സ്വയം വരം 💞: ഭാഗം 28

swayamvaram jifna

രചന: ജിഫ്‌ന നിസാർ

പോയിട്ട് പെട്ടന്ന് വരാം.. ഒക്കെ " ബൈക്കിൽ കയറും മുന്നേ സൂര്യ പറഞ്ഞു.. ദച്ചു തലയാട്ടി കാണിച്ചു.. അവന്റെ ബൈക്ക് കണ്മുന്നിൽ നിന്നും മറഞ്ഞിട്ടാണ് ദച്ചു കഴിക്കാൻ പോയത്.. ഉമയും കാവ്യയും എല്ലാം ടേബിളിൽ എടുത്തു വെച്ചിട്ട് അവളെ കാത്തിരിക്കുന്നുണ്ട്.. വേണി പിന്നെ അതൊന്നും ശ്രദ്ധിക്കാതെ കഴിച്ചു തുടങ്ങിയിരിക്കുന്നു. സുഭദ്ര കഴിച്ചു കഴിഞ്ഞും പാത്രം നീക്കി വെച്ചിട്ട്... വീണ്ടും ഓരോന്നു പറഞ്ഞു കൊണ്ട് അവിടെ തന്നെ ഇരിക്കുന്നുണ്ട്... യാത്രയപ്പ് കഴിഞ്ഞോ " ദച്ചു വന്നപ്പോൾ തന്നെ ഒരാക്കിയ ചിരിയോടെ സുഭദ്ര ചോദിച്ചു.. അത് ചോദിക്കാൻ വേണ്ടി കാത്തിരുന്നതാണോ എന്ന് ചോദിക്കാൻ തോന്നി ദച്ചുവിന്.. പക്ഷെ അവളൊന്നും മിണ്ടാതെ ചിരിച്ചു കൊണ്ട് തലയാട്ടി.. "ആ... തുടക്കം അല്ലേ.. ഇങ്ങനെ പല പേ കൂത്തും സഹിക്കേണ്ടി വരുമല്ലോ " വീണ്ടും സുഭദ്ര പറയുമ്പോൾ ഉമയും കാവ്യയും പരസ്പരം നോക്കുന്നുണ്ട്.. വേണി അമർത്തി പിടിച്ച ചിരിയോടെ അതിലൊന്നും ശ്രദ്ധിക്കുന്നില്ല എന്നാ ഭാവത്തിൽ തന്നെ ഇരിക്കുന്നു..

"ഇനി അങ്ങോട്ട്‌ ഒന്നും കാണാൻ വയ്യെങ്കിൽ അപ്പച്ചി പെട്ടന്ന് റെഡിയായി വാ... ഞാൻ ഓഫീസിൽ പോകും വഴി വീട്ടിൽ ആക്കി തരാം.. എന്തിനാ വെറുതെ അപ്പച്ചി ബുദ്ധി മുട്ടി നിൽക്കുന്നെ.. ഇവിടെ ആർക്കും അത് സഹിക്കാൻ വയ്യ.. അപ്പച്ചിയുടെ സന്തോഷം ആണ് ഞങ്ങളുടേം സന്തോഷം.. അല്ലേ അമ്മേ " സ്റ്റെപ്പിറങ്ങി വന്നിരുന്ന ഇന്ത്രൻ പറയുമ്പോൾ... അവന്റെ പിറകിൽ വന്നിരുന്ന ദേവ് പരിസരം പോലും മറന്നിട്ടു ഉറക്കെ പൊട്ടിച്ചിരിച്ചു പോയി... വേണിയുടെയും സുഭദ്രയുടെയും മുഖം ഒന്നൂടെ കൂർത്തു ആ ചിരി കണ്ടപ്പോൾ.. "നല്ല തീരുമാനം ഏട്ടാ.. വേണമെങ്കിൽ ഏട്ടൻ ഇന്ന് ലീവെടുത്തോ.. ആ ജോലി കൂടി ഞാൻ ചെയ്തേക്കാം.. ഇത് പോലൊരു പുണ്യ പ്രവർത്തിക്കു വേണ്ടിയല്ലേ " ദേവ് പറയുമ്പോൾ കാവ്യയും ഉമയും ചിരി അമർത്തി... "ഞാനേ എന്റെ ഏട്ടന്റെ വീട്ടിലാ നിൽക്കുന്നത്... നിനക്കൊക്കെ അതിലെന്താ ഇത്രേം നഷ്ടം... കാര്യം പറച്ചിലൊക്കെ ഒറ്റക്ക് വീടാകുമ്പോ മതി കേട്ടോ മോനെ ഇന്ദ്ര..ഇപ്പൊ അനിയന്റെ ഉപദേശം കഴിഞ്ഞു പോയതേ ഒള്ളു...

അവന്മാർ വന്നേക്കുന്നു... എടാ നിങ്ങളെക്കാൾ വലിയവൻമാർ വിചാരിചിട്ട് സുഭദ്രയെ ഒതുക്കാൻ പറ്റിയില്ല... പിന്നെയാണോ..." സുഭദ്ര പുച്ഛത്തോടെ വിളിച്ചു പറഞ്ഞു.. ഇതെല്ലാം കേട്ടു കൊണ്ട് ദച്ചു ഇരിക്കുന്നു എന്നതാണ് മറ്റുള്ളവരെ സംബന്ധിച്ച് ഏറ്റവും വലിയ ടെൻഷൻ എങ്കിൽ അത് തന്നെ ആയിരുന്നു സുഭദ്രയുടെ ധൈര്യവും. നിലവിട്ട് ആരും ഒന്നും പറയില്ലെന്ന്.. "എന്തേയ്.. നിന്റെ വീര്യം ചോർന്നു പോയോ ഡാ " വീണ്ടും സുഭദ്ര കളിയാക്കി.. "എന്റെ വീട്ടിൽ എനിക്കുള്ള അതേ അധികാരം ഞാൻ എന്റെ മക്കൾക്കും കൊടുത്തിട്ടുണ്ട്.. അതിൽ നിനക്ക് വല്ല സംശയവും ഉണ്ടെങ്കിൽ അത് നീ എന്നോട് ചോദിക്ക് സുഭദ്ര്യേ.. പിറകിൽ നിന്നും മുകുന്ദൻ പറയുമ്പോൾ അവരുടെ മുഖം വിളറി പോയി.. കല്യാണത്തിന് വിളിച്ചു... നീ വന്നു.. നിന്നെ കൊണ്ട് ചെയ്യാവുന്ന പരമാവധി ദ്രോഹം ചെയ്യുകയും ചെയ്തു.. അതെല്ലാം ഞാനും അറിഞ്ഞിരുന്നു.. എന്നിട്ടും നിനക്ക് നിന്റെ കുശുമ്പ് തീരുന്നില്ലെങ്കിൽ ഇങ്ങനൊരു അനിയത്തി ഇനി വേണോ എന്ന് ഞാനും ഒന്നൂടെ ആലോചിച്ചു നോക്കും കേട്ടോ...

വെറുതെ കുടുംബം കലക്കാൻ നിൽക്കാതെ എണീറ്റ് പോ... " കടുപ്പത്തിൽ മുകുന്ദൻ അത് പറഞ്ഞിട്ട് പോകുമ്പോൾ ദേഷ്യത്തോടെ സുഭദ്ര ഇന്ത്രനെയും ദേവിനെയും നോക്കി.. അവരൊന്നു നന്നായി ഇളിച്ചു കാണിച്ചു കൊടുത്തു.. അതോടെ അവർ ചാടി എഴുന്നേറ്റു കൊണ്ട് അടുക്കളയിലേക്ക് നടന്നു.. "ഇനി എന്ത് കാണാൻ ഇരിക്കുവാ ടി.. ആ കുഞ്ഞ് ഉണരും മുന്നേ എണീറ്റ് മേലോട്ട് പോ. ഇല്ലേൽ അത് കട്ടിലിൽ നിന്നും താഴെ വീഴും " പോകും വഴി വേണിയുടെ തലയിൽ ഒരു കോട്ടും കൊടുത്തു കൊണ്ട് പറഞ്ഞു.. വേണി വിളറിയ മുഖം അവരിൽ നിന്നും മറക്കാൻ വേഗം ചാടി എഴുന്നേറ്റു കൊണ്ട് പോയി.. മോൾ ഇതൊന്നും കാര്യം ആക്കണ്ട കേട്ടോ... ഇതൊക്കെ അപ്പച്ചിയുടെ ഓരോ കുസൃതികൾ ആണ്. അങ്ങനെ കണ്ട മതി.. അടി കൊടുക്കാൻ പറ്റാത്തത് കൊണ്ട് ഇങ്ങനെ ചെറിയ കൊട്ട് കൊടുക്കുന്നു എന്ന് മാത്രം " ഇന്ത്രൻ ദച്ചുവിനോട് പറയുമ്പോൾ... അവൾ തലയാട്ടി കൊണ്ട് ചിരിച്ചു.. എന്റെ ദൈവമേ.. ഈ നാശത്തിനെ സഹിക്കാൻ വയ്യാഞ്ഞിട്ടാവും ചിലപ്പോൾ...

സുധാകരൻ അങ്കിൾ കുടിയൊക്കെ തുടങ്ങിയത്... മനുഷ്യനെ എങ്ങനെ സ്വസ്ത്ഥത കൊടുക്കാതിരിക്കാം എന്നതിന് ബിരുദം എടുത്തു ഇറങ്ങിയേക്കുവാ അമ്മയും മോളും " അവർ പോയ വഴിയേ നോക്കി ദേവ് പറയുമ്പോൾ... അവരെല്ലാം ചിരിച്ചു പോയിരുന്നു.. മതിയെടാ... പോകാൻ നോക്ക് ഇനി.. ചിരിച്ചു കൊണ്ട് തന്നെ മുകുന്ദൻ പറഞ്ഞിട്ട് യാത്ര പറഞ്ഞു പോയതിന് പിറകെ തന്നെ അവരും ഇറങ്ങി... പോട്ടെ അമ്മേ... " അമ്മയോട് യാത്ര പറഞ്ഞിട്ട് ഇന്ത്രൻ കാവ്യയെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.. പിറകെ ദേവും.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഓരോ വിശേഷം പറഞ്ഞിട്ട് കഴിക്കുമ്പോൾ മറ്റെല്ലാം ദച്ചു മറന്നു പോയിരുന്നു. ഉമയും കാവ്യയും വളരെ സ്നേഹത്തോടെ അവളോട് കാര്യങ്ങൾ ചോദിച്ചു..സുഭദ്രയുടെ സ്വഭാവത്തെ കുറിച്ച് ഉമ ചെറിയൊരു ചമ്മലോടെ പറഞ്ഞു കൊടുത്തു.. അവൾ പക്ഷെ അത് നിസാരമാക്കി എടുത്തത് അവരുടെ മനസ്സിന് ഒരു തണുപ്പ് നൽകി.. അവളുടെ സംശയങ്ങൾക്ക് ഉത്തരം കൊടുത്തു..

വളരെ പെട്ടന്ന് തന്നെ അവർക്കിടയിൽ തന്നെ ഉള്ള ഓരാളായി മാറാൻ ദച്ചുവിനു കഴിഞ്ഞു.. അടുക്കളയിൽ ജോലിക്ക് ആളുണ്ട്... പുറത്തെ പണിക്കും... പക്ഷെ പാചകം ഉമ തന്നെ ആയിരുന്നു... ഇനി ഇവിടൊന്നും ചെയ്യാനില്ല.. മോൾ ഇച്ചിരി നേരം പോയിട്ട് റസ്റ്റ്‌ എടുത്തോ " ഉമ കുറെ പ്രാവശ്യം പറഞ്ഞിട്ടാണ് ദച്ചു അവിടെ നിന്നും പോയത്.. പോകുമ്പോൾ... കാവ്യയുടെ കയ്യിൽ നിന്നും കാശി കുട്ടനെയും കൊണ്ടാണ് അവൾ മുകളിലേക്ക് പോയത്.. യദു സ്കൂളിൽ പോയിരുന്നു.. കാശിയെ ബെഡിൽ ഇരുത്തിയിട്ട് അവൾ അവന് കളിക്കാൻ ഒരു ടോയ് കൊടുത്തു.. മുറിയിൽ ആകമാനം സൂര്യയുടെ ഗന്ധം നിറഞ്ഞു നിൽക്കും പോലെ തോന്നി അവൾക്ക്... അവൻ മാറി നിന്നിട്ട് കളിയാക്കി ചിരിക്കുന്ന പോലെ.. ആ ഓർമ പോലും ദച്ചുവിന്റെ ചുണ്ടിൽ പുഞ്ചിരി വിരിയിക്കാൻ പോന്നതായിരുന്നു... അവൻ തന്നോട് അകൽച്ച കാണിക്കുമോ എന്നൊരു ചെറിയ പേടിയോടെയാണ് ആ കൂടെ കയറി ചേർന്ന് വന്നത് തന്നെ.. പക്ഷെ തന്നെ പാതിയായി അംഗീകരിക്കുന്നു എന്നത് പോലെ...

ഓരോ നോട്ടത്തിലും ആ തോന്നൽ നിറയ്ക്കാൻ അവനായി.. ഇനി അവന് തന്നെ പൂർണമായും ഉൾകൊള്ളാൻ സാധിക്കുന്ന സമയത്തിനായുള്ള കാത്തിരിപ്പാണ്.. ദച്ചു മനസ്സിൽ ഓർത്തു... അവൾ ഫോൺ എടുത്തു നോക്കി.. അനുവിന്റെ ഒരു മിസ് കാൾ.. അവൾ അങ്ങോട്ട്‌ വിളിച്ചിട്ട് ഫോൺ ചെവിയിൽ ചേർത്ത് പിടിച്ചു.. "ഓ.. അവിടെ എത്തിയപ്പോൾ നമ്മളെ ഒക്കെ മറന്നു.." പരിഭവം കൊണ്ടാണ് അവൾ തുടങ്ങിയത് തന്നെ.. ദച്ചുവിന് ചിരി വന്നു.. "നിന്നെ ഞാൻ മറക്കില്ലെന്ന് എന്നേക്കാൾ നന്നായി നിനക്ക് അറിയില്ലെടി.. പിന്നെയും എന്തിനാ ഈ ഷോ കാണിക്കുന്നത് " ദച്ചു... പറയുമ്പോൾ... അനുവിന്റെ പൊട്ടി ചിരി കേൾക്കാം. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത വിശേഷം കൊണ്ട് അനുവിന്റെ കൂടെ ചേരുമ്പോൾ... ദച്ചു മറ്റെല്ലാം മറന്നു പോയിരുന്നു.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ പപ്പാ... മുകളിൽ ഇരിക്കുമ്പോൾ ഹരിയുടെ വണ്ടി വന്നു നിൽക്കുന്നത് ദച്ചു കണ്ടിരുന്നു.. ഒറ്റ കുതിപ്പിന് താഴെ എത്തി അവൾ ഹരിയെ കെട്ടിപിടിച്ചു.. ചിരിച്ചു കൊണ്ട് ഹരിയും അവളെ പൊതിഞ്ഞു...

തൊട്ടരികിൽ നിൽക്കുന്ന സുകന്യ അവളുടെ തലയിൽ തലോടി.. ദച്ചു ഹരിയെ വിട്ടിട്ട് സുകന്യയിലേക്ക് ചേർന്നു.. എത്രയോ നാളുകളുടെ അകൽച്ച ഉള്ളത് പോലെ... നേരം വൈകിയത് എന്തെ പപ്പാ... ഞാൻ എത്ര നേരമായി കാത്തിരിക്കുന്നു " പരിഭവം പോലെ ദച്ചു അത് പറയുമ്പോൾ... അവളുടെ നെറ്റിയിലെ സിന്ദൂരവും.. നെഞ്ചിലെ താലിയിലും... അതിലുപരി., നിറഞ്ഞ ആ ചിരിയിലും.. അത് വരെയും ഹൃദയം മൂടി നിന്നിരുന്ന... വേവലാതിയുടെ നേർത്ത കട്ടിയുള്ള മൂട് പടം പൊഴിഞ്ഞു പോകുന്നതറിഞ്ഞു... അവളുടെ സന്തോഷം ആയിരുന്നു എല്ലാത്തിലും വലുത്.. അതിൽ തെറ്റ് പറ്റിയില്ല.. പിന്നെ... നേരം പത്തു മണി പോലും ആയിട്ടില്ല.. ഇത് വരെയും പിടിച്ചു നിന്നത് എങ്ങനെ എന്ന് ഞങ്ങൾക്ക് മാത്രമേ അറിയൂ... അല്ലേ ഹരിയേട്ടാ " പരിഭവം കൊണ്ട് വീർത്ത ദച്ചുവിന്റെ കവിളിൽ വിരൽ കൊണ്ടൊരു കുത്ത് കൊടുത്തു കൊണ്ട് സുകന്യയത് പറയുമ്പോൾ... ഹരി വെറുതെ തലയാട്ടി. കുടിച്ച ഗുളികയുടെ ബലത്തിൽ സുകന്യ ഉറക്കത്തിന്റെ ആഴങ്ങളിൽ ലയിച്ചപ്പോൾ... കലുഷിതമായ മനസ്സോടെ... ദച്ചുവിനെ കാണാൻ തോന്നിയതും...അവളെ തിരഞ്ഞിറങ്ങാൻ തോന്നിയത് അമർത്തി പിടിച്ചു കൊണ്ട്...

ഉറക്കം പോലുമില്ലാതെ താനൊരു രാത്രി വെളുപ്പിക്കാൻ കഷ്ടപെട്ടതും ഹരി അവരോട് മനഃപൂർവം പറഞ്ഞില്ല.. "അകത്തേക്കു വിളിക്ക് മോളെ... വന്ന കാലിൽ നിൽക്കാതെ " മുകുന്ദൻ പറയുമ്പോൾ ആണ് ദച്ചു അതോർക്കുന്നത്.. അവൾ നാവ് കടിച്ചു.. "വാ... പപ്പാ..." സുകന്യയുടെ കൈ പിടിച്ചിട്ട് മുന്നേ നടന്നു കൊണ്ട് ദച്ചു വിളിച്ചു... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ മോളോട് എല്ലാം പറയണോ ഹരി.. അവളുടെ സന്തോഷം ഇല്ലാതെയാക്കണോ.. തിരികെ നിങ്ങൾ വരും വരെയും അവളിവിടെ നീറി നീറി കഴിയും എന്നതല്ലാതെ എന്താണ് അത് കൊണ്ട് ഒരു നേട്ടം " മുകുന്ദൻ പതിയെ ഇടം വലം നോക്കി കൊണ്ട് പറയുമ്പോൾ... ഹരി വെള്ളം കുടിച്ചു തീർത്ത ഗ്ലാസ്‌ മുന്നിലെ ടീ പോയിൽ വെച്ച് കൊണ്ട് അയാളെ നോക്കി.. "അവളോട് എല്ലാം പറയാൻ വന്നതല്ല മുകുന്ദ.. പോകും മുന്നേ അവളെ ഒന്ന് കാണാൻ വന്നതാ... ചിലപ്പോൾ ഇത് അമ്മയുടെയും മോളുടെയും.. " അതിഭയങ്കരമായൊരു വേദന തന്നെ പൊതിയുന്നത് ഹരി അറിയുന്നുണ്ട്.. ആ മനസ്സറിയാൻ മറ്റൊരാൾ വേണ്ടാത്ത മുകുന്ദൻ അത് തിരിച്ചറിയാനുള്ള കഴിവും ഉണ്ട്..

"വെറുതെ വേണ്ടാത്തത് പറയാതെ ഹരി.. നീ എന്താ കൊച്ചു കുട്ടികളെ പോലെ..ഇത്രയൊക്കെ വരെയും ദൈവം കൊണ്ടെത്തിച്ചില്ലേ ഡാ.. ഇനിയും ആ ദൈവം തന്നെ ഉണ്ടാവും അങ്ങോട്ടും... നല്ലത് മാത്രം വിചാരിക്ക് നീ.. എല്ലാം മാറിയിട്ട് നീയും നിന്റെ ഭാര്യയും വരുന്നതും കാത്തു ഇവിടെ ഞങ്ങൾ എല്ലാവരും കാത്തിരിക്കും " ചെറിയൊരു ശാസനയോടെ മുകുന്ദൻ ഹരിയുടെ മനസ്സിൽ വീണ്ടും വീണ്ടും ധൈര്യത്തിന്റെ വിത്തുകൾ നട്ട് പിടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്... സൂര്യ... അവനോട് നീ പറഞ്ഞോ " ഹരി വീണ്ടും ചോദിച്ചു.. "ഇല്ല... നീ അല്ലേ പറഞ്ഞത് ആരും അറിയാതെ സൂക്ഷിക്കണം എന്ന്.. അവനോടും ഇപ്പൊ പറയണ്ട എന്നാ ഹരി എന്റെ അഭിപ്രായം... ചെറിയൊരു സൂചന കൊടുത്തിട്ട് പോ.. തിരികെ വരുമ്പോൾ എല്ലാം വിശദമായി പറഞ്ഞു കൊടുകാം നമ്മൾക്ക്... അതല്ലെടാ നല്ലത് " മുകുന്ദൻ പറയുബോൾ അത് മതിയെന്ന മട്ടിൽ ഹരി തലയാട്ടി.. നീ ധൈര്യം കൈ വിടല്ലേ... " മുകുന്ദൻ വീണ്ടും ഓർമിപ്പിച്ചു. എനിക്കറിയാം മുകുന്ദ.. ഞാൻ എന്റെ പരമാവധി ശ്രമിക്കുന്നുണ്ട്... പക്ഷെ പ്രിയപ്പെട്ടവരുടെ...ചില വേദനകൾക്ക് മുന്നിൽ . മുന്നിൽ നമ്മളൊക്കെ എത്ര ധൈര്യം കാണിച്ചിട്ടും കാര്യം ഇല്ലെടോ.. ചിലപ്പോൾ തോറ്റു പോകും... ഹരി അയാളെ നോക്കി ചിരിച്ചു. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ചായ കുടിക്കാൻ ഇരുന്ന സുകന്യയുടെ അരികിൽ ഇരിക്കുന്ന സുഭദ്രയുടെ നേരെയാണ് ഉമയുടെയും കാവ്യയുടെയും കണ്ണുകൾ.. എന്ത് വിളിച്ചു പറയാൻ വന്നിരുന്നതാണാവോ ഇനി..എത്ര കിട്ടിയാലും മതിയാവാത്ത ഒരു സാധനം... എന്ത് പറയാനും ഒരു നാണവും ഇല്ല ദച്ചുവിനും ചെറിയൊരു ശങ്ക ഇല്ലാതില്ല.. "സൂര്യയും ഇന്ത്രന്റെയും ദേവിന്റെയും കൂടെ ഓഫീസിൽ പോയതാണോ ഉമേച്ചി " ഓഫിസിൽ പോവാനോ.. അവനോ.. നല്ല കാര്യം ആയി... അവന് തുള്ളി നടക്കാൻ തന്നെ സമയം ഇല്ല.. അപ്പോൾ അല്ലേ ഓഫീസിൽ പോണത്... അതിന് ഇവിടാർക്കും ഒരു പരാതിയുമില്ല.. നിങ്ങൾ ശെരിക്കും അനേഷണം നടത്തിയോ ചെക്കന്റെ ജോലിയെ കുറിച്ചൊക്കെ.. അല്ല... ചോദിച്ചു എന്ന് മാത്രം.. പെട്ടു പോയതാണോ എന്നറിയില്ലല്ലോ " സുകന്യ ചോദിക്കുമ്പോൾ... ഉമയ്ക്ക് എന്തെങ്കിലും പറയാൻ അവസരം കിട്ടും മുൻപ് സുഭദ്ര ഉത്തരം കൊടുത്തിരുന്നു.. ഉമ വല്ലായ്മയോടെ ദച്ചുവിനെ ആണ് നോക്കിയത്.. "അതേയ്... അപ്പച്ചി.. ഈ ഞാൻ കണ്ടതും ഇഷ്ടപെട്ടതും ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിച്ചതും ആ തുള്ളൽകാരനൊപ്പം ആണ്.. അവിടെ ഓഫീസ് എന്നൊരു ഓപ്ഷൻ പോലും ഉണ്ടായിട്ടില്ല..

ഇനി ഉണ്ടാവുകയും ഇല്ല.. അപ്പച്ചി വെറുതെ ടെൻഷൻ ആവണ്ട കേട്ടോ " ചിരിച്ചു കൊണ്ട് തന്നെ ദച്ചു അത് പറയുമ്പോൾ... ആ വാക്കുകളുടെ കൂർത്ത അഗ്രം സുഭദ്രയുടെ മുഖം വിളരിക്കാൻ കാരണം ആയിരുന്നു.. ഉമയ്ക്ക് വല്ലാത്ത സന്തോഷം തോന്നിയ നിമിഷം ആയിരുന്നു അത്.. സുകന്യയിൽ ഉണ്ടായിരുന്ന അമ്പരപ്പും അലിഞ്ഞു പോയിരുന്നു ആ കുറച്ചു വാക്കുകൾ ഏല്പിച്ച തണുപ്പിൽ.. "അതൊക്കെ ഇപ്പൊ തോന്നും മക്കളെ.. ഇതൊന്നും അല്ല ജീവിതം... ഇപ്പൊ പുതുക്ക് അല്ലേ... ഇതൊന്നു തീരുമ്പോൾ നീ തന്നെ പറയും വേണ്ടായിരുന്നു എന്ന്... വീണ്ടും സുഭദ്ര വിട്ട് കൊടുക്കാൻ ഭാവം ഇല്ലാത്ത പോലെ വെല്ലുവിളി പോലെ പറയുമ്പോൾ ദച്ചുവിന്റെ മുഖത്തേക്ക്.. ദേഷ്യം ഇരച്ചു കയറി.. "ഐ പി എസ് കാരനെ വേണം എന്ന് മോഹിച്ചാലും അത് എന്റെ പപ്പാ നടത്തി തരുമായിരുന്നു... പക്ഷെ സൂര്യയെ ഞാൻ എന്റെ പ്രണയം കൊണ്ട് നേടിയതാണ്..എന്തിന്റെ പേരിൽ ആയിരുന്നാലും സൂര്യയെ വേണ്ടന്ന് വെക്കാൻ...ആ പ്രണയം ഇല്ലാതെ ആവാൻ ദർശന മരിക്കണം... അല്ലാതെ നടക്കില്ല... അപ്പച്ചിയുടെ അങ്ങനെ ഉള്ള ആ മോഹം " ഉറപ്പോടെ അവളത് പറയുന്ന നിമിഷം തന്നെയാണ് ഹരിയുടെ കൂടെ സൂര്യ അകത്തേക്ക് കയറി വന്നതും.. ദേഷ്യം കൊണ്ട് ചുവന്നു പോയ അവളുടെ കണ്ണിലപ്പോൾ... തന്നോടുള്ള പ്രണയത്തിന്റെ ഒരു കടൽ തന്നെ ഇളകി മറിയുന്നത് സൂര്യ കണ്ടിരുന്നു...........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story