താലി: ഭാഗം 20

thali alrashid

രചന: അൽറാഷിദ് സാൻ

"ഒരാളെ ഏത് നേരവും ആലോചിച്ചിരിക്കുന്നതിനെ പ്രണയമെന്നു പറയാൻ പറ്റുമോ സുമേ..." "ഹാ പറ്റുമായിരിക്കും..." "എന്നാ എനിക്ക് നിന്നോട് പ്രണയമാണ്..." അതൊരു പ്രണയത്തിന്റെ തുടക്കമായിരുന്നു...കാറ്റിനും പൂവിനും പറവകൾക്കും എന്തിനേറേ ആകാശം, പോലും നാണിച്ചു തലതാഴ്ത്തിയ ഒരു സുന്ദരപ്രണയത്തിന്റെ തുടക്കം... പെട്ടന്നുള്ള അവന്റെ സംസാരത്തിന് മുന്നിൽ എന്ത് മറുപടി പറയണമെന്നറിയാതെ പകച്ചുനിന്നു പോയി ഞാൻ.,.ഒരുപക്ഷെ ഞാൻ കേൾക്കാൻ കൊതിച്ച വാക്കുകളായിരുന്നത് കൊണ്ടാവാം,കണ്ണുകൾ പതിയെ നിറയാൻ തുടങ്ങിയിരുന്നു... എന്റെ പെട്ടന്നുള്ള ഭാവമാറ്റം അവനിലും ചെറിയൊരു പേടിവരുത്തി തുടങ്ങിയെന്ന് ആ മുഖം കണ്ടാലറിയാം... "സുമേ ഞാൻ...കുറേയായി മനസ്സിൽ കൊണ്ട് നടപ്പാണ്.,എങ്ങനെയാ നിന്നോടിതൊന്ന് പറഞ്ഞു തീർക്കേണ്ടേന്നറിയാതെ എത്ര ദിവസായി ടെൻഷനിടിച്ച് നടക്കാണെന്നറിയോ നിനക്ക്...പണ്ടെന്നോ അമ്പലത്തിലേ മാവിൻചുവട്ടിലേ ആൾക്കൂട്ടത്തിൽ നിന്ന് കണ്ണെടുക്കാതെ എന്നെതന്നെ നോക്കിയിരുന്ന ഒരു ആറാം ക്ലാസുകാരി പാവാടക്കാരിയിൽ നിന്നും ഒരുപാട് മാറിയില്ലെ നീയിന്ന്,ഞാനും അതേ മുഖവും ശരീരവും എല്ലാതും മാറിയെങ്കിലും ഇന്നും മാറാത്തതായി ഒന്നേയൊള്ളു.,

അന്ന് മനസ്സിൽ കയറിക്കൂടിയ ഈ മുഖം..വർഷം ഏഴ് കഴിഞ്ഞില്ലേ സുമേ, അതിനിടയിൽ എത്ര മുഖങ്ങൾ എന്നിലേക്ക് അടുക്കുവാനായി വന്നിരുന്നു.,ഫ്രണ്ട്ഷിപ്പിന്റെ രീതിയിലും അല്ലാതെയും,പക്ഷെ എല്ലാവരിലും ഞാൻ തിരഞ്ഞിരുന്നത് ഈ മുഖമായിരുന്നു.,അന്ന് ഞാൻ തിരിച്ചു നോക്കിയപ്പോ അമ്മയുടെ പിന്നിൽ നിന്നും ഒളിഞ്ഞു നോക്കി നിന്നിരുന്ന ആ കുഞ്ഞുമുഖം...പക്ഷെ നിന്നിലേക്ക് അടുക്കുന്നതിന് മുൻപേ ഒരുപാട് അകന്നിരുന്നു നീയെന്നിൽ നിന്നും.,ഇങ്ങോട്ടേക്കു പോന്നതിൽ പിന്നേ ഒന്നുരണ്ടു വട്ടം നാട്ടിലേക്ക് നിന്നെ ഒരുനോക്ക് കാണാനായി വന്നിരുന്നു ഞാൻ..പക്ഷെ വീട് കണ്ടുപിടിക്കാൻ മാത്രം കഴിഞ്ഞില്ല.,എന്റെ സ്നേഹം സത്യമായതിനാൽ ഒന്നെനിക്ക് ഉറപ്പായിരുന്നു, ഒരിക്കൽ നമ്മൾ കണ്ടുമുട്ടുമെന്ന്,ഇതാ നീയിപ്പോ എന്റെ ശബ്ദം കേൾക്കാൻ മാത്രം അടുത്തുണ്ട്..." ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് കയ്യിലുള്ള കൂളിംഗ് ഗ്ലാസ്‌ മുഖത്തേക്ക് വെച്ച ശേഷം അവൻ തുടർന്നു... "നിനക്കെന്നെ സ്നേഹിക്കാം സ്നേഹിക്കാതിരിക്കാം, അത് നിന്റെയിഷ്ടം, പക്ഷെ നിന്നെ സ്നേഹിക്കരുതെന്ന് പറയാൻ നിനക്കാവില്ല, ഇനി നീ പറഞ്ഞാലും ഞാനത് കേൾക്കാനും പോണില്ല...ഒന്ന് മാത്രം പറയാം, എനിക്ക് നിന്നെ സ്നേഹിക്കാൻ ആരുടേയും സമ്മതം വേണമെന്നില്ല...നിന്റേത് പോലും..." ഉറച്ച വാക്കുകൾ പോലെ പഴയതിനേക്കാൾ കട്ടിയിലും വേഗത്തിലും അത്രയും പറഞ്ഞ ശേഷം അവൻ തിരിഞ്ഞു നടന്നു...എന്ത് ചെയ്യണമെന്നറിയാതെ ഒന്ന് അനങ്ങാൻ പോലുമാവാതെ ഞാൻ അവിടെ തന്നെയിരുന്നു...

ഈയൊരു വാക്ക് കേൾക്കുവാനായി കാലമെത്ര കാത്തിരുന്നിരുന്നു ഞാൻ...അവൻ അറിഞ്ഞിരുന്നോ, ദാരിദ്ര്യത്തിൽ പിറന്നത് കൊണ്ടു മാത്രം വികാര വിചാരങ്ങൾക്ക് തടയിടെണ്ടി വന്ന ഈയുള്ളവളുടെ ഹൃദയവേദന.,ഞാനും അതൊരു നോവായി ഉള്ളിൽ സൂക്ഷിക്കുന്നതല്ലേ,അവനെപ്പോലെ എത്രപേർ എനിക്ക് ചുറ്റും സ്നേഹപ്രകടനങ്ങളാൽ അടുക്കുവാനായി വന്നിരിക്കുന്നു...ഞാനും തിരഞ്ഞിരുന്നത് ആ കൗതുകകണ്ണുകളായിരുന്നില്ലേ...എന്തോ കരച്ചിൽ വന്നുപോയി... ശരീരം കൊണ്ട് ഇത്രയൊക്കെ വലുതായിരുന്നെങ്കിലും അവന്റെ സംസാരശേഷം ഞാനാ പഴയ ആറാം ക്ലാസ്സുകാരിയായത് പോലെ,ആ അമ്പലവും അന്നത്തെ രാത്രിയും, ശിങ്കാരിമേളത്തോടൊപ്പം താളം പിടിക്കുന്ന ആ പൊടിമീശക്കാരനും ഒരു ഓർമയെന്ന പോലെ മനസ്സിലൂടെ നടന്നുനീങ്ങി...പതിയെ കണ്ണുകൾ രണ്ടും തുടച്ച ശേഷം ഞാൻ ക്ലാസ്സിലേക്ക് നടന്നു.. ടീച്ചർ വന്നു ഓരോ പാഠഭാഗങ്ങളും പഠിപ്പിച്ചു തീർക്കുന്നുണ്ട്,..മനസ്സിന്റെ കടിഞ്ഞാൺ നൂല് പൊട്ടിയ പട്ടം പോലെ ദിശയറിയാതെ പാറിനടക്കുന്നത് പോലെ,.എനിക്ക് ചുറ്റുമുള്ളതൊന്നും ഞാനറിയുന്നില്ല.,മാർക്കോ,, അവനെന്തു മറുപടി നൽകണം..ഇനിയൊരിക്കൽ കൂടി പ്രണയത്തേ ജീവനോടെ കുഴിച്ചു മൂടാൻ ഞാനാഗ്രഹിക്കുന്നില്ല.

,എങ്കിലും എന്റെ സാഹചര്യങ്ങൾ ഒരു കാമുകിക്ക് ചേരുന്നതല്ലതാനും..എന്നിൽ സ്വപ്നങ്ങൾ കണ്ടുതുടങ്ങിയ അച്ഛൻ അമ്മ,കൂടെപ്പിറപ്പുകൾ...ഇഷ്ടമായിരുന്നിട്ട് കൂടി ഇഷ്ടമല്ലെന്ന് അവനോട് പറയേണ്ടി വന്നാൽ അവനെന്നിൽ നിന്നകലുമോ,.ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് ഞാൻ. ഇനിയൊരു അവഗണന അവൻ ക്ഷമിക്കണമെന്നില്ല..എന്ത് ചെയ്യണം...ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല ആ ഒരു ദിവസം എന്തൊക്കെയോ ചെയ്ത് കൂട്ടി വൈകുന്നേരമാക്കിയെന്ന് പറയാം.,വേഗം റൂമിലേക്ക് നടന്നു, വർഷയെ കാണണം എല്ലാം അവളോടായി പറയണം... ഹോസ്റ്റൽ റൂമിന്റെ വാതിൽ തള്ളിത്തുറന്ന് ഞാൻ അകത്തുകയറി...അവളപ്പോയും ഉറക്കമായിരുന്നു,.വേഗത്തിൽ അവളെ വിളിച്ചു എഴുന്നേൽപ്പിച്ചു... ഉറക്കച്ചവടോടെ എഴുന്നേറ്റ ശേഷം അവൾ മുഖം കഴുകി എനിക്ക് മുൻപിലായി വന്നിരുന്നു...ഒറ്റ ശ്വാസത്തിൽ നടന്നതെല്ലാം അവളോട് പറഞ്ഞ ശേഷം അവളുടെ വാക്കുകൾക്കായി ഞാൻ കാതോർത്തു.. ഒന്നാലോചിച്ച ശേഷം അവൾ സംസാരിക്കാൻ തുടങ്ങി... "നീയിപ്പോ കൊച്ചു കുട്ടിയൊന്നുമല്ലല്ലോ സുമേ.,ഇത്രേം വലുതായില്ലേ.,എന്നേക്കാൾ നന്നായി തീരുമാനെങ്ങളെടുക്കാൻ നിനക്ക് സാധിക്കും,,അല്ലെങ്കിലും എന്റെ അഭിപ്രായങ്ങൾക്ക് എവിടെ എന്ത് പ്രസക്തിയാണുള്ളത്,,നിന്റെ ജീവിതമാണ്,.നിന്റെ ഇഷ്ടങ്ങളും...ആദ്യം നീയൊന്ന് കൂൾ ആവ്...പതുക്കെ ആലോചിച്ചു തീരുമാനിക്ക്..എന്തായാലും നീ നല്ലൊരു തീരുമാനത്തിലെ എത്തുകയൊള്ളന്ന് എനിക്കറിയാം..."

അവളും കൈയൊഴിഞ്ഞു...ഇനി ഞാൻ തന്നെ തീരുമാനിക്കണം...മറ്റു മാർഗങ്ങളില്ല.. രാത്രിയിൽ ഞാൻ ഹോസ്റ്റലിന് പുറത്തിറങ്ങി..മേലെ ആകാശത്ത് നിലാവ് പൊഴിച്ചു സുന്ദരിയായിരിക്കുന്നുണ്ട് അമ്പിളി.,ആകാശത്തിലേക്ക് നോക്കി നിന്നപ്പോ തന്നെ എന്തോയൊരു സമാധാനം പോലെ.,അല്ലെങ്കിലും മനസ്സിനെ ശാന്തമാക്കുവാൻ അനന്തമായ ആകാശത്തിനോളം കഴിവ് മറ്റെന്തിനുണ്ട്... ഇത്ര കാലം മറ്റുള്ളവരെന്തു വിചാരിക്കുമെന്ന ചിന്തയാണ് എന്നെ പുറകിലേക്ക് വലിച്ചിരുന്നത്...ഇനി വയ്യ,എന്റെ ജീവിതം തീരുമാനിക്കേണ്ടത് ഞാൻ തന്നെയാണല്ലോ...ഉള്ളിലെ സ്നേഹം ഇനിയും പിടിച്ചു നിർത്തി അതിൽ കിടന്നു വെന്തുനീറാൻ വയ്യെനിക്ക്...അവനോട് പറയുക തന്നെ, ഇത്രകാലം ജീവിച്ചതും സ്നേഹിച്ചതും നിന്നെയാണെന്ന്.. നിനക്ക് വേണ്ടിയാണെന്ന്... മനസ്സിൽ ചിലതൊക്കെ കണക്ക് കൂട്ടി ഞാൻ അന്ന് രാത്രി കഴിച്ചുകൂട്ടി... പിറ്റേ ദിവസം രാവിലെ വർഷയുടെ കൈപിടിച്ച് കോളേജിലേക്ക് നടക്കു മ്പോയും മുഴുവൻ ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥനയിലായിരുന്നു ഞാൻ...നല്ലത് വരുത്തുവാൻ വേണ്ടി.. ഈ പ്രണയം നല്ലതിലാവാൻ വേണ്ടി... കോളേജിന് മുന്നിൽ ഒറ്റയ്ക്കിരുന്ന് എന്തോ ആലോചിച്ചു കൂട്ടുന്ന തിരക്കിലാണ് മാർക്കോ,എന്റെ വരവ് കണ്ടതും ബൈക്കിൽ നിന്നും എഴുന്നേറ്റ് പുഞ്ചിരിച്ചു കാണിച്ചു, തിരികെ ഞാനും ഒരു പുഞ്ചിരി നൽകി... വർഷയെ ഗേറ്റിന് അരികിൽ നിർത്തി ഞാനവനെ ലക്ഷ്യമാക്കി നടന്നു...

അവനോട് അടുത്തേക്ക് എത്തും തോറും പേടി കൂടിക്കൂടി വരുന്നത് പോലെ.,എങ്കിലും ഇനിയും ഒളിക്കുന്നതെങ്ങനെ... "ഇത്ര കാലം ഞാനും ഉള്ളിൽ കൊണ്ട് നടപ്പായിരുന്നു...എങ്ങനെ പറയണമെന്നറിയില്ല,എനിക്കിഷ്ടമാണ്..അന്ന് മുതലേ,,ഒരുപക്ഷെ നിന്നെക്കാളെറേ ഞാനതിന്റെ പേരിൽ ഇന്നും അനുഭവിക്കുന്നുണ്ട്...സമ്പത്തിലും തറവാടിത്തത്തിലും നിന്റെ ഏഴയലത്ത് വന്നുനില്കാൻ അർഹതയില്ലാത്തവളാണ് ഞാൻ...എങ്കിലും അത് രണ്ടുമല്ല പ്രണയത്തിന്റെ തടസ്സങ്ങൾ എന്ന് ഞാനിന്ന് മനസ്സിലാക്കുന്നുണ്ട്...ആ ചിന്തയോടെയാണ് ഞാനിപ്പോൾ നിനക്ക് മുന്നിൽ വന്നുനിൽക്കുന്നതും.,ഇഷ്ടമാണ്, ജീവനക്കാളെറേ.. പഴയ ആ പാവാടക്കാരി പറയുന്നതാണെന്ന് കരുതിക്കോളു..എത്ര വളർന്നാലും എനിക്ക് മുൻപിൽ നിൽക്കുന്ന നീയെനിക്ക് ആ പൊടിമീശക്കാരൻ തന്നെയാണ്...അന്ന് അമ്മയുടെ പുറകിൽ നിന്നും ഞാൻ ഒളിഞ്ഞു നോക്കിയ നക്ഷത്രകണ്ണുള്ളവൻ..." അവന്റെ മുഖത്തൊരു പുഞ്ചിരി വിരിയുന്നത് ഞാൻ കണ്ടിരുന്നു...തിരികെ അവനെയൊന്നു നോക്കിയ ശേഷം ഞാൻ വർഷയുടെ അടുത്തേക്ക് നടന്നു നീങ്ങി...പിന്നീട് ക്ലാസ്സിലേക്കും എന്റെ ജീവിതം പാടെ മാറ്റിമറിച്ച പ്രണയം...പതിയെ ഞങ്ങൾ അടുക്കുവാൻ തുടങ്ങുകയായിരുന്നു.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story