സ്വപ്‌നക്കൂട്: ഭാഗം 64

രചന: ഉല്ലാസ് ഒ എസ്‌

മോളേ... കുഞ്ഞമ്മേടെ മുന്നിൽ ഒന്നും അധികം ചെല്ലണ്ട... കണ്ണുവെച്ചാൽ ഫലിക്കും "എന്ന് പറഞ്ഞു കൊണ്ടു സുമിത്ര കുറച്ചു പാണലിന്റെ ഇല കൊണ്ടു വന്നു ലക്ഷ്‌മിയെ ഉഴിഞ്ഞു കൊണ്ടു പോയി.. "ഓഹ്.. ഇനി ഇതും കണ്ടുകൊണ്ട് കുഞ്ഞമ്മ വന്നാൽ പിന്നെ തീർന്നു.. "സുമിത്രയുടെ മൂത്ത നാത്തൂൻ മാലതി പറഞ്ഞു.. "ദേ.. ഇപ്പൊ വരാം ചേച്ചി..."സുമിത്ര മെല്ലെ പറഞ്ഞു.. വിജിയുടെ കുഞ്ഞിനെ എടുത്തു കൊണ്ടു ഉണ്ണിമോൾ നടക്കുക ആണ്.. വിജി ഇപ്പോൾ വന്നതേ ഒള്ളൂ.. വന്നതറിയാതെ അവൾ ലക്ഷ്മിയുടെ അടുത്തേക്ക് ഓടി ചെന്നു.. ദേ ലക്ഷ്മി.. ഫേഷ്യൽ കിറ്റ് ഒക്കെ മേടിച്ചിട്ടുണ്ട്.. നീ ഒന്ന് ചെയ്തു താ.. അവൾ ഒരു പാക്കറ്റ് ലക്ഷ്മിയുടെ നേർക്ക് നീട്ടി.. "ആഹ് നീ വന്നു കേറിയതെ തുടങ്ങിയോ.. " സുമിത്ര മകളുടെ അടുത്തേക്ക് വന്ന് ദേഷ്യപ്പെട്ടു.. സന്ധ്യ ആയതോടെ അവിയലിന്റെയും കുറുക്ക് കാളന്റെയും ഒക്കെ ത്രസിപ്പിക്കുന്ന സുഗന്ധം അവിടമാകെ നിറഞ്ഞു.. ബന്ദിപ്പൂക്കൾ കൊണ്ടുള്ള മാലകൊണ്ടു അലങ്കരിച്ചിരിക്കുക ആണ് വീടിന്റെ ഉമ്മറത്ത് എല്ലാം... ഒക്കെ ലക്ഷ്മിയുടെ പ്ലാൻ ആണ്... മൈലാഞ്ചി കല്യാണത്തിന് മുന്നോടി ആയിട്ടുളള ഒരുക്കങ്ങൾ.. മഞ്ഞ നിറം ഉള്ള ലെഹെങ്ക ആണ് വീണ ധരിച്ചത്... ഉണ്ണിമോളും ലക്ഷ്മിയും ഒക്കെ ആ നിറം ഉള്ള വേഷം തിരഞ്ഞെടുത്തിരിന്നു...

തലേന്നാൾ വീണയുടെ കൂട്ടുകാരികൾ ആയ സൈറയും ശബാനയും വന്നു അവൾക്ക് മൈലാഞ്ചി ഇട്ടു കൊടുത്തിരുന്നു.. വൈകിട്ട് ഏഴുമണിയോട് കൂടി മഞ്ഞനിറം ഉള്ള ഒരു പരവതാനി വിരിച്ചു അതിൽ എല്ലാവരും നിരന്നിരുന്നു... ലക്ഷ്മിക്ക് തറയിൽ ഇരിക്കാൻ ബുദ്ധിമുട്ടായതിനാൽ അവൾ ഒരു കസേരയിൽ ആണ് ഇരുന്നത്.. വീണയെ അവളുടെ അമ്മായിമാർ ചേർന്ന് ആനയിച്ചു കൊണ്ടു വന്നു. സുമിത്ര നിലവിളക്ക് കൊളുത്തി... അലങ്കരിച്ച ഉണ്ണിക്കണ്ണന്റെ വെണ്ണക്കൽ വിഗ്രഹത്തിന്റെ മുൻപിൽ ആണ് അവൾ വിളക്ക് കൊളുത്തി വെച്ചത് . ഓട്ടുമൊന്തയിൽ നിറയെ വെള്ളം എടുത്തു വെച്ച് അതിൽ കുറച്ചു പനിനീർ പൂക്കൾ ഇട്ടു വെച്ചിരിക്കുന്നു.. ഒരു തളികയിൽ കുറച്ചു മുന്തിരിയും അനറും ഞാവൽ പഴവും നിറയെ വെച്ചിട്ട്, ഒരു സ്പൂണും ഇട്ടിട്ടുണ്ട്... മഞ്ഞൾപൊടി ഒരു ചെറിയ ഓട്ടുപാത്രത്തിൽ കുഴച്ചു വെച്ചിട്ടുണ്ട്.. വീണയെ അലങ്കരിച്ച ഒരു കസേരയിൽ ഇരുത്തിയിട്ട് അമ്മായിമാർ രണ്ടാളും ചേർന്ന് കാലിൽ രണ്ടും കിണ്ടിയിൽ നിന്നും വെള്ളം ഒഴിച്ച് കഴുകി.. അതിനുശേഷം കുഴച്ച മഞ്ഞൾ എടുത്തു കവിളിൽ രണ്ടും തേച്ചു... കൈക്കുടന്നയിൽ ചേർത്ത് വെച്ചിരിക്കുന്ന വെറ്റിലയിൽ അവർ ആദ്യം മൈലാഞ്ചി ഇട്ടു കൊടുത്തു...

ഒരു സ്പൂണിൽ ഓരോ മുന്തിരിയും കൂടി എടുത്തു അവളുടെ വായയിൽ വെച്ച് കൊടുത്തിട്ട് അവർ രണ്ടാളും മാറിയത്... ഇതെല്ലാം ലക്ഷ്മി പറഞ്ഞ പ്രകാരം ആണ് അവർ ചെയ്തത്.. വിഡിയോഗ്രാഫർ എല്ലാം കറക്റ്റ് ആയി പിടിച്ചെടുക്കുന്നുണ്ട്.. ശേഖരനും സുമിത്രയും കൂടി ആണ് മകൾക്ക് മൈലാഞ്ചി ഇട്ടുകൊടുത്തത്.. അതുപോലെ വൈശാഖനും ലക്ഷ്മിയും.. അങ്ങനെ എല്ലാവരും വീണയ്ക്ക് മൈലാഞ്ചി ഇട്ടു കൊടുത്തു... ലക്ഷ്മിയുടെ അച്ഛനുമമ്മയും രാജീവനും ദീപയും എല്ലാവരും എത്തിച്ചേർന്നിരുന്നു. എല്ലാവരും അതീവ സന്തോഷത്തിൽ ആണ്.. മൈലാഞ്ചി കല്യാണം അങ്ങനെ ഗംഭീരമായി കഴിഞ്ഞു.. അത്താഴസദ്യക്ക് ശേഷം ഓരോരുത്തരായി പിരിഞ്ഞു പോയി.. എല്ലാവരും കിടന്നപ്പോൾ രാത്രി 12മണി കഴിഞ്ഞിരുന്നു.. വീണയ്ക്ക് ആണെങ്കിൽ ഉറക്കം വരാതെ തിരിഞ്ഞു മറിഞ്ഞു കിടക്കുക ആണ്.. ശ്രീരാജിന്റെ വീട്ടിൽ ബാച്ചിലേഷ്സ് പാർട്ടി പൊടി പൊടിയ്ക്കുക ആയിരുന്നു.. എന്നാലും അവൻ മൂന്ന് നാലു പ്രാവശ്യം അവളെ വിളിച്ചു.. "വീണകുട്ടി.... നീ മിടുക്കി കുട്ടി ആയിട്ട് കിടന്നു ഉറങ്ങാൻ നോക്ക്.. നാളെ പെട്ടന്ന് ഒന്നും ഉറങ്ങാൻ പറ്റില്ല കെട്ടോ.. "അവന്റെ കള്ളച്ചിരി അവളുടെ കാതിൽ മുഴങ്ങി.. **++++**-----*** സമയം... 4.30am "വീണേ... മോളേ.. എഴുന്നേൽക്കു .."

സുമിത്ര കൊട്ടി വിളിച്ചപ്പോൾ അവൾ വേഗം കണ്ണുതുറന്നു .. "അമ്മേ.... നേരം പോയോ.. "അവൾ ചാടി എഴുനേറ്റു.. "ഇല്ല .ഇല്ലാ... നിനക്ക് കുളിച്ചു അമ്പലത്തിൽ പോയി തൊഴാൻ പോകണ്ടേ.. അത് കഴിഞ്ഞു ഒരുങ്ങാൻ പോകണ്ടേ മോളേ.. " "മ്... അമ്മേ ഞാൻ വേഗം പോയി കുളിച്ചു വരാം... "അവൾ ബാത്‌റൂമിൽ കയറി വാതിൽ അടച്ചു.. "വൈശാഖനും ആയിട്ട് ആണ് വീണ അമ്പലത്തിൽ പോയത്.. അവൻ ആണ് ബ്യുട്ടി പാർലറിലും കൊണ്ടു പോയത്.. വീണ ഒരുങ്ങി വന്നപ്പോൾ ഇത്തിരി താമസിച്ചു പോയി.. പിന്നെ വേഗം ദക്ഷിണകൊടുക്കൽ ചടങ്ങ് ആയിരുന്നു... അച്ചന്റേയും അമ്മയുടെയും ഏട്ടന്റെയും ഒക്കെ കാല് തൊട്ട് തൊഴുതപ്പോൾ വീണയെ വിറക്കുക ആയിരുന്നു... ഇപ്പോൾ കരഞ്ഞു പോകുന്ന മട്ടിൽ ആയിരുന്നു വീണ.. പക്ഷേ എല്ലാവരും മുൻകൂട്ടി ക്ലാസ്സ്‌ എടുത്തത് കൊണ്ട് അവൾ പിടിച്ചു നിന്നു... ലക്ഷ്മി അവളുടെ കവിളിൽ കെട്ടിപിടിച്ചു ഒരു മുത്തം കൊടുത്തു. അച്ഛന്റെ കൈ പിടിച്ചാണ് അവൾ ഏട്ടന്റെ ഒപ്പം കാറിൽ കയറിയത്.. അങ്ങനെ എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് പുറപ്പെട്ടു...

അവർ ചെന്നു കുറച്ചു കഴിഞ്ഞപ്പോഴാണ് ചെറുക്കൻ കൂട്ടരു എത്തിയത്,, വൈശാഖനും ശേഖരനും വിചാരിച്ചതിലും കൂടുതൽ മണ്ഡപം നന്നായി അലങ്കരിച്ചിരുന്നു എല്ലാവർക്കും മണ്ഡപം നന്നേ ഇഷ്ടപ്പെട്ടു.,,, ലക്ഷ്മിയും വിജിയും ഉണ്ണി മോളും എല്ലാവരും അതീവ സുന്ദരികളായി ഒരുങ്ങിയിരുന്നു... പക്ഷേ ഉണ്ണിമോൾ പറഞ്ഞതുപോലെ ലക്ഷ്മി ആയിരുന്നു താരം... അതിന്റെ ഒരു ഗമ വൈശാഖിന്റെ മുഖത്ത് കാണാം... തന്റെ സഹപ്രവർത്തകരെ എല്ലാവരെയും അവൻ ഭാര്യയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു.. അങ്ങനെ ചെറുക്കനെ,, വൈശാഖൻ സ്വീകരിച്ച മണ്ഡപത്തിലേക്ക് ഇരുത്തി.. അഷ്ടമംഗല്യം നിറച്ച താലവുമായി വീണയും എത്തി.. എല്ലാവരുടെയും അനുഗ്രഹ ആശംസകളോടെ 11 30 നും 12നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ ശ്രീരാജ് വീണയുടെ കഴുത്തിൽ താലിചാർത്തി,, "മാലതി അമ്മായി കാര്യം ആയിട്ടാണലോ കുരവ ഇടുന്നത്..പൈസ വെല്ലോം കൊടുത്തരുന്നോ ആവോ.. "ഉണ്ണി മോൾ ചിരിച്ചു കൊണ്ടു വിജിയോട് പറഞ്ഞു.. "പതുക്കെ പറ കുട്ടി.. ആരെങ്കിലും കേൾക്കും... " "ഓഹ്.. ഈ ബഹളത്തിൽ ഇതൊക്ക ശ്രദ്ധിക്കാൻ ആർക്കാണ് സമയം.. " "ലക്ഷ്മി ആണെങ്കിൽ വലിയ വയറും ആയിട്ട് വളരെ ബുദ്ധിമുട്ടി ആണ് നടക്കുന്നത്....

വൈശാഖന്റെ കണ്ണുകൾ അവളിൽ തന്നെ ആയിരുന്നു.. കാരണം അവൾക്ക് എന്തെങ്കിലും ക്ഷീണം വരുമോ എന്നൊക്ക ആണ് അവന്റെ പേടി.. വീണയും ശ്രീരാജും പലപല പോസുകളിൽ നിന്ന് ഫോട്ടോ എടുക്കുക ആണ്... ഇടയ്ക്ക് ഒക്കെ വൈശാഖൻ വേണ്ടപ്പെട്ടവരെ ഒക്കെ വിളിച്ചു കൊണ്ടു പോയി അവരുമായി ചേർന്ന് ഫോട്ടോ എടുപ്പിക്കുന്നുണ്ട്.. "ദേവേട്ടാ... സദ്യ എങ്ങനെ ഉണ്ട്.. "ആദ്യത്തെ പന്തി കഴിച്ചു കഴിഞ്ഞു എഴുനെറ്റ ഒരാളോട് വൈശാഖൻ മെല്ലെ ചോദിച്ചു.. "സദ്യ ഗംഭീരം ആണെടാ.. ഈ അടുത്ത കാലത്ത് ഒന്നും ഇത്രയും നല്ല ഒരു ഊണ് കഴിച്ചിട്ടില്ല... " "ഹോ.. മനസമാധാനം ആയി... എന്റെ ടെൻഷൻ മുഴുവൻ അതായിരിന്നു.. പ്രഭാകരൻ സാറിന്റെ സദ്യ നമ്മൾ ഇതിന് മുൻപ് അങ്ങനെ കഴിച്ചിട്ടില്ല.. അച്ഛനോട് ആരോ പറഞ്ഞിട്ടാണ് അവർക്ക് നമ്മൾ സദ്യ കൊടുക്കുന്നത്.. " "ഒരു ടെൻഷനും വേണ്ടടാ...അട പ്രഥമൻ ആണെങ്കിൽ ബഹുകേമം ആണ് കെട്ടോ..മറയൂർ ശർക്കരയുടെ തനിമ ഒട്ടും നഷ്ടപ്പെടാതെ തന്നെ ആണ് ആ പായസം ഉണ്ടാക്കിയിരിക്കുന്നത്.. " "ഓഹ് സന്തോഷം ദേവേട്ടാ... "അവൻ അയാളുടെ കൈയിൽ പിടിച്ചു നടന്നകന്നു.. ദേവേട്ടൻ സദ്യകഴിച്ചു കഴിഞ്ഞു അഭിപ്രായം പറഞ്ഞാൽ പറഞ്ഞതാ... അതുകൊണ്ട് വൈശാഖന് സന്തോഷം ആയി...

ലക്ഷ്മിയുടെ അച്ഛൻ ആണെങ്കിൽ എല്ലാവരെയും സദ്യ കഴിക്കുവാൻ വിളിക്കുന്നതും, ആളുകൾ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടോ, കറികൾ എല്ലാം കിട്ടുന്നുണ്ടോ എന്നൊക്കെ നോക്കി നടക്കുന്നുണ്ട്.. വൈശാഖന് ഒരുപാട് സന്തോഷം തോന്നി.. സദ്യ നന്നായിട്ടുണ്ട് എന്ന് ഓരോ ആളുകളുടെയും മുഖം കണ്ടാൽ അറിയാം.. അവിയലും ഇഞ്ചികറിയും മാങ്ങാ അച്ചാറും ആണ് ആളുകൾ കൂടെ കൂടെ മേടിക്കുന്നത്.. പിന്നെ അടപ്രഥമനും.. ഏറെ കറിവേപ്പിലയും ചുവന്നുള്ളിയും ജീരകവും ഒക്കെ ചേർത്തു നാളികേരപീരയിൽ പൊതിഞ്ഞുകിടക്കുക ആണ് നമ്മുടെ അവിയൽ... ചെറുചൂടോടെ വിളമ്പുന്ന അവിയലിൽ നിന്നും നല്ല നാടൻ പച്ച വെളിച്ചെണ്ണയുടെ ത്രസിപ്പിക്കുന്ന സുഗന്ധം കൂടി പൊങ്ങിവന്നപ്പോൾ കലവറയിൽ വിളമ്പുന്ന ദിവാകരേട്ടന്റെ കൂടെ കിളി പോയി എന്നാണ് ശബരീഷ് ഇടയ്ക്ക് വന്നു വൈശാഖാനോട് പറഞ്ഞത്.... കിളിച്ചുണ്ടൻ മാങ്ങ ആയിരുന്നു അച്ചാറിനായി പ്രഭാകരൻ കാരണവർ തിരഞ്ഞെടുത്തത്.. നല്ലെണ്ണ നന്നായി ചൂടായി വരുമ്പോളേക്കും ആവശ്യത്തിന് പിരിയൻ മുളക് പൊടിയും,,, മഞ്ഞൾ പൊടിയും,,, ഉലുവയും കടുകും വറുത്തു പൊടിച്ചതും കൂടി ഇട്ടു മൂപ്പിചിട്ട് കൃത്യമായ നീളത്തിലും കനത്തിലും അരിഞ്ഞു വെച്ചിരുന്ന മാങ്ങയിലേക്ക് ഇടും.. ആവശ്യത്തിന് ഉപ്പും ചേർക്കും.

എന്നിട്ട് അടച്ചു ഒരു 20മിനിറ്റ് എങ്കിലും വെയ്ക്കും, ആ തിളച്ചുമറിഞ്ഞ എണ്ണയുടെ ചൂടിൽ ആണ് ആ മാങ്ങാ വെന്ത് വരുന്നത്.. ഒരു അടുപ്പിലും വെക്കില്ല, ഒട്ടും വെള്ളവും ചേർക്കില..ഇതാണ് ഈ മാങ്ങാ അച്ചാറിന്റെ രഹസ്യം.. മൂപ്പിൽ നായർ ഇരുന്നു വിശദീകരിക്കുക ആണ് വേറൊരു പ്രമാണിയോട്.. ശേഖരേട്ടന് മാത്രം ഒരു വെപ്രാളം ആണ്,,, ഇതിനു മുന്നത്തെ രണ്ട് കല്യാണത്തിനും അങ്ങനെ തന്നെ ആയിരുന്നു.. അത് ഇപ്പോളും പുള്ളിയുടെ മുഖത്ത് നിന്നും മാറിയിട്ടില്ല...... "ശേഖരേട്ട.. കല്യാണവും സദ്യയും ഒക്കെ കേമം ആയി കെട്ടോ... "പലചരക്ക് കടക്കാരൻ തോമാച്ചേട്ടൻ ഒരു ചുരുട്ടിയ കവർ ശേഖരന്റെ കൈയിലേക്ക് തിരുകി വെച്ച് കൊടുത്തു കൊണ്ട് പറഞ്ഞു.. "വന്നതിൽ സന്തോഷം കെട്ടോ തോമാചേട്ടാ." അങ്ങനെ ആളുകൾ ഓരോരുത്തരായി പിരിഞ്ഞു പോകാൻ തുടങ്ങി.....ഇഷ്ടം പോലെ കവറും കിട്ടിയിരുന്നു ശേഖരേട്ടന്റെയും സുമിത്രയുടെയും ഒക്കെ കൈയിൽ... അവരും അതുപോലെ എല്ലാ ചടങ്ങുകൾക്കും പോയാലും കൊണ്ടുപോയി കൊടുക്കുമായിരിന്നു.. തന്നെയുമല്ല എല്ലാവർക്കും നല്ല അഭിപ്രായം ആണ് മേലേടത്തു ശേഖരനെയും കുടുംബത്തെയും"വീണേ... വാ.. ഭക്ഷണം കഴിയ്ക്കാം.. ഇറങ്ങാൻ സമയം ആയി വരുന്നു...

" ഇടയ്ക്ക് ലക്ഷ്മി പോയി ഓർമ്മിപ്പിച്ചു..അപ്പോളേക്കും വൈശാഖനും അവിടേയ്ക്ക് വന്നു.. "ശ്രീരാജ്.. വരൂ.. ഇനി കഴിയ്ക്കാം വീണേ... "വൈശാഖൻ വിളിച്ചു.. അങ്ങനെ അവർ രണ്ടാളും കൂടി വൈശാഖന്റെയും ലക്ഷ്മിയുടെയും ഒപ്പം നടന്നു ചെന്നു. "മോളേ.. അമ്മ അങ്ങോട്ട് പോകുവാണേ...അവിടെ ചെന്നു എല്ലാം റെഡി ആക്കണ്ടേ.. "വീണയുടെ കൈയിൽ പിടിച്ചു കൊണ്ട് ശ്രീരാജിന്റെ അമ്മ പറഞ്ഞു.. "ശരിയമ്മേ... "അവൾ പുഞ്ചിരിച്ചു.. "മോളേ.. ലക്ഷ്മി... നാളെ എല്ലാവരും കൂടി അങ്ങോട്ട് വന്നേക്കണം കെട്ടോ.. ഞാൻ അച്ഛനോടും അമ്മയോടും ഒക്കെ പറഞ്ഞിട്ടുണ്ട്.. " "വന്നേക്കാം അമ്മേ... നാളെ കാണാം കെട്ടോ.. "ലക്ഷ്മി അവരുടെ കൈയിൽ പിടിച്ചു.. അങ്ങനെ ഒരു ചടങ്ങ് ഇപ്പോൾ ഉള്ളതാണ്.. പെൺകുട്ടിയുടെ വീട്ടുകാർ കല്യാണദിവസമോ അതിന്റെ അടുത്ത ദിവസമോ ചെക്കന്റെ വീട്ടിലേക്ക് പോകും.. എന്നിട്ട് പെണ്ണിനേയും ചെറുക്കനെയും വിരുന്നിനായി ക്ഷണിച്ചിട്ട് തിരിച്ചു പോരും.. ലക്ഷ്മിക്ക് ആണെങ്കിൽ കസേരയിൽ ഇരിക്കാൻ വല്ലാത്ത ബുദ്ധിമുട്ട് ആയിരുന്നു.. വൈശാഖൻ അവളെ പിടിച്ചു ആണ് ഇരുത്തിയത്.. "നീ ഇനി അടങ്ങി ഒതുങ്ങി ഇരുന്നോണം കെട്ടോ, ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക ആണ് "വൈശാഖൻ അവളെ ശാസിച്ചു.. "കുഞ്ഞു അനങ്ങുന്നുണ്ടോ എന്ന് ശ്രദ്ധിച്ചോണം കെട്ടോ.. നിനക്ക് ഒരു ബോധവും ഇല്ല.. "

"ഏട്ടാ..ആ പയ്യൻ കേൾക്കും ഒന്ന് മിണ്ടാതിരിക്ക്,, " ലക്ഷ്മി അവനെ നോക്കി കണ്ണുരുട്ടി.. " ഞാൻ പറയാനുള്ളത് പറഞ്ഞു, നിന്റെ മുഖം കണ്ടാൽ അറിയാം നിനക്ക് നല്ല ക്ഷീണം ഉണ്ട് എന്ന്,, " " അത് ഇന്നലെ ഉറക്കമളച്ചു അതുകൊണ്ടാണ്,,, നന്നായി ഒന്ന് ഉറങ്ങിക്കഴിയുമ്പോൾ തീരും പ്രശ്നം" " എന്തിനു0 നിനക്ക് മറുപടി ഉണ്ടല്ലോ അത് തന്നെ വലിയ കാര്യം,,, ഇനി രാത്രിയിൽ കാലിന്റെ മസില് കേറുന്നു എന്ന് പറഞ്ഞു വാ.. അപ്പോൾ ഞാൻ ബാക്കി പറയാം" വൈശാഖിനു തന്നെകുറിച്ച് ഓർത്ത് വലിയ ഉൽക്കണ്ഠ ആണെന്ന് ലക്ഷ്മിക്ക് അറിയാം... അതുകൊണ്ടാണ് അവൻ എപ്പോഴും ഇങ്ങനെ അവളോട് പറഞ്ഞു കൊണ്ടിരിക്കുന്നത്... " വീണ ഇറങ്ങിക്കഴിഞ്ഞാൽ ഞാൻ വേഗം വീട്ടിലേക്ക് പൊയ്ക്കോളാം ഏട്ടാ അച്ഛനോട് ഞാൻ പറഞ്ഞിട്ടുണ്ട്" " സുമിത്രയും ശേഖരനും കൂടി വിജിയുടെ ബന്ധുക്കളൊക്കെ കണ്ട് സംസാരിക്കുകയാണ്... രാജീവനും ദീപയും ഒക്കെ അവരോട് യാത്ര പറയുവാനായി അവരുടെ അടുത്തേക്ക് വന്നു.. " അയ്യോ ഇപ്പോഴേ പോകുകയാണോ വീട്ടിൽ വന്നിട്ട് പോയാൽ പോരെ,, സുമിത്ര ദീപയുടെ കയ്യിൽ പിടിച്ചു.. " ആകേ മടുത്തു അമ്മേ.... ഇനി ഞങ്ങൾ പൊയ്ക്കോളാം... ഇടയ്ക്ക് ഒരു ദിവസം ഞങ്ങൾ വരാം" ദീപ പറഞ്ഞു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story