സ്വയം വരം: ഭാഗം 13

swayam varam

എഴുത്തുകാരി: റിയ രവീന്ദ്രൻ

പാർക്കിംഗ് ഏരിയയിൽ എത്തിയതും രുദ്രൻ കുറച്ചു സമയം മൗനമായി നിന്നു... എങ്ങനെ പറഞ്ഞു തുടങ്ങണം എന്ന് അവനും അറിയില്ലായിരുന്നു .. പ്രവീൺ രുദ്രന്റെ ഓരോ മാറ്റവും നോക്കി കാണുകയായിരുന്നു.. വന്നിട്ട് കുറച്ചു സമയം ആയിട്ടും അവൻ ഒന്നും മിണ്ടാത്തതിനാൽ പ്രവീൺ പതിയെ മുന്നോട്ട് നടന്നുകൊണ്ട് രുദ്രന്റെ തോളിൽ പിടിച്ചു.. "എടോ തനിക്ക് എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞിട്ട് ഇപ്പൊ ഒന്നും പറയാൻ ഇല്ലേ... വന്നിട്ട് ഓരേ നിൽപ്പ് തന്നെയാണല്ലോ... " നേർത്ത ചിരിയോടെ പ്രവീൺ ചോദിച്ചതും ഒന്ന് പുഞ്ചിരിച്ചുകൊണ്ട് രുദ്രൻ അവന് നേരെ തിരിഞ്ഞു നിന്നു..

"പറയാൻ തന്നെയാണ് വന്നത്.. പക്ഷേ തന്നോട് എങ്ങനെ പറഞ്ഞു തുടങ്ങണം എന്ന് എനിക്ക് അറിയില്ല... ഞാൻ പറയാൻ പോകുന്നത് അത്രയും സീരിയസ് ആയിട്ടുള്ള കാര്യങ്ങൾ ആണ്... കേൾക്കുമ്പോൾ തനിക്കു വിഷമം ആകും എന്ന് അറിയാം.. പക്ഷേ പറയാതിരിക്കാൻ വയ്യല്ലോ..അതാ ഞാൻ.. " അത്രയും പറഞ്ഞുകൊണ്ട് രുദ്രൻ നിശബ്ദമായതും പ്രവീൺ സംശയത്തോടെ അവനെ നോക്കി... അവന്റെ ഉള്ളം എന്തിനോ പിടക്കും പോലെ തോന്നി.. അരുതാത്തതെന്തൊക്കെയോ നടക്കാൻ പോകുന്നു എന്ന് അവന്റെ ഉള്ളിൽ നിന്നും ആരോ പറയും പോലെ... പ്രവീൺ ഒന്ന് ചിന്തിച്ച ശേഷം വീണ്ടും രുദ്രന് അരികിലേക്ക് ചേർന്നു നിന്നു..

"താൻ എന്തായാലും കാര്യം പറ രുദ്രാ.. വെറുതെ എന്നെ ഇങ്ങനെ ടെൻഷൻ ആക്കാതെ.... എന്തായാലും ഞാൻ അറിയേണ്ടതാണ് എന്ന് താൻ പറയുന്നു.. അപ്പൊ പിന്നെ രണ്ടാമതൊന്ന് ചിന്തിക്കാതെ തുറന്ന് പറയുന്നതല്ലേ നല്ലത്... " പ്രവീൺ അങ്ങനെ പറഞ്ഞതും രുദ്രൻ ശ്വാസം ഒന്ന് ആഞ്ഞു വലിച്ചുകൊണ്ട് പറയാൻ തുടങ്ങി.. "ഞാൻ പറയാൻ പോകുന്ന കാര്യം കേട്ടിട്ട് താൻ അപ്സെറ്റ് ആവരുത്..ചിന്തിച്ചിട്ട് വേണം എന്തേലും ചെയ്യാൻ... " രുദ്രൻ മുഖവുര പോലെ പറഞ്ഞതും പ്രവീൺ ആ എന്ന് തലയാട്ടി... "അത് പിന്നെ... താനും നന്ദയും തമ്മിലുള്ള വിവാഹം നടക്കില്ല.... നന്ദയ്ക്ക് അതിന് താല്പര്യം ഇല്ല...അതും അല്ല എന്റെ പെണ്ണിനെ അങ്ങനെ മറ്റൊരാൾക്ക്‌ വിട്ട് കൊടുക്കാൻ എനിക്ക് വയ്യ.. "

രുദ്രൻ ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തിയതും പ്രവീൺ ഞെട്ടിക്കൊണ്ട് അവനെ നോക്കി .. ശേഷം എന്തോ ഓർത്തെന്ന പോലെ മുന്നോട്ടേക്ക് ഓടി രുദ്രന്റെ കോളറിൽ പിടിച്ചു പ്രവീൺ... "താൻ എന്താടോ പറയുന്നെ... ഇതൊക്കെ കുട്ടികളിയാണോ... ഇല്ല നന്ദ ഒരിക്കലും അങ്ങനെ പറയില്ല... താൻ നുണ പറയുവാ... ഞാൻ സമ്മതിക്കില്ല... അവൾ എന്റെയാ.. എന്റേത് മാത്രം... " പൊട്ടിത്തെറിച്ചുകൊണ്ട് പ്രവീൺ രുദ്രന്റെ കോളറിൽ പിടിച്ചുകുലുക്കികൊണ്ട് പറഞ്ഞതും രുദ്രൻ ഒന്ന് പിറകിലേക്ക് വേച്ചു പോയി .. "താൻ ഒന്ന് അടങ് പ്രവീൺ.. ഇത് കോളേജ് ആണ്.. എല്ലാവരും നമ്മളെ ശ്രദ്ധിക്കും.. " രുദ്രൻ അങ്ങനെ പറഞ്ഞതും പ്രവീൺ ചുറ്റും നോക്കി....

ചിലർ തങ്ങളെ നോക്കുന്നത് കണ്ടതും പ്രവീൺ രുദ്രനിൽ നിന്നും ഉള്ള പിടി വിട്ടുകൊണ്ട് അകന്ന് നിന്നു.. "ഇത് കോളേജ് ആയത് തന്റെ ഭാഗ്യം... വേറെ എവിടേലും ആണേൽ ഇങ്ങനെ ആയിരിക്കില്ല ഞാൻ പെരുമാറുക... തന്നോടുള്ള വിശ്വാസം കൊണ്ടാണ് എന്റെ പെണ്ണിനെ നിന്റെ വീട്ടിൽ നിക്കാൻ ഞാൻ അനുവദിച്ചത്.. പക്ഷേ താൻ എന്നെ ചതിച്ചു.. അവളെ വശത്താക്കാൻ താൻ ശ്രമിച്ചു... ഇല്ല ഇതിന് നിനക്ക് മാപ്പില്ല രുദ്രാ.... ഇനി നിന്റെ വീട്ടിൽ എന്റെ നന്ദ നിക്കേണ്ട.. ഇന്ന് തന്നെ അവളെ കൊണ്ട് പോകുവാ ഞാൻ.. " കിതച്ചു കൊണ്ട് അത്രയും പറഞ്ഞുകൊണ്ട് മുന്നോട്ട് നടക്കാൻ പോയ പ്രവീണിനെ രുദ്രൻ തടഞ്ഞു വച്ചു...

"അത് നീ വിചാരിച്ച നടക്കില്ല പ്രവീൺ... നീ എന്ത് പറഞ്ഞാലും നന്ദ നിന്റെ കൂടെ വരണ്ടേ? എങ്കിൽ അല്ലെ അവളെ നിനക്ക് കൊണ്ട് പോകാൻ ഒക്കു.. " പ്രവീണിന്റെ കൈകളിൽ പിടിച്ചുകൊണ്ടു രുദ്രൻ പറഞ്ഞതും പ്രവീൺ ഞെട്ടിക്കൊണ്ട് അവനെ നോക്കി... "അതിന് മാത്രം എന്താടാ നീ എന്റെ പെണ്ണിന് കലക്കി കൊടുത്തേ... കുറച്ചു ദിവസം കൊണ്ട് അവളെ എങ്ങനെ നീ മാറ്റിയെന്നാ.. " വർദ്ധിച്ച കോപത്തോടെ പ്രവീൺ അലറിയതും രുദ്രൻ അവനിലെ പിടി വിട്ടു.. "..ഞാൻ ഒന്നും കലക്കി കൊടുത്തിട്ടില്ല.. അതിന്റെ ആവശ്യം ഈ രുദ്രന് ഇല്ല..അവൾക്ക് ഈ ജന്മം എന്നെ മാത്രമേ സ്നേഹിക്കാൻ കഴിയു.. . ഇപ്പൊ നീ ഒരുപാട് തവണ പറഞ്ഞല്ലോ നിന്റെ പെണ്ണ് എന്ന്... അത് പറയാൻ നിനക്ക് അവകാശം ഇല്ല പ്രവീൺ... അതിന് എനിക്ക് മാത്രമേ അധികാരം ഉള്ളു....അവളുടെ കഴുത്തിൽ ആദ്യമായി താലിചാർത്തിയ ഈ രുദ്രനാഥിന് മാത്രം... എന്റെ പെണ്ണാണ് അവൾ.. എന്നും അത് അങ്ങനെ തന്നെയായിരിക്കും.. "

രുദ്രന്റെ ആ വാക്കുകൾ തീച്ചൂള പോലെയായിരുന്നു പ്രവീണിൽ പതിച്ചത്.. അവൻ തീർത്തും നിശബ്ദനായി.. "നീ...നീ എന്താ പറഞ്ഞു... വരുന്നേ.. " പ്രവീൺ നിറമിഴിയിലെ വിക്കികൊണ്ട് ചോദിച്ചതും രുദ്രന് അവനോട് സഹതാപം തോന്നി . "അതേ പ്രവീൺ.. നന്ദയുടെ ആദ്യ വിവാഹം അത് ഞാനും ആയിട്ടാണ് നടന്നത്.. എന്റെ വിവരക്കേട് കൊണ്ട് ആ ബന്ധത്തിന്റെ ആയുസ്സ് കുറഞ്ഞു പോയി... പക്ഷേ അവളെയല്ലാതെ മറ്റാരെയും സ്നേഹിക്കാൻ ഈ രുദ്രന് കഴിയില്ല.. എനിക്കെന്നല്ല നന്ദയ്ക്കും അതിന് കഴിയില്ലെടോ... ഒരിക്കലും പൊരുത്തപ്പെടാൻ കഴിയാത്ത ഒരു ജീവിതത്തിലേക്ക് അവളെ തനിക്ക് കൊണ്ട് പോകണോ... ആ പാവത്തിന്റെ സാഹചര്യം കൊണ്ടാണ് അന്ന് താനും ആയിട്ടുള്ള വിവാഹത്തിന് അവൾക്ക് സമ്മതിക്കേണ്ടി വന്നത്... അതും അവളുടെ അച്ഛന്റെ നിർബന്ധം സഹിക്കവയ്യാതെ ....

അവളുടെ ഉള്ളിൽ അന്നും ഇന്നും ഞാനേ ഉള്ളു....അവളുടെ ആദ്യപ്രണയം പോലും ഞാൻ ആണ്.... ആദ്യമായി തന്നെ സുമംഗലി ആക്കിയവനെ.... തന്റെ നെറുകിൽ കുങ്കുമം ചാർത്തിയവനെ തന്നിലെ പ്രണയവും പ്രാണനും പകുത്ത് നൽകിയവനെ മറക്കാൻ അല്ലേലും അവൾക്ക് എങ്ങനെ കഴിയും.. ഇത് ഇനിയും താൻ അറിയണം..അല്ലേൽ വീണ്ടും ഒരു പ്രതീക്ഷ തന്നിൽ ഉടലെടുക്കും.. അതാ ഇപ്പൊ പറഞ്ഞേ.... " പ്രവീണിന്റെ തോളിൽ കൈവച്ചുകൊണ്ട് രുദ്രൻ പറയുമ്പോൾ പ്രവീണിന്റെ മിഴികൾ നിറഞ്ഞു തൂകുന്നുണ്ടായിരുന്നു... അവന്റെ ഉള്ളിൽ അവന്റെ നന്ദ മറ്റൊരാളുടേതാണ് എന്ന തിരിച്ചറിവ് അത്രമേൽ നോവോടെ പതിഞ്ഞു കൊണ്ടിരുന്നു.. "നന്ദ കൂടെ അറിഞ്ഞിട്ടാണോ ഇപ്പൊ ഇതൊക്കെ താൻ എന്നോട് പറഞ്ഞത് .. "

അല്പനിമിഷത്തെ മൗനം വെടിഞ്ഞു കൊണ്ട് പ്രവീൺ ചോദിച്ചത് രുദ്രൻ അതെയെന്ന് തലയാട്ടി.. ശേഷം അവന്റെ പോക്കറ്റിൽ നിന്നും ഒരു മോതിരം എടുത്തുകൊണ്ട് അത് പ്രവീണിന് നേരെ നീട്ടി.. "ഇത് താൻ അവൾക്ക് അണിയിച്ചതാണ് നിങ്ങളുടെ എൻഗേജ്മെന്റ് നടന്നപ്പോൾ.... ഇത് തനിക്ക് തരാൻ പറഞ്ഞു... പിന്നെ അവളെ വെറുക്കരുതെന്നും . " എങ്ങോ മിഴിയൂന്നി കൊണ്ട് രുദ്രൻ പറയുമ്പോൾ ഹൃദയം പറിയുന്ന വേദനയിലും പ്രവീൺ ആ മോതിരം കൈയിൽ വാങ്ങി... "എനിക്ക് മനസിലാവും.. ഞാൻ ഒരിക്കലും നിങ്ങളുടെ ജീവിതത്തിൽ ഒരു തടസ്സം ആകില്ല... അവൾക്ക് ഇഷ്ട്ടം ഉള്ള ജീവിതം അവൾ തിരഞ്ഞെടുക്കട്ടെ.... അല്ലേലും സ്നേഹിക്കുന്നവർ തമ്മിൽ അല്ലെ ഒന്നിക്കേണ്ടത്.. ഞാൻ ആയിട്ട് അതിന് എതിരു നിൽക്കില്ല... വെറുതെ ഞാനും കുറച്ചു സ്വപ്നങ്ങൾ കണ്ട് പോയി.. സാരമില്ല... ഒക്കെ ശെരിയായിക്കോളും... "

രുദ്രനോട് അതുംപറഞ്ഞുകൊണ്ട് വേദനയിൽ കലർന്ന പുഞ്ചിരിയും ചുണ്ടിൽ അവശേഷിപ്പിച്ചുകൊണ്ട് പ്രവീൺ മുന്നോട്ടേക്ക് നടന്നു.. "ഞാൻ എന്റെ വീട്ടിൽ പറഞ്ഞോളാം കാര്യങ്ങൾ... നന്ദയോട് പേടിക്കേണ്ട എന്ന് പറഞ്ഞേക്ക്.. പിന്നെ ഇത് ഇനി എനിക്കെന്തിനാ.. " പാതിയിൽ നിന്നും മടങ്ങി വന്നുകൊണ്ട് കൈയിലെ മോതിരം അഴിച്ചെടുത്തു രുദ്രന് നൽകികൊണ്ട് പ്രവീൺ പറഞ്ഞതും രുദ്രൻ നോവോടെ അവനെ നോക്കി.. "ബെസ്റ്റ് വിഷസ്.. " രുദ്രനോട് അതും പറഞ്ഞുകൊണ്ട് നടന്നു നീങ്ങുന്നവനെ നോവോടെ രുദ്രൻ നോക്കിനിന്നു... പ്രവീണിന്റെ നെഞ്ചിലേ നോവ് എത്രമാത്രമെന്ന് രുദ്രന് ഊഹിക്കാൻ കഴിയുമായിരുന്നു.. ഒരിക്കൽ അവനും അനുഭവിച്ചതാണ് ഇതേ വേദന... "സോറി വേറെ വഴിയില്ലാത്തത് കൊണ്ടാണ്.. " തന്നിൽ നിന്നും മറഞ്ഞു നീങ്ങുന്ന പ്രവീണിനെ നോക്കികൊണ്ട് രുദ്രൻ മൗനമായി മൊഴിഞ്ഞു.. പ്രവീൺ രുദ്രന് അരികിൽ നിന്നും പോയത് കണ്ടതും ശിവദ ഓടികൊണ്ട് രുദ്രന് അരികിലേക്ക് ചെന്നു...

"രുദ്രേട്ടൻ എല്ലാം പറഞ്ഞോ സാറിനോട്.... സാർ എന്ത് പറഞ്ഞു എന്നിട്ട്... എന്തേലും കുഴപ്പം ഉണ്ടാകുമോ രുദ്രേട്ട... " കിതച്ചുകൊണ്ട് നിർത്താതെ ചോദ്യങ്ങൾ ചോദിക്കുന്നവളെ നിറഞ്ഞ ചിരിയാലെ ഒരുനിമിഷം നോക്കിനിന്നു രുദ്രൻ.. "എന്റെ പെണ്ണേ ഇങ്ങനെ ചോദ്യം ചോദിച്ചാലോ... ശ്വാസം എടുക്കാൻ എങ്കിലും ഒരു ഗ്യാപ് ഇട്ടുകൂടെ എന്റെ നന്ദക്കുട്ടി.. " രുദ്രൻ അവളുടെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ട് ചോദിച്ചതും നന്ദ ചുണ്ട് കൂർപ്പിച്ചവനെ നോക്കി.. "തമാശ പറയാതെ രുദ്രേട്ട... ഞാൻ സീരിയസ് ആയിട്ടാ ചോദിക്കണേ.. ഒന്ന് പറഞ്ഞു താ.." വീണ്ടും കണ്ണുകൾ വിടർത്തിയവൾ ചോദിച്ചതും രുദ്രൻ ഒരുകൈയാൽ അവളെ ചേർത്തുപിടിച്ചു...

"പേടിച്ചത് പോലെ ഒന്നും നടന്നില്ലെടോ.. എല്ലാം ഞാൻ അവനോട് പറഞ്ഞിട്ടുണ്ട് അവന് കാര്യം മനസിലായി.. വീട്ടിൽ അവൻ കാര്യം അവതരിപ്പിച്ചോളാം എന്ന് പറഞ്ഞു... പിന്നെ ഇപ്പൊ ആൾ അപ്‌സെറ്റ് ആണ്.. അത് ഉണ്ടാകും നന്ദ... അത് മാറാൻ കുറച്ചു സമയം എടുക്കും... ഹൃദയത്തിൽ കൊണ്ട് നടക്കുന്നവൾ വേറെ ഒരാളെയാണ് സ്നേഹിക്കുന്നതെന്നറിഞ്ഞാൽ ആർക്കാ സഹിക്ക.. സാരല്ല്യ എല്ലാം നല്ലതിനാവും എന്ന് കരുതാം നമുക്ക്.. " രുദ്രന്റെ വാക്കുകൾ നന്ദയിൽ സന്തോഷം നിറച്ചെങ്കിലും പ്രവീണിനെ ഓർക്കുമ്പോൾ ഹൃദയം ഒന്ന് നീറി... "എല്ലാത്തിനും കാരണം ഞാൻ അല്ലെ രുദ്രേട്ട... പ്രവീൺ സാർ ഞാൻ കാരണം.. "

വിതുമ്പികൊണ്ട് പറയാൻ ശ്രമിക്കുന്നവളെ നേർത്ത ചിരിയാലെ ചേർത്തുപിടിച്ചു രുദ്രൻ... "അങ്ങനെ ഒരു കാരണം ഉണ്ടെങ്കിൽ അത് ഞാൻ മാത്രമാണ് നന്ദ... എന്റെ തെറ്റ് കൊണ്ടാണ് ഇന്ന് ഇങ്ങനെ ഒക്കെ നടന്നത്... ആ ഇനി പറഞ്ഞിട്ട് കാര്യം ഇല്ല.. ഇതൊക്കെ വിധി മുന്നേ തീരുമാനിച്ചതാണ്... അതിനെ തിരുത്താൻ ആവില്ലല്ലോ .. " രുദ്രന്റെ വാക്കുകൾ നന്ദയിൽ കുറച്ചാശ്വാസം നിറച്ചു.. "എന്നാ നീ ക്ലാസ്സിൽ ചെല്ല്.. ഞാൻ വരാം.. ഇവിടെ ആരേലും ഇങ്ങനെ നമ്മളെ കണ്ടാൽ പലതും പറഞ്ഞു പരത്തും.. അത് നല്ലതല്ല... താൻ ചെല്ലാൻ നോക്ക്.. " രുദ്രൻ അങ്ങനെ പറഞ്ഞതും നന്ദ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ക്ലാസ്സിലേക്ക് പോയി. പിറകെ രുദ്രനും വച്ചുപിടിച്ചു... പ്രവീൺ ആണെങ്കിൽ എല്ലാം കേട്ട ഷോക്ക് കൊണ്ട് അന്ന് ക്ലാസ്സിൽ കയറാതെ വീട്ടിലേക്ക് തിരിച്ചു പോയി... അത് രുദ്രനിൽ ചെറു നോവ് സമ്മാനിച്ചു...

കോളേജ് വിട്ടതും രുദ്രൻ നന്ദയെയും കൊണ്ട് അവന്റെ വീട്ടിലേക്ക് പോയി.. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "ഇപ്പോഴാ രുദ്രേട്ട ഒന്ന് സമാധാനം ആയത്... എല്ലാം കലങ്ങി തെളിഞ്ഞല്ലോ. " രാത്രി തന്റെ റൂമിൽ രുദ്രന്റെ തോളിൽ ചാഞ്ഞുകൊണ്ട് ശിവദ പറഞ്ഞതും രുദ്രൻ അവളുടെ മുഖം അവന് നേരെ ഉയർത്തി പിടിച്ചു.. "എവിടെ കലങ്ങി തെളിഞ്ഞെന്ന.. ഒന്നും ആയിട്ടില്ലെടി... പ്രവീണിനെ മാത്രമേ നമ്മൾ സെറ്റ് ആക്കിയുള്ള.. ഇനിയും ഉണ്ട് ആൾക്കാർ.. അവന്റെ വീട്ടിൽ ഉള്ളവർ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ലല്ലോ... അതും അല്ല ഇവിടെ എങ്ങനെ ഇത് അവതരിപ്പിക്കും നമ്മൾ... അച്ഛനും അമ്മയും എല്ലാം അറിഞ്ഞ എന്ത് പറയും എന്ന് അറിയില്ലല്ലോ..

" രുദ്രനിലെ അതേ ടെൻഷൻ അപ്പോഴാണ് ശിവദയിലും ഉടലെടുത്തത്.. "അവർ എതിർക്കത്തൊന്നും ഇല്ല രുദ്രേട്ട.. അമ്മയ്ക്ക് ഞാൻ എന്ന് വച്ചാൽ ജീവനാ. അല്ലാതെ നിങ്ങളെ പോലെയല്ല... പിന്നെ അച്ഛനും അമ്മയ്ക്കും നമ്മുടെ കാര്യത്തിൽ എന്തൊക്കെയോ ഡൌട്ട് ഉള്ളത് പോലെ എനിക്ക് തോന്നാറുണ്ട് ഇടക്ക് അവരുടെ നോട്ടം ഒക്കെ കാണുമ്പോൾ .. " രുദ്രന്റെ ഷർട്ടിന്റെ ബട്ടൻസ്സിൽ പിടിച്ചു തിരിച്ചു കൊണ്ട് നന്ദ പറഞ്ഞതും രുദ്രൻ ഒന്ന് ഞെട്ടി.. "ആണോ.. അമ്മ എന്തേലും ചോദിച്ചോ.. " രുദ്രൻ തിരക്കിയതും അവൾ ഇല്ലെന്ന് തലയാട്ടി.. "ഒന്നും ചോദിച്ചില്ല.. പക്ഷേ ഇടക്ക് എനിക്ക് തോന്നാറുണ്ട്...അതാ. " രുദ്രന്റെ ചോദ്യം കേട്ടതും ശിവദ പറഞ്ഞു..

"എന്നാൽ താൻ കിടക്കാൻ നോക്ക്.. ഞാൻ അപ്പുറത്തു കിടക്കാം... " അതും പറഞ്ഞുകൊണ്ട് രുദ്രൻ നന്ദയുടെ നെറുകിൽ ചുംബിച്ചുകൊണ്ട് ബെഡിൽ നിന്നും എഴുന്നേറ്റു... "അത് എന്താ.. ഇന്ന് ഇവിടെ കിടക്കാൻ തോന്നണില്ലെ.. " കുസൃതിയോടെ ശിവദ ചോദിച്ചതും രുദ്രൻ മീശ പിരിച്ചുകൊണ്ട് അവളെ നോക്കി.. "ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.. പക്ഷേ കല്യാണം കഴിയും മുൻപേ നിന്റെ ഒക്കത്ത് ഒരു കുഞ്ഞിരുന്നാൽ എല്ലാരും എന്താ പറയ്യാ അതാ ഞാൻ.. " അവളുടെ അതേ കുസൃതിയോടെ അവൻ മറുപടി പറഞ്ഞതും ശിവദ പിരികം പൊക്കി അവനെ നോക്കി.. "അയ്യെടാ അങ്ങനെ ഇപ്പൊ വേണ്ട.. പോകാൻ നോക്ക്..."

ശിവദ നാണം മറച്ചുകൊണ്ട് പറഞ്ഞതും രുദ്രൻ അവളുടെ കവിളിൽ കുത്തിപിടിച്ചുകൊണ്ട് ആ ചുവന്ന കവിളിൽ അമർത്തി ചുംബിച്ചു.. "എന്ന മോളുപോയി കിടക്കാൻ നോക്ക്.. ഞാൻ ചെല്ലട്ടെ.. " അതുംപറഞ്ഞുകൊണ്ട് രുദ്രൻ പോയതും ചൊടിയിൽ ബാക്കിയായ ചിരിയോടെ ശിവദ ബെഡിലേക്ക് ചാഞ്ഞു.. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "നോവ് കുറയുന്നില്ലെടി... ഹൃദയം നുറുങ്ങുവാ... സഹിക്കാൻ കഴിയണില്ല.. " കൈയിലെ മോതിരത്തിൽ മിഴിയൂന്നിക്കൊണ്ട് പ്രവീൺ പറഞ്ഞു.. അവന്റെ മിഴികൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു... "പക്ഷേ ഒരിക്കലും നിന്റെ ഇഷ്ട്ടത്തിന് ഞാൻ എതിരുനിൽക്കില്ല... " അത് പറയുമ്പോൾ ധാരയായി അവന്റെ കണ്ണുനീർ ആ മോതിരത്തിൽ തട്ടിത്തെറിച്ചുവീണുകൊണ്ടിരുന്നു.................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story