സ്വയം വരം 💞: ഭാഗം 19

swayamvaram jifna

രചന: ജിഫ്‌ന നിസാർ

അച്ഛാ... സൂര്യ വിളിക്കുമ്പോൾ മുകുന്ദൻ തിരിഞ്ഞു നോക്കി.. ന്താടാ മോനെ.. ചാരി കിടക്കുന്ന കസേരയിൽ നിന്നും നിവർന്നു കൊണ്ട് അയാൾ ചോദിച്ചു.. "ഹരി അങ്കിൾ എന്തിനാ അച്ഛ ഇത്രയൊക്കെ ധൃതി പിടിച്ചിട്ട് ഓരോന്നു ചെയ്യുന്നത്.. എന്തെങ്കിലും പ്രശ്നം ഉണ്ടോ... ജാതകഅതിലൊന്നും മൂപ്പർക്ക് വല്ല്യ വിശ്വാസം ഇല്ലാത്തത് കൊണ്ട് തന്നെ ചൊവ്വയെയും ശനിയെയും ഒന്നും പേടിച്ചിട്ട് ഒന്നും ചെയ്യില്ല എന്നാ എന്റെ വിശ്വാസം.. " സൂര്യ ഒന്ന് നിർത്തിയിട്ട് മുകുന്ദനെ നോക്കി.. മുകുന്ദൻ അവന്റെ നേരെ നോക്കി ഇരിപ്പാണ്.. പക്ഷേ അച്ഛാ... എനിക്ക് തോന്നിയതല്ല.. എല്ലായിടത്തും ഒരു ധൃതി ഉള്ളത് പോലെ..മറ്റന്നാൾ എൻഗേജ്‌മെന്റ്... അടുത്ത ആഴ്ച... മാരേജ്.. എന്താ അങ്ങനെയൊക്കെ... ദർശന ഹരി അങ്കിളിന്റെ ഒറ്റ മകളല്ലേ... എന്തെല്ലാം സ്വപ്നം ഉണ്ടാവും അവളുടെ ജീവിതിനെ ചുറ്റി പറ്റി... ഇത് പക്ഷേ... എന്താ അച്ഛാ.. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അച്ഛൻ അറിയാതിരിക്കില്ല... " സൂര്യ പറയുബോൾ മുകുന്ദൻ എഴുന്നേറ്റു.. അയാൾക്കുള്ളിൽ ഒരു പിടി വലി നടക്കുന്നുണ്ട്..

അവനോട് അത് പറയാമോ എന്നത്.. മറ്റാരെയും അറിയിക്കരുത് എന്ന് ഹരി പറഞ്ഞത് പാലിക്കാൻ ആയിരുന്നു അയാൾക്കിഷ്ടം.. "പ്രശ്നം അങ്ങനെ പറയത്തക്ക പ്രശ്നം ഒന്നും ഇല്ല സൂര്യ.. ഹരിക്കൊരു യാത്രയുണ്ട്.. സുകന്യയെയും കൂടെ കൊണ്ട് പോവാൻ ആണ് അവന്റെ പ്ലാൻ.. അപ്പൊ പിന്നെ ദച്ചു മോളെ തനിച്ചാക്കി പോവാൻ ആവില്ല.. ഇപ്പൊ ഈ പോക്ക് അനിവാര്യമാണ്.. മറ്റൊരിക്കലേക്ക് അത് ഒരിക്കലും മാറ്റി വെക്കാൻ ആവില്ല.." മുഖം മാറാതെ.. സ്വരം പോലും അൽപ്പം ഉലച്ചിൽ വരാതെ മുകുന്ദൻ അത് പറഞ്ഞിട്ടും.. സൂര്യയുടെ കണ്ണിലെ സംശയങ്ങൾ... മുകുന്ദൻ അവഗണിച്ചു.. ഹരിയിൽ നിന്ന് വേണം അത് അവനറിയാൻ.. ഇപ്പോൾ അറിയുമ്പോൾ ചിലപ്പോൾ ദച്ചുവിനോട്... സഹതാപം തോന്നും...അത് വേണ്ട.. അവന് അവളോട്‌ തോന്നേണ്ടത് സ്നേഹമാണ്.. സഹതാപം കൊണ്ട് ആവരുത് അതൊരിക്കലും.

. "പക്ഷേ അച്ഛാ... ഒരു യാത്രക്ക് വേണ്ടിയൊക്കെ... ദർശനയുടെ വിവാഹം... ഞാൻ കരുതി.. എക്സാം ഒക്കെ കഴിഞ്ഞിട്ട്.. ഇതിപ്പോൾ... പെട്ടന്ന് ആയതു പോലെ " സൂര്യ പറയുമ്പോൾ... മുകുന്ദൻ അവന്റെ മുഖത്തേക്ക് നോക്കി.. പെട്ടന്ന് ആയത് കൊണ്ട്... എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ സൂര്യ... ഞാൻ ഉദ്ദേശിച്ചത്... നിനക്ക് എന്തെങ്കിലും പ്രിപയർ ചെയ്യാനുണ്ടോ എന്നതാ.. മുകുന്ദൻ ചോദിക്കുമ്പോൾ സൂര്യ ഒന്ന് ചിരിച്ചു. "അങ്ങനൊന്നും ഉണ്ടായിട്ടല്ല ഈ ചോദ്യം എന്ന് അച്ഛന് ശെരിക്കും അറിയാമല്ലോ..ഈ കാര്യം അറിയുമ്പോൾ എല്ലാവർക്കും ഉണ്ടൊരു സംശയം.. ഒരു മുന്നൊരുക്കം പോലും ഇല്ലാതെ ഇതിപ്പോൾ പെട്ടന്ന് എന്താ കാരണം എന്നത്.. ഞാൻ അത് അച്ഛനോട് ചോദിച്ചു എന്ന് മാത്രം.. പക്ഷേ എനിക്കറിയാം ഹരി അങ്കിളിനെ.. മറ്റാരെയും അറിയിക്കാത്ത എന്തോ ഒരു കാരണം ഉണ്ടാവും aa മനസ്സിൽ..." സൂര്യ ഒന്ന് നിർത്തിയിട്ട്.. മുകുന്ദനെ നോക്കി. അയാൾ പക്ഷേ അവനെ നോക്കിയില്ല.. "അതെന്റെ അച്ഛനും അറിയാം എന്നൂടി എനിക്കറിയാം കേട്ടോ.. പക്ഷേ അച്ഛൻ ടെൻഷൻ ആവണ്ട..

ഞാൻ ഒരിക്കലും അത് ചികഞ്ഞു പോവില്ല.. അതൊരിക്കലും എന്റെ ജീവിതത്തിൽ ഒരു വില്ലൻ ആവില്ലെന്ന് അച്ഛന് ഉറപ്പുണ്ട് എന്ന് മനസ്സിലായി.. അത് മാത്രം എനിക്ക്.." സൂര്യ പറയുമ്പോൾ മുകുന്ദന്റെ മുഖം തിളങ്ങുന്ന പോലെ ആയിരുന്നു.. ഉള്ളിലെ സന്തോഷം കൊണ്ട്.. "അച്ഛനും ഏട്ടന്മാരും കൂടെ ഉള്ളപ്പോൾ സമയം കുറവാണ് എന്നുള്ള കാരണതിനെ ഞാൻ പേടിക്കുന്നുമില്ല.. എല്ലാം അതിന്റെ വഴിക്ക് തന്നെ നടക്കട്ടെ " പറഞ്ഞു കഴിഞ്ഞു സൂര്യ ഇറങ്ങി പോയിട്ടും മുകുന്ദൻ.... അതേ നിൽപ്പ് തുടർന്നു. സന്തോഷം അയാളിൽ അതിന്റെ പരകോടിയിൽ ആയിരുന്നു അപ്പോൾ. 💞💞💞💞💞💞💞💞💞💞💞💞💞💞💞 പെട്ടന്ന് വിളിച്ചു കൂട്ടിയതിന്റെ ഒരു അലോസരം ബന്ധുക്കളുടെ മുഖം നിറയെ ഉണ്ട്.. പക്ഷേ ഹരി അത് മനഃപൂർവം കണ്ടില്ലെന്ന് നടിച്ചു.. ദച്ചുവിന്റെ എൻഗേജ്‌മെന്റാണ് വരണം എന്ന് വിളിച്ചു പറയുമ്പോൾ... പലർക്കും അത്ഭുതം ആയിരുന്നു.. ഇത്രയും പെട്ടന്ന്... അതാർക്കും ഉൾകൊള്ളാൻ ആവാത്ത പോലെ.. അത് തന്നെ മുകുന്ദനും പറഞ്ഞു.. ബന്ധുക്കളുടെ പരാതിയെ കുറിച്ച്.. പക്ഷേ തനിക്കു മുന്നിലെ പരിമിതികൾ നന്നായി അറിയാവുന്ന ഹരി ആ വാക്കുകൾക്ക് ചെവി കൊടുക്കാൻ കൂടി നിന്നില്ല.. ഹരിയെ അറിയാവുന്ന മുകുന്ദനും അതേ രീതി തന്നെ പിൻ തുടർന്നു.. ❤❤❤❤❤❤❤❤❤❤❤❤❤❤❤

അവരെന്താ അനു വൈകുന്നത്... അക്ഷമയോടെ ദച്ചു അത് ചോദിക്കുമ്പോൾ... അനു അവളെ നോക്കി കണ്ണുരുട്ടി.. നിനക്ക് ടെൻഷൻ ഇല്ലെടി... അനു ചോദിച്ചു... എന്തിന്... അവൻ വരാൻ വൈകുന്നത് കൊണ്ടാണ് എന്റെ ടെൻഷൻ മുഴുവനും. " പറയുമ്പോൾ ദച്ചുവിന്റെ കണ്ണുകൾ പുറത്തേക്ക് നീണ്ടു.. ചുവന്നൊരു ലാച്ചയിൽ തിളങ്ങുന്ന അവളെ.... അനു ചിരിച്ചു കൊണ്ട് നോക്കി.. ദച്ചുവിന്റെ മുറിയിൽ... കാത്തിരിപ്പാണ്. പുറത്ത് ബന്ധുക്കളുടെതായ ചെറിയൊരു ആൾക്കൂട്ടത്തിന്റെ ഇരമ്പൽ കേൾക്കാം.. അധികം ആളുകളെ വിളിച്ചിട്ടില്ല... ഒഴിവാക്കാൻ വയ്യാത്ത ചിലരെ മാത്രം... അനു....വേഗം വാ ദച്ചു കൈ മാടി ആവേശത്തിൽ വിളിക്കുമ്പോൾ... അനു ബെഡിൽ നിന്നും എഴുന്നേറ്റു ചെന്നിട്ട് അവളുടെ അരികിൽ പോയി നോക്കി.. അവിടെ നിൽക്കുമ്പോൾ ഗേറ്റ് കാണാം.. വണ്ടിയിൽ നിന്നും സൂര്യ ഇറങ്ങുന്നത് കാണുമ്പോൾ... അനു നോക്കിയത് ദച്ചുവിന്റെ മുഖത്തെക്കാണ്.. സൂര്യൻ ഉദിച്ചു നിൽക്കുന്നു... ആ മുഖം നിറയെ.... സന്തോഷത്തിന്റെ പൂക്കൾ.. ഡീ.... ദച്ചു അനുവിന്റെ കയ്യിൽ മുറുകെ പിടിച്ചു..

എന്തേയ്... അനു ചോദിച്ചു.. "എനിക്ക് പേടിയാവുന്നു.. ദച്ചു പറയുമ്പോൾ അനു ചുണ്ട് കോട്ടി.. "ഇത് വരെയും ഇതല്ലല്ലോ പറഞ്ഞത്... " അവൾ കണ്ണുരുട്ടി കൊണ്ട് ചോദിച്ചു.. "അത് അപ്പോഴല്ലേ.. എന്നും കരുതി ഇപ്പൊ ടെൻഷൻ പാടില്ല എന്നുണ്ടോ.. ദച്ചു വേഗം ബെഡിൽ വന്നിരുന്നു കൊണ്ട് ചോദിച്ചു.. അനു അവളെ കളിയാക്കി ചിരിച്ചു.. റൂമിലേക്ക് വരുന്നവരോട് സംസാരിക്കുന്നുണ്ട് എങ്കിലും ഹൃദയം ഉറക്കെ ഉറക്കെ മിടിക്കുന്നത് ദച്ചു അറിയുന്നുണ്ട്.. എന്നത്തേയും പോലെ... അവനെ കാണുമ്പോൾ പടർന്നു കയറുന്ന ഈ വെപ്രാളം ഇന്നും മുടങ്ങാതെ വന്നിട്ടുണ്ട്.. വാ.. ഒന്ന് പുറത്തിറങ്ങി നോക്കാം.. അനു വന്നിട്ട് കൈ പിടിക്കുമ്പോൾ.. ദച്ചു ഇല്ലെന്ന ഭാവത്തിൽ ഒന്ന് കുതറി.. വാടി ഇങ്ങോട്ട്... അനു വിടാതെ തന്നെ പിടിച്ചിട്ട് അവളെ റൂമിന്റെ പുറത്തേക്ക് നടത്തിച്ചു.. ഒരു കൈ കൊണ്ട് ലാച്ച താങ്ങി... അനുവിന്റെ കൂടെ സ്റ്റയറിനരികിൽ പോയി നിന്നു.. താഴെ... ഇരിക്കുന്ന സൂര്യയെ ഇപ്പൊ ശെരിക്കും കാണാം.. അരികെ ചെന്നിട്ട് വിശേഷം ചോദിക്കുന്നവരോട്.. ചിരിച്ചു കൊണ്ട് തന്നെ തിരിച്ചു സംസാരിക്കാൻ ശ്രമിക്കുന്നവന്റെ കണ്ണുകൾ ഇടക്കിടെ ആരെയോ തേടും പോലെ.

. ഡീ... ദച്ചു തോണ്ടി വിളിക്കുമ്പോൾ... അനു തിരിഞ്ഞു നോക്കി.. സൂര്യ.... അവൻ എന്നെയാവുമോ തിരയുന്നത്.. ദച്ചു സൂര്യയുടെ നേരെ തന്നെ നോക്കി കൊണ്ട് ചോദിച്ചു.. പിന്നെ.... അവനതല്ലേ പണി.. അറുക്കാൻ കൊണ്ട് വന്നു കെട്ടിയ മാടിനെ പോലെ എത്ര ദയനീയമാണ് ആ മുഖം എന്ന് നോക്ക് നീ..എടീ ആ ചെക്കൻ ഓടി രക്ഷപെടാനുള്ള വഴി നോക്കുവായിരിക്കും..പാവം അവസാനത്തെ അവസരം അല്ലേ.. എന്നിട്ടാണ് . അവളെ നോക്കുന്നു പോലും " അനു പറയുമ്പോൾ... ദച്ചുവിന്റെ മുഖം വാടി.. അനുവിന് ചിരി വന്നിരുന്നു ആ ഭാവം കണ്ടിട്ട്.. "എന്റെ ദച്ചു....നിന്നെ അല്ലാതെ മറ്റാരെയാണ് അവൻ ഇവിടെ തേടേണ്ടത്.." അനു പറയുമ്പോൾ അവളുടെ മുഖം നിറഞ്ഞ നാണം.. "ഇനി അങ്ങനെ അല്ലങ്കിൽ കൂടിയും... നിനക്കവനോട് ദേഷ്യം തോന്നരുത്... അവന് സമയം കൊടുക്കണം.. പ്രണയം എന്നത് നിനക്ക് മാത്രം ആയിരുന്നു.. ഒറ്റ കാഴ്ച കൊണ്ടോ.... ഇത്തിരി നേരം സംസാരിക്കാൻ കിട്ടി എന്നത് കൊണ്ടോ പെട്ടന്ന് അവനും അങ്ങനെ തോന്നണം എന്ന് വാശി പിടിക്കരുത്...

ഹൃദയം നിറഞ്ഞ നിന്റെ പ്രണയത്തിനൊപ്പം തന്നെ അവൻ നിന്നെയും സ്നേഹിക്കാൻ പ്രാപ്‌തി നേടുന്ന ഒരു ദിവസം വരും... ആ ദിവസം കാത്തിരിക്കാൻ നിനക്ക് ക്ഷമ വേണം... ഹൃദയം കൊണ്ടാണ് നീ സ്നേഹിച്ചത്... അത് മറന്നു പോവരുത്.. ദച്ചുവിന്റെ കൈ പിടിച്ചിട്ട് അനു അവൾ തലയാട്ടി.. എനിക്കറിയാം അനു.. മറന്നു പോവില്ല ഞാൻ... ഇഷ്ടമാണ് എന്നൊരു വാക്ക് കേൾക്കാൻ ഈ ആയുസ്സ് തീരുവോളം ഞാനും കാത്തിരിക്കുമല്ലോ... മറ്റാർക്കും അറിയില്ല എങ്കിലും... നിനക്കതു നന്നായി അറിയാമല്ലോ " അനു ചിരിയോടെ അവളുടെ കവിളിൽ കൈ ചേർത്ത് പിടിച്ചു.. "എനിക്കുറപ്പുണ്ട്... അധികമൊന്നും എന്റെ ദച്ചുവിന്റെ സ്നേഹത്തിന് മുന്നിൽ അവന് പിടിച്ചു നിൽക്കാൻ ആവില്ല... അതിന് ആയുസ്സ് തീരുവോളം നീ കാത്തിരിക്കേണ്ടിയും വരില്ല... അനു അത് പറയുമ്പോൾ ദച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു... "അയ്യോ... പൊന്ന് മോളെ.. കരയല്ലേ.. പത്തു പതിനായിരം രൂപ എണ്ണി കൊടുത്തു ചെയ്ത ഈ മേക്കപ്പ്... അതൂടെ കണ്ണ് നീരിൽ ഒലിച്ചു പോയ.. നിനക്ക് പിന്നെ നിന്റെ ചെക്കാനൊപ്പം പിടിച്ചു നിൽക്കാൻ ആവില്ല കേട്ടോ.. നീ കണ്ടില്ലേ... മുടിഞ്ഞ ലുക്കിൽ ആണ് അവൻ വന്നേക്കുന്നത് " അനു പറയുമ്പോൾ ദച്ചു വീണ്ടും സൂര്യയുടെ നേരെ നോക്കി..

എന്നിട്ട് വീണ്ടും അവളെ തന്നെ ഒന്ന് ഉഴിഞ്ഞു നോക്കി അനുവിനെ നോക്കി ചുണ്ട് ചുളിച്ചു.. വെറുതെ പറഞ്ഞാ പെണ്ണെ.. നീ സുന്ദരിയാണോ... അതുക്കും മേലെയല്ലേ.. അനു അത് പറയുമ്പോൾ ദച്ചുവിന്റെ മുഖം സന്തോഷം നിറഞ്ഞു... അവനിലേക്ക് എത്തി ചേർന്ന പിന്നെ... നിനക്ക് ഞാൻ അവനോട് ഇടക്കിടെ പറയാനുള്ള വെറുമൊരു കാരണം മാത്രമാവും.. അല്ലേടി.. തന്നെ സൂക്ഷിച്ചു നോക്കി അനു അത് പറയുമ്പോൾ... സൂര്യയിൽ നിന്നും കണ്ണുകൾ പറിച്ചെടുത്ത് കൊണ്ട്... ദച്ചു അവളെ നോക്കി... ആ നോട്ടം കണ്ടപ്പോൾ അനു ഒന്ന് ചിരിച്ചു കാണിച്ചു.. ദച്ചു അവളെ ഇറുകെ കെട്ടിപിടിച്ചു.. അങ്ങനെ ആണോ അനു നിനക്ക് തോന്നിയത്... അത്രേം ഒള്ളോ എനിക്ക് നീ " ഇടറി കൊണ്ടാണ് അവളുടെ ചോദ്യം.. "ഞാൻ വെറുതെ പറഞ്ഞതല്ലേ ദച്ചു.. നീ ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും ഒക്കെ കരഞ്ഞു നടന്നോ.. ഇങ്ങനൊരു സാധനം " താൻ കൂടി സെന്റി അടിച്ച ദച്ചു കരഞ്ഞു കൊണ്ട് അലമ്പാക്കും എന്ന് ശെരിക്കും അറിയാവുന്ന അനു അവളെ കളിയാക്കി കൊണ്ട് ചിരിച്ചു.. അൽപ്പം കൂടി കഴിഞ്ഞു....

ഹരി തന്നെയാണ് ദച്ചുവിനെ താഴേക്കു കൂട്ടിയത്.. തന്നെ കണ്ടപ്പോൾ ചിരിയോടെ നോക്കുന്ന സൂര്യയെ ഒളി കണ്ണോടെ കണ്ടിരുന്നു എങ്കിലും... നേരിട്ട് അവനെ നോക്കാൻ അവൾക്ക് ധൈര്യം പോരായിരുന്നു.. പേടിയുണ്ടോ.... അവനരികിൽ ചേർന്നു നിൽക്കുമ്പോൾ അവളുടെ വെപ്രാളം തിരിച്ചറിയാൻ കഴിഞ്ഞത് കൊണ്ട് തന്നെയാണ് സൂര്യ പതിയെ അങ്ങനെ ചോദിച്ചത്.. മറുപടി പറയാൻ അവനെ നോക്കിയ ദച്ചു ഒരു നിമിഷം അവന്റെ മുഖത്ത് നിന്നും നോട്ടം മാറ്റാൻ ആവാത്ത വിധം കുരുങ്ങി പോയി. എത്രയോ നാളുകൾ കൊണ്ട് കൊതിച്ചൊരു നിധി സ്വന്തം ആവുന്നതിന്റെ നിർവൃതി ഉണ്ടായിരുന്നു അവളിൽ.. ചിരിച്ചു കൊണ്ട് തന്നെ സൂര്യ പുരികം ഉയർത്തി കാണിച്ചു.. ദച്ചു കൈ കൊണ്ട് നെഞ്ചിൽ ചേർത്ത് പിടിക്കുന്നത് കണ്ടപ്പോൾ സൂര്യ ചിരി അമർത്തി.. വിരൽ നീട്ടി കൊടുക്കുമ്പോൾ വിറക്കുന്ന കൈകളെ പൊതിഞ്ഞു പിടിച്ചാണ് സൂര്യ മോതിരം അണിയിച്ചത്.

റിലാക്സ്... മുഖം ഉയർത്തി നോക്കിയ അവളെ നോക്കി പതിയെ ചുണ്ട് കൊണ്ട് മാത്രം അവനത് പറയുമ്പോൾ അവളുടെ മുഖം വിടർന്നു.. തിരിച്ചവന്റെ കൈ നീട്ടി കൊടുത്തു.. അതവനിൽ അണിയിച്ചു കൊടുത്തിട്ട് അവൾ മുഖം ഉയർത്തി നോക്കുമ്പോൾ... സൂര്യ ചിരിച്ചു കൊണ്ട് കണ്ണടച്ച് കാണിച്ചു.. പിന്നീട് അങ്ങോട്ട്‌ ഫോട്ടോ ഷൂട്ടിന്റെ തിരക്ക്.. അവനരികിൽ വരുമ്പോൾ കൂടുന്ന ഹൃദയമിടിപ്പിനൊപ്പം... കോർത്തു പിടിച്ച ആ കയ്യിന്റെ നേർത്ത ചൂടിൽ... ഉരുകി പോവും പോലെ അവൾക്ക് തോന്നി.. വിളറി പോവുന്ന മുഖം നോക്കി ഫോട്ടോ ഗ്രാഫർ ചേട്ടൻ കളിയാക്കി ചിരിച്ചപ്പോൾ... മറ്റങ്ങോ നോട്ടം മാറ്റി ചിരി അമർത്തി നിൽക്കുന്ന സൂര്യയെ അവളും ഒളി കണ്ണോടെ കണ്ടിരുന്നു..........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story