താലി: ഭാഗം 38

thali alrashid

രചന: അൽറാഷിദ് സാൻ

കയ്യിലുള്ള സിഗരറ്റ് നിലത്തിട്ട് ചവിട്ടിയരച്ചു കൊണ്ട് ഒരു അട്ടഹാസത്തോടെ ഹരിയേട്ടനത് പറഞ്ഞ് ചിരിക്കുമ്പോൾ എന്തുചെയ്യണമെന്നറിയാതെ മരവിച്ചിരിപ്പായിരുന്നു ഞാനാ സമയം.. "സുമയൊന്നും പറഞ്ഞില്ല.,പെട്ടന്ന് ഞാനാണിതിന്റെയെല്ലാം പിന്നിലെന്നറിഞ്ഞപ്പോ ഉൾകൊള്ളാൻ കഴിയുന്നില്ല അല്ലെ സുമേ..," "അതെ..ശെരിയാണ് ഹരിയേട്ടൻ പറഞ്ഞത്.. അമ്മയുടെ പെട്ടന്നുള്ള ഈ വീഴ്ചക്ക്‌ കാരണം നിങ്ങളാണെന്ന് ഉൾകൊള്ളാൻ കഴിയുന്നില്ലെനിക്ക്.,മറ്റുള്ളവരുടെ മുന്നിൽ ഒരു സാധുവായി നിന്നിരുന്ന നിങ്ങളുടെ പെട്ടന്നുള്ള ഈ മാറ്റം എനിക്കെന്നല്ല ആർക്കും വിശ്വസിക്കാൻ കഴിയില്ല..കേസും കോടതിയുമായി അമ്മാവനങ്ങനെ നടക്കുന്നതിന് പിറകിൽ ആരോ ഒരാളുടെ കൈകളുണ്ടെന്നു ഞാനുറപ്പിച്ചതാണ്, എങ്കിലും ഇതെല്ലാം ഒരു നാടകമായിരുന്നെന്ന് ഒരിക്കൽ പോലും ഞാൻ സംശയിച്ചിരുന്നില്ല.."

"ഹ ഹാ, എങ്ങനെ സംശയിക്കാനാണ്., ഇതിന്റെയെല്ലാം മാസ്റ്റർ ബ്രെയിൻ എന്റെ ലക്ഷ്മിയല്ലേ., ഇതെന്നല്ല അവളുടെ ഒരു പ്ലാനിങും ഇതുവരെ തെറ്റിയിട്ടില്ല,,മോളീ കുറുക്കന്റെ കൗശലബുദ്ധിയെന്ന് കേട്ടിട്ടില്ലേ., അതെന്റെ ലക്ഷ്മിക്ക്‌ ദൈവം ആവോളം കൊടുത്തിട്ടുണ്ട്.. ദേ നോക്കിയേ, എല്ലാം ഒപ്പിച്ചു വെച്ചിട്ട് ഒന്നുമറിയാത്ത ഒരു പാവത്തിനെപ്പോലെ അമ്മയുടെ അടുത്ത് ചെന്ന് സ്നേഹിക്കുന്നത് കണ്ടോ..." അമ്മകിടക്കുന്ന റൂമിലേക്ക് ചൂണ്ടികൊണ്ട് ഹരിയേട്ടനത് പറയുമ്പോൾ അമ്മയുടെ അടുത്തിരുന്ന് എന്നെനോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു ലക്ഷ്മി ചേച്ചി... അമ്മയ്ക്ക് ലക്ഷ്മിയെന്നാൽ ജീവനാണ്, ആ അമ്മയുടെ ഈ കിടപ്പിനു കാരണക്കാരി ഈ ലക്ഷ്മിതന്നെയാണെന്ന് അമ്മയറിഞ്ഞാൽ നെഞ്ചുപൊട്ടി മരിക്കും ആ സ്ത്രീ..

എനിക്ക് ചുറ്റും ഇത്രനാൾ നടന്നിരുന്നതെല്ലാം നാടകമായിരുന്നത്രേ, ഞാനും അമ്മയും ഒരുപോലെ ചതിക്കപെട്ടിരിക്കുന്നു.. "സുമേ, കാര്യങ്ങളുടെ കിടപ്പുവശം നിനക്ക് മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കുന്നു..ഇനി കാര്യത്തിലേക്ക് വരാം.. ജയൻ ലോക്കപ്പിലാണ്, കേസിന്റെ വാദം കേട്ടു വിധിപറയാൻ ഇനി കൂടിപ്പോയാൽ ഒരാഴ്ച സമയമുണ്ട്.. അവന്റെ മേലെ ഒരുപാട് ക്രിമിനൽ കേസുകൾ കൂടിയുള്ളതിനാൽ വിധി അമ്മാവന് അനുകൂലമായേ വരു, പിന്നെ പറഞ്ഞുറപ്പിച്ചത്പോലെ അമ്മാവൻ എല്ലാത്തിന്റെയും ഉടമസ്ഥാവകാശം എനിക്കായി എഴുതിതരും.. ജയൻ ഇനി പുറം ലോകം കാണണമെങ്കിൽ ഞാൻ വിചാരിക്കണം.,നല്ലൊരു തുക ജാമ്യത്തിനായി കോടതിൽ കെട്ടിവെക്കാതെ കാര്യങ്ങൾ മുന്നോട്ട് പോവില്ല, എന്റെ ജന്മ ശത്രുവിനെ ഞാനീയവസരത്തിൽ സഹായിക്കുമെന്ന് തോന്നുണ്ടോ നിനക്ക്,.ഇല്ല,

എന്റെ പ്രാർത്ഥനപോലെ അവന്റെ കയ്യിലിരിപ്പിന് ദൈവമായിട്ട് കൊടുത്തൊരു തിരിച്ചടിയാണിത്.,അത്കൊണ്ട് അവൻ അവിടെ തന്നെ കിടക്കട്ടെ., നിന്നെ ഈ പരുവത്തിലാക്കിയ അവനോടു നിനക്ക് വെറുപ്പാണെന്ന് എനിക്ക് നന്നായറിയാം.,പിന്നെയുള്ളത് അമ്മയുടെ കാര്യം, നമ്മുടെ ജ്വല്ലറിയുടെ അടുത്തായി നല്ല സൗകര്യങ്ങളൊക്കെയുള്ള ഒരു അഗതിമന്തിരമുണ്ട്., മാസാമാസം ഒരു പതിനായിരം രൂപവെച്ച് കൊടുത്താൽ മതി അവര് നല്ലപോലെ നോക്കികോളും..ഇനിപ്പോ ഇവിടന്ന് ഡിസ്ചാർജ് ആയിക്കഴിഞ്ഞാൽ ആ ബില്ലും ഞാനടച്ചോളാം.. അതും ആ തള്ള ജീവനോടെ ബാക്കിയുണ്ടെങ്കിൽ മാത്രം..," പ്രതികാരത്തിന്റെ അഗ്നി കാണാം ഹരിയേട്ടന്റെ കണ്ണിൽ,.എന്തു ചെയ്യണം..മാർക്കോയുടെ തകർച്ചയെ ഞാനാഗ്രഹിച്ചിരുന്നൊള്ളൂ.,അതിലേക്കവൻ എത്തിപ്പെടാൻ തുടങ്ങിയിരിക്കുന്നു..മംഗലം തറവാട്ടിലേ സ്വത്തും പണവും മോഹിച്ചിട്ടില്ല നാളിതുവരെ..

മാർക്കോയുടെ ചെയ്തികളിൽ എത്രപേരുടെ ശാപം വാങ്ങിക്കൂട്ടിയിട്ടുണ്ടാകും ആ തറവാട്..ഒരുപാട് പേരുടെ കണ്ണീരിന്റെ പരിണിത ഫലമാണ് ഇന്നാ തറവാടിന്റെ നാശം..തിരികെ അപ്പച്ചന്റെയും അമ്മച്ചിയുടെയും അടുക്കലേക്ക് ചെന്നാൽ ഇരുകയ്യും നീട്ടി അവരെന്നെ സ്വീകരിക്കുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല..എങ്കിലും ഇത്രനാൾ അവരുടെ കാരുണ്യംകൊണ്ട് മാത്രം പട്ടിണിയും അല്ലലുമില്ലാതെ കഴിഞ്ഞിട്ടുണ്ട് ഞാനാ വീട്ടിൽ.,ആവോളം സ്നേഹം വാങ്ങിക്കൂട്ടിയിട്ടുമുണ്ട്... "ഒരു ഇരുപത് ലക്ഷം രൂപയുടെ ചെക്ക് ഞാനങ്ങ് എഴുതി തരാം..കുറവാണ്.. എങ്കിലും ഇത്രേം കാലത്തെ നാടകത്തിന് അത് ധാരാളമാണ്..പിന്നേ ഒന്ന്കൂടെ നീയെനിക്ക് ചെയ്ത് തരണം..പോകുന്ന വഴിക്ക് ആ തള്ളയെ അഗതിമന്തിരത്തിൽ കൊണ്ട് ചെന്നിറക്കണം..ഞാനവിടേക്ക് വിളിച്ചു എല്ലാം ഏർപ്പാടാക്കിയിട്ടുണ്ട്..

" എന്റെ മറുപടിക്ക് കാത്തുനില്കാതെ പോക്കറ്റിൽ നിന്നും ചെക്ക്ലീഫ് എന്റെ കയ്യിൽ വെച്ചുതന്നുകൊണ്ട് ഹരിയേട്ടൻ ഹോസ്പിറ്റലിന് പുറത്തേക്ക് നടന്നു..കണ്ണ് തുറന്നുകിടക്കുന്ന കല്യാണിയമ്മയെ ഒന്ന് തലോടികൊണ്ട് പുറകെ ലക്ഷ്മി ചേച്ചിയും.. കയ്യിലെ ചെക്ക്ലീഫ് ചുരുട്ടിമടക്കി ഞാൻ അവിടെതന്നെയിരുന്നു..,എന്തുചെയ്യണം..അമ്മയെ അഗതിമന്തിരത്തിൽ കൊണ്ട് ചെന്നാക്കണോ,അതോ ഇവിടെ തന്നെ ഉപേക്ഷിച്ചിട്ട് അപ്പച്ചന്റെ അരികിലേക്ക് പോകണോ..എന്തോ ഒരു തോന്നലിൽ ഞാനും ഹോസ്പിറ്റലിന് പുറത്തേക്കിറങ്ങി നടന്നു.. പുറത്തേക്ക് നടക്കുന്നതിനിടയിൽ ഒന്ന് സംസാരിക്കാൻ പോലുമാവാതെ നിറകണ്ണുകളോടെ എന്നെതന്നെനോക്കി നിന്ന കല്യാണിയമ്മയുടെ മുഖം എന്റെയുള്ളം ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു..മരിച്ചുപോയ അമ്മയുടെ മുഖം ഉള്ളിൽ തെളിഞ്ഞതും ഞാൻ പിന്തിരിഞ്ഞു നടന്നു..

ഇല്ല അവരെപ്പോലെ ക്രൂരതകാണിക്കാൻ എനിക്ക് കഴിയില്ല... കട്ടിലിൽ കണ്ണ് നിറച്ചുകിടക്കുന്ന അവരുടെ കൈകളിൽ ഞാൻ കൈകോർത്തു പിടിച്ചു.,കല്യാണിയമ്മ പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു..താങ്ങിപ്പിടിച്ചു എഴുന്നേൽപ്പിച്ചു ഭക്ഷണം വാരി വായിലേക്ക് വച്ചുകൊടുത്തു,പിന്നീട് മരുന്നുകളും..എനിക്ക് മുഖം നൽകാതെ പുറത്തേക്ക് നോക്കിയിരിക്കുമ്പോയും അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. നിശബ്ദത മാത്രം കൂട്ടിനുണ്ടായിരുന്ന ആ ദിനം എങ്ങനെയൊക്കെയോ തള്ളിനീക്കി.,പിറ്റേന്ന് ഡോക്ടർ വന്നു പരിശോധനയും കഴിഞ്ഞ് ഇന്ന്തന്നെ ഡിസ്ചാർജ് ചെയ്യാമെന്ന് പറഞ്ഞതോടെ അമ്മയെയും കൊണ്ട് എങ്ങോട്ട് പോവണമെന്നറിയാതെ കുഴഞ്ഞുപോയിരുന്നു ഞാൻ..ഡിസ്ചാർജിനുള്ള പേപ്പർ വാങ്ങികൊണ്ട് ക്യാഷ് കൌണ്ടറിലേക്ക് നടന്നു.,നാല് ദിവസത്തേക്ക് അത്യാഹിത വിഭാഗത്തിലെ ചാർജും കൂട്ടി നാല്പ്പതിനായിരം രൂപ..

പേഴ്‌സ് തുറന്നു നോക്കി.,എല്ലാം കൂടെ തട്ടികൂട്ടിയാലും ഒരു ആറായിരം രൂപ വരും.. ബാക്കി പൈസ എവിടുന്നെടുത്ത് കൊടുക്കാനാണ്.,തലയിൽ കൈവെച്ച് ക്യാഷ് കൌണ്ടറിനടുത്ത് നിൽക്കുമ്പോയാണ് എന്റെ കയ്യിലുള്ള സ്വർണവളകളെകുറിച്ച് ചിന്തിച്ചത്.,വേഗത്തിൽ പുറത്തേക്കിറങ്ങി മുന്നിൽ കണ്ട ജ്വല്ലറിയിൽ കയറി രണ്ടുവളകൾ ഊരി നൽകി..പിന്നെ കാലിലെ കൊലുസ്സും,കഴുത്തിലേ മാലയും,കാതിലേ കമ്മലും..ഓരോന്നായി അഴിച്ചു മുന്നിലേക്ക് വച്ചുകൊടുക്കുമ്പോൾ മുന്നിലിരിക്കുന്ന ജ്വല്ലറിക്കാരൻ കണ്ണുമിഴിച്ച് നോക്കി നിൽക്കുന്നുണ്ടായിരുന്നു.., മംഗലം തറവാട്ടിൽ ചെന്ന് കയറുമ്പോ കുറച്ചൊക്കെ സ്വർണം ദേഹത്തുവേണം മോളെയെന്ന് പറഞ്ഞു അപ്പച്ചൻ ഇട്ടുതന്നതാണിതെല്ലാം.,ഇഷ്ടമുണ്ടായിട്ടല്ല,ഒരു ആചാരം എന്നപോലെ ഇട്ടുനടപ്പായിരുന്നു ഇത്രനാൾ,.ദാരിദ്ര്യത്തിൽ ജീവിച്ചുവളർന്ന എനിക്കെങ്ങനെ പൊന്നിനോട്‌ ഭ്രമം തോന്നാനാണ്..,

"എല്ലാം കൂടെ ഒരു ഒരു ലക്ഷം രൂപകാണും മേഡം.." "ആഹ് പെട്ടന്ന് തന്നേക്കു,എന്റെയമ്മ സുഖമില്ലാതെ ഇവിടെ ഹോസ്പിറ്റലിൽ കിടപ്പാണ്..ഈ പൈസ കിട്ടിയിട്ട് വേണം ബില്ലടക്കാൻ.." "മംഗലം ഗ്രൂപ്പ്‌ എംഡി ജയരരാജൻ സാറിന്റെ ഭാര്യയല്ലേ നിങ്ങൾ..നിങ്ങളുടെ കയ്യിൽ ബില്ലടക്കാൻ പണമില്ലന്നോ.." പൈസ കയ്യിലേക്ക് വെച്ചുതരുമ്പോൾ ഒരു ചിരിയോടെ അയാൾ ചോദിക്കുന്നുണ്ടായിരുന്നു..മറുപടിയായി ഒരു പുഞ്ചിരി നൽകി ഞാൻ അവിടെ നിന്നിറങ്ങി ഹോസ്പിറ്റലിലേക്കോടി.. ബില്ലടച്ച് ബാക്കി പൈസ പേഴ്‌സിൽ വെച്ചുകൊണ്ട് നേരെ അമ്മയുടെ റൂമിലേക്ക്..കട്ടിലിൽ ഇരിക്കുകയായിരുന്ന അവരുടെ കൈപിടിച്ച് മറുകയ്യിൽ മരുന്നുകളും പാത്രങ്ങളുമായി ഹോസ്പിറ്റലിന് പുറത്തേക്ക് നടക്കുമ്പോൾ ഇനിയെന്ത് എന്ന ചോദ്യം ഞാനെന്നോട് തന്നെ ചോദിക്കുന്നുണ്ടായിരുന്നു..

അടുത്തുള്ള ഓട്ടോസ്റ്റാൻഡിലേക്ക് നടന്നു വണ്ടിയിൽ കയറിയതും "എങ്ങോട്ടേക്കാ"ണെന്നുള്ള ഡ്രൈവറുടെ ചോദ്യം വന്നതും "ഹരിപ്പാട്" എന്ന് മറുപടി പറയാൻ എനിക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല..ഞാൻ ജനിച്ചു വളർന്ന ഒരു കൂരയുണ്ടവിടെ,.എന്റെ സ്വർഗമായ,സുഖമുള്ള ഓർമകളുറങ്ങുന്ന എന്റെ സ്വന്തം നാട്.. "അത്രയും ദൂരെക്ക് പോവാൻ കാശ് ഒരുപാടാകും മോളെ.," "അത് കുഴപ്പമില്ല ചേട്ടാ.,പൈസയൊക്കെ കയ്യിലുണ്ട്..ചേട്ടൻ വണ്ടിയെടുത്തോളൂ.." തിരക്കുള്ള റോഡിനെ വകഞ്ഞുമാറ്റികൊണ്ട് വണ്ടി മുന്നോട്ട് പോയ്‌കൊണ്ടിരുന്നു.,കല്യാണിയമ്മയ്ക്ക് ഓട്ടോസവാരി നന്നായി ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നു ആ മുഖം കണ്ടാലറിയാം..എങ്ങനെ ഇല്ലാതിരിക്കും,ബെൻസിലും ഔഡിയിലുമൊക്കെ പറന്നുപോകുന്നവരല്ലേ,ചിലപ്പോ ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും ഒരു ഓട്ടോയിൽ സഞ്ചരിക്കുന്നതും..

പുറത്തേ കാഴ്ചകൾ കണ്ടിരിക്കുന്നതിനിടയിൽ എപ്പോയോ ഉറക്കമെന്നെ പിടികൂടിയിരുന്നു.,വിശപ്പ് കൊണ്ടാവണം കുറേ സമയങ്ങൾക്കിപ്പുറം പെട്ടന്ന് ഉറക്കമുണർന്നു..രാത്രിയായിരിക്കുന്നു,നന്നായി വിശക്കുന്നുണ്ട്,കല്യാണിയമ്മയും നല്ല ഉറക്കത്തിലാണ്..വഴിയരികിൽ ഒരു തട്ടുകട കണ്ടതും വണ്ടി സൈഡാക്കി.,നല്ല ചൂട് വെള്ളപ്പവും ബീഫ് കറിയും മുന്നിൽ കൊണ്ട് വെച്ചതോടെ ആലോചനകൾക്ക് അവസാനമിട്ടുകൊണ്ട് ഞാൻ വാരിക്കഴിക്കാൻ തുടങ്ങി.,കല്യാണിയമ്മയും അതെ വിശപ്പ് അവരെയും പാടെ തളർത്തിയിരുന്നു.. ഡ്രൈവർ ചേട്ടന്റെ എതിർപ്പ് വകവെക്കാതെ അയാളുടെ പൈസയും കൂടി നൽകി വണ്ടിനേരെ അടുത്തുകണ്ട സൂപ്പർമാർക്കറ്റിലേക്ക് വിട്ടു.,ചെന്ന് കയറിയത് കൊണ്ടായില്ല.,ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും ആയിക്കാണും എന്റെയാ ചെറിയ ഓലവീട് അടച്ചുപൂട്ടിയിട്ടിട്ട്.,അടുക്കളയിലേക്ക് ഒരു സാധനവുമില്ലാതെ ചെന്നു കയറിയാൽ നാളെ വല്ലതും കഴിക്കണമെങ്കിൽ എന്തുകൊണ്ട് ഉണ്ടാക്കും...

ഉപ്പ് മുതൽ കർപ്പൂരം വരെ എന്ന് പറയും പോലെ വീട്ടിലേക്കുള്ള സകലസാധനങ്ങളും കുറച്ച് ദിവസത്തേക്ക് നീട്ടിവാങ്ങിച്ചു.,ബില്ലും അടച്ചു നേരെ വീട്ടിലേക്ക്.. മണിക്കൂറുകളോളമുള്ള യാത്രയ്‌ക്കൊടുവിൽ ഹരിപ്പാടെന്ന എന്റെ സുന്ദരഗ്രാമത്തിലേക്ക് എത്തിപെട്ടപ്പോയെക്കും രാത്രി ഏറെ വൈകിയിരുന്നു.,സുഖനിദ്രയിലായിരുന്ന കല്യാണിയമ്മയെ കുലുക്കിവിളിച്ചതും അവർ കണ്ണുതുറന്ന് നാലുപാടും നോക്കികൊണ്ടിരുന്നു.. "ഇറങ്ങമ്മേ.,ഇതെന്റെ വീടാ"ണെന്ന് പറഞ്ഞതോടെ അവരുടെ മുഖത്തൊരു നിസ്സഹായത പടരുന്നുണ്ടായിരുന്നു.,ഓട്ടോയ്ക്കുള്ള പൈസയും കൊടുത്ത് ആ ചേട്ടനെ പറഞ്ഞയച്ച ശേഷം, തെരുവ് വിളക്കിന്റെ ആ നുറുങ്ങുവെട്ടത്തിൽ ഞാനും കല്യാണിയമ്മയും എന്റെയാ കൊച്ചുകൂരയിലേക്കും നോക്കിയിരുന്നു.. ജനിച്ചു വീണു നാളിതുവരെ വരെ മാതാപിതാക്കൾകൊപ്പവും, കൂടെപിറപ്പുകൾകൊപ്പവും എന്റെ ജീവിതത്തിലെ സുന്ദരനിമിഷങ്ങൾ തള്ളിനീക്കിയിരുന്നതീ കൊച്ചുകുടിലിലാണ്.,

എന്റെ അച്ഛന്റെയും, അമ്മയുടെയും കുഞ്ഞനിയൻമാരുടെയും ആത്മാവുറങ്ങുന്നതും ഇവിടെയാണ്... മുഖത്തൊരു തരം വെറുപ്പോടെ എന്റെ കൂരയുടെ ചുറ്റുപാടിലേക്കും എത്തിനോക്കുന്നുണ്ട് കല്യാണിയമ്മ.,മംഗലം തറവാട്ടിലേ കാലിത്തൊഴുത്ത് പോലും ഇതിനേക്കാൾ വലുപ്പമുള്ളതും വൃത്തിയുള്ളതുമാണെന്നാകും അവരുടെയുള്ളിൽ... കയ്യിലുള്ള മൊബൈലിലെ വെളിച്ചം കത്തിച്ചുകൊണ്ട് ഞാൻ വീടിനടുത്തേക്ക് നടന്നു.,കയറുകൊണ്ട് കെട്ടിയിരിക്കുന്ന മുൻവാതിലിൽ കൈ വെച്ചതും ചിതലരിച്ചിരുന്ന വാതിൽ ഉള്ളിലേക്ക് മറിഞ്ഞു വീണു.,കല്യാണിയമ്മയെ പുറത്ത് തന്നെ നിർത്തി വേഗത്തിൽ ഉള്ളെല്ലാം വൃത്തിയാക്കികൊണ്ട് ഞാൻ അവരുടെ കൈപിടിച്ച് അകത്തേക്ക് കൊണ്ട് വന്നു... കയ്യിലുള്ള കവറിൽ നിന്നും പുതുതായി വാങ്ങിച്ച പായ തറയിൽ നീട്ടിവിരിച്ചുകൊണ്ട് ഞാനവരുടെ മുഖത്തേക്കൊന്ന് നോക്കി..

കിടക്കാനുള്ള മാർഗമാണിതെന്ന് അവർ മനസ്സിലാക്കിയിരിക്കണം..ഒരു നെടുവീർപ്പിന് ശേഷം അവർ ആ തറയിലേക്ക് കിടന്നു.. കയ്യിലുള്ള പച്ചക്കറികളും സാധങ്ങളും അടുക്കളയെന്നുപോലും പറയാൻ കഴിയാത്ത ഒരു ഭാഗത്തേക്ക് കൊണ്ട് വെച്ചു.,മാറാലകളാൽ മൂടപ്പെട്ട പാത്രങ്ങൾ പുറത്തുള്ള അരുവിയിലെ വെള്ളം കൊണ്ട് കഴുകിവെച്ചു..ക്ഷീണത്താൽ കണ്ണടയാൻ തുടങ്ങിയിരുന്നു.. തിരികെ വന്നു കല്യാണിയമ്മയുടെ ഭാഗത്തേക്കൊന്ന് എത്തിനോക്കി.,.അവർ സുഖമായ ഉറക്കത്തിലാണ്..മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു കാണാമായിരുന്നു.. ഒരു തുണി അവരുടെ അരികിൽ വിരിച്ചുകൊണ്ട് ചേർന്നുകിടന്നു.,പതിയെ ഉറക്കമെന്നേ പിടികൂടാൻ തുടങ്ങിയിരുന്നു.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story