താലി: ഭാഗം 30

thali alrashid

രചന: അൽറാഷിദ് സാൻ

പൊടുന്നനെ കയർ ശക്തിയിൽ വരിഞ്ഞുമുറുകി ശ്വാസം കിട്ടാതെ ഞാൻ കാലിട്ടടിക്കാൻ തുടങ്ങി.,കണ്ണുകൾ പുറത്തേക്കു ചാടാനൊരുങ്ങുന്നത് പോലെ.,ശരീരം മുഴുവനും വലിഞ്ഞു മുറുകുന്ന ഒരു വേദനയും..അവസാനമായൊന്ന് പിടഞ്ഞു..ആത്മാവ് ശരീരം വിട്ടകന്നതാവാം.. എനിയ്ക്ക് ചുറ്റിലും എന്തൊക്കെ ശബ്ദം കേൾകാം.,പാതി ബോധത്തിൽ പകുതിയടഞ്ഞ കണ്ണുകളാലെ ഞാൻ ശ്വാസത്തിനായി പിടഞ്ഞുകൊണ്ടിരുന്നു., പെട്ടന്ന് ശക്തിയിൽ എന്തോ ഒന്ന് തലയിൽ വന്നിടിച്ചത് പോലെ..കണ്ണുകളിൽ ഇരുട്ട് പടരാൻ തുടങ്ങിയിരുന്നു... എങ്ങും ഒരു മൂളൽ മാത്രം കേൾക്കാം എനിക്കിപ്പോൾ.,തലപൊളിയുന്നത് പോലെ,ഇല്ല ഞാൻ മരിച്ചിട്ടില്ല..,പക്ഷെ എങ്ങനെ.,അറിയില്ല.. കണ്ണുകൾ പാതിതുറക്കാനെ കഴിയുന്നൊള്ളൂ,മുന്നിൽ ഡോക്ടറും നേഴ്സുമാരും എന്റെ മുഖത്തേക്കും നോക്കി നിൽക്കുന്നു,അടുത്തായി വന്നിരിക്കുന്ന ആ വൃദ്ധനെ എങ്ങോ കണ്ടതായി ഓർക്കുന്നുണ്ട്.,പക്ഷെ എനിക്ക് മനസ്സിലാകുന്നില്ല..കഴുത്തിൽ പ്ലാസ്റ്റർ ഇട്ടതിനാൽ കണ്ണുകൾ മാത്രമേ അനക്കാനാവുന്നൊള്ളൂ.. "ഇവിടെ വേദന തോന്നുന്നുണ്ടോ.." കഴുത്തിന്റെ ഒരു ഭാഗത്ത് പതുക്കെ ഞെക്കിപിടിച്ചു കൊണ്ട് ഡോക്ടർ അതെന്നോട് ആവർത്തിച്ച് ആവർത്തിച്ച് ചോദിക്കുന്നുണ്ട്.. നാവിനെ ബാധിച്ച തളർച്ചകാരണം അവർ ചോദിക്കുന്നതിന് മറുപടി നൽകാനും കഴിയുന്നില്ല.,

എന്റെ വിഷമം മനസ്സിലാക്കിയ ശേഷം ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഡോക്ടർ പുറത്തേക്കിറങ്ങി..പതുക്കെ കണ്ണുകളടച്ച് ഞാൻ വീണ്ടും കിടക്കാൻ തുടങ്ങി... "ഹൊ എന്റെ സരസ്വതിചേച്ചി..,പുല്ലരിയുന്ന സമയത്താ ഞാൻ ഒരു കരച്ചിൽ കേൾക്കുന്നേ..ആദ്യം തോന്നലാകുമെന്ന് വിചാരിച്ചു പിന്നേം അരിയാൻ വേണ്ടി കുനിഞ്ഞപ്പോ അതാ കേൾക്കുന്നു കരച്ചിൽ.. അടുത്തുള്ള വിജയന്റെ വീട്ടിലേക്ക് ചെന്നുനോക്കുമ്പോ ഈ പെണ്ണ് കിടന്ന് കരയുന്നതാ ഞാൻ കണ്ടത്..അപ്പയാ കാണുന്നേ വിജയൻ കയറിൻമെ അങ്ങനെ തൂങ്ങികളിക്ക്ണ്..അവന്റെ കെട്ടിയോളും ഇവള്ടെ താഴെയുള്ള രണ്ടും ചോര ഛർദിച്ച് നിലത്തും കിടപ്പാ..എന്റെ കർത്താവേ അത് കണ്ടപ്പോ ഞാൻ പേടിചൊരു പേടിയുണ്ട്..അവസാനം കവലയിലേക്ക് ഓടി നമ്മളെ കേളപ്പേട്ടന്റെ നാണുവിനെ വിളിച്ചു ഓടിപ്പാഞ്ഞ് എത്തിയപ്പോ കണ്ടത് ഈ പെണ്ണ് കയറിൻമേലു കിടന്ന് ആടുന്നതാ..പൊക്കി എടുക്കാൻ നോക്കിയിട്ട് കഴിയണ്ടെ.,അവസാനം നാണു ആ കയറു കത്തികൊണ്ട് അറുത്ത് താഴെ ഇട്ടതാ..വീണപ്പോ തലപൊട്ടിയെങ്കിലും അപ്പൊ അങ്ങനെ ചെയ്തില്ലെങ്കി ഈ കുട്ടിയും ആ നാല് ശവങ്ങളുടെ കൂടെ കിടന്നിരുന്നില്ലേ വെള്ളപുതച്ച്..എല്ലാം കർത്താവിന്റെ കൃപ അല്ലാതെന്ത്‌ പറയാനാ.."

അടുത്തിരിക്കുന്ന ദേവസിചേട്ടൻ അയൽവക്കത്തുള്ള പ്രായം ചെന്ന സരസ്വതിചേച്ചിയോട് സംസാരിക്കുന്നത് പാതി മയക്കത്തിലും എനിക്ക് കേൾക്കാമായിരുന്നു.,അയാളുടെ അടുത്ത വാക്കുകൾ എന്റെ ഹൃദയത്തേ കീറിമുറിക്കാൻ ശേഷിയുള്ളതായിരുന്നു... "എന്നാലും ചിട്ടിയുടെ കടം കൊണ്ട് കുടുംബമൊക്കെ അങ്ങ് തീർക്കാന്ന് വെച്ചാ.,അതും നമ്മള്ടെ വിജയൻ..എത്ര കഷ്ടപെട്ടാ അവനാ കുടുംബം നോക്കിയിരുന്നേ..ഈ കുട്ടിയേ ടൗണിൽ കൊണ്ടോയി പഠിപ്പിക്കാനാണേയ് അവനാ ചിട്ടിയിൽ ചേർന്നേ..ഹാ അതാ കുടുംബത്തിന്റെ അടിവേരും കൊണ്ടാ പോയത്.." ഉള്ളിലെവിടെയോ ഒരു മുറിവിൽ നിന്നും രക്തം കിനിയുന്നത് ഞാനറിഞ്ഞിരുന്നു.,കണ്ണുകൾ താനെ നിറഞ്ഞു., ഇവർക്കറിയില്ലല്ലോ എന്റെ കുടുംബത്തിന്റെ മരണത്തിന് കാരണക്കാരി ഞാനാണെന്ന്.,പിഴച്ചു പോയ മകളുടെ കുത്തഴിഞ്ഞ ജീവിതകഥ കേട്ട് ചങ്ക് പൊട്ടിയാണ് വിജയൻ ജീവിതം അവസാനിപ്പിച്ചതെന്ന്..എന്നെ രക്ഷിക്കരുതായിരുന്നു ദേവസി ചേട്ടാ.പിഴച്ചുപോയവൾക്കുള്ള മരണമെന്ന ശിക്ഷപോലും അർഹിക്കാത്തവളാണു ഞാൻ.,പിടഞ്ഞു വീണപ്പോൾ അവസാനത്തെ തുടിപ്പ് നിലയ്ക്കും വരെ കാത്തുനിൽക്കാമായിരുന്നു നിങ്ങൾക്ക്..

ഒരുപക്ഷെ എന്നോടങ്ങനെ ചെയ്തിരുന്നെങ്കിൽ എന്റെ ആത്മമാവെങ്കിലും നിങ്ങളോട് നന്ദിപറയുമായിരുന്നു..ഞാൻ ഇനിയും ഈ ലോകത്ത് ജീവിക്കേണ്ടവളായിരുന്നില്ല.. നാല് ദിവസത്തോളം ഒരേ കിടപ്പ് തന്നെയായിരുന്നു ഹോസ്പിറ്റലിൽ..,എന്റെ അച്ഛനെയോ, അമ്മയെയോ,കൂടെപിറപ്പുകളെയോ അവസാനമായൊന്ന് കാണാനുള്ള ഭാഗ്യം പോലും എനിക്കുണ്ടായില്ല..പോസ്റ്റുമോർട്ടത്തിന് ശേഷം ആരൊക്കെയോ അന്ത്യകർമ്മങ്ങൾ ചെയ്തെന്ന് പറയുന്നത് കേട്ടു.,ഒന്നുറക്കേ കരയാൻ പോലുമാവാതെ കണ്ണുകൾ നിറച്ചുകൊണ്ടുമാത്രം ഞാനെന്റെ ഉള്ളിലെ സങ്കടങ്ങൾ പെയ്തൊഴിച്ചുകൊണ്ടിരുന്നു.. ഒരു ആഴ്ചയ്ക്ക് ശേഷം ആരോഗ്യസ്ഥിതിയിലെ പുരോഗമനം കാരണം കഴുത്തിലെ പ്ലാസ്റ്റർ അയിച്ചുമാറ്റി.,എങ്കിലും കഴുത്ത് ഒരു ഭാഗത്തേക്ക് മാത്രമായി തിരിക്കാനെ കഴിയുകയൊള്ളു,രണ്ടുമൂന്ന് ദിവസത്തോടെ നല്ല ചികിത്സയിലൂടെ അതും ഭേദമായിക്കിട്ടി., ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആവുന്ന ആ ദിവസം ഞാനാകെ അങ്കലാപ്പിലായിരുന്നു.,ഇനിയെവിടെക്ക് പോവണം..ആരുടെ കൂടെ ജീവിക്കണം.,എന്റെ വീട്ടിലേക്ക് തന്നെ ഒറ്റയ്ക്ക് തിരിച്ച്പൊയ്ക്കോളാമെന്ന് വാശിപിടിച്ചുപറഞ്ഞു

നോക്കിയെങ്കിലും ഇനിയും ഒറ്റയ്ക്കായാൽ പഴയ ചിന്തകൾ എന്നെ അലട്ടുമെന്നും ഇനിയും ആത്മഹത്യചെയ്യാനുള്ള സാധ്യതകൾ ഏറെയാണെന്നും ഡോക്ടർ തറപ്പിച്ച് പറഞ്ഞതോടെ ഏകാന്തജീവിതത്തിലേക്ക് ചുരുങ്ങണമെന്ന എന്റെ ആഗ്രഹവും അതിന്റെ കൂടെ നിഷേധിക്കപെട്ടു... ഏതെങ്കിലും ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കാമെന്ന മറ്റുള്ളവരുടെ തീരുമാനത്തെ ഞാൻ പാടെ എതിർത്തതോടെ എവിടേ കൊണ്ടാക്കുമെന്ന ചിന്തയിൽ മറ്റുള്ളവർ തീരുമാനം പറഞ്ഞുകൊണ്ടിരിക്കേ പെട്ടന്നാണ് ദേവസി ചേട്ടൻ മുൻപോട്ട് വന്നത്.., "ഞാനും ത്രേസിയാമ്മയും മാത്രേ വീട്ടിലുള്ളൂ,ആകെ ഒരു മോനുള്ളത് കുടുംബസമേതം അങ്ങ് ദുബായിലാ,.ഈ കാലത്ത് ഒരു പെണ്ണിനെ പോറ്റാനുള്ള ചെലവെത്രയാണന്നൊക്കെ എനിക്കറിയാമെന്നെ..," എന്റെ തലയിൽ ഒന്ന് തലോടിയ ശേഷം അയാൾ തുടർന്നു.. "ഈ മോൾക്ക് ഇഷ്ടാണെങ്കിൽ ഇവളെ ഞാനെന്റെ വീട്ടിലേക്ക് കൊണ്ട് പൊയ്ക്കോളാം.,എന്റെ മോളായിട്ട് തന്നെ..എന്റെ ത്രേസിയാമ്മക്കും ഒരു കൂട്ടാകും..ഒരു മോളില്ലാത്ത പരാതി ഞാൻ കേൾക്കാൻ തുടങ്ങിയിട്ട് കാലം ഒരുപാടായേ.." നിറകണ്ണുകളോടെ ഞാനയാളുടെ മുഖത്തേക്ക് നോക്കി..സഹതാപമോ,സ്നേഹമോ അയാളുടെ കണ്ണുകളും നിറഞ്ഞുതൂവിയിരുന്നു...

ദേവസി ചേട്ടന്റെ തീരുമാനത്തേ നിറഞ്ഞ മനസ്സോടെ തന്നെയാണ് മറ്റുള്ളവർ സ്വീകരിച്ചത്.,എല്ലാരുടെയും മുഖം തെളിയുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.,ആ തീരുമാനത്തോട് ആർക്കും വിയോജിപ്പില്ലാത്തതിനാൽ ഡോക്ടറുടെ കയ്യിൽ നിന്ന് കുറച്ച് ഉപദേശവും കൂടി കിട്ടിയതോടെ കുറച്ച് വസ്ത്രങ്ങളും നിറയെ മരുന്നുകുപ്പികളുമായി ഞാനന്നാ ഹോസ്പിറ്റലിൽ നിന്നിറങ്ങി നേരെ ദേവസി ചേട്ടന്റെ ആ വലിയ വീട്ടിലേക്ക്.. തികച്ചും അപരിചിതമായിരുന്നു എനിക്കവിടം.,എങ്കിലും സ്നേഹം കൊണ്ടും വാത്സല്യം കൊണ്ടും ത്രേസിയാമ്മ ചേച്ചി എന്നെ ബുദ്ധിമുട്ടിച്ച് തുടങ്ങിയിരുന്നു ആ ദിവസങ്ങളിൽ..ത്രേസിയാമ്മയിൽ നിന്നും പതിയെ ഒരു അമ്മയിലേക്ക് മാറാൻ തുടങ്ങുകയായിരുന്നു ആ സ്ത്രീ.. എന്നും വൈകുന്നേരസമയങ്ങളിൽ അങ്ങാടിയിൽ നിന്നും വരുമ്പോയൊക്കെ എനിക്കായി പലഹാരങ്ങളോ,മിട്ടായി പൊതികളോ കൊണ്ടുവരാൻ മറക്കില്ലായിരുന്നു ദേവസി ചേട്ടൻ.,അങ്ങനെ ഒരച്ഛന്റെ സ്നേഹവും വാത്സല്യവും ഞാൻ വീണ്ടും അനുഭവിച്ചു തുടങ്ങുകയായിരുന്നു.,.

ദുബായിലുള്ള ഒറ്റമോൻ കല്യാണം കഴിഞ്ഞു പോയിട്ട് ഇപ്പൊ വർഷം പത്തും കഴിഞ്ഞത്രേ.,ഇതുവരെ ലീവിന് വന്നു അപ്പനേം, അമ്മച്ചിയേയും കണ്ടില്ലെന്ന പരാതി പറയാനെ രണ്ടാൾക്കും നേരമുള്ളു.,പിന്നേ ത്രേസിയാമ്മ അല്ല അമ്മച്ചി കരയാൻ തുടങ്ങും..ഞാൻ ആശ്വസിപ്പിക്കുമ്പോ പറയും 'എന്റെ മോളുള്ളത് കൊണ്ടാണ് അമ്മച്ചിയിപ്പോ സന്തോഷത്തോടെ ജീവിക്കുന്നേ എന്നും മോന്റെ ഭാര്യ കാരണമാണ് മകന് അമ്മച്ചിയെ വേണ്ടാതായത് എന്നൊക്കെ'..ആ ഭാര്യയോട് നന്ദി പറയേണ്ടത് ഞാനാണ്..അവർക്ക് നിഷേധിക്കപെട്ട സ്നേഹമാണ് ഞാനിപ്പോൾ വേണ്ടുവോളം അനുഭവിക്കുന്നത്.. എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെപിറപ്പുകളുടെയും ആത്മാവെന്നോട് പൊറുത്തുതന്നിരിക്കണം.,ഈശ്വരൻ എന്റെ നിരപരാധിത്തം അവരെ അറിയിച്ചട്ടുണ്ടാകും.,അങ്ങനെ ഇന്ന് ഞാൻ അനുഭവിക്കുന്ന സന്തോഷമുള്ള ഈ ജീവിതം അവർ സ്വർഗത്തിലിരുന്നു കാണുന്നുണ്ടാവും... സന്തോഷം നിറഞ്ഞൊരു ജീവിതം കിട്ടിയപ്പോൾ ഞാനവരെ മറന്നതായിരുന്നില്ല.,

പഴയ കാലമോർത്താൽ ആ സങ്കടത്തിൽ നിന്നും ഞാനീ ജീവിതകാലം കരകയറില്ലെന്ന ബോധ്യവും,ഇടയ്ക്ക് അപ്പച്ചനും അമ്മച്ചിയും സ്നേഹത്തോടെ ഉപദേശിക്കുകയും കൂടി ചെയ്യുന്നതോടെ പഴയകാര്യങ്ങൾ ഞാൻ കഴിവതും ഓർക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.. ആ വീട്ടിലെ ഒരു അംഗമായി, അപ്പച്ചനും അമ്മച്ചിക്കും ഒരുനല്ല മോളായി അങ്ങനെ സന്തോഷത്തോടെ ഞാൻ കഴിയുന്ന കാലം.., ഒരു ദിവസം അടുക്കളയിൽ കറിക്ക് വേണ്ട പച്ചക്കറികൾ അരിയുന്നതിനിടയിലാണ് അപ്പച്ചൻ അമ്മച്ചിയെ വിളിച്ചു കൊണ്ട് എന്തൊക്കെയോ രഹസ്യമായി സംസാരിക്കുന്നത് കേട്ടത്.,അതെന്താണെന്നറിയാൻ കാതോർത്തപ്പോയാണ് അപ്പച്ചന്റെ അടക്കിപിടിച്ചുള്ള സംസാരം ഞാൻ കേട്ടത്... "നാളെ കുറച്ച് ദൂരെന്ന് ഒരു കൂട്ടർ കാണാൻ വരാമെന്ന് പറഞ്ഞിട്ടുണ്ട്,നല്ല കൂട്ടരാണെന്നാ നാണു പറഞ്ഞേ..എന്തായാലും വന്നുകണ്ടോട്ടേ..അവളുടെ അച്ഛനും അമ്മയുമൊക്കെ ഇനി നീയും ഞാനും തന്നെയല്ലേ,ഇതൊക്കെ ഇപ്പോ നോക്കാതെ പിന്നേ നീട്ടിവെക്കണ്ടതല്ല..അവള് കേൾക്കണ്ട ചിലപ്പോ സമ്മതിച്ചില്ലങ്കിലോ.." അപ്പച്ചന്റെ സംസാരം കേട്ടതും ഞാൻ ഒരു നിമിഷം അനങ്ങാനാവാതെ ഇരുന്നുപോയി...ഈശ്വരാ എന്റെ കല്യാണം......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story