മാരുടെ പ്രശ്നം... അവർക്ക് നിന്നെ ഡോക്ടറെ കാണിക്കണമെന്ന് എന്താണിത്ര നിർബന്ധം... " "അവരെന്റെ ഏട്ടന്മാരായതുകൊണ്ട്... അവരുടെ കുഞ്ഞു പെങ്ങളല്ലേ ഞാൻ... എന്റെ കാര്യത്തിൽ അവർക്കും ആധിയുണ്ടാവില്ലേ... " "അത് ശരിയാണ്... അതിന് തിരുമേനി വേണ്ടത് ചെയ്തില്ലേ... പിന്നെ എന്താണ്... " "അവർക്ക് അതിലൊന്നും വിശ്വാസമില്ല... ഇവിടുത്തെ കാവിൽ വിളക്ക് വക്കുന്നതുവരെ അവർക്ക് ഇഷ്ടമല്ല... അച്ഛനെ ഭയന്നാണ് മിണ്ടാതിരിക്കുന്നത്... പക്ഷേ ഇപ്പോൾ അച്ഛനോടും അവർ ചോദിക്കാൻ തുടങ്ങി... എനിക്കാകെ പേടിയാകുന്നു...

ഇതിന്റെ പേരിൽ അച്ഛനും ഏട്ടന്മാരും തമ്മിൽ പിണങ്ങുമോ എന്നാണ് പേടി... " "നീ വേണ്ടാത്തത് ചിന്തിച്ച് കൂട്ടേണ്ട... അങ്ങനെയൊന്നുമുണ്ടാവില്ല... നീ വാ... എവിടെ അപ്പച്ചിയും അമ്മാവനും... " "അകത്തുണ്ട്... വരൂ... " വേദികയും നന്ദനും അകത്തേക്ക് നടന്നു... "ഓ നിനക്ക് നാടുനന്നാക്കുന്നതിനിടയിൽ ഇവിടെ കുറച്ച് ജന്മങ്ങളുണ്ടെന്ന് ഓർമ്മയുണ്ടായിരുന്നോ... ഏത്രനാളായി നീ ഇവിടേക്ക് വന്നിട്ട്... ഞങ്ങൾ പോട്ടെ ഇവളൊരുത്തി ഇവിടെയുണ്ടെന്ന വല്ല വിചാരവുമുണ്ടോ നിനക്ക്... ഇടക്ക് നീ ഇവിടെ വന്നിരുന്നെങ്കിലത് ഇവൾക്കുമൊരു ആശ്വാസം കിട്ടില്ലായിരുന്നോ... സുലോചന ചേച്ചി പറഞ്ഞില്ലേ കാര്യങ്ങൾ... " പ്രസന്ന ചോദിച്ചു... "അമ്മ പറഞ്ഞു... ഇവൾ ഇതുവരെ കണ്ട സ്വപ്നം അത് വെറുമൊരു സ്വപ്നമാണെന്ന് എനിക്ക് തോന്നുന്നില്ല... കാരണം ഇതേ സ്വപ്നം ഞാനും കാണുന്നു... പക്ഷേ ഇവൾ കാണുന്നതുപോലെയല്ല എന്നു മാത്രം... " "അപ്പോൾ തിരുമേനി പറഞ്ഞത് സത്യമാണല്ലേ... " എല്ലാം കേട്ട് അവിടേക്ക് വന്ന ശ്രീധരമേനോൻ ചോദിച്ചു... " "അതറിയില്ല... പക്ഷേ ഇതിൽ എന്തോ ഒന്നുണ്ട്...

അതറിയാൻ തിരുമേനിയെ കാണാൻ രാവിലെ ഇറങ്ങിയതാണ് ഞാൻ... പക്ഷേ കാണാൻ കഴിഞ്ഞില്ല... തിരുമേനിയുടെ ഏതോ ഏട്ടൻ മരിച്ച് അവിടേക്ക് പോയതാണ് അദ്ദേഹം... പുലയാണെന്ന് പറഞ്ഞു അദ്ദേഹത്തിന്റെ സഹായി... ഇനി പതിനാറ് കഴിഞ്ഞിട്ടേ വരൂ എന്നും പറഞ്ഞു... " "അപ്പോൾ അതു കഴിഞ്ഞിട്ടേ ഇതിനെപ്പറ്റി അറിയാൻ പറ്റൂ അല്ലേ... സമയമായിക്കാണില്ല... അതാണ് മുന്നിൽ പല തടസങ്ങളും ഉണ്ടാവുന്നത്... " "ആയിരിക്കാം... " "നീ കൈ കഴുകി വാ... രാവിലെ ഒന്നും കഴിക്കാതെ ഇറങ്ങിയതാകും... ഞാൻ ചായ ഉണ്ടാക്കിത്തരാം... ദോശയും ചട്നിയുമുണ്ട്... ഇനി അത് കഴിക്കാൻ നേരം കാണുമോ എന്തോ... " "നേരമില്ലെങ്കിലും കഴിച്ചിട്ടു പോകുന്നുള്ളൂ... അപ്പച്ചിയുടെ കൈകൊണ്ടുണ്ടാക്കിയത് കഴിച്ചിച്ചിട്ട് കുറച്ചു ദിവസമായില്ലേ... " "വല്ലാതെ സോപ്പിടല്ലേ... ആരെങ്കിലും നിന്നോട് കഴിക്കേണ്ടെന്നും ഇവിടേക്ക് വരേണ്ടെന്നും പറഞ്ഞോ ഇല്ലല്ലോ... " "സമ്മതിച്ചു തെറ്റ് എന്റെ ഭാഗത്താണ്... അപ്പച്ചി എടുത്തു വച്ചോ ഞാൻ പെട്ടന്ന് കൈ കഴുകി വരാം... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

"മോളെ ശ്രീകൂട്ടീ... അമ്മക്ക് മരുന്ന് കൊടുത്തോ മോള്... " നാരായണൻ തന്റെ മകൾ ശ്രീഷ്മയോട് ചോദിച്ചു... "കൊടുത്തച്ഛാ... മരുന്ന് കഴിച്ച് ഉറങ്ങിയതാണ് അമ്മ... കഞ്ഞി ആയിട്ടുണ്ട്... ഉണർന്നാൽ കൊടുക്കാം... " "ആ... എത്ര നാളായി എന്റെ കുട്ടി കഷ്ടപ്പെടുന്നു... അവളുടെ, അസുഖം മാറുന്നുമില്ല... എന്തിനാണ് ഈശ്വരൻ അവളെ ഇങ്ങനെ നരകിപ്പിക്കുന്നത്... അതിനു മാത്രം എന്ത് പാപമാണ് അവൾ ചെയ്തത്... " "അച്ഛൻ വിഷമിക്കാതിരിക്ക്... അമ്മയുടെ എല്ലാ അസുഖവും മാറും... ഈശ്വരൻ എന്തെങ്കിലും കണ്ടിട്ടുണ്ടാകും... പഴയതിലും ഒരുപാട് മാറ്റമുണ്ടല്ലോ ഇപ്പോൾ... വൈകാതെ അമ്മ നടക്കാനും സംസാരിക്കാനും തുടങ്ങും... " "എത്രകാലമായി ഇതുപോലെ കിടക്കുന്നു.. ഇപ്പോൾ ഏക ആശ്വാസം കട്ടിലിൽ എണീറ്റിരിക്കും എന്നതാണ്... പക്ഷേ ഒരക്ഷരം മിണ്ടാൻ കഴിയുന്നില്ല... എങ്ങനെ ഓടിനടന്നവളായിരുന്നു... സ്വന്തം ശരീരം നോക്കില്ല... അതാണ് പെട്ടന്ന് പ്രഷർ കൂടാൻ കാരണം... മോള് അച്ഛന് കുറച്ച് കഞ്ഞിവെള്ളം ഉപ്പിട്ട് എടുത്തോ... നല്ല ക്ഷീണം... വെയിലും കൊണ്ട് വന്നതല്ലേ... "

"ഇപ്പോൾ എടുക്കാം അച്ഛാ... " നാരായണന്റെ രണ്ടു മക്കളിൽ മൂത്തവളാണ് ശ്രീഷ്മ... ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു... വേദികയുടെ കൂടെ അവളുടെ കോളേജിൽ ഒന്നിച്ച് പഠിക്കുന്നവളുമാണ് നന്ദന... അവളുടെ താഴെയുള്ളത് ശ്രീജുൽ... അവരുടെ ശ്രീകുട്ടൻ...പ്ലസ്ടു വിദ്യാർത്ഥിയാണ്... രണ്ടുപേരും പഠിക്കാൻ മിടുക്കിമിടുക്കന്മാരാണ്... നാരായണൻ ഒരുദിവസവും ഒഴിവില്ലാതെ പണിക്ക് പോകുന്നതു കൊണ്ടാണ് ആ കുടുംബം കഴിയുന്നതുതന്നെ... അന്നു വൈകീട്ട് കിരൺ ഹോസ്പിറ്റലിൽ നിന്ന് വരുമ്പോൾ അവനെയും കാത്ത് ശിൽപ്പ നിൽക്കുന്നുണ്ടായിരുന്നു... ദൂരെനിന്നേ ശിൽപ്പയെ കിരൺ കണ്ടു... എന്തുചെയ്യണമെന്നറിയാതെ കിരൺ കുറച്ച് അകലെയായി കാർ നിർത്തി... ശിൽപ്പയത് കണ്ടു... തന്നെ കണ്ടിട്ടാണ് കിരൺ കാർ കുറച്ചകലെയായി നിർത്തിയതെന്ന് അവൾക്ക് മനസ്സിലായി... അവൾ സ്കൂട്ടിയെടുത്ത് അവന്റെയടുത്തേക്ക് ചെന്നു... "എന്താ ഡോക്ടറേ... എന്നെ കണ്ട് ഒഴിഞ്ഞുമാറാനുള്ള വഴി ആലോചിക്കുകയാവുമല്ലേ... "

"എടോ തനിക്ക് എന്താണ് വേണ്ടത്... താനെന്തിനാണ് എന്റെ വഴിയേ നടക്കുന്നത്... " കിരൺ ചോദിച്ചു... "അപ്പോൾ ഇന്നലെ രാത്രി പറഞ്ഞതൊന്നും ഇയാൾക്ക് മനസ്സിലായില്ലേ... ഇയാളെന്റെ ഹൃദയം കയ്യേറിയിരിക്കുകയാണ്... അപ്പോൾ പിന്നെ ഇയാളുടെ വഴിയേയല്ലാതെ വേറെ ആരുടെ വഴിയേയാണ് നടക്കേണ്ടത്... " "ദേ പെണ്ണേ നിന്റെ കളിതമാശക്ക് കൂട്ടുനിൽക്കലല്ല എന്റെ ജോലി... എനിക്ക് വേറെ എത്രയോ പണിയുണ്ട്... നിന്റെ കളിക്ക് വേറെയാരെയെങ്കിലും നോക്ക്.... എന്നെ അതിന് കിട്ടില്ല... " അതുകേട്ട് പെട്ടന്ന് ശിൽപ്പയുടെ മുഖഭാവം മാറി... കണ്ണുകൾ നിറഞ്ഞു... " "ശരിയാണ്... എനിക്ക് സ്നേഹിക്കാനും അടുത്തു കൂടാനും ആരുമില്ല... ജനിച്ചനാൾമുതൽ ശരിക്കും സ്നേഹമെന്താണ് എന്ന് ഞാനറിഞ്ഞിട്ടില്ല... ആരുമെന്നെ സ്നേഹിച്ചിട്ടുമില്ല... അത് എന്റെ അച്ഛനായായാലും അമ്മയായാലും എന്തിന് കൂടപ്പിറപ്പായ ഏട്ടൻപോലും എന്നെ സ്നേഹിച്ചിട്ടുല്ല... എന്തെങ്കിലും ചെറിയ കാര്യത്തിന് എന്നെ വഴക്കു പറയാൻ എല്ലാവരുമുണ്ട്... യഥാർത്ഥ സ്നേഹം എന്നാണെന്നുപോലും എനിക്കറിയില്ലായിരുന്നു...

പക്ഷേ നിങ്ങളെ കണ്ടപ്പോൾ അന്ന് കോളേജിൽ വേദികയുടെ കാണാൻ വന്നപ്പോൾ അവളോടുള്ള നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ എന്തോ എന്റെ മനസ്സ് വല്ലാതെ പിടഞ്ഞു... വേദികയുടെ സ്ഥാനത്ത് ഞാനും നിങ്ങളുടെ സ്ഥാനത്ത് എന്റെ ഏട്ടനേയും സങ്കൽപ്പിച്ചു നോക്കി.. പക്ഷേ എങ്ങനെയായിട്ടും നിങ്ങൾ അതിൽ എത്രയോ മുകളിലാണെന്ന് മനസ്സിലായി... ആ നിമിഷം നിങ്ങളോട് വല്ലാത്ത ആരാധന തോന്നി... നിങ്ങളിലെ ആ സ്നേഹം എനിക്കും കിട്ടണമെന്ന് എനിക്കു തോന്നി... പതിയെ പതിയേ ആത് ഒരിഷ്ടമായിമാറി... ഇപ്പോൾ നിങ്ങൾ എന്റെ ആരോ ആണെന്ന തോന്നൽ എനിക്കുണ്ടായി... സാരമില്ല... പണ്ടേ ദൈവം ഇതെല്ലാംഎനിക്ക് നിഷേധിച്ചതാണ്... എനിക്ക് അങ്ങനെയൊന്ന് വിധിച്ചിട്ടില്ലാ എന്നു കരുതി ഞാൻ സമാധാനിച്ചോളാം... ഇനി ഞാൻ നിങ്ങളെ ശല്യപ്പെടുത്താൻ വരില്ല... " ശിൽപ്പ കണ്ണുതുടച്ചുകൊണ്ട് തന്റെ സ്കൂട്ടിയുമെടുത്ത് പോയി..........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story