സ്വന്തം തറവാട് : ഭാഗം 9

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

 "എടാ വലിയ വീരശൂരപരാക്രമിയാണെന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ല... തലക്കകത്ത് എന്തെങ്കിലും വേണം... ഒരു വെടിക്ക് രണ്ട് പക്ഷി... അതാണ് എന്റെ പോളിസി... നീ കണ്ടോ... ഞാൻ ആഗ്രഹിച്ചതുപോലെ എല്ലാം നടക്കും... നടത്തും ഞാൻ... " "അതിന് ശിൽപ്പ സമ്മതിക്കുമോ... അച്ഛന്റെ ഈ തീരുമാനം അറിഞ്ഞാൽ അവൾ അവന്റെ കൂടെ ഇറങ്ങിപ്പോകില്ലെന്ന് ആര് കണ്ടു... അപ്പോൾ തോൽ ക്കുന്നത് നമ്മളായിരിക്കില്ലേ... " "ഇവിടെ ഞാൻ തീരുമാനിക്കുന്നത് നടക്കൂ... എന്റെ അഭിപ്രായത്തിനനുസരിച്ച് ജീവിക്കും അത് നീ ആയാലും അവളായാലും നിങ്ങളുടെ അമ്മയായാലും ശരി... ഇല്ലെങ്കിൽ ഈ സുധാകരന്റെ മറ്റൊരു മുഖമായിരിക്കും എല്ലാവരും കാണുക... പിന്നെ നീ ഇന്ന് ആ ഷൺമുഖത്തെ കാണാനൊന്ന് പോകണം... നീ വാങ്ങിച്ച ടൌണിനടുത്തുള്ള സ്ഥലത്തിന് അയാൾക്കൊരു കണ്ണുണ്ട്...

ചോദിക്കുന്ന വില തരും അയാൾ... ഇന്ന് പന്ത്രണ്ട്മണിമുതൽ അയാൾ വീട്ടിലുണ്ടാകും... "ശരിയച്ഛാ ഞാൻ പൊയ്ക്കോളാം... " സുധാകരൻ പുറത്തേക്കിറങ്ങി തന്റെ കാറിൽ കയറി സൈറ്റിലേക്ക് പോയി... എന്നാൽ പ്രദീപന്റെ മനസ്സിൽ പുതിയ ആഗ്രഹങ്ങളും സ്വപ്നങ്ങളും മുളപൊട്ടിത്തുടങ്ങി... വേദിക എന്ന സ്വപ്നം... ഇത്രയും കാലം എത്രയോ തവണ അവളെ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ അങ്ങനെയൊരു മോഹം അവനിൽ ഉണ്ടായിരുന്നില്ല... ഇപ്പോൾ അവൾ അവളാണ് തന്റെ എല്ലാമെന്ന ചിന്ത അവനിൽ പുതിയൊരു ചിന്തയിലേക്ക് നയിച്ചു... പക്ഷേ നന്ദൻ... വേദികക്കുവേണ്ടി പറഞ്ഞുറപ്പിച്ചവൻ... അതും തന്റെ ശത്രുവായവൻ... അതുവരെയുണ്ടായിരുന്ന പകയുടെ ഇരട്ടി പക നന്ദനോട് പ്രദീപനുണ്ടായി... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "അവൻ വീണ്ടും കളിക്കുകയാണ്... ഒരിക്കൽ എന്നെ തർത്താൻ നോക്കിയവനാണ് അവൻ നിന്റെ അമ്മയെ ഞാൻ സ്വന്തമാക്കിയതിന് അവനെന്നോട് തീർത്താൽ തീരാത്ത പകയുണ്ട്... ആ പകയാണ് ഇന്നുമവൻ കൊണ്ടു നടക്കുന്നത്... അവന്റെ മോളാരാണ് ഭൂലോക രംഭയോ...

അവൾ കിരണിന്റെ വഴിയേ വന്നതല്ലേ... അല്ലാതെ അവൻ അവളുടെ വഴിയേ പോയതല്ലല്ലോ... അവളെ കിരണിന് കൊടുക്കാൻ സുധാകരൻ തിരഞ്ഞെടുത്ത വഴി കൊള്ളാം... എന്റെ മോളുടെ കണ്ണീര് കണ്ടിട്ട് ഒന്നും വേണ്ട എനിക്ക്... കിരണിന് കാര്യം പറഞ്ഞാൽ മനസ്സിലാകും... സ്വന്തം അനിയത്തിയെ കണ്ണീര് കുടിപ്പിച്ചിട്ട് അവനൊന്നും നേടില്ല... അവളെക്കാളും എന്തുകൊണ്ടും യോജിച്ച പെൺകുട്ടിയെ എന്റെ മോന് കിട്ടും.. " വീട്ടിലേക്ക് പോകും വഴി ശ്രീധരമേനോൻ വരുണിനോട് പറഞ്ഞു... പെട്ടന്ന് വരുൺ കാർ സൈഡിലേക്ക് ഒതുക്കി നിർത്തി... "അച്ഛാ... ഞാൻ പറയുന്നത് അച്ഛൻ ക്ഷമയോടെ കേൾക്കണം... എന്നിട്ട് ആലോചിച്ചൊരു തിയീരുമാനമെടുക്കണം... " വരുൺ പറഞ്ഞതു കേട്ട് ശ്രീധരമേനോൻ അവനെ നോക്കി... "ആ സുധാകരൻ ഇപ്പോൾ മുന്നോട്ടുവച്ച കാര്യം നല്ലതാണെന്നാണ് എനിക്ക് തോന്നുന്നത്... " "വരുണേ... നീയെന്താണ് പറയുന്നത്... വേദിക മോളെ സുധാകരന്റെ മോന് കൊടുക്കണമെന്നാണോ... അവളുടെ കാര്യം പണ്ടേ നമ്മൾ തീരുമാനിച്ചുറപ്പിച്ചതല്ലേ... "

"ശരിയാണ്... ചെറുപ്പത്തിൽ അങ്ങനെയൊരു തീരുമാനം പറഞ്ഞിട്ടുണ്ടാവാം... പക്ഷേ നമുക്ക് വേദികയുടെ ഭാവിയല്ലേ പ്രധാനം... ഒരു കൂലിയും വേലയുമില്ലാത്ത ആ നന്ദന്റെ കയ്യിൽ അവനെ ഏൽപ്പിച്ചാൽ എന്താണുണ്ടാവുക... കുറച്ച് സ്വത്തും മുതലുമുണ്ട് എന്നത് സത്യമാണ്... അത് അവൻ തന്നെ അയ്യോ പാവം എന്നു കരുതി മറ്റുള്ളവരെ സഹായിച്ച് മുടിക്കുകയാണ്... മാത്രമല്ല അല്ലറ ചില്ലറ അടിപിടിയും തുടങ്ങിയിട്ടുണ്ട്... ആ പ്രദീപനെ ഇന്നലെ തല്ലിയെന്ന് പറഞ്ഞില്ലേ... ഇനി ഇതിനേക്കാളും വലുതാകും കേൾക്കാൻ പോകുന്നത്... നാളെ അവിടെ ചെന്ന് കയറിയ അവളുടെ ഭാവി എന്താകുമെന്ന് അച്ഛൻ ചിന്തിച്ചിട്ടുണ്ടോ... കാര്യം അമ്മാവന്റെ മകനാണ് നന്ദൻ... എന്നു കരുതി ഒരു പരീക്ഷണത്തിന് നമ്മൾ മുതിരണോ... ആ പ്രദീപാണെങ്കിൾ ലക്ഷങ്ങൾ സമ്പാതിക്കുന്നവനാണ്... ആരും ഇതുവരെ, മോശമഭിപ്രായം പറഞ്ഞ് കേട്ടിട്ടില്ല... കടമായി കൊടുത്ത കാശ് തിരിച്ച് കിട്ടിയില്ലെങ്കിൽ നേരിട്ട് ചെന്ന് ചോദിക്കും... അതിൽ വലിപ്പവും ചെറുപ്പവുമൊന്നുമില്ല...

അത് ആരാണെങ്കിലും അങ്ങനെയേ പെരുമാറൂ...അവനെപ്പോ ലെ, ഒരുത്തനെ അവൾക്ക് കിട്ടുന്നത് അവളുടെ ഭാഗ്യമാണ്... അത് ഇല്ലാതാക്കുന്നത് വഡ്ഢിത്തമാണെന്നേ ഞാൻ പറയൂ... " "എടാ അപ്പോൾ അവൾ... ഇത്രയും കാലം തന്റേതാണെന്ന് വിശ്വസിച്ച് നന്ദനെ സ്നേഹിക്കുന്നവളാണവൾ... അവളുടെ മനസ്സ് നൊന്ത് ഇങ്ങനെയൊരു തീരുമാനം അതെങ്ങനെ എടുക്കും... അവളിതിന് സമ്മതിക്കുമോ... " "ആദ്യമൊക്കെ ചിലപ്പോൾ കുറച്ച് എതിർപ്പും സങ്കടവുമുണ്ടാകും... വിവാഹം കഴിച്ച് ഒരു കുടുംബമൊക്കെയാകുമ്പോൾ എല്ലാം മറക്കും... അന്നേരം അവൾക്കു തന്നെ തോന്നും നമ്മളെടുത്ത തീരുമാനം നല്ലതായിരുന്നു എന്ന്... " "പക്ഷേ... അവളുടെ കണ്ണീര് കാണാൻ എനിക്ക്... വയ്യെടാ.. " "ഇതാണ് അച്ഛന്റെ കുഴപ്പം... കുറച്ചൊക്കെ കണ്ടില്ലെന്ന് നമ്മൾ നടിക്കേണം... അവളുടെ ഭാവിയല്ലേ നമ്മൾ നോക്കേണ്ടത്... " "എനിക്കൊന്ന് ആലോചിക്കണം... ഏതായാലും കിരണിനോടും ഇതേ പറ്റി പറയണം... അവന്റെ തീരുമാനം എന്താണെന്ന് നമുക്ക് നോക്കാലോ..."

"അത് എനിക്ക് വിട്ടേക്ക്... ഏതായാലും ആ സുധാകരൻ പറഞ്ഞതുപോലെ ഒരു പന്തലിൽ രണ്ടു വിവാഹവും നടക്കില്ല... വേദികയുടെ മനസ്സൊന്നു മാറ്റിയെടുക്കാൻ നമുക്ക് കുറച്ച് സമയം വേണമെന്ന് ആവശ്യപ്പെടാം... ഈ വിവാഹം നടക്കട്ടെ... അതുകഴിഞ്ഞ് മതി വേദികയോട് ഇതിനെപ്പറ്റി പറയാൻ... അച്ഛൻ തീരുമാനം ആലോചിച്ച് പറയൂ... " വരുൺ കാർ സ്റ്റാർട്ട് ചെയ്തു "അടുത്ത ദിവസം രാവിലെ ശ്രീധരമേനോൻ ഒരു തീരുമാനത്തിലെത്തി... തന്റെ മകളുടെ ഭാവി അത് മുന്നിൽ കണ്ട് അയാൾ പുറത്തേക്കിറങ്ങി.. പിന്നെ സുധാകരനെ വിളിച്ചു... "എന്ത് തീരുമാനമെടുത്തു മേനോനെ നിങ്ങൾ... " സുധാകരൻ ചോദിച്ചു... "നീ പറഞ്ഞ തീരുമാനത്തിന് എനിക്ക് സമ്മതമാണ്... " "ഗുഡ്... അപ്പോൾ ബാക്കി കാര്യങ്ങളുമായി ഇനി മുന്നോട്ടു പോകാം അല്ലേ... " "പോകാം പക്ഷേ എനിക്ക് ചിലത് പറയാനുണ്ട്... ഞാൻ നിന്റെ വീട്ടിലേക്ക് വരാം... " "അതിനെന്താ ഞാൻ ഇവിടെത്തന്നെയുണ്ട്... വന്നോളൂ" ശ്രീധരമേനോൻ പെട്ടന്നുതന്നെ കുന്നത്തെ വീട്ടിലെത്തി... "എന്താണ് പറയാനുണ്ടെന്ന് പറഞ്ഞത്...

വിവാഹം എവിടെ വച്ച് നടത്തണമെന്ന കാര്യമാണോ... അത് നിങ്ങൾ തീരുമാനിക്കുന്നതുപോലെ... അതിന് എതിരൊന്നും ഞാൻ നിൽക്കില്ല.. " അതല്ല സുധാകരാ... അറിയാലോ ചെറുപ്പം മുതൽ നന്ദൻ നിനക്കുള്ളതാണെന്ന് പറഞ്ഞ് എന്റെ മോൾക്ക് ഒരുപാട് ആഗ്രഹം കൊടുത്തതാണ് ഞങ്ങൾ... ഇപ്പോൾ പെട്ടന്ന് അവളോട് മാറ്റി പറയുക എന്നതാണ് പ്രശ്നം... രണ്ടുപേരുപേരുടേയും പൂർണ്ണ സമ്മതത്തോടെ വിവാഹം നടത്തണമെന്നാണ് എന്റെ ആഗ്രഹം... അതിന് കുറച്ച് സമയം വേണം..." "അതിനെന്താ എത്ര സമയം വേണം നിങ്ങൾക്ക്.." "അവളിപ്പോൾ ഡിഗ്രി കഴിഞ്ഞ് നിൽക്കുകയാണ്... റിസൾട്ട് വൈകാതെ വരും... നല്ല മാർക്കുമുണ്ടാകും... അവൾക്ക് പിജി എടുക്കണമെന്ന് ആഗ്രഹം മുമ്പേ ഉള്ളതാണ്... അത് കഴിഞ്ഞിട്ടു പോരേ വിവാഹം...അപ്പോഴേക്കും അവളുടെ മനസ്സും മാറ്റിയെടുക്കാം... അതിനു മുമ്പ് എന്റെ മകന്റേയും നിങ്ങളുടെ മകളുടെയും വിവാഹം നടത്താം... " "കൊള്ളാം... നിങ്ങളുടെ ബുദ്ധി ഞാൻ സമ്മതിച്ചിരിക്കുന്നു... എന്റെ മകളെ നിങ്ങളുടെ മകൻ വിവാഹം കഴിച്ചു കഴിഞ്ഞാൽ ഇപ്പോൾ പറഞ്ഞ വാക്ക് മാറ്റി പറയാമല്ലോ അല്ലേ... "

"ഒരിക്കലുമില്ല... പുതുശ്ശേരി ശ്രീധരന് വാക്ക് ഒന്നേയുള്ളൂ... അത് മാറ്റണമെങ്കിൽ എന്റെ മരണം സംഭവിക്കണം... " സുധാകരൻ കുറച്ചുനേരം ആലോചിച്ചു... "ശരി ഞാൻ സമ്മതിക്കാം... കുറച്ച് കാലത്തെ പ്രശ്നമല്ലേ... അപ്പോഴേക്കും നിങ്ങളുടെ മകളുടെ മനസ്സ് മാറ്റിയെടുക്കാൻ പറ്റുമല്ലോ... മറ്റൊരാളെ മനസ്സാ വഹിച്ചുകൊണ്ട് എന്റെ മകന്റെ ഭാര്യയായി കഴിയുന്നതിലും നല്ലത് അതാണ്... പക്ഷേ എല്ലാം കഴിഞ്ഞ് തന്ന വാക്ക് മാറ്റിയാൽ സുധാകരൻ അവിടേക്ക് വരും... എന്റെ മകളെ തിരിച്ചു വിളിക്കാൻ മാത്രമല്ല... പുതുശ്ശേരി തറവാടും അവിടെയുള്ള വരും ഒരു ഓർമ്മമാത്രമായി തീർക്കും ഞാൻ... അതിൽ വരുന്നത് എന്തുതന്നെയായാലും അത് ഞാൻ സന്തോഷത്തോടെ സ്വീകരിക്കും... " "പുതുശ്ശേരി പത്മനാഭ മേനോന്റെ മകൻ പറഞ്ഞ വാക്ക് പാലിക്കുന്നവനാണ്... അതിന് മാറ്റമുണ്ടാവില്ല... " "ശരി ഞാൻ വിശ്വസിക്കാം... ആദ്യം എന്റെ മകൾ അവിടേക്ക് വരുന്നത് എന്തുകൊണ്ടും നല്ലതാണ്... നിങ്ങളുടെ മകന്റെ മനസ്സ് സ്വന്തമാക്കിയവളല്ലേ അവൾ അതുപോലെ നിങ്ങളുടെ മകളുടെ മനസ്സും മാറ്റിയെടുക്കാൻ അവൾ സഹായിക്കും...

പിന്നെ ഇന്നലെ നിങ്ങളുടെ കൂടെ വന്നവനല്ലേ മൂത്തത്... അവന്റെ വിവാഹം ഇതിന്റെ കൂടെ നടത്തുന്നില്ലേ... " "ഉണ്ട്... അവനും ഒരു പെൺകുട്ടിയെ ഇഷ്ടമാണ്... ആളെ നിനക്കറിയാം... നിന്റെ പാട്ണറായി വർക്ക്ചെയ്യുന്ന മോഹൻദാസിന്റെ മകൾ... " അതുകേട്ട് സുധാകരന്റെ ചുണ്ടിലൊരു ചിരി തെളിഞ്ഞു... "ആഹാ അപ്പോൾ കാര്യങ്ങൾ എളുപ്പമായല്ലോ... ഈ കാര്യം മോഹൻ അറിയുമോ... " "ഇല്ല... ഇതൊരു തീരുമാനത്തിലെത്തിയിട്ട് അതിനെപ്പറ്റി ആലോചിക്കാമെന്ന് കരുതി... " "ഇനിയപ്പോൾ നമ്മൾ ബന്ധുക്കാരായി... ഇനി ഈ ബന്ധം മുറിയാതെ സൂക്ഷിക്കേണ്ടത് മേനോന്റെ കടമയാണ്... എന്നാൽ ചായ കുടിച്ചു തന്നെ ഈ ബന്ധം തുടങ്ങാം എന്താ... " "അങ്ങനെയാകട്ടെ... " ചായ കുടിച്ചുകഴിഞ്ഞ് ശ്രീധരമേനോൻ അവിടെനിന്നും ഇറങ്ങി... എങ്ങനെയുണ്ട് എന്റെ പുതിയ തന്ത്രം... ഞാൻ തീരുമാനിച്ചത് നടത്താൻ എനിക്കറിയാമെന്ന് ഇപ്പോൾ നിനക്ക് മനസ്സിലായില്ലേ... അവനെ നിന്നെ ഇന്നലെ നാട്ടുകാരുടെ മുന്നിൽ വച്ച് തല്ലിയ ആ നന്ദന് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ ശിക്ഷയാണ് ഇത്...

പക്ഷേ ഇതിന് നീ ആദ്യം കടപ്പെട്ടിരിക്കേണ്ടത് നിന്റെ അനിയത്തിയോടാണ്... അളവാണ് ഇതിന്റെ മുഖ്യ സൂത്രധാരി... " "അതേ ഏട്ടാ... എനിക്ക് ആ കോന്തൻ ഡോക്ടറോട് ഒരു തരത്തിലുമുള്ള ഇഷ്ടവുമില്ല... എന്റെ ഏട്ടനെ തല്ലിയ ആ നന്ദന് കൊടുക്കാൻ വച്ച ഏറ്റവും വലിയ ശിക്ഷ ഇതാണെന്ന് എനിക്ക് തോന്നി... മാത്രമല്ല അച്ഛന് ആ പുതുശ്ശേരി തറവാട്ടുകാരോടുള്ള പക എനിക്കറിയാം... ആ കുടുംബത്തിന്റെ നാശം കാണാൻ അച്ഛന് ആഗ്രഹമുണ്ടെന്നും എനിക്കറിയാം... അച്ഛന് മാത്രമല്ല അമ്മക്കുമുണ്ടല്ലോ പഴയൊരു കുടിപ്പക... ആ കുടുംബത്തെ മൊത്തതിൽതെറ്റിച്ച് ആ കുടുംബം തന്നെ കുളം തോണ്ടണം... ഒരു പെണ്ണുവിചാരിച്ചാൽ ഇതൊക്കെ നടക്കും... അതിന്റെ ആദ്യ ടിയാണ് ഇപ്പോൾ നടന്നത്... വൈകാതെ ബാക്കി കൂടി നടക്കും... അതിന് ഏട്ടന്റെ സഹായം എനിക്ക് വേണം... അതിന് ആദ്യം ചെയ്യേണ്ടത് ഏട്ടനും ആ വേദികയും തമ്മിൽ നടക്കാൻ പോകുന്ന വിവാഹം നമ്മുടെ നാവിൽ നിന്ന് ഒരീച്ചപോലും അറിയരുത്... പ്രത്യേകിച്ച് ആ നന്ദനും വേദികയും... അത് നമുക്കുതന്നെ ആപത്തായി മാറും.........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story