താലി: ഭാഗം 31

thali alrashid

രചന: അൽറാഷിദ് സാൻ

അപ്പച്ചന്റെ സംസാരം കേട്ടതും ഞാൻ ഒരു നിമിഷം അനങ്ങാനാവാതെ ഇരുന്നുപോയി..ഈശ്വരാ എന്റെ കല്യാണകാര്യമാണ് അവര് പറഞ്ഞു നിർത്തിയത്.,കയ്യിലുള്ള കത്തിയും പച്ചക്കറികളും താഴെക്ക് വെച്ചുകൊണ്ട് ഞാൻ റൂമിലേക്ക് നടന്നു വാതിൽ തുറന്ന് നേരെ കട്ടിലിലേക്ക്..,എന്റെ ഭൂതകാലത്തിന്റെ ഓർമകൾ കെട്ടഴിഞ്ഞു തുടങ്ങിയിരുന്നു.., ആ വലിയ കോളേജിലേ ആദ്യദിനങ്ങൾ,പാതിയായിരുന്ന വർഷ.,ജീവനനായിരുന്നവൻ മാർക്കോ..അവന്റെ ചതിയിൽ ഒരുപിടി ചാരമായിത്തീർന്ന എന്റെ കുടുംബം..എല്ലാം ഒരു നിസ്സഹായതയോടെ ഞാനോർത്തെടുത്തു.. നോവുകൾ മാത്രം സമ്മാനിച്ച കഴിഞ്ഞകാലമോർത്ത് കണ്ണ് നിറച്ചിരിക്കുന്ന സമയത്താണ് അമ്മച്ചി റൂമിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറി വന്നത്.,പെട്ടന്നുള്ള വരവായതിനാൽ ഞാൻ പെട്ടന്ന് തന്നെ മുഖം തിരിച്ച് കണ്ണ് തുടച്ചങ്കിലും അമ്മച്ചിയത് കണ്ടിരുന്നു., "എന്ത് പറ്റിയെന്റെ മോൾക്,എന്തിനാ കരയുന്നേ.." നെറ്റിചുളിച്ചുകൊണ്ട് വേഗത്തിൽ അമ്മച്ചിയെന്റെ അരികിൽ വന്നിരുന്നു.,മറുപടി പറയാതെ ഞാൻ തുറന്നിട്ട ജനാലയിലൂടെ പുറത്തേക്ക് കണ്ണുംനട്ടിരുന്നു.,ആ ചോദ്യം തന്നെ പിന്നെയും ആവർത്തിക്കപെട്ടു..എങ്കിലും എന്നിൽ നിന്നും മറുപടിയൊന്നും കിട്ടാതെ വന്നതോടെ താഴ്ന്ന് പോയിരുന്ന എന്റെ മുഖം അമ്മച്ചി കയ്യിലെടുത്തു.. "മോൾക് അച്ഛനേം അമ്മനേം ഓർമ വന്നതാണോ.," നഷ്ടവേദനയിൽ നീറിപുകയുന്ന എന്നോട് അത്കൂടെ ചോദിച്ചതോടെ തികട്ടിവന്ന കരച്ചിൽ എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല.,

അമ്മച്ചിയെ കെട്ടിപിടിച്ചുകൊണ്ട് ഞാൻ ഉറക്കെ കരഞ്ഞുകൊണ്ടിരുന്നു.,സമാധാനിപ്പിക്കാനെന്നോണം അമ്മയെന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു... ഇതെല്ലാം അപ്പച്ചൻ നിറകണ്ണുകളാലെ നോക്കി നില്കുന്നത് ഞാൻ കണ്ടിരുന്നു.,കുറച്ച് സമയങ്ങൾക്ക് ശേഷം എന്നെ കട്ടിലിൽ കിടത്തി കണ്ണുതുടച്ച് നെറ്റിയിലൊരു ചുംബനവും നൽകി അമ്മച്ചി റൂമിന്റെ വാതിലടച്ച് പുറത്തേക്ക് നടന്നു., എന്റെ പഴയകാര്യങ്ങളൊക്കെയും അവരോട് തുറന്ന് പറയണമെന്ന് ഒരുപാട് തവണ വിചാരിച്ചതാണ്.,ഞാൻ കാരണമാണ് എന്റെ കുടുംബം ഒരു കൂട്ടആത്മഹത്യ ചെയ്തതെന്ന കാര്യം അവരറിഞ്ഞാൽ ചിലപ്പോൾ ഒരു ചീത്തപെണ്ണാണെന്ന് വിചാരിച്ചു അവരെന്നെ ഉപേക്ഷിക്കുമോ എന്ന ഭയം,.എന്റെ സന്തോഷത്തോടെയുള്ള ഈ ജീവിതം എനിക്ക് നഷ്ടപ്പെടുമോ എന്ന ഭയം.,എത്രകാലം ഇവരുടെ മുന്നിൽ നിന്നും ഞാനാ സത്യം മറച്ചുവെക്കും.,ഇനിയൊരിക്കൽ മറ്റൊരാളിലൂടെ അവരിതറിഞ്ഞാൽ അവർക്കത് സഹിക്കാൻ കഴിയണമെന്നില്ല.,മനസ്സിൽ ചിലത് കണക്ക്കൂട്ടി ഞാൻ പതിയെ താഴെക്ക് നടന്നു., താഴെ അടുക്കളയിൽ എന്റെകാര്യം പറഞ്ഞു സങ്കടപ്പെടുകയാണ് അമ്മച്ചി,എല്ലാം കേട്ടുകൊണ്ട് തലതാഴ്ത്തിയിരിക്കുന്ന അപ്പച്ചനെ കൂടികണ്ടതോടെ ഇപ്പോഴത് പറയേണ്ട സാഹചര്യമല്ലെന്ന് തോന്നി.,

പിന്നീട് മരണവീട് പോലെ ശോകമൂകമായിരുന്നു ആ വീട്..ആർക്കും മിണ്ടാട്ടമില്ല,അമ്മച്ചി ഇടയ്കൊക്കെ വന്നു വാതിൽ തുറന്ന് എത്തിനോക്കും,ഞാൻ കിടക്കുകയാണെന്ന് മനസ്സിലാകുന്നതോടെ തിരികെപോകും.,അപ്പച്ചൻ കവലയിലേക്ക് പോയി രാത്രിയാണ് മടങ്ങിവന്നത്.,എന്തോ ആ മുഖത്തും ഒരു വിഷാദം തളംകെട്ടി നിൽക്കുന്നത് പോലെ., രാത്രി ഭക്ഷണം കഴിക്കാൻ ടേബിളിന് ചുറ്റും ഇരുന്നപ്പോഴും അതെ തന്നെയായിരുന്നു അവസ്ഥ.,എങ്ങനെ മിണ്ടിത്തുടങ്ങണമെന്നറിയാതെ ഞാൻ തലതാഴ്ത്തി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അമ്മച്ചിയെന്റെ അരികിൽ വന്നത്.., "എന്റെ മോളെന്തിനാ വിഷമിക്കുന്നേ,പെറ്റ തള്ള നോക്കുന്നത് പോലെ ഏതൊരു പോറ്റമ്മക്കും നോക്കാൻ കഴിയില്ല മോളെ,എന്നാലും ഈ വയറ്റിൽ പിറന്ന എന്റെ മോളെപ്പോലെ തന്നെയല്ലേ അമ്മച്ചി നിന്നെ സ്നേഹിക്കുന്നേ,അപ്പച്ചനും മോൾക്കിവിടെ വല്ല കുറവും വരുത്തുന്നുണ്ടോ,..നീയിങ്ങനെ വിഷമിച്ചിരുന്നാ പോയവര് തിരിച്ചുവരോ..എന്റെ മോള് വേഗം ഭക്ഷണം കഴിക്ക്..

എന്നിട്ട് പോയി സുഖമായി ഉറങ്ങാൻ നോക്ക്..അല്ലെങ്കി വേണ്ട ഇന്ന് നീ അമ്മച്ചിയുടെ കൂടെ കിടന്നാ മതി..." നിറകണ്ണുകളോടെ ഞാനാ സ്ത്രീയെ നോക്കിനിന്നുപോയി..,ശെരിയാണ് ആ വയറ്റിൽ പിറക്കാതിരുന്നിട്ട് കൂടി ഒരു മകൾ ഒരായുസ്സിൽ അനുഭവിക്കേണ്ട സ്നേഹവും കരുതലും ഈ ചുരുങ്ങിയ കാലം കൊണ്ട് ഞാൻ അനുഭവിച്ച് തീർത്തിട്ടുണ്ട്,.സ്നേഹം കുറഞ്ഞുപോയതല്ല,നിങ്ങളറിയാത്തൊരു ഭൂതകാലം എന്നെ വല്ലാതെ അലട്ടുന്നുണ്ടെന്ന് ഞാനെങ്ങനെ ഈ മുഖത്തു നോക്കി പറയുമെന്റിശ്വരാ,.ഒരു ചതിയിൽ എന്റെ മാനം മറ്റൊരാൾ കവർന്നെടുത്തതാണെന്ന് ഈ കണ്ണിൽ നോക്കി ഞാൻ പറയുന്നതെങ്ങനെ.. പറയാതിരുന്നാൽ ഞാൻ ചെയ്യുന്നത് ഒരു ചതിയുമായിപ്പോകും., കണ്ണ് തുടച്ചു വീണ്ടും ഭക്ഷണം വാരി വായിലേക്ക് വെച്ചു..കുറ്റബോധത്താൽ ഭക്ഷണംപോലും തൊണ്ടയിൽനിന്നിറങ്ങാത്ത അവസ്ഥ,വേഗത്തിൽ ഭക്ഷണം മതിയാക്കി കൈ കഴുകി ഞാനെഴുന്നേറ്റ് പോകുന്നത് അമ്മച്ചി നിറകണ്ണുകളോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.. കട്ടിലിൽ ഓരോന്നു ആലോചിച്ചു കിടക്കുമ്പോയും ഉള്ളം കലങ്ങിമറിയുകയാണ്.,എന്റെ നിരപരാധിത്തം അമ്മച്ചി മനസ്സിലാക്കുമോ,അതോ അവരുടെ മുന്നിലും ഞാനൊരു വേശ്യയായി മാറിപ്പോകുമോ,.പെറ്റമ്മയോ ഈ മോൾക്ക് പറയാനുള്ളത് കേൾക്കാനുള്ള സാവകാശം കാണിച്ചില്ല,

അതും ഒരു നോവായി എന്നിൽ നീറുന്നുണ്ട്.. അമ്മച്ചിയുടെയും അപ്പച്ചന്റെയും ദാനമാണ് ഇപ്പോഴത്തെ എന്റെയീ ജീവിതം,ഇവിടന്ന് കഴിക്കുന്ന ഭക്ഷണത്തിനെങ്കിലും ഞാൻ നന്ദി കാണിക്കണം..,എന്തായാലും പറയുക തന്നെ,ഇറക്കിവിടുകയാണങ്കിൽ അതും ഞാൻ സന്തോഷത്തോടെ സ്വീകരിക്കും.,ആരുമില്ലാത്തവർക്ക് ദൈവം തുണയുണ്ടാകും.. അടുക്കളയിലെ ജോലിയെല്ലാം കഴിഞ്ഞു അമ്മച്ചി ഹാളിലെ ലൈറ്റും ഓഫ് ചെയ്ത് വരുന്നത് കണ്ട ഞാൻ വേഗത്തിൽ അമ്മച്ചിയുടെ പിന്നിലായി അവരുടെ റൂമിലേക്ക് നടന്നു..കാലിൽ തൈലം പുരട്ടുന്ന തിരക്കിലാണ് അപ്പച്ചൻ..മറ്റൊന്നും ചിന്തിക്കാതെ ഞാനാ റൂമിലേക്ക് കയറിചെന്നു.,നേരെ അമ്മച്ചിയുടെ മുന്നിൽ ചെന്നുനിന്നു.. 'അമ്മേ..'ഞാനറിയാതെ വിളിച്ചു പോയി എന്റെ വിളികേട്ട് ഒന്ന് ഞെട്ടിയ അമ്മച്ചി എന്നെ മുഖത്തേക്ക് നോക്കി മിഴിച്ചിരിക്കുന്ന സമയത്ത് ഞാൻ അടുത്തിരിക്കുന്ന അപ്പച്ചന്റെ കാലിലേക്ക് വീണു.. പതിയെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.. "ഈ മോളോട് പൊറുത്തുതരണം.,നിങ്ങളോട് പറയാതെ മനസ്സിൽ കൊണ്ട് നടപ്പായിരുന്നു ഞാനിത്രകാലം..കടം കൊണ്ടല്ല എനിക്ക് പറ്റിയ ഒരു ചതിയുടെ പേരിലാണ് എന്റെ അച്ഛനും അമ്മയും അനിയൻമാരുമെല്ലാം ആത്മഹത്യ ചെയ്തത്.."

എന്താണ് സംഭവിക്കുന്നതെന്നറിയാതെ അന്തംവിട്ടിരിപ്പായിരുന്നു രണ്ടുപേരും,..ഒരു കഥയെന്നപോലെ എന്റെ ജീവിതവും,പഠിത്തവും സൗഹൃദവും, പ്രണയവുമെല്ലാം എന്നെകൊണ്ട് കഴിയും വിധം നിലയ്ക്കാത്ത കണ്ണീരോടെ ഞാനവർക്ക് മുൻപിൽ പറഞ്ഞുതീർത്തു... എങ്കിലും അമ്മച്ചിയിലും അപ്പച്ചനിലും കാര്യമായ മാറ്റങ്ങളൊന്നും കാണാത്തത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു..എന്റെ സംസാരം കഴിഞ്ഞതും അമ്മച്ചി എഴുന്നേറ്റ് ചെന്ന് അലമാര തുറന്നു..ശേഷം എന്റെ കയ്യിലായി ഒരു കടലാസ്കഷ്ണം വച്ചുതന്നു..എന്റെ കൈകൾ വിറയ്ക്കാൻ തുടങ്ങിയിരുന്നു..അന്ന് അമ്മച്ചി എനിക്കായി എഴുതിവെച്ച ആ ആത്മഹത്യാകുറിപ്പ്.. "എന്നെങ്കിലും എന്റെ മോളത് അമ്മച്ചിയോടും അപ്പച്ചനോടും തുറന്ന്പറയുമെന്ന് ഞങ്ങൾക്കുറപ്പായിരുന്നു..,അന്ന് നിന്നെ താങ്ങിപിടിച്ചു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി നിന്റെ കയ്യിൽ നീയിത് ചുരുട്ടിപിടിച്ചു വെച്ചതായിരുന്നു.,അത് ഞാനന്ന് എടുത്തുമാറ്റി എന്റെ പോക്കറ്റിൽകൊണ്ട്‌ വെച്ചു..എങ്കിലും എനിക്ക് കുറച്ച് കാര്യങ്ങൾക്ക് വ്യക്തത കിട്ടിയിട്ടില്ലായിരുന്നു..നിന്റെ കുടുംബത്തിന്റെ മരണവിവരമറിഞ്ഞു ഒരുത്തിനിന്നെ കാണാൻ വന്നിരുന്നു ആശുപത്രിയിലേക്ക്..നിന്റെ വർഷ..

അവളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ ഒറ്റക്ക് കൊണ്ട് പോയി ചിലതൊക്കെ ചോദിച്ചപ്പോൾ അവൾ കിടന്ന്മറിയുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു..,അവസാനം ഒന്ന് പൊട്ടിക്കേണ്ടി വന്നെനിക്ക് അവളുടെ വായിൽ നിന്നും സത്യമറിയാൻ...നിന്റെ അമ്മയും അച്ഛനും വിചാരിച്ചത് പോലെ നീ മാനംവിറ്റതല്ലെന്നും എല്ലാം ചതിയായിരുന്നെന്നും അപ്പച്ചൻ മനസ്സിലാക്കി..ഇതെല്ലാം ഞാൻ നേരെ വന്നു ഈ നിൽക്കുന്ന നിന്റെ അമ്മച്ചിയോട് പറഞ്ഞപ്പോ ഇവള് തന്നെയാ നിന്നെ ഇങ്ങോട്ടേക്ക് കൊണ്ടുവരാൻ പറഞ്ഞത്..അത് ഞാൻ ചെയ്യുകയും ചെയ്തു,എല്ലാവരുടെയും സമ്മതത്തോടെ നിന്നെയിങ്ങോട്ടേക്ക് കൊണ്ട് വന്ന് നിന്നെ സ്വന്തം മകളെപോലെ വളർത്തി..ഇനി ഒന്ന്കൂടെ പറയാം..നാളെ നിന്നെ പെണ്ണ്കാണാൻ വരുന്നവൻ അവൻ തന്നെയാണ്..നിന്നെ ഈ നിലയിലാക്കിയ നിന്റെ പഴയ കാമുകൻ മാർക്കോ.." അപ്പച്ചന്റെ വായിൽ നിന്നും മാർക്കോയുടെ പേര് കൂടികേട്ടതോടെ ഞാൻ തരിച്ചുനിന്നുപോയി., "അതേമോളെ,അവന്റെ അമ്മയെ അതായത് മംഗലം തറവാട്ടിലെ കല്യാണിയെ ഞാൻ കുറച്ച് ദിവസം മുൻപ് ചെന്നുകണ്ടിരുന്നു.

,നിനക്ക്ക്കോർമ്മ കാണില്ല വർഷങ്ങൾക്ക് മുൻപ് ഇവിടെയായിരുന്നു അവർ താമസിച്ചിരുന്നത്,അവരുടെ പഴയ വാല്യക്കാരനായിരുന്നു നിന്റെയീ അപ്പച്ചൻ..ഒറ്റക്കായിരുന്നില്ല ഞാനാ വീട്ടിൽ പോയത് ..എന്റെ കൂടെ അവളുമുണ്ടായിരുന്നു വർഷ..അവന്റെ അമ്മയുടെ മുന്നിൽ വെച്ച് അവൻ ചെയ്ത് കൂട്ടിയ സകലചെറ്റത്തരവും അവളെകൊണ്ട് തന്നെ പറയിപ്പിച്ചിട്ടാണ് ഞാനന്ന് ഇങ്ങോട്ടേക്കു വണ്ടി കയറിയത്..ഇന്നലെയും അപ്പച്ചൻ പോയത് ആ വീട്ടിലേക്കായിരുന്നു,നിന്റെ കുടുംബത്തിന്റെ കാര്യം കൂടി പറഞ്ഞതോടെ സത്യം മനസ്സിലാക്കിയ കല്യാണിയമ്മ തന്നെയാണ് പറഞ്ഞത് ജയന്റെ ഭാര്യയായി നിന്നെയവിടെക്ക് കൊണ്ട്ചെല്ലണമെന്ന്..മാർക്കോയെന്ന ജയന്റെ ഭാര്യയായി..നീയിനി ഇവിടെയല്ല ജീവിക്കേണ്ടത്, അവിടെയാണ്.. ആ വലിയവീട്ടിൽ മരുമകളായി..നാളെ നിന്നെകാണാൻ അവര് എത്തുമെന്ന് പറഞ്ഞിട്ടുണ്ട്,.." അപ്പച്ചന്റെ ഓരോ വാക്കുകളും കാതിലൂടെ മുഴങ്ങുന്നത് പോലെ തോന്നിപ്പോയി..,മാർക്കോ,നാളെ എന്നെകാണാൻ വരുന്നത് അവന്റെ അമ്മയും.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story