താലി: ഭാഗം 32

thali alrashid

രചന: അൽറാഷിദ് സാൻ

അപ്പച്ചന്റെ ഓരോ വാക്കുകളും കാതിലൂടെ മുഴങ്ങുന്നത് പോലെ തോന്നിപ്പോയി..മാർക്കോ,നാളെ എന്നെകാണാൻ വരുന്നത് അവന്റെ അമ്മയും.. എന്തോ ആലോചനയിൽ ചുറ്റുപാട് പോലും മറന്ന അവസ്ഥയിലായിരുന്നു ഞാനപ്പോൾ,.പതിയെ അമ്മച്ചിയെന്റെ അരികിൽ വന്നിരുന്നു.., എന്റെ മോള് വിഷമിക്കണ്ട,കല്യാണിയെ എനിക്കറിയാം..ആ ജയന് ജന്മം നൽകിയെന്നൊരു തെറ്റെ അവൾ ചെയ്‌തൊള്ളൂ,. നിനക്ക് കിട്ടാവുന്നതിൽ വെച്ചേറ്റവും നല്ല പരിഹാരം തന്നെയാണ് അവളിനി ചെയ്യാൻ പോണതും.,നീയിനി അവന്റെ ഭാര്യയായി ജീവിക്കണം,ഇത്രയും സഹിച്ചും ക്ഷമിച്ചും ജീവിച്ച എന്റെ മോൾക് അവന്റെ കൂടെയുള്ള ജീവിതം നിസ്സാരമായതാണ്.. ഒരായുഷ്ക്കാലം അവന്റെ കണ്ണീർകൊണ്ട് നിന്റെ കാൽ കഴുകിയാലും അവൻ ചെയ്തുപോയ പാപക്കറ മായാൻ പോണില്ല.,എങ്കിലും എല്ലാം മേലെ ഒരാൾ കാണുന്നുണ്ടല്ലോ.,എനിക്കുറപ്പുണ്ട് മോളെ,,നീയീ സഹിച്ചതിനൊക്കെയും ദൈവം നിനക്ക് ഇരട്ടിയായി തിരിച്ചുതരും നല്ലൊരു ജീവിതത്തിന്റെ രൂപത്തിൽ.. അമ്മച്ചിയുടെ വാക്കുകൾ ശെരിയാണന്ന അർത്ഥത്തിൽ അപ്പച്ചനും എന്നെ നോക്കി തലകുലുക്കുന്നുണ്ടായിരുന്നു..ഇവര് പറയുന്നത് ശെരിയായിക്കാം,എങ്കിലും മാർക്കോ ഈ ബന്ധത്തിന് സമ്മതിക്കുമെന്ന് തോന്നുന്നില്ല,

ഇനിയവൻ സമ്മതിച്ചങ്കിൽ കൂടി അവനോടൊപ്പമുള്ള ജീവിതം നരകതുല്യമായിരിക്കുമെന്നതിൽ സംശയമില്ല., മറുപടിയായി എനിക്കൊന്നും പറയാൻ കഴിയുന്നില്ല.,അല്ല പറയാനായി മറുപടിയെന്റെ കയ്യിലില്ല എന്നതാണ് സത്യം.,അവരുടെ തീരുമാനങ്ങൾ ഉറച്ചതാണെന്ന് ആ മുഖം കണ്ടാലറിയാം,ഇത്രകാലം അനുഭവിച്ച സ്നേഹത്തിനും വാത്സല്യത്തിനും പകരം നൽകാൻ എന്റെകയ്യിലീ ജീവിതം മാത്രമേയുള്ളൂ,.ജന്മം കൊണ്ട് മാതാപിതാക്കളല്ലെങ്കിലും എന്റെ അച്ഛനും അമ്മയും ഇവർ തന്നെയാണ്.. "എല്ലാം അപ്പച്ചന്റെ തീരുമാനം പോലെ നടക്കട്ടെ.." ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ചുകൊണ്ട് ഞാനെന്റെ സമ്മതമറിയിച്ചു,.അമ്മച്ചി കണ്ണ്തുടച്ച് ദൈവത്തെ സ്തുതിക്കുന്നത് ഞാൻ പുഞ്ചിരിയോടെ നോക്കി നിന്നു.,പതിയെ റൂമിലേക്ക് നടന്നു..,നേരെ വന്നു കട്ടിലിൽ കിടന്നു വേണ്ടും ചിന്തകളിലേക്ക്.. മനുഷ്യജീവിതം ഒന്നായ് മാറിമറിയുന്നൊരു നിമിഷമുണ്ടെന്നു എവിടെയോ വായിച്ചതോർമയുണ്ട്,.ഞാനിതാ അതിപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു.,ഒരിക്കൽ നഷ്ടപെട്ടുപോയ ജീവിതം ഇനി ഒന്നിൽ നിന്നും തുടങ്ങണം.,അതും എന്റെ ജീവിതം വഴിയാധാരം ആക്കിയവന്റെ കൂടെ ജീവിച്ചുകൊണ്ട്..സങ്കടം തോന്നുന്നില്ല,സഹതാപമാണ് എനിക്കെന്നോട് തന്നെ..

ആഗ്രഹിച്ചതല്ലെങ്കിലും ഞാൻ കാരണം അപ്പച്ചന് മറ്റുള്ളവരുടെ മുന്നിൽ തലതാഴ്ത്തരുത്.,അതിനീ ജീവൻ നൽകാനും ഞാൻ തയ്യാറാണ്.,ഇനിയവന്റെ കൂടെയുള്ള ജീവിതം തീർത്തും ദുഷ്കരമാണെന്ന് എനിക്കറിയാമായിരുന്നിട്ട് കൂടി പൂർണമനസ്സോടെ ഞാൻ സമ്മതമറിയിച്ചതും അത്കൊണ്ട്തന്നെയാണ്.. മാർക്കോ,മനസ്സിലെന്നോ ഒരു പ്രതിഷ്ടയായി അവനെ കുടിയിരുത്തിയവളാണ് ഞാൻ..ആഴത്തിൽ ഇറങ്ങിപ്പോയതു കൊണ്ടാവാം പിഴുതുമാറ്റാനാവാത്ത വിധം അവൻ അവിടെ തന്നെ ഉറച്ചുപോയത്.,ഇത്രയൊക്കെ എന്നെ അനുഭവിപ്പിച്ചിട്ടും ഉള്ളിലെവിടെയോ ഞാനിപ്പോയും അവനെ പ്രണയിക്കുന്നില്ലേ.,ഉണ്ട് ഓർമിക്കുന്തോറും ഉള്ളിലൊരു കനലായി അവൻ ചെയ്ത്കൂട്ടിതൊക്കെയും എരിഞ്ഞു നീറുന്നുണ്ടെങ്കിലും അവന്റെ പുഞ്ചിരിക്കുന്ന മുഖം എന്നെയേതോ മായാലോകത്തിലേക്ക് കൊണ്ടെത്തിക്കാറുണ്ട്..പ്രണയത്തിന് ചില നേരത്ത് നിസ്സഹായതയുടെ ഒരു മുഖം കൂടിയുണ്ട്..അതായിരിക്കാം ഇങ്ങനെയൊക്കെ.. അന്ന് അമ്മയുടെ പുഞ്ചിരിക്കുന്ന മുഖം സ്വപ്നം കണ്ടിരുന്നു ഞാൻ,.സ്വപ്നമാണെങ്കിൽ കൂടി എന്നെ ചേർത്ത് പിടിച്ചു അമ്മയോട് പൊറുക്കണേ മോളെയെന്ന് പറയുന്നതും അച്ഛൻ നിറകണ്ണുകളോടെ എന്നെ കെട്ടിപിടിച്ചു കരയുന്നതും സ്വപ്നത്തിൽ ഞാൻ കണ്ടിരുന്നു.,

ഒരുപക്ഷെ എന്റെ നിരപരാധിത്തം അവർ മനസ്സിലാക്കിയിരിക്കണം.,അല്ലെങ്കിൽ ഇനിയുള്ള എന്റെ ജീവിതത്തിനുള്ള അവരുടെ അനുഗ്രഹമാവാം അത്.,. രാവിലെ ഉറക്കമുണർന്നു നേരെ അമ്പലത്തിലേക്ക്., അപ്പച്ചനും ഉണ്ടായിരുന്നു കൂടെ.. 'മോള് ചെല്ല്.,അപ്പച്ചൻ അപ്പൊയെക്കും മാതാവിനൊരു മെഴുകുതിരി കത്തിച്ചേച്ചും വരാമെന്ന്' പറഞ്ഞു എന്നെ പടിവാതിൽക്കൽ ആക്കികൊണ്ട് അപ്പച്ചൻ അടുത്തുള്ള പള്ളിയിലേക്ക് നടന്നുനീങ്ങുന്നത് പുഞ്ചിരിയോടെ ഞാൻ നോക്കിനിന്നു.,ദൈവം ചിലപ്പോയൊക്കെ മനുഷ്യരായി ഭൂമിയിൽ ജന്മം കൊള്ളാറുണ്ടെന്നത് എത്രയോ ശരിയാണ്...ഒരു മകളില്ലാത്ത വിഷമം എന്നെ സ്നേഹിച്ചുകൊണ്ട് തീർക്കുന്നുണ്ട് ആ പാവം.. സംഹാരമൂർത്തിയായ ശിവന്റെ പ്രതിഷ്ടക്ക് മുൻപിൽ കൂപ്പുകൈകളോടെ ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.,ക്ഷമ മാത്രമെനിക്ക് കൂടുതൽ കൂടുതൽ നൽകണമെന്നെ പ്രാർത്ഥിച്ചുള്ളൂ,ഇനിയുള്ള കാലം എനിക്കതുമാത്രം മതിയാകും സന്തോഷത്തോടെ ജീവിക്കാൻ..പ്രാർത്ഥനകഴിഞ്ഞു നേരെ പുറത്തേക്ക്.,എന്നെയും കാത്തിരിക്കുന്ന അപ്പച്ചന്റെ കൈപിടിച്ച് നേരെ വീട്ടിലേക്കും.. അടുക്കളയിൽ വരുന്നവർക്കുള്ള ആഹാരം തയ്യാറാക്കുന്ന തിരക്കിലാണ് അമ്മച്ചി.,അമ്മച്ചിയെ സഹായിച്ചു

അടുക്കളയിൽ നിൽക്കുന്നതിനിടയിൽ ദൂരെ നിന്നും വെളുത്തനിറത്തിലുള്ള കാറുകൾ വീടിനെ ലക്ഷ്യമാക്കി വരുന്നത് കണ്ടതോടെ ഞാൻ കൈ കഴുകി നേരെ മുകളിലുള്ള റൂമിലേക്കോടി വാതിലടച്ചു കുറ്റിയിട്ടു., ഹൃദയം വല്ലാതെ വേഗത്തിൽ മിടിക്കാൻ തുടങ്ങി.,തൊണ്ടവരണ്ടത് പോലെ..എന്തോ ആകെ ഒരു തരം വെപ്രാളമെന്നെ പിടികൂടിയിരുന്നു.., തുറന്നിട്ട ജനലിന്റെ കർട്ടൺ പാതിമാറ്റി ഞാൻ മുറ്റത്തേക്കും നോക്കിയിരുന്നു.,വേഗത്തിൽ ആ രണ്ടുകാറുകളും പൊടിപറത്തിക്കൊണ്ട് മുറ്റത്തുവന്നുനിന്നു.., ഡോർ തുറന്ന് ഇറങ്ങിയത് അവരായിരുന്നു. കല്യാണി.,മാർക്കോയുടെ അമ്മ..മംഗലം തറവാട്ടിലെ തമ്പുരാട്ടിയാണ്..ഉടുത്തിരിക്കുന്ന പട്ടുസാരിയുടെ പളപളപ്പിൽ അവരുടെ മുഖത്തേക്ക് പോലും നോക്കാനാവുന്നില്ല.,കാറിന്റെ ഡോർ വലിച്ചടച്ച് കൊണ്ട് അവർ ഹാളിലേക്ക് നടന്നുനീങ്ങി ഇടയ്ക്കെപ്പോയോ ഞാൻ നിൽക്കുന്ന ഭാഗത്തേക്കും അവരൊന്നു നോക്കിയിരുന്നു..അവർക്ക് മുൻപിൽ കൂപ്പു കൈകളോടെ സ്വീകരിച്ചിരുത്തുന്ന അപ്പച്ചനും.. വടിവൊത്ത ശരീരം.,ശാലീന സൗന്ദര്യം,മുഖത്തു ഫിറ്റ് ചെയ്ത് വെച്ചതുപോലെ മിന്നിമറയുന്ന പുഞ്ചിരി.,കണ്ടാൽ അവന്റെ അമ്മയാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്.,അവരെന്തൊക്കെയോ കുശലം പറയുന്ന ശബ്ദം താഴെനിന്നും കേൾകാം.,

കൈ വിറച്ചു തുടങ്ങിയിട്ടുണ്ട്.. ആലോചനയിൽ മുഴുകിയിരിക്കുന്ന സമയം സുമേ എന്ന അമ്മച്ചിയുടെ നീട്ടിയുള്ള വിളിയാണ് എന്റെ ശ്രദ്ധിതിരിച്ചത്.,ഞെട്ടികൊണ്ട് ഞാൻ വേഗത്തിൽ വാതിൽതുറന്നു.. "എന്താ മോളെ അവര് ദേ നിന്നെ തിരക്കുന്നുണ്ട്.,കുളിയൊക്കെ കഴിഞ്ഞതല്ലേ,വേഗത്തിൽ ആ സാരിയുടുത്ത് താഴെക്ക് വാ..അവരൊക്കെ വലിയ തിരക്കുള്ള ആൾകാരാണ്..എന്റെ മോൾക് മേക്കപ്പിന്റെ ആവിശ്യന്നുല്ലല്ലോ അല്ലേലും ഭംഗിയല്ലേ.,വേഗം വാ ട്ടോ..അമ്മച്ചി ഭക്ഷണം എടുത്തുവെക്കട്ടെ അപ്പോയേക്കും.," തിരിച്ചെന്തെങ്കിലും ചോദിക്കുന്നതിന് മുൻപേ അമ്മച്ചി വാതിലടച്ച് പുറത്തേക്ക് നടന്നിരുന്നു.,മുന്നിൽ പോയി നില്കാനുള്ള നാണംകൊണ്ടല്ല,.എന്തോ എന്റെ മനസ്സതിന് സമ്മതിക്കുന്നില്ല..അതിന് ഞാൻ യോഗ്യതയുള്ളവളല്ലെന്നുള്ള തോന്നൽ എന്നെ പുറകോട്ട് വലിച്ചുകൊണ്ടിരുന്നു.. അണിഞൊരുങ്ങാൻ തോന്നിയില്ല,ഉടുത്തിരുന്ന ചുരിദാർ തന്നെ ധാരാളമെന്ന് തോന്നി,കണ്ണാടിയിൽ മുഖം നോക്കിയില്ല,നെറ്റിയിൽ പൊടിഞ്ഞിരുന്ന വിയർപ്പ്കണങ്ങൾ കൈകൊണ്ട് തുടച്ചുമാറ്റി ഞാൻ സ്റ്റെപ്പുകളിറങ്ങി താഴെക്ക് നടന്നു.. പാദസരമണിഞ്ഞ എന്റെ കാലൊച്ച കേട്ടതിനാലാവാം വാതോരാതെ സംസാരിക്കുകയായിരുന്ന ജയന്റെ അമ്മ പെട്ടന്ന് തന്നെ സംസാരം നിർത്തി സ്റ്റെപ്പുകളിലേക്കും നോക്കിയിരുന്നത്,.എന്നെ കണ്ടതും ആ മുഖവും കണ്ണുകളും ഒരുപോലെ വിടരുന്നത് ഞാൻ ശ്രെദ്ധിച്ചിരുന്നു.,

പതിയെ അവർ എന്റെ മുഖത്തുനിന്ന് കണ്ണെടുക്കാതെ തന്നെ എഴുന്നേറ്റ് നിന്നു..ചുണ്ടുകൾ കൊണ്ടെന്തോ മന്ത്രിക്കുന്നുണ്ടായിരുന്നു ആ സ്ത്രീ.. "ഇത്.." എന്റെ മുഖത്തുനോക്കി സംശയരൂപേണയുള്ള അവരുടെ ചോദ്യത്തിന് മറുപടി നൽകിയത് അമ്മച്ചിയാണ്.. "ഇത് തന്നെയാണ് സുമ കല്യാണിചേച്ചി..." നീണ്ട ഒരു നെടുവീർപ്പിന് ശേഷം അവർ എന്റെ അടുത്തേക്ക് നടന്നുവന്നു.. "ഇത്രയ്ക് ഭംഗി ഞാൻ പ്രതീക്ഷിച്ചില്ല ത്രേസിയാമ്മേ..,സത്യത്തിൽ എനിക്കിപ്പോ വല്ലാതെ സമാധാനം തോന്നുന്നുണ്ട്,.ജയൻ ചെയ്ത ചതിയിൽ ജീവിതം തുലഞ്ഞുപോയവൾ ആരായിരുന്നാലും ആ വിവാഹം ഞാൻ നടത്താൻ തന്നെ തീരുമാനിച്ചതാണ്..എങ്കിലും നാലാൾക്കാർക്കിടയിൽ കൊണ്ട് ചെന്ന് ഇതെന്റെ മരുമകളാണെന്ന് പറയാൻ അല്പമെങ്കിലും സൗന്ദര്യം വേണമെന്ന് ദേ ഇവിടെ എത്തുംവരെ പ്രാർത്ഥിക്കുകയായിരുന്നു ഞാൻ..ഭഗവാൻ ആ പ്രാർത്ഥന കേട്ടു..സമാധാനം.." പെട്ടെന്നെന്തോ വെളിപാട് വന്നത്പോലെ അവർ നിശബ്ദയായി.,അവരുടെ മുഖത്തെ പുഞ്ചിരി പെട്ടന്ന് മായുന്നത് കൗതുകത്തോടെ ഞാൻ നോക്കിനിന്നു., സാവധാനത്തിൽ അവർ തിരികെ വന്നു സോഫയിലിരുന്നു.. "ദേവസി നാടൊട്ടുക്കെ വിളിച്ചു ഗംഭീരമായിത്തന്നെ ഇവളുടെയും ജയന്റെയും വിവാഹം നടക്കണം..

അവന്റെ സമ്മതം പെറ്റതള്ളയായ എനിക്കാവിശ്യമില്ല,തീയതിയും മുഹൂർത്തവും വഴിയേ ഞാനറിയിക്കാം.," അമ്മച്ചി കുടിക്കാൻ കൊണ്ടുവന്നവെള്ളം അവർ കുറുകെ കൈവെച്ച് നിരസിച്ചു.,കൂടെ വേണ്ടാ എന്നർത്ഥത്തിൽ ഒരു തലതിരിക്കലും.. എല്ലാവരെയും ഒന്ന് തറപ്പിച്ചു നോക്കിയ ശേഷം അവർ വേഗത്തിൽ സോഫയിൽ നിന്നെഴുന്നേറ്റ് പുറത്തേക്ക് നടന്നു.. "ജയൻ ഇതറിഞ്ഞിട്ടില്ല,അറിഞ്ഞാൽ ഇതെങ്ങനെയൊക്കെ മുടക്കാൻ കഴിയോ അതിനൊക്കെ അവൻ ശ്രമിച്ചുകൊണ്ടിരിക്കും.,അവനെ ഒന്ന് ശ്രദ്ധിക്കണം.,അത്രേയൊള്ളൂ..എങ്കിലും മംഗലം കല്യാണിയമ്മയാണ് പറയുന്നത്..ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഈ വിവാഹം നടന്നിരിക്കും.." അത്രയും പറഞ്ഞ ശേഷമാ സ്ത്രീ കാറിലേക്ക് കയറി.,മിന്നൽ വേഗത്തിൽ കാർ ഗേറ്റും കടന്നുപോകുന്നത് ഒരു സ്വപ്നലോകത്തിലെന്ന പോലെ ഞാൻ നോക്കിനിന്നു.,,.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story