സ്വയം വരം: ഭാഗം 16

swayam varam

എഴുത്തുകാരി: റിയ രവീന്ദ്രൻ

"പിന്നീടുള്ള ദിവസങ്ങൾ എല്ലാം നോവിന്റേതായിരുന്നു..... ആ വീടിന്റെ ഓരോ മൂലയിലും മൗനം തളക്കെട്ടിനിന്നു....ആരും പരസ്പരം ഒന്നും പറയാതെ.... ഞാൻ എന്ന വ്യക്തിയെ പാടേ അവഗണിച്ചുകൊണ്ട് ആ വീട്ടിലെ ഓരോ ദിവസവും കടന്നു പോയിക്കൊണ്ടിരുന്നു....... ഇടയ്ക്കിടെ നിശബ്ദമായി അമ്മ കരയുന്നത് കാണാം... രോഷം നിറഞ്ഞ നോട്ടം എനിക്ക് സമ്മാനിക്കുമ്പോൾ ഹൃദയം നീറും.. എങ്കിലും ഒന്നും മിണ്ടില്ല... ആ വീട്ടിൽ അവൾ മാത്രം എന്റേ കാര്യങ്ങൾ നോക്കും... അവളുടെ വേദനയും നിസ്സഹായതയും നിറഞ്ഞ നോട്ടങ്ങൾ കണ്ടില്ലെന്ന് നടിക്കും... എങ്കിലും പരാതികൾ ഇല്ലാതെ അവൾ എനിക്ക് നിഴൽ പോലെ നിന്നു...

രാത്രിയിൽ ബെഡിന്റെ ഓരത്ത് കിടന്നു പിടയുന്ന അവളുടെ ഹൃദയമിടിപ്പ് ഞാൻ കേൾക്കാറുണ്ട് പക്ഷേ പ്രതികരിക്കാൻ കഴിയാറില്ല അവളുടെ നേർത്ത ഏങ്ങലടികൾ കാതിൽ കുത്തി കയറുമ്പോൾ തലയണയിൽ മുഖം അമർത്തി കിടക്കും... ദിവസം കടന്നു പോയതും എല്ലാവരെയും ധിക്കരിച്ചു കൊണ്ട് ഒരു ഒപ്പിൽ ഞാൻ എല്ലാം അവസാനിപ്പിച്ചു.... അവസാന നിമിഷവരെ ഒരു മാറ്റം അവൾ ആഗ്രഹിച്ചിരുന്നു എന്നറിഞ്ഞിട്ടും എന്റെ തീരുമാനം മാറിയില്ല.... രുദ്രന്റെ ജീവിതത്തിൽ നിന്നും അന്ന് ഞാൻ അവളെ പടിയിറക്കി വിട്ടു.....

അവളുടെ അച്ഛന്റെ അടുത്ത് അവളെ ഉപേക്ഷിച്ചിട്ട് വരുമ്പോൾ ആ പിതാവിന്റെ കണ്ണുനീരിനു മുന്നിൽ പോലും എന്റെ മനസ്സലിഞ്ഞില്ല.... അല്ലേലും നന്ദയുടെ നിസ്സഹായതയെ മുതലെടുത്ത് അവളെ എന്റെ പതിയാക്കാൻ തീരുമാനിച്ച അന്ന് തന്നെ രുദ്രനിലെ മനുഷ്യൻ മരിച്ചിരുന്നു.... " എങ്ങോ മിഴിനട്ടുകൊണ്ട് രുദ്രൻ അവന്റെ ഭൂതകാലം പറഞ്ഞു നിർത്തിയതും പ്രവീൺ നിറഞ്ഞ മിഴിയാലെ അവനെ നോക്കി... മുന്നിൽ ഇരിക്കുന്ന രുദ്രനോട് ദേഷ്യവും വെറുപ്പും സഹതാപവും തോന്നി പ്രവീണിന്....എന്നാൽ ഉള്ളിൽ അപ്പോഴും അവളുടെ മുഖം ആയിരുന്നു...

അച്ഛനായി ജീവിതം ഹോമിച്ചവളുടെ... വേദനകൾ സമ്മാനിച്ചവനേ പ്രാണനായി പ്രണയിച്ചവളുടെ.... ഒടുവിൽ ഹൃദയം നുറുങ്ങുമ്പോഴും പ്രിയപ്പെട്ടവനായി തന്റെ സീമന്ത രേഖയിലെ ചുവപ്പ് മായിച്ചു കളഞ്ഞ ആ പാവം പെണ്ണിന്റെ മുഖം..... എന്നും നേർത്ത പുഞ്ചിരിയിൽ വേദനകൾ ഒളിപ്പിക്കുന്ന അവൻ സ്വന്തം ആക്കാൻ ആഗ്രഹിച്ച രുദ്രന്റെ നന്ദയുടെ മുഖം... "ഒരുവിധത്തിലും നിന്നെ ന്യായീകരിക്കാൻ എനിക്ക് കഴിയുന്നില്ല രുദ്രാ...... " പെട്ടെന്ന് പ്രവീണിന്റെ ശബ്ദം കേട്ടതും രുദ്രൻ മിഴികൾ ഉയർത്തി അവനെ നോക്കി.. "ഒരു പെണ്ണിന്റെ ജീവിതം വച്ചു കളിച്ചിട്ട്..

സഹായത്തിന് ഒരു തുണപോലും ഇല്ലാത്ത ആ അച്ഛനെയും മകളെയും തനിച്ചാക്കി നീ നിന്റെ സ്വപ്‌നങ്ങൾ തേടി പോയതോർക്കുമ്പോൾ എനിക്ക് വെറുപ്പ് മാത്രമാണ് രുദ്രാ നിന്നോട് തോന്നുന്നത്.... " പ്രവീണിന്റെ ഓരോ വാക്കുകളും തലകുനിച്ചിരുന്നുകൊണ്ട് രുദ്രൻ കേട്ടു....അവന്റെ മിഴികൾ പെയ്യാൻ വെമ്പി നിന്നു... "അറിയാം ന്യായീകരിക്കാൻ ഒന്നും തന്നെ തന്റെ പക്കൽ ഇല്ല.. തെറ്റ് തന്നെയാണ്... ഒരുപക്ഷേ ഒരു പെണ്ണും മാപ്പ് തരാത്ത തെറ്റ്." മനസ്സിൽ അത് ചിന്തിക്കുമ്പോൾ രുദ്രന്റെ മിഴിനീർ കവിളിനെ ചുംബിച്ചുകൊണ്ട് മുന്നിലെ ടേബിളിൽ വീണു ചിതറിത്തെറിച്ചിരുന്നു... "ഏയ് രുദ്രൻ താൻ കരയുവാണോ.. "

രുദ്രനിലെ മാറ്റം തിരിച്ചറിഞ്ഞതും അവന്റെ തോളിൽ പിടിച്ചുകൊണ്ടു പ്രവീൺ ചോദിച്ചതും രുദ്രൻ മിഴികൾ തുടച്ചവനെ നോക്കി... "എന്തിനായിരുന്നു ഇതൊക്കെ എന്ന് എനിക്ക് ഇന്നും അറിയില്ല പ്രവീൺ.. സത്യം ആയിട്ടും അവൾ പോയതിൽ പിന്നെ ഒരിക്കൽ പോലും രുദ്രൻ മനസ്സറിഞ്ഞു ചിരിച്ചിട്ടില്ല... എന്റെ റൂമിലും ആ തറവാടിന്റെ ഓരോ മൂലയിൽ പോലും അവളുടെ ഓർമ്മകൾ ആയിരുന്നു... എന്നെ തലോടിയകലുന്ന തെന്നലിന് പോലും അവളുടെ ഗന്ധം ആയിരുന്നു ..... കണ്ണടച്ചാൽ കരഞ്ഞു വീർത്ത ആ മുഖം മാത്രം... ഭ്രാന്തനെ പോലെ പലരാത്രിയും അലറികരഞ്ഞിട്ടുണ്ട് ഞാൻ...

അവളെ കാണാൻ മിടിക്കുന്ന ഹൃദയത്തെ ശാസിച്ചു നിർത്തുമ്പോൾ ശ്വാസം പോലും വിലങ്ങും പോലെ തോന്നും... എങ്കിലും എല്ലാം സഹിച്ചു ജീവിച്ചു... തിരിച്ചുവിളിക്കാൻ മനസ്സ് പറയുമ്പോഴും ബുദ്ധി അതിനനുവദിച്ചില്ല... ഒടുവിൽ സഹികെട്ട് അവളെ തേടി ചെന്നപ്പോൾ എനിക്കായി ബാക്കിയായത് അവളുടെ പൂട്ടിയിട്ട വീട് മാത്രമായിരുന്നു.... തറവാട്ടിൽ നിൽക്കുന്ന ഓരോ നിമിഷവും അവളുടെ ഓർമ്മകൾ എന്നെ വലിഞ്ഞു മുറുക്കികൊണ്ടിരുന്നു. ഒടുവിൽ സഹികെട്ടപ്പോൾ ആണ് അവിടം ഉപേക്ഷിച്ച് ശ്രീശൈലത്തിലേക്ക് വന്നതും ഈ കോളേജിൽ അധ്യാപകൻ ആയി ജോലി നോക്കിയതും ഒക്കെ....

അവളെക്കുറിച്ചോർക്കാത്ത ആ ഓർമകളിൽ ഉരുകാത്ത ഒരു ദിനം പോലും രുദ്രന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.... അവളോട് ചെയ്തതിനൊക്കെ സ്വയം നീറി അനുഭവിച്ചിട്ടുണ്ട് ഞാൻ... അവളില്ലായിമ എന്നെ ഭ്രാന്ത് പിടിപ്പിക്കാൻ തുടങ്ങിയതോടെ രുദ്രൻ മദ്യത്തിനും അടിമപ്പെട്ടു കഴിഞ്ഞിരുന്നു.... അവളെ മറക്കാൻ ആണ് രുദ്രൻ കുടിച്ചിട്ടുള്ളത്... പക്ഷേ ആ നിമിഷത്തിൽ പോലും ദാ ഈ ഹൃദയം അവളെയെ ഓർക്കാറുള്ളു.... അവൾ ഇല്ലാതെ രുദ്രന് പറ്റില്ല പ്രവീൺ.. " തൊണ്ടക്കുഴിയിൽ അമർന്ന ഗദ്ഗദത്തോടെ രുദ്രൻ പറഞ്ഞു നിർത്തിയതും പ്രവീൺ ഒരു നിമിഷം നിശ്ചലമായി.. "നിന്നെ എനിക്ക് മനസിലാവുന്നില്ല രുദ്രാ..

ഒരു നിമിഷം വെറുപ്പാണെങ്കിൽ മറുനിമിഷം നിന്നോട് വേദനയാണ് സഹതാപമാണ് തോന്നുന്നത്. " രുദ്രനെ ഉറ്റുനോക്കികൊണ്ട് പ്രവീൺ മനസ്സിൽ ഉരുവിടുമ്പോൾ അവന്റെ കൈകൾ രുദ്രന്റെ കൈകളെ ചേർത്തു പിടിച്ചിരുന്നു.. "മ്മ് എന്തായാലും കഴിഞ്ഞത് കഴിഞ്ഞു... ഇപ്പൊ നിന്റെ പ്രണയം നിന്റെ കൂടെയുണ്ട്... നന്ദ ആഗ്രഹിച്ച ജീവിതം നൽകാൻ ഇനി നിനക്ക് കഴിയും.. അല്ല അവൾ ആഗ്രഹിച്ച ജീവിതം നൽകാൻ നിനക്ക് മാത്രമേ കഴിയൂ... രുദ്രാ.. ഒരു വാക്ക് കൊണ്ടോ നോക്കു കൊണ്ടോ ഇനിയും ആ പാവം പെണ്ണിനെ വേദനിപ്പിക്കരുത്... ഇപ്പൊ തന്നെ അത് ഒത്തിരി അനുഭവിച്ചിട്ടുണ്ടെന്ന് എന്നേക്കാൾ നന്നായി നിനക്ക് അറിയാലോ.. "

പ്രവീണിന്റെ വാക്കുകൾക്ക് മുന്നിൽ തലയാട്ടുമ്പോൾ അവന്റെ ഉള്ളവും ശാന്തമായിരുന്നു.. അവിടെ അവന്റെ നന്ദയും അവളോടുള്ള പ്രണയവും മാത്രമായിരുന്നു...... "അപ്പൊ കഥയൊക്കെ കഴിഞ്ഞ സ്ഥിതിക്ക് നമുക്ക് ക്ലാസ്സിലോട്ട് പോകാം.. ഇപ്പൊ തന്നെ ഒരു ഹൗർ കഴിഞ്ഞു കാണും... വാ. " പ്രവീൺ പറഞ്ഞതും രുദ്രൻ അവനൊപ്പം ഡിപ്പാർട്മെന്റിലേക്ക് നടന്നു.... അന്ന് മുഴുവൻ രുദ്രനും പ്രവീണും ഒന്നിച്ചു തന്നെ ഉണ്ടായിരുന്നു.. പതിവിലും തീവ്രമായ ഒരു ആത്മബന്ധം കുറച്ചു നിമിഷം കൊണ്ട് അവർക്കിടയിൽ ഉടലെടുത്തു... സൗഹൃദത്തിന്റെ പുതിയ വർണ്ണങ്ങൾ അവർക്കും ചുറ്റും സന്തോഷത്തിന്റെ സാധനത്തിന്റെ വഴികൾ തുറന്നു വച്ചു... ഈവെനിംഗ് രുദ്രനോടും ശിവദയോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ പ്രവീണിന്റെ ഉള്ളം പതിവിലും ശാന്തമായിരുന്നു...

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "രുദ്രേട്ട.... എന്തേലും ഒന്ന് പറയുന്നുണ്ടോ...മാനത്തെ നക്ഷത്രത്തെ നോക്കി ഇരിക്കാൻ ആണോ നിങ്ങൾ എന്നെ വിളിച്ചു വരുത്തിയെ.. " ബാൽക്കണിയിൽ ആകാശം നോക്കിയിരിക്കുകയായിരുന്ന രുദ്രന്റെ മുഖം തനിക്ക് നേരെ തിരിച്ചു വച്ചുകൊണ്ട് ദേഷ്യത്തോടെ നന്ദ പറഞ്ഞതും രുദ്രൻ ചെറുചിരിയാലെ അവളെ വലിച്ചു തന്റെ മടിയിൽ ഇരുത്തി.. "ദേ രുദ്രേട്ട കളിക്കാതെ വിട്ടേ.. ആരേലും കാണും ട്ടോ... അമ്മയോ അച്ഛനോ കണ്ടാൽ നാണക്കേടാ.. ഒന്ന് വിട് രുദ്രേട്ട.. " രുദ്രന്റെ മടിയിൽ ഇരുന്നു കൊണ്ട് തന്റെ വയറിനെ ചുറ്റിപിടിച്ച രുദ്രന്റെ കൈകൾ മാറ്റാൻ ശ്രമിച്ചുകൊണ്ട് നന്ദ പറഞ്ഞതും രുദ്രൻ അവളിലെ പിടി ഒന്നുകൂടെ മുറുക്കി അവന്റെ മുഖം അവളുടെ തോളിൽ അമർത്തി...

അവന്റെ ചുണ്ടുകൾ പ്രണയത്തോടെ അവളുടെ പിൻകഴുത്തിൽ പതിഞ്ഞതും ആ പെണ്ണ് ഒന്ന് വിറച്ചു.. അവളുടെ കണ്ണുകൾ പാതി കൂമ്പിയടഞ്ഞു... അവന്റെ താടി രോമങ്ങൾ പിൻകഴുത്തിൽ ഇക്കിളിയിട്ടു കൊണ്ട് ഒഴുകി നടന്നതും രുദ്രന്റ കൈകളിൽ നന്ദയുടെ കൈകൾ അമർന്നു... നന്ദയുടെ ചുണ്ടുകൾ വിറകൊണ്ടു ആ തണുത്ത രാവിലും അവൾ കിടന്നു വിയർക്കാൻ തോന്നി.... ചുണ്ടിന് മുകളിൽ വിയർപ്പു കണങ്ങൾ പതിയെ സ്ഥാനം പിടിച്ചു തുടങ്ങി.... രുദ്രൻ ഒന്നു കൂടെ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചതും നന്ദയ്ക്ക് ശ്വാസം വിലങ്ങും പോലെ തോന്നി..

അവന്റെ ചുണ്ടും നാവും അവളുടെ കഴുത്തിലും പുറത്തും ഒക്കെ ചിത്രപണികൾ നടത്താൻ തുടങ്ങിയതും ശിവദയുടെ ഹൃദയം വേഗത്തിൽ മിടിച്ചു.. . "രു... രുദ്രേട്ട." അത്രമേൽ ആർദ്രമായിരുന്നു അവളുടെ ശബ്ദം ..... "മ്മ്.. " അവളുടെ പിൻകഴുത്തിൽ ചുംബിച്ചുകൊണ്ട് തന്നെ രുദ്രൻ മൂളിയതും ആ പെണ്ണൊന്ന് പുളഞ്ഞു പോയി... " നന്ദുസേ..💖. " ശിവദയെ മടിയിൽ തനിക്ക് നേരെ ഇരുത്തികൊണ്ട് രുദ്രൻ വിളിച്ചതും പിടയ്ക്കുന്ന മിഴികളോടെ അവൾ അവനെ നോക്കി... "I love u 😍😍😍💖💖💞💞" അവളുടെ കണ്ണുകളിൽ ഉറ്റുനോക്കികൊണ്ട് അവൻ പറഞ്ഞതും അവളുടെ ഉണ്ടക്കണ്ണുകൾ പിടഞ്ഞു... അതിലെ ഗോളങ്ങൾ വെപ്രാളത്തോടെ ചലിച്ചുകൊണ്ടിരുന്നു...

അവളുടെ ആ മാറ്റങ്ങളെല്ലാം പ്രണയത്തോടെ അവനും വീക്ഷിച്ചു കൊണ്ടിരുന്നു... "നന്ദ... കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ഈ രുദ്രനാഥ്‌ വീണ്ടും നാളെ അവന്റെ പെണ്ണിനെ താലികെട്ടി സ്വന്തം ആക്കാൻ പോകുവാ ... എനിക്ക് സന്തോഷം പറഞ്ഞറിയിക്കാൻ പറ്റണില്ല പെണ്ണേ.. " പ്രണയത്തോടെ തന്നെ നെഞ്ചിൽ ചേർത്തുപിടിച്ചുകൊണ്ട് രുദ്രൻ പറയുന്നത് കേട്ടതും നന്ദയുടെ ചൊടികളിൽ പുഞ്ചിരി മൊട്ടിട്ടു.. അവളുടെ കൈകൾ പതിയെ അവനെയും പുണർന്നു കൊണ്ടിരുന്നു... ഹൃദയമിടിപ്പുകൾ പോലും ഒന്നാക്കികൊണ്ട് ദീർഘനേരത്തെ മൗനത്തെ കൂട്ടുപിടിച്ചവർ നിശബ്ദമായി അവരുടെ പ്രണയം കൈമാറിക്കൊണ്ടിരുന്നു..

"അതെ നിബന്ധനകൾ ഇല്ലാതെ കണ്ണുനീരോ വേദനകളോ ഇല്ലാതെ... പൂർണ്ണമായ മനസോടെ ഉള്ളിൽ അലയടിക്കുന്ന പ്രണയത്തോടെ തന്റെ ജീവന്റെ ജീവിതത്തിന്റെ പാതിയായി രുദ്രൻ നാളെ അവന്റെ നന്ദയെ സ്വന്തം ആക്കും... ആളോ ആരവങ്ങളോ ഇല്ലാതെ തങ്ങളുടെ പ്രണയത്തെ സാക്ഷിയാക്കി വീണ്ടും ഒരിക്കൽ ഒന്നുചേർന്ന ക്ഷേത്ര നടയിൽ വച്ചൊരൊന്നുചേരൽ.. " സമയം ഒത്തിരി കടന്നു പോയതും ഇരുവരും അതെ ഇരിപ്പ് തുടർന്നു... നന്ദയുടെ മിഴികൾ പതിയെ നിദ്രയോട് ചേർന്നു നിന്നു കൊണ്ടിരുന്നു.. "നന്ദ... ഉറങ്ങാതെ... റൂമിൽ പോയി കിടക്ക്.. നാളെ കാലത്ത് നമുക്ക് ക്ഷേത്രത്തിൽ പോകേണ്ടേ...ചെല്ല്.. " തന്റെ നെഞ്ചിൽ കിടക്കുന്നവളെ പതിയെ അടർത്തി മാറ്റിക്കൊണ്ട് പറഞ്ഞതും അവൾ ഒന്ന് ചിണുങ്ങിക്കൊണ്ട് വീണ്ടും അവന്റെ നെഞ്ചോടു ചേർന്നിരുന്നു...

അത് കണ്ടതും രുദ്രന്റെ ചൊടികളിൽ ഒരു പുഞ്ചിരി മൊട്ടിട്ടു... അവന്റെ കൈകൾ അവളെ ഒത്തിരി ഒത്തിരി പ്രണയത്തോടെ ചേർത്തു പിടിച്ചു.. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 പിറ്റേന്ന് കാലത്ത് തന്നെ രുദ്രനും ശിവദയും അവളുടെ വീട്ടിൽ പോയി അച്ഛന്റെ കുഴിമാടത്തിൽ ചെന്ന് അനുഗ്രഹം വാങ്ങി നേരെ ക്ഷേത്രത്തിലേക്ക് വിട്ടു... ഒരിക്കൽ അണിഞ്ഞൊരുങ്ങി നിന്ന അതെ ക്ഷേത്രനടയിൽ ഇന്ന് ചമയങ്ങൾ ഒന്നും ഇല്ലാതെ അവൾ നിന്നു. ഗോൾഡൻ കളർ ഉള്ള ഒരു സെറ്റ് സാരിയായിരുന്നു അവളുടെ വേഷം.. മുട്ടറ്റം ഉള്ള മുടി ഇല്ലിയിട്ട് വിടർത്തി അഴിച്ചിട്ടിട്ടുണ്ട്, അതിൽ നിറയെ മുല്ലപ്പൂവും...

ഇരുകൈയിലും നേരിയ രണ്ടു സ്വർണ്ണവളകൾ. കഴുത്തിൽ നേരിയ ഒരു ഗോൾഡൻ ചെയിൻ... നെറ്റിയിൽ കുഞ്ഞു പൊട്ട്, കണ്ണുകൾ വാലിട്ടെഴുതിയിട്ടുണ്ടെന്നല്ലാതെ വേറെ ചമയങ്ങൾ ഒന്നും അവൾക്കില്ല... എങ്കിലും അതീവ സുന്ദരി തന്നെയായിരുന്നു നന്ദ .. രുദ്രൻ ഗോൾഡ് കളർ ഷർട്ടും അതെ കര മുണ്ടും ആയിരുന്നു ധരിച്ചിരുന്നത്...രുദ്രന്റെ പേരെന്റ്സ് അല്ലാതെ പ്രവീൺ മാത്രമായിരുന്നു ആ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഉണ്ടായിരുന്നത്.... പരസ്പരം ചേർന്നു നിന്നു കൊണ്ട് ഉണ്ണിക്കണ്ണനെ തൊഴുമ്പോൾ ഇരുവരുടെ ഉള്ളിലും പ്രണയം അലയടിക്കുകയായിരുന്നു... "സമയം ആയി... താലി കെട്ടാം.. "

പൂജാരി വന്നു പറഞ്ഞതും രുദ്രൻ മിഴിയുയർത്തി നന്ദയെ നോക്കി അവളുടെ കണ്ണുകൾക്ക് പതിവിലും തിളക്കം ഉള്ളത് പോലെ തോന്നി രുദ്രന്... അവളുടെ കവിൾ തടങ്ങൾ അസ്തമയ സൂര്യനെ പോലെ ചുവന്നു നിൽപ്പുണ്ട്... രുദ്രൻ ഒരു പുഞ്ചിരിയോടെ പൂജാരിയിൽ നിന്നും താലി വാങ്ങി അവളുടെ കഴുത്തിൽ അണിയിച്ചു.. കൈകൾ കൂപ്പി മിഴികൾ അടച്ചു കൊണ്ട് രുദ്രൻ എന്ന് പേരുകൊത്തിയ ആലിലതാലി വീണ്ടും നെഞ്ചിൽ ഏറ്റു വാങ്ങുമ്പോൾ നന്ദയുടെ മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു തൂകി.. അവളുടെ സീമന്തരേഖ വീണ്ടും രുദ്രൻ ചുവപ്പിക്കുമ്പോൾ അതിന് ത്യാഗത്തിന്റെതല്ലാതെ മറിച്ചു പ്രണയത്തിന്റെ ചുവപ്പായിരുന്നു..

പരസ്പരം ഹാരങ്ങൾ അണിയിച്ചുകൊണ്ട് തന്റെ പാതിയെ വീണ്ടും പ്രാണനിൽ ചേർക്കുമ്പോൾ അവന്റ ഉള്ളവും അവൾക്കായി പ്രണയപുഷ്പ്പങ്ങൾ പൊഴിച്ചുകൊണ്ടിരുന്നു... അഗ്നിയേ വലം വച്ചുകൊണ്ട് നിറഞ്ഞ മനസാലെ ചടങ്ങുകൾ പൂർത്തീകരിച്ചു പുതിയ ജീവിതത്തിലേക്ക് പതിയെ ഇരുവരും കാലെടുത്തു വച്ചു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "എടാ വിഷ്ണു നീ എന്തൊക്കെയാ പറയുന്നെ അത് കഴിഞ്ഞിട്ട് വർഷങ്ങൾ ആയില്ലേ.. ഇന്നും ആ പകയും മനസ്സിൽ ഇട്ട് പകരം ചെയ്യാൻ പോകുവാണോ നീ.. നിനക്ക് അന്ന് രുദ്രന്റെ കൈയിൽ നിന്ന് കിട്ടിയതൊന്നും പോരേ.. "

കാർത്തിക് വിഷ്ണുവിനു നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചതും അവന്റെ ചുണ്ടിൽ ഒരു പുച്ഛചിരി വിടർന്നു.. "പക അത് മാത്രം ഉള്ളത് കൊണ്ടാണ് കാർത്തിക് ഇന്ന് ഈ വിഷ്ണു ജീവിച്ചിരിക്കുന്നത്.... ആ രുദ്രൻ അവന് ഉള്ളത് ഞാൻ കൊടുക്കും... അവന്റെ ഭാര്യയെ ഒന്ന് തൊട്ടതിനല്ലേ അവൻ എന്നെ തല്ലി ചതച്ചത്.... നാട്ടുകാരുടെ മുന്നിൽ നാണം കേട്ടത് ഞാൻ ആണ് കാർത്തിക്..ഒന്നും മറക്കാൻ എനിക്ക് കഴിയില്ല.. മാസങ്ങളോളം ആണ് ഞാൻ ഒന്ന് അനങ്ങാൻ പോലും കഴിയാതെ ഹോസ്പിറ്റലിൽ കിടന്നത്.. ഒന്നും മറന്നിട്ടല്ല വിഷ്ണു തിരികെ വന്നത്... ഞാൻ കരഞ്ഞതിനൊക്കെ പകരം ആയി ആ രുദ്രനെ കൊണ്ട് കരയിപ്പിക്കും ഞാൻ..

അവന്റെ മുന്നിൽ നിന്ന് തന്നെ അവന്റെ ഭാര്യയെ അനുഭവിക്കും ഞാൻ.. സത്യം പറയാലോ കാർത്തിക് ആരും കൊതിക്കുന്ന രൂപം ആണവൾ... കണ്ട്രോൾ പോയിട്ടു തന്നെയാണ് അന്ന് അവളുടെ കൈയിൽ കയറി പിടിച്ചത്... പക്ഷേ അപ്പോഴേക്കും ആ. പന്ന, @@%@$@@*@@@%@മോൻ എല്ലാം നശിപ്പിച്ചു... ഒക്കെ എന്റെ ഓർമയിൽ ഉണ്ട്.. എല്ലാത്തിനും പകരം ചെയ്യാൻ തന്നെയാണ് ഇന്ന് ഞാൻ തിരിച്ചു വന്നതും... എന്റെ കൈയിൽ കിട്ടും രണ്ടിനെയും..... അവന്റെ മുന്നിൽ വച്ചു തന്നെ അവളെ എനിക്ക് വേണം.. അത് കണ്ട് ഉരുകി നാണം കെട്ടവൻ മരിക്കണം... "

പകയെരിയുന്ന കണ്ണുകളോടെ വിഷ്ണു പറഞ്ഞു നിർത്തിയതും കാർത്തിക് ഒന്ന് പുഞ്ചിരിച്ചു... കൈയിലെ മദ്യം നിറഞ്ഞ ഗ്ലാസ്സ് ചുണ്ടോടടുപ്പിക്കുമ്പോൾ വിഷ്ണുവിന്റെ ഉള്ളം മുഴുവൻ രുദ്രനോടുള്ള പകയും നന്ദയുടെ ശരീരത്തോടുള്ള കൊതിയും ആയിരുന്നു.... ക്രൂരമായ ചിരിയോടെ അവൻ ആ ഗ്ലാസ്സ് മദ്യം മുഴുവൻ ഒറ്റ വലിക്ക് കുടിച്ചു.. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 നിലവിളക്കും പിടിച്ചുകൊണ്ട് രുദ്രനോട് ചേർന്നുകൊണ്ട് ശ്രീശൈലത്തിന്റെ പടികയറുമ്പോൾ അവളും അവനും പുതിയൊരു ജീവിതം നെയ്തെടുക്കുകയായിരുന്നു.. പ്രണയവും കരുതലും ഇണക്കവും പിണക്കവും നിറഞ്ഞ ജീവിതത്തിലേക്ക് വലതുകാൽ വെച്ചവർ കയറുമ്പോൾ അണിയറയിൽ പുതിയ ചതിക്കുഴികൾ അവർക്കായി ഒരുങ്ങുന്നത് രുദ്രനോ അവന്റെ നന്ദയോ അറിഞ്ഞിരുന്നില്ല.... അവരിൽ അപ്പോഴും സന്തോഷം നിറയുകയായിരുന്നു ആ വീടും വീട്ടുകാരും അവരുടെ ആ പ്രിയ നിമിഷത്തിൽ പുഞ്ചിരിയോടെ പങ്ക് ചേർന്നു......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story