താലി: ഭാഗം 12

thali alrashid

രചന: അൽറാഷിദ് സാൻ

ഒരു നിമിഷം ഞാനൊന്ന് തരിച്ചു നിന്നുപോയി,, വർഷയന്ന് അമ്മയുടെ ഓപ്പറേഷന് അച്ഛന്റെ കയ്യിൽ വെച്ചു കൊടുത്ത കാശ്, മുപ്പതിനായിരം രൂപ... ഈശ്വരാ എന്റെ അമ്മയിന്നു സന്തോഷത്തോടെ ജീവിക്കുന്നത് പോലും അവന്റെ കനിവ് കൊണ്ടാണെന്നോ,ആ മുഖമിന്ന് തെളിഞ്ഞു കാണാൻ കാരണമവനാണെന്നോ .. ഇതിന് മാത്രം എന്ത് നൽകി ഞാനവന്, നേരിൽ കാണുമ്പോയുള്ള ഒരു പുഞ്ചിരിയല്ലാതെ...മുന്നിൽ നടന്നു നീങ്ങിയ വർഷയെ ലക്ഷ്യമാക്കി ഞാൻ ക്ലാസ്സിലേക്ക് നടന്നു.,ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊങ്ങാൻ തുടങ്ങിയിരുന്നു,, തൊട്ടടുത്തിരിക്കുന്ന കുട്ടിയോട് സംസാരിച്ചിരിക്കുന്ന വർഷയുടെ മുന്നിൽ ഞാൻ ചെന്നുനിന്നു, എന്റെ മുഖഭാവം കണ്ടവൾ അത്ഭുതത്തോടെ നോക്കുന്നുണ്ട്... "അന്ന് അമ്മയെ കാണാൻ പോയപ്പോ അച്ഛന്റെ കൈയിൽ നീ കൊടുത്ത പൈസ എവിടുന്ന് കിട്ടിയതാ..." "എന്തേടി ഇപ്പൊ ഇങ്ങനൊരു ചോദ്യം,അമ്മയുടെ ഓപ്പറേഷൻ, അതല്ലേ നമുക്ക് വലുത്..." "ചോദിച്ചതിന് മറുപടി പറയെടി..." എന്റെ ശബ്ദം ഒരു അലർച്ചയോടെ ക്ലാസ്സിൽ അലയടിച്ചു കൊണ്ടിരുന്നു, ദേഷ്യം സഹിക്കവയ്യാതെ ഡെസ്കിൽ ആഞൊരു അടിയും അടിച്ച ശേഷം ഞാൻ വീണ്ടും ശ്രദ്ധ അവളിലേക്ക് തിരിച്ചു,.. അന്നാദ്യമായി എപ്പോഴും പുഞ്ചിരിയോടെ മാത്രം കണ്ടിരുന്ന സുമയെന്ന ഞാൻ മുഖവും ചുവപ്പിച്ചു ദേഷ്യത്തോടെ പൊട്ടിതെറിക്കുന്നത് ക്ലാസ്സിലെ കുട്ടികളെല്ലാം അത്ഭുതത്തോടെ നോക്കി നിന്നു..

എല്ലാവരെയും ഒന്ന് നോക്കിയ ശേഷം ഞാൻ ബാഗുമെടുത്ത് ഒഴുകിയിറങ്ങുന്ന കണ്ണീർ തുടച്ചു കൊണ്ട് ക്ലാസ്സിന് പുറത്തേക്ക് നടന്നു...വർഷയുടെ ആ ചെയ്തി എന്നെ അത്രത്തോളം സങ്കടപ്പെടുത്തിയിരുന്നു.. പുറത്തു പെയ്യുന്ന മഴയെക്കാൾ വലിയൊരു പേമാരി എന്റെ ഹൃദയത്തിൽ ആർത്തലച്ചു പെയ്യാൻ തുടങ്ങിയിരുന്നു...എങ്ങോട്ടെന്നില്ലാതെ ആ മഴയിൽ ഞാൻ ഇറങ്ങി നടന്നു...വർഷയെന്നേ വഞ്ചിച്ചിരിക്കുന്നു,അവനെന്തു വിചാരിച്ചു കാണും, ഇത്രയേറെ എനിക്ക് വേണ്ടി ചെയ്തു തന്ന അവനെയാണല്ലോ ഈശ്വരാ ഞാൻ ഒരു നിമിഷത്തേക്കെങ്കിൽ അങ്ങനെ വേദനിപ്പിച്ചത്, തിരികെയാ നെക്ക്ളെയ്ക്സ് നൽകി സംസാരിച്ചു തിരിയുമ്പോ ആ മനസ്സ് നൊന്തുകാണില്ലേ,, എന്നും തല്ലും പിടിയും പ്രശ്നവുമായി ഒരു റൗഡിയെപ്പോലെ നടന്നിരുന്നവന്റെ മനസ്സ് കല്ലായിരിക്കുമെന്ന് കണക്ക് കൂട്ടിയ എനിക്ക് പിഴച്ചിരിക്കുന്നു,..നന്മയുള്ളവനാണവൻ ഞാൻ മനസ്സിലാക്കാൻ വൈകിപ്പോയിരിക്കുന്നു... സത്യംമറിയാൻ വൈകിപ്പോയിരിക്കുന്നു... പുറകിൽ നിന്നുള്ള ഒരു കാറിന്റെ പേടിപ്പെടുത്തുന്ന ഹോൺ ആണെന്റെ ചിന്ത തിരിച്ചത് 'ചാകാനാണെങ്കിൽ വല്ല ട്രെയിനിനും തല വെക്ക് കൊച്ചേ', എന്നയാളുടെ ശബ്ദം ആ പെരുമഴയിലും എനിക്ക് കേൾക്കാമായിരുന്നു.,നടന്നു നടന്നു കോളേജിന്റെ പരിസരവും കഴിഞ്ഞു മുന്പിലെ റോഡിലെത്തിയിരിക്കുന്നു,

തിരിഞ്ഞു നേരെ ഹോസ്റ്റലിലേക്ക്... കുറച്ചു നേരം എന്തൊക്കെയോ ആലോചനയിൽ മുഴുകിയിരുന്നു,..ഉച്ച സമയം കഴിക്കാൻ ഭക്ഷണമൊന്നും ഇല്ലാത്തത് കൊണ്ട് പട്ടിണി കിടക്കേണ്ടി വന്നു,.. തലയിൽ ഒരു നേർത്ത കൈ സ്പർശം അറിഞ്ഞ ഞാൻ പതിയെ കണ്ണുതുറന്നു.. മുന്നിൽ പുഞ്ചിരിയോടെ വർഷ, "എന്താടി ഇതൊക്കെ, നീയെന്താ ക്ലാസിൽന്നു കാണിച്ചുകൂട്ടിയേ, മാർക്കോ തന്നതാണെന്നറിഞ്ഞ നീയത് വാങ്ങിക്കില്ലെന്ന് മറ്റാരെക്കാളും നന്നായി എനിക്കറിയാം,നിന്റെ അമ്മയാണേലും എന്റെയമ്മയാണേലും എനിക്കൊരുപോലെയാ, പെട്ടന്നുള്ള ആവിശ്യമായപ്പോ മുന്നിൽ കണ്ടത് മാർക്കോയെ ആണ്,ഞാൻ ചോദിച്ചപ്പയേക്കും എന്ത് സന്തോഷത്തിലാ അവൻ പൈസയെടുത്ത് തന്നേന്നറിയോ,ഒരത്യാവശ്യം വന്നാ സഹായിക്കാൻ കഴിയില്ലങ്കി പിന്നെന്തിനാടി ഞാനും അവനും നിന്റെ ഫ്രണ്ടാണെന്ന് പറഞ്ഞു നടക്കുന്നെ...നീയതൊക്കെ വിട്ടേ, ഇത്രേം നേരായിട്ട് ഒന്നും കഴിച്ചില്ലല്ലോ,ന്നാ എഴുന്നേറ്റിരുന്ന് ഇത് കഴിക്കാൻ നോക്ക്..." കയ്യിലുള്ള ഭക്ഷണക്കവർ എനിക്ക് നേരെ നീട്ടിക്കൊണ്ടവൾ തിരിഞ്ഞു കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നു, കട്ടിലിൽ വെച്ചിട്ടുള്ള ഭക്ഷണപൊതി ടേബിളിൽ വെച്ചിട്ടുള്ള പ്ലേറ്റിലേക്ക് വിളമ്പികൊണ്ട് ഞാൻ കഴിക്കാൻ തുടങ്ങി..

.ഇടയിൽ എന്നെനോക്കിയൊന്നു പുഞ്ചിരിച്ചു അവൾ കട്ടിലിൽ കയറി കൈകൾ കൊണ്ട് മുഖം പൊത്തി കിടക്കുന്നത് കണ്ടു,..എന്തിനായിരുന്നു ഞാനവളോട് ദേഷ്യപെട്ടത്, എന്നെ സഹായിച്ചതാണോ അവൾ ചെയ്ത തെറ്റ്, അതോ ആ കാശ് നിരസിക്കുമെന്ന് പേടിച്ചു മാർക്കോ തന്നതാണെന്ന കാര്യം എന്നോട് പറയാതിരുന്നതോ, അവളോട് ദേഷ്യപ്പെടാൻ തോന്നിയ ആ നശിച്ച നിമിഷത്തേ ഒരായിരം തവണ ശപിച്ചു കൊണ്ടു ഞാൻ കണ്ണു തുടച്ചു, കുറ്റബോധത്താൽ ഭക്ഷണം തൊണ്ടയിൽന്നിറങ്ങുന്നില്ല കൈ കഴുകി വർഷ കിടക്കുന്ന കട്ടിലിനുമുന്നിൽ ചെന്നു നിന്നു... ക്യുട്ടെക്സുകൊണ്ട് ഭംഗി തീർത്ത അവളുടെ ആ കാൽപ്പാദങ്ങളിൽ ഞാൻ ഇരുകൈകളും വെച്ചമർത്തി,,ഇടയ്ക്കെ പ്പയോ ഉള്ളിലെ കുറ്റബോധം കണ്ണുനീരിന്റെ രൂപത്തിൽ അവളുടെ പാദങ്ങളിലേക്ക് ഉറ്റി വീണിരുന്നു... ഞെട്ടിയെഴുന്നേറ്റ അവൾ എന്നെപ്പിടിച്ചഴുന്നേൽപ്പിച്ച് മാറോടു ചേർക്കുമ്പോ പിന്നീടെന്റെ കണ്ണുനിറഞ്ഞത് ഇങ്ങനൊരു സൗഹൃദത്തെ എന്നിലേക്കെത്തിച്ച ദൈവത്തോടുള്ള നന്ദിയായിട്ടായിരുന്നു... ഒരുപാട് നേരത്തെ സംസാരത്തിനൊടുവിൽ രണ്ടുപേരും ഒരുമിച്ചാണ് കിടന്നത്,,, രാവിലെ കുളിയും കഴിഞ്ഞ ശേഷം മുടിചീകി യൊതുക്കുന്നതിനിടയിലാണ്, മാർക്കോ തന്ന മാല കണ്ണിൽ പെട്ടത്, മറ്റൊന്നും ചിന്തിക്കാതെ അത് കഴുത്തിലണിഞ്ഞു,..

കോളേജിന്റെ വലിയ ഗേറ്റിനു മുന്നിൽ ഞാൻ അവനെയും കാത്തിരുന്നു, തിരികെയൊരു നന്ദി വാക്ക് പറയാതെ ഞാനെങ്ങനെ ആ മുഖത്തു നോക്കും..പക്ഷെ എന്നെ കണ്ടിട്ട് കൂടി മുഖം തിരിച്ചു പോയി എന്നല്ലാതെ വിളിച്ചു കൂവിയിട്ട് പോലും തിരിഞ്ഞുനോക്കിയതില്ല,..ഇന്റർവെല്ലിനും ഉച്ചക്കും അത്പോലെ തന്നെ.,അവസാന ശ്രമമെന്നോണം കോളേജ് വിട്ട് വരുന്ന വഴിയിൽ കാത്തിരുന്നങ്കിലും കാണാനായില്ല... നിരാശയോടെ ഹോസ്റ്റലിലേക്ക് മടങ്ങി, ഇതെല്ലാം വല്ലാത്തൊരു ചിരിയോടെ വർഷ നോക്കിക്കാണുന്നുണ്ടായിരുന്നു... തിരികെ ഹോസ്റ്റലിലെത്തി വർഷയുടെ കൂടെ സംസാരിച്ചിരിക്കുന്ന സമയം..ഒരു ഏഴ് മണിയായിക്കാണും 'എനിക്കൊരു വിസിറ്ററുണ്ടെന്നു' അപ്പുറത്തെ റൂമിലെ കുട്ടിയാണ് വന്നുപറഞ്ഞത്..ഇതാരാ ഈ അസമയത്ത്, അതും എന്നെ കാണാൻ,, ദൈവമേ അച്ഛനായിരിക്കോ കുറെ ദിവസമായി എന്നെ വന്നു കണ്ടിട്ട്.. അച്ഛനായിരിക്കുമെന്ന് കരുതി ആവേശത്തോടെ സ്റ്റെപ്പുകൾ ചാടിയിറങ്ങി ഞാൻ വന്നു നിന്നത് ബുള്ളറ്റിൻമേൽ സിഗരററ്റും വലിച്ചു പുകയൂതി വിടുന്ന മാർക്കോയുടെ മുന്നിൽ..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story