സ്വയം വരം 💞: ഭാഗം 22

swayamvaram jifna

രചന: ജിഫ്‌ന നിസാർ

 തിരിച്ചുള്ള യാത്രയിൽ ദച്ചു അങ്ങേയറ്റം മൗനത്തിലാണ്.. ഇടക്കിടെ സൂര്യ മിററിൽ കൂടി നോക്കുന്നത് കണ്ടിട്ടും അവൾ അതൊന്നും അറിയാത്ത പോലെ.. ഹലോ.... വയറു നിറഞ്ഞ ശബ്ദം നിന്ന് പോകുന്ന അസുഖം വല്ലതും ഉണ്ടോ നിനക്ക്...” ദച്ചുവിന്റെ മൗനം തീർത്തും അസഹ്യമാണെന്ന് തോന്നിയ നിമിഷം സൂര്യ ചോദിച്ചു.. ദച്ചു പുഞ്ചിരിയോടെ അവന്റെ നേരെ നോക്കി.. പോയപ്പോ ഉണ്ടായിരുന്ന മൂഡ് അല്ലല്ലോ ഇപ്പൊ..എന്ത് പറ്റി ” സൂര്യ വീണ്ടും മിററിൽ കൂടി അവളെ നോക്കിയിട്ട് ചോദിച്ചു.. ഒന്നുമില്ല... എനിക്കെന്തൊക്കെയോ ഒരു പേടി... ഈ സന്തോഷത്തിനൊക്കെ അപ്പുറം മറ്റെന്തോ സങ്കടം പതി ഇരിക്കും പോലെ.. മനസ്സിൽ സന്തോഷം നിറഞ്ഞു തുളുമ്പുന്ന അതെ നിമിഷം എന്നെ ആരോ ഓർമ പെടുത്തും പോലെ... ” ദച്ചു പറയുമ്പോൾ സൂര്യ പതിയെ വണ്ടിയുടെ വേഗം കുറച്ചു.. എന്തിനാണ് ഇങ്ങനെ ആവിശ്യമില്ലാത്തതൊക്കെ ചിന്തിച്ചു വെറുതെ ടെൻഷൻ ആവുന്നേ... ഒന്നും വരില്ല...സന്തോഷമായിട്ടിരിക്ക്..ലൈഫിൽ നീ ഏറെ കൊതിച്ചൊരു കാര്യം നടക്കാൻ പോകുന്നതിന്റെ എല്ലാ ഭാവങ്ങളും നീ ആസ്വദിക്ക് ദർശന.... ഞാൻ ഇല്ലേ കൂടെ "

ആർദ്രമായ് സൂര്യ അത് പറയുമ്പോൾ ആ മുഖം തെളിഞ്ഞു തുടങ്ങി.. ഞാൻ മാത്രം ആണല്ലോ ആഗ്രഹിക്കുന്നത് അല്ലേ... അപ്പൊ എനിക്ക് മാത്രം സന്തോഷം മതിയല്ലോ അല്ലേ ” പിറു പിറുത്തു കൊണ്ടവൾ മുഖം വീർപ്പിച്ചു പിടിച്ചു.. സൂര്യ അടക്കി ചിരിച്ചു... ആ ഭാവം കണ്ടിട്ട്.. ”ഇപ്പൊ ഞാനും ആഗ്രഹിക്കുന്നു... ഒരുപാട്.. എത്രയും വേഗം നിന്നെ എന്റെ മാത്രം ആയിട്ട് കിട്ടാൻ.. ഞാനും കാത്തിരിക്കുന്നു.. ആ ദിവസത്തിനായി ” ചിരിച്ചു കൊണ്ടവൻ പറയുബോൾ ആ നോട്ടത്തെ നേരിടാൻ ആവാതെ ദച്ചു മുഖം കുനിച്ചു പിടിച്ചു.. കൈകൾ പതിയെ അവന്റെ തോളിലും മുറുകി തുടങ്ങിയിരുന്നു... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ "അതേയ്.. കുരുത്തകേട് ഒന്നും കാണിക്കരുത് കേട്ടോ ദച്ചു.. ഇവിടുത്തെ പോലെയല്ലല്ലോ " സുകന്യ പറയുമ്പോൾ ദച്ചു മൂളി കേട്ടു. അവളുടെ മുഖത്തെ ഭാവം കണ്ടിട്ട് ഹരിക്ക് ചിരി വരുന്നുണ്ട്.. സുകന്യ വല്ല്യ കാര്യത്തിൽ പറഞ്ഞു കൊടുക്കും.. "ഒന്ന് പറഞ്ഞ രണ്ടാമത്തെത്തിന് തറുതല പറയുന്ന സ്വഭാവം ഒന്നും ചിലപ്പോൾ സൂര്യക്ക് ഇഷ്ടമാവില്ല.. സൂക്ഷിച്ചു സംസാരിക്കാൻ പഠിച്ചോ..."

മുന്നറിയിപ്പ് പോലെ സുകന്യ അത് പറയുമ്പോൾ... വീണ്ടും ദച്ചുവിന്റെ മനസ്സിൽ... വൈകുന്നേരം അവനൊപ്പം ഉണ്ടായിരുന്ന നല്ല നിമിഷങ്ങൾ ഓർമ വന്നിരുന്നു.. ചുണ്ടിലെക്ക് അറിയാതെ വന്ന് ചേർന്ന ചിരിയിൽ നാണം കൂടി പുരണ്ട് പോയിരുന്നു.. അവൾ ബെഡിലേക്ക് മുഖം പൂഴ്ത്തി കിടന്നു.. ഡീ... സുകന്യ തട്ടി വിളിക്കുമ്പോ വീണ്ടും മുഖം ഉയർത്തി നോക്കി.. ഉറക്കം വരുന്നുണ്ടോ... എങ്കിൽ പോയിട്ട് കിടന്നോ... സമയം വൈകി " അവൾ എണീറ്റിരുന്നു.. നിനക്കെന്താണ് മോളെ ഒരു കള്ള ലക്ഷണം... ഹരി ചോദിച്ചു.. അവരുടെ മുറിയിൽ വന്ന് കിടന്നതാണ് ദച്ചു.. ഒന്നും ഇല്ലെന്ന് അവൾ ചുമൽ ഉയർത്തി കാണിച്ചു.. "നിനക്കൊരു സങ്കടവും ഇല്ലെടി... ഞങ്ങളെ വിട്ട് പോവാൻ... ഇനി നാല് ദിവസം കൂടി അല്ലേ ഒള്ളു..." സുകന്യ അത് ചോദിക്കുമ്പോൾ ദച്ചുവിന്റെ ചിരി മാഞ്ഞു.. മുഖം വാടി... അവൾ കുനിഞ്ഞിരുന്നു പോയി..

ഹരി സുകന്യയെ നോക്കി കണ്ണുരുട്ടി.. ഇവർക്ക് സങ്കടമാവരുത് എന്നും കരുതി... വിട്ടിട്ട് പോകണമല്ലോ എന്നോർക്കുമ്പോൾ തോന്നുന്ന ശൂന്യതയെ മനഃപൂർവം ഉള്ളിലൊതുക്കി നടക്കുന്ന ദച്ചു ആ ചോദ്യത്തോടെ കരച്ചിൽ അമർത്താൻ പാട് പെട്ടു.. "ഇവിടെന്റെ സ്വർഗം അല്ലേ അമ്മേ... സ്വർഗം വിട്ടിട്ട് പോവാൻ ആർക്കെങ്കിലും ഇഷ്ടമുണ്ടാവുമോ... ഒരിഷ്ടം പോലും എനിക്ക് നഷ്ടപെടരുത് എന്ന ചിന്തയോടെ തന്നെ എന്നെ സ്നേഹിക്കാൻ അറിയാവുന്ന എന്റെ പപ്പയേം അമ്മയേം ഞാൻ സന്തോഷത്തോടെ വിട്ടിട്ട് പോകുവാ എന്ന് തോന്നുന്നോ നിങ്ങൾക് " കരയാതെ.... ദച്ചു അത് പറയുമ്പോൾ സുകന്യയുടെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു.. ഞാനൊരു തമാശ പറഞ്ഞതല്ലേ മോളെ " ഇടറി കൊണ്ട് അവരത് പറഞ്ഞിട്ടും ദച്ചുവിന്റെ മുഖത്തു ചിരി വിരിഞ്ഞില്ല.. പോട്ടെ... എനിക്കറിയാം എന്റെ മോളെ.. ഒന്നും ഓർത്തിട്ട് സങ്കടപെടേണ്ട.... പോയിട്ട് ഉറങ്ങിക്കോ...

ഹരിയെ കൂടി ഒന്ന് നോക്കി... ദച്ചു ബെഡിൽ നിന്നും ഊർന്നിറങ്ങി. വാതിൽ കടന്നവൾ പുറത്തിറങ്ങി പോയതും സുകന്യ ഹരിയെ നോക്കി.. "മോൾക്ക് വിഷമം ആയി പോയി " കരഞ്ഞു കൊണ്ട് തന്നെ അവരത് പറയുമ്പോൾ... ഹരി പോയിട്ട് വാതിൽ അടച്ചു വന്നു.. "സാരമില്ല... അതിനേക്കാൾ വിഷമം നീ സഹിച്ചു കൊണ്ടാ ആ ചോദ്യം ഉള്ളിൽ വന്നതെന്ന് എനിക്കറിയാം.. ഇതെല്ലാം അനിവാര്യമാണ്... ഇന്നല്ലങ്കിൽ നാളെ തീർച്ചയായും നടക്കേണ്ടുന്ന കാര്യങ്ങൾ... സങ്കടങ്ങൾക്ക് പകരം സന്തോഷത്തോടെ നേരിടാൻ പഠിക്കുക.. കാരണം സങ്കടം ആയാലും സന്തോഷം ആയാലും ഒന്നും വരാതിരിക്കില്ല.. അപ്പൊ പിന്നെ സന്തോഷം അല്ലേ ഒന്നൂടെ ബെറ്റർ " സുകന്യയെ നെഞ്ചിൽ അമർത്തി പിടിച്ചു കൊണ്ട് ഹരി അത് പറയുമ്പോൾ... നിറഞ്ഞ കണ്ണുകൾ അവരെ കാണാതെ തുടച്ചു... ❤❤❤❤❤❤❤❤❤❤❤❤❤❤❤

സങ്കടതേക്കാൾ.. തീവ്രമായൊരു വിങ്ങൽ. അതാണ്‌ ദച്ചുവിന്റെ മനസ്സിൽ.. സൂര്യയുടെ അരികിൽ ഓടി എത്താൻ കൊതിക്കുന്ന അതേ മനസ്സ് തന്നെ വീട്ടിൽ നിന്നും വിട്ട് നിക്കേണ്ടുന്ന അവസ്ഥയെ ഓർമപെടുത്താൻ മറക്കില്ല.. ചാർജിൽ ഇട്ട ഫോൺ എടുത്തു കൊണ്ടവൾ ബെഡിലേക്ക് കിടന്നു.. ഫോണിലൂടെ ഒരു ഓട്ട പ്രധക്ഷണം നടത്തി.. ഒന്നിനും മനസ്സോരുക്കമല്ല.. അത് ഓഫ് ചെയ്തിട്ട്... അവൾ ഉറങ്ങാൻ കിടന്നു.. കണ്ണുകൾ അടച്ചു കിടക്കുമ്പോൾ... വീണ്ടും സൂരയെ ഓർമ വന്നു... അവന്റെ കുസൃതി നിറഞ്ഞ മുഖം... ഉള്ളിലെ വേദനയെ തുടച്ചു നീക്കും പോലെ... ഇന്ന് വിളിച്ചില്ലല്ലോ... ഒന്നങ്ങോട്ട് വിളിച്ചാലോ.. എന്ത് വിചാരിക്കും ആവോ.. മനസ്സിൽ പിടി വലി നടക്കുന്നുണ്ട്.. ആ തോന്നൽ ഒട്ടും സഹിക്കാൻ വയ്യാതെ ആയപ്പോൾ ദച്ചു വീണ്ടും എഴുന്നേറ്റു.. ഫോൺ എടുത്തു.. വിളിച്ചില്ല.. പകരം അവനൊരു മെസ്സേജ് ഇടാം എന്ന് കരുതി.. ബൈക്കിൽ ഇരിക്കുന്ന അവന്റെ ഒരു ഫോട്ടോ ആയിരുന്നു പ്രൊഫൈൽ പിക്ചർ.. അവൾ കുറച്ചു നേരം അതിൽ കുരുങ്ങി പോയി.. ചിരിക്കുമ്പോൾ ചെറുതാവുന്ന അവന്റെ കണ്ണിലേക്കു സ്നേഹത്തോടെ നോക്കി ഇരുന്നു..

ഹായ് എന്നൊരു മെസ്സേജ് മാത്രം ടൈപ്പ് ചെയ്തിട്ട്... കള്ളിയെ പോലെ പെട്ടന്ന് ഫോൺ ഓഫ് ചെയ്തു വേച്ചു. ഹൃദയം വീണ്ടും തുള്ളി വിറച്ചു കൊണ്ടിരിക്കുന്നു.. ശരീരം ആകെ കൂടി... വിറച്ചു തുള്ളും പോലെ.. തൊട്ടടുത്തുള്ള നിമിഷം ഫോൺ ബെല്ലടിച്ചു.. അതേ ഭാവത്തിൽ തന്നെ അവൾ അതെടുത്തു ചെവിയോട് ചേർത്ത് പിടിച്ചു.. ഉറങ്ങിയില്ലേ.... സൂര്യ ചോദിക്കുമ്പോൾ... ഇല്ലെന്ന് പതിയെ മൂളി.. എന്തെ... അവൻ ചിരിച്ചു കൊണ്ടാണ് ചോദിക്കുന്നത് എന്നവൾക്ക് തോന്നി.. ഉറക്കം വരുന്നില്ല... ദച്ചു പതിയെ പറഞ്ഞു അവന്റെ ആ ശബ്ദം കേട്ട മാത്രയിൽ തന്നെ ഹൃദയം പഴയ രീതിയിലേക്ക് കൂട് മാറി..അവളിൽ. "ഞാൻ കരുതി ഉറങ്ങി കാണും ന്ന്.. അതാണ്‌ വിളിക്കാഞ്ഞേ... സമയം ഒരുപാട് ആയില്ലേ " മനസ്സറിഞ്ഞത് പോലെയാണ് സൂര്യ അത് പറയുമ്പോൾ ദച്ചുവിന് തോന്നിയത്.. ഇല്ല... പപ്പേടെ റൂമിൽ ആയിരുന്നു.. ദച്ചു മറുപടി പറഞ്ഞു.. അതിനവൻ ഒന്ന് മൂളി.. പിന്നെ എന്ത് പറയണം എന്നറിയാത്ത കുറച്ചു ടൈം.. മൗനം കടമെടുത്തു.. "ആ.. പിന്നെ.. നാളെ ഡ്രസ്സ്‌ എടുക്കാൻ പോവുന്നുണ്ട്.. അത് പറയാൻ മറന്നു.. ദേവേട്ടൻ വരും പിക് ചെയ്യാൻ..

രാവിലെ റെഡി ആയിരിക്കണം... ഇനി അധികം ടൈം ഇല്ലല്ലോ " സൂര്യ അത് പറയുമ്പോൾ.... ദച്ചു ഒന്ന് മൂളി.. "അപ്പോൾ.... ഉണ്ടാവില്ലേ " മടിച്ചു കൊണ്ടാണ് അവൾ ചോദിക്കുന്നത്.. ഞാനോ "സൂര്യ തിരിച്ചു ചോദിച്ചപ്പോൾ അവളൊന്നു മൂളി.. ഞാൻ വരണോ.... ചോദിച്ചു.. കുസൃതി നിറഞ്ഞ ആ മുഖം ഉള്ളിൽ കണ്ടു കൊണ്ട് തന്നെ ദച്ചു ഒന്നും മിണ്ടാതെ നിന്നു.. "ഇത്തിരി തിരക്കുകൾ.. പ്രാക്ടീസ്... അങ്ങനെയൊക്കെ... നാളെ രാവിലെ.. എത്താൻ പറ്റുമെന്ന് തോന്നുന്നില്ല.. പക്ഷേ ടെൻഷൻ ആവണ്ട... ഇവിടെ നിന്നും എല്ലാവരും ഉണ്ടാവും... ഹരി അങ്കിളിനോടും ആന്റുയോടും കൂടി പറയണം എന്നച്ചൻ പറയുന്നത് കേട്ടു " സൂര്യ പറയുമ്പോൾ... മനസ്സിൽ ഒരു കുഞ്ഞു നിരാശ നിറയുന്നുണ്ടോ... പക്ഷെ അവനില്ലെങ്കിൽ പിന്നെ ആരുണ്ടായിട്ടെന്താ കാര്യം.. അവളൊന്നും മിണ്ടാതെ നിന്ന് പോയി.. ഹലോ... പോയോ...

അനക്കമൊന്നും കേൾക്കാതെ സൂര്യ ചോദിക്കുമ്പോൾ ഇല്ലെന്ന് പറഞ്ഞു.. എങ്കിൽ... കിടന്നോ.. പിന്നെ വിളിക്കാം.. ഗുഡ്നൈറ്റ് " സൂര്യ പറയുമ്പോൾ അവളും ഗുഡ്നൈറ്റ് പറഞ്ഞിട്ട് ഫോൺ ബെഡിലേക്ക് ഇട്ടു.. വീണ്ടും ദച്ചുവാ ശൂന്യതയിലേക്ക് വീണു പോയിരുന്നു. 💞💞💞💞💞💞💞💞💞💞💞💞💞💞 വലിചിഴക്കുന്ന തുണി തരങ്ങൾക്കിടയിലും... അവയിലൊന്നും മനസ്സുടക്കാതെ ദച്ചു നിന്നു.. മോൾക്ക് ഇഷ്ടമായ ഡിസൈൻ പറഞ്ഞു കൊടുക്ക് " സ്നേഹത്തോടെ തന്നെ അവരെല്ലാം പറയുന്നുണ്ട്.. ഹരിയെയും സുകന്യയെയും കൂടി മുകുന്ദൻ ഒപ്പം കൂട്ടി.. ഇല്ലെന്ന് ഹരി ആവതും പറഞ്ഞിട്ടും മുകുന്ദൻ വിളിക്കുമ്പോൾ അയാൾക്ക് അധികം ബലം പിടിക്കാനും ആവില്ല.. എന്ത് പറ്റി ദച്ചു... ഒരു ഉഷാറില്ലാതെ " കാവ്യ അരികിൽ വന്നിരുന്നു ചോദിച്ചു.. ഏയ്.. ഒന്നുല്ല ചേച്ചി.. " വരുത്തി കൂട്ടിയ ചിരിയോടെ ദച്ചു അത് പറയുമ്പോൾ... കാവ്യ ചിരിച്ചു കൊണ്ട് തലയാട്ടി.. "നമ്മുക്കുള്ളത് സെലക്ട് ചെയ്യാം.. ദച്ചുവിന് പിന്നെ എടുക്കാം... ല്ലേ " കാവ്യ അത് പറയുമ്പോൾ അവരെല്ലാം അത് അംഗീകരിച്ചു.. പിന്നെയും അവരെല്ലാം വർണങ്ങളുടെ കൂട്ടത്തിലേക്ക് അലിഞ്ഞു..

സുകന്യയും ഉമയും സാരിയുമായി പിടി വലി കൂടിയപ്പോൾ... കാവ്യയും ഇന്ദ്രനും കുട്ടികളുടെ സെക്ഷനിലേക്ക് വലിഞ്ഞു.. ദേവിനുള്ള ഷർട്ടും നോക്കി അവൻ അവിടേക്ക് നീങ്ങിയപ്പോൾ.. വേണി കുഞ്ഞിനേയും കൊണ്ട്... സോഫയിൽ കുത്തി ഇരിക്കുന്നുണ്ട്..അതിലൊന്നും യാതൊരു താല്പര്യവുമില്ല എന്നാ മട്ടിൽ.. ഹരിയും മുകുന്ദനും എന്തൊക്കെയോ പറഞ്ഞു കൊണ്ട്... ഒരു കോണിൽ ഇരിക്കുന്നു.. അതിലൊന്നും പെടാതെ... എന്നാൽ അതാർക്കും മനസ്സിലാവാതെ.. ഉള്ളിൽ ഊറി കൂടിയ സങ്കടത്തിൽ നിന്നും പുറത്ത് കടക്കാൻ ദച്ചു ആവതും ശ്രമിക്കുന്നുണ്ട്.. മനസിനോട് ആ നിമിഷം അവൾ ദേഷ്യം വരുന്നുണ്ട്.. ഈ കാണിക്കുന്ന വികൃതിയിൽ. വരില്ലെന്ന് പറഞ്ഞിട്ടും... വരുമെന്ന് വെറുതെ മോഹിച്ചു പോയിരുന്നു.. ആ കൂടെ ചേരാൻ ഇനി.. ദിവസങ്ങൾ മാത്രം ബാക്കിയുള്ളു..

അതൊന്നും പറഞ്ഞിട്ടും കൂട്ടാകാൻ ശ്രമിക്കാത്ത മനസ്സപ്പോൾ... വാശിക്കാരൻ കുട്ടിയുടെ അതേ ഭാവത്തിൽ ആണ്.. മുന്നിലേക്ക് ഇടുന്നത് അലസമായി നോക്കുന്നതിനിടെ... തിരിഞ്ഞു നോക്കുമ്പോൾ... ധൃതിയിൽ ഓടി കയറി വരുന്ന സൂര്യയെ കണ്ട നിമിഷം മുതൽ... വീണ്ടും ഹൃദയം പതഞ്ഞു പൊങ്ങി.. മുഖത്തെ ഭാവം മനോഹരമായൊരു ചിരിയിലേക്ക് വഴി മാറി.. ഹരിയോടും മുകുന്ദനോടും... എന്തൊക്കെയോ പറഞ്ഞിട്ട്... അവന്റെ കണ്ണുകൾ നാലു പാടും ചുറ്റുന്നത്.. ദച്ചു കണ്ടിരുന്നു.. അതോടുവിൽ തന്റെ മുഖത്തു പതിയുന്നതും... ചിരിച്ചു കൊണ്ട് അവരോട് എന്തോ പറഞ്ഞിട്ട് നടന്നു വരുന്നതും കാണെ ദച്ചു പെട്ടന്ന് തിരിഞ്ഞു നിന്നിരുന്നു.. തൊട്ടരികിൽ അവന്റെ സാന്നിധ്യം... മനം മയക്കുന്ന അവന്റെ പെർഫ്യുമിന്റെ ഗന്ധം.. "ഒന്നും എടുക്കാൻ ആവാതെ ഇവിടെ ഒരാൾ ചുറ്റി തിരിയുന്നു എന്ന് പറഞ്ഞു...കാവ്യേട്ടത്തി.ശെരിയാണോ " അരികിൽ വന്നിട്ട് പതിയെ അവൻ ചോദിക്കുമ്പോൾ... ദച്ചു പതിയെ മുഖം ഉയർത്തി കൊണ്ടവനെ നോക്കി.. ചിരിച്ചു കൊണ്ട് സൂര്യ അവളെ നോക്കി..

വരില്ലെന്ന് പറഞ്ഞിട്ടും ഒരാൾ വരുമെന്ന് മനസ്സിൽ വെറുതെ തോന്നിയത് കൊണ്ടാണ് ”ദച്ചു പതിയെ പറയുമ്പോൾ... ചുണ്ടുകൾ കൂട്ടി പിടിച്ചിട്ട് സൂര്യ അവളെ നോക്കി.. "പ്രാക്ടീസ് ഉണ്ടായിരുന്നു....” സൂര്യ പറഞ്ഞു..ദച്ചു ഒന്നും മിണ്ടാതെ അവനെ നോക്കി.. തീർന്നിട്ടില്ല... പക്ഷെ നിനക്ക് വേണ്ടി ഓടി വന്നതാ...ഞാൻ കൂടെ ഇല്ലാത്തത് കൊണ്ടിനി ഒന്നും എടുക്കാതിരിക്കണ്ട.. അവൻ അവളെ നോക്കി..പറഞ്ഞു അവളൊന്നും മിണ്ടാതെ വീണ്ടും തല താഴ്ത്തി..പക്ഷെ എന്തോ സന്തോഷം തിരികെ വന്നിരുന്നു അവളിൽ.. അവന്റെ അരികിൽ നിൽക്കുമ്പോൾ... അവന്റെ വാക്കുകൾ കേൾക്കാൻ വീണ്ടും വീണ്ടും.. വാ... പറഞ്ഞിട്ടവൻ മുന്നോട്ട് നടന്നു.. കളഞ്ഞു പോയ ഉന്മേഷം തിരികെ വന്നിരുന്നു ദച്ചുവിൽ.. നീ അല്ലെ വരില്ലെന്നു പറഞ്ഞിരുന്നത് സൂര്യയെ കണ്ടപ്പോൾ ഉമ ചോദിച്ചു.. പറഞ്ഞിരുന്നു.. പ്രാക്ടീസ് നേരത്തെ തീർന്നത് കൊണ്ട് പോന്നതാ " ചിരിച്ചു കൊണ്ട് തന്നെ സൂര്യ മറുപടി പറയുബോൾ ദേവിന്റെയും കാവ്യയുടെയും കണ്ണുകൾ ദച്ചുവിന്റെ നേരെ ആയിരുന്നു..

അവൾ സൂര്യയുടെ മറവിൽ ഒളിഞ്ഞു നിന്നു.. പിന്നെയെല്ലാം പെട്ടന്ന് തന്നെ നടന്നിരുന്നു.. ആവേശത്തിൽ ഓരോന്നു ചൂണ്ടി കാണിച്ചു കൊടുക്കുന്നുണ്ട് ദച്ചു.. ശേഷം അവളുടെ കണ്ണുകൾ സൂര്യയുടെ നേരെ നീളും.. കാശി മോനെ കയ്യിലെടുത്തു നിൽക്കുന്ന സൂര്യയും അവളെ തന്നെ നോക്കി നിൽക്കുന്നുണ്ട്.. അവനെത്തിയപ്പോൾ തിരിച്ചു കിട്ടിയ അവളുടെ സന്തോഷത്തിലേക്ക് അവരെല്ലാം അതെ മനസ്സോടെ നോക്കി നിൽക്കുന്നുണ്ട്.... ഉമ എടുത്തു കൊടുത്ത... വൈൻ കളർ സാരി തന്നിലേക്ക് ചേർത്തിട്ട് അവളുടെ കണ്ണുകൾ സൂര്യയുടെ നേരെ പാഞ്ഞു.. സൂപ്പർ എന്ന് ചുണ്ട് കൊണ്ട് അവൾക് തിരിച്ചറിയാൻ പാകത്തിന് പറഞ്ഞിട്ട് അവൻ കൈ വിരൽ ഉയർത്തി കാണിച്ചു... നാണം പുരണ്ട അവളെ അത് പറഞ്ഞിട്ട് അവരെല്ലാം കളിയാക്കി ചിരിക്കുമ്പോൾ പോലും... ഹൃദയം സുഖമുള്ളൊരു തണുപ്പിൽ പതിയെ മുങ്ങി നിവരും പോലെ...

ഉച്ചക്ക് ശേഷമാണ് അവിടെ നിന്നിറങ്ങാൻ ആയത്.. നേരെ ജ്വാല്ലറിയിലേക്കാണ്... പോയത്.. കുഞ്ഞ് കരയുന്ന കാരണം പറഞ്ഞിട്ട് വെറുതെ ചൊറിയാൻ തയ്യാറെടുക്കുന്ന വേണിയെയും ദേവിനെയും ഉമ വീട്ടിലേക്ക് പറഞ്ഞു വിട്ടു.. അവരെല്ലാം ഡ്രസ്സ്‌ എടുത്തിട്ടും... ഒരുപാട് വലിച്ചു നിരത്തി... അവയിലൊന്നും തനിക് പറ്റിയ ഡിസൈൻ ഇല്ലെന്ന് കാരണം പറഞ്ഞിട്ട് വേണി മാത്രം ഡ്രസ്സ്‌ ഒന്നും എടുത്തിട്ടില്ല.. അവർക്കെടുത്തതിന്റെ ഇരട്ടി വിലയുള്ളത് വേണം തനിക്കു എടുക്കാൻ എന്നുള്ള അവളുടെ വാശി ശെരിക്കും അറിയാവുന്ന ദേവ് അവളെ എടുക്കാൻ നിർബന്ധം പിടിച്ചതുമില്ല.. ജ്വാല്ലറിയിലെത്തി..താലി തിരയാൻ ദച്ചുവിനെയും സൂര്യയെയും ഏൽപ്പിച്ചു.. നോക്കി എടുക്ക്... നിനക്ക് ഇഷ്ടമുള്ളത് സൂര്യ ചിരിച്ചു കൊണ്ട് ദച്ചുവിനോട് പറഞ്ഞു.. വേണ്ട.... നിനക്കിഷ്ടമുള്ളതാണ്....

എനിക്കിഷ്ടം... പറയുമ്പോൾ സൂര്യ അവളെ നോക്കി... ആ മുഖം നിറഞ്ഞ പ്രണയം... അവന്റെ ഹൃദയം കൂടി പ്രണയം നിറച്ചു... അവനോരോന്ന് തിരയുമ്പോൾ... ദച്ചുവിന്റെ മനസ്സിൽ.. വല്ലാത്തൊരു നിർവൃതി.. ഒടുവിൽ ഒരെണ്ണം കയ്യിൽ എടുത്തു കൊണ്ട് സൂര്യ അവളെ നോക്കി... ചുണ്ടുകൾ കൂട്ടി പിടിച്ചു കൊണ്ടവൾ അവനെയും നോക്കി.. ഒക്കെ അല്ലെ... ഇത് കൊള്ളാം അല്ലേ.. അവൻ ചോദിക്കുമ്പോൾ.....നിറഞ്ഞ കണ്ണോടെ ദച്ചു തലയാട്ടി... ”എന്തിനാ കരയുന്നെ ” സൂര്യ ചോദിക്കുമ്പോൾ...ഒന്നും ഇല്ലെന്ന് പറഞ്ഞിട്ട് ദച്ചു വേഗം മുഖം തുടച്ചു... പക്ഷെ കലങ്ങിയ മിഴികളിൽ കൂടി അവനവളുടെ ഹൃദയം കാണാൻ കഴിഞ്ഞിരുന്നു.. അതിനുള്ളിൽ തിളച്ചു മറിയുന്ന സന്തോഷത്തിന്റെ കടലിനെയും... ആ സന്തോഷത്തിന്റെ നൂലിനറ്റം തന്റെ ഹൃദയവുമായി സൂര്യ വിളക്കി ചേർത്തു.. അത് കൊണ്ട്.... അവളുടെ മിഴികളിൽ തെളിയുന്ന അതെ തിളക്കം അവനിലും ഉണ്ടായിരുന്നു...........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story