സ്വയം വരം 💞: ഭാഗം 31

swayamvaram jifna

രചന: ജിഫ്‌ന നിസാർ

രാവിലെ അവൻ എഴുന്നേറ്റു പോയിട്ടും ചുരുണ്ടു കൂടി കിടക്കുന്നവളെ സൂര്യ ഒന്ന് നോക്കി.. അവൻ ഫ്രഷ് ആയി വന്നിട്ടും അവൾ എണീറ്റില്ല... ദച്ചു... പതിയെ അവൻ തട്ടി വിളിക്കുമ്പോൾ... അവൾ ഞെട്ടി എഴുന്നേറ്റ് ഇരുന്നു.. പക്ഷെ തൊട്ടടുത്ത നിമിഷം കൈകൾ കൊണ്ട് തല താങ്ങി പിടിച്ചു.. "എന്തേ..." ചുളിഞ്ഞ മുഖം കണ്ടപ്പോൾ സൂര്യ അവളുടെ കൈകൾ പിടിച്ചു മാറ്റി.. തല വേദനിക്കുന്നു " അടഞ്ഞു പോയ ഒച്ചയിൽ അവൾ പറയുമ്പോൾ അവൻ ആ നെറ്റിയിൽ ഒന്ന് തൊട്ട് നോക്കി... ചെറിയൊരു പനിയും ഉണ്ട്... "സാരമില്ല... വെള്ളം മാറിയത് കൊണ്ടാവാം.. പെട്ടന്ന് ഫ്രഷ് ആയിട്ട് വാ.. ഹോസ്പിറ്റലിൽ പോവാം " സൂര്യ അവളെ പിടിച്ചു എണീപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു.. നിറഞ്ഞ കണ്ണുകൾ അവൾ തോളു കൊണ്ട് തുടക്കുന്നത് സൂര്യ കണ്ടിരുന്നു.. അത് ശരീരത്തിന്റെ ക്ഷീണം കൊണ്ട് മാത്രം അല്ലാ എന്നത് അവനും അറിയാം.. "അയ്യേ.. ഇതിനും കരയുന്നോ... കൊച്ചു പിള്ളേരെ പോലെ.. ഒരു ജലദോഷം വന്നപ്പോഴേക്കും തളർന്നു തൂങ്ങി പോയോ എന്റെ പെണ്ണ് " അവൻ കളിയാക്കി.. ദച്ചു ഒന്നും മിണ്ടിയില്ല...

"ചെല്ല്.. ഞാൻ ഇവിടിരിക്കാം.. ഫ്രഷ് ആയിട്ട് " അവൻ പറയുമ്പോൾ മങ്ങിയ ഒരു ചിരിയോടെ ദച്ചു അകത്തേക്ക് കയറി പോയി.. അവനാണ് ബെഡ്ഡ് തട്ടി കുടഞ്ഞിട്ട്... പുതപ്പെടുത്തു മടക്കി വെച്ചത്.. എന്നിട്ടവളെയും കാത്തിരുന്നു... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ വിചാരിച്ചതിലും എത്രയോ കൂടിയ ഇനമാണ്.. അല്ലേ അമ്മേ " വേണി പറയുമ്പോൾ സുഭദ്ര തലയാട്ടി സമ്മതിച്ചു.. "അമ്മ തിരികെ പോകുന്നുണ്ടോ " വേണി മടിയോടെ ചോദിച്ചു.. "എന്തേ.. ഞാൻ പോയിട്ട് നിനക്ക് വല്ലതും കിട്ടാനുണ്ടോ " സുഭദ്ര കലിയോടെ ചോദിച്ചു.. "അല്ല... അങ്ങനെ അല്ലമ്മേ " വേണി നിന്ന് പരുങ്ങി.. മ്മ്... സുഭദ്ര അമർത്തി മൂളി.. "അല്ല.. സൂര്യയും ഇന്ത്രേട്ടനും... പറഞ്ഞ സ്ഥിതിക്ക് " വീണ്ടും വേണി പാതിയിൽ നിർത്തി.. "പറഞ്ഞ സ്ഥിതിക്ക്... മുഴുവനും പറയെടി.. അവളുടെ ഒരു ചൂര്യ.. അവരൊക്കെ പറയുന്നതും കേട്ട് തോറ്റു ഓടുന്ന ടൈപ് അല്ല ഈ സുഭദ്ര എന്ന് മോൾക്കിനിയും മനസ്സിലായില്ലേ..ഇത് എന്റെ ഏട്ടന്റെ വീടാണ്... അവരങ്ങനെ പലതും പറയും..അത് കേട്ട് ഞാൻ പോണോ ടി " സുഭദ്ര അവളെ തുറിച്ചു നോക്കി..

വേണി ഉണ്ടന്നോ ഇല്ലന്നോ തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ ഒന്ന് തലയാട്ടി.. "ഇനി ഇപ്പൊ അവളെ ഇവിടുന്ന് പുകച്ചു ചാടിചിട്ടെ ഞാൻ പോണുള്ളൂ.. അഹങ്കാരി.. കാവ്യയെ പോലല്ല.. ഇവൾക്ക് ഇച്ചിരി മുറ്റ് കൂടുതൽ ആണ്... പോരാത്തതിന് മന്ത്രിയുടെ മകളും.. തൊട്ടിൽ കെട്ടി ആട്ടാൻ ആവും ഇവരുടെ തീരുമാനം..ഇവളുടെ ഇടയിൽ നി എങ്ങനെ പിടിച്ചു നിൽക്കും.. ഇപ്പഴത്തെ അവസ്ഥയെക്കാളും വില കുറഞ്ഞു പോകും നിന്റെ... അതുറപ്പാണ് " സുഭദ്ര പറയുമ്പോൾ.. വേണിയുടെ കണ്ണുകൾ കൂർത്തു.. നിനക്ക് വേണ്ടിയാണ് അമ്മ ഇവിടെ നിൽക്കുന്നത്.. എന്റെ മോളെ ആരും വില കുറച്ചു കാണരുത്.. അതിന് വേണ്ടി ഞാൻ എന്തും ചെയ്യും.. എന്തും " വേണിയെ നോക്കി സുഭദ്ര പറയുമ്പോൾ അവളുടെ മുഖം തെളിഞ്ഞു.. അത് മതിയമ്മേ... ചിരിച്ചു കൊണ്ട് അവളും പറഞ്ഞു. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ അമ്മേ.... സൂര്യയുടെ വിളി കേട്ടാണ് ഉമ ഹാളിലേക്ക് വന്നത്. "ഹാ.. എണീറ്റോ.. മോളെ.." അവനരികിൽ കുനിഞ്ഞു നിൽക്കുന്ന ദച്ചുവിനെ നോക്കി ഉമ ചോദിച്ചു.. അവൾക്ക് വയ്യ അമ്മേ.. ചെറിയൊരു പനി "

സൂര്യയാണ് മറുപടി പറഞ്ഞു.. "അയ്യോ... വെള്ളം മാറി കുളിച്ചില്ലേ അതാവും.. ഞാൻ അപ്പഴേ വിചാരിച്ചു... മോളിരിക്ക്.. അമ്മ ചായ തരാം.. അത് കുടിച്ചിട്ട് ഒന്ന് ഹോസ്പിറ്റലിൽ പോയിട്ട് വാ.. ഇനി വെച്ചോണ്ട് ഇരുന്നിട്ട് കൂട്ടണ്ട " അത് പറഞ്ഞിട്ട് ഉമ തിരികെ നടന്നു. ഇരിക്ക്... ടേബിളിനരികിലെ കസേര നീക്കി ഇട്ടു കൊടുത്തു കൊണ്ട് സൂര്യ പറഞ്ഞു.. ദച്ചു അവിടെ ഇരുന്നു.. തലയിൽ വല്ലാത്ത ഭാരം.. കൈ കൊണ്ടവൾ നെറ്റിയിൽ ഒരു താങ്ങു കൊടുത്തു.. നല്ല വേദന ഉണ്ടോ ദച്ചു " കാവ്യയാണ്.. അവളുടെ കയ്യിലെ പ്ളേറ്റ് വാങ്ങിയിട്ട് സൂര്യ ദച്ചുവിന്റെ മുന്നിലേക്ക് വെച്ച് കൊടുത്തു.. "ആ ചേച്ചി...തല വെട്ടി പൊളിയും പോലെ..." ദച്ചു വിളറിയ ചിരിയോടെ അവൾക്കുള്ള ഉത്തരം കൊടുത്തു.. "വേഗം കഴിച്ചോ.. എന്നിട്ട് ഡോക്ടറെ കണ്ടിട്ട് വാ..." കാവ്യ പറയുമ്പോൾ ദച്ചു തലയാട്ടി.. നിനക്കിപ്പോ കഴിക്കാൻ വേണോ ടാ " കാവ്യ ചോദിച്ചു.. ചായ മാത്രം മതി കാവ്യേട്ടത്തി.. ഞാൻ പോയി വന്നിട്ട് കുടിച്ചോളാം " സൂര്യ പറയുമ്പോൾ കാവ്യ തലയാട്ടി കൊണ്ട് അടുക്കളയിലേക്ക് പോയി.

"ഒരു ദോശ കൂടി തരട്ടെ മോളെ " സൂര്യക്കുള്ള ചായ കൊണ്ട് വന്നിട്ട് കൊടുക്കുമ്പോൾ ഉമ ദച്ചുവിനോട് ചോദിച്ചു.. "മതിയമ്മേ.. " കഴിച്ച പാത്രം എടുത്തു കൊണ്ട് അവൾ എഴുന്നേറ്റു.. അടുക്കളയിൽ പോയി പാത്രം കഴുകി അവൾ തിരികെ വരുമ്പോഴേക്കും അവൻ ചായ കുടിച്ചു തീർത്തിരുന്നു.. "ഇനി ഡ്രസ്സ്‌ മാറാൻ ഉണ്ടോ " സൂര്യ ചോദിക്കുമ്പോൾ വേണ്ടന്ന് ദച്ചു തലയാട്ടി.. എങ്കിൽ വാ... പോയിട്ട് വരട്ടെ അമ്മേ... " അവളെ വിളിച്ചു കൊണ്ട് ഉമയെ നോക്കി പറഞ്ഞിട്ട് സൂര്യ പുറത്തേക്ക് നടന്നു.. ദച്ചുവും തലയാട്ടി യാത്ര പറഞ്ഞിട്ട് അവനൊപ്പം നടന്നു.. കാറിന്റെ നേരയാണ് സൂര്യ നടന്നത്... ഇതെന്താ കാറിൽ പോണേ " അവനരികിൽ ചെന്നിട്ട് ദച്ചു ചോദിച്ചു.. "ഇനി ബൈക്കിൽ പോയിട്ട് കാറ്റ് തട്ടി ആ തലവേദന കൂട്ടണ്ട.. ഇപ്പൊ തന്നെ കണ്ണൊക്കെ ചുവന്നു പോയിട്ടുണ്ട്.." കരുതലാണ് ആ സ്വരത്തിൽ നിറഞ്ഞത്.. സ്നേഹമെന്നാൽ കരുതൽ കൂടിയാണെന്ന് അവളോട് പറയും പോലെ.. "വാ.. കയറ് " വണ്ടി സ്റ്റാർട്ട് ചെയ്തിട്ട് തിരിഞ്ഞു നോക്കി കൊണ്ട് സൂര്യ വിളിച്ചു പറയുമ്പോൾ... ദച്ചു വേഗം ചെന്നിട്...

കയറി ഇരുന്നു. "ഗ്ലാസ്‌ കയറ്റി ഇട്ടോ..കാറ്റ് കൊള്ളേണ്ട.. ഞാൻ ഇവിടെ തുറന്നോളാം " ദച്ചുവിനെ നോക്കി പറഞ്ഞിട്ട് അവൻ വണ്ടി മുന്നോട്ടു എടുത്തു.. യാത്രയിൽ ഉടനീളം ദച്ചു മൗനം കൂട്ട് പിടിച്ചു.. ഇനി സംസാരിച്ചിട്ട് അവളുടെ തല വേദന കൂട്ടണ്ട എന്ന് കരുതി... അവനും ഒന്നും മിണ്ടാതെ ഇരുന്നു.. ചെറിയ ശബ്ദത്തിൽ കാറിൽ ഓൺ ചെയ്ത പ്രണയഗാനത്തിൽ ലയിച്ചു പോയിരുന്നു രണ്ടാളും.. ഇടക്കിടെ നോട്ടം ഇടയുമ്പോൾ മാത്രം മുഖത്തു വിരിയുന്ന ചിരി.... അര മണിക്കൂർ നേരത്തെ യാത്ര കൊടുവിൽ.. ഹോസ്പിറ്റലിൽ എത്തി... വണ്ടി പാർക്ക് ചെയ്തിട്ട് അവന് പിറകിൽ നടക്കുമ്പോഴും... ഡോക്ടറെ കാണാൻ ചീട്ട് എടുക്കാൻ നേരം... യാതൊരു സംശയവും ഇല്ലാതെ അവളുടെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അവനുത്തരം നൽകിയപ്പോഴും... ഒടുവിൽ ഡോക്ടറെ റൂമിൽ... അവളെക്കാൾ മുന്നേ അസുഖം പറഞ്ഞു കൊടുക്കുമ്പോഴും... ഹരി എന്നാ അച്ഛന്റെ റോൾ കൂടി അവൻ മനോഹരമായി ചെയ്യുന്നുണ്ട് എന്ന് ദച്ചുവിന് തോന്നി.. വേദനകൾ പോലും മറന്നിട്ടവൾ അവനെ നോക്കി...

"പേടിക്കണ്ട... ജലദോഷം ആണ്.." ഡോക്ടർ സൂര്യയുടെ നേരെ നോക്കിയാണ് പറയുന്നതും.. അയാൾ കുറിച്ച് നൽകിയ ചീട്ടും വാങ്ങി പുറത്തേക്ക് നടക്കുമ്പോൾ ആ തെളിഞ്ഞ മുഖത്തേക്ക് ഒന്നൂടെ ദച്ചു പാളി നോക്കി.. മ്മ്.. എന്തേ " അവളുടെ നോട്ടം കണ്ടിട്ട് തന്നെ അവൻ ചോദിച്ചു.. ഒന്നും ഇല്ലെന്ന് അവൾ ചുമൽ പൊക്കി കാണിച്ചു.. "ഹോസ്പിറ്റലിൽ എത്തിയപ്പോൾ തന്നെ അസുഖം മാറിയോ " ചിരിച്ചു കൊണ്ടവൻ ചോദിക്കുമ്പോൾ... അതേ ചിരി തന്നെ അവളും പകരം കൊടുത്തു.. അസുഖം പോലും തോറ്റു പോയത് നിന്റെ കരുതലിനു മുന്നിൽ ആണെന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്.. ഇവിടിരിക്ക്.. ഞാൻ പോയിട്ട് മരുന്ന് വാങ്ങി വരാം " കസേര ചൂണ്ടി കാണിച്ചിട്ട് സൂര്യ പറഞ്ഞു.. ദച്ചു മുഖം ചുളിച്ചു കൊണ്ടവനെ നോക്കി.. "എങ്കിൽ.. വാ " ആ നോട്ടത്തിന്റെ അർഥം മനസ്സിലായത് പോലെ അവളെയും വിളിച്ചു കൊണ്ടവൻ നടന്നു.. ഈ തണലിൽ ചേർന്ന് നടക്കാൻ ദർശന ഒരുപാട് കൊതിച്ചിട്ടുണ്ട്... സ്വപ്നം കണ്ടിട്ടുമുണ്ട്. അതിന് കിട്ടുന്ന ഒരു അവസരവും ഞാൻ വെറുതെ കളയില്ല..

അവനൊപ്പം നടക്കുമ്പോൾ ദച്ചു ഓർത്തു.. ഫാർമസിയിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു.. തിരിച്ചറിയാവുന്ന ആരെക്കെയോ സൂര്യയോട് വിശേഷം ചോദിക്കുന്നുണ്ട്.. ഏറെയും ആരാധകർ തന്നെയാണ് എന്നറിയുമ്പോൾ ദച്ചുവിന്റെ മുഖം കൂർത്തു വരുന്നുണ്ട്.. അത് കാണുമ്പോൾ സൂര്യ ചിരി അമർത്തി കണ്ണ് ചിമ്മി കാണിച്ചു... ഭാര്യയാണ് എന്നവൻ തന്നെ പരിചയപെടുത്തുമ്പോൾ ദച്ചു അഭിമാനത്തോടെ നോക്കും.. ചുറ്റും നിക്കുന്നവരുടെ കണ്ണിലെ അസൂയ അവൾക്കൊരു ഹരമാണ്.. മരുന്ന് വാങ്ങി തിരികെ കാറിൽ കയറുന്നത് വരെയും ദച്ചു അവന്റെ നിഴൽ പറ്റി നടന്നു.. "ഒന്ന് കാറ്റടിച്ച പനിച്ചു വീഴുന്ന നിന്നെയും കൊണ്ട് ഞാൻ എങ്ങനാ ദച്ചു ഹണിമൂണിന് പോണത്... വീട്ടിൽ ചോദിച്ചു തുടങ്ങി.. എവിടേം പോണില്ലേ ന്ന് " ഇത്തിരി കഴിഞ്ഞു സൂര്യ ചോദിക്കുമ്പോൾ ദച്ചു അവന്റെ നേരെ നോക്കി... അവളുടെ മുഖം ചുവന്നു പോയിരുന്നു.. "എനിക്ക് എവിടേം പോവണ്ട...' ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു... "എവിടേം പോണ്ടേ.. പിന്നെ എന്താ വേണ്ടേ... അത് പറ..." സൂര്യ ചോദിക്കുമ്പോൾ...

ദച്ചു ഒരു നിമിഷം അവന്റെ കണ്ണിലേക്ക് നോക്കി.. ആ നോട്ടം കണ്ടപ്പോൾ അവന്റെ മുഖത്തൊരു കള്ള ചിരി തെളിഞ്ഞു.. "അതൊന്നും അല്ല " ആ ചിരി കണ്ടിട്ട് ദച്ചു പെട്ടന്ന് പറയുമ്പോൾ... പിടി വിട്ട് അവൻ പൊട്ടി ചിരിച്ചു പോയി.. "അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ " സൂര്യ ചിരിക്കിടെ പറയുമ്പോൾ... ചുവന്നു പോയ മുഖം അവനിൽ നിന്നും ഒളിപ്പിച്ചു പിടിക്കാൻ വേണ്ടി ദച്ചു വേഗം മുഖം തിരിച്ചിരുന്നു.. വീടെത്തും വരെയും പിന്നെ അവൾ അവനെ നോക്കിയില്ല... സൂര്യ ആവട്ടെ ഒരു മൂളി പാട്ടോടെ അവളുടെ ആ കുറുമ്പ് ആസ്വദിച്ച് കൊണ്ടേ ഇരുന്നു..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ വീട്ടിൽ എത്തിയിട്ട്... ഉമ കൊടുത്ത കഞ്ഞിയും കുടിച്ചിട്ട്... മരുന്ന് കഴിച്ചൊന്നു ഉറങ്ങി എണീക്കുമ്പോൾ തല വേദന പോകും എന്നും പറഞ്ഞു കൊണ്ടവളെ മുകളിലേക്ക് വിട്ടു.. ചായ കുടിച്ചു കഴിഞ്ഞു സൂര്യ ചെല്ലുമ്പോൾ... മരുന്നിന്റെ ക്ഷീണം കൊണ്ടായിരിക്കും.. അവൾ ഉറങ്ങി പോയിരുന്നു. അവൻ തിരിച്ചിറങ്ങി കൊണ്ട് വാതിൽ ചാരി.. സൂര്യ... ബാൽകണിയിൽ നിന്നും ദേവ് വിളിക്കുമ്പോൾ..

അവനും ചിരിച്ചു കൊണ്ട് അങ്ങോട്ട്‌ ചെന്നു. "ഡോക്ടർ എന്ത് പറഞ്ഞെടാ " ദേവ് ചോദിച്ചു.. കുഴപ്പമില്ല ഏട്ടാ... ജലദോഷം ആണ്.. വെള്ളം മാറിയതല്ലേ.. മരുന്ന് തന്നിട്ടുണ്ട് " സൂര്യ മറുപടി പറഞ്ഞു.. "ഇന്ന് ഓഫീസിൽ പോണില്ലേ.." സൂര്യ ദേവിനോട് ചോദിച്ചു.. "പിന്നെ.. പോവാതെ.. ഇവിടെ ഇരുന്നിട്ട് വെറുതെ എന്തിന് സമാധാനം കളയണം.. സൺ‌ഡേ കൂടി ഓഫീസിൽ പോവാൻ ആയാ അത്രയും സന്തോഷം ആണ് എനിക്ക് " ദേവ് പറയുമ്പോൾ... ജീവിതം തന്നെ മടുത്തു പോയവന്റെ വേദന ഉണ്ടായിരുന്നു അതിൽ മുഴുവനും.. "അപ്പച്ചി കൂടി ഇവിടെ കൂടിയ സ്ഥിതിക്ക്.. ഏട്ടന്റെ കാര്യം ഭയങ്കര കഷ്ടം ആവും അല്ലേ " സൂര്യ തിരിച്ചു ചോദിച്ചു.. "എന്റെ കാര്യം വിട്... ഞാൻ ഇതൊക്കെ അഡ്ജസ്റ്റ് ചെയ്തു പഠിച്ചു.. തല്ലിയാലും... നല്ലത് പറഞ്ഞു കൊടുത്താലും അവള് നന്നാവാൻ പോണില്ല.. പിന്നെ ഉള്ളത് കൊല്ലാൻ ആണ്.. അത് എന്നെ കൊണ്ട് അവൾ ചെയ്യിക്കും.. ഇങ്ങനെ ആണേൽ " ദേവ് പല്ല് കടിച്ചു.. "ദേച്ചുവിന്റെ നേരയാണ് ഇപ്പൊ അപ്പച്ചിയുടെ പക മുഴുവനും... അല്ലേ.. അവൾ വല്ലതും പറഞ്ഞോടാ " സൂര്യ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടിട്ട് ദേവ് അൽപ്പം സങ്കോചതോടെ ചോദിച്ചു.. "ഏയ്.. എന്നോട് ഒന്നും പറഞ്ഞില്ല ഏട്ടാ...

പക്ഷെ അവളുടെ അടുത്ത് അതൊന്നും ചിലവാകില്ല.. ഇവിടെ പാവം പോലെ നിക്കുന്നതൊന്നും കണക്കിൽ പെടുത്തണ്ട.. അതൊരു തീ കൊള്ളി ആണ്.. ചൊറിയാൻ പോയ അപ്പച്ചി വിവരം അറിയും " ചിരിച്ചു കൊണ്ട് സൂര്യ ദേവിനെ നോക്കി കണ്ണിറുക്കി കാണിച്ചു.. "എനിക്ക് തോന്നി.. സാധാരണ പെണ്ണുങ്ങളെ കൂട്ട് അല്ലെന്ന്... കാവ്യേട്ടത്തി ഗുണവും ദോഷവും മിണ്ടാൻ പോവാത്തത് കൊണ്ടുള്ള അപ്പച്ചിയുടെ സൂക്കേട് ദച്ചു മാറ്റി കൊടുത്തോളും അല്ലേ " ദേവ് ചിരിച്ചു കൊണ്ട് പറയുമ്പോൾ സൂര്യ തലയാട്ടി.. അല്ലേടാ... ഹരി അങ്കിളിന് എന്തെങ്കിലും പ്രശ്നം ഉണ്ടോ... എന്തോ... എനിക്കങ്ങനെ തോന്നി " പെട്ടന്ന് ദേവ് ചോദിക്കുമ്പോൾ സൂര്യ പതറി പോയി.. "ഏയ്‌.. ഇല്ലേട്ടാ.. അങ്കിൾ ലൈഫ് എൻജോയ് ചെയ്യാൻ കച്ച കെട്ടി ഇറങ്ങിയേക്കുവാ എന്നെനിക്ക് തോന്നുന്നു... എന്നോട് ഒന്നും പറഞ്ഞില്ല " ഒരു നിമിഷത്തെ മൗനത്തിനു ശേഷം സൂര്യ അത് പറയുമ്പോൾ ദേവ് ഒന്ന് തല കുലുക്കി.. "എല്ലാത്തിനും ഒരു ദൃതി ഉള്ളത് പോലെ തോന്നി.. അത് കൊണ്ട് ചോദിച്ചതാ " ദേവ് പറയുമ്പോൾ സൂര്യ മറുപടി ഒന്നും പറഞ്ഞില്ല.. 💞💞💞💞💞💞💞💞💞💞💞💞💞💞

ഉമ പറഞ്ഞത് പോലെ നന്നായി ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോൾ തന്നെയും... ദച്ചുവിന്റെ തല വേദന പോയിരുന്നു... ചെറിയ പനി ഉള്ളത് വിട്ടിട്ട് ആകെ വിയർത്തു നനഞ്ഞു പോയത് പോലെ.. പിന്നെയും ഒരു മന്ദപ്പ് ബാക്കി ഉണ്ട്.. ദച്ചു എഴുന്നേറ്റു നല്ല രീതിയിൽ ഒരു കുളി പാസാക്കി.. അതോടെ പോയ ഉന്മേഷം തിരിച്ചു കിട്ടി അവൾക്ക്... കുളി കഴിഞ്ഞു ഇറങ്ങി വരുമ്പോൾ.. അവളുടെ ഫോൺ ബെല്ലടിക്കുന്നുണ്ട്.. "സേവ് ചെയ്യാത്ത നമ്പർ ആയിരുന്നു.. ഹലോ പറഞ്ഞ അവൾക്ക് ഒന്ന് ചാടി മറിയാൻ തോന്നി.. ഹരിയാണ് വിളിക്കുന്നത്... ഏതോ പൊട്ടകിണറിൽ നിന്നും വലിച്ചു കയറ്റി ഇത്തിരി വെള്ളം കൊടുക്കുമ്പോൾ ഉള്ള അതേ ആശ്വാസം ആയിരുന്നു ദച്ചുവിന്നപ്പോൾ.. സുകന്യക്ക് യാത്ര ക്ഷീണം കൊണ്ട് നല്ല തല വേദന ആണെന്ന് ഹരി പറയുമ്പോൾ... തന്റെ വേദനയുടെ കാര്യം അവൾ മനഃപൂർവം പറഞ്ഞില്ല.. അവർ യാത്ര എൻജോയ് ചെയ്യട്ടെ സൂര്യ പറഞ്ഞത് പോലെ.. തനിക്കൊരു മുള്ള് കൊള്ളുന്നത് പോലും സഹിക്കാൻ കഴിയാത്ത ടീം ആണ് രണ്ടും.. നാളെ വിളിക്കാം എന്ന് പറഞ്ഞിട്ട് ഹരി വെക്കുമ്പോൾ... മറഞ്ഞു നിന്നിരുന്ന സന്തോഷം അവളിലേക്ക് ഒന്നാകെ തിരികെ എത്തിയിരുന്നു.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story