സ്വയം വരം 💞: ഭാഗം 17

swayamvaram jifna

രചന: ജിഫ്‌ന നിസാർ

  പ്ലീസ്... ഇന്ദ്രേട്ടാ... നിങ്ങളൊന്ന് ഇവിടിരിക്ക്.. എന്നിട്ട് ഞാൻ പറയുന്നതൊന്നു കേൾക്.. " കാവ്യ അവന്റെ കൈ പിടിച്ചു വലിച്ചിട്ടു ബെഡിൽ ഇരുത്തി.. കനപ്പിച്ച മുഖത്തോടെ അവൻ ഒന്ന് കാവ്യയെ തുറിച്ചു നോക്കി.. എന്താ ഇപ്പൊ അവിടെ പോയിട്ട് നിങ്ങൾ പറയാൻ പോകുന്നത്.. എന്ത് പറഞ്ഞിട്ടും വേണിയുടെ മുന്നിൽ ജയിക്കില്ലെന്ന് എത്രയോ പ്രാവശ്യം തെളിയിച്ചു തന്നിട്ടുണ്ട്.. പിന്നേയും പോയിട്ട് എന്ത് പറയാൻ.. വേണ്ട... നിങ്ങൾ അങ്ങോട്ട് പോണ്ട " തൊട്ടരികിൽ ഇരുന്നിട്ട് കാവ്യ പറഞ്ഞു.. "പിന്നെ പറയാതെ.... അവള് കാണിക്കുന്ന എല്ലാ തോന്നിവാസങ്ങളും സഹിക്കാൻ.. ഇവിടാർക്കും വയ്യ.. എന്തൊക്കെയാ ഇന്നവൾ കാണിച്ചു കൂട്ടിയത്.. ഇറങ്ങാൻ നേരം മുതൽ സഹിക്കാൻ തുടങ്ങിയതാ.. എന്നിട്ടും അടങ്ങിയോ.. ഇല്ലല്ലോ.. ആ ചെക്കന്റെ മുഖത്തെ വേദന കണ്ടിരുന്നോ നീ.. സഹിക്കാൻ വയ്യ അത്.. എന്നിട്ടും പിന്നെ മിണ്ടാതെ നിൽക്കണോ.. ഏഹ് " ഇന്ദ്രൻ ദേഷ്യത്തോടെ ഉറക്കെ ചോദിച്ചു.. "അതൊക്കെ കൊണ്ട് തന്നെയാണ് അതിലൊന്നും ഇടപെടേണ്ട എന്ന് ഞാനും പറയുന്നത്...

നമ്മൾ എന്ത് പറഞ്ഞാലും അതിന്റെ ഉത്തരം വിശദമായി പറഞ്ഞു തരാൻ... അവള് അപ്പച്ചിയെ വിളിക്കും.. എന്നിട്ട് ഒന്നും രണ്ടും പറഞ്ഞിട്ട്.... അപ്പച്ചിയുടെ കൂടെ.. കുഞ്ഞിനേം എടുത്തോണ്ട് വേണി ഇറങ്ങി പോകും.. നാച്ചി പെണ്ണിനെ കാണാതെ ദേവിന് വയ്യെന്ന് വേണിക്ക് ശെരിക്കറിയാം... അത് തന്നെയാണ് അവളുടെ ആയുധവും " കാവ്യ പറയുമ്പോൾ.... ഇന്ദ്രൻ പിന്നൊന്നും മിണ്ടാതെ ഇരുന്നു. ഇതൊക്കെ അവിടെ സ്ഥിരമായി നടക്കുന്നത് കൊണ്ട് തന്നെ.. ഇനിയും ഇത് ആവർത്തിക്കുമെന്നും അവനറിയാം.. "കുഞ്ഞുങ്ങൾ എന്ന് വെച്ച ദേവിന് ജീവൻ ആണ്.. നമ്മുടെ മക്കൾക്ക് പോലും നിങ്ങളെക്കാൾ ഇഷ്ടം ദേവച്ചനെ ആണെന്ന് ഇവിടാർക്കാ അറിയാത്തത്.. അങ്ങനെ ഉള്ളവന്.... പണി കൊടുക്കാൻ വേണ്ടി മനഃപൂർവം വേണി പ്രശ്നം ഉണ്ടാക്കുന്നതാ.. അവൾക്കറിയാം... രണ്ടു ദിവസത്തിൽ കൂടുതൽ... കുഞ്ഞിനെ കാണാതെ ദേവിന് പറ്റില്ലെന്നും.. എന്ത് തെറ്റവൾ ചെയ്താലും അതെല്ലാം മറന്നിട്ട് അവളെ തിരികെ വിളിക്കാൻ... അവന്റെ സങ്കടം കാണാൻ വയ്യാഞ്ഞിട്ട്.. നമ്മൾ പറഞ്ഞു വിടുമെന്നും " കാവ്യ ദേഷ്യത്തോടെ പറഞ്ഞു...

ദേവ് ആയത് കൊണ്ടാണ് അവളുടെ ഈ തുള്ളൽ.. നിങ്ങളോ സൂര്യയോ ആയിരുന്നു എങ്കിൽ... വേണിക്കിപ്പോ മൊത്തം വെപ്പ് പല്ല് ആയേനെ...ഇതിപ്പോൾ അവനൊരു പാവം... സ്നേഹിക്കാൻ മാത്രം അറിയാവുന്നവനെ വെറുപ്പിക്കാൻ നടക്കുന്ന വിഡ്ഢി യാണ് അവൾ.. കാവ്യ പറഞ്ഞു.. അത്രമാത്രം നിസ്സഹായമായ ദേവിന്റെ അന്നത്തെ അവസ്ഥ അവരെ വേദനിപ്പിച്ചു.... അതെന്താ.. അവന്റെ കൈ മാങ്ങ പറിക്കാൻ പോയേക്കുവാണോ.. ഒരൊറ്റൊന്നങ് കൊടുത്ത പിന്നെ അവൾ വാ തുറക്കില്ല.. ഇന്ദ്രൻ പറയുമ്പോൾ കാവ്യ പുച്ഛത്തോടെ ഒന്ന് ചിരിച്ചു.. വെറുതെയാണ് ഇന്ത്രേട്ടാ.. അങ്ങനൊക്കെ നമ്മൾക്ക് തോന്നും.. വേണി പക്ഷേ അത് കൊണ്ടൊന്നും ഒതുങ്ങുന്ന ടൈപ്പ് അല്ല.. പിന്നെ ദേവ്... സ്വയം എത്ര വേദനിച്ചാലും മറ്റുള്ളവരുടെ വേദനയാണ് അവനെ കൂടുതൽ തളർത്തുന്നത്.. അമ്മ തന്നെ പറയുന്നത് കേട്ടിട്ടില്ലേ...

അവൻ അച്ഛനെ പോലെയാണ്.. എന്ന്.. അടിക്കാനോ ചവിട്ടി കൂട്ടാനോ അറിയാഞ്ഞല്ല... എല്ലാവരും ഒരുപോലെ ആവില്ലല്ലോ... കാവ്യ പറഞ്ഞു.. ദേവ് ക്ഷമിക്കണം എന്നുള്ളതിനോട് അവന് യോജിക്കാനെ പറ്റുന്നില്ല.. അത് കൊണ്ട് തന്നെ വേണിയോട് നല്ല ദേഷ്യവും ഉണ്ടായിരുന്നു.. നിങ്ങൾ ടെൻഷൻ ആവാതെ... എല്ലാം ശെരിയാകും... അവനെ അവള് മനസ്സിലാക്കും " ഇന്ദ്രന്റെ വാടിയ മുഖം പിടിച്ചിട്ട് കാവ്യ പറഞ്ഞു.. "എന്ന്... ദേവിന്റെ ജീവൻ പോയിട്ടോ..അങ്ങനെ ഒന്ന് നടക്കാൻ... അവളുടെ അമ്മ ജീവനോടെ ഇല്ലാത്ത കാലം വരണം.. എങ്കിൽ ചിലപ്പോൾ... നടക്കുമായിരിക്കും..എങ്കിൽ ദേവിന്റെ ഇഷ്ടം അവള് തിരിച്ചറിയും.. അപ്പച്ചിയുടെ ഉപദേശം കേൾക്കുന്നിടത്തോളം കാലം.. വേണി നന്നാവുകയും ഇല്ല.. ദേവിന് സമാധാനം കിട്ടുകയും ഇല്ല... ഇന്ദ്രൻ ഒട്ടും അയവില്ലാതെ പറഞ്ഞു.. "ശോ... എന്തൊക്കെയാ ഈ പറയുന്നത്..." കാവ്യ അവന്റെ തോളിൽ ചെറുതായി അടിച്ചു കൊണ്ട് പറഞ്ഞു.. "അതാണ്‌ സത്യം കാവ്യ.. സുഭദ്ര അപ്പച്ചിയുടെ കെട്ടിയോൻ.... സുധാകരൻ.. നല്ല ഒന്നാന്തരം കുടിയൻ ആയിരുന്നു...

പോരാത്തതിന് അറിയപ്പെടുന്ന കള്ളനും... ഇല്ലാത്തത് ഒന്നും ഇല്ലായിരുന്നു അയാളിൽ..ദാമ്പത്യ സുഖം എന്താണെന്ന് അപ്പച്ചി അറിഞ്ഞിട്ടില്ല.. എനിക്കിപ്പോഴും ഓർമയുണ്ട്.. എന്നും തല്ലും ബഹളവും... അതിനിടയിൽ... നരകിച്ചാണ്.... വേണിയും... വരുണും വളർന്നത്... അത് കൊണ്ട് തന്നെ... അപ്പച്ചിക്ക് നല്ല മുഴുത്ത അസൂയ ആയിരിക്കും.... വേണി ദേവിനോപ്പം സന്തോഷത്തോടെ കഴിയുന്നത്... അത് കൊണ്ടാണ് ഇങ്ങനെ അവളുടെ ജീവിതത്തിൽ ഇടപെട്ടു കുളമാക്കാൻ നോക്കുന്നത് " അപ്പച്ചിയോട് ഉള്ള ദേഷ്യം അവന്റെ കണ്ണിൽ ഉണ്ടായിരുന്നു.. "പിന്നെ.... സ്വന്തം മകളോട് അസൂയ തോന്നുവല്ലേ... നിങ്ങൾ വായിൽ തോന്നിയത് വിളിച്ചു പറയാതെ... കാവ്യ അവനെ നോക്കി കണ്ണുരുട്ടി.. "അല്ലേടി... അത് തന്നെ ആവും സത്യം... അല്ലങ്കിൽ പിന്നെ.. വേണിക് ഇവിടെ എന്തിന്റെ കുറവാണ്... നമ്മൾ അവളെ മാറ്റി നിർത്താറുണ്ടോ... ദേവ് അവളെ സ്നേഹിക്കുന്നില്ലേ.. അവന്റെ ജീവനെ പോലെ...

മകൾക്കൊരു നല്ല ജീവിതം കിട്ടിയതിൽ സന്തോഷിക്കയല്ലേ വേണ്ടത്.. ഇതൊരുമാതിരി ശത്രുക്കളെ പോലെ.. ആഴ്ചയിൽ ഒരു പ്രാവശ്യം വന്നിട്ട് വഴക്ക് കൂടിയില്ലേൽ അപ്പച്ചിക്ക് ശ്വാസം കിട്ടാത്ത പോലാണ്.." ഇന്ദ്രൻ... കൈ ചുരുട്ടി ബെഡ്ഡിൽ ഇടിച്ചു.. ചിലരൊക്കെ അങ്ങനെയാണ് ഇന്ത്രേട്ടാ.. അത് കൊണ്ടല്ലേ അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയ അത് നിക്കില്ല എന്നുള്ള ചൊല്ല് പോലും ഉണ്ടായത് കാവ്യ അതൂടെ പറഞ്ഞിട്ട് എഴുന്നേറ്റു.. ബെഡിൽ കിടന്നിരുന്ന ഡ്രസ്സ്‌ എടുത്തു പുറത്തേക്ക് നടന്നു..... ഡീ... ഇന്ദ്രൻ വിളിക്കുമ്പോൾ... അവൾ തിരിഞ്ഞു നോക്കി.. സൂര്യ.. അവൻ വല്ലതും പറഞ്ഞോ... നീയും അവനും.. ദേവും അല്ലേ ഇവിടുത്തെ ഗ്യാങ്... നിങ്ങൾ അറിയാതെ ഇവിടൊന്നും നടക്കില്ലല്ലോ.. ഇവിടാരോടും പറയാത്തത് പോലും... അവൻ നിന്നോടും ദേവിനോടും പറയാറുണ്ടല്ലോ " ഇന്ദ്രൻ അത് പറയുമ്പോൾ കാവ്യ ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്നു..

"അങ്ങനെ പ്രതേകിച്ചു ഒന്നും പറഞ്ഞില്ല.. പക്ഷേ അവനിഷ്ടമായെന്ന് ആ മുഖം കണ്ടാൽ അറിയാമല്ലോ... പറയാനുള്ള ഒരു സാഹചര്യം കിട്ടിയില്ലല്ലോ.. കാവ്യ ചിരിച്ചു കൊണ്ട് പറഞ്ഞു.. നിനക്കോ... " ഇന്ദ്രൻ ചോദിച്ചു.. "അത് ചോദിക്കാൻ ഉണ്ടോ ഏട്ടാ.. ദച്ചു നല്ല കുട്ടിയാണ്..." കാവ്യ പറയുമ്പോൾ.... ഇന്ദ്രൻ തലയാട്ടി സമ്മതിച്ചു... 💞💞💞💞💞💞💞💞💞💞💞💞💞💞💞 ഒരു നോ പറയുന്നത് കേൾക്കാൻ ഞാൻ ജീവനോടെ ഉണ്ടാവില്ലെന്ന് തോന്നി.. അത്രയും ഞാൻ സ്നേഹിച്ചു... ഇപ്പഴും സ്നേഹിക്കുന്നു..... ചെവിയിൽ... മനസ്സിൽ.... ആകെയും ദച്ചുവിന്റെ വാക്കുകൾ അലയടിക്കും പോലെ തോന്നി സൂര്യയ്ക്ക്.. ഉള്ളിലൊരു കനൽ പോലെയാ മുഖം.. സൂര്യ കൈകൾ കൊണ്ട് മുഖം പൊതിഞ്ഞു പിടിച്ചു.. തന്നെക്കാൾ മികച്ചൊരാളെ തീർച്ചയായും കിട്ടുമായിരിന്നിട്ടും... എന്തിന് വേണ്ടിയാവും അവളിത്ര മാത്രം സ്നേഹം നിറച്ചിട്ട് കാത്തിരുന്നത്.. താൻ ഒരിക്കലും അസെപ്റ്റ് ചെയ്യാതെ പോയിരുന്നു എങ്കിൽ.... അതോടെ ആ ഇഷ്ടം ഇല്ലാതെയാവും എന്ന് .... ഇന്നവളെ കണ്ടു വന്നതിന് ശേഷം തോന്നിയിട്ടെ ഇല്ല..

ചിലപ്പോൾ ഒക്കെയും സ്നേഹം അങ്ങനെ ആയിരിക്കും... കാരണങ്ങളും വിശദീകരണങ്ങളും ആവിശ്യമില്ലാത്ത... ആവിശ്യപെടാത്ത.. മനോഹരമായൊരു വികാരം. എന്നോടുള്ള ഇഷ്ടം ആ മനസ്സിൽ നിറയട്ടെ.. അന്ന് പറഞ്ഞ മതി... " ചിരിച്ചു കൊണ്ടവളുടെ ഉത്തരം ഓർക്കുമ്പോൾ... ഹൃദയം മൂടുന്ന തണുപ്പ്.. തനിക്കവളെ ഒരിക്കൽ സ്നേഹിക്കാൻ ആവുമെന്ന് ഇതിനേക്കാൾ മനോഹരമായി ഇനി എങ്ങനെ പറയാൻ... തന്നിലുള്ള വിശ്വാസമോ.. അതോ അവൾക്ക് അവളുടെ പ്രണയത്തിലുള്ള വിശ്വാസമോ.. അത് അവനും അറിയില്ലായിരുന്നു... നീ എനിക്ക് കാണിച്ചു തന്ന പ്രണയത്തിന്റെ ലോകത്തിലേക്ക് നിന്റെ കൈ വിരൽ പിടിച്ചിട്ട് എനിക്ക് നടന്നു കയറണം ദർശന... ഞാൻ അറിയാതെ പോയതൊക്കെയും... ഇനി ഒരിക്കൽ കൂടി ആവർത്തിക്കില്ലെന്ന് നിരാശയോടെ തിരിച്ചറിയാൻ ആവുന്നുണ്ട്.. പക്ഷേ... നീ കൂടെ ഉള്ള ഓരോ നിമിഷവും ആഘോഷിക്കണം എനിക്ക്.. അതിനുള്ള കാത്തിരിപ്പിലാണ് ഇന്ന് ഞാനും.. ❤❤❤❤❤❤❤❤❤❤❤❤❤❤❤

നിങ്ങളെന്താ മൗനവ്രതത്തിൽ ആണോ... താൻ എന്തൊക്കെ പറഞ്ഞിട്ടും ഒന്നും പറയാതെ കണ്ണടച്ച് കിടക്കുന്ന ദേവിൻറെ നേരെ നോക്കി വേണി ചോദിച്ചു.. വിചാരിച്ചത് പോലൊരു പ്രതികാരം ചെയ്യാൻ പറ്റിയത്തിന്റെ ആത്മ നിർവൃതിയിൽ അവളുടെ ഉള്ളം സന്തോഷം കൊണ്ട് തുടി കൊട്ടുമ്പോൾ... അതേ പ്രതികാരം കൊണ്ട് ഉള്ളം മുറിഞ്ഞു വേദന സഹിക്കുന്ന ദേവിനെ അവൾക്ക് അറിയാനും കഴിഞ്ഞില്ല... ദേവേട്ടാ... വേണി കുലുക്കി വിളിക്കുമ്പോൾ ദേവ് കണ്ണ് തുറന്നു... "മ്മ്... ചോദ്യത്തോടെ വേണിയെ നോക്കിയവൻ.. എന്ത് പറ്റി... വന്നപ്പോൾ മുതൽ കിടക്കുന്നു.." ഒന്നും അറിയാത്ത മട്ടിൽ അവളുടെ ചോദ്യം.. ദേവ് ആത്മ നിന്ദയോടെ ഒന്ന് ചിരിച്ചിട്ട് കണ്ണ് അടച്ചു വീണ്ടും.. "ഇത് വല്ല്യ കഷ്ടം ആയല്ലോ.. എന്നോട് മിണ്ടരുത് എന്ന് കൂടി പറഞ്ഞു തന്നോ.. ഇനി ഇവിടെ ആരേലും... പറ...അങ്ങനൊന്നും ചെയ്യാൻ ഒരു മടിയും ഇലാത്തവരാ.. വീണ്ടും അവൾ കുലുക്കി വിളിക്കുമ്പോൾ സഹികെട്ടു കൊണ്ട് ദേവ് എഴുന്നേറ്റു... ഇരുന്നു. "നിനക്കറിയില്ലേ...

എന്താ സംഭവം എന്നത്.. നീ ഇന്ന് കാണിച്ചു കൂട്ടിയതെല്ലാം ഇത്രയും വേഗം മറക്കാൻ നിനക്ക് പറ്റുമായിരിക്കും.. പക്ഷേ... എനിക്ക് കഴിയുന്നില്ല..." നാണകേടും... സങ്കടവും... ദേഷ്യവും.. എല്ലാം കൂടി കുഴഞ്ഞു മറിഞ്ഞു കിടന്നിരുന്നു അവന്റെ വാക്കിൽ മുഴുവനും.. "ഓ... അതാണോ... അതിന് ഞാൻ പ്രതികാരം ചെയ്തത് നിങ്ങളോട് അല്ലല്ലോ ദേവേട്ട... ഇവിടുത്തെ... കുറെ മാന്യൻമാരോട് അല്ലേ... വേണി കൊള്ളില്ല പോലും... കാണിച്ചു കൊടുക്കാം ഞാൻ... വേണി തുടങ്ങിയിട്ടേ ഒള്ളു... ഇതൊക്കെ എന്ത്.. വേണി ആവേശത്തിൽ വിളിച്ചു പറഞ്ഞു.. ദേവ് ഒന്നും പറഞ്ഞില്ല... മറ്റെങ്ങോ നോക്കി ഇരുന്നു.. പക്ഷേ അതിന് നിങ്ങൾ വിഷമിക്കല്ലേ.. അതെനിക് സങ്കടം ആണ് " അവളാ പറഞ്ഞത് സത്യം തന്നെ ആയിരുന്നു.. അത് ദേവിനും അറിയാം.. പക്ഷേ ഒരു അവസരം വരുമ്പോൾ... വാശിയും പ്രതികാരവും ആ ഇഷ്ടത്തിനെ അപ്പാടെ വിഴുങ്ങി കളയും.. "സങ്കടം... എന്റെ സങ്കടതിനൊക്കെ നിനക്ക് മുന്നിൽ എന്ത് വില... നീ നിന്റെ ഇഷ്ടം പോലെ ചെയ്യ്.. വേണ്ടന്ന് പറയുന്നവരൊക്കെ നിനക്ക് ശത്രുവല്ലേ..."

ദേവ് പറയുമ്പോൾ വേണി പിന്നൊന്നും പറഞ്ഞില്ല.. അവന്റെ നനഞ്ഞ വാക്കുകൾ അവളെയും നിശബ്ദയാക്കി.. ഒരു അപേക്ഷയുണ്ട്... എല്ലാം ചെയ്തു കഴിഞ്ഞിട്ട് ഒന്നും അറിയാത്ത മട്ടിൽ എനിക്ക് മുന്നിൽ വന്നു നിൽക്കരുത്... അതെന്നെ കളിയാക്കുന്നതിന് തുല്യം ആണ്... നിന്നെ ഒരുപാട് സ്നേഹിച്ചു എന്നൊരു കുറ്റം മാത്രം ആണ് ഞാൻ ചെയ്തിട്ടുള്ളത്.. അതിനുള്ള ശിക്ഷ.. നീ എനിക്ക് മുറക്ക് തരുന്നും ഉണ്ട്... " ദേവ് ബെഡിൽ നിന്നും എഴുന്നേറ്റു കൊണ്ട് പറഞ്ഞു.. സോറി... ദേവേട്ടാ.ഇനി അങ്ങനൊന്നും ഉണ്ടാവില്ല " വേണി പറയുമ്പോൾ... ദേവ് പതിയെ ചിരിച്ചു.. എല്ലാം ചെയ്തു കൂട്ടി നിന്റെ മനസ്സ് സന്തോഷിച്ചതിനു ശേഷം നീ എപ്പോഴും ആവർത്തനം പോലെ പറയുന്നതല്ലേ ഈ വാക്കുകൾ... എനിക്കിപ്പോ അതിലൊന്നും വല്ല്യ വിശ്വാസം ഇല്ല വേണി.. ഇത്രയും വേദനിച്ചു ശിക്ഷ കിട്ടാൻ മാത്രം ഞാൻ ചെയ്ത കുറ്റം എന്താണ് എന്ന് മാത്രം എനിക്കിപ്പോഴും മനസിലാവുന്നില്ല " അവനത് പറഞ്ഞിട്ട് ഇറങ്ങി പോയി..........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story