സ്വന്തം തറവാട് : ഭാഗം 8

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

"നിങ്ങൾ എന്റെ ആരോ ആണെന്ന തോന്നൽ എനിക്കുണ്ടായി... സാരമില്ല... പണ്ടേ ദൈവം ഇതെല്ലാം എനിക്ക് നിഷേധിച്ചതാണ്... എനിക്ക് അങ്ങനെയൊന്ന് വിധിച്ചിട്ടില്ലാ എന്നു കരുതി ഞാൻ സമാധാനിച്ചോളാം... ഇനി ഞാൻ നിങ്ങളെ ശല്യപ്പെടുത്താൻ വരില്ല... " ശിൽപ്പ കണ്ണുതുടച്ചുകൊണ്ട് തന്റെ സ്കൂട്ടിയുമെടുത്ത് അവിടെ നിന്നും പോയി... അവൾ പോകുന്നത് കിരൺ നോക്കി ... പിന്നെയവൻ തിരിഞ്ഞ് ശിൽപ്പയെപറ്റി ആലോചിച്ചു...അവൾ പറഞ്ഞ കാര്യങ്ങൾ അവനെ വല്ലാതെ അസ്വസ്ഥനാക്കി... "ഇവൾ തന്നെ ഇത്രമാത്രം ഇഷ്ടപ്പെടുന്നുണ്ടെന്നോ... ആ ഇഷ്ടമാണ് താൻ അവഗണിക്കുന്നത്... പക്ഷേ അവളുടെ അച്ഛനും ഏട്ടനും... അവർ ഇതറിഞ്ഞാൽ... മാത്രമല്ല തന്റെ അച്ഛനും ഇതിന് സമ്മതിക്കുമോ... " കിരൺ ശിൽപ്പ പോയ വഴി വീണ്ടും നോക്കി... അവൾ പോയിരിക്കുന്നു... "അവൾ തനിക്കുവേണ്ടി ജനിച്ചവളാണോ... ആണെങ്കിൽ അവളെ അവഗണിക്കാൻ പാടുണ്ടോ... " കിരണിന്റെ ചുണ്ടിൽ പതിയെ ഒരു പുഞ്ചിരി തെളിഞ്ഞു... അതിൽ ശിൽപ്പയോടുള്ള പ്രണയത്തിന്റെ നീരുറവ പൊട്ടിത്തുടങ്ങിയിരുന്നു...

കിരൺ തന്റെ കാർ സ്റ്റാർട്ടുചെയ്ത് മുന്നോട്ടെടുത്തു.... എന്നാൽ കിരണിന്റെയടുത്തുനിന്നും പോയ ശിൽപ്പ അവൻ കാണാതെ തന്റെ സ്കൂട്ടി കുറച്ചകലെ നിർത്തിയിട്ട ഓട്ടോറിക്ഷക്ക് പുറകിലായി നിർത്തിയിരുന്നു... അവളുടെ ചുണ്ടിലൊരു വിജയചിരി തെളിഞ്ഞു... "മോനേ കിരണേ... നീയല്ല നിന്റെ തലതൊട്ടപ്പനെവരെ ഈ ശിൽപ്പ വളച്ചെടുക്കും... ഞാൻ മനസ്സിൽ വിചാരിച്ചത് നിറവേറ്റിയ ചരിത്രമേയുള്ളൂ... നിന്നേക്കാളും വലിയവനെ എന്റെ മുന്നിൽ മുട്ടുകുത്തിച്ചവളാണ് ഈ ശിൽപ്പ... പിന്നെയല്ലേ നീ... " അവൾ വീണ്ടുമൊന്ന് തിരിഞ്ഞു നോക്കി... കിരൺ പോയെന്ന് ഉറപ്പുവരുത്തി അവൾ സ്കൂട്ടിയുമെടുത്ത് വീട്ടിലേക്ക് പുറപ്പെട്ടു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ വീട്ടിലെത്തി കുളിച്ച് ഫ്രഷായി വന്ന കിരൺ വരുണിന്റെ അടുത്തേക്കാണ് പോയത്... അവൻ വരുണിനോട് കാര്യങ്ങൾ പറഞ്ഞു... "എടാ ഇതിപ്പം കൈച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയായല്ലോ...

ഇനിയിപ്പോൾ എന്താണ് ചെയ്യുക... അവളാണെങ്കിൽ നിന്നെ അത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട്... അത് കണ്ടില്ലെന്ന് നടിക്കാനും വയ്യ... പക്ഷേ അവളുടെ അച്ഛൻ ആ സുധാകരനും ഏട്ടൻ പ്രദീപും അറിഞ്ഞാലുള്ള അവസ്ഥ... അതോർക്കുമ്പോഴാണ്... എന്തിനും ഏതിനും മടിക്കാത്തവരാണ് അവർ... അവരുടെ ഇടയിൽ ജനിച്ചു എന്ന കുറ്റമേ ആ പെൺകുട്ടി ചെയ്തിട്ടുള്ളൂ... നീയേതായാലും ആദ്യം അച്ഛനോട് ഇതൊന്ന് സൂചിപ്പിക്ക്... അച്ഛന്റെ തീരുമാനം എന്താണെന്ന് നമുക്ക് നോക്കാലോ... " "എന്താണ് അച്ഛനോട് പറയാൻ എന്റെ രണ്ടു മക്കളും ചേർന്ന് പ്ലാനിടുന്നത്... വേദികമോളെ ഡോക്ടറെ കാണിക്കേണ്ട കാര്യമാണോ... " വരുണിന്റെ മുറിയിലേക്ക് വന്ന ശ്രീധരമേനോൻ ചോദിച്ചു... "അതിന് ഇപ്പോൾ അവൾക്ക് പ്രശ്നമൊന്നുമില്ലല്ലോ... അവളല്ലേ പഴയപോലെ ഇവിടെ ഓടി നടക്കുന്നത്... ഇത് മറ്റൊരു കാര്യമാണ്... അത് കേട്ടാൽ അച്ഛൻ ദേഷ്യപ്പെടരുത്... സാവധാനം ആലോചിച്ച് ഒരു തീരുമാനമെടുക്കണം... " വരുൺ പറഞ്ഞു... "അതിനുമാത്രം എന്ത് കാര്യമാണ് എന്നോട് പറയാനുള്ളത്... "

"അത്.. അച്ഛന് കുന്നത്തെ സുധാകരനെ അറിയില്ലേ... അയാളുടെ മകൾക്ക് ഇവനോട് എന്തോ ഒരു താല്പര്യം... ഇന്നലെ മുതൽ അത് നേരിട്ട് പ്രദർശിപ്പിക്കാനും തുടങ്ങി... ഇവൻ കഴിയുന്നതും ഒഴിഞ്ഞുമാറി... പക്ഷേ... " വരുൺ എല്ലാ കാര്യങ്ങളും ശ്രീധരമേനോനോട് പറഞ്ഞു... അതുകേട്ട് ശ്രീധരമേനോൻ ആലോചനയോടെ നിന്നു... "കിരണേ... ആ പെൺകുട്ടിയുടെ ഇഷ്ടം ആത്മാർത്ഥമായിട്ടാണ് എന്നത് നിനക്കുറപ്പുണ്ടോ... ഉണ്ടെങ്കിൽ ഞാൻ സുധാകരനോട് സംസാരിക്കാം... സ്വന്തം മകളുടെ കാര്യമായതുകൊണ്ട് സുധാകരൻ സമ്മതിക്കാതിരിക്കാൻ പറ്റില്ല... പക്ഷേ നിന്റെ മൂത്തതാണ് ഇവൻ... ഇവന്റെ വിവാഹമാണ് ആദ്യം നടക്കേണ്ടത്... അല്ലെങ്കിൽ രണ്ടുപേരുടേയും ഒന്നിച്ച്... ഇനി എന്റെ മൂത്തമകനും ആരെയെങ്കിലും കണ്ടുവച്ചിട്ടുണ്ടോ... ഉണ്ടെങ്കിൽ പറഞ്ഞോ... നമുക്ക് അതുംകൂടി നോക്കാം.... " "അത് പിന്നെ അച്ഛാ... അച്ഛൻ ചോദിച്ചതിൽ കഴമ്പില്ലാതില്ല... സമയമാകുമ്പോൾ പറയാമെന്ന് കരുതി... എന്റെ കൂടെ വർക്കുചെയ്യുന്ന ഒരു പെൺകുട്ടിയുണ്ട്... പേര് ദീപിക... അവളുടെ അച്ഛൻ ഈ പറഞ്ഞ സുധാകരന്റെ പാട്ണറായി വർക്കുചെയ്യുന്നവനാണ്... നമ്മുടെ കൂട്ടര് തന്നെയാണ്... " "അപ്പോൾ എന്റെ രണ്ടുമക്കളും അച്ഛന്റെ ജോലിഭാരം കുറച്ചു തന്നു അല്ലേ...

സാരമില്ല അങ്ങനെയാകട്ടെ... ഏതായാലും ഞാൻ നാളെ സുധാകരനുമായി ഒന്ന് കാണട്ടെ... എന്നിട്ട് തീരുമാനിക്കാം എല്ലാം... " അടുത്ത ദിവസം രാവിലെ ശ്രീധരമേനോൻ കുന്നത്തെ വീട്ടിലേക്ക് പുറപ്പെട്ടു... അദ്ദേഹത്തിന്റെ കൂടെ വരുണുമുണ്ടായിരുന്നു... കുന്നത്തെ വീടിന്റെ മുറ്റത്ത് കാർ നിർത്തി അവർ ഇറങ്ങി... സൈറ്റിലേക്ക് പോകുവാനായി പുറപ്പെടുകയായിരുന്ന സുധാകരൻ മുറ്റത്ത് വന്നുനിന്ന കാറിന്റെ ശബ്ദം കേട്ട് പുറത്തേക്ക് വന്നു.... ശ്രീധരമേനോനെ കണ്ട് സുധാകരന്റെ കണ്ണിൽ അഗ്നിയാളിക്കത്തി... എന്നാലത് പുറത്ത് കാണിക്കാതെ അയാൾ ചിരിച്ചു.... "എന്താ പുതുശ്ശേരി തറവാട്ടിലെ ശ്രീധരമേനോൻ ഈ പാവത്തിന്റെ വീട്ടിൽ... " "ഞങ്ങൾ അകത്തേക്ക് കയറുന്നതിൽ സുധാകരന് എന്തെങ്കിലും വിഷമുണ്ടോ... " ശ്രീധരമേനോൻ ചോദിച്ചു... "അതെന്തു ചോദ്യമാണ്... ഈ പാവത്തിന്റെ വീട്ടിൽ നിങ്ങളെപ്പോലെയുള്ളവർ വരുന്നത് സന്തോഷമല്ലേ... വരൂ കയറിയിരിക്കൂ... " അവർ അകത്തേക്ക് കയറി... "ഇനി പറയൂ എന്താണ് ഈ വരവിന്റെ ഉദ്ദേശം... പഴയ കണക്കുകൾ തീർക്കാനാണോ... " സുധാകരൻ ചോദിച്ചു...

"അത് അന്ന് കഴിഞ്ഞതല്ലേ... ഇപ്പോൾ ഞങ്ങൾ വന്നത് മറ്റൊരു കാര്യത്തിനാണ്... എന്റെ രണ്ടാമത്തെ മകൻ കിരണിനെ സുധാകരന് അറിയില്ലേ... അവന്റെ കാര്യം സംസാരിക്കാനാണ് വന്നത്... സുധാകരന്റെ മകളെ അവനുവേണ്ടി ആലോചിക്കാൻ വന്നതാണ്... " "കൊള്ളാം... നിങ്ങളെന്താ ആളെ കളിയ്ക്കാൻ വന്നതാണോ... നാട്ടിലെ ഏറ്റവും വലിയ തറവാട്ടുകാരായ നിങ്ങളുടെ വീട്ടിലേക്ക് എന്റെ മകളെ ആലോചിക്കുകയോ... " "കളിയാക്കിയതല്ല... അവർ തമ്മിൽ ഇഷ്ടത്തിലാണ്... നമുക്ക് നമ്മുടെ മക്കൾ കഴിഞ്ഞല്ലേ മറ്റെന്തുമുള്ളൂ... അവരുടെ സന്തോഷമല്ലേ നമ്മുടെ സന്തോഷം... " "കാര്യം ശരിതന്നെ... പക്ഷേ അത് നടക്കില്ല മേനോനേ... മറ്റൊന്നും കൊണ്ടല്ല... നിങ്ങളുടെ പവറിനനുസരിച്ചുള്ളതൊന്നും എന്റെ കയ്യിലില്ല... നിങ്ങളുടെ മകൻ ഒരു ഡോക്ടർ... ഞാനോ ഒരു പാവം കോൺട്രാക്ടർ... നമ്മൾ തമ്മിൽ ഒരുപാട് വിത്യാസമുണ്ട്... ഭാവിയിൽ എന്റെ മകൾ നിങ്ങൾക്ക് യോജിച്ചവളല്ലെന്ന തോന്നൽ ഉണ്ടാവില്ലെന്നാര് കണ്ടു... " "നിന്റെ സ്വത്തോ മുതലോ കണ്ടല്ല നിന്റെ മോളെ ചോദിക്കാൻ വന്നത്... എന്റെ മകന് നിന്റെ മകളെയാണ് വേണ്ടത്...

അതിന് നിനക്ക് സമ്മതമാണോ... അവൾക്ക് ഒരിക്കലും ആ വീട്ടിൽ ഒരു കുറവുമുണ്ടാവില്ല.... എന്റെ മരുമകളായല്ല മകളായിത്തന്നെ അവളവിടെ ജീവിക്കും... " "അതെനിക്കറിയാം... എന്നാലും പ്രശ്നം കിടക്കുകയാണല്ലോ മേനോനേ... എന്റേയും എന്റെ മകന്റേയും ഏറ്റവും വലിയ ഒരു ശത്രുവാണ് നിങ്ങളുടെ അളിയന്റെ മകൻ... അവനെക്കൊണ്ട് നിങ്ങളുടെ മകളെ വിവാഹം കഴിപ്പിക്കാതിരിക്കുന്നതു പോവുകയല്ലേ... ഇന്നലെ എന്റെ മകനെ അവൻ തല്ലി... അതിനുള്ളത് പലിശ സഹിതം കൊടുത്തോളാം... അതല്ല ഇവിടെ പ്രശ്നം... എന്റെ മകൾ കയറിവരുന്ന വീട്ടിലെ അവളെ വിവാഹം കഴിക്കുന്നവന്റെ അനിയത്തിയെ ഞങ്ങളുടെ ശത്രു വിവാഹം കഴിക്കുക എന്നത് എനിക്ക് സഹിക്കാൻ പറ്റുന്ന കാര്യമല്ല... അതുകൊണ്ട് ആ ബന്ധം നടക്കാൻ പാടില്ല... മാത്രമല്ല... എന്റെ മകളെ നിങ്ങളുടെ മകനെ ക്കൊണ്ട് വിവാഹം കഴിപ്പിക്കണമെങ്കിൽ നിങ്ങളുടെ മകളെ എന്റെ മകന് വിവാഹം ചെയ്തുതരണം... എന്താ അതിന് സമ്മതമാണോ... ആലോചിച്ചു തീരുമാനമെടുക്കണം... അതും അധികം താമസിക്കരുത്...

എന്റെ മകൾക്ക് പല ആലോചനകളും വരുന്നതാണ്... മക്കൾ രണ്ടുപേരുടേയും വിവാഹം ഒരു പന്തലിൽ നടത്തണമെന്നാണ് എന്റെ ആഗ്രഹം... ഞാൻ പറഞ്ഞതിന് സമ്മതമാണെങ്കിൽ നമുക്ക് ഭാവി കാര്യങ്ങൾ തീരുമാനിക്കാം... അല്ലെങ്കിൽ ഇത് ഇവിടെവച്ച് വേണ്ടെന്നുവക്കാം... സുധാകരൻ പറഞ്ഞതുകേട്ട് ശ്രീധരമേനോൻ എഴുന്നേറ്റു... "സുധാകരാ... എന്റെ മകളും നന്ദനും തമ്മിലുള്ള വിവാഹം പണ്ടേ തീരുമാനിച്ചുറപ്പിച്ചതാണ്... അതിലൊരു മാറ്റം ഉണ്ടാകില്ല... നിന്റെ മകൾ എന്റെ മകന്റെ വഴിയേ ഇഷ്ടമാണെന്ന് പറഞ്ഞ് കണ്ണീരുമായി വന്നതാണ് അല്ലാതെ അവളുടെ വഴിയേ എന്റെ മകൻ ചെന്നതല്ല... ആ കുട്ടിയുടെ കണ്ണീരിന്റെ മുന്നിൽ ഞാൻ ഈ ബന്ധം നടത്താമെന്ന് തീരുമാനിച്ചു... എന്റെ മകളുടെ കണ്ണീര് വീഴ്ത്തി എനിക്ക് ഈ വിവാഹം നടത്തണമെന്ന് ഒരാഗ്രഹവുമില്ല... ഞങ്ങൾ ഇറങ്ങുന്നു... വരുണേ വാ..."

ശ്രീധരമേനോൻ അവിടെനിന്നും പുറത്തേക്കിറങ്ങി... "അതേ മേനോനേ... ഈ തീരുമാനത്തിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ നിങ്ങൾക്കുവേണ്ടി ഈ വീടിന്റെ ഗെയ്റ്റ് എപ്പോഴും തുറന്നിരിക്കും... നന്നായൊന്ന് ആലോചിക്ക്... " ശ്രീധരമേനോൻ സുധാകരനെ ഒന്നു നോക്കി... പിന്നെ കാറിൽ കയറി... ആ കാർ പോകുന്നത് പുച്ഛത്തോടെ അയാൾ നോക്കി നിന്നു... " "അച്ഛാ എന്താണ് അച്ഛൻ പറഞ്ഞത്... " വാതിലിന്റെ മറവിൽ എല്ലാം കേട്ടു നിന്റെ പ്രദീപ് ചോദിച്ചു... " "എടാ വലിയ വീരശൂരപരാക്രമിയാണെന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ല... തലക്കകത്ത് എന്തെങ്കിലും വേണം... ഒരു വെടിക്ക് രണ്ട് പക്ഷി... അതാണ് എന്റെ പോളിസി... നീ കണ്ടോ... ഞാൻ ആഗ്രഹിച്ചതുപോലെ എല്ലാം നടക്കും... നടത്തും ഞാൻ... " ........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story