സ്വയം വരം 💞: ഭാഗം 15

swayamvaram jifna

രചന: ജിഫ്‌ന നിസാർ

"പപ്പാ... അവിശ്വസനീയതയോടെ വിളിച്ചു കൊണ്ട് ദച്ചു ചാടി എഴുന്നേറ്റു.. ഞാൻ... ഞാൻ അന്ന് വെറുതെ പറഞ്ഞതാ പപ്പാ.. എനിക്കിപ്പോ കല്യാണം വേണ്ട.." പറയുമ്പോൾ ദച്ചുവിന്റെ ചുണ്ടുകൾ വിതുമ്പി.. ഹരിയെ അവൾ കെട്ടിപിടിച്ചു.. "അതിന് നീ എന്തിനാ മോളെ കരയുന്നത്..നാളെ കല്യാണം നടത്താൻ ഒന്നും അല്ലല്ലോ.. ഇങ്ങനൊരു കാര്യം അവര് പറഞ്ഞപ്പോൾ.. വേണ്ടന്ന് പറയാൻ തോന്നിയില്ല.. ആലോചിക്കാൻ നീയും പറഞ്ഞതല്ലേ..." ദച്ചു ദയനീയമായി ഹരിയെ നോക്കി.. അന്നങ്ങനെ ഒരു കളി പറയാൻ തോന്നിയ നിമിഷത്തെ അവൾ മനസ്സിൽ ശപിച്ചു.. "പപ്പാ അറിയാവുന്ന ആളാണ്.. അങ്ങനെ വല്ലയിടത്തും കൊണ്ടിടുമോ ഞാൻ എന്റെ രാജകുമാരിയെ... സമയം എടുത്തു നാന്നായി ആലോചിച്ചു കൊണ്ട് മാത്രമേ പപ്പാ ഇത് പ്രോസീഡ് ചെയ്യൂ.. നീ ടെൻഷൻ ആവാൻ മാത്രം ഒന്നും ഇല്ല.." ഹരി പറയുമ്പോൾ ദച്ചു കരച്ചിൽ അമർത്താൻ പാട് പെട്ടു.. സൂര്യയുടെ ചിരി അവളുടെ ഹൃദയം മുറിച്ചു കൊണ്ട് കണ്ണിൽ നിറഞ്ഞു.. ഹരിയുടെ വാക്കിന്റെ ബലം അറിയാവുന്ന അവൾക്ക് ശ്വാസം പോലും കിട്ടാത്ത പോലായിരുന്നു അവസ്ഥ..

ജീവൻ കൊടുക്കേണ്ടി വന്നാൽ പോലും വാക്ക് മാറാത്ത... അഭിമാനം സംരക്ഷിക്കാൻ കഴിവുള്ള അച്ഛന്റെ മകളായതിൽ... ഒരുപാട് സന്തോഷിച്ചിരുന്ന നിമിഷങ്ങൾ അനവധിയാണ്.. ഇന്നിപ്പോൾ അതേ കാര്യം തന്നെയാണ് തന്നെ ഏറ്റവും കൂടുതൽ പേടിപ്പിക്കുന്നതും.. പപ്പാ അവർക്ക് വാക്ക് കൊടുത്തിട്ടുണ്ടാവുമോ ഇനി... ആ ഓർമ പോലും അവൾക്ക് സഹിക്കാൻ വയ്യ.. വിടരും മുന്നേ കൊഴിയാൻ ആയിരിക്കുമോ എന്റെ പ്രണയത്തിന്റെ വിധി.. അനുകൂലമായൊരു നോട്ടം എങ്കിലും സൂര്യ പകരം തന്നിരുന്നു എങ്കിൽ... പാപ്പയോട് എന്നേ പറയാമായിരുന്നു.. അങ്ങനെ ആണെങ്കിൽ ഇന്നിപ്പോൾ ഇങ്ങനൊരു അവസ്ഥയിൽ.. "ശേ... ഇത്രേം ഒള്ളോ ദച്ചു നിന്റെ ധൈര്യം.. ഞാൻ കരുതി ഇതും നീ സിമ്പിൾ ആയി ഹാൻഡിൽ ചെയ്യുമെന്ന്.. " ഹരി കളിയാക്കി.. "എന്നോടൊന്നു പറയാമായിരുന്നില്ലേ പപ്പാ " മുഖം തുടച്ചു കൊണ്ടവൾ പറഞ്ഞു..

"പപ്പയോടും അമ്മയോടും പറ്റിയ ഒരാളെ അന്വേഷിച്ചു നോക്കാൻ നീ തന്നെ അല്ലേ ദച്ചു പറഞ്ഞത്.. എന്നിട്ടിപ്പോ പറ്റിയ ഒരാളെ കിട്ടിയപ്പോൾ നീ എന്താ ഇങ്ങനെ " ചിരിച്ചു കൊണ്ട് ഹരി ചോദിച്ചു.. "അവരൊന്നു വന്നു കാണട്ടെ ദച്ചു.. ഇനിയും എന്തെല്ലാം ചടങ്ങ് തീരാനുണ്ട്.. നിനക്കിഷ്ടമല്ലാതെ പപ്പാ ഇതൊരിക്കലും നടത്തില്ല.. ആ ഉറപ്പ് പോരെ നിനക്ക്.." ഹരി വീണ്ടും ചോദിച്ചു.. തലയാട്ടാൻ കൂടി കഴിയാത്ത വിധം തളർന്നു പോയിരുന്നു ദചുവപ്പോൾ.. "മുഖം ഒക്കെ തുടച്ചു ഒന്ന് ഫ്രഷ് ആയിട്ട് നിൽക്ക്.. അവരിപ്പോ വരും.. പപ്പാ താഴേക്കു ചെല്ലട്ടെ..." അവളുടെ കവിളിൽ തട്ടി പറഞ്ഞു കൊണ്ട് ഹരി തിരിഞ്ഞു നടന്നു.. പപ്പാ.. ദച്ചു വിളിക്കുമ്പോൾ ഹരി തിരിഞ്ഞു നോക്കി.. എനിക്കൊരു കാര്യം പറയാൻ... വിക്കി കൊണ്ട് ദച്ചു പറഞ്ഞു.. പറ... അവൾക്ക് പറയാൻ ഉള്ളത് എന്താണ് എന്ന് വെക്തമായി അറിയാമായിരുന്നിട്ടും ഹരി അവളെ നോക്കി പറഞ്ഞു.

. അതേ നിമിഷം തന്നെ ആയിരുന്നു പുറത്ത് ഒരു വണ്ടി വന്നു നിന്നതും.. "അവരുടെ വണ്ടിയാണ് ദച്ചു.. ഇനി എന്തായാലും നമ്മുക്ക് പിന്നെ സംസാരിക്കാം.. പപ്പാ അങ്ങോട്ട്‌ ചെല്ലട്ടെ.. നീയും പെട്ടന്ന് റെഡിയായി വാ " ധൃതിയിൽ പറഞ്ഞിട്ട് ഹരി ഇറങ്ങി പോകുമ്പോൾ ദച്ചു കരഞ്ഞു കൊണ്ട് നിലത്തേക്ക്‌ ഇരുന്നു പോയിരുന്നു.. ❤❤❤❤❤❤❤❤❤❤❤❤❤❤ എന്തായി... സ്റ്റെപ്പിറങ്ങി വരുന്ന ഹരിയെ നോക്കി സുകന്യ ചോദിച്ചു.. ചിരിച്ചു കൊണ്ട് ഹരി കൈ വിരൽ ഉയർത്തി കാണിച്ചു.. അവർ വന്നു.. സുകന്യ പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.. ഞാൻ കണ്ടു.. നീ മോളെ റെഡിയാക്കി കൊണ്ട് വാ.. ഞാൻ അങ്ങോട്ട് ചെല്ലട്ടെ " ഹരി പറഞ്ഞു കൊണ്ട് വാതിലിന്റെ നേർക്ക് നടന്നു.. സുകന്യ ദച്ചുവിന്റെ റൂമിന്റെ നേർക്കും. 💞💞💞💞💞💞💞💞💞💞💞💞💞💞💞 ടെൻഷൻ ഉണ്ടോ ടാ.. സൂര്യയുടെ കാതിൽ മെല്ലെ ദേവ് ചോദിച്ചു.. അവന്റെ അരികിൽ തന്നെയാണ് ദേവും ഇരുന്നത്.. ഇന്ത്രനോട് സൂര്യക്ക് ഒരു ബഹുമാനം ഉണ്ടെങ്കിലും ദേവിനോട് എന്തും പറയാൻ പാകത്തിന് ഉള്ളൊരു അടുപ്പമാണ് ഉള്ളത്.. ഇച്ചിരി "

ചെറിയ ചിരിയോടെ സൂര്യ പറഞ്ഞു.. പറയാൻ കഴിയാത്തൊരു വികാരമാണ് ഉള്ളിലൂടെ മിന്നി മായുന്നത്.. മറ്റെല്ലാവരും വിശേഷം പറയുന്ന തിരക്കിൽ ആയിരുന്നു.. വേണി മാത്രം മുഖം കയറ്റി പിടിച്ചിട്ട് ജാഡയിൽ ഇരിക്കുന്നുണ്ട്.. മോളെ വിളിക്കാം എന്നാ ഇനി... " ഹരി അത് പറയുമ്പോൾ സൂര്യ ഒരു നിമിഷം സ്റ്റക്ക് ആയി പോയിരുന്നു.. അവന്റെ നേരെ നോക്കി ദേവ് അമർത്തി ചിരിക്കുന്നത് കണ്ടു അവനൊന്നു കണ്ണുരുട്ടി കാണിച്ചു.. സുകന്യ പോയിട്ട് ദച്ചുവിനെ കൂട്ടി വരുമ്പോൾ... എല്ലാവരുടെയും കണ്ണുകൾ അവരുടെ നേരെ ആയിരുന്നു.. നോക്കെടാ... ദേവ് തട്ടി വിളിക്കുമ്പോൾ സൂര്യ മുഖം ഉയർത്തി നോക്കി.. കരഞ്ഞത് പോലെ... ചുവന്ന അവളുടെ മുഖത്തെ സങ്കടം കണ്ടപ്പോൾ സൂര്യയുടെ നെറ്റി ചുളിഞ്ഞു... പ്രാണൻ പോലെ സ്നേഹിക്കുന്നവൻ പെണ്ണ് ചോദിച്ചു വരുമ്പോൾ ഉണ്ടാവുന്ന ഭാവം അല്ലല്ലോ അത്.. അവന്റെ ഹൃദയമിടിപ്പ് വല്ലാതെ കൂടി... തൂ വെള്ള നിറത്തിൽ ഒരു ചുരിദാർ ആണവൾ അണിഞ്ഞിരുന്നത്.. അടയാഭരങ്ങളുടെ അലങ്കാരമില്ലാതെ തന്നെ എത്ര സുന്ദരിയാണ്..

അന്നാധ്യമായി സൂര്യ അവളെ ഹൃദയം കൊണ്ട് നോക്കി കണ്ടു.. "മുഖം ഉയർത്തി നോക്ക് ദച്ചു.. എങ്കിൽ അല്ലേ നിന്റെ ചെക്കനെ കാണാൻ ആവുക " ഹരി പറഞ്ഞിട്ടും നിറഞ്ഞ കണ്ണുകൾ ചതിക്കും എന്നുറപ്പുള്ളത് കൊണ്ട് തന്നെ ദച്ചു മുഖം ഉയർത്തി നോക്കിയില്ല.. മുന്നിലിരിക്കുന്നവൻ ആരായാലും... അവനൊരിക്കലും തനിക്ക് വേണ്ടാത്തവൻ ആണ്.. പിന്നെ എന്തിന് കാണണം എന്നായിരുന്നു അവളുടെ മനസ്സിൽ.. നീ അവളോട്‌ പറഞ്ഞിട്ടില്ലേ ഹരി... ഞങ്ങൾ ആണ് വരുന്നത് എന്ന് " ദച്ചുവിന്റെ മുഖം കണ്ടിട്ട് തന്നെ ആയിരുന്നു മുകുന്ദൻ പതിയെ ഹരിയുടെ കാതിൽ അത് ചോദിച്ചത്.. ഇല്ലെന്ന് പറഞ്ഞിട്ട് ഹരി ചിരിച്ചു.. മുകുന്ദൻ... സൂര്യയേ നോക്കി... ചെറിയ ചിരിയോടെ അവൻ എഴുന്നേറ്റു ചെന്ന് അവൾക് മുന്നിൽ ചെന്നിട്ട് കൈകൾ പോക്കറ്റിൽ ഇട്ടു കൊണ്ട് അവളെ തന്നെ നോക്കി നിന്നു.. തൊട്ടരികെ സൂര്യയുടെ പരിചിത ഗന്ധം നിറഞ്ഞപ്പോൾ ദച്ചുവിന്റെ നെറ്റി ചുളിഞ്ഞു.. സുകന്യ അവളെ വിട്ട് മാറി നിന്നിരുന്നു.. ഹായ്.... പതിയെ സൂര്യ അത് പറയുമ്പോൾ ഞെട്ടി കൊണ്ട് ദച്ചു മുഖം ഉയർത്തി നോക്കി..

അത്ഭുതം കൊണ്ടവളുടെ കണ്ണുകൾ പുറത്ത് ചാടുമെന്ന പരുവത്തിൽ ആയിരുന്നു...വേച്ചു കൊണ്ട്... തളർന്നത് പോലെ ചുവരിൽ ചാരി നിന്നവൾ പക്ഷേ... കാലുകൾ കുഴഞ്ഞു കൊണ്ട് നിലത്തേക്കിരുന്നു പോയി.. തന്നെ നോക്കി കൊണ്ട് തന്നെ നിൽക്കുന്ന സൂര്യ.. സങ്കടം കൊണ്ടോ.... സന്തോഷം കൊണ്ടോ... എന്തിനെന്നു അവൾക്ക് പോലും അറിയാത്ത തരത്തിൽ ആ കണ്ണുകൾ നിറഞ്ഞു തൂവി...വിതുമ്പി കൊണ്ട് പരിഭവം പോലെ അവനെ നോക്കി.. പിന്നെ പതിയെ അവൾ ഹരിയുടെ നേരെയാണ് പാളി നോക്കിയത്... അവൾ നോക്കുന്നുണ്ടെന്ന് അറിഞ്ഞത് കൊണ്ട് തന്നെ ഹരി വേറെങ്ങോ നോക്കി ഇരിക്കുന്നുണ്ട്.. പരിഭവം തീരാത്ത പോലെ.. വീണ്ടും കണ്ണുകൾ സൂര്യയുടെ നേരെ പതിഞ്ഞു.. മെറൂൺ കളർ ഷർട്ടും... നീല ജീൻസും..ഇൻ ഒക്കെ ചെയ്തു കൊണ്ട്....അലസമായി നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടി ഇഴകളും.. വല്ലപ്പോഴും മാത്രം അവനിൽ അങ്ങനൊരു വിസ്മയകാഴ്ച കാണാറുള്ളു..ഏറ്റവും സിമ്പിൾ ആയിരുന്നു അവന്റെ ഭാവങ്ങൾ ഒക്കെയും... അവനിൽ ചേരുന്നതൊക്കെയും...

അവൾ ആർത്തിയോടെ നോക്കി... അൽപ്പം മുൻപ് വരെയും നഷ്ടപെടുമെന്ന വേദനയിൽ ഹൃദയം പിടഞ്ഞത് അവൾക്കോർമ്മ വന്നു... സൂര്യയെ തന്നെയാണ് ഹരി തന്റെ ചെക്കനായി കണ്ടെത്തിയത് എന്ന തിരിച്ചറിവ്.... അവൾക്കുള്ളിൽ സന്തോഷം അലതല്ലി... മ്മ്... അവളുടെ കണ്ണിമ വെട്ടാതുള്ള നോട്ടം കണ്ടിട്ട് തന്നെ സൂര്യ ചിരിച്ചു കൊണ്ട് കണ്ണുയർത്തി ചോദിച്ചു.. അവന്റെയാ ചിരി താങ്ങാൻ കഴിയാത്ത പോലെ... ദച്ചു മിഴികൾ പിൻവലിച്ചു. മുന്നിൽ നടക്കുന്നതൊരു സ്വപ്നം പോലെ തോന്നി അവൾക്ക്.. നടക്കുമെന്ന് യാതൊരു ഉറപ്പും ഇല്ലാഞ്ഞിട്ടും എത്രയോ പ്രാവശ്യം ഉറക്കം കെടുത്തിയ സ്വപ്നം.. ഒന്ന് തല ചെരിച്ചു നോക്കി സൂര്യ.. ചുറ്റും കൂടിയവരുടെ സന്തോഷം നിറഞ്ഞ ചിരി പതിയെ അവനിലേക്കും പടർന്നു.. വാ... കുനിഞ്ഞു കൊണ്ടവൻ കൈ നീട്ടി.. വിറക്കുന്ന കൈകൾ പിടിച്ചിട്ട് സൂര്യ അവളെ എണീപ്പിച്ചു.. റിലാക്സ്.... പതിയെ അവൻ ചിരിച്ചു കൊണ്ട് പറയുമ്പോൾ.... ആ കൈകളിൽ നിന്നും കൈ മാറ്റി... ദച്ചു കുറച്ചു മാറി നിന്നു.. ഉമ എന്നീറ്റ് വന്നിട്ടവളെ ചേർത്ത് പിടിച്ചിട്ട് വിശേഷം ചോദിക്കുന്നുണ്ട്..

പതറി പതറി ഓരോ വാക്കുകൾ പൊറുക്കി പറയുന്നവളെ സൂര്യ ചിരിയോടെ തന്നെ നോക്കി നിന്നു.. ഇടയ്ക്കിടെ ഹരിയുടെ നേരെ അവളുടെ നോട്ടം പാറി വീണപ്പോൾ ഒക്കെയും അയാൾ മനഃപൂർവം പിടി കൊടുത്തില്ല.. "സൂര്യയെ വിളിച്ചു കൊണ്ട് മുകളിൽ പോ ദച്ചു നിങ്ങൾക്ക് പറയാൻ ഉണ്ടാവില്ലേ " സുകന്യ ചിരിച്ചു കൊണ്ടത് പറയുമ്പോൾ... ദച്ചു വീണ്ടും ഹരിയെ നോക്കി.. ഹരി അവളെ നോക്കിയോന്ന് തലയാട്ടി കാണിച്ചു.. ദച്ചു വീണ്ടും സൂര്യയുടെ അരികിൽ എത്തി..ഒന്നും മിണ്ടാതെ നിന്ന് പോയി. വാ... വിളിക്കാനുള്ള അവളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയത് പോലെ പറഞ്ഞിട്ട് സൂര്യയാണ് ആദ്യം സ്റ്റെപ്പ് കയറി തുടങ്ങിയത്.. പുറകെ... അവളും.പോകുമ്പോഴും ഇടക്കിടെ തിരിഞ്ഞു നോക്കുന്നുണ്ട് ദച്ചു.. മുകളിലെത്തി സൂര്യ വീണ്ടും അവളെ നോക്കി.. തന്റെ മുറിയുടെ നേർക്ക് ദച്ചു കൈ ചൂണ്ടി..

ആ നോട്ടത്തിന് മറുപടി എന്നോണം.. പക്ഷേ പുറത്തേക്കുള്ള വാതിൽ തുറന്നിട്ട്‌ സൂര്യ അങ്ങോട്ട് ഇറങ്ങി പോകുമ്പോൾ... തളർന്നു പോയത് കൊണ്ടവൾ ചുവരിൽ ചാരി.. തുള്ളി വിറച്ചു കൊണ്ട് ഹൃദയമിപ്പോൾ പുറത്ത് ചാടുമെന്ന പേടിയോടെ അവൾ നെഞ്ചിൽ കൈ അമർത്തി പിടിച്ചു...പിന്നെ ശ്വാസം ഒന്ന് വലിച്ചു വിട്ടിട്ട് പതിയെ ചെന്ന് വാതിൽ ചാരി നിന്നു.. അവിടെ ഉയരം കുറഞ്ഞ ഭിത്തിയിൽ ചാരി നെഞ്ചിൽ കൈ കെട്ടി ഇരുന്നിട്ട് അവളുടെ ഓരോ ഭാവങ്ങളും ഒപ്പി എടുക്കുന്ന തിരക്കിൽ ആയിരുന്നു അവനും... "ഇന്നിവിടെ വരുന്നത് ഞാൻ ആണെന്ന് ഹരി അങ്കിൾ പറഞ്ഞില്ലായിരുന്നോ" ആദ്യം തന്നെ അങ്ങനെയാണ് സൂര്യ ചോദിച്ചത്.. കാരണം വന്നു കണ്ടപ്പോൾ ഉള്ള അവളുടെ മുഖത്തെ ഭാവം അവനും ശ്രദ്ധിച്ചിരുന്നു. ഇല്ലെന്ന് പതിയെ ദച്ചു തലയാട്ടി.. എന്നോട് വല്ല്യ ഇഷ്ടമാണെന്ന് പറയുന്നു..എല്ലാവരും... സത്യമാണോ " വീണ്ടും സൂര്യ ചോദിച്ചു.. ദച്ചു അവന്റെ നേരെ ഒന്ന് നോക്കി.. അവളെ മാത്രം നോക്കി കൊണ്ട് നിൽക്കുന്ന അവന്റെ കണ്ണുകളെ നേരിടാൻ അപ്പോഴും അവൾക്ക് ശക്തി പോരായിരുന്നു..

വീണ്ടും തല താഴ്ത്തി.. "എല്ലാവരോടും പറയാം... ആദ്യം അത് അറിയേണ്ട എന്നോട് പറയാൻ പിന്നെ എന്തായിരുന്നു ദർശന നിനക്ക് മുന്നിലെ തടസ്സം " വീണ്ടും സൂര്യ ചോദിച്ചു.. ഞാൻ... ഞാൻ പറഞ്ഞിട്ടില്ല... പപ്പാ.. പപ്പാ കണ്ടു പിടിച്ചതാ... വളരെ പതിയെ ആണവൾ പറയുന്നത്.. സൂര്യക്ക് അവളോട്‌ അലിവ് തോന്നി...എങ്കിലും പക്ഷേ ഗൗരവം വിടാതെ തന്നെ അവൻ നിന്നു. ആഹാ... അത് കൊള്ളാമല്ലോ.. എങ്ങനെ... ഹരി അങ്കിൾ എങ്ങനെ കണ്ടു പിടിച്ചു.. " വീണ്ടും സൂര്യ ചോദിക്കുമ്പോൾ... ദച്ചു അവനെ ഒന്ന് പാളി നോക്കി.. ഫോണിൽ.... ഫോണില് ഫോട്ടോ ഉള്ളത് കണ്ടു കാണും " മനസ്സിൽ അന്നേ തോന്നിയ സംശയം അവനോടും പറയുമ്പോൾ സൂര്യ ചിരി അടക്കി പിടിച്ചു.. "ഞാൻ ഫോട്ടോക്ക് പോസ് ചെയ്തു തന്നിട്ടില്ലല്ലോ നിനക്ക് വേണ്ടി.. പിന്നെങ്ങനെ ഒപ്പിച്ചു.. എന്റെ ഫോട്ടോസ്... ഞാൻ... അറിയാതെ എടുത്തതാണോ സൂര്യ ചോദിക്കുമ്പോൾ ദച്ചു ചമ്മലോടെ തലയാട്ടി. സൂര്യ അത് കേട്ടപ്പോൾ ചുണ്ടുകൾ കൂട്ടി പിടിച്ചു കൊണ്ട് നോട്ടം മാറ്റി.. "ഇത്രയൊക്കെ ഒപ്പിക്കാൻ അറിഞ്ഞിട്ടും..

പിന്നെന്തേ ദർശനാ നീ ഒരിക്കലും എനിക്ക് മുന്നിൽ വരാതിരുന്നത്.. നിനക്കിഷ്ടമാണെന്ന് നിന്റെ കൂട്ടുകാരി വന്നു പറഞ്ഞപ്പോഴും.... അതും നിന്റെ അഹങ്കാരമായാണ് ഞാൻ കണ്ടത്.. എന്നെ വിലക്കെടുക്കാൻ അവളെ ദൂതു വിട്ട മിനിസ്റ്ററുടെ മോളുടെ വെറും രസം... അത് നിന്നോട് മുഖത്തു നോക്കി പറഞ്ഞിട്ടുമുണ്ട്.. എന്നിട്ടും... നീ " സൂര്യ പറയുമ്പോൾ ദച്ചു നിറഞ്ഞ കണ്ണുകൾ കൊണ്ടവനെ നോക്കി... എനിക്ക് പേടിയായിരുന്നു..... പതിയെ ദച്ചു പറഞ്ഞു.. എന്നെയോ... സൂര്യ ചോദിച്ചു.. അല്ലെന്നവൾ തലയാട്ടി.. "എന്നെ തന്നെ... ഒരു നോ പറയുന്നത് കേൾക്കാൻ എനിക്ക് ജീവനുണ്ടാവില്ലേ എന്ന പേടി... അങ്ങനൊന്നു ചിന്തിക്കാൻ കൂടി വയ്യാത്ത വിധം... ഞാൻ സ്നേഹിച്ചു പോയിരുന്നു... ഇപ്പഴും സ്നേഹിച്ചു കൊണ്ടിരിക്കുന്നു..." പറഞ്ഞു തീർന്നതും ദച്ചു കരഞ്ഞു പോയിരുന്നു..

ചുവരിൽ ചാരി കണ്ണുകൾ ഇറുക്കി അടച്ചു നിൽക്കുന്നവളെ നോക്കുമ്പോൾ അതിനേക്കാൾ വലുതായി അവന്റെ മനസ്സിലും മുറിവേറ്റ് പോയി... "എനിക്കറിയില്ല ദർശന നിന്നോട് എന്ത് പറയണം എന്നത്.. എന്ത് പറഞ്ഞാലാണ് നിനക്കുള്ളിലെ വേദന മായുന്നത് എന്നും അറിയില്ല..." അങ്ങേയറ്റം വേദനയോടെ തന്നെയായിരുന്നു സൂര്യ അത് പറഞ്ഞത്.. പ്ലീസ്... കരയല്ലേ..അവളെ നോക്കാതെ തന്നെ അവനത് പറയുമ്പോൾ കണ്ണീരോടെ തന്നെ ദച്ചു ചിരിച്ചു.. എന്നിട്ട് ഇട്ടിരുന്ന കൈ കൊണ്ട് മുഖം അമർത്തി തുടച്ചു.. "പ്രണയവും അതിന്റെ നൂലാ മലകളെയും എനിക്ക് പേടിയായിരുന്നു സത്യത്തിൽ.. എന്നോട് സ്നേഹം പറഞ്ഞിട്ട് വന്നവർക്കൊക്കെ...മനസ്സിൽ മറ്റു പലതും ആയിരുന്നു എന്നത് ഞാൻ മനസ്സിലാക്കിയതും അതിൽ നിന്ന് വിട്ട് നിൽക്കാൻ ഒരു കാരണം തന്നെ ആയിരുന്നു.. ഒറ്റ ദിവസത്തേക്കോ... ഇച്ചിരി കാലത്തെക്കോ അല്ലല്ലോ... ലൈഫ് ലോങ് വേണ്ട ഒന്നല്ലേ അത്... എന്തൊക്കെ കുറവുകൾ ഉണ്ടെങ്കിൽ പോലും..സ്നേഹിക്കും എന്നുള്ള ഉറപ്പല്ലേ..."

ദച്ചുവിന്റെ കണ്ണിലേക്കു നോക്കി സൂര്യ അത് പറയുമ്പോൾ അവൾ മിഴി ഒന്ന് ചിമ്മാതെ തന്നെ അവനെ നോക്കി.. "ഒരുപക്ഷെ... നീ എന്റെ സൗഹൃദം ആണ് കൊതിച്ചിരുന്നത് എങ്കിൽ.. ഇത്രയേറെ കാത്തിരിക്കേണ്ടി വരില്ലായിരുന്നു... എനിക്ക് പ്രണയം എന്നും ഡാൻസിനോട് മാത്രം ആയിരുന്നു " ചിരിച്ചു കൊണ്ട് തന്നെ സൂര്യ അത് പറയുമ്പോൾ പരിഭവം പോലെ ദച്ചു കണ്ണുകൾ പിൻവലിച്ചു.. "ഇത്രത്തോളം എന്നെ സ്നേഹിച്ച നിന്നെ തിരിച്ചറിയാൻ എന്നോട് എന്റെ അച്ഛൻ പറയേണ്ടി വന്നു..." സൂര്യ അത് പറയുമ്പോൾ ദച്ചു പിടച്ചിലോടെ അവന്റെ നേരെ നോക്കി... അപ്പൊ മുകുന്ദൻ അങ്കിൾ പറഞ്ഞിട്ട്.. അങ്കിളിന് വേണ്ടി ഇല്ലാത്ത ഇഷ്ടം കഷ്ടപെട്ട് ഉണ്ടാക്കാൻ വന്നതാണോ... പൊട്ടി വന്ന ചോദ്യം.... വീണ്ടും അവളുടെ ഹൃദയം മുറിഞ്ഞു..ഉള്ളം ആർത്തു കരഞ്ഞു.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story