താലി: ഭാഗം 33

thali alrashid

രചന: അൽറാഷിദ് സാൻ

അത്രയും പറഞ്ഞ ശേഷം ആ സ്ത്രീ കാറിലേക്ക് കയറി.,മിന്നൽ വേഗത്തിൽ കാർ ഗേറ്റും കടന്നുപോകുന്നത് ഒരു സ്വപ്നലോകത്തിലെന്നപോലെ ഞാൻ നോക്കിനിന്നു.., ചിന്തയിലാണ്ട് പുറത്തേക്ക് നോക്കിയിരിന്നു കുറച്ച് നേരം.,നിമിഷങ്ങൾകൊണ്ടാണ് എന്റെ ജീവിതം മാറിമറിഞ്ഞത്,.തീർത്തും ഇരുട്ടിലായിരുന്നന്റെ ജീവിതം വെളിച്ചം കാണാൻ തുടങ്ങിയിരിക്കുന്നു.. "ഇനി നിന്റെ സമയമാണ്,ദൈവം നിനക്കായി നീട്ടിവെച്ച സമയം.,സന്തോഷത്തോടെ ജീവിച്ചിരുന്ന നിന്നെയീ ഗതിയിലാക്കിയവന്റെ സ്ഥാനം ഇനിമുതൽ നിന്റെ കാൽചുവട്ടിലാണ്,കുറച്ച് കൂടി ക്ഷമിക്കണം നമ്മൾ..അവന്റെ നാശം നിന്റെ കൈകൾകൊണ്ടാവണം,കണക്കുകൾ തീർക്കാനുള്ളതാണ് മോളെ..ഇങ്ങനെയൊരവസരം എല്ലാവർക്കും കിട്ടിക്കോണമെന്നില്ല.," എന്റെ പുറകിൽ നിന്നും അത്രയും പറയുമ്പോൾ അപ്പച്ചന്റെ ചുണ്ടിൽ ഒരു ചിരിയുണ്ടായിരുന്നു,ആരെയും പേടിപ്പെടുത്തുന്ന ഒരു പുഞ്ചിരി..,പ്രതികാരദാഹിയായ ഒരുവന്റെ പുഞ്ചിരി.. അതേ എന്നർത്ഥത്തിൽ തലകുലുക്കി ഒപ്പം അമ്മച്ചിയും..

അത് കേട്ടതോടെ നിസ്സഹായാവസ്ഥയിലും എന്റെ രക്തം തിളയ്ക്കുന്നത് ഞാനറിഞ്ഞിരുന്നു.,അവന്റെ ചെയ്തികളെല്ലാം ഒരു കൊള്ളിയാൻ പോലെ കണ്ണിലൂടെ മിന്നിമറഞ്ഞു പൊയ്ക്കൊണ്ടിരുന്നു..,ശെരിയാണ്,അവന്റെ പാപങ്ങൾക്കുള്ള പ്രതിവിധി ചെയ്യണ്ടവൾ ഞാനാണ്..അതിന് ഞാൻ അർഹതയുള്ളവളാണ്.. എന്റെ മുഖത്തേക്കും നോക്കിയിരിക്കുന്ന അപ്പച്ചനും അമ്മച്ചിക്കും മുന്നിൽ അന്നാദ്യമായി ഞാനൊന്ന് മനസ്സറിഞ്ഞു പുഞ്ചിരിച്ചു.,സുമ എന്ന പാവം പെണ്ണിൽ നിന്നും സംഹാരതാണ്ടവമാടുന്ന ഭദ്രകാളിയിലേക്കുള്ള പെട്ടന്നുള്ള ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു അത്.. റൂമിലേക്ക് നടക്കാൻ ഒരുങ്ങിപ്പോയാണ് പെട്ടന്ന് പിന്നിൽ നിന്ന് കാറിന്റെ ഹോൺ ശബ്ദം മുഴങ്ങിയത്...വീടിന്റെ ഗേറ്റും കഴിഞ്ഞു ചുവന്നനിറത്തിലുള്ള ബെൻസ് കാർ മുറ്റത്ത് വന്നുനിന്നു.,പൊടിപടലങ്ങൾക്കിടയിൽ നിന്നും വലതുകാൽ വെച്ചു കയറിവന്നവനെ കണ്ട് ഒരു നിമിഷം എന്റെ കണ്ണുകൾ വിടർന്നിരുന്നു...മാർക്കോ, ചുണ്ടിൽ പാതിയെരിഞ്ഞു തീർന്ന സിഗരറ്റ് നീട്ടിവലിച്ച ശേഷം അവൻ നിലത്തിട്ട് ചവിട്ടിയരച്ചു,

.മുറ്റത്ത് വന്നുനിൽക്കുന്ന അഥിതി ആരെന്നറിയാതെ അവനെ സൂക്ഷിച്ചുനോക്കിനിൽപ്പായിരുന്നു അപ്പച്ചനും അമ്മച്ചിയും..മുഖത്തു വെച്ചിട്ടുള്ള കൂളിംഗ്ഗ്ലാസ് മടക്കി പോക്കറ്റിൽ വെച്ചശേഷം അവൻ ഹാളിലേക്ക് നടന്നു കയറി,അപ്പോഴും അവന്റെ കണ്ണ് എന്നിലേക്കായിരുന്നു.. "ഞാൻ ജയൻ,ജയരാജൻ..മംഗലംവീട്ടിലേ കല്യാണിയമ്മയുടെ മകനാണ്..കുടുംബത്തു ചെന്നു കയറിയപ്പയാ ഇവിടെ വെപ്രാളപെട്ട് എന്റെ കല്യാണാലോചന നടക്കുന്നുണ്ടെന്നു കേട്ടത്..എന്നാ അതിന്റെ മുറക്ക് പെണ്ണിനേം വീട്ടുകാരെയും ഒന്ന് കാണാമല്ലോന്ന് വെച്ച് വന്നതാ.." എന്റെ മുഖത്തുനിന്നും കണ്ണെടുക്കാതെ ചിരിയോടെയുള്ള അവന്റെ സംസാരം കേട്ട് അപ്പച്ചന്റെ നെറ്റിചുളിയുന്നത് ഞാൻ ശ്രെദ്ധിച്ചിരുന്നു.. "ഇരിക്കാം.." മുന്നിലുള്ള കസേരയിലേക്ക് കൈകാണിച്ച് അപ്പച്ചൻ അവന് കുടിക്കാൻ വെള്ളം കൊണ്ടുവരാൻ അമ്മച്ചിയോട് തല കൊണ്ട് ആംഗ്യം കാണിച്ചു.,.ചുറ്റുപാടും ഒന്ന് ശ്രദ്ധിച്ച ശേഷം മാർക്കോ കസേരയിൽ വന്നിരുന്നു..അവനപ്പോയും എന്റെ മുഖത്തുനോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു..,

അവന് മുഖം നൽകാതെ ഞാൻ പുറത്തേക്കും കണ്ണുനട്ടിരുന്നു.,ഉള്ളിൽ ഒരഗ്നിപർവതം പുകയുന്നുണ്ട്,ക്ഷമിച്ചു നിൽക്കുകയല്ലാതെ നിവർത്തിയില്ല,വാതിലിന്റെ ഒരുഭാഗത്തേക്ക് മാറിനിന്നുകൊണ്ട് ഞാൻ താഴെക്കും നോക്കിനിന്നു., ചുമലിൽ ഒരു കൈസ്പർശമറിഞ്ഞതോടെ തിരിഞ്ഞുനോക്കിയ ഞാൻ കണ്ടത് കയ്യിലൊരു ഗ്ലാസ്‌ ചായയുമായി വന്നുനിൽക്കുന്ന അമ്മച്ചിയെ.,അവന്റെ അരികിലേക്ക് പോകാൻ കൂട്ടാക്കാതെ നിന്നതോടെ 'എല്ലാം അതിന്റെ മുറക്ക് നടക്കട്ടെ മോളെ'യെന്ന് അമ്മച്ചിയുടെ വാക്കുകൾ.. ഇത്രയും സഹിച്ച നീയിനി എന്തിനെ ഭയക്കണം എന്നാണ് ആ വാക്കിന്റെ അർത്ഥമെന്ന് മനസ്സിലാക്കാൻ എനിക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല,ഒരു ചിരി മറുപടി നൽകി ഗ്ലാസ്‌ എന്റെ കയ്യിലേക്ക് വാങ്ങി നേരെ അവന്റെ മുൻപിലേക്ക്.. ഒരണു തൂക്കം ഭയമെന്നെ പിടികൂടിയിരുന്നില്ല,കൈകൾ വിറച്ചില്ല,മുൻപോട്ട് വയ്ക്കുന്ന ഓരോ ചുവടും അവനിലേക്കുള്ള എന്റെ പ്രതികാരത്തിന്റെ ദൂരം കുറയ്ക്കുകയാണെന്ന ചിന്ത എനിക്ക് ധൈര്യം നൽകികൊണ്ടേയിരുന്നു.. അവന്റെ കൈകളിലേക്ക് ഗ്ലാസ്‌ വെച്ചുകൊടുക്കുമ്പോൾ എന്റെ കണ്ണുകൾ അവന്റെ മുഖത്തേക്ക് മാത്രമായിരുന്നു..ആദ്യമൊന്നു ചിരിച്ചുകാണിച്ചങ്കിലും പതിയെ ആ ചിരിമാഞ്ഞു ദേഷ്യം തളംകെട്ടാൻ തുടങ്ങിയിരുന്നു അവന്റെ മുഖത്ത്.

.വെളുത്ത് തുടുത്ത മുഖം പതിയെ ചുവക്കാൻ തുടങ്ങിയിരുന്നു.. "അപ്പച്ചൻ അകത്തേക്ക് പൊയ്ക്കോളു.,ഞങ്ങൾക്ക് കുറച്ച് സംസാരിക്കാനുണ്ട്.." ചിരിച്ചുകൊണ്ടുള്ള എന്റെ സംസാരം കേട്ട് മുഖത്തോടടുപ്പിച്ച ചായഗ്ലാസ്‌ അവൻ പെട്ടന്ന് ടേബിളിൽ വെച്ച് എന്റെ മുഖത്തേക്കും നോക്കിയിരുന്നു..അവനെ ഒന്ന് ആക്കി ചിരിച് ശേഷം അപ്പച്ചൻ എഴുന്നേറ്റ് ഉള്ളിലേക്ക് നടന്നു,കൂടെ അമ്മച്ചിയും.. പോക്കറ്റിൽ നിന്നും ഒരു സിഗരറ്റെടുത്ത് ചുണ്ടിൽ വെച്ച് അതിന് തീകൊളുത്തി ആഞൊരു പുകയെടുത്ത ശേഷം അവൻ എഴുന്നേറ്റ് നിന്നു.. "എന്താണ് നിന്റെ ഉദ്ദേശം,എന്റെ ഭാര്യയായി കെട്ടിലമ്മ ചമയാനോ,.അത് സ്വപ്നത്തിൽ പോലും നടക്കുമെന്ന് നീ വ്യാമോഹി ക്കേണ്ട..അന്നെന്റെ ആവിശ്യം തീർന്ന ശേഷം കൊന്ന്തള്ളേണ്ടതായിരുന്നു നിന്നെ ഞാൻ..പക്ഷെ ചെയ്തില്ല..പാവം തോന്നിയത് കൊണ്ടല്ല..അങ്ങനെ ഒറ്റയടിക്ക് തീർക്കാൻ ഉദ്ദേശമില്ലെനിക്ക് നിന്നെ..പിന്നേ നിന്റെ കുടുംബം..അന്നത്തെ ആ ചൂടൻ രംഗങ്ങൾ അവരെയൊന്ന് കാണിച്ചു നിന്നെയൊന്ന് പേടിപ്പിക്കണമെന്നെ ഞാൻ കരുതിയിരുന്നുള്ളൂ,പക്ഷെ പിറ്റേന്നാ അറിയുന്നേ അവരെല്ലാവരും കെട്ടിതൂങ്ങി ചത്തെന്ന്..ഹ അതെങ്ങനെയാ പാവംപിടിച്ച നിന്റെ അച്ഛനും അമ്മയുമെല്ലേ അത്രയേ ധൈര്യം കാണൂ.."

അവന്റെ സംസാരം കേട്ട് ദേഷ്യം വന്നെന്റെ കൈകൾ വിറയ്ക്കാൻ തുടങ്ങിയിരുന്നു..മുന്നിലുള്ള ചാരുകസേരയുടെ കയ്യിൽമുറുകെ പിടിച്ചുഞാനെന്റെ അരിശം തീർത്തു., "അത് വിട്,നിന്നെ പെണ്ണ് കാണാനല്ല ഒരു കാര്യം പറയാൻ വന്നതാണ് ഞാൻ.,ദാ ബ്ലാങ്ക് ചെക്കാണ്,നിനക്ക് ആവിശ്യമുള്ളത് എത്രയെന്ന് വെച്ചാൽ എഴുതിയെടുക്കാം.,ഇതിൻമേൽ തീരണം എല്ലാതും..അല്ലെങ്കിൽ തീർക്കാൻ എനിക്കറിയാം,ഇനി അങ്ങനൊരു പാപം കൂടി എന്നെകൊണ്ട് ചെയ്യിപ്പിക്കരുത്.." ഒന്നാലോചിച്ച ശേഷം അവൻ മേശയിലേക്കിട്ട ചെക്കും പേനയും ഞാൻ കയ്യിലെടുത്തു.,പുഞ്ചിരിയോടെ അതിൽ "ഒന്ന്" എന്നെയുതിയ ശേഷം ചെക്ക് കീറി ഞാനവന് നൽകി...സംശയരൂപേണ എന്റെ മുഖത്തേക്കും നോക്കിയിരിക്കുന്ന അവന്റെ മുന്നിൽ ഞാൻ ചെന്നുനിന്നു.. "ഇത് ഞാൻ നിന്റെ മാനത്തിനിട്ട വിലയാണ്,ചായ കുടിച്ചുകഴിഞ്ഞങ്കിൽ പോവാം നിനക്ക്.,എല്ലാം മുറപോലെ നടന്നോട്ടെ..നിനക്കീ കല്യാണത്തിന് സമ്മതമാണ്,അല്ലെങ്കിൽ നീ സമ്മതിക്കും...എന്നെകൊണ്ട് ഇതിനപ്പുറം നീ ചെയ്യിപ്പിക്കരുത് മാർക്കോ.." എന്റെ വാക്കുകൾ കേട്ട് വെളിച്ചപ്പാടിനെപ്പോലെ ഉറിഞ്ഞുതുള്ളുന്ന അവന് ഒരു പുഞ്ചിരിനൽകിയ ശേഷം തിരിഞ്ഞു റൂമിലേക്ക് നടന്നു.. "ഒന്ന് നിൽക്ക് സുമേ,നീ എല്ലാം തീരുമാനിച്ചുറപ്പിച്ചതാണോ.."

"അതേ.." "ഇതിൽ ഇനിയൊരു മാറ്റമുണ്ടാവില്ല.." "ഇല്ല.." "എങ്കിൽ കാണാം നമുക്ക്.,ഒന്നെങ്കിൽ നീ അല്ലെങ്കിൽ ഞാൻ, ആരെങ്കിലും ഒരാളെ ഇനി വാഴുകയൊള്ളു.,എണ്ണിത്തുടങ്ങിക്കോ നീ ഈ മാർക്കോയുമായുള്ള ഒരു അങ്കത്തിന്..." "നീയൊരു സുമയേ ഇതുവരെ കണ്ടിരുന്നൊള്ളൂ മാർക്കോ,നിന്റെ മുന്നിൽ നാണിച്ചു തലതാഴ്ത്തിയിരുന്ന,നിന്റെ ശബ്ദമൊന്നു പൊങ്ങിയാൽ വായടച്ചിരുന്ന സുമ..ഇനിയും ഞാനങ്ങനെ തന്നെയായിരിക്കുമെന്ന് കരുതിയെങ്കിൽ നിനക്ക് തെറ്റിപ്പോയി.,നീ നിന്നെക്കൊണ്ട് ആവും വിധം ശ്രമിക്ക്,എന്നെകൊണ്ട് കഴിയും പോലെ ഞാനും ശ്രമിക്കാം..ഇതെങ്ങനെ തീരണമെന്ന് ദൈവം കണക്കുകൂട്ടി വെച്ചിട്ടുണ്ടാവും..അതങ്ങനെയെ നടക്കൂ,അല്ലെങ്കിൽ ഈ സുമയത് നടത്തും.." എന്റെ വാക്കുകൾ ഉറച്ചതായിരുന്നു.,അവന്റെ മുഖത്ത് നിരാശയും ഒപ്പം അത്ഭുതവും മിന്നിമറയുന്നതും ഞാൻ കണ്ടിരുന്നു..കയ്യിലുള്ള ചെക്ക്ബുക്ക്‌ ദൂരെക്ക് വലിച്ചെറിഞ്ഞ ശേഷം അവൻ കാറിൽ കയറി വേഗത്തിൽ ഓടിച്ചുപോകുന്നത് ചിരിയോടെ ഞാൻ നോക്കിനിന്നു.. എല്ലാം കണ്ട്നിന്ന അപ്പച്ചൻ നടന്നുവന്നെന്റെ ചുമലിൽ കൈവെച്ചു.. "പെണ്ണന്നാൽ അഗ്നി എന്നൊരർത്ഥം കൂടിയുണ്ട് മോളെ.,സർവവും സംഹരിക്കാൻ കഴിവുള്ളവൾ.,ഈ ചെറിയ പ്രായത്തിലെ ഇത്രയേറേ വേദന തിന്നേണ്ടി വന്നില്ലേ നിനക്ക്,.

ഇത്രയൊക്കെ അനുഭവിച്ചിട്ടും ഈ ക്ഷമിച്ചുജീവിക്കുന്നതിൽ എന്തർത്ഥമാണുള്ളത്.,നീ പോകണം അവന്റെ ഭാര്യയായി ആ വലിയവീട്ടിലെ തമ്പുരാട്ടിയായി കഴിയണം,പതിയെ നീ അവന്റെ നാശത്തിലേക്ക് കടക്കണം,സാവധാനത്തിൽ പതുക്കെ പതുക്കെ അവനെ വേദനിപ്പിച്ചുകൊണ്ടിരിക്കണം.." മറുപടിയായി ഒന്നും പറഞ്ഞില്ല,.നേരെ റൂമിലേക്ക് നടന്നു..പെട്ടന്നുള്ള ഒരു മാറ്റം എനിക്ക് സാധ്യമല്ല,അതിന് കുറച്ച് സമയം വേണം.കുറച്ച് നേരം കട്ടിലിൽ ചെന്ന് കിടന്നു... വൈകുന്നേരം അടുക്കളയിൽ അമ്മച്ചിയോട് സംസാരിച്ചിരിക്കുന്ന സമയം,ഒരു ചിരിയോടെ അപ്പച്ചൻ അടുക്കളയിലേക്ക് കയറിവന്നു... "കല്യാണിയമ്മ എല്ലാം ഏർപ്പാടാക്കിയിട്ടുണ്ട്.,അടുത്ത മാസം നാലിന് അവരുടെ കുടുംബക്ഷേത്രത്തിൽ വെച്ച് താലികെട്ട്,പിന്നേ നാട്ടുകാർക്കെല്ലാവർക്കും ഗംഭീരസദ്യയും.,നിനക്കുള്ള വസ്ത്രവും സ്വർണവും വഴിയേ ഇങ്ങോട്ടേക്ക് എത്തിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.,പിന്നേ ഒരു കാര്യം,നീയൊരു അനാഥയാണെന്നും അതുകൊണ്ടാണ് അവൻ നിനക്കൊരു ജീവിതം നൽകുന്നതെന്നും നാട്ടുകാരെകൊണ്ട് പറയിപ്പിക്കണം..അത് അപ്പച്ചൻ നോക്കിക്കോളാം.. നമുക്കിടയിലുള്ള രഹസ്യം നമ്മൾ മാത്രം അറിഞ്ഞാൽ മതി.." അടുത്തമാസം നാലിന്..അതെ അവന്റെ ഭാര്യയായി അവന്റെ ജീവിതത്തിലേക്ക് കടന്നുചെല്ലാൻ ഇനിയെനിക്ക് മുൻപിലുള്ള തടസ്സം വെറും പതിനഞ്ചു ദിനങ്ങൾ മാത്രം..ആലോചനയിൽ മുഴുകുമ്പോൾ ഞാനറിയാതെ എന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞിരുന്നു..ആ പേടിപെടുത്തുന്ന പുഞ്ചിരി........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story