താലി: ഭാഗം 15

thali alrashid

രചന: അൽറാഷിദ് സാൻ

ഹോസ്റ്റലിൽ എത്തിയതും റൂമിലേക്ക് നടന്നതുമെല്ലാം ഒരു യന്ത്രം കണക്കെ...പുഞ്ചിരിയോടെ റൂമിൽന്നിറങ്ങി പോയവൾ തികച്ചും ഒരു ഭ്രാന്തിയെപ്പോലെ കയറി വരുന്നത് കണ്ടു വർഷയും പകച്ചുപോയിരുന്നു...പതിയെ ഞാൻ കട്ടിലിൽ ചെന്നിരുന്നു,അടുത്തായി വർഷയും വന്നുനിന്നു... "എന്ത് പറ്റി സുമേ...എന്താ ഉണ്ടായേ, എന്തായിങ്ങനെ വല്ലാതിരിക്കുന്നെ..." വർഷയാണ്, അവളുടെ മുഖത്തേക്കൊന്നു കനപ്പിച്ച് നോക്കിയതും അവൾ പിന്നീടൊന്നും ചോദിക്കാതെ പതുക്കെ എന്റെ ചുമലിൽ കൈവെച്ചു ആ നിൽപ് തുടർന്നു...പതിയെ ഞാൻ കട്ടിലിൽ തലവെച്ചു കിടന്നതും വർഷയെന്റെ അരികിൽ വന്നിരുന്ന് എന്റെ മുടിയിൽ തലോടാൻ തുടങ്ങി, ആ തലോടൽ എനിക്കപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു ആശ്വാസം നൽകിയിരുന്നു... "മാർക്കോ നമ്മളുദ്ദേശിച്ച ആളല്ല വർഷേ...അവൻ,.." ബാക്കിപറയാതെ ഞാൻ വീണ്ടും ചിന്തയിലാണ്ടു... "അവൻ...നീയിങ്ങനെ വളച്ചു കെട്ടാണ്ടെ പറയെന്റെ സുമേ, മനുഷ്യനിവിടെ നിക്കപൊറുതിയില്ലാതിരിക്കാ..." "അതവനാണെടി..." "ആര്..." "എന്റെ പഴയ ആ കാമുകൻ.,കുഞ്ഞു നാളിൽ മനസ്സിൽ കേറിയ പറ്റിയ ആ നീലകണ്ണുള്ളവൻ..." "എന്ത് നീയന്ന് പറഞ്ഞിരുന്ന ആ സ്കൂൾ ലവ്..." "മ്മ്ഹ് അവൻ തന്നെ...വർഷങ്ങൾ ഇത്രകഴിഞ്ഞിട്ടും അവനൊന്നും മറന്നിട്ടില്ലടി., എനിക്കാകെ പേടി തോന്നാ.,എന്തിനാണെന്നറിയില്ല..." "അതിനാണോ നീ ഇങ്ങനെ ടെൻഷനടിച്ചിരിക്കുന്നെ...

പഴയ കാമുകൻ മാർക്കോ ആണെന്നറിഞ്ഞ സന്തോഷിക്കല്ലേ നീ ചെയ്യണ്ടേ...ഇതിപ്പോ കോമഡി ആണല്ലോ ഈശ്വരാ..." "അതല്ല വർഷേ...ഇത്ര ദിവസം അവന്റെ കൂടെ നടന്നിട്ട് എനിക്കത് മനസ്സിലാക്കാൻ സാധിച്ചില്ലല്ലോടി...ഒരു കണക്കിന് അവനെന്നെ ചതിക്കല്ലായിരുന്നോ, ഒരു പ്രാവശ്യമെങ്കിലും എന്നോടൊന്നു പറയാമായിരുന്നില്ലേ അവന്...ആ പഴയ പ്രണയം ഞാൻ ഉള്ളിൽ കൊണ്ട് നടക്കുന്നതോ പോട്ടേ,പക്ഷെ അവനെയത് ഒരു നോവായ് ഇന്നും അലട്ടുന്നുണ്ടെന്ന് അവന്റെ സംസാരം കേട്ടപ്പോ മനസിലായി...വർഷെ എനിക്ക് പേടിയാവുന്നെടി.." "നീയെന്തിനാ പേടിക്കുന്നേ.,കാര്യം അവനൊരു തല്ലിപൊളി ആണെങ്കിലും എല്ലാവരോടുമുള്ള അവന്റെ പെരുമാറ്റം നീയും കാണുന്നതല്ലേ...അത്രയൊക്കെ ആയിട്ടും കോളേജിലേ ഞാനടക്കമുള്ള കുട്ടികൾക്കും സർമാർക്കും ഒരുപോലെ പ്രിയപ്പെട്ടവനാ അവൻ...ഇനി പഴയ പ്രേമവും പറഞ്ഞു നിന്റെ പിന്നാലെ വരുമെന്നാണ് നിന്റെ പേടിയെങ്കിൽ അതവനു നിന്നേ കണ്ട അന്ന്മുതലേ ആയിക്കൂടായിരുന്നോ.. അതുമല്ല അന്നത്തെ ദേഷ്യം അവനിപ്പോയും നിന്നോടുണ്ടെങ്കിൽ അമ്മയുടെ കാര്യം പറഞ്ഞപ്പോയേക്കും അത്ര ആവേശത്തോടെ അവനാ കാശ് തരുമായിരുന്നോ..." ഒന്ന് നിർത്തിക്കൊണ്ടവൾ തുടർന്നു...

"നീയതൊക്കെ വിട് സുമേ...എനിക്കിപ്പോ ഇത്കേട്ടപ്പോ സന്തോഷാ തോന്നുന്നേ, കോളേജിൽ എത്ര പെൺപിള്ളേരാ അവന്റെ പിന്നാലെ വാലും ആട്ടി നടക്കുന്നെ,ഒറ്റയെണ്ണത്തിനെ തിരിഞ്ഞു നോക്കാറുണ്ടോ അവൻ.. ഇതിപ്പോ നിങ്ങളുടെ പഴയ പ്രേമം പറഞ്ഞിട്ടാണേലും അവൻ നിന്നിലേക്ക് അടുക്കാൻ ശ്രമിക്കുന്നില്ലേ, അത് നല്ലതിനാകും ടി... നീ പേടിക്കാതിരിക്ക്...നീയുറങ്ങിക്കോ നേരം ഒരുപാടായില്ലേ,.." കിടക്കയിലെ സൈഡിൽ മടക്കി വെച്ചിട്ടുള്ള പുതപ്പെടുത്ത് എന്നെ പുതപ്പിച്ച് നെറ്റിയിലൊരു ഉമ്മയും നൽകി, അവൾ അവളുടെ കട്ടിലിലേക്ക് നീങ്ങി...എന്നിലേക്കുള്ള അവന്റെയീ തിരിച്ചു വരവ് എനിക്ക് നല്ലതിനാവുമെന്നാണ് വർഷ പറഞ്ഞുവരുന്നത്.,ആവുമായിരിക്കാം,ഒരു നോട്ടം കൊണ്ടോ സംസാരം കൊണ്ടേ ഇത്രകാലമവനെന്നെ വേദനിപ്പിച്ചിട്ടില്ല, എന്തിനേറെ അന്ന് അനിലിന്റെ കൂട്ടുകാരൻ ചവിട്ടി താഴെയിട്ട് രക്തം വാർന്ന് മരണം മുന്നിൽ കണ്ടു കിടന്നിരുന്ന എന്നെ മറ്റൊന്നും നോക്കാതെ ഹോസ്പിറ്റലിൽ കൊണ്ട് പോയതും അവനല്ലേ,അപ്പോഴും പണ്ട് മോഹം നൽകി വേദനിപ്പിച്ച് പോയവളാണ് ഞാനെന്ന് അവന് അറിയാമായിരുന്നല്ലോ... ഏഴ് വർഷം.അത്രത്തോളം പഴക്കമുണ്ട് ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയ്ക്ക്...

ഉച്ച ഭക്ഷണത്തിന് കഞ്ഞിപ്പുരയുടെ മുന്നിൽ വരി നിൽക്കുന്ന സമയത്ത്, ഒരു വെള്ളക്കാറിൽ വന്നിറങ്ങിയ ഒരാൾ അവന്റെ ടീച്ചറോട് എന്തൊക്കെയോ സംസാരിക്കുന്നതും പിന്നീട് ബാഗുമായി അവനാ കാറിൽ കയറുന്നതും ഞാനന്ന് കണ്ടിരുന്നു...സ്കൂളിൽ നിന്നും മടങ്ങുന്ന സമയത്ത് കാറിൽ നിന്നും അവസാനമായൊന്നു എത്തിനോക്കിയത് ഇന്നുമെന്റെ കണ്ണിലുണ്ട്...അതൊരു മടങ്ങി വരവില്ലാത്ത യാത്രയാകുമെന്ന് ഞാനും വിചാരിച്ചതല്ല, പിന്നീടെപ്പയോ അവന്റെ ക്ലാസ്സിൽ പഠിച്ചിരുന്ന ഒരു കുട്ടി വഴിയാണ് ദൂരെയുള്ള അവന്റെ ഒരു കുടുംബത്തിലേക്ക് പോയതാണെന്നും ഇനി തിരിച്ചു വരില്ലെന്നും ഞാനറിയുന്നത്...അന്ന് ഞാനും ഒരുപാട് കരഞ്ഞവളല്ലേ,ആ കണ്ണുകളുടെ നോട്ടം പിന്നീടെപ്പയും ഞാൻ ആഗ്രഹിച്ചതല്ലേ...അവനറിഞ്ഞിരുന്നോ ദാരിദ്ര്യത്തിൽ ജനിച്ചതുകൊണ്ട് മാത്രം,അവനെന്നെക്കാൾ ചുറ്റുപാടുള്ളവനാണെന്ന ഒറ്റക്കാരണത്താൽ ആദ്യ പ്രണയം വിരഹം കൊണ്ട് ഭംഗി തീർത്ത ആ പഴയ ആറാം ക്ലാസ്സുകാരി പെണ്ണിന്റെ ഹൃദയവേദന...ഓർമകളെന്നേ കുത്തിനോവിക്കാൻ തുടങ്ങിയിരുന്നു...

പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.... രാവിലെ ക്ലാസ്സിൽ ആദ്യ പീരിയഡും കഴിഞ്ഞിരിക്കുന്ന സമയം വർഷയെന്റെ അരികിൽ വന്നു... "മാർക്കോ ഇന്ന് ലീവാണെന്ന് തോന്നുന്നു.,അല്ലെങ്കി രാവിലെ നമ്മൾ കയറി വരുമ്പോയൊക്കെ അവനെ കാണാറില്ലേ..." "അവൻ ലീവാണെങ്കിലെന്താ...നോക്ക് വർഷേ നീയവന്റെ കാര്യം പറഞ്ഞു ഇനിയെന്റെ മുന്നിലേക്ക് വന്നേക്കരുത്..." അത്രയും പറഞ്ഞു കൊണ്ട് ഞാൻ മുഖം തിരിച്ചിരുന്നു... "നിനക്കേയ് വട്ടാണ്.,നല്ല മൂത്ത വട്ട്...നീ പറഞ്ഞെന്ന് വെച്ച് ഞാനവനോടുള്ള ഫ്രണ്ട്ഷിപ് വിടാനും പോണില്ല..." പിന്നെയും എന്തൊക്കെയോ അവൾ പറയുന്നുണ്ടായിരുന്നു, ഞാൻ മൈൻഡ് ചെയ്യുന്നില്ലന്ന് കണ്ടതോടെ എന്റെ തലക്കൊരു കൊട്ടും തന്ന് ദേഷ്യം തീർത്തു അവളവളുടെ പാടും നോക്കി പോയി... പിന്നീടുള്ള ദിവസങ്ങളൊക്കെയും മാർക്കോയുടെ മുന്നിലകപ്പെടാതിരിക്കാൻ അവൻ പോവാറുള്ള വഴികളിൽ നിന്ന് മാറി നടന്നും ഇനി നേരിൽ കണ്ടാലും കാണാത്ത ഭാവം നടിച്ച് മൈൻഡ് ചെയ്യാതെ പോവാനും തുടങ്ങിയിരുന്നു ഞാൻ...വർഷയാവട്ടെ അവനോട് കൂടുതൽ കൂടുതൽ അടുക്കാനും തുടങ്ങിയിരുന്നു.. അങ്ങനെ ദിവസങ്ങൾ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു..ഒരു ദിവസം വർഷയുടെ കൂടെ ഷോപ്പിങ്ങിനായി പുറത്തിറങ്ങിയതാണ് ഞാനും അവളും നേരെ ചെന്ന് പെട്ടത് മാർക്കോയുടെ മുന്നിൽ...

എന്നെ അവന്റെ മുന്നിലേക്കെത്തിക്കാൻ അവർ രണ്ടുപേരും കളിച്ചോരു നാടകമാണ് അതെന്ന് അവരുടെ പെരുമാറ്റം കണ്ടതോടെ എനിക്ക് മനസ്സിലായിതുടങ്ങിയിരുന്നു... വർഷ സാധനങ്ങളുടെ ബില്ലടക്കാൻ ഒരുങ്ങുമ്പോയേക്കും മാർക്കോ ഞങ്ങളെ ലക്ഷ്യമാക്കി നടന്നുവരുന്നത് കണ്ട ഞാൻ പതിയെ റോഡിലേക്കിറങ്ങി...വീണ്ടും മുന്നിൽ വിലങ്ങുതടിയായി മാർക്കോ.. "നീയൊന്ന് നിൽക്ക് സുമേ.. ഞാനെന്ത് തെറ്റ് ചെയ്തിട്ടാ എന്നോടിങ്ങനെ..." "മാർക്കോ മുന്നിൽ നിന്ന് മാറുന്നുണ്ടോ.. എനിക്ക് പോണം..." "നീ പൊക്കോ പക്ഷെ എനിക്ക് പറയാനുള്ളത് കേൾക്കാനുള്ള സാവകാശം കാണിച്ചോടെ.." മറുപടിക്ക് നില്കാതെ ഞാൻ തിരിഞ്ഞു നടന്നു,ഇടയ്ക്കെപ്പയോ അവനെന്റെ കയ്യിൽ പിടിച്ചു വലിച്ചിരുന്നു., ചെന്നു നിന്നത് അവന്റെ മുഖത്തോട് മുഖം നോക്കി...ആ കണ്ണുകൾ വീണ്ടുമെന്നേ കൊത്തിവലിക്കുന്നത് പോലെ,അവന്റെ ചുടുനിശ്വാസം എന്റെ മുഖത്തേക്ക് പതിക്കാൻ തുടങ്ങിയിരുന്നു... അവന്റെയാ ചെയ്തിയും റോഡിന്റെ സൈഡിലുള്ള ആളുകളുടെ തൊലിയുരിക്കുന്ന നോട്ടവും എന്റെ സമനില തെറ്റിച്ചിരുന്നു..ഉള്ള ബലമെല്ലാം ഉപയോഗിച്ച് ആഞൊരു തള്ളായിരുന്നു ഞാൻ, അവൻ ചെന്ന് വീണത് ചീറിപാഞ്ഞു വന്നിരുന്ന ഒരു കാറിന്റെ മുന്നിൽ..കാറിൽ ഒന്ന് പതിച്ച ശേഷം വായുവിൽ ഒന്നുയർന്ന് നേരെ തലയിടിച്ച് റോഡിലേക്ക്... "മാർക്കോ.." ആ കാഴ്ച കണ്ടു ബില്ലടച്ച് ഇറങ്ങിവന്നിരുന്ന വർഷയുടെ ശബ്ദം ആ പരിസരമാകേ അലയടിച്ചു കൊണ്ടിരുന്നു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story