സ്വയം വരം 💞: ഭാഗം 1

swayamvaram jifna

രചന: ജിഫ്‌ന നിസാർ

ഒന്ന് മതിയാക്കെടി ദച്ചൂ... അവന്റെ ചോര വറ്റി പോകും നീ ഇങ്ങനെ ഊറ്റി എടുത്താൽ " തോളിൽ പിടിച്ചു കുലുക്കി അനഘയുടെ ചോദ്യത്തിലാണ് ദച്ചു കണ്ണ് വെട്ടിച്ചത്.. "അതിന് നിനക്കെന്താ അനൂ... അവൻ എന്റെയല്ലേ... ഈ ദർശന ഹരിചന്ദ്രന്റെ സ്വന്തം പറയുമ്പോൾ അവളുടെ കണ്ണുകൾ നക്ഷത്രം പോലെ തിളങ്ങി.. ചുണ്ടിലെ ചിരിക്ക് നൂറഴകായിരുന്നു ആ നിമിഷം. "എന്നാര് പറഞ്ഞു " ചിരി അമർത്തി കൊണ്ട് അനു തിരിച്ചു ചോദിച്ചു.. "ഞാൻ.... ഞാൻ മാത്രം പറയും " ഇളിച്ചു കാണിച്ചു കൊണ്ട് ദച്ചൂ വീണ്ടും ദൂരെയുള്ള അവനിൽ കണ്ണുകൾ പതിപ്പിച്ചു.. തോളിൽ കിടന്ന ടവ്വൽ എടുത്തിട്ട് മുഖം ഒന്നമർത്തി തുടച്ചിട്ട്... കയ്യിലുള്ള വെള്ളം കുടിക്കുന്നുണ്ട്.. ആരാധനയോ...

അതിനേക്കാൾ അധികം പ്രണയമോ.. ദച്ചൂ സ്വയം മറന്നിട്ട് അവനെ നോക്കി ഇരുന്നു.. "നിന്റെ ഈ ഭാവം കാണുമ്പോൾ എനിക്ക് പേടി തോന്നുന്നുണ്ട് ദച്ചൂ... ഒരു വർഷമായില്ലേ ഈ നോട്ടം.. എന്നിട്ടും തിരിച്ചൊരു നോട്ടം കൂടി നിന്റെ നേരെ വീഴുന്നത് ഞാൻ കണ്ടിട്ടില്ല.. പക്ഷേ... നീ ഇപ്പോഴും... അവനെന്ന ഒറ്റ ലോകത്ത് മാത്രം ജീവിക്കാൻ ആഗ്രഹിക്കുന്നു... ഇനിയെങ്കിലും നീ തിരിച്ചറിയ്യ് ദച്ചൂ... അവനങ്ങനെയൊന്നും ഇല്ല നിന്നോട്... ഡാൻസ് എന്ന മന്ത്രം മാത്രം അറിയാവുന്ന ചെക്കനെ... എന്തിനാടി നീ വെറുതെ... വിട്ടേക്ക് ദച്ചൂ... നിന്നെ സ്നേഹിക്കാൻ അറിയാവുന്ന ഒരാളെ നിന്റെ പപ്പാ കണ്ടെത്തി തരില്ലേ..." അനു നയത്തിൽ ദച്ചൂവിന്റെ നേരെ നോക്കി.. നോട്ടം മാറ്റാതെ തന്നെ അവളൊന്നു ചിരിച്ചു.. കണ്ണുകൾ അപ്പോഴും അവനിൽ തന്നെ.. "ഈ ഒരു വർഷം.... ഡാൻസ് എന്നത് എന്റെ നിഘണ്ടുവിൽ പോലും ഇല്ലാഞ്ഞിട്ടും... ഞാൻ ഇവിടെ എത്തിയതും...

ഡാൻസ് പഠിച്ചു തുടങ്ങിയതും എല്ലാം.... എന്തിനാണെന്ന് നിനക്കറിയില്ലേ അനൂ..." തല ചെരിച്ചിട്ട് ദച്ചൂ അനുവിന്റെ നേരെ നോക്കി.. അനു ഒന്ന് തല കുലുക്കി.. "സൂര്യയെ കാണാൻ മാത്രം... അവന്റെ കൂടെ ഇരിക്കാനുള്ള മോഹം കൊണ്ട് മാത്രം... ഈ ഇഷ്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ... നിനക്കറിയില്ലേ അതിന്റെ ആഴം... കോളേജിൽ ഞാൻ ചെല്ലുമ്പോഴേ ഹീറോ ആയിരുന്നവനോട് തോന്നിയ ക്രഷ് " പറയുമ്പോൾ അവളുടെ മുഖം തിളങ്ങി... "അത് തന്നെയല്ലേ നിന്റെ ഇഷ്ടം ഞാൻ ചെന്നിട്ട്..സൂര്യജിത്തിനോട് പറഞ്ഞപ്പോൾ അവനും പറഞ്ഞത്... മിനിസ്റ്ററുടെ മോൾക്ക് ഉള്ളത് വെറും ക്രഷ് ആണെന്ന്...അതിന് വേണ്ടി തുള്ളാൻ അവന് സമയം ഇല്ലെന്ന്... അങ്ങനെ ഉള്ളവരെ പോയി തിരഞ്ഞു കണ്ടു പിടിച്ചോളാൻ ഒരു ഉപദേശവും അവന്റെ വക..ഫ്രീ ." അനു കൊറുവിച്ചു പറഞ്ഞത് കേട്ട് ദച്ചൂ ഒന്ന് ചിരിച്ചു..

"എന്താ അവളുടെ ഒരു ഇളി.. നാണം ഉണ്ടോ ടി നിനക്ക്... വല്ല്യ മന്ത്രിയുടെ മോളാണ്... പുറകെ ഒരായിരം ചെക്കൻമാർ ക്യൂ നിൽപ്പുണ്ട്... അവരെയൊന്നും അവൾക്ക് വേണ്ട... ഇവനെന്താ ഇത്രയും പ്രതേകത.. നിന്റെ പപ്പയുടെ PA കൂടിയല്ലേ അവന്റെ അച്ഛൻ... എന്നിട്ടും ഇത്രയും അഹങ്കാരം പാടുണ്ടോ " അനു ദേഷ്യത്തോടെ പറഞ്ഞിട്ടും ദച്ചൂ ചിരി തന്നെയാണ്.. "ആ അഹങ്കാരം തന്നെയാണ് അനൂ എന്റെ സൂര്യയുടെ അലങ്കാരം... അത് തന്നെയാണ് അവനിൽ എന്നെ പിടിച്ചു നിർത്തുന്നതും..." സൂര്യയെ തന്നെ നോക്കി ദച്ചൂ അത് പറയുമ്പോൾ ആ കണ്ണിൽ അവനോടുള്ള പ്രണയം കത്തി ജ്വലിക്കുന്ന പോലെ... "നീ പറഞ്ഞല്ലോ എന്റെ പിറകെ ഉള്ളവരെ കുറിച്ചിട്ട്.. അവന്മാർക്കൊന്നും വേണ്ടത് ദർശനയെന്ന എന്റെ പ്രണയം അല്ല... എന്റെ പപ്പയെ കൂട്ട് പിടിച്ചിട്ട് നേടാനുള്ള പദവിയിലാണ് സ്നേഹം... പക്ഷേ...

സൂര്യ അങ്ങനെയല്ല... അവനൊരിക്കൽ മനസ്സിലാവും എന്നെ... എന്റെ സ്നേഹം... അന്നവനും എന്നെ തിരികെ സ്നേഹിക്കാതിരിക്കാൻ കാരണങ്ങൾ ഉണ്ടാവില്ല " വല്ലാത്തൊരു ഉറപ്പോടെ ദച്ചൂ അനുവിന്റെ നേരെ നോക്കി.. "മ്മ്... നോക്കി ഇരുന്നോ... ഇങ്ങനെ വായി നോക്കി തീരും നിന്റെ ജീവിതം... അന്നും അവൻ പറയും അത് നിന്റെ ക്രഷ് ആണെന്ന്... നിന്റെ അഹങ്കാരം ആണെന്ന് " ചാടി എഴുന്നേറ്റു കൊണ്ട് അനൂ അവളെ നോക്കി.. ദച്ചൂ ഒന്നും മിണ്ടാതെ നോട്ടം അവന്റെ നീട്ടി.. കൂടെ ഉള്ളവരോട് എന്തോ പറഞ്ഞിട്ട് ചിരിക്കുന്നുണ്ട്... എന്ത് ഭംഗിയായി ചിരിക്കാൻ അറിയാം നിനക്ക് സൂര്യ.... അവൾ പതിയെ പറഞ്ഞു... കൈ ഇല്ലാത്തൊരു ബനിയനും.... ലൂസായൊരു പാന്റും... നീണ്ട മുടി ഇഴകൾ... പിന്നിലേക്ക് കോതി വെച്ചിരിക്കുന്നു.. മസിൽ പെരുപ്പിച്ച കൈകളിൽ ഇറുകി കിടക്കുന്ന സ്റ്റീൽ വളയോട് പോലും ദച്ചുവിന് അസൂയയാണ്...

അവനിൽ ചേർന്ന് നിൽക്കാൻ ആവുന്ന എല്ലാത്തിനോടും അവൾക്ക് അതേ വികാരം തന്നെയാണ്.. ഇനിയെന്നാണ് സൂര്യ എന്റെ ഈ ഇഷ്ടം നീ ഒന്നറിയുന്നത്... വെറുമൊരു കൗതുകം അല്ല ദർശനക്ക് സൂര്യജിത്ത് എന്നത് ഇനി എങ്ങനെയാണ് ഞാൻ നിന്നെ അറിയിക്കേണ്ടത്... മന്ത്രിയുടെ മോൾക്ക് തട്ടി കളിക്കാൻ വേണ്ടിയല്ല... ജീവനോളം സ്നേഹിക്കാൻ വേണ്ടിയാണ് നിന്നെ ആവിശ്യപെടുന്നതെന്ന് എങ്ങനെ ഞാൻ നിന്നോട് പറയും.. എല്ലാവരോടും... ഒത്തിരി സ്നേഹത്തോടെ ചിരിച്ചു മാത്രം സംസാരിക്കാൻ അറിയാവുന്ന നീ ഞാൻ അരികിൽ വരുമ്പോൾ.... ഗൗരവത്തിന്റെ മേൽ മൂടി അണിയുന്നത് കൊണ്ടല്ലേ... ഞാൻ ഒന്നും പറയാൻ ആവാത്ത വിധം തോറ്റു പോകുന്നത്... ഡീ... അനു കൈ തട്ടി വിളിക്കുമ്പോൾ... ദീർഘനിശ്വസത്തോടെ ദച്ചൂ എഴുന്നേറ്റു... താഴെ കിടന്ന ബാഗ് എടുത്തു... പോയാലോ "

അനുവിന്റെ നേരെ നോക്കി ചോദിച്ചു.. "ഇന്നത്തെ വായി നോട്ടം കഴിഞ്ഞോ " അനു തിരിഞ്ഞു ചോദിക്കുമ്പോൾ അവളൊന്നു ഇളിച്ചു കാണിച്ചു.. പോടീ... ഞാൻ ഡാൻസ് പഠിക്കാൻ വരുന്നതല്ലേ.. ഇന്നത്തെ കഴിഞ്ഞു.. ഇനി നാളെ " അവളുടെ നേരെ നോക്കി കണ്ണുരുട്ടി കൊണ്ട് ദച്ചൂ പറയുമ്പോൾ... അനു ചുണ്ട് കോട്ടി... "മ്മ്... ഇത് മോള് വേറെ ആരോടെങ്കിലും പറഞ്ഞോ... വെള്ളം തൊടാതെ വിഴുങ്ങും.. പക്ഷേ എന്നോട് വേണ്ട... യാതൊരു കാര്യവും ഇല്ലാഞ്ഞിട്ടും നിന്റെ വായി നോട്ടത്തിന് സാക്ഷിയാവാൻ ഈ ഞാനും ഇവിടെ വന്ന് കുത്തിയിരിക്കാൻ തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞു... നീ ഇത്തിരി സ്റ്റെപ് എങ്കിലും പഠിച്ചു... ഞാനോ... ഗോവിന്ദ..." അനു അവളുടെ തോളിൽ അടിച്ചു കൊണ്ട് പറയുമ്പോൾ ദച്ചൂ വേദനിച്ചത് പോലെ മുഖം ചുളിച്ചു.. "നിനക്ക് ഡാൻസ് ഇഷ്ടമല്ലാത്തത് എന്റെ കുറ്റം ആണോ

"ദച്ചൂ ചോദിക്കുമ്പോൾ അനു അവളെ ഒന്ന് കൂർപ്പിച്ചു നോക്കി.. "പിന്നെ... നിനക്ക് പിന്നെ ഡാൻസ് ജീവൻ ആണല്ലോ... ഒന്ന് പോയേ പെണ്ണേ... നീയാ ചെക്കൻ ഉള്ളത് കൊണ്ടല്ലെടി.. ഇല്ലേൽ ഈ പരിസരത്ത് വരുമോ " അനു കളിയാക്കി.. ദച്ചൂ ഒന്ന് ഇളിച്ചു കാണിച്ചു.. മൂന്നു മണിക്ക് കോളേജ് വിട്ടാലും അഞ്ചു മണി വരെയും ഇവിടെ കുത്തി ഇരിക്കണം ഞാനും... നിനക്ക് വേണ്ടി " അനു അവളെ നോക്കി... നീ എന്റെ ബെസ്റ്റിയല്ലെടി മുത്തേ " ദച്ചൂ അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു.. അനു ചിരിച്ചു പോയിരുന്നു അവളുടെ ഭാവം കണ്ടിട്ട്.. പോവാ... അനു അവളെ നോക്കി.. ദച്ചൂ ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് മൂളി... നെക്സ്റ്റ് സ്റ്റെപ് പ്രാക്ടീസ് ചെയ്യാനുള്ള ഒരുക്കത്തിൽ ആയിരുന്നു സൂര്യയപ്പോൾ... കണ്ണും മെയ്യും ഒരുപോലെ ലയിച്ചു കൊണ്ടവൻ ഡാൻസിൽ മുഴുകുമ്പോൾ.... ഒരടി പോലും മുന്നോട്ട് നടക്കാൻ ആവാതെ അവന്റെ നേരെ ശ്വാസം വിടാൻ പോലും മറന്നെന്ന പോലെ ദച്ചൂ നോക്കുമ്പോൾ... ഒന്ന് മൂളി കൊണ്ട് അനു അവളെ പിടിച്ചു വലിച്ചു നടന്നു കഴിഞ്ഞിരുന്നു.. അങ്ങനെയല്ലാതെ അവൾ ഒരിക്കലും അവന്റെ മായ വലയത്തിൽ നിന്നും പുറമെ വരില്ലെന്ന് അവൾക്ക് നന്നായി അറിയാം... 💞💞💞

തിരികെ വീട്ടിൽ എത്തി... കുളിക്കാൻ പോലും കൂട്ടാക്കാതെ ബെഡിലേക്ക് മറിയുമ്പോൾ.... വല്ലാത്തൊരു നിർവൃതിയിൽ പെട്ടു പോയിരുന്നു ദച്ചൂവിന്റെ മനസ്... സൂര്യ എന്ന ഒറ്റ നൂലിൽ മാത്രം അവളെ കൊരുത്തിട്ട പോലെ.. അറിയില്ല... ഇത്രയും ആഴത്തിൽ അവനെങ്ങനെ ഉള്ളിൽ അലിഞ്ഞു ചേർന്നെന്ന്.. മിനിസ്റ്ററുടെ മകൾ... അവന്റെ കണ്ണിൽ അഹങ്കാരി ആയേക്കാം.. ജീവിതം വെറും കുട്ടിക്കളി ആയി കാണുന്നവൾ ആയേക്കും.. പക്ഷേ... പറഞ്ഞും കേട്ടും അറിഞ്ഞ നാൾ മുതൽ അവനിൽ ചേരാൻ കൊതിക്കുന്ന തന്നെ മാത്രം അവനറിയില്ല... കോളേജിൽ ചെല്ലുന്നതിന് മുന്നേയും സൂര്യയെ കണ്ടിട്ടുണ്ട്... രണ്ടോ മൂന്നോ തവണ ഏന്തോ ഫങ്ക്ഷന് വേണ്ടി വീട്ടിൽ വന്നിട്ടുണ്ട് അവനും അവന്റെ കുടുംബവും... റവന്യു മന്ത്രി ഹരിചന്ദ്രന്റെ പേർസണൽ സെക്രട്ടറിയാണ്... സൂര്യയുടെ അച്ഛൻ... മുകുന്ദൻ....

സൂര്യയെ കൂടാതെ രണ്ടാണ്മക്കൾ കൂടി ഉണ്ട് മുകുന്ദന്... ഇന്ദ്രജിത്തും ദേവ ജിത്തും... അവരുടെ അമ്മ ദേവയാനി... ഫാമിലി തമ്മിൽ അത്ര വലിയൊരു അടുപ്പമൊന്നും ഇല്ലങ്കിൽ കൂടിയും പപ്പയും മുകുന്ദൻ അങ്കിളും... ആത്മാർത്ഥ കൂട്ടുകാർ കൂടിയാണ്.. യൗവനത്തിൽ തന്നെ രാഷ്ട്രീയം തലയിൽ പറ്റി പിടിച്ച ഹരി ചന്ദ്രന്റെ കൂടെ... ആ വഴി ഇഷ്ടമല്ലങ്കിൽ കൂടിയും... മുകുന്ദൻ ഒരു നിഴൽ പോലെ ഉണ്ട്.. മന്ത്രിയായതിനു ശേഷം... മുകുന്ദന്റെ ബിസിനസ് ഒക്കെയും മക്കളെ ഏല്പിച്ചു കൊണ്ട് പൂർണമായും തനിക്കൊപ്പം വേണമെന്ന ഹരി ചന്ദ്രന്റെസ്നേഹം കൊണ്ടുള്ള വാശി ഒടുവിൽ... മുകുന്ദൻ മനസ്സോടെ ഏറ്റെടുത്തു.. ഇന്ദ്രന്റെയും ദേവന്റെയും ഒപ്പം തന്നെ സൂര്യക്കും ഓഫീസിൽ ഒരു ചെയർ ഉണ്ട്.. പഠനത്തിനൊപ്പം തന്നെ ജീവനെ പോലെ അവൻ സ്നേഹിക്കുന്ന ഡാൻസിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞത് കൊണ്ട് തന്നെ...

അറിയപ്പെടുന്ന ഒരു ഡാൻസർ കൂടിയാണ് സൂര്യജിത്ത്.. അവന്റെ സാന്നിധ്യമുള്ള വേദിയിൽ എപ്പോഴും ജന സാഗരം തന്നെ കാത്തിരിക്കും.. ആ നടന വിസ്മയം ആസ്വദിക്കുവാൻ... തേജസ്‌ എന്ന ഡാൻസ് സ്കൂൾ കൂടി അവന്റെ കയ്യിൽ ഭദ്രമായിരുന്നു.. അവനോടുള്ള പ്രണയം അടക്കാൻ ആവാതെ... ആ മുഖം കാണാതെ തനിക്കൊരിക്കലും കഴിയിലെന്ന തിരിച്ചറിവിലാണ്... ഡാൻസ് പഠനം എന്ന കടമ്പ ദച്ചൂ ഏറ്റെടുത്തത്... കാണാമല്ലോ എന്നും.... സ്റ്റെപ്പ് പറഞ്ഞു തരാൻ വേണ്ടിയാണേലും അരികിൽ വരുമല്ലോ... അതായിരുന്നു ഉദ്ദേശിച്ചത്..പക്ഷേ.... ഇത് വരെയും അവൻ അരികിൽ വന്നിട്ടൊരു...സ്റ്റെപ്പ് പോലും പറഞ്ഞു തന്നിട്ടില്ല.. ഡാൻസിനെ കുറിച്ച് ഒന്നും അറിയാത്ത.... വെറുതെ പോലും ഒരു സ്റ്റെപ്പ് പോലും കളിക്കാത്ത താൻ തേജസ്‌ ഡാൻസ് സ്കൂളിൽ അഡ്മിഷൻ എടുക്കുന്നു എന്ന് പപ്പയോടു പറഞ്ഞപ്പോൾ....

നോക്കിയ നോട്ടത്തിൽ അത്ഭുതം നിറഞ്ഞു നിന്നിരുന്നു... ദച്ചു ചിരിയോടെ ഓർത്തു.. ഡാൻസ് പഠിച്ചെടുക്കാൻ ഇപ്പൊ ആഗ്രഹിക്കുന്നു എന്നൊരു ഒഴുക്കൻ ഉത്തരം പറഞ്ഞിട്ട് പപ്പയുടെ ചുഴിഞ്ഞു നേട്ടത്തിന് മുന്നിൽ പിടിച്ചു നിൽക്കുമ്പോൾ... അപ്പോഴും അതിശയം മാറാതെ അമ്മ കൂർപ്പിച്ചു നോക്കിയപ്പോൾ ഒന്ന് ഇളിച്ചു കൊടുത്തു.. വർഷം ഒന്ന് കഴിഞ്ഞു.... ഡാൻസ് ഇപ്പോഴും പഠിച്ചിട്ടില്ല എന്നത് പോട്ടെ... കണ്ണിമ വെട്ടാതെ നോക്കി ഇരുന്നവന് ഇപ്പോഴും തന്റെ പ്രണയം വെറും ക്രഷ് ആയിട്ട് തന്നെ തുടരുന്നു.. ദച്ചുവിന് ചിരി വന്നു അവനെ ഓർക്കുമ്പോൾ... തലയിണ ചേർത്ത് അമർത്തി കിടക്കുമ്പോൾ... അതിനും അവന്റെ പേരായിരുന്നു..ആ മുറിയിൽ അവളെ തഴുകുന്ന ചെറിയൊരു കാറ്റിനു പോലും പേര് സൂര്യ എന്നു തന്നെയാണ്. ദച്ചു...... താഴെ നിന്നും അമ്മയുടെ വിളി കേട്ടപ്പോൾ അവൾ എഴുന്നേറ്റു.. റൂമിന്റെ പുറത്തിറങ്ങി...

"ചായ വേണ്ടേ മോളെ.... സ്റ്റെയറിനു കീഴിൽ നിന്നിട്ട് സുകന്യ ചോദിച്ചു.. കുളിച്ചു വരാം അമ്മാ... ചിരിച്ചു കൊണ്ടവൾ പറയുമ്പോൾ... അവരും ചിരിയോടെ തലയാട്ടി. മൂളി പാട്ടോടെ... അകത്തേക്ക് നടന്നു ദച്ചു.. ഡ്രസ്സ്‌ എടുക്കാൻ വേണ്ടി.... അലമാരയിൽ പരതുമ്പോൾ.... ആരും കാണാതെ ഒളിപ്പിച്ചു വെച്ച സൂര്യയുടെ ഫോട്ടോ അവൾ കയ്യിലെടുത്തു..ഫോൺ ഗ്യാലറി നിറഞ്ഞു കവിഞ്ഞു കിടപ്പുണ്ട്... പല പോസിൽ ഉള്ളത്.. എല്ലാത്തിലും അവന്റെയാ കൊല്ലുന്ന ചിരി ഉണ്ടായിരുന്നു... അവൾക്കേറ്റവും ഇഷ്ടമുള്ളത്. കൈ കൊണ്ടവൾ അവന്റെ മുഖം ഒന്ന് തലോടി.. സൂര്യ.... നീ എന്നോട് കാണിക്കുന്ന ഓരോ അവഗണനകളും... എനിക്കുള്ള തിരിച്ചറിവുകളാണ്.. നീ എന്റെ ഹൃദയത്തിൽ എത്രമാത്രം ആഴത്തിൽ പതിഞ്ഞു പോയെന്നുള്ള തിരിച്ചറിവിന്റെ നിമിഷങ്ങൾ... കൂടുതൽ കൂടുതൽ നിന്നെ സ്നേഹിക്കാനുള്ള കാരണം തേടുന്ന എന്നെ എത്ര കാലം നീ കണ്ടില്ലെന്ന് നടിക്കും... ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ തന്നെ അവളാ ഫോട്ടോ തിരികെ വെച്ചിട്ട് കുളിക്കാൻ കയറി.... തുടരും... 

Share this story