താലി: ഭാഗം 3

thali alrashid

രചന: അൽറാഷിദ് സാൻ

ധൈര്യം സംഭരിച്ചു കൊണ്ട് ഞാൻ സ്റ്റെപ്പുകൾ ഓരോന്നായി കയറാൻ തുടങ്ങി.. ചെറിയൊരു വിറയലോടെ വാതിൽ തുറന്നു റൂമിൽകയറിയതും കട്ടിലിൽ അയാളെ കാണാനില്ല, മുന്നിലുള്ള മേശയിൽ കാപ്പിവയ്ക്കുന്നതിനിടയിൽ പെട്ടന്നാണ് അയാളെന്നേ ബാക്കിൽ നിന്നും കടന്നുപിടിച്ചത്.. ഒരു ഞെട്ടലോടെ ഞാൻ കൈതട്ടിമാറ്റി തിരിഞ്ഞു നിന്നു.. "ഹ ഇങ്ങനെ തട്ടിമാറ്റിയാലെങ്ങനെ, നിന്റെ ഭർത്താവായ ഞാനല്ലാതെ മറ്റാരാ നിന്നെ കെട്ടിപിടിക്കാൻ.." വല്ലാത്തൊരു ചിരിയോടെ അയാളെന്റെ കവിളിൽ കൈവെച്ചു.. "അതോ ഞാനറിയാത്ത വല്ല വരുത്തനുമുണ്ടോടി നിന്റെ പിന്നാലെ..ശാലീനസൗന്ദര്യമല്ലേ, എന്നാലും സമ്മതിക്കണം നിന്നെ വീണ്ടും എന്നെതേടി ഇവിടെ ദാ എന്റെ ഭാര്യയായി മണിയറയിൽ...എണ്ണിതുടങ്ങിക്കോ നീ.,നിന്റെ അവസാനം ഈ കൈകൊണ്ടു തന്നെയായിരിക്കും..." സംസാരം കഴിയുന്നതിന് മുൻപേ അയാളുടെ കൈകൾ എന്റെ കഴുത്തിൽ പിടിമുറുക്കിയിരുന്നു..ശബ്ദം പോലും പുറത്തു വരാതെ ശ്വാസത്തിനായി ഞാൻ പിടഞ്ഞുകൊണ്ടിരുന്നു..ചുവരിൽ ചേർത്ത് അയാളെന്നെ ഒന്ന്പൊക്കി താഴെയിറക്കി.. കൈവിട്ടതും ചുമച്ചു കൊണ്ട് ഞാൻ തറയിലിരുന്നു,ആകെ ഒരുതരം മരവിപ്പ് പോലെ.. ഓഫീസിൽ പോകാനുള്ള ഡ്രസ്സ്‌ മാറിക്കൊണ്ടയാൾ വാതിൽ തുറന്നു..

"ദാ നോക്ക്.,ഇവിടെ നടക്കുന്നത് നീയും ഞാനുമല്ലാതെ മറ്റൊരാളറിഞ്ഞാൽ..ജയന്റെ മറ്റൊരു മുഖം കൂടി നീ കാണും..വേഗം മുഖം കഴുകി താഴെക്ക് വാ.." ചിരിച്ചുകൊണ്ടയാൾ വാതിലടച്ചു പുറത്തേക്കിറങ്ങി..പണവും പവറും അയാളുടെ കൂടെയാണ്, ഞാനോ ആരുമില്ലാത്ത ഒരു അനാഥപെണ്ണ്, കൈബലത്തിലും എതിരിട്ട് നിൽക്കാനാവില്ല..എന്റെ നിസ്സഹായത നന്നായി മുതലെടുക്കുന്നുണ്ടയാൾ..ഇനിയെന്ത് എന്നുള്ള ചോദ്യത്തിന് ഉത്തരമില്ല.. ആദ്യം അയാളുടെ എല്ലാമെല്ലാമായ അമ്മയെ കയ്യിലെടുക്കണം ആ ഒരു വഴിയെ ഇനിയെന്റെ മുന്നിലുള്ളൂ... മനസ്സിൽ ഓരോന്നു കണക്ക്കൂട്ടികൊണ്ട് ഞാൻ മുഖവും കഴുകി താഴെക്ക് നടന്നു...ഹാളിലെ ടേബിളിൽ എല്ലാവർക്കും ഭക്ഷണം വിളമ്പികൊടുക്കുന്ന അമ്മയെ കസേരയിൽ പിടിച്ചിരുത്തിയ ഞാൻ, അമ്മയുടെ പ്ലേറ്റിലേക്കും ഭക്ഷണം വിളമ്പിക്കൊടുത്തു..നീയും കൂടി ഇരിക്ക് മോളെ എന്നുള്ള അമ്മയുടെ വാക്കുകൾക്ക് 'അമ്മ കഴിച്ചോളു ഞാൻ ലക്ഷ്മി ചേച്ചിയുടെ കൂടെ കഴിച്ചോളാമെന്ന്' പറഞ്ഞ് സ്നേഹപൂർവ്വം നിരസിച്ചു...അതെല്ലാം ഒരു പുഞ്ചിരിയോടെ അയാൾ കണ്ടിരിക്കുന്നുണ്ടായിരുന്നു...

ദിവസങ്ങൾ കഴിയുന്തോറും അയാളുടെ ഉപദ്രവങ്ങളും കൂടിക്കൂടി വന്നു..എല്ലാത്തിനും അവസാനം എന്റെ വിജയം തന്നെയായിരിക്കും എന്നുള്ള ഉറച്ച വിശ്വാസം എനിക്ക് കൂടുതൽ ധൈര്യം നൽകി...അതിനിടയിൽ ആ വലിയ വീട്ടിലെ മരുമകൾ എന്നതിനപ്പുറം ഒരു മകളായി അവരെന്നെ കാണാൻ തുടങ്ങിയിരുന്നു.. അല്ല അതിനുള്ള എന്റെ ശ്രമം വിജയം കണ്ടിരിക്കുന്നു.. കുളിയും കഴിഞ്ഞു ഡ്രസ്സ്‌ മാറി മുടിചീകുന്നതിനിടയിലാണ് അമ്മ സന്തോഷത്തോടെ കയ്യിൽ വെച്ച്തന്ന പുതിയ മൊബൈൽ ഫോൺ ബെല്ലടിക്കുന്നത് കേട്ടത്..പണ്ട് ഉപയോഗിച്ചിരുന്ന സിംകാർഡാണ് അതിലുള്ളത്.. അറിയാത്ത നമ്പറും,ഒരു നിമിഷം എടുക്കണോ വേണ്ടയോ എന്ന ചിന്തയിൽ അതും കയ്യിൽ പിടിച്ചിരുന്നു..ദൈവമേ പരീക്ഷണമാവരുതേ എന്ന പ്രാർത്ഥയോടെ ഞാനത് അറ്റൻഡ് ചെയ്യാൻ ശ്രമിച്ചതും കാൾ കട്ട്‌ ആയതും ഒരുമിച്ചായിരുന്നു.. താഴെനിന്ന് അമ്മയുടെ വിളികേട്ടതോടെ മൊബൈൽ കിടക്കയിൽ വെച്ച് വാതിൽതുറന്നതും വീണ്ടും മൊബൈലിന്റെ റിങ് കേൾക്കാൻ തുടങ്ങി.തിരികെ നടന്നു അത് കയ്യിലെടുത്തു രണ്ടും കല്പിച്ചു കാൾ അറ്റൻഡ് ചെയ്തു.. മറുതലക്കൽ ഒരു നേർത്ത ശബ്ദം... "സുമേ ഇത് ഞാനാണ്,വർഷ.." ഒരുനിമിഷം ഒരു ഇടിമിന്നൽ ഹൃദയത്തിലൂടെ കടന്നുപോയത് പോലെ..കേട്ടത് വിശ്വസിക്കാൻ കഴിയാതെ വേച്ചു വേച്ചു ഞാനൊന്നൂടെ ചോദിച്ചു "ആരാണ് മനസ്സിലായില്ല.." കരച്ചിലായിരുന്നു മറുപടി..

കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം അവൾ സംസാരിക്കാൻ തുടങ്ങി, "ചതിയാണ് ഞാൻ ചെയ്തത് ഒരു കണക്കിന് ഞാനനുഭവിക്കേണ്ട വേദനകളല്ലേ നീ ഒറ്റക്ക്.." "നിർത്ത്,നിനക്ക് വേറെ വല്ലതും പറയാനുണ്ടോ വർഷേ..വയ്യ ടീ അതൊക്കെ മറന്നു തുടങ്ങിയതാണ് ഞാൻ,ഇനിയുമോരോന്ന് പറഞ്ഞു ഓർമ്മിപ്പിക്കരുത്..ശരീരം മാത്രമേ ജീവനോടെയുള്ളൂ, മനസ്സിനെ നിങ്ങളെല്ലാവരും കൂടി പണ്ടേ കൊന്നുകളഞ്ഞതല്ലേ..." "സുമേ ഞാൻ പഴയതിന്റെ കണക്ക് പറയാൻ വിളിച്ചതല്ലടീ,അവസാനം നീയാ ദുഷ്ടന്റെ കയ്യിൽ തന്നെ ചാടിയില്ലേ,നിന്റെ ജീവിതം ഇങ്ങനെയാക്കി തീർത്ത അയാളുടെ കയ്യിൽ തന്നെ,..പേടി തോന്നുന്നില്ലേ നിനക്ക് അയാളുടെ കൂടെ ജീവിക്കാൻ..കേട്ടിട്ട് വിശ്വസിക്കാൻ കഴിയുന്നില്ല..." "നീ വേറെ വല്ലതും സംസാരിക്ക്..വിവാഹമൊക്കെ കഴിഞ്ഞത് ഞാനറിഞ്ഞു,സുഖമല്ലേ നിനക്ക്..എന്റെ നമ്പർ നിന്റെ കയ്യിലുണ്ടാകുമെന്നോ നീയിനിവിളിക്കുമെന്നോ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല ഞാൻ..സന്തോഷമായെനിക്ക്,എന്നെ വിളിക്കാനെങ്കിലും ഒരാളുണ്ടല്ലോ..." "മ്മ് വിവാഹം..ഒരു മോളുണ്ട് രണ്ടുവയസ്സാവുന്നു..

ഹസ്ബെന്റിന് ഇവിടെ നാട്ടിൽ തന്നെ ഒരു കടയുണ്ട്.സന്തോഷത്തോടെ കഴിഞ്ഞു പോകുന്നു..നിന്നെയൊന്നു വിളിക്കാൻ എന്നും കരുതാറുണ്ട്., പക്ഷെ പേടിയായിരുന്നെടീ , നീയെങ്ങനെ പ്രതികരിക്കുമെന്നറിയില്ല ഞാനും കാരണക്കാരിയല്ലേ നിന്റെയീ അവസ്ഥക്ക്.." "കഴിഞ്ഞത് കഴിഞ്ഞു, ഇനി അതോർത്തു വിഷമിച്ചിട്ട് കാര്യമില്ലല്ലോ...എന്റെ വിധിയിതായിരിക്കും, അങ്ങനെ സമാധാനിച്ചോളാം ഞാൻ..വേറെ വിശേഷമൊന്നുമില്ലടി ഞാനിവിടെ സന്തോഷത്തിലാണ്,.മോളെപ്പോലെ കണ്ടു സ്നേഹിക്കുന്ന ഒരമ്മയുണ്ട് കൂട്ടിന്,അത് മാത്രം മതിയെനിക്ക്..നീ വെച്ചോ ഞാൻ വിളിക്കണ്ട്.." മറുപടിക്ക് കാത്തുനിൽക്കാതെ ഞാൻ കാൾ കട്ട്‌ ചെയ്തു.. ഒരിക്കൽ നിഴലുപോലെ കൂടെനടന്നവൾ,.വർഷ.. ആ സൗഹൃദമല്ലേ എന്റെ ജീവിതം ഇങ്ങനെയാക്കി തീർത്തത്..എല്ലാം വീണ്ടും ഓർമ്മിപ്പിച്ച് മനസ്സിനെ കുത്തിനോവിക്കാൻ എന്തിനാണവൾ വീണ്ടും എന്നിലേക്ക്‌ വന്നുചേർന്നത്.

. താഴെ അടുക്കളയിൽ അമ്മയുടെ അടുത്തേക്ക് ചെന്നെങ്കിലും വിശാദം നിറഞ്ഞ മുഖം കണ്ടത് കൊണ്ടാകാം 'നീയൊന്നു പോയി ഉറങ്ങിക്കോ ക്ഷീണം മാറട്ടേയെന്ന്' പറഞ്ഞെന്നേ അമ്മ റൂമിലേക്ക് തിരിച്ചയച്ചത്.. തിരികെ റൂമിലെത്തി AC യും ഓൺ ചെയ്തു കട്ടിലിൽ വന്നുകിടന്നു.. മനസ്സ് പതിയെ പുറകോട്ട് നടക്കാൻ തുടങ്ങിയിരുന്നു..ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത, സന്തോഷവും അതിലേറെ സമാധാനവും നിറഞ്ഞ എന്റെ ആ പഴയ ജീവിതത്തിലേക്ക്..സൗഹൃദവും പ്രണയവും കൊണ്ട് നോവുന്നഓർമകൾ തീർത്ത കോളേജ് ജീവിതത്തിലേക്ക്...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story