സ്വയം വരം 💞: ഭാഗം 46

swayamvaram jifna

രചന: ജിഫ്‌ന നിസാർ

നീ എന്താടി എന്നെ ഇങ്ങനെ നോക്കുന്നെ " മുന്നിൽ ഇരുന്നിട്ട് കൈ കെട്ടി കണ്ണെടുക്കാതെ നോക്കുന്ന ഇഷാനിയെ ദാസ് പതർച്ചയോടെയാണ് നോക്കിയത്.. സൂര്യ വല്ലതും പറഞ്ഞിട്ടുണ്ടാവുമോ ഇനി എന്നത് അവനിൽ വെപ്രാളം കൂട്ടി.. വീണ്ടും അവളുടെ നോട്ടം താങ്ങാൻ കഴിയാതെ.. ദാസ് നോട്ടം മാറ്റി.. പക്ഷെ ഇടക്കിടെ അവന്റെ കണ്ണുകൾ യാതൊരു അനുസരണയും ഇല്ലാതെ... അവളിൽ തന്നെ കൊണ്ടെത്തിച്ചു... ഒടുവിൽ... കൈ കൊണ്ട് മുഖം പൊതിഞ്ഞു പിടിച്ചു കൊണ്ട് അവൻ അവൾക്ക് മുന്നിൽ ഇരുന്നു..അവന് ഉറപ്പായി തുടങ്ങി... അവൾക്ക് എന്തൊക്കെയോ അറിയാം എന്നത്.. അല്ലെങ്കിൽ ഇത്രയും നേരത്തെ.. ഈ ചുഴിഞ്ഞു നോട്ടം ഉണ്ടാവില്ലായിരുന്നു. "കൈ എടുക്കെടാ.. ഞാൻ ഒന്ന് കാണട്ടെ... ഇങ്ങനെ ഉള്ള നിന്റെ മോന്ത ഞാൻ കണ്ടിട്ടില്ലല്ലോ " ദാസിന്റെ കൈ ബലമായി പിടിച്ചു മാറ്റി കൊണ്ട് ഇഷാനി പറയുമ്പോൾ അവന്റെ മുഖം കുനിഞ്ഞു പോയി.. "നിനക്ക് എന്നോട് പ്രണയം ആണോ ദാസ് " വീണ്ടും അവളുടെ ചോദ്യം.. പ്രതീക്ഷിക്കുന്നു ആ ചോദ്യം എങ്കിലും... അവളത് ചോദിച്ച നിമിഷം ദാസ് പിടച്ചിലോടെ അവളെ നോക്കി..

പറയെടാ.. സൂര്യ പറഞ്ഞു... പക്ഷെ എനിക്ക് നിന്റെ വായിൽ നിന്നും അത് കേൾക്കണം.. പറ... അങ്ങനെ ഉണ്ടോ നിനക്ക്... എന്നോട് " ഇഷാനി വീണ്ടും ചോദിച്ചു... കള്ളത്തരം കാണിച്ചവരെ പോലെ ഇരിക്കാതെ വാ തുറന്നു പറ ദാസ് " ഇപ്രാവശ്യം അവളുടെ സ്വരം അൽപ്പം കനം തൂങ്ങി.. "അതേ... എനിക്ക് നിന്നെ ഇഷ്ടമാണ്.. എന്നും കരുതി... അതൊരിക്കലും നിന്റെ നല്ല ജീവിതത്തിൽ ഒരു തടസ്സം ആവില്ല.. ഞാനും " വിളറിയ ഒരു ചിരിയോടെയാണ് അവന്റെ ഉത്തരം.. ദാസ് എഴുന്നേറ്റു... "മനസ്സിനെ ഒരായിരം പ്രാവശ്യം പറഞ്ഞു തിരുത്തി.. എനിക്കറിയാം.. ഞാനും നീയും തമ്മിലുള്ള അന്തരം.. പക്ഷെ.... ഇഷ്ടപെട്ടു പോയെടി..." അവളെ നോക്കാതെയാണ് ദാസ് പറയുന്നത്.. "നിന്നെ നഷ്ടപെടുംമെന്ന പേടിയിൽ ഞാൻ അറിയാതെ തന്നെ അത് പുറത്ത് ചാടി... അങ്ങനെയാണ് സൂര്യ കണ്ടു പിടിച്ചത്.. നിന്നോട് പറയരുത് എന്ന് അവനോട് ഞാനും പറഞ്ഞിരുന്നു.. പക്ഷെ " ദാസ് പാതിയിൽ നിർത്തി അവളെ നോക്കി.. ഒരു കാൽ ചുവരിൽ കുത്തിയിട്ട് അവനും കൈ കെട്ടി നിന്നു..

"കൂടെ നടന്നിട്ട്... സൗഹൃദത്തിന്റെ പേരിൽ പ്രണയിച്ചു എന്ന് കരുതരുത് നീ... നിനക്കൊരു നല്ല ജീവിതം... എന്റെ കൂടി സ്വപ്നം ആണ്... എല്ലാം എന്റെ മനസ്സിൽ തന്നെ ഒതുക്കാൻ എനിക്ക് കഴിയും... നീ പേടിക്കണ്ട.. എനിക്കറിയാം.. നിനക്കൊരിക്കലും എന്നെ അങ്ങനൊന്നും കാണാൻ ആവില്ലെന്ന്.. എന്റെ കൂടെ ഒരിക്കലും നീ ആഗ്രഹിക്കുന്ന പോലൊരു ജീവിതം കിട്ടില്ലെന്നും " ചിരിച്ചു കൊണ്ട് തന്നെ സ്വന്തം നോവ് മറച്ചു പറയുന്നവനോട്‌... ഇഷാനിക്ക് അലിവ് തോന്നി.. ആ നിമിഷം.. "അത് നീ മാത്രം തീരുമാനിച്ച മതിയോ... എനിക്കും ഇഷ്ടം ആണെങ്കിലോ " എഴുന്നേറ്റു വന്നു കൊണ്ട് അവളും പറയുമ്പോൾ... ഡീ... നീ വെറുതെ.. വേണ്ടാത്തത് പറയല്ലേ.. നല്ലൊരു ജീവിതം കിട്ടും നിനക്ക്.. ഇത് എന്റെ ഒരു... " വിശ്വാസം വരാത്ത പോലെ ദാസ് അത് പറയുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞിരുന്നു.. "എന്നോടുള്ള നിന്റെ ഇഷ്ടം.. അതിന്റെ ആഴം.. എല്ലാം നിന്റെ ഈ നിറഞ്ഞ കണ്ണിൽ ഉണ്ട്... ഈ ഇഷ്ടം മറന്നിട്ടു പോകുമ്പോൾ കിട്ടുന്ന... നീയാ പറഞ്ഞ നല്ല ജീവിതം തത്കാലം ഇഷാനിക്ക് വേണ്ട..."

ഇഷാനി പറയുമ്പോൾ ദാസ് ചുവരിൽ ചാരി നിന്നു.. കണ്ണുകൾ അമർത്തി അടച്ചു.. ഇത് വരെയും അങ്ങനെ കണ്ടിട്ടില്ല.. എന്നത് സത്യം തന്നെ.. ഇനി അങ്ങോട്ട്... അങ്ങനെ കാണാൻ ഞാനും ശ്രമിക്കും... " അവന്റെ വിറക്കുന്ന കൈ പിടിച്ചെടുത്തു കൊണ്ട് ഇഷാനി പറയുബോൾ.. മുഖം തോളു കൊണ്ട് തുടച്ചിട്ട്... ദാസ് അവളെ നോക്കി ചിരിച്ചു.. "നന്നായി ആലോചിച്ചു വേണം തീരുമാനം എടുക്കാൻ.. ജീവിതം ആണ്.. പിന്നെ പറഞ്ഞിട്ട് കാര്യം ഉണ്ടാവില്ല.. എന്റെ സാഹചര്യം അറിയാമല്ലോ.." ദാസ് വീണ്ടും അവളോട് ഓർമിപ്പിച്ചു.. "അതിനേക്കാൾ എനിക്കിപ്പോ പ്രാധാന്യം.. നിന്റെ ഇഷ്ടമാണ്.. ഒരു നോട്ടം കൊണ്ട് പോലും എന്നെ ശല്യം ചെയ്യാത്ത ആ ഇഷ്ടം ഇനി എനിക്ക് സ്വന്തമായി വേണം.." ചിരിച്ചു കൊണ്ട് ഇഷാനി പറയുമ്പോൾ.. ദാസ് അവളുടെ കൈകൾ പൊതിഞ്ഞു പിടിച്ചു.. 💞💞💞💞💞💞💞💞💞💞💞💞💞💞💞 വരാൻ ലെറ്റ്‌ ആവും എന്ന് ഞാൻ പറഞ്ഞതല്ലേ ദച്ചു.. ഉറങ്ങികൂടായിരുന്നോ " കുളിച്ചു കഴിഞ്ഞു വരുമ്പോഴും ബെഡിൽ തലയിണയും മടിയിൽ വെച്ച് കാത്തിരുന്ന ദച്ചുവിനെ നോക്കി സൂര്യ പറഞ്ഞു..

ഒരുപാട് തവണ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും എത്തി നോക്കാത്ത ഉറക്കത്തിന്റെ വികൃതിയെ അവളെത്ര ചീത്ത വിളിച്ചെന്നു അവനറിയുമോ.. വൈകുന്ന ഓരോ രാത്രിയിലും പുറത്തേക്ക് കാതോർത്തു കിടക്കും.. പലപ്പോഴും ബൈക്കിന്റെ ശബ്ദം കേട്ടന്ന് തോന്നിയിട്ട് വാതിൽ തുറന്നു പുറത്തേക്ക് നോക്കി നിൽക്കും..അത് തോന്നലാണ് എന്നറിയുമ്പോൾ തോന്നുന്ന നിരാശയിൽ വീണ്ടും വന്നു കിടക്കും.. പുകപ്പെടുത്തു തല വഴി മൂടി കിടന്നാലും കാതുകളിൽ വണ്ടിയുടെ ശബ്ദം കേൾക്കുന്നുണ്ടോ എന്നാ തോന്നല് ആയിരിക്കും.. തോന്നലുകൾക്കൊടുവിൽ മുറ്റത്തേക്ക് വണ്ടി വന്നു നിൽക്കുമ്പോൾ... ഉള്ളിലൂടെ മിന്നി മാഞ്ഞു പോകുന്ന ഒരു ഫീലുണ്ട്.. അത് വല്ലതും പറഞ്ഞ ഇവന് മനസ്സിലാവുമോ.. ദച്ചു ചുണ്ട് കോട്ടി... അവന്റെ ഫോണും അവളുടെ കയ്യിൽ ഉണ്ട്..

പതിവുപോലെ വീർത്തു കെട്ടിയ മുഖം കണ്ടപ്പോൾ സൂര്യയുടെ നെറ്റി ചുളിഞ്ഞു.. "ഇത്രേം നേരം എന്നെ കാത്തിരുന്നു... ഞാൻ വന്നപ്പോ ഉള്ളത് പോലെ അല്ലല്ലോ എന്റെ പെണ്ണിന്റെ സുന്ദരമായ മുഖം ഇപ്പൊ..എന്ത് പറ്റി " നനവ് മാറാത്ത കൈ അവളുടെ കവിളിൽ വെച്ച് കൊണ്ട് സൂര്യ ചോദിച്ചു.. ആ തണുപ്പിലും സ്നേഹത്തിലും ദച്ചു ഒരു നിമിഷം കണ്ണ് അടച്ചു പിടിച്ചു.. പക്ഷെ തൊട്ടടുത്ത നിമിഷം ആ കൈ തട്ടി മാറ്റി.. കാര്യം പറയെടി... " സൂര്യ കണ്ണുരുട്ടി.. ധൃതിയിൽ അവന്റെ മൊബൈൽ ഓൺ ചെയ്തിട്ട്.. അവന്റെ മുന്നിലേക്ക് ഒരു ഫോട്ടോ നീട്ടി.. ഒരുപാട് പെൺകുട്ടികൾ... അവർക്ക് മുന്നിൽ നിന്നെടുത്ത സെൽഫിയാണ് ഇന്നത്തെ താരം. കുശുമ്പ് കൊണ്ടാണ് ആ മുഖം വീർത്തു കെട്ടിയതും... "ഇതാണോ ഇപ്പൊ ഇത്രേം വല്ല്യ കാര്യം " സൂര്യ നിസാരമായി പറയുമ്പോൾ ദച്ചു വീണ്ടും ഒന്നൂടെ മുഖം വീർപ്പിച്ചു പിടിച്ചു.. "എടി പൊട്ടി.. ഇന്നത്തെ പ്രോഗ്രാം ഒരു കോളേജിൽ ആണെന്ന് പറഞ്ഞതല്ലേ ഞാൻ നിന്നോട്... അവിടെ ഉള്ള കുട്ടികൾ ആണ്.. അവരുടെ ഒരു ആവിശ്യം.. അത് ഒന്ന് നിന്ന് കൊടുത്തു.. അതാണോ നീ കണ്ടു പിടിച്ച കാരണം.. അയ്യേ.."

സൂര്യ കളിയാക്കി കൊണ്ട് കണ്ണാടിക്ക് മുന്നിൽ പോയി നിന്നു.. "അതൊരു കാരണം ആണ് എനിക്ക്.. എനിക്ക് ഇഷ്ടമല്ല " മടിയിൽ ഇരുന്ന തലയിണ അവന് നേരെ എറിഞ്ഞു കൊണ്ട് ദച്ചു പറഞ്ഞു.. എന്നെയോ " തലയണ കുനിഞ്ഞു എടുത്തു കൊണ്ട് സൂര്യ ചോദിച്ചു.. അല്ല... കടുപ്പം ഒട്ടും കുറയാത്ത ഭാവത്തിൽ ദച്ചു പറഞ്ഞു.. "പിന്നെ.." അവളുടെ അരികിൽ വന്നിരുന്നു കൊണ്ട് സൂര്യ ചോദിച്ചു.. "എനിക്ക് ഇഷ്ടല്ല ജിത്തേട്ട ഇതൊന്നും.. ഇതൊക്കെ കാണുമ്പോൾ എനിക്ക് സങ്കടം വരും... എന്റെയല്ലേ.. എന്റെ മാത്രം അല്ലേ " കൊച്ചു കുഞ്ഞുങ്ങളെ പോലെ ചുണ്ട് ചുരുക്കി ദച്ചു അത് പറയുമ്പോൾ സൂര്യ കട്ടിലിൽ ചാരി ഇരുന്നു കൊണ്ടവളെ നോക്കി ചിരിച്ചു.. അല്ലേ... " അവന്റെ മറുപടി ഒന്നും കേൾക്കാഞ്ഞു വീണ്ടും ദച്ചു ചോദിച്ചു.. "ഇങ്ങ് അടുത്ത് വാ പറഞ്ഞു തരാം " അവൻ മാടി വിളിക്കുമ്പോ ദച്ചു തല വെട്ടിച്ചു.. "വാ.. കേൾക്കണ്ടേ.."

വീണ്ടും സൂര്യ കൈ നീട്ടി.. ദച്ചു മുട്ട് കുത്തി ചെന്നിട്ട് അവന്റെ നെഞ്ചിൽ ചാരി ഇരുന്നു എന്നിട്ട് ഇനി പറ എന്ന ഭാവത്തിൽ അവനെ നോക്കി.. "മുന്നേ ഒരു ദിവസം ഞാൻ ഇടുന്ന റീൽസ് കണ്ടിട്ട്... അതിലേക്ക് വന്ന കമന്റ് കണ്ടിട്ട് നീ ഒരു ദിവസം മുഴുവനും ഇരുന്നു കരഞ്ഞത് ഓർമയുണ്ടോ.. ഞാൻ ചോദിച്ചിട്ടു കൂടി കാരണം പറയാതെ.. മ്മ് " ദച്ചുവിന്റെ കൈ ഉയർത്തി.. വിരൽ തുമ്പ് മടക്കിയും നിവർത്തിയും തലോടിയും കൊണ്ട് സൂര്യ ചോദിക്കുമ്പോൾ അവൾ ചാടി എഴുന്നേൽക്കാൻ ആഞ്ഞു.. "ആ... ഓടല്ലേ.. അവിടെ ഇരിക്ക്.. പിന്നെയും മൂന്നോ നാലോ ദിവസം കഴിഞ്ഞാണ്... ഞാൻ അത് കണ്ട് പിടിച്ചത്.. ഞാൻ അത് അറിഞ്ഞതായി നിന്നോട് പറഞ്ഞിട്ടുമില്ല.. അല്ലേ.." വീണ്ടും അവളെ ഒന്നൂടെ അടക്കി പിടിച്ചു കൊണ്ട് സൂര്യ ചോദിക്കുമ്പോൾ ദച്ചു തലയാട്ടി.. "ഒന്നര മാസമായി ഞാൻ നിന്നെ എന്റെതാക്കിയിട്ട്...

ഇപ്പൊ എല്ലാ അർഥത്തിലും നമ്മൾ ഒന്നാണ്.. ഇപ്പോഴും നിന്നെ അല്ലാതെ മറ്റൊരാളെ എനിക്ക് ഇനി സ്നേഹിക്കാൻ ആവും എന്ന് നിനക്ക് തോന്നുന്നുണ്ടോ...നീ തന്നതിനേക്കാളും വലുതായി ഇനി ഒന്നും എന്നിൽ വന്നു ചേരാൻ ഇല്ല.. എന്റെ ഉള്ളിലെ സ്നേഹത്തിന്റെ മധുരം ഞാൻ നിന്നിലേക്കും പകർന്നു തന്നിട്ടില്ലേ...എന്നിട്ടും നിനക്കത് മനസ്സിലായില്ലേ ദച്ചു... പ്രണയത്തോടെ അവൻ അത് പറയുമ്പോൾ... ദച്ചു ശ്വാസം അടക്കി പിടിച്ചിരുന്നു.. "ഇനി മറ്റൊരു പ്രണയം പൂക്കാൻ എന്റെ ഉള്ളിൽ ഒരു ഇത്തിരി പോലും സ്ഥലം നീ ബാക്കി വെച്ചിട്ടില്ല ദച്ചു... നിന്നോളം ഇനി എന്നെ ആർക്കും സ്നേഹിക്കാനും ആവില്ല.. പിന്നെയും എന്തിന് ഈ പേടി... സൂര്യജിത്ത് മുഴുവനായും ദർശനക്ക് സ്വന്തം ആണ്.. നിന്റെ അവകാശമാണ്... നിന്റെ മാത്രം എന്നും എപ്പോഴും.. മനസ്സിലായോ " ദച്ചു ഒന്നൂടെ അവനിൽ ചേർന്നിരുന്നു കൊണ്ട് തലയാട്ടി..

"ഒരു ഫോട്ടോ ചേർന്ന് ഇരുന്നു എടുത്തത് കൊണ്ടോ.. ഇഷ്ടമാണെന്നും... സ്നേഹമാണെന്നും പറയുന്ന നാലഞ്ചു മെസ്സേജ് കൊണ്ടോ അവസാനിച്ചു പോകുന്നതാണ് എന്റെ പ്രണയം എന്ന് നിനക്ക് തോന്നുന്നുണ്ടോ ദച്ചു... അതൊക്കെ ആരാധന കൊണ്ടാണ്.. എന്നോടോ.. അല്ലങ്കിൽ എന്റെ ഡാൻസിനോടോ ഉള്ളത്.. നാളെ എന്നേക്കാൾ മികച്ച ഒരാൾ വരുമ്പോൾ.. തീർച്ചയായും ഈ കാണിക്കുന്ന സ്നേഹം... ആരാധന ഒക്കെ പിന്നെ അങ്ങോട്ട് ചായും.. എനിക്കത് നന്നായി അറിയാം... അത് പോലാണോ എനിക്ക് നീയും.. നിനക്ക് ഞാനും...നമ്മൾ അലിഞ്ഞു ചേർന്നത് ആത്മാവിൽ അല്ലേടി.. ഇനി നിന്റെ പ്രണയത്തോളം വലുതായൊരു വസന്തവും എന്നിൽ പൂക്കില്ല... നിന്നെ അല്ലാതെ മറ്റൊന്നും കൊണ്ടും എന്റെ മനസിനെ തൃപ്തിപെടുത്താനും ആവില്ല... അത്രമാത്രം ഞാൻ നിന്നെ സ്നേഹിക്കുന്നു.." വിരൽ തുമ്പിൽ ഉമ്മ വെച്ച് കൊണ്ട് അവൻ പറയുമ്പോൾ... ദച്ചു നിറഞ്ഞ കണ്ണോടെ അവനെ നേരെ നോക്കി.. ഇപ്പൊ ക്ലിയർ ആയില്ലേ.. ഇനി ഇമ്മാതിരി കുരുട്ട് സ്വഭാവം കൊണ്ട് എന്റെ അരികിൽ വന്ന നിന്റെ തലക്ക് കിട്ടും.. പറഞ്ഞേക്കാം "

പ്രണയം വിട്ട് സൂര്യ പറയുമ്പോൾ ദച്ചു വേഗം തിരിഞ്ഞിരുന്നു.. "ഇയാൾ എന്താ ഓന്തണോ.. ഇത്ര വേഗം മൂഡ് മാറാൻ " ദച്ചു ചോദിച്ചു.. അവൻ പൊട്ടി ചിരിച്ചു പോയി അവളുടെ ആ ഭാവം കണ്ടപ്പോൾ.. ആ ചിരിയിൽ ലയിച്ചു... കൊണ്ട് ദച്ചു നോക്കി ഇരുന്നു.. "എന്നിട്ട് പറ എങ്ങനെ ഉണ്ടായിരുന്നു... ഇന്നത്തെ ദിവസം.." സൂര്യ ഒന്നൂടെ നേരെ ഇരുന്നു കൊണ്ട് ചോദിച്ചു.. "ഭയങ്കര ബോറാണ്.. ജിത്തേട്ട നിങ്ങൾ ഇല്ലാത്ത ഓരോ നിമിഷവും..." ദച്ചു സങ്കടത്തോടെ പറഞ്ഞു.. "എന്ന് കരുതി ജോലിക്ക് പോണ്ടേ ടി.." സൂര്യ ചിരിച്ചു കൊണ്ട് ചോദിച്ചു.. "അതൊക്കെ വേണം.. എന്നാലും എനിക്ക് എപ്പോഴും കാണാൻ തോന്നും.. എന്റെ അരികിൽ വേണം എന്ന് തോന്നുന്നു.." ദച്ചു ചുണ്ട് കൂർപ്പിച്ചു കൊണ്ട് എണ്ണി പൊറുക്കി പറഞ്ഞു കൊണ്ട് അവനെ നോക്കി.. "അതിനൊരു വഴി പറഞ്ഞു തരട്ടെ ഞാൻ..." സൂര്യ ചോദിക്കുമ്പോൾ ദച്ചു ആവേശത്തിൽ തലയാട്ടി.. ഇങ്ങോട്ട് വാ " വീണ്ടും സൂര്യ കൈ നീട്ടി.. "പറ..." അവൾ വീണ്ടും അവനെ നോക്കി..കൊഞ്ചി. "എപ്പോഴും നിന്റെ കൂടെ ഞാൻ ഉണ്ടെന്ന് തോന്നിക്കാൻ..

നിന്നോട് എപ്പോഴും ചേർന്നിരിക്കാൻ.. നിനക്ക് നിറയെ സംസാരിക്കാൻ.. ഞാൻ ഒരാളെ തരട്ടെ " കള്ളചിരിയോടെ അവൻ അത് ചോദിക്കുമ്പോൾ ദച്ചു ആദ്യം ഒന്ന് പകച്ചുപോയി.. അതാരാണ് അങ്ങനെ ഒരാൾ എന്ന് ആലോചിച്ചു കൊണ്ട്.. പക്ഷെ തൊട്ടടുത്ത നിമിഷം... അവന്റെ മുഖത്തെ ഭാവവും ആ ചിരിയിൽ ഒളിപ്പിച്ചു പിടിച്ച ചോദ്യവും തിരിച്ചറിവ് വന്നപ്പോൾ അവൾ ചുവന്നു പോയിരുന്നു.. മുഖം ഉയർത്തി നോക്കാൻ കൂടി ആവാതെ ഇരിക്കുന്നവൾക്ക് അരികിലെക്ക് സൂര്യ നീങ്ങി ഇരുന്നു.. പറ.. വേണോ.. " വീണ്ടും പതിയെ മുഖം ചേർത്ത് കൊണ്ട് അവൻ ചോദിക്കുമ്പോൾ ദച്ചു മുഖം പൊതിഞ് പിടിച്ചു... സൂര്യ ബലമായി അവളുടെ കൈ എടുത്തു മാറ്റി... അവന്റെയാ നോട്ടം നേരിടാൻ ആവാതെ ദച്ചു സൂര്യയുടെ നെഞ്ചിൽ ഒളിച്ചു.. "തീരുമാനം നിനക്കെടുക്കാം ദച്ചു.. അതോ ഇനി കുറച്ചു കാലം ജോലിക്ക് കയറാൻ ആഗ്രഹിക്കുന്നു എങ്കിൽ അങ്ങനേം ആവാം... നിന്റെ സന്തോഷം ആണ് എനിക്ക് ഏറ്റവും ഇമ്പോര്ടന്റ്റ്‌..." അവളുടെ മുടി ഇഴകൾ തലോടി സൂര്യ അത് പറയുമ്പോൾ ദച്ചു മുഖം ഉയർത്തി നോക്കി..

"പറഞ്ഞോ... സാലറി കിട്ടുന്ന ജോലിക്ക് പോണോ... ഞാൻ തരുന്ന ജോലിക്ക് റെഡിയാവുന്നോ " സൂര്യ ചോദിച്ചു.. ദച്ചു നിവർന്നിരുന്നു... "രണ്ടിൽ ഏതു നീ തെരഞ്ഞെടുത്താലും ഞാൻ കൂടെ നിൽക്കും " വീണ്ടും സൂര്യ ഉറപ്പ് കൊടുത്തു.. വേണ്ട... " ദച്ചു പതിയെ പറഞ്ഞു... "വേണ്ടേ... അപ്പൊ നീയല്ലേ പറഞ്ഞത് ഇവിടെ വെറുതെ ഇരുന്നു ബോറടിച്ചു.. എന്നെ മിസ് ചെയ്തു എന്നൊക്കെ..."സൂര്യ ചോദിച്ചു. അതൊക്കെ ശെരി തന്നെ..പക്ഷെ..." സൂര്യയെ നോക്കി... ദച്ചു ചുണ്ട് ചുരുക്കി.. "പക്ഷെ... പറ ദച്ചു... പ്രതേകിച്ചു ഒന്നും ചെയ്യാൻ ഇല്ലാഞ്ഞിട്ട ഈ ബോറടി.. അത് മാറാൻ ഉള്ള വഴിയല്ലേ ഞാൻ പറഞ്ഞു തന്നത്.." "പക്ഷെ.... കുഞ്ഞു വാവ വരുമ്പോൾ.. എന്നോടുള്ള സ്നേഹം കുറഞ്ഞു പോകും.. എനിക്കറിയാം " അവൾ പറയുന്നതും ആ ഭാവവും കണ്ടിട്ട് സൂര്യക്ക് ചിരി വരുന്നുണ്ട്.. ആ കുശുമ്പ് പോലും തന്നോടുള്ള സ്നേഹമാണെന്ന് തിരിച്ചറിയാൻ കഴിയുമ്പോൾ അവന്റെ ഹൃദയം ആർദ്രമായി പോയിരുന്നു.. അവൻ നോക്കുമ്പോൾ കള്ളത്തരം ചെയ്ത കുട്ടിയെ പോലെ മുഖം കുനിച്ചാണ് ഇരിക്കുന്നത്.. ഇടയ്ക്കിടെ ഒളി കണ്ണോടെ അവനെ നോക്കുന്നും ഉണ്ട്...

കുശുമ്പ് ഒട്ടും ഇല്ല അല്ലേ ദച്ചു...ചിരിച്ചു കൊണ്ട് അവൻ ചോദിക്കുമ്പോൾ ദച്ചു കൊണ്ട് അവനെ നോക്കി.. "ഈ ലോകത്തിലെ ആർക്കും എന്റെ ദച്ചൂന് പകരം ആവാൻ കഴിയില്ല... പകരമിനി ആയിരം പേര് വന്നാലും നിന്റെ സ്നേഹത്തിന്റെ പാതി പോലും ആവുകയും ഇല്ല... അത്രമാത്രം സ്നേഹിക്കുന്നില്ലേ ഞാനും നീയും..." ദച്ചുവിനെ പൊതിഞ്ഞു പിടിച്ചു കൊണ്ട് സൂര്യ പറഞ്ഞു... "ആരും വേണ്ട.. ഞാനും നീയും മാത്രം മതി... നിനക്കെന്നെ സ്നേഹിച്ചു മതിയാവുമ്പോൾ.. അല്ലെങ്കിൽ.. നമ്മുടെ സ്നേഹം ഒരാൾക്ക് കൂടി പകുത്ത് കൊടുക്കാൻ പാകത്തിന് വളർന്നു കഴിയുമ്പോൾ മതി.. അങ്ങനെ അല്ലേ " സൂര്യ ചോദിക്കുമ്പോൾ... ദച്ചു അവനെ നോക്കി.. "അത് കാത്തിരുന്ന ഈ ജന്മം ഇങ്ങനെ തീരും.. കാരണം എനിക്കൊരിക്കലും നിന്നെ സ്നേഹിച്ചു മതിയാവില്ല.." സൂര്യ അവളെ തന്നെ നോക്കി.. "ഇപ്പൊ വേണ്ടന്നാ പറഞ്ഞത്.. ജിത്തേട്ടന്റെ സ്നേഹം അൽപ്പം പോലും പകുത്തു പോവാതെ എനിക്ക് മാത്രം വേണം " അവന്റെ നേരെ നോക്കി ദച്ചു പറഞ്ഞു.. എന്നിട്ടവന്റെ നെഞ്ചിൽ പറ്റി ചേർന്നിരുന്നു... 💞💞💞💞💞💞💞💞💞💞💞💞💞💞

ഏട്ടാ... കരച്ചിൽ പുരണ്ട ശബ്ദത്തിൽ വേണി വിളിക്കുമ്പോൾ ആ വിളി വളരെ മുന്നേ തന്നെ പ്രതീക്ഷിക്കുന്ന പോലെ വരുൺ നിന്നു.. കേൾക്കുന്നില്ലേ ഏട്ടാ " വീണ്ടും വേണി ചോദിക്കുമ്പോൾ.. അവനാ ഫോൺ ഒന്നൂടെ ചെവിയിൽ ചേർത്ത് വെച്ചു.. "പറഞ്ഞോ... എന്ത് വേണം.." അവന്റെ പരുഷമായ ചോദ്യം അവളെ കൂടുതൽ വേദനിപ്പിക്കും എന്നറിഞ്ഞു കൊണ്ട് തന്നെ അവനും നിന്നു.. "എന്തിനാ ഏട്ടാ ഇനിയും ഈ ദേഷ്യം.. ഏട്ടനോട് ഞാൻ തെറ്റൊന്നും ചെയ്തില്ലല്ലോ... എനിക്കിപ്പോ ആരും ഇല്ല.. ഞാൻ ഒറ്റക്കാ... ഇതൊന്നും സഹിക്കാൻ വയ്യ... ഒന്നെന്നെ കൊണ്ട് പോകുവോ.. ഒരു വേലക്കാരി ആയിട്ടെങ്കിലും ഞാൻ അവിടെ നിന്നോളാ.. ആർക്കും ഒരു ഉപദ്രവവും ചെയ്യില്ല.. പ്ലീസ് ഏട്ടാ.. എനിക്ക്.. ഒട്ടും പറ്റാഞ്ഞിട്ടാ " വേണിയുടെ ഹൃദയം പിടഞ്ഞ വേദന ആ വാക്കുകൾ കൊണ്ട് വ്യക്തമാവുന്നുണ്ട്... "നീ തന്നെ വരുത്തി വെച്ചതല്ലേ.. നീ തന്നെ അനുഭവിക്ക്... ഇതും പറഞ്ഞിട്ട് എന്നെ വിളിക്കരുത്.. ഞാനും നീയും തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടല്ലേ ഞാൻ പോന്നത് " ഒട്ടും ദയവില്ലാതെ വരുൺ പറഞ്ഞു..

വേണിയുടെ കൈകൾ ഫോണിൽ മുറുകി.. "എങ്ങനെയാ നിനക്ക് ആരും ഇല്ലാതെ ആയത്... നിന്റെ സ്വഭാവം കൊണ്ടല്ലേ... സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു കുടുംബം മൊത്തം നിന്റെ പ്രവർത്തനം കൊണ്ട് നീ തന്നെയല്ലേ വെറുപ്പിച്ചു നിർത്തിയത്...അതിനുള്ള ശിക്ഷ നീ തന്നെ അനുഭവിച്ചു തീർക്കാതെ എങ്ങോട്ടാ ഓടി പോവുന്നത്.." വീണ്ടും വരുണിന്റെ ശബ്ദം... "എല്ലാം എനിക്കറിയാം ഏട്ടാ... ഞാൻ ചെയ്തു കൂട്ടിയ അനീതിക്കെതിരെ ഇവർ പ്രതികരിക്കുന്ന ഒരു ദിവസം വരും എന്നത് ഞാൻ മനഃപൂർവം ഓർത്തില്ല.. എല്ലാം സഹിക്കാൻ ഞാൻ തയ്യാറാണ്.. യാതൊരു പരാതിയും കൂടാതെ... പക്ഷെ.. പക്ഷെ ഏട്ടാ.. ദേവേട്ടൻ.." ബാക്കി പറയാൻ ആവാതെ വേണി ഒന്ന് പിടഞ്ഞു... പൂജയുടെ കാര്യം തന്നെയാണ് അവൾ പറയാൻ വരുന്നത് എന്നറിഞ്ഞിട്ടും വരുൺ ഒന്നും മിണ്ടാതെ നിന്നു.. "വേറൊരു പെണ്ണിന്റെ കൂടെ ഇനിയും ദേവട്ടനെ കാണാൻ മാത്രം ശക്തി എന്റെ മനസ്സിന് ഇല്ല.. ഞാൻ ഇറങ്ങി കൊടുത്തോളാം.. യാതൊരു പരാതിയും ഇല്ലാതെ തന്നെ.. അവരുടെ സന്തോഷത്തിന് വേണ്ടി എനിക്ക് ചെയ്യാവുന്ന വലിയൊരു ഉപകാരം ഇനി അത് മാത്രം ഒള്ളു എന്നെനിക്ക് മനസ്സിലായി..."

വേണി പറയുമ്പോൾ എത്ര ഒതുക്കിയിട്ടും തന്റെ ഉള്ളിലേക്കു ഒരു നോവിന്റെ ചീള് തെറിച്ചു വീഴുന്നത് വരുൺ അറിഞ്ഞിരുന്നു.. അത് തന്നെ കുത്തി നോവിക്കുന്നും ഉണ്ട്.. "എന്നിക്കാരോടും ഇപ്പൊ വാശിയോ ദേഷ്യമോ ഒന്നും ഇല്ല ഏട്ടാ.. എല്ലാം എന്റെ തെറ്റാണ്.. എന്റെ ജീവിതം ആയിരുന്നു.. മറ്റാരെയും അതിലേക്ക് തലയിടാതെ സൂക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്തം ആയിരുന്നു.. അതിന് പറ്റിയില്ല... കൈയിൽ ഉണ്ടായിരുന്നു ജീവിതം നശിപ്പിച്ചു ഞാൻ തന്നെ... ഇനി അതിനെ ഓർത്തു വേദനിച്ചു കൊണ്ട് ജീവിക്കാം എന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ല എനിക്ക്..." വരുൺ അപ്പോഴും ഒന്നും മിണ്ടിയില്ല... "പറ്റുമെങ്കിൽ ഏട്ടൻ ഒന്ന് വരണം... എനിക്കിപ്പോ ഇത് പറയാൻ വേറാരും ഇല്ല.." പിന്നൊന്നും പറയാൻ നിൽക്കാതെ അവൾ ഫോൺ കട്ട് ചെയ്തിട്ട്.... കണ്ണടച്ചു. നീർ തുള്ളികൾ അപ്പോഴും കവിളിലേക്ക് ഒലിച്ചിറങ്ങി..........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story