താലി: ഭാഗം 14

thali alrashid

രചന: അൽറാഷിദ് സാൻ

"ഇത്ര ദിവസമായിട്ടും ഞാനാരാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല അല്ലേടി നിനക്ക്...ഞാൻ പറയാതെ തന്നെ നീയത് കണ്ടുപിടിക്കുമെന്ന് വിചാരിച്ചിരുന്നു ഞാൻ..." മാർക്കോയുടെ നേർത്ത ശബ്ദം...ഇവനെയെന്തു മനസ്സിലാക്കാൻ, നാട്ടിലും കോളേജിലും അത്യാവശ്യം ചീത്തപേരുള്ള എന്നാ എല്ലാവരുടെയും കണ്ണിലുണ്ണിയായ ഒരുത്തൻ...പൂത്ത കാശുണ്ട് കയ്യിൽ എന്നാ അതിന്റെ ജാഡയില്ല, ആരേം കൂസാത്ത സ്വഭാവം ദേഷ്യം വന്നാ കൊല്ലാനും മടിക്കില്ല...ഇതൊക്കെയല്ലേ നീയെന്ന് അവനോട് ചോദിക്കണമെന്നുണ്ട്, വേണ്ടാ, ഒരു ആവിശ്യം വന്നപ്പോ സഹായിക്കാൻ ഇവനെ കൂടെയുണ്ടായിരുന്നൊള്ളൂ...അവന്റെ വാക്കുകൾക്ക് ചെവികൊടുക്കാതെ ഞാൻ വീണ്ടും കടലിലേക്കും നോക്കിയിരിക്കാൻ തുടങ്ങി... "സുമ ടീച്ചറേ..." ഒരു ഞെട്ടലോടെയാണ് ഞാനാ വിളികേട്ടത്..പണ്ട് സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഒന്നിലും രണ്ടിലും പഠിച്ചിരുന്ന കുട്ടികൾക്ക് ക്ലാസെടുത്ത് കൊടുക്കാറുള്ളത് കൊണ്ട് എന്റെ ക്ലാസ്സിലെ കുട്ടികൾ എന്നെ കളിയാക്കിക്കൊണ്ട് വിളിച്ചിരുന്ന പേര്,, സുമ ടീച്ചർ...

അതെങ്ങനെ ഇവന്.,ഞെട്ടി തിരിഞ്ഞുകൊണ്ട് ഞാൻ അവന്റെയടുക്കൽ വന്നു നിന്നു...അമ്പരപ്പോടെയുള്ള എന്റെ നിൽപ്പ് കണ്ടാവണം കയ്യിലുള്ള സിഗരറ്റിൽ നിന്നും ആഞൊരു പുകയെടുത്ത്, അത് താഴെക്കിട്ട് ചവിട്ടിയ ശേഷം നിന്ന് ചിരിക്കാൻ തുടങ്ങിയത്, ചിരിയായിരുന്നില്ല, പൊട്ടിച്ചിരി... "പണ്ടൊരു ദിവസം കണ്ണിൽ വന്നു പതിഞ്ഞിട്ട്,ഇഷ്ടം പറഞ്ഞതിൽ പിന്നെ മുഖത്തേക്ക് പോലും ഒന്ന് നോക്കാതെ എന്നിലെ കാമുകനെ തളർത്തി കളഞ്ഞവളെ വർഷങ്ങൾക്കിപ്പുറം ആദ്യ കാഴ്ചയിൽ തന്നെ എനിക്ക് മനസ്സിലായി...എന്നിട്ടും ദിവസമിത്രയായി നിന്റെ കൂടെ നടന്നിട്ടും ഞാനാരാണെന്ന് നിനക്ക് മനസ്സിലായില്ല അല്ലേടി..." 'ജയരാജൻ...' ഞാനറിയാതെ പറഞ്ഞു പോയി... "ഹോ ആ പേര് നീ മറന്നിട്ടില്ലല്ലേ..." ഒരു കള്ളച്ചിരിയോടെ അവനെന്റെ മുന്നിൽ വന്നു നിന്നു...അന്ന് അച്ഛന്റെ കൂടെ പൂരത്തിന് പോയപ്പോ എന്റെ കണ്ണിലുടക്കിയ ആ പൊടിമീശക്കാരൻ,.ആ നക്ഷത്രക്കണ്ണുള്ളവൻ..,എന്റെ ആദ്യത്തെയും അവസാനത്തെയും കാമുകൻ...ഇതാ അവനെന്റെ മുന്നിൽ എല്ലാംതികഞ്ഞോരു പുരുഷനായി വന്നുനിൽക്കുന്നു..എനിക്ക് വിശ്വാസിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല അത്... "നീ..."

അത്ഭുതത്തോടെ അവനിലേക്ക് കൈചൂണ്ടി സംസാരിക്കാൻ തുടങ്ങുന്നതിന് മുൻപേ അവൻ സംസാരിച്ചു തുടങ്ങിയിരുന്നു... "അതേ...ഞാൻ തന്നെ ജയരാജൻ, ബാലൻ നായരുടെ മോൻ...നിന്നോട് ഇഷ്ടം പറഞ്ഞ കുറ്റത്തിന് അച്ഛന്റെ തല്ലുകൊള്ളേണ്ടി വന്നവൻ.,പിന്നീട് ജനിച്ച നാടും വീടും ഉപേക്ഷിച്ച് ഇവിടെ ഈ പട്ടണത്തിൽ ചെറിയച്ഛന്റെ കൂടെ ബാക്കിയുള്ള കൗമാരം തള്ളി നീക്കേണ്ടി വന്നെനിക്ക്.,അതൊന്നും എന്നെ തളർത്തിയിരുന്നില്ല സുമേ,പക്ഷെ ഞാൻ അടുക്കാൻ ശ്രമിച്ചപ്പോയൊക്കെ നീ അകലം പാലിക്കാൻ തുടങ്ങിയിരുന്നു...അതൊരു പക്വത എത്താത്ത കൗമാരക്കാരന്റെ പ്രണയമായി നിനക്ക് തോന്നിയത് കൊണ്ടോ.,അല്ല അങ്ങനെ ചിന്തിക്കാൻ നിനക്കും പക്വതയുണ്ടായിരുന്നില്ലല്ലോ അന്ന്...ഞാൻ ഒൻപതിലും നീ ആറിലും പഠിക്കുന്ന സമയം...അന്നൊക്കെ അടങ്ങാത്ത ദേഷ്യമായിരുന്നു നിന്നോടെനിക്ക്, കാരണം ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കിയിട്ടുണ്ട് ഞാൻ, പ്രണയമെന്താണെന്ന് അറിയാത്ത പ്രായമായിരുന്നെങ്കിലും നിന്നിൽ ഞാൻ സന്തോഷം കാണാൻ തുടങ്ങിയിരുന്നു.ആ ചിരിയിൽ, കളിയിൽ, നോട്ടത്തിൽ,...

അന്ന് മനസ്സിൽ പതിഞ്ഞ ഈ മുഖം വർഷമിത്ര കഴിഞ്ഞിട്ടും കോളേജിൽ നീ വന്നിട്ടുള്ള ആദ്യകൂടിക്കാഴ്ചയിൽ തന്നെ എനിക്ക് മനസ്സിലായപ്പോ ഞാൻ വിചാരിച്ചിരുന്നു, നീ അന്നെന്നോട് പറഞ്ഞിരുന്ന തിളങ്ങുന്ന കണ്ണുകളുള്ള, വട്ടമുഖമുള്ള ഈ എന്നെയും നീ കണ്ടാൽ മനസ്സിലാക്കുമെന്ന്,.. പക്ഷെ എനിക്ക് തെറ്റി...ഇത്ര പെട്ടന്നൊന്നും നീയെന്നെ മറന്നുപോകുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചതല്ല..." എന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നത് ഞാനറിഞ്ഞിരുന്നു...തണുപ്പുള്ള അന്തരീക്ഷമായിരുന്നിട്ടുപോലും നെറ്റിയിലും, കവിളിലും വിയർപ്പ് പൊടിഞ്ഞതും ഞാനറിഞ്ഞിരുന്നു...പതിയെ ഞാൻ മുന്നിലുള്ള ഇരിപ്പിടത്തിൽ ചെന്നിരുന്നു...കൈ കാലുകൾ വിറയ്ക്കുന്നത് പോലെ, സംസാരിക്കാനും കഴിയുന്നില്ല... ചെറുപ്പമായിരുന്നെങ്കിലും കണ്ട അന്ന് തൊട്ട് ഒരു കൗതുകമോ, ഇഷ്ടക്കൂടുതലോ അതുമല്ലെങ്കിൽ കൗമാരത്തിന്റെ കുസൃതിയോ...ആ നക്ഷത്രക്കണ്ണുകളുടെ നോട്ടം ഞാനും എത്രമാത്രം ആഗ്രഹിച്ചിരുന്നു...എന്നെ കാണുമ്പോയൊക്കെ പ്രകാശിക്കാറുണ്ടായിരുന്ന ആ കണ്ണുകളോട് ആരാധനയായിരുന്നെനിക്ക്, ആ കണ്ണുകൾ ഇന്നിതാ എനിക്ക് മുന്നിൽ വന്നു നിൽക്കുന്നു,മാർക്കോയുടെ രൂപത്തിൽ...

ചെറുപ്പത്തിൽ എന്റെ നിഴൽ കണ്ടാൽ ഒളിക്കുന്ന, എന്റെ ശബ്ദം കേട്ടാൽ മറുത്തൊന്നും പറയാതെ മിണ്ടാതിരുന്നിരുന്ന ആ പൊടിമീശക്കാരൻ വളർന്നു ഇത്രയൊക്കെ ആയിരിക്കുന്നു., ഒരു പുരുഷനായി വന്നു നില്കുന്നത് അവൻ തന്നെയാണ്...അന്ന് അമ്പലത്തിൽ വെച്ച് മാർക്കോയെ കണ്ടപ്പോ ആ കണ്ണുകളിൽ കണ്ണുടക്കിയതും പിന്നീട് കണ്ടപ്പോയൊക്കെ എന്നെ വല്ലാതെ അലട്ടിയിരുന്നതും പണ്ടു ഞാൻ പ്രണയിച്ചിരുന്ന ആ കണ്ണുകൾ തന്നെയാണെന്ന് ഉൾകൊള്ളാൻ കഴിയുന്നില്ലനിക്ക്... "സുമേ നീയൊന്നും പറഞ്ഞില്ല..." "നമുക്ക് പോവാം.." എന്റെ മറുപടി പെട്ടന്നായിരുന്നു.. "എന്നോടൊന്നും പറഞ്ഞി..." "എന്നെ ഹോസ്റ്റലിൽ കൊണ്ടാക്കാനല്ലേ പറഞ്ഞേ..." അവന്റെ സംസാരം തീരുന്നതിന് മുൻപേയുള്ള എന്റെ ദേഷ്യത്തിലുള്ള സംസാരവും പെട്ടന്നുള്ള എന്റെ രൂപമാറ്റവും അവനിൽ ചെറിയൊരു ഭയം വരുത്തിയ പോലെ...പിന്നീടൊന്നും മിണ്ടാതെ അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു..ഞാൻ പിന്നിലായി ചെന്നിരുന്നു...

എന്റെയുള്ളം കലങ്ങി മറിയാൻ തുടങ്ങിയിരുന്നു,..പെട്ടെന്നുള്ള ആ ഒരു തിരിച്ചറിവ് എന്റെ ചിന്തകളെ വല്ലാതെ അലട്ടികൊണ്ടിരുന്നു...എനിക്ക് ചുറ്റുമുള്ളതൊക്കെയും ശൂന്യമായത്പോലെ, രാത്രിയുടെ മനോഹാരിത എങ്ങോ പോയി മറഞ്ഞപോലെ, പകരം എങ്ങും ഭയത്തിന്റെ ഇരുളുകൾ നിറഞ്ഞതുപോലെ, എന്റെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചിരിക്കുന്നു...മാർക്കോ ഞാനുദ്ധേശിച്ച ഒരാളല്ല.. ഹോസ്റ്റലിൽ എത്തിയതും റൂമിലേക്ക് നടന്നതുമെല്ലാം ഒരു യന്ത്രം കണക്കേ...പുഞ്ചിരിയോടെ റൂമിൽനിന്നിറങ്ങി പോയവൾ തികച്ചും ഒരു ഭ്രാന്തിയെപ്പോലെ കയറി വരുന്നത് കണ്ടു വർഷയും പകച്ചു പോയിരുന്നു...പതിയെ ഞാൻ കട്ടിലിൽ ചെന്നിരുന്നു,അടുത്തായി വർഷവും വന്നു നിന്നു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story