സ്വയം വരം: ഭാഗം 14

swayam varam

എഴുത്തുകാരി: റിയ രവീന്ദ്രൻ

പിറ്റേന്ന് മുതൽ പ്രവീൺ മാറുകയായിരുന്നു... നന്ദയെ ജീവനായി കണ്ടവനിൽ നിന്നും അവളുടെ സുഹൃത്തിലേക്കുള്ള മാറ്റം... മനസ്സിൽ ഒരായിരം തവണ അവൻ പറഞ്ഞു വച്ചിട്ടുണ്ട് അവൾ മറ്റൊരാളുടേതാണെന്ന്... പ്രണയം കലർന്ന ഒരു നോട്ടം പോലും തന്നിൽ നിന്നുണ്ടാകുന്നത് വലിയ തെറ്റാണ് എന്ന്... പുതിയ പ്രഭാതത്തിൽ അവളെ നെഞ്ചിൽ നിന്ന് പറിച്ചെടുക്കുമ്പോൾ അവന്റെ ഹൃദയം ഒന്ന് നീറി അവിടെ നിന്നും രക്തം കിനിഞ്ഞൊഴുകി അതിന്റെ പ്രതിഫലം എന്നോണം പ്രവീണിന്റെ മിഴികളിൽ നിന്നും നീർകുമിളകൾ നിലം പതിച്ചുകൊണ്ടിരുന്നു.. "മോനെ... സമയം ആയില്ലേ... ഇറങ്ങാൻ നോക്ക്..."

സീത വന്നു പറഞ്ഞതും പ്രവീൺ തന്റെ മിഴികൾ തുടച്ചുകൊണ്ട് അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... എത്രയൊക്കെ മറക്കാൻ ശ്രമിച്ചിട്ടും അവന്റെ ഉള്ളിൽ അലയടിക്കുന്ന നോവിന്റെ തീവ്രത ആ അമ്മ തിരിച്ചറിഞ്ഞിരുന്നു... "സാരല്ല്യ മോനെ... നിനക്ക് അതിലും നല്ലത് കിട്ടും... അല്ലേലും അവളെ അവളുടെ ഇഷ്ട്ടത്തിന് വിടുന്നതല്ലേ നല്ലത്... അല്ലാതെ അതിനെ മറികടന്ന് ആരുടെയൊക്കെയോ ആഗ്രഹം നിറവേറ്റാൻ നീ അവളെ വിവാഹം കഴിച്ചാൽ നിന്റെയും അവളുടെയും രുദ്രന്റെയും ജീവിതം ഒന്നും അല്ലാതെ ആകത്തെ ഉള്ളു.. മോൻ ഒന്നും ചിന്തിക്കേണ്ട... അമ്മ എല്ലാരേയും വിളിച്ചു കാര്യം പറഞ്ഞോളാം...

ആ കുഞ്ഞ് ഒത്തിരി അനുഭവിച്ചതല്ലേ.. ഇനിയെങ്കിലും കുറച്ചു സന്തോഷം ഈശ്വരൻ അവൾക്ക് കൊടുക്കട്ടെ... " സീത പറഞ്ഞതും പ്രവീൺ ചുണ്ടിൽ ബാക്കിയായ പുഞ്ചിരിയോടെ അമ്മയെ നോക്കി.. ശേഷം അവരോട് യാത്ര പറഞ്ഞുകൊണ്ട് കോളേജിലേക്ക് പോയി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "രുദ്രാ... നിങ്ങൾ എന്താ പറയുന്നതെന്ന ബോധം ഉണ്ടോ രണ്ടുപേർക്കും... ഇവൻ പണ്ടേ ഇങ്ങനെയാണ് എന്ന് കരുതാം.. പക്ഷേ മോളും ഇപ്പൊ ഇങ്ങനെ പറഞ്ഞാലോ.. " മാധവൻ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം പാതിയിൽ നിർത്തിക്കൊണ്ട് രുദ്രനെയും ശിവദയേയും നോക്കി ചോദിച്ചു.. ശിവദ ഒന്നും പറയാതെ പ്ലേറ്റിലേക്ക് മിഴികൾ താഴ്ത്തി...

"അച്ഛൻ എന്താ ഇങ്ങനെ പറയുന്നെ... ഇത് ഞങ്ങൾ ആലോചിച്ചെടുത്ത തീരുമാനം ആണ്... ഇനിയും ഒന്നും ലേറ്റ് ആക്കാൻ വയ്യ.... എത്രയും പെട്ടെന്ന് ഞാനും നന്ദയും തമ്മിൽ ഉള്ള വിവാഹം നടത്തണം... " രുദ്രൻ അച്ഛനെയും അമ്മയെയും നോക്കി പറഞ്ഞതും മാധവൻ നിസ്സഹായതയോടെ അവനെ നോക്കി. എന്നാൽ സുമിത്രയിൽ പുഞ്ചിരി ആയിരുന്നു.. "രുദ്രാ.. നിങ്ങൾ ഞാൻ പറയുന്നതൊന്ന് മനസിലാക്ക്.... നന്ദയെ നീ വിവാഹം കഴിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമേ ഉള്ളു... പക്ഷേ ഇപ്പൊ അങ്ങനെ സന്തോഷിക്കാൻ വയ്യ.. അവൾ ഇപ്പൊ മറ്റൊരാളും ആയി വിവാഹം ഉറപ്പിച്ച പെണ്ണാ.. നിങ്ങൾ ഇങ്ങനെ ഒരു തീരുമാനം എടുക്കുമ്പോൾ അവനെ കുറിച്ച് ചിന്തിച്ചോ...

അവനോട് എന്ത് പറയും നിങ്ങൾ.. " മാധവന്റെ ശബ്ദം അപ്പോഴേക്കും ഉയർന്നിരുന്നു.. ആ അച്ഛന്റെ മനസ്സിൽ പ്രവീണിനെ കുറിച്ച് ഓർക്കുമ്പോൾ വേദന നിറഞ്ഞു.. "അതോർത്ത് അച്ഛൻ പേടിക്കേണ്ട.. ഇന്നലെ അവനോട് ഞാൻ സംസാരിച്ചിരുന്നു.. അവന് കാര്യങ്ങൾ മനസ്സിലായിട്ടുണ്ട് . അവരുടെ ഭാഗത്ത്‌ നിന്ന് തന്നെ ഈ വിവാഹം വേണ്ടാന്ന് വയ്ക്കാം എന്ന് അവൻ പറഞ്ഞിട്ടുണ്ട് . " കഴിക്കുന്നതിനിടയിൽ രുദ്രൻ പറഞ്ഞതും സുമിത്രയും മാധവനും ഒരുപോലെ ഞെട്ടിയിരുന്നു.. "നീ പറഞ്ഞത് സത്യം ആണോ രുദ്രാ... അവൻ ഇതിന് സമ്മതിച്ചോ... " മാധവൻ വീണ്ടും തിരക്കിയതും രുദ്രൻ അതേയെന്ന് തലയാട്ടി...

"ഇനി ഞങ്ങളുടെ വിവാഹം നടത്തുന്നതിന് വേറെ എതിർപ്പൊന്നും ഇല്ലല്ലോ... " ഭക്ഷണം മതിയാക്കി എഴുനേറ്റ് കൊണ്ട് രുദ്രൻ ചോദിച്ചതും മാധവനും സുമിത്രയും പുഞ്ചിരിയോടെ ഇല്ലെന്ന് തലയാട്ടി... "കഴിച്ചിട്ട് വേഗം വാ.. ഇനിയും ലേറ്റ് ആയാൽ ശെരിയാവില്ല.. " ശിവദയോട് അതും പറഞ്ഞുകൊണ്ട് രുദ്രൻ അവിടുന്ന് നടന്നു നീങ്ങി.... അവന് പിറകെ വേഗം ഭക്ഷണം കഴിച്ചുകൊണ്ട് അവളും നടന്നു.. ഇരുവരും പോകുന്നതും നോക്കി നിറഞ്ഞ മനസാലെ ആ അച്ഛനും അമ്മയും നിന്നു... മനസിലെ ഇരുട്ടെല്ലാം എങ്ങോ മറയും പോലെ തോന്നി ഇരുവർക്കും... "ഇനിയും വച്ചു താമസിപ്പിക്കേണ്ട മാധവേട്ട...

നമുക്ക് അവരുടെ വിവാഹം വേഗം നടത്തണം.. അധികം ആർഭാടം ഒന്നും ഇല്ലാതെ... നമ്മുടെ കുടുംബം ക്ഷേത്രത്തിൽ വച്ചു ചെറിയൊരു ചടങ് അത്രയും മതി.. " സുമിത്ര ചുണ്ടിൽ വിരിഞ്ഞ ചിരിയാലെ പറഞ്ഞതും മാധവൻ അവരെ ചേർത്തുപിടിച്ചു .. "നടത്താം അടുത്ത മുഹൂർത്തത്തിൽ തന്നെ.. അവളും ഇവിടെ തന്നെയായ സ്ഥിതിക്ക് അധികം വച്ചു താമസിപ്പിക്കേണ്ട.. " സുമിത്രയോട് അതും പറഞ്ഞുകൊണ്ട് മാധവൻ അകത്തേക്ക് നടന്നു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "താൻ എന്താടോ ഇങ്ങനെ എന്നിൽ നിന്നും ഒഴിഞ്ഞു മാറുന്നെ.. "

കോളേജ് വരാന്തയിൽ തനിച്ചു നിൽക്കുന്ന ശിവദയുടെ അരികിൽ ചെന്നുകൊണ്ട് പ്രവീൺ ചോദിച്ചതും ശിവദ ഞെട്ടിക്കൊണ്ട് അവനെ നോക്കി.. "അത് പിന്നെ ഞാൻ... " അവൾ നിന്ന് വിക്കിയതും പ്രവീൺ അവളെ നോവോടെ നോക്കി... "പേടിക്കേണ്ടടോ... എനിക്ക് തന്നോട് ദേഷ്യം ഒന്നും ഇല്ല.. തന്റെ അവസ്ഥ എനിക്ക് മനസിലാവും.. ഞാൻ തന്റെ ആഗ്രഹത്തിന് എതിരൊന്നും അല്ലടോ... പിന്നെ തനിക്ക് ആദ്യമേ ഇത് എന്നോട് സൂചിപ്പിക്കാമായിരുന്നു....എന്നാ പിന്നെ ഇത്രയും വഷളാവില്ലായിരുന്നു ഇത് " നേരിയ മന്ദഹാസത്തോടെ പ്രവീൺ പറഞ്ഞതും ശിവദ വേദനയോടെ അവനെ നോക്കി..

"സോറി സാർ... പറയണം എന്ന് ഒരുപാട് തവണ കരുതിയതാ.. പക്ഷേ കഴിഞ്ഞില്ല.. അച്ഛനെ എതിർത്ത് ഒന്നും പറയാൻ എനിക്ക് കഴിഞ്ഞില്ല... അതും അല്ല രുദ്രേട്ടന്റെ ഉള്ളിൽ ഞാൻ ഉണ്ടോ എന്ന് പോലും അന്ന് എനിക്ക് അറിയില്ലായിരുന്നു... അതാ ഞാൻ..... 😔😔ഒരിക്കലും സാറിനെ ഞാൻ അങ്ങനെ കണ്ടിട്ടില്ല... ഒത്തിരി തവണ ശ്രമിച്ചുനോക്കിയതാ പക്ഷേ അപ്പോഴെല്ലാം രുദ്രേട്ടന്റെ മുഖം മാത്രമായിരുന്നു ഉള്ളിൽ... തെറ്റ് എന്റെ ഭാഗത്ത്‌ തന്നെയാണ്.... മാപ്പ് തരണം... ഒന്നും വേണം എന്ന് വച്ചു ചെയ്തതല്ല..... എന്റെ ഗതികേട് കൊണ്ട് ഇങ്ങനെയൊക്കെയായി തീർന്നതാ.. " നിറമിഴിയാലേ അവൾ പറഞ്ഞു നിർത്തിയതും അവൻ വല്ലാതെയായി..

"അയ്യേ അത് വിട്ട് കള... ഞാൻ ചുമ്മാ പറഞ്ഞതാടോ.... ഇതാകും വിധി.. ഇങ്ങനെയൊക്കെ ആകണം എന്ന് പണ്ടേ എഴുതി വച്ചതാകും.... ആരെയും പഴി പറഞ്ഞിട്ട് കാര്യം ഇല്ല.. " പ്രവീണിന്റെ ആ വാക്കുകൾ നന്ദയിൽ അല്പം ആശ്വാസം നിറച്ചു ... അവൾ നന്ദിയോടെ അവനെ നോക്കി... "ആഹാ.. താൻ ഇവിടെ നിക്കുകയായിരുന്നോ... ഞാൻ തന്നെ നോക്കി നടക്കുകയായിരുന്നു.. പ്രിൻസിപ്പൾ പറഞ്ഞ വർക്ക്‌ കംപ്ലീറ്റ് ആയിട്ടുണ്ട്... ഈവെനിംഗ് ഏൽപ്പിക്കാം നമുക്ക്.. "

പ്രവീണിനും ശിവദയിക്കും ഇടയിലേക്ക് കടന്നു വന്നുകൊണ്ട് രുദ്രൻ പറഞ്ഞതും ഇരുവരും അവനെ നോക്കി പുഞ്ചിരിച്ചു... "ആണോ.. നന്നായി... എന്നാ ഇന്ന് നേരത്തെ വീട്ടിൽ പോകാം..അല്ലെ.. " രുദ്രനെ നോക്കികൊണ്ട് പ്രവീൺ അത് പറയുമ്പോൾ ശിവദ ഇരുവരെയും മാറി മാറി നോക്കികൊണ്ടിരുന്നു.... "എനിക്ക് ഇപ്പൊ ക്ലാസ്സ്‌ ഉണ്ട്... ഞാൻ അങ്ങോട്ട് പോകട്ടെ എന്നാൽ.. " ശിവദ ഇടയിൽ കയറി പറഞ്ഞതും രുദ്രനും പ്രവീണും അവൾക്ക് പോകാൻ അനുമതി നൽകി...നന്ദ രുദ്രനെ ഒന്ന് നോക്കി പുഞ്ചിരിച്ചു കൊണ്ട് ക്ലാസ്സിലേക്ക് നടന്നു... "എടോ താൻ നിങ്ങളുടെ കാര്യം വീട്ടിൽ പറഞ്ഞോ.. " ശിവദ പോയതും പ്രവീൺ രുദ്രനോടായി തിരക്കി..

"മ്മ്.. ഇന്ന് കാലത്ത് പറഞ്ഞു... അവർ സമ്മതിച്ചു.. " പ്രവീണിനെ നോക്കി അത് പറയുമ്പോൾ രുദ്രന്റെ ഉള്ളം പിടയുന്നുണ്ടായിരുന്നു... എന്നാൽ പ്രവീണിൽ വിരിഞ്ഞ പുഞ്ചിരി അവനെ അത്ഭുതപ്പെടുത്തി... "നന്നായി... ഞാനും വീട്ടിൽ പറഞ്ഞു.. ആരും പ്രശ്നം ഒന്നും ഉണ്ടാക്കിയില്ല... എല്ലാർക്കും കാര്യം പറഞ്ഞപ്പോൾ മനസ്സിലായിട്ടുണ്ട്....." പ്രവീണിന്റെ വാക്കുകൾ കേട്ടതും രുദ്രനിൽ ആശ്വാസത്തിൽ കലർന്നൊരു പുഞ്ചിരി മൊട്ടിട്ടു... "രുദ്രാ... ഞാൻ തന്നോട് ഒരു കാര്യം ചോദിക്കട്ടെ .... വിരോധം ഇല്ലെങ്കിൽ എനിക്ക് ഉത്തരം തരാമോ.. " രുദ്രന്റെ മിഴികളിൽ ഉറ്റുനോക്കികൊണ്ട് പ്രവീൺ ചോദിച്ചതും രുദ്രൻ സംശയത്തോടെ അവനെ നോക്കി...

"അതിന് എന്താ.. താൻ ചോദിക്കേടോ... " പ്രവീണിന്റെ കൈയിൽ പിടിച്ചുകൊണ്ടു രുദ്രൻ പറഞ്ഞതും പ്രവീൺ ഒന്ന് പുഞ്ചിരിച്ചു ... "വേറെയൊന്നും അല്ലെടോ... നിങ്ങളുടെ പാസ്ററ് അതാണ് എനിക്ക് അറിയേണ്ടത്... നിങ്ങളുടെ മാര്യേജ്.. പിന്നീടുള്ള ലൈഫ് ഒടുവിൽ ഉണ്ടായ നിങ്ങളുടെ വേർപിരിയൽ.... ഒക്കെ അറിയാൻ ഒരു കൊതി... " പ്രവീൺ ശബ്ദം താഴ്ത്തികൊണ്ട് ചോദിച്ചതും രുദ്രൻ നിറഞ്ഞ ചിരിയാലെ അവനെ നോക്കി... "പറയാൻ അതൊരു വലിയ കഥയ...

പക്ഷേ തനിക്ക് ഞാൻ അത് ചുരുക്കി പറഞ്ഞു തരാം...എന്നാൽ ഇവിടെ അത് വേണ്ട.. തനിക്ക് കുഴപ്പം ഇല്ലെങ്കിൽ നമുക്ക് കേറ്റീനിൽ പോയിരുന്നാലോ... " സമ്മതം എന്നോണം പ്രവീൺ തലയാട്ടിയതും രുദ്രൻ അവനെയും കൊണ്ട് കേറ്റീനിലേക്ക് നടന്നു.. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "ഒക്കെ കേട്ട് കഴിയുമ്പോൾ താൻ എന്നെ കുറ്റപ്പെടുത്തിയേക്കാം.... പക്ഷേ അന്ന് അങ്ങനെയൊക്കെ സംഭവിച്ചു പോയി... സത്യം പറയാലോ പ്രവീൺ ഈ ജന്മം രുദ്രൻ അവളെയല്ലാതെ മറ്റാരെയും സ്നേഹിച്ചിട്ടില്ല... അത്രമേൽ ഞാൻ അവളെ സ്നേഹിക്കുന്നുണ്ട്... ഈ രുദ്രന്റെ ജീവനും ജീവിതവും അവൾ ആണ്...

പക്ഷേ അത് ഞാൻ തിരിച്ചറിഞ്ഞത് അവളെ എന്നിൽ നിന്നും അടർത്തി മാറ്റിയതിന് ശേഷം ആണ്... അവൾ പോയതിൽ പിന്നെ എന്റെ റൂമിൽ പോലും സമാധാനത്തോടെ ഇരുന്നിട്ടില്ല ഞാൻ.. എങ്ങും അവളുടെ ഓർമ്മകൾ ആയിരുന്നു അവളുടെ ഗന്ധം ആയിരുന്നു അവളുടെ കൊഞ്ചലുകൾ ആയിരുന്നു... ഭ്രാന്ത് പിടിക്കും പോലെ തോന്നും ഇടക്ക്... എന്നാൽ അന്നൊന്നും അത് അവളോടുള്ള തന്റെ പ്രണയം കൊണ്ടാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല.... അല്ലെങ്കിൽ അറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ നടന്നു... എന്റെ തീരുമാനങ്ങൾ തെറ്റായിരുന്നു എന്ന് പറയാൻ അന്ന് എനിക്ക് കഴിഞ്ഞില്ല.. സ്വാർത്ഥത ആയിരുന്നു എല്ലാം..

ഇന്ന് അതിനെ കുറിച്ചോർത്തു ഞാൻ വേദനിക്കാറുണ്ട്... എന്നാലും വീണ്ടും ഈശ്വരൻ അവളെ എനിക്ക് തന്നു.. ഇനിയും അവളെ നഷ്ട്ടപ്പെടുത്താൻ വയ്യാത്തത് കൊണ്ടാണ് തന്നിൽ നിന്നും അവളെ ഞാൻ സ്വന്തം ആക്കിയത്.. അവളില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല പ്രവീൺ.. താൻ എനിക്ക് മാപ്പ് തരണം... " അത്രയും പറഞ്ഞുകൊണ്ട് രുദ്രൻ പ്രവീണിന് നേരെ കൈകൂപ്പിയതും പ്രവീൺ ഒരുനിമിഷം രുദ്രന്റെ മാറ്റം കണ്ട് അമ്പരുന്നു... അവൻ പതിയെ രുദ്രന്റെ കൈകളിൽ കയറി പിടിച്ചു.. "അതൊക്കെ വിട് രുദ്രൻ.. എനിക്ക് തന്നോട് ദേഷ്യം ഒന്നും ഇല്ല... ഒരു ചെറിയ വിഷമം ഉണ്ടായിരുന്നു .. ഇപ്പൊ അതുംമാറിയിരിക്കുന്നു..

" പ്രവീണിന്റെ വാക്കുകൾ ഒരു കുളിർമഴപോലെയാണ് രുദ്രനിൽ പതിച്ചത്... "അറിയണ്ടേ നിനക്ക് ഞങ്ങളുടെ കഥ.. എന്നെ സ്നേഹിച്ച പെണ്ണിന്റെ കഥ.. ആ ഹൃദയം കീറിമുറിച്ച ഈ രുദ്രന്റെ കഥ. " രുദ്രൻ ചോദിച്ചതും പ്രവീൺ ആകാംക്ഷയോടെ രുദ്രന്റെ മുഖത്തേക്ക് നോക്കി.... "എന്റെ സ്വാർത്ഥതയിൽ ഇല്ലാതായത് അവളുടെ ജീവിതം ആയിരുന്നു.... എന്റെ നന്ദയുടേത്..... ഒരുപാട് തവണ പ്രണയത്തിൽ കലർന്നൊരു നോട്ടം ഒരു ചേർത്തുപിടിക്കൽ അവളും കൊതിച്ചിരുന്നു പക്ഷേ ഞാൻ അതൊക്കെ അവൾക്ക് നിഷേധിച്ചു... ഒക്കെ അറിഞ്ഞു കൊണ്ട് തന്നെയായിരുന്നു അവൾ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്.....

എന്നാൽ ഇടയിൽ എപ്പോഴോ ആ നാടകം അവൾ ജീവിതം ആയി കണ്ടു.കഴുത്തിലെ താലിയേയും സീമന്ത രേഖയിലെ കുങ്കുമത്തേയും അവൾ നെഞ്ചേറ്റി ബഹുമാനിച്ചു... എന്നാൽ അന്നും താൻ അതിന് വില കല്പിച്ചില്ല.... മുന്നിൽ ഉരുകുന്ന തന്റെ പാതിയെ അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിച്ചു.... നിനക്ക് അറിയോ പ്രവീൺ... ഒടുവിൽ എല്ലാം അവസാനിപ്പിക്കാൻ ഒരുങ്ങുമ്പോൾ എന്റെ നന്ദ ഈ കാലിൽ വീണു കരഞ്ഞിട്ടുണ്ട്... അവളെ ഉപേക്ഷിക്കല്ലെന്ന്..... അവളെ ഒന്ന് പരിഗണിക്കുകപോലും വേണ്ട... ആ വീടിന്റെ ഒരു മൂലയിൽ എന്നെ കണ്ട് കൊണ്ട് ഒരു വേലക്കാരിയെ പോലെ ജീവിക്കാൻ എങ്കിലും അനുവദിക്കണം എന്ന്...

എല്ലാം ഞാൻ അവഗണിച്ചു നടന്നു.. ആ കണ്ണുനീർ ആ വേദന ഒന്നും ഞാൻ കണ്ടില്ല.. അന്ന് എന്റെ ഹൃദയം അത്രയും കഠിനമായിരുന്നോ അറിയില്ല... " രുദ്രന്റെ ഓരോ വാക്കുകളും പ്രവീണിലെ ആകാംക്ഷ കൂട്ടികൊണ്ടിരുന്നു... കഥയിലെ രുദ്രനെ അവന് പരിചയം ഉണ്ടായിരുന്നില്ല... ഇന്നിലെ രുദ്രനിൽ നിന്നും അവന് ഒരുപാട് മാറ്റം ഉണ്ടെന്ന് പ്രവീൺ ചിന്തിച്ചു.... ബാക്കി അറിയാനുള്ള തിടുക്കത്തിൽ പ്രവീൺ രുദ്രന്റെ വാക്കുകൾക്ക് കാതോർത്തു..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story