താലി: ഭാഗം 39

thali alrashid

രചന: അൽറാഷിദ് സാൻ

ഒരു തുണി അവരുടെ അരികിൽ വിരിച്ചു കൊണ്ട് ചേർന്നുകിടന്നു.,പതിയെ ഉറക്കമെന്നെ പിടികൂടിയിരുന്നു.. ഇളം വെയിൽ മുഖത്ത് ചൂട് പരത്താൻ തുടങ്ങിയതോടെയാണ് ഞാൻ കണ്ണുതുറന്നത്.,ധൃതിയിൽ പിടഞ്ഞഴുന്നേറ്റ് ഫോണിൽ സമയം നോക്കുമ്പോൾ മണി എട്ടും കഴിഞ്ഞിരിക്കുന്നു., കല്യാണിയമ്മയെ കാണുന്നില്ല,കിടന്നിരുന്ന പായ ചുരുട്ടി ഭദ്രമായി ഒരു മൂലയിൽ വെച്ചത് കാണാം.,അഴിഞ്ഞുവീണ മുടിക്കെട്ട് പിന്നിലേക്കായി ഒതുക്കി വെച്ച് തിരിഞ്ഞു നിന്നതും കയ്യിലെ സ്റ്റീൽ ഗ്ലാസിൽ ചൂട് കട്ടൻ ചായയുമായി കല്യാണിയമ്മ ചിരിയോടെ മുന്നിൽ നിൽക്കുന്നു.,ഗ്ലാസ് കയ്യിലേക്ക് തന്ന ശേഷം അവരെന്തോ മൂളിക്കൊണ്ട് പറയുന്നുണ്ട്..ശബ്ദം പുറത്തേക്ക് വരാത്തതിനാൽ ഒന്നും മനസ്സിലാവുന്നുമില്ല.,അവസാനം എന്റെ കൈ പിടിച്ചു അടുക്കളഭാഗത്തേക്ക് കൊണ്ടുപോയി ചിരവി വെച്ച തേങ്ങ കാണിച്ച്തന്നപ്പോയാണ് മിക്സിയെക്കുറിച്ചാണ് അവരിത്ര നേരം സംസാരിച്ചിരുന്നതെന്ന് എനിക്ക് മനസ്സിലാവുന്നത്.. അടുപ്പിന്റെ ഒരു ഭാഗത്തായി കുറേ വെള്ളപ്പം ചുട്ടുവെച്ചിരിക്കുന്നു.,ഞാൻ അത്ഭുതത്തോടെയാണ് പിന്നീടവരുടെ ചെയ്തികൾ നോക്കി നിന്നത്..വീടിന്റെ പുറകു വശത്തെ അമ്മിക്കല്ലിൽ നിമിഷനേരം കൊണ്ട് അവരാ തേങ്ങയും അരച്ചെടുക്കുന്നതും,അത് പിന്നീട് ചട്ണിയുടെ രൂപത്തിലാക്കി മേശപ്പുറത്ത് വെച്ച കാഴ്ചയുമെല്ലാം എനിക്ക് വിശ്വസിക്കാൻ പ്രയാസമുള്ളതായിരുന്നു..

ഇത് കല്യാണിയമ്മ തന്നെയല്ലേന്ന് തോന്നിപ്പോയ നിമിഷം.. "അമ്മയ്ക്കിതെല്ലാം എങ്ങനെ ഒറ്റക്ക്.,അതും ഇത്ര നേരം കൊണ്ട്..." ആകാംക്ഷകൊണ്ട് ഞാനറിയാതെ ചോദിച്ചുപോയി.. മറുപടിയായി അവരൊന്ന് പുഞ്ചിരിച്ചു..അല്ലെങ്കിലും സംസാരശേഷി നഷ്ടപെട്ടു കിടക്കുന്ന അവരെന്ത്‌ മറുപടി പറയാനാണ്..അവരെ കുറിച്ചുള്ള എന്റെ ധാരണകളെല്ലാം തെറ്റിപ്പോയിരിക്കുന്നു.,കാശിന്റെ നെഗളിപ്പിൽ മംഗലംവീട്ടിലെജോലിക്കാരോട് കല്പനകൾ നടത്തിയിരുന്ന കല്യാണിയമ്മയെ ഞാനിതുവരെ കണ്ടിരുന്നൊള്ളൂ,ചുറ്റുപാടുകൾ മനുഷ്യനെ മാറ്റിക്കളയുമെന്നാണ്,എങ്കിലും ഇത്രപെട്ടന്ന്.,ഞാനിത് തീരെ പ്രതീക്ഷിച്ചതല്ല.. മുന്നിലുള്ള പഴയ ബൾബിലേക്ക് നോക്കികൊണ്ട് അവർ ചുറ്റുഭാഗവും കൈ വീശി..കറണ്ടിനെ കുറിച്ചാവണമെന്ന് ഞാനൂഹിച്ചു.,അതിന്നലേ ഞാൻ വിചാരിച്ചതാണ്..വൈദ്യുതിയില്ലാതെ ജീവിക്കാൻ പ്രയാസമാണ്,.അതും ഒരാൺ തുണയില്ലാത്ത,അടച്ചുറപ്പില്ലാത്ത ഈ കൂരയിൽ.. കുളിയും കഴിഞ്ഞ ശേഷം ഞാൻ ചായകുടിക്കാനിരുന്നു.,അപ്പോയേക്കും ഉച്ചയ്ക്കുള്ള അരി കഴുകി അടുപ്പിലേ മൺകലത്തിലേക്ക് കൈകൊണ്ട് വാരിയിടുന്നുണ്ടായിരുന്നു അവർ..അടുത്ത് തന്നെയാണ് കറണ്ടാപ്പീസ്,കിട്ടുമെങ്കിൽ കുറച്ച് മീനോ മറ്റോ വാങ്ങിക്കണം.

.കയ്യിലെ കാശ് തീരും വരെയെങ്കിലും വായക്ക് രുചിയുള്ളത് കഴിക്കാമെല്ലോ.. ഒരിക്കൽ കട്ട്‌ ചെയ്ത കറണ്ട്കണക്ഷൻ പിന്നീട് റീകണക്ട് ചെയ്യാൻ അയ്യായിരം രൂപവേണമത്രേ.,മറ്റുവഴിയില്ലാത്തതിനാൽ പൈസയും അടച്ചു വീട്ടിലേക്കുള്ള കറണ്ട് കണക്ഷൻ ശെരിയാക്കിയെടുത്തു,.തിരിഞ്ഞു വീട്ടിലേക്ക് നടക്കുമ്പോ തന്നെ വഴിയിൽവെച്ച് മീൻകാരനെയും കണ്ടതിനാൽ പോയകാര്യം നടന്ന സന്തോഷത്തിൽ തിരിച്ചു വീട്ടിലേക്ക് നടക്കുന്ന സമയം. എന്നെയും കാത്ത് ഉമ്മറത്തൊരാൾ ഇരിപ്പുണ്ടായിരുന്നു.,.ഹരിയേട്ടൻ..പതിയെ നടത്തത്തിന്റെ വേഗത കുറയുന്നത് ഞാനറിഞ്ഞിരുന്നു.. "ഹാ.,എന്താ അവിടെ തന്നെ നിന്നുകളഞ്ഞത്..വേഗം വന്നു എനിക്കൊരു ചായ ഇട്ടോണ്ട് വാ സുമേ..വീട്ടിൽ വരുന്ന അതിഥികളോട് ഇങ്ങനെയാണോ പെരുമാറൽ.." പിന്നിൽ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നിൽക്കുന്ന കല്യാണിയമ്മയെക്കൂടി കണ്ടതോടെ ഹരിയേട്ടൻ വന്നിട്ട് കുറച്ചധികം സമയമായിട്ടുണ്ടെന്ന് ഞാനൂഹിച്ചു.,കയ്യിലുള്ള മീൻകവർ അടുക്കളയിൽ കൊണ്ട് വെച്ച ശേഷം കൈ കഴുകി അയാൾകുള്ള ചായയ്ക്ക് വെള്ളവും വെച്ച് കത്തിയെരിയുന്ന തീയിലേക്കും നോക്കിയിരിക്കുന്ന സമയം..

"സമ്മതിക്കണം നിന്നെ,.ഇത്രയൊക്കെ അനുഭവിപ്പിച്ച ജയന്റെ അമ്മയെയാണ് നീയീ വീട്ടിൽ കൊണ്ട് വന്നു പോറ്റുന്നത്.,എന്താണ് നിന്റെ ഉദേശമെന്നനിക്ക് മനസ്സിലാവുന്നില്ല,കൊത്തിയ പാമ്പിനെ കൊണ്ട് തന്നെ വിഷമിറപ്പിക്കുന്ന ഒരു ഏർപ്പാടുണ്ടായിരുന്നു പണ്ടൊക്കെ..ഇനിയുള്ള കാലം നിന്റെ വീട്ടുവേലക്കാരിയാക്കി നിർത്തി പകരം ചോദിക്കാമെന്നാണ് നിന്റെ തീരുമാനമെങ്കിൽ അത് വിലപ്പോവില്ല സുമേ..കാര്യം എന്നെ പെറ്റതള്ളയായത് കൊണ്ട് നാട്ടുകാരു പറയില്ലേ ഞാൻ അമ്മയെ നോക്കാത്തൊരു പെൺകോന്തനാണെന്ന്.." "എന്താ..അതല്ലേ സത്യം ഹരിയേട്ടാ.." എന്റെ മറുപടി പെട്ടന്നായിരുന്നു..അതയാൾ പ്രതീക്ഷിച്ചുകാണില്ല,.ആത്മമാഭിമാനത്തെ ചോദ്യം ചെയ്താൽ അതില്ലാത്ത ഒരാണാണെങ്കിൽ പോലും ആ ചോദ്യമയാളുടെ സമനില തെറ്റിക്കും., "അതേടി.,ഞാനെന്റെ ലക്ഷ്മിയുടെ വാലിൽ തൂങ്ങിതന്നെയാ നടപ്പ്...അത്കൊണ്ടെന്താ,ഇന്നീ ചെറ്റകുടിലിലേക്ക് കയറി വന്നു ദാ ഇങ്ങനെ എന്റെ തള്ള കേൾക്കേ ഞാനിങ്ങനെ സംസാരിക്കുന്നുണ്ടെങ്കിൽ അതിന് കാരണക്കാരി എന്റെ ലക്ഷ്മി തന്നെയാണ്..അവളിങ്ങനെ ഒരു നാടകം കുബുദ്ധികൊണ്ട് ഉണ്ടാക്കിയെടുത്തില്ലെങ്കിൽ മരണം വരെ ആ വീട്ടിലെ ഒരു പട്ടിയുടെ വിലയേ ഈ ഹരിനാഥനു കിട്ടുകയൊള്ളായിരുന്നു..

ഇപ്പൊ ദേ എനിക്ക് സ്വന്തമായൊരു വീടുണ്ട്,കാറുണ്ട് എല്ലാത്തിനും അപ്പുറം മംഗലം ഗ്രൂപ്പ്‌ എംഡി എന്നൊരു സ്ഥാനപ്പേരും..അത്രയൊക്കെ ഞാനാഗ്രഹിച്ചിട്ടൊള്ളൂ.." ചുണ്ടിലേക്ക് വെച്ച സിഗരറ്റിന് തീ പകർന്നു അയാൾ തുടർന്നു.. "നോക്ക്,.അവിടെ ആ അഗതിമന്തിരത്തിലാണെങ്കിൽ അമ്മ നാണക്കേട് കൊണ്ട് ഒന്ന് മാറിനിൽക്കുകയാണെന്നേ അതറിയുന്നവർക്ക് തോന്നൂ.,ഇതിപ്പോ നീയിവിടേക്ക് കൊണ്ട്‌വന്ന വിവരം നാടാകെ അറിയാൻ തുടങ്ങിയിട്ടുണ്ട്.,അതെനിക്കൊരു കുറച്ചിലാണ്.,അതെന്റെ സ്റ്റാറ്റസിനെ ബാധിക്കും..അത്കൊണ്ട് നല്ലകുട്ടിയായി മോൾ ഞാൻ പറയുന്നത് അനുസരിക്ക്..ആ തള്ളയെ അങ്ങ് കൊണ്ട് ചെന്നാക്കിയേക്ക്..എന്നിട്ട് നീ നിന്റെ അപ്പച്ചന്റെ അടുത്തേക്ക് പോവാൻ നോക്ക്..അതാണ്‌ എനിക്കും നിനക്കും നല്ലത് സുമേ.,ഇനി അതല്ല എന്നെ ധിക്കരിച്ച് തള്ളെയെയും കൊണ്ട് ഇവിടെ വാഴാമെന്നാണ് നിന്റെ മനസ്സിലെങ്കിൽ ഞാനത് നടത്തില്ല..." തിളച്ചുപൊന്തിയ വെള്ളത്തിലേക്ക് അല്പം കാപ്പിപൊടിയിട്ട് പഞ്ചസാരയും ചേർത്തശേഷം ഞാനതയാൾക്ക് നേരെ നീട്ടി.,ഒരു പുച്ഛത്തോടെ ഹരിയേട്ടൻ മുഖം തിരിച്ചു..ഒരു പ്രധിഷേധമെന്നോണം ആ കാപ്പി പുറത്തേക്ക് നീട്ടി ചിന്തിക്കൊണ്ട് ഞാനായാൾക്ക് അഭിമുഖമായി വന്നു നിന്നു..

"ഒരുപാട് കാര്യങ്ങൾ മനസ്സിലുറപ്പിച്ചാണ് ഞാനാ വീട്ടിലേക്ക് ജയന്റെ ഭാര്യയായിരുന്നു വന്നു കയറിയത്..ഞാനേറെ ആഗ്രഹിച്ചിരുന്നത് ജയന്റെ തകർച്ച തന്നെയായിരുന്നു.,എല്ലാം നഷ്ടപെട്ട് ജയിലിൽ കഴിയുന്ന ജയന് തകരാനായി ബാക്കിയുള്ളതെന്താണ്, അഭിമാനമോ.,അതില്ലാത്തവന് അതെങ്ങനെ നഷ്ടപ്പെടാനാണ്..,അവന്റെ പെണ്ണായി ഈ താലിയെന്റെ കഴുത്തിലേക്ക് വീഴുന്നതിന് എത്രയോ മുൻപേ മാർക്കോയെന്ന ജയൻ എന്താണെന്ന് മനസ്സിലാക്കിയിരുന്നു ഞാൻ..ആ ചതിയിൽ എനിക്ക് പകരം നൽകേണ്ടി വന്നത് എന്റെ മാനമായിരുന്നു..ഒരു പെണ്ണിന്റെ മാനത്തോളം വരുമോ നിങ്ങളീ പറയുന്ന കാറും വീടും സ്ഥാനപ്പേരും.." അയാളുടെ നെറ്റി ചുളിയാൻ തുടങ്ങിയിരുന്നു.,കല്യാണിയമ്മ ഒഴുകിയിറങ്ങുന്ന കണ്ണീർ തുള്ളികൾ സാരിതുമ്പാൽ തുടച്ചു മാറ്റുന്നത് ഒന്ന് നോക്കി നിന്ന ശേഷം ഞാൻ തുടർന്നു., "ഒന്ന് കൂടെ പറയാം.,അന്ന് ജയൻ വീട്ടിൽകൊണ്ടു വെച്ച ടാക്സിന്റെ ഡീറ്റെയിൽസടങ്ങുന്ന ഫയൽ കത്തിച്ചു കളഞ്ഞത് ഞാനാണ്..,അതായത് നിങ്ങളീ കിടന്നു തിളയ്ക്കുന്ന മംഗലം തറവാടിന്റെ നാശത്തിന് കാരണം എന്റെയീ കൈകളാണ്..ഇന്ന് നീയും ലക്ഷ്മിയും അനുഭവിക്കുന്ന സകല ഐശ്വര്യങ്ങളും എന്റെ ദാനമാണെന്നർത്ഥം..

ആ എന്റെ മുൻപിൽ വന്നാണോ നിങ്ങൾ മംഗലം തറവാടിന്റെ പ്രതാപത്തെക്കുറിച്ച് വീമ്പിളക്കുന്നത്..ഒരിക്കൽ ഒരു ദരിദ്രവീട്ടിലെ സുമയായിരുന്നു ഞാനെന്നേ നിങ്ങളൊക്കെ അറിഞ്ഞു കാണു.,എന്തിനും പോന്നൊരു പെണ്ണായി ഞാൻ വളർന്നകാര്യം ഇപ്പോയെങ്കിലും മനസ്സിലായിക്കാണുമെന്ന് കരുതുന്നു..പിന്നെ അമ്മ.,ഒരു വെപ്പാട്ടിയായിട്ടാണ് അമ്മയിവിടെ കഴിഞ്ഞുപോകുന്നതെന്ന് വിചാരിച്ചങ്കിൽ നിനക്ക് തെറ്റിപ്പോയി.,മംഗലം തറവാട് പോലെ കൊട്ടാരമൊന്നും അല്ലെങ്കിലും അല്ലലില്ലാതെ എനിക്ക് ജീവനുള്ള കാലത്തോളം കല്യാണിയമ്മയിവിടെ ജീവിക്കും.,എന്റെ ജീവിതമിങ്ങനെയാക്കി തീർത്ത ജയന് ദൈവമായി ഇങ്ങനൊരു ശിക്ഷ നൽകിയത് കൊണ്ട് മാത്രം ഇനിയുള്ള കാലം ക്ഷമയോടെ ജീവിക്കാനാണ് ഞാനാഗ്രഹിക്കുന്നത്.,അതല്ല ഒഴിഞ്ഞുമാറി തന്നിട്ടും ഇല്ലാത്ത സ്റ്റാറ്റസിന്റെ പേര് പറഞ്ഞു എന്റെയും അമ്മയുടെയും ജീവിതത്തിലേക്ക് ഒരു ശല്യമായി വന്നുകയറാമെന്നാണ് നിങ്ങൾ കണക്കുകൂട്ടുന്നതെങ്കിൽ.,ഓർമ വെച്ചോ ഹരിനാഥാ,നിന്നെക്കാൾ കൊമ്പും കൊലവിളിയുമായി നടന്നിരുന്ന ജയന്റെ സ്ഥിതികാണുന്നുണ്ടല്ലോ..അതിനേക്കാൾ ഭീകരമായിരിക്കും നിന്റെ അവസ്ഥ.." എന്റെ വാക്കുകൾ ഉറച്ചതായിരുന്നു.,

ആ സമയം എവിടെനിന്നോ ദേഷ്യവും ധൈര്യവുമെന്നെ പിടികൂടിയിരുന്നു..കയ്യിൽ കിടന്നിരുന്ന സിഗരറ്റ് പുകഞ്ഞുകൊണ്ട് കൈവിരലിനെ പൊള്ളിച്ചത് കൊണ്ടാകും പെട്ടന്നൊരു ഞെട്ടലോടെ ഹരിയേട്ടൻ ചുറ്റിലും കണ്ണോടിച്ചത്..വൈകിയില്ല തലതാഴ്ത്തിപിടിച്ചുകൊണ്ട് അമ്മയുടെ മുഖത്തേക്കൊന്ന് എത്തിനോക്കി അയാൾ കാറെടുത്ത് വേഗത്തിൽ അതോടിച്ചു പോയി.. എന്റെ സംസാരം കേട്ടുകൊണ്ട് തരിച്ചിരിക്കുന്ന കല്യാണിയമ്മയുടെ അരികിൽ ചെന്നു നിന്നു.. "അമ്മയെന്നോട് ക്ഷമിക്കണം.,ആ പേപ്പറുകൾ കത്തിച്ചത് ഞാനാണ്.,അത് ജയനെ മാത്രം ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് വിചാരിച്ചു ചെയ്തതാണ്..പക്ഷെ തറവാടിന്റെ അടിത്തറമാന്തുന്ന ഒന്നായിരുന്നെന്ന് വൈകിയാണെനിക്ക് മനസ്സിലായത്..അപ്പൊയെക്കും വൈകിപ്പോയിരുന്നു..ജയന്റെ അമ്മയായത് കൊണ്ട് മാത്രം ഞാൻ നിങ്ങളെ കഷ്ടപ്പെടുത്തുമെന്ന് പേടിക്കേണ്ട..അവിടെക്ക് പറഞ്ഞയക്കാൻ മനസ്സ് സമ്മതിക്കുന്നില്ലമ്മേ..നിങ്ങളുടെ ഈ മൂത്തമകൻ കൊല്ലാനും മടിക്കില്ല..അമ്മയ്ക്കിവിടെ ഇഷ്ടമുള്ള കാലം വരെയും കഴിയാം..ആരും ഇറക്കിവിടില്ല,ആരും ഭരിക്കാനും വരില്ല.,അമ്മയില്ലാത്ത വേദന നന്നായി അനുഭവിച്ചവളാണ് ഞാൻ.,നഷ്ടപ്പെടലിന്റെ വേദന ഒരുപാട് അനുഭവിച്ചിട്ടുണ്ട്.."

വാക്കുകൾ മുഴുവിപ്പിക്കും മുൻപേ കരച്ചിൽ വന്നെന്റെ തൊണ്ടക്കുഴിയിൽ എത്തിയിരുന്നു.,പതിയെ കൈകൊണ്ട് മുഖം പൊത്തികരയുന്ന സമയം..കല്യാണിയമ്മയെന്റെ കൈകൾ വേർപ്പെടുത്തി..പതുക്കെ മാറിലേക്ക് ചേർത്തു നിർത്തി..ഒരുപാട് വർഷങ്ങൾക്കിപ്പുറം പെറ്റമ്മയുടെ ചൂട് ഞാനറിയുകയായിരുന്നു ആ സമയം... ഉള്ളിൽ നിന്നെന്തൊക്കെക്കെയോ ഭാരം ഇറക്കിവെച്ചത് പോലെ.,പേമാരി പൈതുതീർന്ന പ്രകൃതിയെപ്പോലെ ഉള്ളം ശാന്തമാകാൻ തുടങ്ങിയിരുന്നു..ദിനങ്ങൾ പൊഴിഞ്ഞുവീണുകൊണ്ടിരുന്നു.,ഒരമ്മയെപ്പോലെ ഞാനവരെയും മകളെപ്പോലെ അവരെന്നെയും മത്സരിച്ചു സ്നേഹിച്ചു തുടങ്ങിയിരുന്നു ആ സമയങ്ങളിൽ..അന്നത്തെ ആ സംഭവത്തിന് ശേഷം ഹരിയേട്ടന്റെ ശല്യങ്ങളൊന്നുമുണ്ടായിരുന്നില്ല., ഒരു ദിവസം രാവിലെ ഉറക്കമുണർന്നത് മൊബൈലിന്റെ റിങ് കേട്ടുകൊണ്ടാണ്.,സ്ക്രീനിൽ അമ്മച്ചി യെന്ന് തെളിഞ്ഞു കണ്ടതോടെ എടുത്ത്നോക്കണോ അതോ വേണ്ടയോ എന്നചിന്തയിലായിരുന്നു ഞാൻ..ഇവിടേക്ക് മടങ്ങി വന്നതിൽ പിന്നെ അവരെ വിളിച്ചിട്ടില്ല.,അവരെ മറന്നതല്ല,എന്റെയീ തീരുമാനത്തേ എതിർത്തു പറയുമോ എന്നൊരു ഭയമെ എനിക്കുണ്ടായിരുന്നൊള്ളൂ.. കയ്യിൽ കിടക്കുന്ന ഫോൺ പിന്നെയും ശബ്ദിക്കാൻ തുടങ്ങിയതോടെ ഞാൻ രണ്ടും കല്പിച്ചു ഫോണെടുത്തു..മറുപടിയായി എന്തെങ്കിലും പറയുന്നതിന് മുൻപേ മറുതലക്കൽ അമ്മച്ചിയുടെ ശബ്ദം ഞാൻ മുഴങ്ങികേട്ടു.. "ജയൻ ജാമ്യത്തിലിറങ്ങിയിട്ടുണ്ട് മോളെ.."......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story