താലി: ഭാഗം 13

thali alrashid

രചന: അൽറാഷിദ് സാൻ

അച്ഛനായിരിക്കുമെന്ന് കരുതി ആവേശത്തോടെ സ്റ്റെപ്പുകൾ ചാടിയിറങ്ങി ഞാൻ വന്നു നിന്നത് ബുള്ളറ്റിൻമേൽ സിഗരറ്റും വലിച്ചു പുകയൂതി വിടുന്ന മാർക്കോയുടെ മുന്നിൽ... ഒരു നിമിഷം ഞാനൊന്ന് നിശ്ചലയായി നിന്നുപോയി...പിന്നെ സന്തോഷത്താൽ ഓടിയവന്റെ അടുത്തേക്ക്ചെന്നതും കയ്യിലുള്ള സിഗരറ്റ് വലിചെറിഞ്ഞവൻ, ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു എന്റെ മുഖത്തേക്കൊന്നു കനപ്പിച്ച് നോക്കിയതും എന്റെ മുഖം വാടാൻ തുടങ്ങിയിരുന്നു...കുറ്റബോധത്താൽ ആ മുഖത്തേക്ക് നോക്കാൻ എനിക്കാവുന്നില്ല, തല താഴ്ത്തി ആ നിൽപ്പങ്ങനെ നിന്നു.., "എന്താടി ഞാൻ നിന്നെ പെണ്ണ് കാണാൻ വന്നു നിൽക്കാണോ,നിന്ന് അവാർഡ് കളിക്കാതെ വണ്ടിയിൽ കയറടി..." കുറച്ച് ശബ്ദത്തോടെയാണങ്കിലും ചിരിയോടെ അവനത് പറഞ്ഞതും ഞാൻ ഒരു ഞെട്ടലോടെ ഞാൻ തലയുയർത്തി ഞാനവനെയൊന്നു നോക്കി...

സംശയരൂപേണയുള്ള എന്റെ നോട്ടം കണ്ടാവണം 'കൊല്ലാനൊന്നുമല്ല പെണ്ണേയെന്നവൻ' പുഞ്ചിരിയോടെ പറഞ്ഞത്... ദൈവമേ കുഞ്ഞുനാളു മുതലെയുള്ള ആഗ്രഹമാണ് ബൈക്കിൽ കയറണമെന്ന്,,പക്ഷെ ഈയൊരു അവസരത്തിൽ അതും ഇവിടെവെച്ച്,മറ്റുള്ളവരെന്ത്‌ വിചാരിക്കും, അല്ലെങ്കിലേ ഞങ്ങൾ തമ്മിൽ പ്രണയമാണെന്ന് കോളേജിലൊരു സംസാരമുണ്ട്.,ഇനി ഇതും കൂടെ കണ്ടാൽ അത് മതിയാകും... "നീയെന്താ ആലോചിക്കുന്നെ," "ഒന്നുല്ല.." "ന്നാ കയറാൻ നോക്ക്.." "അത് വേണ്ട, അത് ശരിയാവില്ല.." "നീ കയറുന്നോ അതോ ഞാൻ പിടിച്ചു കയറ്റണോ..." ഇപ്രാവശ്യം ശബ്ദം കുറച്ച് കട്ടിയായത് കൊണ്ടും,അവന്റെ സ്വഭാവം നന്നായറിയാവുന്നത് കൊണ്ടും മൊത്തത്തിൽ ഒന്ന് കണ്ണോടിച്ച ശേഷം ഞാൻ ചെറിയൊരു ചമ്മലോടെ വണ്ടിയിൽ കയറിയിരുന്നു...പോകാൻ നേരം മേലെ ബാൽക്കെണിയിൽ നിന്ന് കൊണ്ട് വർഷ ഞങ്ങളെ ചിരിച്ചു കൊണ്ട് കൈവീശി യാത്രയാക്കുന്നത് കണ്ടു..തെണ്ടി, ചെന്നിട്ട് കാണിച്ചു കൊടുക്കാം...

കുടു കുടു ശബ്ദത്തോടെ അന്തരീക്ഷത്തേ കീറി മുറിച്ച് ആ ബുള്ളെറ്റ് ഞങ്ങളെയും കൊണ്ട് മുന്നോട്ട് കുതിച്ചുകൊണ്ടിരുന്നു...വണ്ടിയുടെ ശബ്ദത്തോടൊപ്പം എന്റെ ഹൃദയവും പട പടാ മിടിക്കാൻ തുടങ്ങിയിരുന്നു., എങ്ങോട്ടാണ് ഈ പോക്കെന്ന് ദൈവത്തിനറിയാം, ഇടയിൽ ചെറിയൊരു അകലം പാലിച്ചു ബാക്കിലേ കമ്പിയിൽ പിടിച്ചുകൊണ്ടു ഞാൻ കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്നു... അസ്തമയ സൂര്യൻ കടലാഴങ്ങളിൽ മറഞ്ഞിട്ടുണ്ട്...രാത്രിയുടെ വരവിനെ അറിയിച്ചു ഇരുട്ട് പടരാൻ തുടങ്ങിയിരുന്നു,അങ്ങിങ്ങായി തെരുവ് വിളക്കുകൾ മിഴി തുറന്നിട്ടുണ്ട്...സത്യത്തിൽ നഗരത്തിന്റെ ഭംഗിയറിയണമെങ്കിൽ രാത്രിയിൽ പുറത്തിറങ്ങി നടക്കണമെന്ന് പറയുന്നത് ശെരിയാ...എല്ലാം ഒരു കൊച്ചുകുട്ടിയെ പോലെ കൗതുകത്തോടെ ഞാൻ നോക്കിക്കണ്ടു...

വണ്ടി ചെന്നു നിന്നത് നേരെ ബീച്ചിനു മുന്നിലെ തട്ടുകടയിൽ...ചെന്നപാടെ എന്നെ വണ്ടിയുടെ അടുത്ത് നിർത്തിയ ശേഷം അവൻ ആ തട്ടുകടയുടെ ഉള്ളിലേക്ക് കയറി പോകുന്നത് കണ്ടു.,രാവിലെത്തേ മഴയുടെ തണുപ്പും ഒപ്പം കടലിൽ നിന്നുമുള്ള കാറ്റും കൂടിയായതോടെ നിന്ന് വിറയ്ക്കാൻ തുടങ്ങിയിരുന്നു...അങ്ങിങ്ങായി കുടുംബസമേതം കാറ്റുകൊള്ളാൻ ഇറങ്ങിയവരുണ്ട്, മധുവിധു നുകരുന്ന ഇണക്കിളികളും...വലിയ ശബ്ദത്തോടെ തിരമാല അടിച്ചുയരുന്നത് അല്പം ഭയത്തോടെ ഞാൻ നോക്കി നിൽക്കുന്നതിനിടയിലാണ് മാർക്കോ കയ്യിൽ രണ്ടു ഗ്ലാസുകളുമായി നടന്നു വരുന്നത് കണ്ടത്...അടുത്തെത്തിയ ശേഷം അവൻ മുന്നിലുള്ള ടേബിളിൽ വന്നിരുന്നു.. ചെറിയൊരു നാണത്തോടെ ഞാനവന്റെ അരികിലുള്ള സ്റ്റൂളിൽ വന്നിരുന്നു..

നല്ല ആവി പറക്കുന്ന കട്ടൻ,ഒപ്പം ചൂട് പരിപ്പുവടയും, അവനത് എനിക്ക് നേരെ നീട്ടുന്നതിന് മുൻപേ ഞാനത് വാങ്ങി കഴിക്കാൻ തുടങ്ങിയിരുന്നു...എത്രയെന്നു വെച്ചിട്ടാ നോക്കി നിൽക്ക..ഞങ്ങൾക്കിടയിലുള്ള മൗനം ഭേദിച്ചുകൊണ്ട് അവൻ തന്നെയാണ് സംസാരത്തിന് തുടക്കമിട്ടത്.. "നീയിങ്ങനെ മിണ്ടാതിരുന്നാലെങ്ങനേ...ഇന്ന് ക്ലാസ്സിൽ കയറില്ലെന്ന് നിന്റെ ഫ്രണ്ട് പറഞ്ഞല്ലോ...എന്തേയ്" ക്ലാസ്സിൽ നടന്നതൊന്നും അവനറിഞ്ഞിട്ടില്ലന്ന് അത് കേട്ടതോടെ മനസ്സിലായി...ഒരു കണക്കിന് അത് നന്നായി,ആ സഹായം ചെയ്തത് ഞാനറിഞ്ഞന്ന് മനസ്സിലായാൽ ഒരു കുറച്ചിലായി തോന്നിയാലോ.. "ഒന്നുല്ല..ഒരു തലവേദന പോലെ, ഒന്ന് കിടന്ന് എഴുന്നേറ്റപ്പോ ശെരിയായി.." "ഓഹ്..ആ നിന്നേം കൊണ്ടാണോ ഞാൻ കറങ്ങാൻ ഇറങ്ങിയേക്കുന്നേ...ബെസ്റ്റ്.." "ഇല്ലല്ലാ..കുറവുണ്ട്...പിന്നെ ഞാനിങ്ങനോക്കെ ആദ്യയായിട്ടാ..ബൈക്കിൽ കയറുന്നതും രാത്രി പുറത്തിറങ്ങുന്നതുമൊക്കെ...താങ്ക്സ്..."

മറുപടിയായി അവനൊന്നു പുഞ്ചിരിച്ചു...ശേഷം തട്ടുകടയിൽ പൈസ കൊടുത്ത് നേരെ ബൈക്കിന്റെ അടുത്തേക്ക്.. "നമ്മൾ വന്നത് ഇങ്ങോട്ടേക്കല്ല..,ഇതിലും നല്ലൊരു കാഴ്ച കാണാനുണ്ട്... വാ..." ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് ഞാനതിൽ കയറിയതും അവൻ ധരിച്ചിട്ടുള്ള ജാക്കറ്റ് അവൻ ഊരിയ ശേഷം എനിക്കായി നീട്ടി... "ഇതിട്ടോ.. ഒടുക്കത്തെ തണുപ്പാ, എനിക്കിതൊക്കെ ശീലമായതാ,, നീയിനി കാറ്റുകൊണ്ട് അസുഖം കൂട്ടണ്ട..." ഒരു പുഞ്ചിരി മറുപടിയായി നൽകി ഞാനത് വാങ്ങിധരിച്ചു...വണ്ടി വീണ്ടും ഞങ്ങളെയും കൊണ്ട് നീങ്ങാൻ തുടങ്ങിയിരുന്നു... അവസാനം ബൈക്ക് നിന്നത് ഒഴിഞ്ഞ പഴയയാ കടൽപാലത്തിന് മുന്നിൽ... മുന്നിൽ നടന്നുകൊണ്ടവൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...ചുറ്റിലും ആളനക്കം ഇല്ലാത്തതും,പൊങ്ങി നിൽക്കുന്ന കണ്ടൽക്കാടുകളും കണ്ടതോടെ എന്റെയുള്ളിൽ പേടി വരാൻ തുടങ്ങി...

എല്ലാം ചെറു പുഞ്ചിരിയോടെ കേട്ടുകൊണ്ട് അവന്റെ കൂടെ നടക്കുമ്പോയും കൈ കാലുകൾ ചെറിയ രീതിയിൽ വിറയ്ക്കാൻ തുടങ്ങിയിരുന്നു... "എന്താ ഇവിടെ..." അവസാനം എനിക്കത് ചോദിക്കേണ്ടി വന്നു.. ഒന്ന് ചിരിച്ച ശേഷം അവൻ വീണ്ടും ചുണ്ടിലുള്ള സിഗരറ്റിന് തീ കൊളുത്തി... "ഇപ്പൊ നീ കണ്ടതൊക്കെയും ഭൂമിയിലേ ഭംഗിയല്ലേടീ...ഇനി ആകാശത്തേക്കൊന്നു നോക്കിയേ..." അവന്റെ സംസാരം കേട്ടതോടെ തലയിലുള്ള ജാക്കറ്റിന്റെ തൊപ്പി മാറ്റി ഞാൻ ആകാശത്തേക്ക് നോക്കി...ആ ഭംഗി കണ്ടു എന്റെ കണ്ണൊന്നു വിടർന്നിരുന്നു... നിലാവ് പൊഴിക്കുന്ന പൂർണ്ണ ചന്ദ്രൻ..

.ഒപ്പം കണ്ണിനു മിഴിവേകി താരകകൂട്ടങ്ങളും...നിലാവിന്റെ ശോഭയിൽ ആകാശത്തിന്റെ ഭംഗി ഇരട്ടിയായത് പോലെ,മേഘപാളികൾ പഞ്ഞിക്കെട്ടുകൾ പോലെ സാവധാനത്തിൽ ഇഴഞ്ഞുനീങ്ങുന്നു.. രാത്രിയുടെ വശ്യത മുഴുവനും നിറഞ്ഞ ആ കാഴ്ചയിൽ മതി മറന്നു ഞാനങ്ങനെ നിൽക്കുന്ന സമയം... " ഇത്ര ദിവസമായിട്ടും ഞാനാരാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല അല്ലേടി നിനക്ക്...ഞാൻ പറയാതെ തന്നെ നീയത് കണ്ടുപിടിക്കുമെന്ന് വിചാരിച്ചിരുന്നു ഞാൻ..." മാർക്കോയുടെ നേർത്ത ശബ്ദം.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story