താലി: ഭാഗം 17

thali alrashid

രചന: അൽറാഷിദ് സാൻ

മറുപടി പറയാതെ ഞാൻ തിരിഞ്ഞു നടന്നു...അപ്പൊയേക്കും കോളേജിലേ ഫ്രണ്ട്സെല്ലാം വിവരമറിഞ്ഞു ഹോസ്പിറ്റലിനു മുന്നിൽ തടിച്ചു കൂടിയിരുന്നു... എങ്ങോട്ട് പോവണമെന്നറിയില്ല, വർഷയെങ്കിലും എന്നെയൊന്നു മനസ്സിലാക്കിയിരുന്നെങ്കിൽ..വേഗത്തിൽ ഹോസ്റ്റൽ റൂം ലക്ഷ്യമാക്കി നടന്നു.,വേഗം നാട്ടിലേക്ക് പോവണം, അമ്മയെ കാണണം...അമ്മയ്ക്കെങ്കിലും ഈ മോളെ മനസ്സിലാക്കാൻ സാധിച്ചാൽ മതിയായിരുന്നു... റൂമിന്റെ വാതിൽ തള്ളിത്തുറന്ന് ഞാൻ അകത്തുകയറി.,ബാഗിലേക്ക് വർഷതന്നെ വാങ്ങിതന്ന രണ്ടുകൂട്ടം ചുരിദാർ മടക്കിവയ്ക്കുന്നതിനിടയിൽ അവളുടെ ആ വാക്കുകൾ ഞാൻ ഓർത്തെടുത്തു., 'നിന്നോടുള്ള ഫ്രണ്ട്ഷിപ് മുന്നോട്ട് കൊണ്ട് പോവാൻ എനിക്ക് കുറച്ച് ബുദ്ധിമുട്ടുണ്ട്'...

പതിയെ ഞാനത് ടേബിളിലേക്ക് തന്നെ ഇറക്കി വെച്ചു...അന്ന് അച്ഛന്റെ കൈപിടിച്ച് ഈ കോളേജിലേക്ക് വന്നുകയറിയപ്പോൾ ധരിച്ചിരുന്നൊരു മുഷിഞ്ഞ ചുരിദാറുണ്ട്,ഇനിയിത് വേണ്ടെന്നു പറഞ്ഞു വർഷയത് കളയാൻ നോക്കിയതാണ്.,അമ്മയുടെ സമ്മാനമായതിനാൽ അന്ന് ഞാനത് മടക്കി അലമാരയിൽ സൂക്ഷിച്ചിരുന്നു...വേഗം അലമാര തുറന്ന് അത് തിരഞ്ഞെടുത്തു, അത് ധരിച്ച് ബുക്കുകളെല്ലാം ഷെൽഫിൽ അടുക്കി വെച്ചു ബാഗുമെടുത്ത് ഞാൻ റൂമിന് പുറത്തിറങ്ങി...ജീവിതത്തിലെ ആകെയുള്ള സമ്പാദ്യം അവളായിരുന്നു, വർഷ..എന്റെ കുറവുകൾ മാത്രം കണ്ടു എന്നിലേക്കടുത്തവൾ, സന്തോഷങ്ങളിലും ദുഃഖങ്ങളിലും കൂടെ നിന്നവൾ,അങ്ങനെയുള്ള അവൾക് ഞാനിനി ഒരു അധികപറ്റായി കൂടെ നടക്കുന്നതിൽ അർത്ഥമില്ല..

ഒരുപക്ഷെ ദൈവത്തിന് ഞങ്ങളുടെ സൗഹൃദത്തോട് അസൂയ തോന്നിക്കാണണം., അത്കൊണ്ടാകും ഇത്ര പെട്ടന്ന് എന്നെയൊന്നു മനസ്സിലാക്കാനുള്ള ക്ഷമ ഈശ്വരൻ അവൾക് നൽകാതെ പോയതും...ഇങ്ങനെ നഷ്ടപ്പെടുത്തി കളയാനായിരുന്നെങ്കിൽ വേണ്ടിയിരുന്നില്ല ഒന്നും... സ്റ്റെപ്പുകൾ ഓരോന്നായി ഇറങ്ങുമ്പോയും കണ്ണ് നിറഞ്ഞിരുന്നു.,വൈകുന്നേര സമയമായതിനാൽ നാട്ടിലേക്ക് നേരിട്ട് ബസ് കിട്ടുമോയെന്നും സംശയമാണ്..എങ്ങെനെയായാലും ഇരുട്ടാകാതെ വീട്ടിലേക്ക് എത്തിപ്പെടുകയുമില്ല.,. നടന്നു നടന്നു ബസ് സ്റ്റാൻഡിലെത്തി.,അങ്ങിങ്ങായി ഒരുപാട് ബസ്സുകൾ നിർത്തിയിട്ടിട്ടുണ്ട്.,പതിവായി നാട്ടിലേക്ക് പോവാറുള്ള ബസ്സും ആ കൂട്ടത്തിലുണ്ട്...നടന്ന് അതിനരികിലേക്കെത്തി.. "ചേട്ടാ, ഇനിയെപ്പയാ തൃശൂരിലേക്ക് ബസ്സുള്ളേ..."

പ്രായം ചെന്ന ആ ഡ്രൈവർ എന്നെ അടിമുടിയൊന്നു നോക്കിയ ശേഷം പതിയെ അടുത്തുള്ള ബസ്സിലേക്ക് ചൂണ്ടി... "ഇനിയാ ബസ്സാ പോവാനുള്ളേ...രാത്രി പതിനൊന്നരക്കേ ഇടുക്കുള്ളൂ മോളെ...ഇതല്ലാതെ ഇനി നാളെ കാലത്തെ വണ്ടിയൊള്ളു..." അയാളുടെ മറുപടി കേട്ടതും ഞാനൊന്ന് പകച്ചുനിന്നു...ഇപ്പൊ സമയം ആറര.,ഇനി അഞ്ചു മണിക്കൂർ കൂടെ കാത്തിരിക്കണം.. അതും ഈ ഒഴിഞ്ഞ ബസ്സ്റ്റാൻഡിൽ...ആ ചേട്ടനോടൊന്ന് ചിരിച്ചു കാണിച്ചു ഞാൻ ടെർമിനലിനുള്ളിലേ ഇരിപ്പിടത്തിൽ ചെന്നിരുന്നു... സമയം ഇഴഞ്ഞു നീങ്ങുന്നത് പോലെ...ഗ്ളൂക്കോസിന്റെ ക്ഷീണം കാരണം എപ്പോയോ ഒന്ന് മയങ്ങി പോയിരുന്നു... കാത് തുളച്ചോരു ഹോൺ മുഴക്കിക്കൊണ്ട് ഒരു കാർ മുന്നിലൂടെ ചീറി പാഞ്ഞതോടെ ഞെട്ടിക്കൊണ്ട് ഞാൻ കണ്ണുതുറന്നു...

വാച്ചിലേക്ക് നോക്കിയതും സമയം പത്തുമണിയായി തുടങ്ങിയിട്ടുണ്ട്...മുന്നിലെ ബിൽഡിംഗിലേ ഒരു ചെറിയ ബൾബിന്റെ പ്രകാശമൊഴിച്ചാൽ എങ്ങും ഇരുട്ട് മാത്രം... അടക്കി പിടിച്ചുള്ള സംസാരം കേൾകാം ചുറ്റിൽ നിന്നും., ഒരു ഭയം എന്നെപിടികൂടിത്തുടങ്ങിയിരുന്നു., ഇടയ്ക്ക് രണ്ട് പേർ എന്നെ രൂക്ഷമായി നോക്കി നിൽക്കുന്നത് കണ്ട ഞാൻ പതിയെ ബാഗെടുത്ത് പോവാനുള്ള ബസ്സിന്റെ അരികിലേക്ക് നടക്കാൻ തുടങ്ങിയതും, ദൂരെ നിന്നും ഒരു ടോർചിന്റെ വെളിച്ചം കണ്ണിലേക്കു പതിച്ചതും ഒരുമിച്ചായിരുന്നു... ആ വെളിച്ചം എന്നിലേക്ക് നടന്നടുക്കുന്നത് പേടിയോടെ ഞാൻ നോക്കി നിന്നു...പതിയെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് ആ രൂപം കടന്നുവന്നു... വർഷ..എന്തെങ്കിലും പറഞ്ഞു തുടങ്ങുന്നതിന് മുൻപേ എന്റെമുഖമടക്കി ഒരു അടിവീണിരുന്നു...

"വാടി ഇങ്ങോട്ട്...ഈ നട്ടപാതിരാക്ക് ഏതവനെ തിരഞ്ഞാ നീയീ ഇരുട്ടത് വന്നുനിൽക്കുന്നേ...നിന്റേയാരെങ്കിലും ചത്തോ, അതോ എന്നെന്നേക്കുമുള്ള തിരിച്ചു പോക്കാണോ..." വാക്കുകൾ പറഞ്ഞു മുഴുവനാകും മുൻപേ കരഞ്ഞുകൊണ്ടവൾ എന്റെ മാറിലേക്ക് വീണിരുന്നു...ഒരു കൊച്ചു കുട്ടിയെപ്പോലെ അവളെന്റെ മാറിൽ മുഖമമർത്തി കരഞ്ഞുകൊണ്ടിരുന്നു..പതിയെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു... കുറച്ച് നേരം ആ നിൽപ്പ് തുടർന്ന ശേഷം എന്റെ കയ്യിൽ നിന്നും ബാഗ് തട്ടിപ്പറിച്ച് വാങ്ങി മറുകയ്യിൽ എന്റെ കൈയും പിടിച്ചവൾ നടക്കാൻ തുടങ്ങി..ഹോസ്റ്റലിൽ എത്തുന്നത് വരെ ഞങ്ങളൊന്നും മിണ്ടിയിരുന്നില്ല...പതിയെ റൂമിൽ കയറി ബാഗ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞ ശേഷം കൊണ്ടുവന്നു വെച്ചിട്ടുള്ള ഭക്ഷണപൊതിയിൽ നിന്നും എനിക്ക് വിളമ്പി നൽകിയ ശേഷം അവൾ കട്ടിലിൽ ചെന്ന് കിടന്നു...

രാവിലെത്തെ നാസ്തമാത്രമായിരുന്നു ഇന്നത്തെയെന്റെ ഭക്ഷണം...വിശപ്പ് കാരണം ഒറ്റ ഇരുപ്പിൽ ഭക്ഷണം കഴിച്ച ശേഷം ഞാനും കട്ടിലിൽ ചെന്ന് കിടന്നു... കണ്ണടച്ചു കിടക്കുന്നതിനിടയിൽ വർഷയെന്റെ അരികിൽ വന്നിരുന്നത് ഞാനറിഞ്ഞിരുന്നു.,. എന്റെ കവിളിൽ അവൾ തലോടുന്നുണ്ട്..ഇടക്ക് വിതുമ്പുന്ന ശബ്ദവും കേൾക്കാം.. ഞാൻ അവൾക്കഭിമുഖമായ് എഴുന്നേറ്റിരുന്നു... "വേദനിച്ചോ നിനക്ക്..." എന്റെ കവിളിൽ തലോടുന്നതിനിടയിൽ അവൾ ചോദിച്ചുകൊണ്ടിരുന്നു... ഞാൻ ഇല്ലാ എന്നർത്ഥത്തിൽ തലയാട്ടി അവളുടെ കൈപിടിച്ച് കയ്യിനുള്ളിൽ ഒരു ഉമ്മ നൽകി... "നീയെന്നേ വിട്ട് പോവാണെന്ന് വെച്ചിട്ടല്ലേ ഞാൻ സുമേ...മാർക്കോയെ ആ അവസ്ഥയിൽ കണ്ടതിൽ പിന്നെ എന്റെ സമനില തെറ്റിപ്പോയിരുന്നു കുറച്ച് നേരത്തേക്ക്...

ഞാനും അവനും തമ്മിലുള്ള ഫ്രണ്ട്ഷിപ് നിനക്കറിയാവുന്നതല്ലേ..നിന്നെപ്പോലെയാ എനിക്കവനും..,ചോരയിൽ കുളിച്ചു കിടന്നു ശ്വാസം വലിക്കുന്നത് കണ്ടപ്പോ സഹിച്ചില്ല ടി.. അതോണ്ടല്ലേ ഞാനങ്ങനൊക്കേ സംസാരിചേ...നിന്നോട് വെറുപ്പുണ്ടായിട്ടല്ല, അവൻ അത്രത്തോളം ഇഷ്ടപ്പെടുന്ന നിന്റെ അടുക്കലിൽ നിന്നും അങ്ങനൊരു വീഴ്ച., അതെനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.. അതാ ഞാൻ അങ്ങനൊക്കെ പെരുമാറിയേ.. നീയതൊക്കെ മറന്നേക്ക്, കിടന്നോ.,,ഒന്ന് ഉറങ്ങി എഴുന്നേറ്റാൽ എല്ലാം ശെരിയാവും.." മറുപടിയായി ഞാനൊന്ന് പുഞ്ചിരിച്ചു..എന്റെ അടികൊണ്ട ഭാഗത്തേ കവിളിൽ ഒരുമ്മ നൽകിയ ശേഷം അവൾ തിരിഞ്ഞു കട്ടിലിൽ ചെന്ന് കിടന്നു... രാവിലെ കോളേജിൽ പോവാൻ നേരം ഡ്രസ്സ്‌ മാറുമ്പോയാണ് 'അവൾക്കിന്ന് ടീച്ചറെ കാണേണ്ട അത്യാവശ്യം ഉണ്ടെന്നും, തത്കാലം എന്നോട് ക്ലാസ്സിൽ പോവാതെ ഹോസ്പിറ്റലിൽ മാർക്കോക്ക് കൂട്ടിരിക്കണമെന്നും' അവൾ വന്നു പറഞ്ഞത്..

.ഓട്ടോയിൽ എന്നെ ഹോസ്പിറ്റലിൽ കൊണ്ടു വിട്ട് ടാറ്റയും നൽകി അവൾ കോളേജിലേക്ക് പോയി...ഒന്ന് മടിച്ചു നിന്ന ശേഷം ഞാൻ മാർക്കോയെ അഡ്മിറ്റ് ചെയ്ത റൂം ലക്ഷ്യമാക്കി നടന്നു...തലയിലും നെറ്റിയിലും കെട്ടുകൾ ഉണ്ടെങ്കിലും അടുത്ത് വന്നിരിക്കുന്ന ഒരു കുട്ടിയുമായി ചിരിച്ചും കളിച്ചും കിടക്കുകയായിരുന്നു അവനപ്പോൾ.. എന്നെ കണ്ടതും മുഖത്ത് അല്പം ഗൗരവം വരുത്തി എണീറ്റിരുന്നു... അവന്റെ മുഖത്തേക്കൊന്നു നോക്കുവാൻ പോലും സാധിക്കുന്നില്ല.,എന്റെ മുഖത്തേക്കൊന്നു നോക്കിയ ശേഷം അവൻ ടേബിളിൽ വെച്ചിട്ടുള്ള ഒരു മാസികയും കയ്യിലെടുത്ത് അതിലേക്ക് കണ്ണോടിക്കാൻ തുടങ്ങി... എങ്ങനെ സംസാരിച്ചു തുടങ്ങണമെന്നറിയില്ല,ഒരു ദേഷ്യപ്പെടലിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ ഞാനവന്റെ കട്ടിലിൽ ചെന്നിരുന്നു...

മൗനം ഞങ്ങൾക്കിടയിലൊരു മറ തീർത്തിരുന്നു... ഒരുപാട് നേരം അടുത്തിരുന്നെങ്കിലും അവന്റെ ഭാഗത്തുനിന്നും അനക്കമൊന്നും കേൾക്കാത്തത് കാരണം ഞാൻ ബാഗുമെടുത്ത് പുറത്തേക്ക് നടക്കാനൊരുങ്ങിയതും പിന്നിൽ നിന്നും അവന്റെ വിളി വന്നതും ഒരുമിച്ചായിരുന്നു... "എങ്ങോട്ടേക്കാ.. ആ നേഴ്സിപ്പോ വരും മരുന്ന് തരാൻ...കൂടെയാരെങ്കിലും വേണമെന്നുള്ളത് കൊണ്ടാ ഞാൻ വേണ്ടായെന്ന് പറഞ്ഞിട്ടും വർഷ നിന്നെ ഇവിടെ കൊണ്ടുവന്നാക്കിയേ...നിനക്ക് പറ്റില്ലെങ്കിൽ പറ ഞാനെന്റെ ഫ്രണ്ട്സിനോടാരോടെങ്കിലും വന്നു നില്കാൻ പറഞ്ഞോളാം..." അവന്റെ സംസാരം കേട്ടതോടെ ഞാൻ തിരികെ ബാഗ് കൊണ്ടുവന്നു വെച്ച് കട്ടിലിനരികിൽ വന്നു നിന്നു...ഇടയ്ക്ക് അവൻ വായിക്കുന്ന ബുക്കിലേക്കും നോക്കിയിരിക്കുന്ന സമയത്താണ് കയ്യിലൊരു പിടി മരുന്നുമായി നേഴ്സ് റൂമിലേക്ക് കയറി വന്നത്...

ഒരു ഇൻജെക്ഷൻ ഉള്ളത് കാരണം ഞാൻ റൂമിനു പുറത്തിറങ്ങി നിന്നു, നേഴ്സ് റൂം വിട്ട് പോയതോടെ ഞാൻ റൂമിലേക്ക് തന്നെ തിരിച്ച്കയറി... സമയം ഉച്ചയോടടുത്ത് തുടങ്ങിയതോടെ ടേബിളിൽ കൊണ്ടുവെച്ചിട്ടുള്ള ഭക്ഷണപൊതിയിൽ നിന്നും ഒരു പ്ലേറ്റിലേക്ക് നൽകി ഞാനതവന്റെ കയ്യിൽ വെച്ചുകൊടുത്തു.. എന്നെയൊന്നു രൂക്ഷമായി നോക്കിയ ശേഷം അവനത് കയ്യിൽ പിടിച്ചു അതിലേക്കും നോക്കി നിൽപ്പായി... വലതു കൈയിൽ എല്ലിന്റെ പൊട്ടൽ കാരണം പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്.,ഇടത് കയ്യിൽ മുറിവുകൾ കൊണ്ട് പൊതിഞ്ഞു കെട്ടിയ നിലയിലും..ആ നോക്കിയിരുപ്പിന്റെ അർത്ഥം മനസ്സിലാക്കിയ ഞാൻ ഒരു മടിയും കൂടാതെ കൈ കഴുകി വന്നു പ്ലേറ്റ് കയ്യിലെടുത്ത ശേഷം ഭക്ഷണം വാരി അവന്റെ വായിൽ വെച്ചു കൊടുത്തു...ആദ്യമൊന്നു ഒഴിഞ്ഞു മാറിയെങ്കിലും താഴ്ത്തിപിടിച്ച മുഖത്തോടെ അവനത് വാങ്ങികഴിക്കാൻ തുടങ്ങി...

സംസാരിച്ചു തുടങ്ങാൻ ഒരവസരം കാത്തു ഞാൻ ക്ഷമയോടെ നിന്നെങ്കിലും നിരാശയായിരുന്നു ഫലം...അവസാനത്തെ പിടി ഉരുളയും അവന്റെ വായിലേക്ക് വെച്ചു കൊടുത്ത ഞാൻ എഴുന്നേറ്റ് കൈ കഴുകി കയ്യിലുള്ള കർചീഫെടുത്ത് അവന്റെ മുഖവും തുടച്ചു വൃത്തിയാക്കി... അവനപ്പോയേക്കും കട്ടിലിൽ കണ്ണടച്ചു കിടന്നിരുന്നു..കുറച്ച് നേരം കഴിഞ്ഞതോടെ വർഷ വന്നു.,അവളോട് കുറച്ച് നേരം സംസാരിച്ചിരുന്നു.. "പോവുകയാണെന്ന്" ആരോടെന്നില്ലാതെ പറഞ്ഞ ശേഷം ഞാൻ റൂം വിട്ട് പുറത്തിറങ്ങി... ഹോസ്റ്റലിലേ ഹാളിന് മുന്നിൽ ഞാൻ ചെന്ന് നിന്നു...എന്തിനായിരുന്നു ഞാൻ ഈ ചെയ്തു കൂട്ടിയതല്ലാം.,എന്നെ സഹായിച്ച കുറ്റത്തിന് ഞാൻ പ്രതികാരം വീട്ടുകയായിരുന്നോ., ചെറുപ്പം തൊട്ടേ മറ്റുള്ളവരുടെ സഹതാപനോട്ടം കണ്ട് വളർന്നത് കാരണം വെറുപ്പായിരുന്നെനിക്ക് ആ നോട്ടത്തോട്.,ആ സഹതാപസംസാരത്തോട്...

ദൈവം കനിഞ്ഞു നൽകിയ ദാരിദ്ര്യത്തോടും കഷ്ടപ്പാടിനോടും ഇണങ്ങി ജീവിക്കാൻ ശ്രെമിച്ചപ്പോയൊക്കെ മറ്റുള്ളവരുടെ സഹതാപം എന്നെ വല്ലാതെ വീർപ്പുമുട്ടിച്ചിരുന്നു.,. പക്ഷെ മാർക്കോ, വർഷ...അവരും ഒരു തരത്തിൽ എന്നോട് കാണിച്ചത് സഹതാപമായിരുന്നില്ലേ...അതുൾകൊള്ളാൻ ക്ഷമയില്ലാതായിപ്പോയി... തെറ്റാണ് ഞാനവനോട്‌ ചെയ്തത്.,മാപ്പർഹിക്കാത്ത തെറ്റ്.,ആ പാപക്കറ കഴുകി കളയാൻ ഏതു ദൈവത്തെ വിളിച്ചു പ്രാർത്ഥിക്കണം ഞാൻ...അറിയില്ല...ഒരുവട്ടെമെങ്കിലും എന്റെ തെറ്റിനു മാപ്പ് പറയാൻ അവനൊരു അവസരം നൽകിയിരുന്നെങ്കിൽ... അവന്റെ മുന്നിൽ ചെന്നു നില്കാനുള്ള ത്രാണിയില്ലാത്തത് കാരണം പിന്നീടെപ്പോയും അവന്റെ മുന്നിൽ നിന്നും സംസാരത്തിൽ നിന്നും ഞാനൊഴിഞ്ഞു മാറാൻ തുടങ്ങി...വെറുപ്പുണ്ടായിട്ടല്ല, ഇനിയൊരു ശല്യമായി അവന്റെ ജീവിതത്തിലേക്ക് ഞാൻ ചെന്നു കയറരുത് എന്നുള്ള എന്റെ ചിന്ത അവനിൽ നിന്നും പതുക്കെ എന്നെ അകറ്റിതുടങ്ങിയിരുന്നു...

അങ്ങനെ ഒരാഴ്ചക്ക് ശേഷം പഴയ പ്രസരിപ്പോടെ അവൻ കോളേജിൽ വന്നു തുടങ്ങി...ഇടയ്കൊക്കെ വർഷയുടെ കൂടെയെന്നെ കാണാറുണ്ടവൻ.,അതുവരെ വാ തോരാതെ സംസാരിച്ചു കൂട്ടുകാരുടെ കൂടെ കമ്പനിയടിച്ചു നടന്നിരുന്ന അവൻ എന്റെ നിഴൽ കണ്ടാൽ മിണ്ടാതിരിക്കാൻ തുടങ്ങി.,എന്നെ ദൂരെ നിന്നും കാണുമ്പോയേ തലതാഴ്ത്തും, അല്ലെങ്കിൽ ഇരിക്കുന്നിടത്തു നിന്നും എഴുന്നേറ്റ് പോവും... എല്ലാം ഞാൻ കാരണമാണെന്ന് കരുതി സ്വയംസമാധാനിക്കുമ്പോയും, അവന്റെ ആ ചെയ്തി എന്നെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു.,എങ്കിലും മറ്റുള്ളവരുടെ മുന്നിൽ പഴയ സുമയായി ജീവിക്കാൻ ഞാൻ പാടുപെട്ടിരുന്നു, അല്ല ശരിക്കും അഭിനയിച്ചു തുടങ്ങിയിരുന്നു.. എനിക്കും അവന്കും ഇടയിൽ കിടന്നു വർഷയാണ് ആകെ കുഴങ്ങിയിരുന്നത്., രണ്ടാളുടെയും പിണക്കം മാറ്റാൻ ശ്രെമിച്ചു ശ്രെമിച്ചു അവസാനം അവൾ പരാജയം സമ്മതിച്ചു...ഞാൻ അടുക്കാൻ ശ്രെമിക്കുമ്പോയൊക്കെ അവൻ ഒഴിഞ്ഞു മാറും,പിന്നീട് ഞാനാ ഭാഗത്തേക്ക് മൈൻഡ് ചെയ്തിരുന്നില്ല..

വർഷയുടെ പല ശ്രമങ്ങളും പരാജയപെട്ടതോടെ ഞങ്ങളെ മിണ്ടിപ്പിക്കാനുള്ള ശ്രമം അവൾ എന്നെന്നേക്കുമായി അവസാനിപ്പിക്കുകയും ചെയ്തു... അങ്ങനെയിരിക്കെ യൂണിവേഴ്സിറ്റി എക്സാമും കഴിഞ്ഞു വെക്കേഷന്റെ സമയം.,വർഷയുടെ അച്ഛൻ വിദേശത്തു നിന്നും വന്നതോടെ എക്സാം കഴിഞ്ഞു അപ്പോ തന്നെ അവൾ നാട്ടിലേക്ക് മടങ്ങി.,റൂമിൽ തീർത്തും ഒറ്റപെട്ട ഞാനും റൂമെല്ലാം വൃത്തിയാക്കിയിട്ട ശേഷം ബാഗുമെടുത്ത് നാട്ടിലേക്ക് തിരിച്ചു..അമ്മയെയും അച്ഛനെയും അനിയന്മാരെയും കണ്ടിട്ട് മാസങ്ങളായി...നൊമ്പരപ്പെടുത്തുന്ന ഓർമകളെയെല്ലാം തൽകാലം മറന്നുവെച്ച് അച്ഛന്റെയും അമ്മയുടെയും സുമക്കുട്ടിയായി ജീവിക്കണമെനിക്ക്...അനിയന്മാരുടെ വല്യേച്ചിയായും...

ദിവസങ്ങൾ കൊഴിഞ്ഞുപൊയ്കൊണ്ടിരുന്നു...പഴയ സുമക്കുട്ടിയായി കളിച്ചും ചിരിച്ചും അവധിദിനങ്ങൾ കഴിഞ്ഞുപോയതറിഞ്ഞില്ല., നാളെയാണ് ക്ലാസ്സ്‌ തുടങ്ങുന്നത്...വർഷ ഹോസ്റ്റലിൽ എത്തിക്കാണണം,ഇവരെ പിരിഞ്ഞു വീണ്ടും ആ ഒറ്റപ്പെടലിലേക്ക് പോവാനും തോന്നുന്നില്ല...ഒരു മാറ്റത്തിനു കുറച്ച് കൂടെ സമയം എനിക്കാവിശ്യമാണ്... 'തിരിച്ചു ഹോസ്റ്റലിലേക്ക് പോകുന്നില്ലേ" എന്ന അച്ഛന്റെ ചോദ്യത്തിന് കുറച്ച് ദിവസം കൂടി അവധിയുണ്ടെന്നു കള്ളം പറഞ്ഞു ഞാൻ വീട്ടിൽ തന്നെ കൂടി... അഞ്ചാറു ദിവസങ്ങൾക്കു ശേഷം, വീടിന് പുറത്ത് വർഷയുടേത് പോലുള്ളോരു ശബ്ദം കേട്ട ഞാൻ കണ്ണ്തിരുമ്മി കിടക്കയിൽനിന്നെഴുന്നേറ്റു... എന്നെ ഞെട്ടിച്ചു കൊണ്ടു വർഷവും കൂടെ മാർക്കോയും വീടിന്റെ മുറ്റത്ത്... ചിരിച്ചുകൊണ്ട് അമ്മയോടെന്തൊക്കെയൊ സംസാരിക്കുന്നുണ്ടവർ...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story