താലി: ഭാഗം 18

thali alrashid

രചന: അൽറാഷിദ് സാൻ

എന്നെ ഞെട്ടിച്ചുകൊണ്ടു വർഷവും മാർക്കോയും വീടിന്റെ മുറ്റത്ത്, ചിരിച്ചുകൊണ്ട് അമ്മയോടെന്തെക്കെയോ സംസാരിക്കുന്നുണ്ടവർ... എന്റെ മുഖം വാതിലിനരികിൽ കണ്ട മാർക്കോ വേഗം മുഖം തിരിച്ചു വീടിനു സൈഡിലുള്ള പാടത്തേക്കും നോക്കി നിൽപ്പായി... "ഹ അമ്മയുടെ കുഞ്ഞുമോള് എഴുന്നേറ്റല്ലോ.,..എന്താ സുമേ നിന്റെ താഴെയുള്ള ആ ചെറിയ രണ്ടുപേരും രാവിലെ എഴുന്നേറ്റ് കളിയും കഴിഞ്ഞു തിരിച്ചു വന്നു.. നീയിപ്പോയും പോത്ത് പോലെ കിടന്നുറങ്ങാ... വീട്ടിലേക്ക് തിരിച്ചു വന്നപ്പോ വീണ്ടും മടിച്ചിയായി തുടങ്ങിയല്ലേ..." എന്നെ കണ്ടതും ചിരിച്ചുകൊണ്ട് അത്രയും പറഞ്ഞ ശേഷം കയ്യിലുള്ള കവർ അമ്മയ്ക്ക് നൽകി വർഷയെന്റെ അരികിൽ വന്നു നിന്നു... അവളുടെ സംസാരം കേട്ടിട്ടൊന്ന് ചിരിച്ചു കാണിക്കണമെന്നുണ്ട്.,

എങ്കിലും ക്ലാസ്സ്‌ തുടങ്ങി ദിവസമിത്രയായത് ഇവരെങ്ങാനും അമ്മയോട് പറയുമോ എന്നുള്ളത് എന്റെ പേടിയെ കൂട്ടിക്കൊണ്ടിരുന്നു... മക്കളിരിക്ക് അമ്മ ചായ എടുത്തുവരാം.. വർഷയുടെ കവിളിലൊന്ന് തലോടിയ ശേഷം അമ്മ അടുക്കളയിലേക്ക് നടന്നു.,മാർക്കോ, അവനെന്റെ ഈ ചെറ്റക്കുടിൽ കണ്ടു.,അതിന്റെ നീരസം കാണിച്ചു കൊണ്ടു തന്നെ ഞാൻ വർഷയോട് സംസാരിക്കാൻ തുടങ്ങി... "നീയെന്തിനാ അവനേം കൊണ്ടു ഇങ്ങോട്ട് വന്നേ, വേറെ ആരേം കിട്ടിയില്ലേ നിനക്ക്.,ഇനി എനിക്ക് വീടും വെച്ച് തരാനായിരിക്കും അല്ലേ..." എന്റെ സംസാരം കേട്ടതും നുരഞ്ഞുപൊന്തിവന്ന ദേഷ്യം പല്ല്കടിച്ചു തീർത്തുകൊണ്ടു അവളെന്റെ മുഖത്തേക്കും നോക്കി നിൽപ്പായി, "നിന്നോട് ഹോസ്റ്റലിൽ നിന്നിറങ്ങുമ്പോ ഞാൻ പറഞ്ഞതോർമയുണ്ടോ നിനക്ക്.,ക്ലാസ്സ്‌ തുടങ്ങുന്നതിന്റെ തലേന്ന് ഇങ്ങോട്ടേക്കു തിരിച്ചെത്തിക്കോണമെന്നു,.

എന്നിട്ടിപ്പോ, അമ്മയെ ആദ്യം കണ്ടത്.. നിന്നെയെങ്ങാനും ആയിരുന്നേൽ ആദ്യം ഒന്ന് പൊട്ടിച്ചിട്ടേ, ഞാൻ സംസാരം തുടങ്ങുമായിരുന്നൊള്ളൂ...പിന്നേ നീയല്ലേ ബദാം പരിപ്പ് വേണമെന്ന് പറഞ്ഞിരുന്നെ, അതും അമ്മയ്ക്കും അച്ഛനും ഓരോ കൂട്ടം ഡ്രെസ്സും അനിയൻമാർക്ക് കളിക്കോപ്പുമുണ്ട്,കൊണ്ടു പോയി എടുത്ത് വെക്ക് വേഗം, എന്നിട്ട് വേഗം ഒരുങ്ങി ഇറങ്ങാൻ നോക്ക്.,ഇന്നത്തെ ക്ലാസോ പോയി, നാളെ നിന്നെ ക്ലാസ്സിലേക്കെത്തിക്കാമെന്ന് നമ്മള്ടെ നാരായണൻ മാഷിന് വാക്കുകൊടുത്താ ഞാൻ പൊന്നേ., പാവം പുന്നാര ശിഷ്യയെ കാണാഞ്ഞിട്ട് മൂപ്പർടെ വിരഹകഥ അങ്ങ് പറഞ്ഞു തീരുന്നില്ല..." അത്കേട്ടതോടെ ഞാനും അവളും അറിയാതെ ചിരിച്ചുപോയി...അപ്പോഴും മാർക്കോ ആ നിൽപ്പ് തുടരുകയായിരുന്നു,.. "പിന്നേ മാർക്കോ.ഞാൻ നിന്റെ അടുത്തേക്ക് പോവുകയാണെന്ന് പറഞ്ഞതോടെ അവനും വരുന്നെന്നു പറഞ്ഞു.,

ഈ നാടും കാഴ്ചകളും അവനും ഒന്ന് കണ്ടോട്ടേ ടീ,," സംസാരം തീരുന്നതിന് മുൻപേ അമ്മ ചായയുമായി വന്നു, കട്ടൻ ചായയാണ്, മാർക്കോയ്ക്ക് ഇഷ്ടപ്പെടുമോ എന്നറിയില്ല,കൊണ്ടുപോയി കൊടുക്കുക തന്നെ.,അമ്മയുടെ കയ്യിൽ നിന്നും ഗ്ലാസ്‌ വാങ്ങി ഒന്ന് വർഷയ്ക്കു കൊടുത്ത ശേഷം ഞാൻ അവനെ ലക്ഷ്യമാക്കി നടന്നു.,കാലിലെ ഷൂ അയിച്ചുവെച്ച ശേഷം പതിയെ കൈതോടിലേക്ക് ഇറങ്ങാനൊരുങ്ങുകയാണവൻ..,ഇവനെന്താ വെള്ളം ആദ്യമായി കാണുകയാണോന്ന് ചിന്തിച്ചുപോയ നിമിഷം,.. കുട്ടികളെപ്പോലെ വെള്ളത്തിൽ കാലുകൊണ്ടു തട്ടിയും തെറിപ്പിച്ചുകൊണ്ടും അവനങ്ങനെ നടക്കാൻ തുടങ്ങി...എന്നെ ഗൗനിക്കുന്നില്ലെന്ന് കണ്ടതോടെ പ്രതിഷേധം എന്നപോലെ കയ്യിലുള്ള ചായഗ്ലാസ്‌ ഞാൻ വരമ്പത്ത് വെച്ച് തിരിഞ്ഞു നടന്നു...എല്ലാം കണ്ടു ഊറിച്ചിരിച്ച് വർഷയും.. തിരികെ പോവാൻ ഒരുങ്ങുമ്പോയൊക്കെയും അവന്റെ ചലനങ്ങൾ ഞാൻ അവനറിയാതെ വീക്ഷിച്ചുകൊണ്ടിരുന്നു,

ഇടയിൽ വർഷയുടെ അടുത്തേക്ക് വന്നു എന്തൊക്കെയോ കാര്യപെട്ട് ചോദിച്ചറിയുന്നത് കണ്ടിരുന്നു, അവന്റെ തോളിൽ തട്ടി അവൾ എന്തൊക്കെയോ പറയുന്നുമുണ്ട്... അച്ഛനെ കാണുന്നില്ല, അനിയൻമാരോടും അമ്മയോടും യാത്രപറഞ്ഞു പോവാനായി മുറ്റത്തേക്കിറങ്ങി.. മാർക്കോ മുൻപേ നടന്നു കാർ സ്റ്റാർട്ട്‌ചെയ്ത് ഞങ്ങളെയും കാത്തിരിപ്പായി, ഞാനും അവളും ഓരോന്നു സംസാരിച്ചു കാറിലേക്ക് കയറിയതും മാർക്കോ അവളുടെ കയ്യിലൊരു കടലാസ് കഷ്ണം വെച്ചുകൊടുത്തു...അവന്റെ മുഖത്തേക്കൊന്നു നോക്കിയ ശേഷം അവളത് ഓടി അമ്മയുടെ കയ്യിൽ വെച്ചുകൊടുക്കുന്നത് കണ്ടു,.. എന്തൊക്കെയോ സംസാരിച്ച ശേഷം അമ്മ അവളുടെ മുന്നിൽ കൈകൂപ്പുന്നതും ഞാൻ ശ്രദ്ധിച്ചു... അതെനിക്ക് അത്ഭുതമായി തോന്നിയിരുന്നില്ല, വർഷ എന്നൊക്കെ ഇവിടേക്ക് വന്നിട്ടുണ്ടോ, അന്നൊക്കെ അമ്മയുടെ അടുത്ത് എന്തെങ്കിലുമൊക്കെ ഏൽപ്പിക്കാതെ തിരിച്ചുപോന്നിട്ടില്ല...അതൊരു സഹായമാണെന്ന് എനിക്കറിയാമെങ്കിലും,

മാർക്കോയുടെ സഹതാപം നിറഞ്ഞ നോട്ടത്തിന് മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ മുഖം താഴ്ത്തിയിരിപ്പായിരുന്നു ഞാൻ... കൈവീശി കാണിച്ചുകൊണ്ട് അമ്മയും അനിയൻമാരും ഞങ്ങളെ യാത്രയാക്കി., ഒരു 4 മണിക്കൂറിന്റെ യാത്രയെങ്കിലും കാണും തിരികെ ഹോസ്റ്റലിലേക്ക്, കാറിന്റെ മുൻസീറ്റിലിരുന്ന് അവരെന്തൊക്കെയോ സംസാരിക്കുന്നുണ്ട്, ഞാനതൊന്നും മൈൻഡ് ചെയ്യാതെ പുറത്തേ കാഴ്ചകളിലേക്കും കണ്ണുനട്ടിരുന്നു..ഇടയിൽ ഓരോ കാഴ്ചകൾ കാണാൻ നിർത്തിയും വർഷയുടെ ആവിശ്യങ്ങളോരോന്നും അവൻ നടത്തികൊടുക്കുന്നത് കാണുമ്പോ ദേഷ്യം വരും.. ഞാനൊന്ന് മിണ്ടാൻ ചെല്ലുമ്പോയെ അവന് നാവിറങ്ങിപ്പോവൂ, അവളോട് സംസാരിക്കാൻ നൂറ് നാവാണ്... കാണാൻ കൊള്ളാമെന്നുള്ള ഹുങ്കായിരിക്കും.. എനിക്ക് കാണേണ്ട ഒന്നും.. ഹോസ്റ്റലിന് മുന്നിൽ വണ്ടി നിർത്തിയതും ഞാൻ ബാഗുമെടുത്ത് കാറിന്റെ ഡോർ വലിയ ശബ്ദത്തിൽ കൊട്ടിയടച്ച് റൂമിലേക്ക് വേഗത്തിൽ നടന്നു നീങ്ങി,..ഇടയ്ക്കൊന്ന് തിരിഞ്ഞു നോക്കി,

അത് കണ്ടിട്ടെങ്കിലും അവനൊന്ന് മിണ്ടണമെന്ന് തോന്നിയാലോ, എവിടെന്ന്,, വണ്ടിയെടുത്ത് പോവുമ്പോ വർഷക്കൊരു ഫ്ലൈയിങ് കിസ്സ്, അവൾ തിരിച്ചു അവനൊന്നും... എല്ലാം കണ്ടിട്ടെന്റെ സമനില തെറ്റിതുടങ്ങിയിരുന്നു... മെസ്സിലേ ഭക്ഷണവും കഴിഞ്ഞു സ്ഥിരമായി സംസാരിച്ചിരിക്കുന്ന സമയം, "അല്ല വർഷേ, ആ മാർക്കോയുടെ കൂടെയിങ്ങനെ ചുറ്റി നടന്നാ അത് നിന്റെ കിരൺ കാണില്ലേ, അവനെന്താ വിചാരിക്ക, നീ എപ്പോഴും മാർക്കോയുടെ കൂടെയാണല്ലോ..." മനസ്സിലുള്ള കുശുമ്പ് അടക്കി നിർത്താൻ ആവാത്തത് കൊണ്ടു എനിക്കങ്ങനെ ചോദിക്കേണ്ടി വന്നു,. "ഹൊ അതിനൊന്നും കിരണേട്ടന് പരാതിയില്ലെന്റെ സുമേ, ആൾ നല്ല ഓപ്പൺ മൈൻഡ് ആണ്, പിന്നേ മാർക്കോ ആള് നല്ലവനാണെന്ന് കിരണേട്ടനും അറിയാ.. അല്ലെങ്കിലും മോളെ മാർക്കോയുടെ ആ ഫ്രണ്ട്ഷിപ് ആഗ്രഹിക്കാത്ത പെൺകുട്ടികളുണ്ടോ നമ്മളുടെ കോളേജിൽ, അല്ലെങ്കിലും കിരണേട്ടൻ പറഞ്ഞാലും ഞാനാ ഫ്രണ്ട്ഷിപ് കളയാൻ പോണില്ല,,

മാർക്കോയെ കാണാൻ എന്ത് ക്യൂട്ട് ആണല്ലേ സുമേ..കിരണേട്ടനെ കാണുന്നതിന് മുൻപാണ് മാർക്കോയെ ഞാൻ പരിജയപെട്ടതെങ്കിൽ അവനേം പ്രേമിച്ചു, അവനെ തന്നെ കെട്ടി ഞാനെന്റെ മക്കളുടെ അച്ഛനാക്കിയേനെ.." വായടപ്പിച്ച മറുപടി, അല്ലെങ്കിലും എനിക്ക് എന്തിന്റെ കേടായിരുന്നു.. മര്യാദക്ക് അടുക്കാൻ വന്നവനോട്‌ അങ്ങനെയൊക്കെ പെരുമാറണ്ട വല്യ കാര്യവുമുണ്ടായിരുന്നോ.. തലതാഴ്ത്തിയിരിക്കുന്ന എന്റെ ചുമലിൽ അവൾ കൈവെച്ചു... "ഇന്ന് ഇറങ്ങാൻ നേരം അമ്മയുടെ കയ്യിലേക്ക് ഞാൻ കൊടുത്ത ആ പേപ്പർ എന്താണെന്നറിയോ നിനക്ക്..." സംശയരൂപേണയുള്ള എന്റെ നോട്ടം കണ്ടു അവളൊന്നു ചിരിച്ചുകൊണ്ട് തുടർന്നു... "നിന്റെ അച്ഛനുള്ളതായിരുന്നത്,.. നിന്റെ നാട്ടിലേ തന്നെ അവന്റെ പേരിലുള്ള കയർഫാക്ടറിയിൽ നല്ല പോസ്റ്റിങ്ങിലുള്ള ഒരു ജോലി...ഇനി നിന്റെ അമ്മയുടെയും അനിയന്മാരുടേയും നിസ്സഹായത നിറഞ്ഞ മുഖം നിനക്ക് കാണേണ്ടി വരില്ല.,ഒരു ബുദ്ധിമുട്ടും കൂടാതെ അവർക്ക് കഴിഞ്ഞുപോകാൻ അത് ധാരാളമായിരിക്കും..."

പുഞ്ചിരിയോടെ വർഷയത് പറഞ്ഞു നിർത്തുമ്പോൾ, മാർക്കോയെന്ന ആ മനുഷ്യന് എന്റെ മനസ്സിൽ ഈ ലോകത്തോളം വലുപ്പമുണ്ടായിരുന്നു.. ഞാൻ അകലാൻ തുടങ്ങുമ്പോയൊക്കെയും അവനെന്നിലേക്ക് കൂടുതൽ കൂടുതൽ അടുക്കുകയാണ്, അവളോട് തിരികെയൊന്നും മറുപടി പറയാൻ കഴിയുന്നില്ല,നേരെ കട്ടിലിലേക്ക് കിടന്നു...പുറത്ത് പൂർണചന്ദ്രൻ നിലാവ് പടർത്താൻ തുടങ്ങിയിരുന്നു.. മാർക്കോയുടെ മുഖം എന്റെ മനസ്സിലും... പതിവിലും നേരത്തേയാണ് ഉറക്കമുണർന്നത് അവനെ കാണാൻ മനസ്സ് വല്ലാതെ വെമ്പൽ കൊള്ളുന്നത് പോലെ.,ഒരു നന്ദിവാക്കിൽ ഒതുക്കാവുന്നതല്ല എനിക്കവനോടുള്ള കടപ്പാട്...എന്റെ ധൃതിയും വെപ്രാളവും വർഷയും ചിരിയോടെ നോക്കി നിൽക്കുന്നുണ്ട്.,

കോളേജിലെത്തിയതും അവനെ കാണാനുള്ള വെപ്രാളത്തിൽ സ്റ്റെപ്പുകൾ ഓരോന്നായി ചാടിക്കയറി.,നേരെ മുൻപിൽ ഫ്രണ്ട്സിനെ കാത്ത് ഒറ്റയ്ക്ക് മാർക്കോയും, ഇതാണ് ഞാനും ആഗ്രഹിച്ചത്, ഒറ്റയ്ക്ക് ഒരു നിമിഷമെങ്കിൽ അങ്ങനെ... വേഗത്തിൽ ഞാൻ അവനിലേക്ക് നടന്നടുക്കുവാൻ തുടങ്ങി.ഇടയ്ക്കെപ്പയോ പതിവ് തെറ്റിച്ചു എന്റെ വരവ് കണ്ട അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിയുന്നതും ഞാൻ കണ്ടിരുന്നു...പിന്നീട് നടപ്പിന്റെ വേഗത കൂടി, നടപ്പായിരുന്നില്ല, ഓട്ടമെന്ന് വേണമെങ്കിൽ പറയാം.. പെട്ടന്നാണ് അതുണ്ടായത്, എന്റെ ഷാളിന്റെ അറ്റം കാലിൽ കുടുങ്ങി നിയന്ത്രണം തെറ്റിയ ഞാൻ നേരെ മുഖമടച്ചു വീണു, നേരെ മാർക്കോയുടെ കാലിന് മുന്നിലേക്ക്...വീഴ്ചയിൽ ചുണ്ട് പൊട്ടി രക്തം തറയിലേക്ക് ഉറ്റിവീഴാൻ തുടങ്ങിയിരുന്നു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story