സ്വയം വരം 💞: ഭാഗം 7

swayamvaram jifna

രചന: ജിഫ്‌ന നിസാർ

ഹോസ്പിറ്റലിൽ എത്തി കാർ നിർത്തിയതും ഡോർ തുറന്നിട്ട്‌ ദച്ചു ഓടി ഇറങ്ങി.. നിലകളായി നിവർന്നു നിൽക്കുന്ന ഹോസ്പിറ്റലിൽ.... എവിടെ അവരെന്നറിയാതെ ഒരു നിമിഷം പകച്ചുപോയി.. ഹരിയെ വിളിക്കാൻ ഫോൺ എടുത്തു... "എന്തായി... ഓടി പോന്നിട്ട്.. പോകുന്നില്ലേ " സൂര്യ അരികിൽ വന്നിട്ട് മുകളിലേക്ക് നോക്കി കൊണ്ട് ചോദിക്കുമ്പോൾ... ദച്ചു അവനെ കൂർപ്പിച്ചു നോക്കി.. "വാ ഇങ്ങോട്ട്... എനിക്കറിയാം " സൂര്യ പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു... മുടി ഇഴകൾ കോതി കൊണ്ട് മുന്നോട്ട് നടക്കുന്നവനൊപ്പം അവളും മുന്നോട്ട് നീങ്ങി... ലിഫ്റ്റിൽ കയറുമ്പോഴും... ദച്ചു അവനെ നോക്കി.. അൽപ്പം പോലും അയവ് വന്നിട്ടില്ലാത്ത മുഖം കാണുമ്പോൾ ഒക്കെയും... അവൾക്കുള്ളിലേക്ക് പേരറിയാത്ത ഒരു നോവ് വലിഞ്ഞു കയറി വന്നിരുന്നു... ഒടുവിൽ....7B എന്നെഴുതിയ വാതിൽ തള്ളി തുറന്നവനെ... തട്ടി മാറ്റി ദച്ചു അകത്തേക്ക് ഓടി കയറി... സൂര്യ അവളെ തുറിച്ചു നോക്കി. പപ്പാ... ഹരിയെ ചുറ്റി പിടിച്ചു കൊണ്ട് ദച്ചു നിൽക്കുമ്പോൾ....

അയാളും അവളെ ചേർത്ത് പിടിച്ചു... അമ്മയെവിടെ പപ്പാ.... ഒഴിഞ്ഞു കിടക്കുന്ന ബെഡിലേക്ക് നോക്കി... ദച്ചു വേവലാതിയോടെ ചോദിച്ചു.. വീണ്ടും വല്ലതും സംഭവിച്ചു പോയോ എന്നൊരു പേടി ഉണ്ടായിരുന്നു അവളുടെ സ്വരം നിറയെ.. "അമ്മയെ ഒരു ടെസ്റ്റ് ചെയ്യാൻ കൊണ്ട് പോയതാ ദച്ചു... പേടിക്കണ്ട.." അവളുടെ കവിളിൽ തട്ടി കൊണ്ട് ഹരി പറയുമ്പോൾ... പഴയ തിളക്കം ഇല്ലായിരുന്നു ആ മുഖത്തിന്... വാ സൂര്യ... കൈ നീട്ടി കൊണ്ടയാൾ വിളിക്കുമ്പോൾ ചിരിച്ചു കൊണ്ട് സൂര്യയും കൈ കൊടുത്തു.. ദച്ചു ഹരിയെ വിട്ടിട്ട് മാറി നിന്നു... VIP റൂമിലെ.... വിശാലമായ ബെഡും സൗകര്യങ്ങളും... ഇരിക്ക് മോനെ .... ഹരി പറയുമ്പോൾ സൂര്യ ചിരിച്ചു കൊണ്ട് കസേരയിൽ ഇരുന്നു.. എതിരെ ഉള്ള ബെഡിൽ ഇരിക്കുന്നതിനോടപ്പം തന്നെ ഹരി ദച്ചുവിനെയും പിടിച്ചു അരികിൽ ഇരുത്തി.. "എങ്ങനെ പോകുന്നു... പ്രോഗ്രാസ് ഒക്കെ.. ഞാൻ കണ്ടിരുന്നു.. ഒരിക്കൽ... ടീവിയിൽ.. എറണാകുളത്തെ ഫങ്ക്ഷന് ചെയ്ത പ്രോഗ്രാം... ഒരു രക്ഷയും ഇല്ല... അടിപൊളി ആണ്... അന്നേ പറയാൻ കരുതി വെച്ചതാ...

തിരക്കിൽ ആയത് കൊണ്ട് തന്നെ നടക്കാതെ പോയി... " അങ്ങേയറ്റം ആത്മാർത്ഥമായി തന്നെ ഹരി അത് പറയുമ്പോൾ.... സൂര്യ വിടർന്ന ചിരിയോടെ അയാളെ നോക്കി. ദച്ചു അത് വരെയും ഉണ്ടായിരുന്ന വിഷമങ്ങൾ എല്ലാം ആ ചിരിയിൽ മറന്നു പോയിരുന്നു.. പിന്നെയും നീണ്ട മൗനം.. ഹരി ഒരിക്കലും അങ്ങനെ... ആശയദാരിദ്രത്തെ കൂട്ട് പിടിച്ചിട്ട് ഇരിക്കാറില്ല എന്നത് ദച്ചു ഓർത്തു.. അതേ തോന്നൽ സൂര്യയിലും ഉണ്ടായിരുന്നു.. യാതൊരു ജാഡയോ.... പൊങ്ങച്ചമോ കാണിക്കാത്ത പച്ചയായൊരു മനുഷ്യൻ... ഹരിച്ചന്ദ്രൻ എന്നാ വ്യക്തിയെ അങ്ങനെ ഉപമിക്കാനായിരുന്നു എല്ലാവർക്കും ഇഷ്ടം... പാർട്ടിയുടെ വേർതിരിവോ.. മതത്തിന്റെ വേലി കെട്ടോ വിറളി പിടിപ്പിക്കാത്ത.. നയിക്കാൻ അറിയാവുന്ന നേതാവ്... വളർന്നു വരുന്ന കുട്ടി രാഷ്ട്രീയകാരുടെ റോൾ മോഡൽ... ആ ആളാണ്‌... ഒന്നും പറയാൻ ഇല്ലാത്ത പോലെ... തല കുനിച്ചു കൊണ്ടിരിക്കുന്നത്.. വാതിൽ തുറന്നു കൊണ്ട് മുകുന്ദൻ കയറി വന്നപ്പോൾ മൂന്നാളും ഒരുമിച്ചു അങ്ങോട്ട്‌ നോക്കി.. സൂര്യ എഴുന്നേറ്റു നിന്നിരുന്നു..ദച്ചുവും.

"ആ.... വന്നിട്ട് കുറെ നേരം ആയോ.." സൂര്യയെ നോക്കി ചോദിച്ചിട്ട്... കയ്യിലുള്ള പൊതികൾ അയാൾ ടേബിളിൽ കൊണ്ട് വെച്ചു..സൂര്യ ഒന്ന് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല. "സുകന്യയെ തിരിച്ചു കൊണ്ട് വന്നില്ലേ ഹരി... " മുകുന്ദൻ ഹരിയെ നോക്കി ചോദിക്കുമ്പോൾ ഇല്ലെന്ന് തലയാട്ടി കാണിച്ചു... "ഇനി വേണേൽ നീ പോയിക്കോ സൂര്യ.. എന്തോ ധൃതി ഉണ്ടെന്നു പറഞ്ഞിരുന്നല്ലോ " മുകുന്ദൻ ഹരിയുടെ അരികിൽ വന്നിരുന്നു കൊണ്ട് പറയുമ്പോൾ ഹരിയുടെ നോട്ടം കൂടി അവന്റെ നേരെ ആയിരുന്നു.. "ഇനി പോയിട്ട് കാര്യം ഇല്ലച്ചാ... ആ പരിപാടി ഞാൻ ക്യാൻസൽ ചെയ്തു " പറയുമ്പോൾ പോലും വല്ലാത്ത നിരാശ നിറഞ്ഞ അവന്റെ സ്വരം.. ഹരിയുടെയും ദച്ചുവിന്റെയും നെറ്റി ചുളിഞ്ഞു.. മുകുന്ദന് പക്ഷേ പ്രതേകിച്ചു ഭാവമാറ്റം ഒന്നും തന്നെ ഇല്ല.. "എന്താ സൂര്യ... എന്താ പ്രശ്നം.." ഹരി മുകുന്ദനെ ഒന്ന് നോക്കിയതിനു ശേഷം സൂര്യയോട് ചോദിച്ചു.. "ഏയ്.. ഒന്നുല്ല അങ്കിൾ...." ചിരിച്ചു കൊണ്ട് തന്നെയാണ് അവൻ പറയുന്നത്... "ഹാ... കാര്യം പറ മോനെ... എന്തായിരുന്നു തിരക്ക്...." ഹരി വീണ്ടും ചോദിച്ചപ്പോൾ സൂര്യ മുകുന്ദനെ ഒന്ന് നോക്കി..

അയാൾ പക്ഷേ മറ്റേതോ ചിന്തയിൽ ആയിരുന്നു..... മുഖം നിറഞ്ഞ ഭാവം..ഏതെന്ന് അറിയുന്നില്ല. "അത്... ടൗൺ ഹാളിലെ പ്രോഗ്രാം.ഇന്ന് ആറ് മണിക്ക് എത്തേണ്ടതായിരുന്നു.. പോവാൻ വേണ്ടി ടീം എല്ലാവരും റെഡിയായി... പക്ഷേ ആ നേരത്താണ് അച്ഛൻ വിളിച്ചത്... എമർജൻസി ആണ്.. പെട്ടന്ന് വരണം എന്ന് പറഞ്ഞപ്പോൾ.... ഒരുപാട് ആഗ്രഹിച്ചിരുന്നു... അവിടൊരു ഫങ്ക്ഷൻ.... പക്ഷേ... എനിക്കത് അറ്റന്റ് ചെയ്യാൻ ആയില്ല... ക്യാൻസൽ ചെയ്തു..." സങ്കടം പുറത്ത് കാണിക്കാതെ തന്നെ സൂര്യ അത് പറയുമ്പോൾ ഹരി ദേഷ്യത്തോടെ മുകുന്ദന്റെ നേരെ നോക്കി.. "ഛേ... എന്തൊരു പണിയാടോ നീ കാണിച്ചത്... അവനത്രയും കഷ്ടപെട്ടു പ്രാക്ടീസ് ചെയ്തൊക്കെ കാത്തിരുന്നിട്ട്... എടോ... തനിക്കു എന്നോട് പറയാമായിരുന്നു മുകുന്ദ.മറ്റൊരു വണ്ടി അറേൻജ് ചെയ്യുമായിരുന്നു.. ഇതിപ്പോൾ... സോറി സൂര്യ...." ഹരി അത്രയൊക്കെ പറഞ്ഞിട്ടും മുകുന്ദന്റെ മുഖത്തു യാതൊരു വെത്യാസവും വന്നിട്ടില്ല.. "ഏയ്.. കുഴപ്പമില്ല അങ്കിൾ.. ഞാൻ അത് വിട്ട് കളഞ്ഞു... അവസാനതെ പ്രോഗ്രാം ഒന്നും അല്ലല്ലോ.. ഇനിയും ഉണ്ടാവും...

പക്ഷേ അതിനേക്കാൾ വലുതല്ലേ ഹോസ്പിറ്റൽ കേസ്... അത് കൊണ്ട് തന്നെ അങ്കിൾ അതോർത്തു കൊണ്ട് സങ്കടപെടരുത്.." ചെറിയ ചിരിയോടെ തന്നെ സൂര്യ അത് പറയുബോൾ അത് വരെയും കാരണമറിയാതെ അവന്റെ അവസ്ഥയെ തെറ്റ്ധരിച്ചതിനു ദച്ചു കുറ്റബോധം കൊണ്ട് നീറി... അവനേറെ കൊതിച്ചൊരു പരിപാടി നടക്കാതെ പോയതിന്റെ സങ്കടമായിരിക്കാം ആ ദേഷ്യം... ചിലപ്പോൾ ഒക്കെയും ചില ദേഷ്യങ്ങളെ.. സങ്കടങ്ങളാണ് വിത്ത് പാകി മുളപ്പിക്കുന്നത്.... പൊട്ടി തെറിക്കുന്ന ഒരു വ്യക്തിയോട് എന്താണ് ഇത്രയും ദേഷ്യം എന്ന് ചോദിക്കുന്നതിനു പകരം.. എന്താണ്... ഇത്രയും സങ്കടം എന്നൊന്ന് ചോദിക്കാൻ.. ഇനിയും എന്നാണ് നമ്മളൊന്ന് പഠിക്കുന്നത്.. ആ ചോദ്യം കേൾക്കാൻ കൊതിക്കുന്ന എത്രയോ മുഹൂർത്തങ്ങൾ ജീവിതം കൊണ്ട് വന്നിട്ട് മുന്നിൽ തരും... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 ദർശനാ.... പോവാൻ ഇറങ്ങിയ സൂര്യ... വാതിൽക്കൽ നിന്നിട്ട് വിളിക്കുമ്പോൾ അവൾ ഒന്ന് ഞെട്ടി പോയിരുന്നു.. പ്ലീസ്... അവൻ വിളിക്കുമ്പോൾ... ഹരിയെ ഒന്ന് പാളി നോക്കിയിട്ട് ദച്ചു അവന്റെ അരികിലേക്ക് പതിയെ ചെന്നു..

സോറി... ഞാൻ അപ്പഴത്തെ സങ്കടം കൊണ്ട്... എനിക്ക് എന്നെ തന്നെ പിടി കിട്ടാത്ത പോലെ...നിന്റെ മാനസിക അവസ്ഥ എന്റേത് പോലെ തന്നെ നീറുന്നുണ്ടെന്ന് ഓർക്കാതെ എന്തൊക്കെയോ പറഞ്ഞു.. റിയലി സോറി... ആത്മാർത്ഥമായി തന്നെ സൂര്യയത് പറയുമ്പോൾ.... ആ ഒറ്റ നിമിഷം കൊണ്ട് തന്നെ സങ്കടങ്ങൾ ഒക്കെയും ദച്ചു മറന്നിരുന്നു.. ചിരിച്ചു കൊണ്ടവൾ അവന്റെ നേരെ നോക്കി.. തിരിച്ചൊന്നും പറയാൻ കഴിയാത്ത വിധം അവന്റെ കണ്ണിൽ ഉടക്കി പോയിരുന്നു.. ആ നേരം. ബൈ.... വാതിൽ കടന്നവൻ ഇറങ്ങി പോയിട്ടും.... ദൂരെ ഒരു പൊട്ടു പോലെ നടന്നു മറഞ്ഞിട്ടും ഒരു തിരിഞ്ഞു നോട്ടം കൂടി കൊതിച്ചു കൊണ്ടവൾ ചുവരിൽ ചാരി... കണ്ണിൽ നിന്നും സൂര്യ മറഞ്ഞു കഴിഞ്ഞാണ് തിരികെ മുറിയിലേക്ക് കയറി പോയത്.. സുകന്യ നല്ല ഉറക്കത്തിൽ ആണ്.. ക്ഷീണം കാണും... വിളിക്കണ്ട എന്ന് ഡോക്ടർ പറഞ്ഞിരുന്നു.. ഹരിയുടെ കസിൻ... പാർഥിയുടേതാണ് ആ ഹോസ്പിറ്റൽ.. പാർഥിപൻ ഡോക്ടർ... ഹരിയുടെ ആത്മ മിത്രം കൂടിയാണ്... തിരിച്ചു കയറി വന്നവൾ സുകന്യ കിടക്കുന്ന തൊട്ടപ്പുറത്തെ ബെഡിൽ ഇരുന്നു..

മുകുന്ദൻ എന്തോ ആവിശ്യത്തിന് താഴേക്ക് പോയിരുന്നു... മേശയിൽ ഉണ്ടായിരുന്ന ഫോൺ അടിക്കുന്നത് പോലും അറിയാതെ.... ഉറങ്ങി കിടക്കുന്ന സുകന്യയെ നോക്കി... ഏതോ ചിന്തയുടെ അറ്റത്താണ് ഹരി ഉള്ളത്.. "പപ്പാ.... ദേ... ഫോൺ അടിക്കുന്നു " ദച്ചു തട്ടി വിളിക്കുമ്പോൾ ഞെട്ടി കൊണ്ടയാൾ ഫോൺ വാങ്ങിയിട്ട് അവളെ ഒന്ന് നോക്കി.. ശേഷം എഴുന്നേറ്റു പുറത്തേക്ക് നടന്നു.. ദച്ചു അപ്പോഴും ജനലിൽ കൂടി പുറത്തേക്ക് നോക്കി ഇരുന്നു... "നീ ഒന്നും കഴിച്ചില്ലല്ലോ മോളെ.. കോളേജ് വിട്ട് വന്നത് പോലെ ഓടി വന്നതല്ലേ... അമ്മ ഉണരുമ്പോൾ കഴിച്ചോളും.. ദേ.. മുകുന്ദൻ കഴിക്കാൻ ഉള്ളത് കൊണ്ട് വെച്ചിട്ടുണ്ട്... എടുത്തു കഴിക്ക് " ഫോൺ തിരികെ ടേബിളിൽ വെച്ച് കൊണ്ട് ഹരി അത് പറയുമ്പോൾ ദച്ചു മുഖം തിരിച്ചു നോക്കി... "ഡോക്ടർ അങ്കിൾ പ്രതേകിച്ചു വല്ലതും പറഞ്ഞോ പപ്പാ " അസഹ്യമായ മൗനം സഹിക്കാൻ വയ്യാഞ്ഞിട്ടാണ് ദച്ചു ഹരിയോടത് ചോദിച്ചത്... "ഏയ്.. ഇല്ല. അവൾക്ക് എപ്പോഴും ഉണ്ടാവുന്ന പോലെ തന്നെ... പ്രഷർ കൂടി... അങ്ങനെ വീണു പോയതാണ്.. ബ്ലെഡ് ടെസ്റ്റ് ആണ് കുറച്ചു നേരത്തെ കഴിഞ്ഞത്.. അതിലും കുഴപ്പമില്ല...

നാളെ രാവിലെ ഡിസ്ചാർജ് ചെയ്യും " വരുത്തി കൂട്ടിയ ചിരിയോടെ ഹരി അത് പറഞ്ഞിട്ടും... ആ മുഖത്തെ ഭാവം ദച്ചുവിനെ പിന്നെയും ആശങ്കയിലാഴ്ത്തിയിരുന്നു.. കുറച്ചു നേരം കൂടി കഴിഞ്ഞു സുകന്യ ഉറക്കം വിട്ട് എഴുന്നേൽക്കുമ്പോൾ.... എല്ലാം പഴയ പടി തന്നെ ആയിരുന്നു.. അമ്മയും മോളും കൂടി പേടിച്ചിരണ്ട ഹരിയെ കളിയാക്കി ചിരിച്ചു.. അത് ആസ്വദിച്ചത് പോലെ... മറുതൊന്നും പറയാതെ ഹരി അവരോടൊപ്പം കൂടി... അപ്പോഴും പഴയ തിളക്കം ആ മുഖത്തിനും മനസ്സിലും നഷ്ടം വന്നിരുന്നു... 💞💞💞💞💞💞💞💞💞💞💞💞💞💞💞 എന്തിന് നീ വെറുതെ ഒരു ക്ലാസ് കളയണം.. എനിക്കിപ്പോ എന്തേലും കുഴപ്പം കാണുന്നുണ്ടോ നീ... ഇല്ലല്ലോ... അത് കൊണ്ട് പെട്ടന്ന് റെഡിയായി കോളേജിൽ പോവാൻ നോക്ക് ദച്ചു.. നല്ല അടി കിട്ടും കേട്ടോ നിനക്ക്... " സുകന്യ കണ്ണുരുട്ടി കൊണ്ട് പറഞ്ഞപ്പോൾ.. ദച്ചു ചുണ്ട് കൂർപ്പിച്ചു കൊണ്ട് ഹരിയുടെ നേരെ നോക്കി.. പപ്പാ.... ചിണുങ്ങി കൊണ്ടവൾ വിളിക്കുമ്പോൾ ചിരിച്ചു കൊണ്ടയാൾ അവളെ ചേർത്ത് പിടിച്ചു.. "കുറച്ചു കൂടി കഴിഞ്ഞു ഞങ്ങൾ വീട്ടിൽ പോകും ദച്ചു.. എക്സാം ഒക്കെ ആയതല്ലേ...

മോള് ക്ലാസ്സിൽ പോവാൻ നോക്ക്... മുകുന്ദൻ കൊണ്ട് വിടും വീട്ടിൽ..." ഹരി പറയുമ്പോൾ ഇനി ഒന്നും പറയാൻ ഇല്ലാത്ത പോലെ ദച്ചു പതിയെ ഒന്ന് മൂളി കൊടുത്തു... 💞💞💞💞💞💞💞💞💞💞💞💞💞💞💞 എന്നിട്ട് ഇപ്പൊ ഓക്കേ ആണോ ദച്ചു.. അനു ആകുലതയോടെ ചോദിക്കുമ്പോൾ ദച്ചു ഒന്ന് മൂളി.. "എനിക്ക് ഡ്രൈവിംഗ് പഠിക്കണം അനൂ.. " പെട്ടന്ന് ദച്ചു അത് പറഞ്ഞപ്പോൾ.. അനു അവളെ തല ചെരിച്ചു നോക്കി.. "എന്തേ ഇപ്പൊ അങ്ങനൊരു മോഹം... സ്വന്തം ആയിട്ടൊരു ലൈസൻസ്... പുതിയൊരു സ്കൂട്ടി... ഇതെല്ലാം വീട്ടിൽ അട വെച്ചിട്ട് എന്റെ പിറകിൽ പറ്റി കൂടി ഇരുന്ന് മടുത്തോ ദച്ചു നിനക്ക് " അനു കളിയാക്കി... ശെരിയാണ്.. അനുവിന്റെ കൂടെ തന്നെയാണ് ഡ്രൈവിംഗ് പഠിക്കാൻ പോയത്.. രണ്ടാൾക്കും.. ഒരുമിച്ചു തന്നെ ലൈസൻസ് കിട്ടുകയും ചെയ്തു.. പപ്പാ ആ പിറന്നാളിന് സമ്മാനം തന്നത്.. ഒരു സ്കൂട്ടി ആയിരുന്നു..

എന്നിട്ടും... ഒരുമിച്ചു പോകുന്നതിന്റെ സുഖം കിട്ടാത്തത് കൊണ്ട് തന്നെ... ദച്ചുവിന്റെ യാത്രകൾ അനുവിന്റെ കൂടെയാണ്.. ചിരിച്ചും പറഞ്ഞും ആ യാത്രകളുടെ ഓരോ നിമിഷങ്ങളും അവരുടെ ജീവിതത്തിൽ ആസ്വദിക്കാനുള്ള കാരണങ്ങളാണ്... ഡീ.. നീ എന്താ മിണ്ടാതെ... " അനു തട്ടി വിളിക്കുമ്പോൾ ഒന്നുമില്ലെന്ന് പറഞ്ഞു ദച്ചു... അല്ലേൽ തന്നെ സൂര്യയുടെ പിറകിൽ നടക്കുന്നതും... അവന്റെ പ്രതികരണം അറിയാതെ ഇങ്ങനെ ഹൃദയം നിറച്ചു കൊണ്ട് നടക്കുന്നതിലും അവൾക്ക് നല്ല ദേഷ്യമുണ്ട്.. ഇന്നലത്തെ സംഭവങ്ങൾ ഓർക്കുമ്പോൾ ഒക്കെയും അവന്റെ നിരാശയിൽ മുങ്ങിയ മുഖമാണ് ഓർമയിൽ വരുന്നത്... അത് കൊണ്ട് തന്നെ പറയുമ്പോൾ തീർച്ചയായും അനു അവന്റെ ഭാഗത്തെ കുറ്റം മാത്രം കാണുകയുള്ളു.. വേണ്ട... ആ പഴിചാരൽ പോലും തനിക്കു വേദന നൽകും... ദച്ചു ഓരോന്നോർത്ത് കൊണ്ട് മിണ്ടാതെ ഇരുന്നു......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story