താലി: ഭാഗം 10

thali alrashid

രചന: അൽറാഷിദ് സാൻ

ആ മുഖം കണ്ടു എന്റെ കണ്ണൊന്നു വിടർന്നിരുന്നു... അന്ന് അമ്പലത്തിൽ വെച്ചുകണ്ട അതേ ചേട്ടൻ.. തിങ്ങി നിറഞ്ഞ താടിരോമങ്ങൾ വെട്ടിയൊതുക്കിയിരിക്കുന്നു.. തിലകക്കുറിയും, കണ്ണിൽ നിന്നും തീ പാറുന്നത് പോലെ..കറുപ്പ് നിറമുള്ള T ഷർട്ടിൽ നിന്നും പുറത്തേക്ക് ചാടാൻ വെമ്പി നിൽക്കുന്ന ശരീരഭാഗങ്ങൾ...ഒരു നിമിഷം ഞാൻ നിശ്ചലയായി നിന്നുപോയി... റൂമിൽ കയറിയ അയാൾ അടുത്ത് നിന്നിരുന്ന അനിലിന്റെ മുഖമടക്കി ഒരടികൂടെ പൊട്ടിച്ചതോടെയാണെനിക്ക് പരിസരബോധം വന്നത്... നിലത്ത് മുഖമടിച്ചു വീണ അനിൽ ഒന്ന് എഴുന്നേറ്റിരുന്ന് ശേഷം വീണ്ടും പതിയെ നിലത്തേക്ക് തന്നെ മലർന്നടിച്ചു വീണു..പിന്നീട് അനക്കമൊന്നും കണ്ടിരുന്നില്ല,അവന്റെ മൂക്കിൽ നിന്നുള്ള രക്തതുള്ളികൾ തറയിൽ പാടുകൾ തീർത്തിരുന്നു..

എവിടെനിന്നോ എത്തിയ കുട്ടികൾ അവനേം ഏറ്റി പുറത്തേക്ക് നടന്നു... എല്ലാം ഒരു സിനിമ കാണുന്നത് പോലെ കണ്ടുനിൽക്കുന്നതിനിടയിലാണ് ഒരു കൈ എന്റെ ചുമലിൽ പതിഞ്ഞത്.. വായും പൊളിച്ചിരുന്ന ഞാൻ ആ മുഖഭാവത്തോടെ തന്നെ തിരിഞ്ഞു നോക്കി.. അതവളാണ് വർഷ.. അവളും എന്നെപോലെ എന്താണിവിടെ നടക്കുന്നതെന്നറിയാതെ നിൽപ്പാണ്... "എടാ മാർക്കോ.. ആ ചെക്കനെങ്ങാനും കാഞ്ഞുപോയ ഞാൻ അഴിയെണ്ണേണ്ടി വരും..." "പോയാലങ്‌ പോട്ടേ സാറേ.. നമുക്ക് അങ്ങനത്തെ കുട്ടികളെയൊന്നും പഠിപ്പിക്കേണ്ട ഗതികേട് ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഇന്നില്ല..." സംസാര ശേഷം അവൻ എന്നെയൊന്നു തുറിച്ചു നോക്കി... "ഇവളൊരു പാവം പിടിച്ച പെണ്ണാ...അല്ലേൽ ഞങ്ങളൊന്നു കനപ്പിച്ച് നോക്കിയെന്ന് പറഞ്ഞു റാഗിങ്ങിന്റെ പേരിൽ കേസ് കൊടുക്കുന്ന ഇപ്പോഴത്തെ പിള്ളേരെവിടെ കിടക്കുന്നു.,

റേപ്പ് ചെയ്യാൻ ശ്രമിച്ചവന്റെ മുഖം നോക്കിയൊന്നു പൊട്ടിച്ച്, പിന്നീടവന്റെ ചവിട്ട് കൊണ്ട് തലപൊളിഞ്ഞ് കിടന്നിട്ടും അവനോട് ക്ഷമിക്കാൻ കഴിയുന്ന ഇവളെവിടെ കിടക്കുന്നു.." ശരീരം പോലെ തന്നെ കട്ടിയുള്ളതും അഴകുള്ളതുമായ ശബ്ദം..പിന്നെയും പിന്നെയും കേൾക്കാൻ കൊതി തോന്നുന്നു... "സ്ത്രീകളുടെ കേസ് നമ്മള് എടുക്കാറില്ല സാറേ..പിന്നേ ഇത് കണ്ണിൽമുന്നിന്ന് നടന്നതായതോണ്ട് നമുക്കങ്ങനെ കണ്ണെടച്ച് പോവാനും തോന്നീല.. അന്ന് ഇവളെ താങ്ങി ഹോസ്പിറ്റലിൽ കൊണ്ടോയതും ഞാനാണേയ്...പിന്നേ ഇത്ര ദിവസം കാത്തിരുന്നത്, പരിക്ക്മാറി ഈ പെണ്ണൊന്ന് ക്ലാസ്സിലേക്ക് വന്നോട്ടേന്ന് വെച്ചു..അപ്പൊ കാര്യങ്ങളൊക്കെ വെടിപ്പായ സ്ഥിതിക്ക് ഞാനങ്ങ് പോവാ സാറേ..." T ഷർട്ടിന്റെ മുന്നിൽ നിന്നും മടക്കി വെച്ചിട്ടുള്ള കൂളിംഗ് ഗ്ലാസ് മെല്ലെ എടുത്ത് വെച്ച്കൊണ്ട്,

കയ്യിൽ പറ്റിയിരുന്ന അനിലിന്റെ ചോര കർചീഫിൽ തുടച്ചു റൂമിന് പുറത്തേക്കയാൾ നടന്നു നീങ്ങുന്നത് ഞാനും വർഷയും മിഴി ചിമ്മാതെ നോക്കി നിന്നു... റൂമിന്റെ ഒരു മൂലയിൽ നിന്നിരുന്ന എന്നെയും വർഷയെയും അയാൾ മറികടന്നു നിന്നു.. ഒരു നെടുവീർപ്പോടെ ഞാൻ തിരിഞ്ഞു വർഷയുടെ മുഖത്തേക്ക് നോക്കി... "ഏതാടി ഈ കാലമാടൻ.." മറുപടി പറയാതെ വർഷ നിന്ന് വിറച്ചപ്പോയും, കഴുത്തിന് പിന്നിൽ ഒരു ചുടു നിശ്വാസം പതിഞ്ഞപ്പോഴും എനിക്ക് മനസ്സിലായിരുന്നില്ല അയാൾ എനിക്ക് പിറകിൽ തന്നെ നിൽക്കുന്നുണ്ടെന്ന്.. "എന്താ മോൾടെ പേര്..." പ്രതീക്ഷിക്കാതെ ആ ശബ്ദം വീണ്ടും കേട്ടതോടെ ഞാനും നിന്ന് വിറയ്ക്കാൻ തുടങ്ങി...തിരിഞ്ഞു നിന്ന് മുഖത്തോടു മുഖം നോക്കി നില്കാനുള്ള ധൈര്യം എനിക്കില്ലാത്തത് കാരണം പുറം തിരിഞ്ഞു തന്നെയാണ്

'സുമിത' മറുപടി കൊടുത്തത്... പക്ഷെ പുറം തിരിഞ്ഞു നിൽക്കുകയായിരുന്ന എന്റെ രണ്ട് ചുമലിലും പിടിച്ചയാളെന്നേ അയാളുടെ മുഖത്തേക്ക് തിരിച്ചു നിർത്തി.. "മുഖത്തേക്ക് നോക്കെടി..." തല താഴ്ത്തിപിടിച്ചിരുന്ന ഞാൻ പെട്ടന്ന് അയാളുടെ മുഖത്തേക്കും നോക്കി നിന്നു... "നിന്റെ ധൈര്യം എനിക്കിഷ്ടപെട്ടു, ചങ്കുറപ്പുള്ളവരോടെ അങ്ങോട്ട് കൈ കൊടുത്ത് പരിജയപ്പെടാറുള്ളൂ,നിനക്കത് ആവോളമുണ്ട്.. ഞാൻ മാർക്കോ..ഇവിടുത്തെ ചെറിയൊരു സ്റ്റുഡന്റ് ആണ്, പിള്ളാരൊക്കെ പറയൽ അവനൊരു റൗഡിയാണെന്നാ.. സ്നേഹം കൊണ്ടാ.." അത്രയും പറഞ്ഞുകൊണ്ടവൻ എനിക്ക് നേരെ കൈ നീട്ടി.. ഒന്നാലോചിച്ച ശേഷം ഞാനതിൽ പിടിച്ചു കുലുക്കിയ ശേഷം ഒരു പുഞ്ചിരിയും നൽകി പ്രിൻസിയുടെ റൂമിൽന്നിറങ്ങി ക്ലാസ്സിനെ ലക്ഷ്യമാക്കി നടന്നു...

എന്തിനാണയാളുടെ മുഖത്തെക്ക് നോക്കിയപ്പോയൊക്കെ ആ കണ്ണിൽ എന്റെ കണ്ണുടക്കിയത്,ആ ശബ്ദം വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നത്..ആ ചിരിയിൽ ഒരു വശ്യതയെന്നെ പിടികൂടുന്നത് പോലെ..ആ മുഖം.. അന്ന് അമ്പലനടയിൽ വെച്ചുകണ്ടപ്പോയെ ഉള്ളിൽ കയറിക്കൂടിയതാണ്...ഈശ്വരാ.. ഞാനിതെന്തൊക്കെയാ ചെയ്ത് കൂട്ടുന്നേ. അനുരാഗം തോന്നാൻ ഭാഗ്യം വേണമെന്ന് വിശ്വാസിക്കുന്നവളാണ് ഞാൻ ആ ഞാൻ തന്നെ ഇങ്ങനൊക്കെ, അതും ഇത്ര നിമിഷങ്ങൾകൊണ്ട്.. മനസ്സിന്റെ കടിഞ്ഞാൺ കൈവിടാതെ കാക്കണേ ദൈവമേ.. "എന്നാലുമെന്റെ സുമേ.. ഇമ്മാതിരി ഒരു മൊതല് ഈ കോളേജിൽ പഠിക്കുന്ന കാര്യം വളരെ വൈകിയാണ് നമ്മളറിഞ്ഞത് ലേ..." "എന്താടി നിന്റെ കിരണിനെ ഒഴിവാക്കി ഇവന്റെ പിന്നാലെ പോകാനുള്ള പരുപാടിയുണ്ടോ നിനക്ക്..."

"ഓഹ് ആഗ്രഹമൊക്കെയുണ്ട് മോളേ.. പക്ഷെ അവന്റെ സൗന്ദര്യത്തോട് പിടിച്ചു നിൽക്കാനുള്ള ഭംഗിയൊന്നും എനിക്കില്ലേയ്.. അതോണ്ട് മോൾക് വേണേൽ നോക്കിക്കോ..." "അയ്യോ മോളെ ഞാനിങ്ങനെ സന്തോഷംത്തോടെ നടക്കുന്നത് കണ്ടിട്ട് മോൾക് സഹിക്കുന്നില്ല ലേ...എന്നാലും ആളൊരു സിനിമ നടനെ പോലുണ്ട്.. ആ സംസാരവും ചിരിയും..." "എന്തെ സുമേ.. ഒന്ന് നോക്കുന്നോ.." "വേണ്ടടി ഞാൻ ചുമ്മാ പറയുന്നതാ...അപ്പൊ ആ മൊതലാണ് മാർക്കോ..എന്തായാലും ഒരു പിടുത്തം നല്ലതാ.. ആ സീനിയർസിനെ പേടിച്ചു നടക്കണ്ടല്ലോ..." ഓരോന്നു ആലോചിച്ചു ക്ലാസ്സിൽ എത്തിയിരുന്നു...ക്ലാസ്സ്‌ നടക്കുന്നതിനിടയിൽ പുറകിൽ നിന്നാരോ പറയുന്നത് കേട്ടു 'ആ സുമിതയും വർഷവും മാർക്കോയുടെ ടീമാണെന്ന്'.. അത് കേട്ടവരൊക്കെയും സ്വല്പം ബഹുമാനത്തോടെ ഞങ്ങളെ നോക്കുന്നത് കൂടി കണ്ടതോടെ എനിക്ക് കുറച്ചു അഹങ്കാരമൊക്കെ വരാൻ തുടങ്ങിയിരുന്നു...

പിന്നീടുള്ള ദിവസങ്ങളിലൊക്കെയും പതിവായി കാണാനും,കാണുമ്പോ ഒരു ചിരി കൈമാറാനും ഞങ്ങൾ മറന്നിരുന്നില്ല...ആ ബന്ധം ഒരു സൗഹൃദത്തിലേക്ക് വഴിമാറാൻ ദിവസങ്ങൾ വേണ്ടി വന്നു.. എങ്കിലും ഒരു പരിധി ഞാൻ എപ്പോഴും കാത്തുസൂക്ഷിച്ചിരുന്നു.. ഒരിക്കൽ ക്ലാസ് ടെസ്റ്റും കഴിഞ്ഞു അതിന്റെ ചോദ്യപേപ്പറും കയ്യിൽ പിടിച്ചു വർഷയെയും കാത്തിരിക്കുന്ന സമയത്താണ് ദൂരെ നിന്നും അവൾ ഓടിവരുന്നതും കണ്ടത്,ഒന്നും എഴുതാൻ കിട്ടാത്തത് കൊണ്ടാവും പരീക്ഷ തുടങ്ങി കുറച്ച് സമയം കഴിഞ്ഞപ്പോയേക്കും അവൾ ഹാളിൽന്നിറങ്ങി പോകുന്നത് കണ്ടിരുന്നു... ഓടിയെന്റെ അടുത്തെത്തിയതും ഞാനെന്തെങ്കിലും പറയാൻ തുടങ്ങുന്നതിനു മുൻപേ എന്റെ കൈപിടിച്ചു അവൾ വന്ന ഭാഗത്തേക്ക് തന്നെ എന്നെയും കൊണ്ട് തിരിച്ചു ഓടാൻ തുടങ്ങി..

.എവിടെക്കാണെന്നുള്ള ചോദ്യത്തിനും മറുപടിയില്ല.. ഓട്ടം ചെന്നു നിന്നത് രണ്ടാമത്തെ നിലയിലേ ക്ലാസിനു മുന്നിൽ... "നീയൊന്ന് താഴെക്ക് നോക്കിക്കേ..." "അവിടെന്താ..." "അങ്ങോട്ട് നോക്കെടി പെണ്ണേ..." താഴെക്ക് നോക്കിയ ഞാൻ കണ്ടത് ക്ലാസ്സിലെ മുഴുവൻ കുട്ടികളും എന്നെയും നോക്കി ഒരേനിൽപ്പാണ്.. താഴെക്കിറങ്ങി വരാൻ എല്ലാവരും ഒരുപോലെ ആഗ്യം കാണിച്ചതോടെ വർഷയുടെ കൈപിടിച്ച് ഞാൻ സ്റ്റെപ്പിറങ്ങാൻ തുടങ്ങി.. "ഹാപ്പി ബർത്ത് ഡേയ്‌ സുമിതാ..." പകച്ചു നിൽക്കുന്ന എന്റെ ഇടയിലേക്ക് കയ്യിലൊരു കേക്കും കൊണ്ട് വന്നത് അവനായിരുന്നു.. മാർക്കോ.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story