സ്വയം വരം 💞: ഭാഗം 14

swayamvaram jifna

രചന: ജിഫ്‌ന നിസാർ

ഒന്ന് പെട്ടന്ന് വാ ദച്ചു... താഴെ നിന്നും സുകന്യ വിളിക്കുന്നത് കേട്ടിട്ട് തന്നെ ഇറങ്ങി ചെല്ലുമ്പോൾ അവളുടെ മുഖം വീർത്തു പോയിരുന്നു.. അത് കണ്ടിട്ട് സുകന്യ അവളെ ഒന്ന് ഇരുത്തി നോക്കി.. "ഇങ്ങനെ നോക്കണ്ട... ആകെകൂടി കിട്ടുന്ന ഒരു സൺ‌ഡേ... അന്നും വെളുപ്പിന് വിളിച്ചു കൂവും... അമ്മേടെ ഒരു കൃഷ്ണനെ കാണാൻ പോക്ക്.. എന്നാ ഒറ്റയ്ക്ക് പോകുവോ.. അതും ഇല്ലാ...എന്നിട്ടിപ്പോ നോക്കി പേടിപ്പിക്കുവാ.." ദച്ചു പറയുമ്പോൾ സുകന്യ അവളുടെ തോളിൽ ഒരു അടി വെച്ച് കൊടുത്തു... "എത്ര ആഴ്ച ആയെടി നീ അമ്പലത്തിൽ പോയിട്ട്.. ഓവർ അല്ലേലും ഇത്തിരിയെങ്കിലും ദൈവവിശ്വാസം ആവാം... എന്നിട്ടവൾ നിന്ന് വല്ല്യ വർത്താനം പറയുവാ " സുകന്യ പറയുമ്പോൾ ദച്ചു തോളിൽ ഉഴിഞ്ഞു കൊണ്ട് ചുണ്ട് ചുളുക്കി.. ഇതെല്ലാം കണ്ടു കൊണ്ട് ഹരി അപ്പോഴും സോഫയിൽ ഇരിക്കുന്നുണ്ട്.. "സീ മിസ്റ്റർ മിനിസ്റ്റർ.. വിശ്വാസം ഒക്കെ താനേ ഉണ്ടാവേണ്ടതാ.. അല്ലാതെ അതാരും പിറകെ നടന്നിട്ട് പറഞ്ഞ ഉണ്ടാവൂല എന്ന് ഭാര്യയെ ഒന്ന് പറഞ്ഞു മനസ്സിലാക്കിയ നന്നായിരിക്കും... "

ഹരിയുടെ മുന്നിൽ ചെന്നിട്ട് ഗൗരവത്തിൽ ദച്ചു അത് പറയുമ്പോൾ ഹരി ചിരിച്ചു പോയിരുന്നു... "വാ.. ഇനി ഞാൻ കാരണം കൃഷ്ണനെ കാണാൻ സമയം വൈകി എന്ന് പറഞ്ഞിട്ട്... അതിനുള്ളത് കൂടി കേൾക്കാൻ എനിക്ക് വയ്യ..." ദേഷ്യം വിടാതെ തന്നെ ദച്ചു സുകന്യയെ വിളിച്ചു.. "നിക്കെടി മോളെ.. ഞാനും വരുന്നു " ഓടി വന്നിട്ട് ഹരി അവളുടെ തോളിൽ പിടിച്ചു നടന്നു കൊണ്ട് പറയുമ്പോൾ ദേഷ്യം മാറി ദച്ചുവിന്റെ കണ്ണിൽ അത്ഭുതം നിറഞ്ഞു.. അവൾ അതേ ഭാവത്തിൽ തന്നെ സുകന്യയെ തിരിഞ്ഞു നോക്കി.. നിറഞ്ഞ ചിരിയോടെയുള്ള അവരുടെ നിൽപ്പ് കണ്ടപ്പോൾ തന്നെ അവളുടെ ഉള്ളിൽ സന്തോഷം നിറഞ്ഞു.. അമ്മയുടെ ഏറ്റവും വലിയ പരാതി ആയിരുന്നു... പപ്പയ്ക്ക് തീരെ ഈശ്വരവിശ്വാസം ഇല്ലെന്ന്.. എനിക്ക് കൂടി ഉള്ളത് നിന്റെ കയ്യിൽ ഉണ്ടല്ലോ എന്നൊരു മറുപടി കൊണ്ട് ഹരി അവരുടെ വാ മൂടും.. "ആഹാ... എന്ത് പറ്റി. എന്റെ പുന്നാര പപ്പയ്ക്ക്.. പെട്ടന്ന് ഇങ്ങനൊക്കെ തോന്നാൻ മാത്രം... ഡോക്ടറെ കാണേണ്ടി വരുമോ പപ്പാ..." ഒറ്റ കണ്ണിറുക്കി കൊണ്ട് ദച്ചു പറയുമ്പോൾ ഹരി അവളുടെ തലയിൽ ഒരു മേട്ടം കൊടുത്തു..

വാടോ... പിറകിൽ നിൽക്കുന്ന സുകന്യയേ നോക്കി കൊണ്ട്... ഹരി വിളിച്ചു. ഒരുപാട് സന്തോഷത്തോടെ തന്നെയാണ് അവർ മൂന്നാളും ഇറങ്ങിയത്... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 പ്ലീസ് വേണി... ഇന്നെങ്കിലും നീ എന്നേ മറ്റുള്ളവരുടെ മുന്നിൽ നാണം കൊടുത്തരുത്.. ഒന്ന് എണീറ്റ് വാ.. ഇപ്പൊ തന്നെ വൈകി.... പ്ലീസ് " താഴാവുന്നതിന്റെ പരമാവധിയിൽ ആയിരുന്നു ദേവ് അന്നേരം.. വേണി പക്ഷേ ഇരുന്നിടത്തു നിന്നും അനങ്ങുന്നില്ല.. ദേവ് വീണ്ടും നെറ്റിയിൽ തടവി അവളെ നോക്കി...രണ്ടാണ് ഈ ഇരുത്തതിന്റെ കാരണം.. ഒന്ന് ഇന്നലെ അച്ഛൻ അവളെ അപമാനിച്ചു .. പിന്നൊന്ന്... സൂര്യയുടെ കല്യാണകാര്യം...അവളോട്‌ പറഞ്ഞത് വളരെ വൈകിയാണ് പോലും.. അഭിമാനം ഉള്ളവരെ അല്ലേ അപമാനിക്കാൻ പറ്റൂ എന്ന് ഈ പൊട്ടിയോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുത്തിരുന്നു എങ്കിൽ..... ദേവ് ഓർത്തു.. വീട്ടിൽ ഉള്ളവരോട് ഇടപെടാൻ മടിച്ചിട്ട്...

താഴേക്കു ഇറങ്ങാൻ അവരില്ലാത്ത സമയം കാത്തിരിക്കുന്ന അവളാണ് പറയുന്നത്..... അവൾ അറിയാൻ വൈകി എന്ന്.. സൂര്യ പോലും ഇന്നലെയാണ് തീരുമാനം എടുത്തത് എന്ന് പറയാൻ പോയില്ല.. പറഞ്ഞിട്ടും അവളുടെ തർക്കത്തിനു പിന്നിൽ അത് വില പോവില്ല... എന്നോർക്കുമ്പോൾ ദേവിന് ദേഷ്യം വരുന്നുണ്ട്. പക്ഷേ ദേഷ്യത്തോടെ പറയുന്ന ഓരോ വാക്കും അവളുടെ വാശികളെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കും എന്നറിയാവുന്ന അവനൊന്നും മിണ്ടാതെ ഇരിക്കനേ നിർവാഹമുള്ളൂ... ഇതിപ്പോൾ ആദ്യ സംഭവം ഒന്നും അല്ല... എന്ത് നല്ല കാര്യം നടക്കുന്നു എന്ന് അവൾക്ക് തോന്നുമ്പോൾ വെറുതെ ഒരു വഴക്ക് ഉണ്ടാക്കി അത് അലങ്കോലമാക്കാൻ വേണ്ടി മാത്രം ജീവിക്കുന്നവൾ.... ഒന്നും കിട്ടിയില്ലേ അന്നവൾക്ക് ഹോസ്പിറ്റലിൽ പോവേണ്ടത് അത്യാവശ്യം ആയ ഒരു അസുഖം വന്നിരിക്കും.. വേണി....

പ്ലീസ്... എന്റെ അവസ്ഥ ഒന്ന് മനസ്സിലാക് നീ.. ഇത്രേം ശിക്ഷിക്കാൻ... മാത്രം എന്ത് തെറ്റാടി ഞാൻ നിന്നോട് ചെയ്തത്... എനിക്ക് മടുത്തു... " ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് ദേവ് ബെഡിലേക്ക് ഇരുന്നു..ഇന്നിപ്പോൾ അവൾ കൂടെ വേണ്ടത് അത്യാവശ്യം ആണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ആ വാശിയുടെ കനം ഇത്തിരി കൂടും... ബെഡിൽ ഇരുന്നു കളിച്ചിരുന്ന. നാച്ചി മോൾ അവന്റെ ദേഹത്ത് പറ്റി പിടിച്ചു കയറി.. ചിരിച്ചു കൊണ്ടവന്റെ മുഖത്ത് കുഞ്ഞി കൈകൾ വെച്ച് തല്ലി... ആ പുഞ്ചിരിയിലേക്ക് നോക്കിയപ്പോൾ... ദേവിന്റെ ദേഷ്യം പതിയെ മാഞ്ഞു... അവൻ വേണിയെ നോക്കി.. കല്ലിച്ച മുഖം... ഇന്നലെ അച്ഛൻ പറഞ്ഞതിന്റെ പ്രതികാരം... അവൾ വരുന്നില്ല... ഹരിയുടെ വീട്ടിലേക്ക്... ദേവ് രാവിലെ മുതൽ പുറകെ നടന്നിട്ട് കെഞ്ചിയിട്ടും അവളുടെ തീരുമാനം മാറിയിട്ടില്ല... മുഖം വീർപ്പിച്ചു തന്നെ നടക്കുന്നു... നാച്ചി മോളെ...പിടിച്ചിട്ട് വയറിൽ ഇരുത്തി അവൻ ബെഡിലേക്ക് മലർന്ന് കിടന്നു.. ഇത്തിരി നേരം കഴിഞ്ഞപ്പോൾ വാതിലിൽ മുട്ടുന്നത് കേട്ടപ്പോൾ അവൻ എഴുന്നേറ്റു...

വേണി അപ്പോഴും അനങ്ങുന്നില്ല.. കൈകൾ മാറിൽ കെട്ടി ഒരു പ്രതിമ പോലെ ഇരിക്കുന്നു.. ദേവ് നാച്ചിയെ ബെഡിൽ ഇരുത്തിയിട്ട്.. പോയി വാതിൽ തുറന്നു.. "റെഡിയായില്ലേ ദേവ്... വേണി എവിടെ... അവിടെ എല്ലാവരും നിങ്ങളെ കാത്തിരിക്കുന്നു.. വാ..." കാവ്യയാണ്... ദേവ് ഒന്ന് അകത്തേക്ക് പാളി നോക്കി.. "ഒരഞ്ചു മിനിറ്റ് കൂടി ഏട്ടത്തി.. തീർന്ന്.. ഇപ്പൊ വരാം... " ദേവ് വരുത്തി കൂട്ടിയ ചിരിയോടെ പറഞ്ഞു... കാവ്യ ചിരിച്ചു കൊണ്ട് തലയാട്ടി.. നാച്ചി മോള് എന്തിയെ... " കാവ്യ ചോദിച്ചു.. "കുഞ്ഞിനെ ഒരുക്കുവാ വേണി " വായിൽ തോന്നിയ നുണ പറഞ്ഞപ്പോൾ ദേവിന് സ്വയം പുച്ഛം തോന്നി.. പെട്ടന്ന് വാ എന്നും പറഞ്ഞിട്ട് കാവ്യ പോയപ്പോൾ ദേവ് വീണ്ടും വാതിൽ അടച്ചു.. ഒരു നിമിഷം... വേണിയെ നോക്കി. യാതൊരു കുലുക്കവും ഇല്ല.. കൈ നഖങ്ങളെ അന്ന് കാണും പോലെ.... നോക്കി ഇരിക്കുന്നു..

ഒരൊറ്റ ചവിട്ട് കൊടുക്കാൻ തോന്നിയത് ദേവ് വളരെ പണിപ്പെട്ട് അടക്കി.. "വേണി..... അവൻ വിളിക്കുമ്പോൾ... വേണി അവന്റെ നേരെ നോക്കി.. "എന്റെ അച്ഛൻ പറഞ്ഞതിന് ഞാൻ നിന്നോട് മാപ്പ് ചോദിക്കാം.. ദയവ് ചെയ്തു അതിനുള്ള പ്രതികാരം നീ ഇങ്ങനെ ചെയ്യല്ലേ... പ്ലീസ്.. ഒരിത്തിരി എങ്കിലും സ്നേഹം എന്നോട് ഉണ്ടെങ്കിൽ... പ്ലീസ്.. ഒന്നിറങ്ങി വാ.." അവളുടെ അരികിൽ ഇരുന്നിട്ട് ദേവ് അത് പറയുമ്പോൾ വേണിയുടെ മുഖം ഇത്തിരി അയഞ്ഞു.. ദേവിനോട് അവൾക്ക് ഒരുപാട് ഇഷ്ടം ഉണ്ട്... പക്ഷേ അതിനേക്കാൾ പ്രിയം... അമ്മയുടെ ഉപദേശങ്ങൾക്കായത് കൊണ്ട് തന്നെ പലപ്പോഴും ആ ഇഷ്ടത്തിന് നേരെ വേണി കണ്ണും മനസ്സും അടച്ചു പിടിച്ചിരിക്കാറാണ് പതിവ്.. "എന്റെ പോന്നു മോളല്ലേ.... പെട്ടന്ന് എഴുന്നേറ്റു റെഡിയായി വാ.. നാച്ചിയെ ഞാൻ റെഡിയാക്കാം വീണ്ടും ദേവ് പറയുമ്പോൾ വേണി അവന്റെ നേരെ നോക്കിയൊന്ന് ചുണ്ട് കോട്ടി.. എന്നിട്ട് വിജയിച്ചു എന്നാ ഭാവത്തിൽ ഒന്ന് ചിരിച്ചു കൊണ്ട് ബാത്റൂമിൽ കയറി പോയി.. അലമാരയിൽ നിന്നും പെട്ടന്ന് കിട്ടിയ ഒരു ഡ്രസ്സ്‌ എടുത്തിട്ട് നാച്ചിയെ ധരിപ്പിച്ചു കൊടുത്തു ദേവ്..

ഇടയ്ക്കിടെ ഇപ്പൊ തുറക്കുമെന്ന പ്രതീക്ഷയിൽ ബാത്റൂമിലെ വാതിലിൽ നോക്കുന്നുണ്ട്.. കുഞ്ഞിനെ ഒരുക്കി തീർന്നിട്ടും വേണി ഇറങ്ങിയില്ല.. സങ്കടവും ദേഷ്യവും കൊണ്ട് അവനാകെ തിളച്ചു മറിയുന്ന പരുവത്തിൽ ആയിരുന്നു.. എന്നിട്ടും ഒന്നും നില വിട്ട് പറയാത്തത്... അത് കൊണ്ടൊന്നും വേണിയിലൊരു മാറ്റവും വരില്ലെന്ന് ശെരിക്കും അറിയാവുന്നത് കൊണ്ടാണ്.. വല്ലാത്തൊരു വാശികാരിയാണ്.. അവളെന്താണോ കരുതിയത് അത് തന്നെ നടത്തി കളയും.. വേണി... തീർന്നില്ലേ.. വാതിൽ മുട്ടി കൊണ്ട് ദേവ് വീണ്ടും ചോദിച്ചു.. അമർത്തി ഒരു മൂളലോടെ വേണി പുറത്തേക്കിറങ്ങി.. വിളിക്കാൻ വേണ്ടി കാത്തിരുന്നത് പോലെ.. "പെട്ടന്ന് ഒരുങ്ങി വാ.. ഞാനും മോളും താഴെ കാണും " ദേവ് പറഞ്ഞു.. "അങ്ങനെ എടി പിടിന്ന് ഒരുങ്ങാൻ ഒന്നും പറ്റില്ല.. ഒരുങ്ങി തീരുമ്പോൾ ഞാൻ അങ്ങോട്ട്‌ വരും.. കാത്തു നിൽക്കാൻ സൗകര്യം ഇല്ലാത്തവരോട് പോകാൻ പറ..

ഹരി ചന്ദ്രന്റെ വീട്ടിലോട്ടു നിങ്ങൾക്ക് വഴി അറിയില്ലേ..." ദാർഷ്ഡ്യം പോലെ വേണി അത് പറയുമ്പോൾ.. നാവിൽ തുമ്പിൽ വന്നു കയറിയ വാക്കുകൾ ദേവ് വളരെ പ്രയാസപ്പെട്ടു കൊണ്ട് അമർത്തി.. കാത്തു നിൽക്കുന്നത് കൊണ്ട് പ്രതേകിച്ചു പ്രയോജനം ഇല്ല... പരമാവധി ചുറ്റിക്കാൻ തന്നെ ആണ് വേണിയുടെ തീരുമാനം എന്നവളുടെ മുഖത്തു നിന്നും വായിച്ചെടുത്തു കൊണ്ട് ദേവ്... പതിയെ കുഞ്ഞിനേയും എടുത്തു കൊണ്ട് താഴേക്കു നടന്നു... അവരെല്ലാം കാത്തിരിക്കുന്നുണ്ട്.. വിളറിയ ഒരു ചിരിയോടെ.. ദേവ് വന്നിട്ട് നിൽക്കുമ്പോൾ ആരും ഒന്നും അവനോട് ചോദിച്ചില്ല.. പരസ്പരം ഒന്ന് നോക്കിയതല്ലാതെ.. അമ്മമ്മേടെ നാച്ചി പെണ്ണ് വായോ... കൈ നീട്ടി കൊണ്ട് ഉമ കുഞ്ഞിനെ വാങ്ങുമ്പോൾ.. യദുവും കാശിയും കൂടി അവർക്കരികിലേക്ക് വലിഞ്ഞു... കാവ്യയും ഇന്ദ്രനും പരസ്പരം നോക്കി ചിരിച്ചു.. ഫോണിൽ നോക്കി ഇരിക്കുന്ന സൂര്യയുടെ അരികിൽ ചെന്നിട് ദേവ് ഇരുന്നു.. "ഇപ്പഴേ കല്യാണം വേണ്ടാന്നൊക്കെ വീമ്പ് പറഞ്ഞിട്ട് നീ ഇന്നലെ തന്നെ ഒരുങ്ങി ഇരുന്നോടാ "

സൂര്യയോട് ദേവ് പതിയെ ചോദിച്ചു... ദേ മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ചു പണ്ടാരമടങ്ങി നിൽക്കുമ്പോൾ ഓഞ്ഞ കോമഡി പറഞ്ഞ ഉണ്ടല്ലോ... ഏട്ടൻ ആണെന്ന് ഞാൻ അങ്ങ് മറക്കും അവൻ തറപ്പിച്ചു നോക്കി. പറഞ്ഞപ്പോൾ... ദേവ് ചിരി അമർത്തി പിടിച്ചു.. നാച്ചി മോളെ കളിപ്പിക്കുന്ന തിരക്കിലും എല്ലാവരുടെയും കണ്ണുകൾ ഇടയ്ക്കിടെ സ്റ്റെപ്പിന് നേരെ നീളുന്നത് വിഷമത്തോടെ തന്നെ ദേവ് കണ്ടിരുന്നു... ആ കാത്തിരിപ്പ് പിന്നെയും അര മണിക്കൂർ കൂടി നീട്ടി കൊണ്ട് പോയിട്ടാണ് വേണി തിരിച്ചിറങ്ങി വന്നത്.. ❤❤❤❤❤❤❤❤❤❤❤❤❤❤❤ മോളോട് പറയണ്ടേ ഹരിയേട്ടാ.. പെട്ടന്ന് കേൾക്കുമ്പോൾ അവളെങ്ങനെ റിയാക്ട് ചെയ്യും ആവോ... എനിക്ക് തന്നെ ടെൻഷൻ കൊണ്ട് ആകെ ഒരു വേവലാതി " വണ്ടിയിൽ നിന്നിറങ്ങി... മൂളി പാട്ടോടെ അകത്തേക്ക് ഓടി കയറുന്ന ദേച്ചുവിനെ നോക്കി സുകന്യ അത് ചോദിക്കുമ്പോൾ ഹരി ഒന്ന് ചിരിച്ചു കൊണ്ടവരെ ചേർത്ത് പിടിച്ചു.. നീ ഒന്നും കൊണ്ട് ടെൻഷൻ ആവാതിരുന്ന മാത്രം മതി.. എല്ലാം നിന്റെ ഹരിയേട്ടൻ ഏറ്റു..

കണ്ണ് അടച്ചു കാണിച്ചു കൊണ്ട് ഹരി പറയുമ്പോൾ... സുകന്യ മനോഹരമായോന്ന് ചിരിച്ചു കാണിച്ചു... "ദച്ചുവിന്റെ കല്യാണം ദച്ചുവിന്റെ കല്യാണം എന്ന് മന്ത്രം പോലെ പറഞ്ഞു നടന്നിട്ടോടുവിൽ... അങ്ങനെ ഒരു അവസരം വന്നപ്പോൾ... ഇപ്പൊ തന്നെ വേണ്ടായിരുന്നു എന്നൊരു തോന്നൽ എനിക്ക്.. അവളെ കൊഞ്ചിച്ചും സ്നേഹിച്ചും മതിയാവാത്ത പോലെ...ഹരിയേട്ടാ മുഖം ഉയർത്തി സുകന്യ അത് പറയുമ്പോൾ ഹരിയുടെ മുഖത്തെ ചിരി മാഞ്ഞു.. "പെട്ടന്ന് ഏതോ ശൂന്യത പൊതിയും പോലെ... വേണ്ടായിരുന്നു എന്നൊരു..." സുകന്യ വീണ്ടും മങ്ങിയ മുഖത്തോടെ പറഞ്ഞു.. "എന്നായാലും വേണ്ടതല്ലേ ടോ.. വേറെ എങ്ങോട്ടും അല്ലല്ലോ... മുകുന്ദന്റെ വീട്ടിലേക്കല്ലേ.. സൂര്യയുടെ പെണ്ണായിട്ട്.. അവളും ഒരുപാട് കൊതിച്ചു പോയതല്ലേ.. നീ ഇങ്ങനൊന്നും പറയാതെ... അകത്തേക്ക് ചെല്ല്... അവർ വരുമ്പോൾ കൊടുക്കാൻ ഉള്ളതൊക്കെ റെഡിയായോ എന്ന് മാത്രം നോക്കിയാൽ മതി.. ചെല്ല്.." ആശ്വാസം പോലെ പറഞ്ഞിട്ട് ഹരി അവരെ അകത്തേക്ക് പറഞ്ഞു വിട്ടു.. ഹൃദയവേദനയോടെ അത് നോക്കി നിൽക്കുമ്പോൾ... ഒന്നുറക്കെ കരയാൻ കൂടി കഴിയാത്ത തന്റെ നിസ്സഹായതയായിരുന്നു അയാളെ കൂടുതൽ വേദനിപ്പിച്ചത്........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story