താലി: ഭാഗം 19

thali alrashid

രചന: അൽറാഷിദ് സാൻ

വീഴ്ചയിൽ ചുണ്ട് പൊട്ടി രക്തം തറയിലേക്ക് ഉറ്റിവീഴാൻ തുടങ്ങിയിരുന്നു... ശാളിന്റെ ഒരറ്റം കൊണ്ട് ചോരയുള്ള ഭാഗത്ത് പൊത്തിപ്പിടിച്ചു ഞാനാ തറയിൽ തന്നെയിരുന്നു...വീഴ്ചയുടെ ചമ്മലായിരുന്നില്ല, അവനെ എങ്ങനെ ഫേസ് ചെയ്യുമെന്നറിയില്ല...എല്ലാം നോക്കി വർഷയും ഒരേ നിൽപ്പാണ്‌, എന്തോ അവളൊന്നു ചിരിച്ചു കാണിച്ച ശേഷം സ്റ്റെപ്പിറങ്ങി താഴെക്ക് നടന്നു... മാർക്കോ...എന്നെ ഒരു പുഞ്ചിരിയോടെ നോക്കി നിൽപ്പാണവൻ,. എത്ര ദിവസങ്ങൾക്ക് ശേഷമാണ്‌ ഞാനാ മുഖമൊന്നു തെളിഞ്ഞു കാണുന്നത്...പതിയെ അവനെന്റെ അരികിലേക്ക് നടന്നടുക്കുവാൻ തുടങ്ങി... ഹൃദയം വല്ലാതെ വേഗത്തിൽ മിടിക്കുന്നുണ്ട്...നെറ്റിയിലും കവിളിലും വിയർപ്പു പൊടിയുന്നതും ഞാനറിഞ്ഞിരുന്നു...തല താഴ്ത്തിയിരിക്കുന്ന എന്റെ അടുക്കലവൻ മുട്ടുമടക്കി വന്നിരുന്നു... എന്റെ കൈ തട്ടിമാറ്റി പോക്കറ്റിൽ നിന്നും ഒരു തൂവാലയെടുത്ത് ചോരയുള്ള ഭാഗത്ത് അമർത്തി പിടിച്ചു...അവൻ എഴുന്നേറ്റ ശേഷം എന്നെ രണ്ട് കൈകൾ കൊണ്ടും താങ്ങിപിടിച്ചു എഴുന്നേൽപ്പിച്ചു... എഴുന്നേറ്റ് നിന്നെങ്കിലും താഴ്ന്നിരിക്കുകയായിരുന്ന എന്റെ മുഖമവൻ പതിയെ കയ്യിലെടുത്തു...പിന്നേ കർചീഫെടുത്ത് രക്തമെല്ലാം തുടച്ചുമാറ്റി... അനുസരണയുള്ള കുട്ടിയേ പോലെ എല്ലാത്തിനും അനങ്ങാതെ നിന്നു കൊടുത്തു ഞാൻ...ഒരു പ്രാവശ്യമെ ആ മുഖത്തു നോക്കിയൊള്ളു..ആ കണ്ണിന്റെ തീക്ഷണതയാൽ പെട്ടെന്ന് തന്നെ മുഖം തിരിക്കേണ്ടി വന്നെനിക്ക്...

എന്റെ ചോരപ്പാടുകളാൽ വികൃതമായ ആ വെള്ളതൂവാല ചുരുട്ടി ദൂരെക്ക് വലിച്ചെറിഞ്ഞു ശേഷം കുറച്ച് അപ്പുറമായി മാറി നിന്നു മാർക്കോ...അപ്പോഴും കുറ്റബോധത്താൽ നിറഞ്ഞുവന്നിരുന്ന കണ്ണീർ തുടച്ചുമാറ്റിക്കൊണ്ടിരിപ്പായിരുന്നു ഞാൻ... ഉള്ളിലൊരു അഗ്നിപർവതം പുകയുന്നുണ്ട്., എന്ത് പറഞ്ഞാണ് അവനോടൊന്ന് മിണ്ടിതുടങ്ങുക,.മുന്നിൽ വന്നുനില്കാൻ യോഗ്യതയില്ലാഞ്ഞിട്ടു കൂടി തിരികെ അവനിലേക്ക് അടുക്കാൻ ശ്രമിക്കുന്നത് കുറ്റബോധമെന്നെ അലട്ടിയിട്ടായിരുന്നില്ല...പണ്ടെങ്ങോ മനസ്സിൽ കയറിക്കൂടിയൊരു പൊടിമീശക്കാരനുണ്ട്...എന്റെ കൂട്ടുകാരികൾ പറയാറുള്ള ആ നക്ഷത്രകണ്ണുള്ള രാജകുമാരൻ,... അത്രയേറേ അവൻ അടുക്കാൻ ശ്രെമിച്ചപ്പോയൊക്കെ ഞാൻ മാറി നടന്നിരുന്നത് പരിഭവമാണെന്ന് മനസ്സിലാക്കാൻ കഴിയാതെ പോയവന്...അവന്റെ സ്നേഹം എന്നിലേക്ക് മാത്രമായി ഒതുങ്ങണമെന്ന എന്റെ സ്വാർത്ഥ ചിന്തമാത്രമായിരുന്നു അവനോട് ഞാൻ പുറമെ കാണിക്കാറുള്ള ദേഷ്യമൊക്കെയും,.അല്ലെങ്കിൽ ഞാനവന്റെ സ്നേഹത്തിന് അർഹതയുള്ളവളല്ല എന്ന തോന്നൽ... ഇനിയും പിടിച്ചു നിൽക്കുന്നതെങ്ങനെ...ഇത്രയൊക്കെ സഹിച്ചതല്ലേ,.ഇനിയും സഹിച്ചു നില്കാൻ വയ്യനിക്ക്... പുറത്തേ കാഴ്ചകളിലേക്കും നോക്കി എന്തോ ആലോചനയിൽ നിൽക്കുകകയായിരുന്ന മാർക്കോയുടെ പിന്നിലായി ഞാൻ ചെന്നു നിന്നു...പതിയെ അവന്റെ തോളിൽ ഞാൻ കൈ വെച്ചു,

എന്റെ കൈസ്പർശം മനസ്സിലാക്കി എനിക്കഭിമുഖമായി അവൻ തിരിഞ്ഞതും, അതുവരെ കടിച്ചു പിടിച്ചിരുന്ന പരിഭവവവും സങ്കടങ്ങളുമെല്ലാം ഏങ്ങലിന്റെ രൂപത്തിൽ പുറത്തേക്ക് വന്നതും മറ്റൊന്നും ചിന്തിച്ചില്ല,, കണ്ണീരോടെ തന്നെ ഞാനവന്റെ മാറിലേക്ക് ചാഞ്ഞു... ആ മാറിൽ മുഖമമർത്തി ഉറക്കെ ഉറക്കെ പൊട്ടിക്കരഞ്ഞു...എന്റെ മനസ്സ് വായിച്ചത് പോലെ അവനെന്നേ ഒന്ന് ചേർത്തു പിടിച്ചു... എത്ര നേരം ആ നിൽപ്പ് നിന്നെന്ന് ഓർമയില്ല, പതിയെ എന്നിൽ നിന്നും വേർപെട്ട ശേഷം അവനൊന്നൂടെ എന്നെ മാറിലേക്ക് ചേർത്തു നിർത്തി...മൗനം ഞങ്ങൾക്കിടയിൽ വേലി തീർത്തത് പോലെ...മിണ്ടി തുടങ്ങാൻ അവനും വാക്കുകൾകിട്ടാതെ പരതുന്നത് പോലെ... "പിണക്കാണ് ഞാൻ.,എത്ര ദിവസായി ഒന്ന് മിണ്ടാൻ പിന്നാലെ നടന്നു...അപ്പയൊക്കെ മാറി നടന്നത് എന്തിനാ...എന്നെയിങ്ങനെയിട്ട് വേദനിപ്പിച്ചിട്ട് എന്താ കിട്ടിയേ നിനക്ക്..." പരിഭവത്തിന്റെ കെട്ടയിക്കാൻ തുടങ്ങുകയായിരുന്നു ഞാൻ... അവനൊന്ന് ചിരിച്ചു...പിന്നീടെന്നേ മാറ്റി നിർത്തി താഴ്ത്തിപിടിച്ചിരുന്നെന്റെ മുഖം കൈകൊണ്ടുയർത്തി... "അന്നിങ്ങനെ മിണ്ടാൻ വന്നപ്പോ നിന്ന് തന്നിരുന്നെങ്കിൽ ഇപ്പൊയിങ്ങനെ കെട്ടിപിടിച്ചു എനിക്കും നിനക്കും കരയാൻ പറ്റുമായിരുന്നോ പെണ്ണേ..." പുഞ്ചിരിയോടെ അവനങ്ങനെ പറഞ്ഞതും നാണമോ എന്തോ, ചിരിച്ചുകൊണ്ടു ഞാൻ കുറച്ചായി മാറി നിന്നു... എന്റെ രണ്ടു ചുമലിലും കൈവെച്ചുകൊണ്ടവൻ തുടർന്നു... "എന്റെ ഫ്രണ്ട്സ് വരുന്നുണ്ട്,..അവരെങ്ങാനും കൂടെയുള്ള സമയത്താണ് ഈ കരച്ചിലൊക്കെ വന്നതെങ്കി ഞാൻ പെട്ടു പോയെനെ മോളെ...ഇതിപ്പോ അവന്മാർ വരാൻ നേരം വൈകിയത് നന്നായി..."

"പോ അവിടെന്ന്..." അവന്റെ തോളിൽ ഒന്ന് നുള്ളിയ ശേഷം തിരിഞ്ഞു ഓടി സ്റ്റെപ്പിറങ്ങി... "സൂക്ഷിച്ചു ഓട് മോളെ.. ഇനിയെങ്ങാനും വീണ ഞാൻ തിരിഞ്ഞു നോക്കില്ല ട്ടോ" എന്നുള്ള അവന്റെ കളിയാക്കിയുള്ള വിളിച്ചു പറച്ചിൽ ഞാൻ പിന്നിൽ നിന്നും കേൾക്കുന്നുണ്ടായിരുന്നു.. ഓട്ടം ചെന്നു നിന്നത് വർഷയിരിക്കുന്ന ആൽമരച്ചോട്ടിൽ...ഒന്ന് ആക്കി ചിരിച്ച ശേഷം അവൾ മുഖം തിരിച്ചിരുന്നു... "ഹൊ എന്തൊക്കെയായിരുന്നു.പിണങ്ങി നടക്കൽ, മാറി നടക്കൽ.തള്ളിയിടൽ... എന്നിട്ടിപ്പോ ലാസ്റ്റ് അവനേം കെട്ടിപ്പിടിച്ച് കരയാ.. സ്വർഗ്ഗത്തിലെ കട്ടുറുമ്പാവണ്ടെന്നു വെച്ചാ ഞാനിങ്ങു പോന്നേ..ഞാനെല്ലാം കണ്ടു ട്ടോ.." മുഖത്ത് നോക്കാതെ അവളത് പറഞ്ഞതും ആകെ ചമ്മിപ്പോയി...ഒന്നും മിണ്ടാതെ ചമ്മി നില്കുന്നത് കണ്ടിട്ടാവും 'ഇതൊക്കെ അവസാനം ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് ഞാനുറപ്പിച്ചതാ മോളെ, തല്ക്കാലം നീ വാ ഇന്ന് ക്ലാസ് കട്ട് ചെയ്ത് എങ്ങോട്ടെങ്കിലുമൊക്കെ' പോവാമെന്ന് പറഞ്ഞു അവൾ കോളേജിന്റെ ബാക്കിലുള്ള ഗേറ്റിനടുത്തേക്ക് നടന്നത്... ചുറ്റുമൊന്ന് കണ്ണോടിച്ച ശേഷം ആരുമില്ലെന്ന് കണ്ടതോടെ ഞാനും അവളുടെ കൂടെ പുറത്തേക്കിറങ്ങി നടന്നു... അച്ഛൻ ഗൾഫിൽന്ന് വന്ന വകയിൽ കുറേ പൈസകിട്ടിയിട്ടുണ്ട് വർഷക്ക്.അതിന്റെ നെഗളിപ്പ് കാണിക്കാൻ പേഴ്സെടുത്ത് തുറന്ന് കുറച്ച് നോട്ട്കെട്ട് കാണിച്ചുതന്നു... നേരെ അടുത്തുള്ള ഓട്ടോസ്റ്റാൻഡിൽ നിന്നും വണ്ടി പിടിച്ചു ഷോപ്പിങ് മാളിലേക്ക്...

കുറേയധികം ഡ്രസ്സ്‌ വാങ്ങിക്കൂട്ടി, കൂട്ടത്തിൽ എനിക്ക് രണ്ടു ചുരിദാറും.. അവിടെന്ന് നേരെ ബീച്, അതും കഴിഞ്ഞു ഭക്ഷണം കഴിച്ചു വൈകുന്നേരമായതോടെ പാർക്കിലേക്ക്... തിരികെ ഹോസ്റ്റൽറൂമിലേക്ക് കയറിയപ്പോയേക്കും കയ്യിലുണ്ടായിരുന്ന പൈസയുടെ മുക്കാൽ ഭാഗവും തീർന്നിരുന്നു... മാർക്കോയോട് മിണ്ടിയത് കൊണ്ടാണോ എന്നറിയില്ല..പതിവില്ലാതെ ഞാനന്ന് സന്തോഷത്തിലായിരുന്നു...എല്ലാത്തിനും ഒരു ഉന്മേഷം കൈവന്നത് പോലെ... ചുറ്റിക്കറങ്ങലിന്റെ ക്ഷീണം കാരണം പതിവുള്ള സംസാരം കുറച്ചു കൊണ്ട് ഞാനും അവളും നേരത്തേ കിടന്നു... കണ്ണടച്ചാൽ തെളിയുന്നത് മാർക്കോയെ കെട്ടിപ്പിടിച്ചുള്ള ആ നിർത്തം.,തുറന്നാലും ആ മുഖം തന്നെ...ആ കട്ടി മീശയും താടിയും, എനിക്ക് പ്രിയപെട്ട കൗതുകമുള്ള ആ കണ്ണുകളും കരുത്തുറ്റ ശരീരവും എല്ലാം കൂടെ ആലോചിച്ചാ കിടന്നിട്ട് ഉറക്കം വരുന്നില്ല... വർഷ ഉറങ്ങിയെന്ന് തോന്നുന്നു...വിളിക്കണോ.. വേണ്ട അവളുടെ ഉറക്കമൊക്കെ അന്നേ അവള്ടെ കിരണേട്ടൻ കൊണ്ടുപോയതല്ലേ...സത്യത്തിൽ അന്ന് കിരൺ ഇഷ്ടമാണെന്ന് പറഞ്ഞപ്പോ അവളും ഇങ്ങനെയൊക്കെ ആലോചിച്ചിട്ടുണ്ടാവില്ലേ...അവൾക്ക് കിരണിനോട്‌ പ്രണയമല്ലേ,, എനിക്കും അവളുടെത് പോലെ തോന്നണമെങ്കി എനിക്ക് മാർക്കോയോട് പ്രണയമാണോ..ഹൊ എല്ലാതും ആലോചിച്ചിട്ട് തന്നെ തലപെരുക്കുന്നത് പോലെ...

അവനെക്കുറിച്ചുള്ള ചിന്തകൾക്കൊരു മാറ്റം വന്നോട്ടെയെന്ന് വെച്ചാണ് അടുത്ത ആഴ്ച പരീക്ഷയുള്ള ഇംഗ്ലീഷിന്റെ ബുക്കെടുത്ത് മറിച്ചു നോക്കാമെന്ന് വെച്ചത്... തുറന്നപ്പോയോ അതിലും ചിരിച്ചോണ്ടിരിക്കുന്ന അവന്റെ മുഖം.. പുസ്തകം തിരികെ ടേബിളിൽ വെച്ചു ഞാൻ കിടന്നു..ഓരോന്നാലോജിച്ചു എപ്പഴാണ് ഉറങ്ങിപ്പോയതെന്നോർമയില്ല.. നേരത്തേ എഴുന്നേറ്റ് കുളിച്ചു റെഡിയായി...വർഷയ്ക്കാണെങ്കിൽ പനിയും.. കൂട്ടിരിക്കാമെന്ന് പറഞ്ഞെങ്കിലും 'ക്ലാസ്സ്‌ കളഞ്ഞു നീ ഇവിടിരിക്കെണ്ടെന്നു' അവൾ തീർത്തു പറഞ്ഞതോടെ തനിച്ച് കോളേജിലേക്ക്... പതിവില്ലാതെ മാർക്കോയെന്നേയും കാത്ത് ഗേറ്റിനു മുന്നിൽ നിൽപ്പുണ്ടായിരുന്നു...എന്നെ കണ്ടതും വേഗത്തിൽ ഓടി വന്നു കൈപിടിച്ച് നടക്കാൻ തുടങ്ങി...നടത്തം നിന്നത് ഗ്രൗണ്ടിന് മുന്നിലെ ഇരിപ്പിടത്തിൽ... അവനെന്തൊക്കെയോ സംസാരിക്കണമെന്നുണ്ട്,പക്ഷെ മുഖത്തേക്ക് നോക്കും പുഞ്ചിരിക്കും എന്നല്ലാതെ സംസാരിച്ചു തുടങ്ങുന്നില്ല...

കുറച്ച് നേരം കഴിഞ്ഞതോടെ എനിക്ക് മടുപ്പ് വരാൻ തുടങ്ങിയിരുന്നു... "നീ എന്താ പറയാനുള്ളേന്ന് വെച്ചാ പറയ്...ഇതിങ്ങനെ, ഞാൻ പോവാ ബെല്ലടിക്കാനായി..." ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് നടക്കാനൊരുങ്ങിയതും അവനെന്റെ കൈപിടിച്ചു നിർത്തി... "നീയൊന്ന് ഇരിക്ക് ഞാൻ പറയാം..." "ഹാ എങ്കിൽ പറയ്.." ഇത്രയേറേ ആലോചിച്ചു പറയാനുള്ളത് എന്താണെന്നറിയാൻ ഞാൻ ആകാംഷയോടെ അവന്റെ ചുണ്ടുകളിലേക്ക് ശ്രദ്ധിച്ചിരുന്നു...ഒന്ന് നെടുവീർപ്പിട്ട ശേഷം അവൻ സംസാരിച്ചു തുടങ്ങി... "ഒരാളെ ഏതു നേരവും ആലോചിച്ചിരിക്കുന്നതിനെ പ്രണയമെന്ന് പറയാൻ പറ്റുമോ സുമേ..." "ഹാ പറ്റുമായിരിക്കും..." "എന്നാ എനിക്ക് നിന്നോട് പ്രണയമാണ്..." അതൊരു പ്രണയത്തിന്റെ തുടക്കമായിരുന്നു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story