താലി: ഭാഗം 4

thali alrashid

രചന: അൽറാഷിദ് സാൻ

മനസ്സ് പതിയെ പുറകോട്ട് നടക്കാൻ തുടങ്ങിയിരുന്നു.. ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത സന്തോഷവും അതിലേറെ സമാധാനവും നിറഞ്ഞ എന്റെ ആ പഴയ ജീവിതത്തിലേക്ക്.,സൗഹൃദവും പ്രണയവും കൊണ്ട് നോവുന്നഓർമകൾ തീർത്ത കോളേജ് ജീവിതത്തിലേക്ക് നാല് ഓലകൾ കൊണ്ട് മറച്ച ഒരു കൊച്ചുകൂരയിലായിരുന്നു ഞാനും അച്ഛനും അമ്മയും രണ്ടനിയൻമാരുമടങ്ങുന്ന കുടുംബം കഴിഞ്ഞുപോന്നിരുന്നത്,അച്ഛന് സ്ഥിരമായൊരു ജോലിയില്ല,പക്ഷെ നാല് വയറുനിറയ്ക്കാൻ പാതിരാത്രിയും പകലാക്കിയിരുന്നു ആ പാവം..വീട്ടിലെ കഷ്ടപ്പാട് നന്നായറിയാവുന്നത് കൊണ്ട് ചെറുപ്പം മുതലേ ഒന്നിനോടും ആഗ്രഹം തോന്നിയിരുന്നില്ല..പട്ടിണികൊണ്ട് താഴെയുള്ള അനിയൻമാർ കരയുന്നത് കണ്ടു അമ്മയെ പോലെ കണ്ണുനീർ വാർക്കാനെ എനിക്കും കഴിഞ്ഞിരുന്നുള്ളൂ.. എങ്കിലും സ്നേഹവും ലാളനയും കൊണ്ട് സന്തോഷത്തിലായിരുന്നു ഞങ്ങൾ.. ദാരിദ്ര്യത്തിനിടയിലും ആകെയുണ്ടായിരുന്ന കൂട്ട് പഠിക്കാനുള്ള പുസ്തകങ്ങൾ മാത്രം.. പ്ലസ് ടു കഴിഞ്ഞു എന്നെ ആരുടെയെങ്കിലും കൈപിടിച്ച് ഏൽപ്പിച്ചാൽ ബാക്കിയുള്ളതിങ്ങളുടെ കാര്യം നോക്കിയാൽ മതിയല്ലോ എന്ന അമ്മയുടെ വാക്കുകളെ എതിർത്തു പറഞ്ഞത് അച്ഛൻ തന്നെയാണ്.. "

അവളെന്റെ മോളാ,പഠിക്കാൻ മിടുക്കിയാ..അവൾക്കിനിയും മോഹമുണ്ടങ്കിൽ ആരുടെ മുന്നിൽ ഇരന്നിട്ടാണേലും ഞാൻ പഠിപ്പിച്ചിരിക്കും" എന്ന അച്ഛന്റെ വാക്കുകളും നാട്ടിലെ നല്ലവരായ ചിലരുടെ സഹായങ്ങളുമാണ് എന്നെയാ വലിയ കോളേജിന്റെ പടിക്കലെത്തിച്ചത്... ഉള്ളതിൽ നല്ലതെന്ന് പറയാൻ ഒരു ചുരിദാറും ഭക്ഷണത്തിനുള്ള ഒരു പ്ലേറ്റും കൊണ്ട് മാത്രം ഞാനന്ന് വീടുവിട്ടിറങ്ങി നേരെ കോളേജ് ഹോസ്റ്റലിലേക്ക്..അഡ്മിഷന്റെ ചിലവുകൾ കഴിഞ്ഞതോടെ നല്ലൊരു വസ്ത്രം വാങ്ങിതരാൻ പോലും അച്ഛന്റെ കയ്യിൽ കാശ് തികഞ്ഞിരുന്നില്ല ..തിരിച്ചു പോരാനുള്ള വണ്ടിക്കൂലി വരെ അങ്ങാടിയിൽ ചായക്കട നടത്തുന്ന അബ്ദുക്കയുടെ കയ്യിൽ നിന്ന് കടം വാങ്ങിക്കുന്നത് ഞാൻ കണ്ടിരുന്നു.. ഹോസ്റ്റലിന്റെ മുന്നിലെത്തിയതും നിറഞ്ഞ ചിരിയോടെ 'നല്ലോണം പഠിക്കണം ന്റെ കുട്ടിയെന്നും' പറഞ്ഞു കൈവീശി കാണിച്ചു അച്ഛൻ വീട്ടിലേക്ക് തിരിച്ചു... ഹോസ്റ്റൽ റൂമിലെ മുഖങ്ങളെല്ലാം എനിക്ക് പരിജയമില്ലാത്തതായിരുന്നു...അങ്ങിങ്ങായി കീറിയ ചുരിദാറും തികച്ചും ഒരു പാവപെട്ട വീട്ടിലെ കുട്ടിയെന്ന നടപ്പും കണ്ടതോടെ ആദ്യദിവസം തന്നെ റൂമിലുള്ള മറ്റുകുട്ടികളെല്ലാം എന്നിൽ നിന്നും അകലം പാലിക്കാൻ തുടങ്ങി..അവരെല്ലാം മോഡേൺ ആണ്, കഷ്ടപ്പാട് എന്തെന്നറിയാത്ത കുട്ടികളാണ്..

സമ്പത്തിൽ വളർന്നവരാണ് അതൊന്നും എന്നേ തളർത്തിയിരുന്നില്ല.,എന്നെപോലൊരു പെണ്ണിനെ അവരിങ്ങനെയല്ലാതെ മറ്റെങ്ങനെ സ്വീകരിക്കും.. ബാഗെന്ന് പറയാവുന്ന ആ തുണിപൊതിയിൽ നിന്നും ഇറങ്ങാൻ നേരം അമ്മ തന്ന അമ്മയുടെ പുതിയ നൈറ്റി എടുത്തിട്ട്, ഉടുത്തിരുന്ന ചുരിദാർ അലക്കിയെടുത്തു..നാളെ ക്ലാസ്സിൽ പോവാൻ അത് മാത്രമേയുള്ളൂ രാത്രി ഭക്ഷണം കഴിക്കാൻ നേരം അയലിൽ കിടക്കുന്ന ചുരിദാറെടുത്ത് മടയ്ക്കി വയ്ക്കാൻ വേണ്ടിയാണ് ഞാൻ പുറത്തേക്കിറങ്ങിയത്..അയലിൽ കിടന്ന ചുരിദാർ വലിച്ചെടുക്കുന്നതിനിടയിൽ അയലിന്റെ സൈഡിൽ കിടന്നിരുന്ന മറ്റൊരു കുട്ടിയുടെ ഡ്രസ്സ്‌ താഴെ വീണത് ഞാൻ അറിഞ്ഞിരുന്നില്ല.. നല്ല ചൂടുള്ള ചപ്പാത്തിയും കടലക്കറിയും,കണ്ടിട്ട് തന്നെ വായിൽ വെള്ളം നിറയാൻ തുടങ്ങി.കാലങ്ങളായി ഇതൊക്കെയൊന്നു കഴിച്ചിട്ട്,ഓരോ പിടിവാരി കഴിക്കുമ്പോയും എന്റെ കുഞ്ഞനിയൻമാരെ ഓർമവന്നുപോയി.. ഭക്ഷണം കഴിച്ച ശേഷം മെസ്സിൽ നിന്ന് റൂമിലേക്ക് നടക്കുന്നതിനിടയിലാണ് ഒരുകൂട്ടം കുട്ടികൾ വന്നെന്നേ വളഞ്ഞത്...

"നിൽക്കടി അവിടെ..നിന്റെയാ കീറിയ ചുരിദാറുമെടുത്ത് വലിച്ചങ്ങ് പോയപ്പോ എന്റെയീ ഡ്രസ്സ്‌ താഴെ ചളിയിലേക്ക് വീണത് നീ കണ്ടില്ലേ.അതോ സീനിയർസിന്റെതായത് കൊണ്ട് മനപ്പൂർവം താഴെക്കിട്ടതാണോ..." സത്യത്തിൽ അവരുടെ സംസാരം കൊണ്ട് മാത്രമാണ് അങ്ങനൊരു സംഭവം നടന്നത് തന്നെ ഞാനറിഞ്ഞത്.ചുറ്റും കൂടിയിരിക്കുന്നത് സീനിയർസിന്റെ ടീമാണെന്ന് മനസ്സിലായി,എന്ത്‌ മറുപടി പറയണമെന്നറിയാതെ പകച്ചു നിൽക്കുന്നതിനിടയിൽ "എടി സ്മിതെ,കൃഷ്ണേ വലിച്ചു കീറി താഴെക്കിടടി അവൾടെ ആ ചുരിദാറെന്ന്" വലിയ ശബ്ദത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു ആ ചേച്ചി.. 'കീറരുത് ആകെയുള്ള തുണിയാണ്, നാളെ ക്ലാസ്സിൽ പോവാൻ വേറൊന്ന് കയ്യിലില്ലന്ന്' കാല് പിടിച്ചു കരഞ്ഞുപറഞ്ഞെങ്കിലും 'നാളെ നീ ഒന്നും ഉടുക്കാതെ ക്ലാസ്സിൽ പോയാൽ മതി'യെന്നായിരുന്നു മറുപടി എന്റെ മുന്നിൽ തന്നെയിട്ട് അവരത് കീറി താഴെക്കെറിയുന്നത് നിറകണ്ണുകളോടെ ഞാൻ നോക്കിയിരുന്നു..എല്ലാവരും പോയതോടെ റൂമിലുള്ള മറ്റുകുട്ടികൾ സഹതാപത്തോടെ എന്നെ നോക്കിനിൽക്കുന്നുണ്ടായിരുന്നു...

ആ ഒരു ദിവസം കരഞ്ഞുകൊണ്ടാണ് ഞാൻ നേരം വെളുപ്പിച്ചത്.. എല്ലാവരും കുളിച്ചു റെഡിയായി ബാഗുമെടുത്ത് ക്ലാസ്സിൽ പോവുന്നത് സങ്കടത്തോടെ നോക്കി നില്ക്കാനെ കഴിഞ്ഞുള്ളൂ, കോളേജിലെ ആദ്യദിവസം തന്നെ എനിക്ക് നഷ്ടപെട്ടിരിക്കുന്നു... ഇനിയെന്തൊക്കെ സഹിക്കണം എന്നറിയില്ല..തിരിച്ചു വീട്ടിൽ പോവാമെന്നു വെച്ചാൽ അതെന്റെ അച്ഛനോട് ഞാൻ ചെയ്യുന്ന ചതിയായിരിക്കും,അച്ഛനീ മോൾക്ക്‌ വേണ്ടി കഷ്ടപ്പെട്ടതെല്ലാം വെറുതെയായിപ്പോകും ക്ലാസ്സ്‌ കഴിഞ്ഞു മറ്റുള്ള കുട്ടികൾ തിരിച്ചു വരുന്നത് വരെ ഓരോ ആലോചനയിലായിരുന്നു,കിടക്കയിൽ തലവെച്ചു കിടക്കുകയായിരുന്ന എന്റെ തലയിൽ പെട്ടന്നാണ് ഒരു തലോടൽ പോലെ അനുഭവപെട്ടത്.തലയുയർത്തി നോക്കിയപ്പോൾ കണ്ടത് പുഞ്ചിരിയോടെ മുഖത്തേക്ക് നോക്കി നിൽക്കുന്ന ഒരു കുട്ടിയെയാണ്.. "വിരോധമില്ലങ്കിൽ ഇത് താനെടുത്തോ,പുതിയതല്ല ട്ടോ, എന്റെൽ ഇതൊള്ളൂ, നാളെ അച്ഛന്റെ കാശ് വന്നിട്ട് നമുക്ക് ഷോപ്പിങ്ങിന് പോവാം ട്ടോ.." തിരിച്ചൊരു നന്ദി പറയുന്നതിന് മുൻപേ ആ കുട്ടി നടന്നുനീങ്ങിയിരുന്നു.ഇങ്ങനൊന്ന് പ്രതീക്ഷിച്ചതല്ല,ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ഞാൻ ആ ഡ്രെസ്സ് എടുത്തു അണിഞ്ഞു നോക്കി.,

ഇത്ര ഭംഗിയുള്ളതും കല്ലുകൾ പിടിപ്പിച്ചിട്ടുള്ള ചുരിദാർ ആദ്യമായി കയ്യിൽ കിട്ടിയ സന്തോഷമായിരുന്നു മനസ്സ് നിറയെ,അതിൽന്ന് വരുന്ന പെർഫ്യൂമിന്റെ മണം കൂടിയായതോടെ നാളെയൊന്നു വേഗം ആയിരുന്നങ്കിലെന്നു ചിന്തിച്ചിരിക്കുന്ന നേരത്താണ് അത് തന്നുപോയ കുട്ടിയെ ഓർമവന്നത്..പേര് പോലും ചോദിക്കാൻ പറ്റിയില്ല., ഏതായാലും ഈ റൂമിലുള്ള കുട്ടിയല്ലെന്ന് ഞാൻ ഊഹിച്ചു... പുറത്തേക്കിറങ്ങി തിരഞ്ഞുനോക്കിയെങ്കിലും കാണാനായില്ല...രാത്രി ഭക്ഷണം കഴിച്ചു നേരത്തെ ഉറങ്ങി.. എന്നും രാവിലെ നേരത്തെ എഴുന്നേറ്റ് ശീലമുള്ളതിനാൽ കൃത്യം അഞ്ചുമണിക്ക് തന്നെ എഴുന്നേറ്റു..കുളിച്ചു റെഡിയായി നേരെ കോളേജിലേക്ക് കഷ്ടിച്ച് ഒരു അഞ്ചുമിനുട്ട് നടക്കാനുള്ള ദൂരം കാണും.., വഴിയിലെ ഓരോ കാഴ്ചകണ്ടു കോളേജിനു മുന്നിൽ എത്തിയതറിഞ്ഞില്ല വലിയ തോരണങ്ങൾക്കൊണ്ട് അലങ്കരിച്ചിരിക്കുന്നത് കാണാൻ തന്നെ ഒരു ചേലാണ്..ഒത്ത നടുവിലായി നവാഗതർക്ക് സ്വാഗതം എന്ന ബോർഡ്‌..നാട്ടിൽ ഞാൻ പഠിച്ചുവളർന്നത് പോലെയല്ല,കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്നു ക്യാമ്പസ്‌,, എണ്ണിയാൽ തീരാത്ത കുട്ടികൾ... BA ഇംഗ്ലീഷ്, അതാണെന്റെ വിഷയം..പണ്ട്തൊട്ടേ അതിനോടുള്ള താല്പര്യം കൊണ്ടാണ് പഠിപ്പിച്ച ടീച്ചർമാർ ആ വിഷയത്തിൽ കൂടുതൽ ശ്രദ്ധികൊടുക്കാൻ പറഞ്ഞത്..കുറച്ച് ബുദ്ധിമുട്ടിയെങ്കിലും ക്ലാസ്സ്‌ കണ്ടുപിടിച്ചു മുന്നിലെ ബെഞ്ചിൽ പോയിരുന്നു...തൊട്ടപ്പുറത്തിരിക്കുന്ന കുട്ടിയെ കണ്ടാൽ ഇന്നലെ എനിക്ക് ഡ്രെസ്സേടുത്ത് തന്ന കുട്ടിയെപോലെ,,

അല്ല അതവൾ തന്നെ..ഒന്ന് മടിച്ചിട്ടാണെങ്കിലും അവളെപോയി പരിജയപ്പെട്ടു.. വർഷ, എന്നെപോലെ ദൂരെനിന്ന് വന്നു പഠിക്കുന്നു, പക്ഷെ എന്നെപോലെ ദാരിദ്ര്യമുള്ളവളല്ല, സാമാന്യം നല്ല ചുറ്റുപാടുള്ളവൾ, അച്ഛൻ ഗൾഫിൽ ആകെയുള്ള സഹോദരൻ എഞ്ചിനീയറിങ്ങിന് പഠിക്കുന്നു.. ടീച്ചർമാർ വന്നിട്ടുള്ള പരിജയപ്പെടലിലൂടെ ആ ഒരു ദിവസം പെട്ടന്ന് തീർന്നത് പോലെ.. തിരികെ ഞാനും വർഷയും ഹോസ്റ്റൽ ലക്ഷ്യമാക്കി നടന്നുകൊണ്ടിരുന്നു... "എന്താ നിന്റെ പേര്" വർഷയുടെ പെട്ടന്നുള്ള ചോദ്യമാണ് എന്റെ നടത്തത്തിന്റെ വേഗത കുറച്ചത്.. "സുമിത.. വീട്ടിലെന്നേ സുമേന്ന് വിളിക്കും" ഒരു പുഞ്ചിരിയോടെ ഞാൻ മറുപടി നൽകി.. "റാഗിംഗ് നല്ലോണം ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു ചേട്ടൻ.,അത് ഇന്നലെ നേരിട്ട് കണ്ടതോടെ മനസ്സിലായി.. ഇവിടുത്തെ ചെക്കൻമാരെക്കാൾ തരികിടയാണ് സീനിയർസിലേ ചേച്ചിമാരെന്ന് കുട്ടികൾ പറയുന്നത് ശെരിയാ..നമ്മളെത്ര മര്യാദക്ക് നടന്നാലും അവര് വന്ന് പ്രശ്നമുണ്ടാക്കും..സൂക്ഷിച്ചു നടന്നോ സുമേ ഇന്നലത്തെത് വെറും സാമ്പിളാ.,അതിരിക്കട്ടെ നിനക്കിനി നാളെ ഉടുക്കാൻ വേറെ ചുരിദാറുണ്ടോ.." "ഇല്ല ഇന്നലെ നീയിത് തന്നില്ലങ്കിൽ ഞാനിന്നു ക്ലാസിലും വരാതെ ഹോസ്റ്റലിരുന്നേനെ.. അച്ഛന്റെ കയ്യിലു അതിനുള്ള പൈസയില്ലാഞ്ഞിട്ടാ, അത്രയ്ക്ക് കഷ്ടപ്പാടാണേയ് വീട്ടിൽ..

അല്ലങ്കിലിങ്ങനെ നാണം മറയ്ക്കാൻ മറ്റൊരാളുടെ വസ്ത്രം എടുത്തിടേണ്ട അവസ്ഥ വരില്ലായിരുന്നു എനിക്ക്.." നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ ഒന്ന് നിന്നു.. "അയ്യേ നീ കരയാണോ..വിഷമിപ്പിക്കാൻ ചോദിച്ചതല്ല..നീയെന്റെ കൂടെ വന്നേ നമുക്കൊരിടം വരെ പോവാനുണ്ട്..." എനിക്കറിയാം അതെവിടേക്കാണെന്ന്...എനിക്കുള്ള വസ്ത്രങ്ങൾ വാങ്ങുവാനുള്ള പോക്കാണ്..വേണ്ടായെന്ന് ഒരുപാട് വട്ടം പറഞ്ഞുനോക്കിയെങ്കിലും അവളുടെ നിർബന്ധത്തിന് വയങ്ങി കൂടെപോവേണ്ടി വന്നു... തിരക്കുള്ള റോഡ് ഒരുവിധത്തിൽ ക്രോസ്സ് ചെയ്തു ഞാനും അവളും മുന്നിലുള്ള ആ വലിയ ടെക്സ്റ്റയിൽസിലേക്ക് കയറി... എങ്ങും മനം മയക്കുന്ന രീതിയിൽ ചുരിദാറുകളും ടോപ്പുകളും മിഡികളും അലങ്കരിച്ചിരിക്കുന്നു.. പല വിധ നിറങ്ങളിൽ, പലവിധ ഭാവങ്ങളിൽ..എല്ലാത്തിലേക്കും മാറി മാറി നോക്കുന്നതിനിടയിലാണ് വർഷയെന്റെ കൈപിടിച്ച് വലിച്ചത്... "നീയൊന്ന് നേരെ നിന്നെ, ഈ കളർ നിനക്ക് ചേരുന്നുണ്ട്.. അല്ലേലും നിന്നെപ്പോലെ വെളുത്ത് മെലിഞ്ഞ സുന്ദരികൾക്ക് നീല നിറം നന്നായി ചേരും..." തിരിച്ചൊരു മറുപടി പറയാൻ കഴിയുന്നില്ല.. "ചേട്ടാ ഇത് പാക്ക് ചെയ്‌തോ ചെയ്തോളു.. ദാ ഇതും കൂടെ.."

കയ്യിലുള്ള മൂന്ന് ചുരിദാർ സെറ്റുകളും സെയിൽസ്മാനെ ഏല്പിച്ചുകൊണ്ട് എന്റെ കൈപിടിച്ചവൾ ക്യാഷ് കൌണ്ടറിലേക്ക് നടന്നു..അവിടെ ബില്ലടിച്ച് വെച്ചിട്ടുള്ളത് കണ്ട് ഞാനൊന്നു ഞെട്ടി.. "രണ്ടായിരത്തി അഞ്ഞോറോ..വേണ്ട വർഷേ..ഇത്ര വിലയുള്ളതൊന്നും വേണ്ടാ... അത് ശെരിയാവില്ല..." സ്നേഹപൂർവമുള്ള നിരസിക്കൽ അവൾക് ഇഷ്ടപെട്ടിട്ടില്ലാന്നു മുഖം കണ്ടാലറിയാം..എങ്കിലും അത്ര വിലയുള്ളത് ധരിച്ചാൽ അതെന്റെ ദേഹത്ത് നിൽക്കില്ല..നില മറന്നു ജീവിക്കരുതെന്ന് പണ്ട്തൊട്ടേ അമ്മ പറയുന്നതാണ്.. പാക്ക് ചെയ്തു വെച്ചിട്ടുള്ള കവറിൽ നിന്നും ഓരോന്നായി പുറത്തേക്കെടുത്ത് ഞാനത് ആ സെയിൽസ്മാനെ തിരികെയേൽപ്പിച്ചു.. "ചേട്ടാ ആ മടക്കി വെച്ചിട്ടുള്ള ചുരിദാറിന് എത്രയാവും.." "അത് ബലം കുറവുള്ളതാണ് മാഡം.ഒരു സെറ്റിന് മുന്നൂറു രൂപയെ ആവത്തൊള്ളൂ.." അയാളുടെ മറുപടിയിൽ ഞാൻ സന്തോഷത്തിലായിരുന്നു.. അടുക്കി വെച്ചതിൽ നിന്നും മൂന്ന് സെറ്റ് എടുക്കാൻ പറഞ്ഞു..'ഏത് നിറം വേണമെന്നുള്ള' അയാളുടെ ചോദ്യത്തിന് 'ചേട്ടന് ഇഷ്ടമുള്ളത്' എടുത്താൽ മതിയെന്ന് പറഞ്ഞതോടെ ഉള്ളതിൽ വെച്ച് ഭംഗിയുള്ള മൂന്നെണ്ണം എടുത്തു പാക്ക് ചെയ്ത് ഒരു പുഞ്ചിരിയോടെ അയാളത് എനിക്ക് നേരെ നീട്ടി... എല്ലാം കണ്ട് വായും പൊളിച്ചു നിൽക്കുന്നുണ്ടായിരുന്നു വർഷയും ക്യാഷ് കൌണ്ടറിലേ ആ വയസ്സൻ ചേട്ടനും... ബില്ലടച്ച് തിരികെ നടക്കാനൊരുങ്ങിയതും പിന്നിൽ നിന്നും ആ ചേട്ടന്റെ വിളി വന്നു.. "മക്കളൊന്ന് നിന്നേ..."

കയ്യിൽ മറ്റൊരു കവറുമായി അയാൾ അടുത്തേക്ക് വന്ന ശേഷം അതെനിക്ക് നേരെ നീട്ടി..വേണ്ടായെന്ന് തലയാട്ടിയതോടെ അതെന്റെ കയ്യിൽ പിടിച്ചേൽപ്പിച്ചു... "ഔദാര്യമായി കൂട്ടണ്ട മോളെ.. വർഷം ഇരുപതായി ഞാനീ കട തുടങ്ങിയിട്ട്.. ഇന്ന് വരെ വാങ്ങിയ സാധനങ്ങളുടെ വില കേട്ട് അത്രയായൊള്ളു എന്ന് പുച്ഛത്തോടെ ചോദിക്കുന്നവരെയേ ഞാൻ കണ്ടിട്ടൊള്ളൂ...ഇന്നാദ്യമായി മോൾ വന്നിട്ട് വാങ്ങിയ സാധനത്തിന്റെ വിലകേട്ട് കണ്ണുതള്ളിയപ്പോ. അത് മാറ്റിയെടുക്കാൻ കാണിച്ച മനസ്സുണ്ടല്ലോ അത്രയും മതിയെന്റെ മോൾക്ക്‌..കഷ്ടപ്പാടിന്റെ വില നന്നായറിയാം നിനക്ക്...ഇതൊരു സമ്മാനമായി കൂട്ടിയാൽ മതി, ഒരച്ഛൻ മകൾക്ക് കൊടുക്കുന്ന സമ്മാനം പോലെ..." നിറഞ്ഞ മനസ്സോടെ ആ ചേട്ടനത് പറഞ്ഞപ്പോ വാങ്ങാതിരിക്കാൻ കഴിഞ്ഞില്ല... ഒരു പുഞ്ചിരി നൽകി തിരിഞ്ഞു നടക്കുമ്പോയും അയാളുടെ സംസാരം എനിക്ക് കേൾക്കാമായിരുന്നു... 'ഈ കാലത്തും ഇങ്ങനത്തെ മക്കളുണ്ടോ ദൈവമേ..ആ അച്ഛന്റെയും അമ്മയുടെയും ഭാഗ്യ' മെന്ന് അയാൾ ആരോടെന്നില്ലാതെ പറയുന്നുണ്ടായിരുന്നു.. അവിടെ നിന്നിറങ്ങി നേരെ നടന്നത് ഐസ്ക്രീം പാർലറിലേക്ക്...പേര് കേട്ടിട്ടുണ്ട് എന്നല്ലാതെ രുചിയറിഞ്ഞത് അപ്പോഴാണ്..തണുപ്പും മധുരവും..പെട്ടന്ന് തീർന്നത് പോലെ.. "എന്റെ കുഞ്ഞനിയൻമാർക്ക് അച്ഛൻ ഒരിക്കലു കൊണ്ട് വന്നു കൊടുത്തപ്പോ കാണണമായിരുന്നു അവരുടെ സന്തോഷം..എനിക്കിത് കാണുമ്പോ അവരെ ഓർമ വരുന്നുണ്ട് വർഷേ..."

മനസ്സിൽ പറഞ്ഞതാണ്..അറിയാതെ പുറത്തേക്കു വന്നുപോയി..സംസാരം കേട്ടു അവളൊന്ന് ചിരിച്ചു കാണിച്ചു.. "എനിക്കറിയാം സുമേ..നാട്ടിൻപുറത്ത് അതും ദാരിദ്ര്യത്തിൽ ജീവിച്ച നിനക്കിതൊക്കെ ആദ്യമായിട്ടുള്ള അനുഭവമായിരിക്കുമെന്ന്.ഇനിയുമുണ്ട് ഇനി നേരെ പാർക്കിൽ അത് കഴിഞ്ഞു ബീച്ചിൽ, എന്നിട്ട് ഹോസ്റ്റലിലേക്ക് പോകാം ട്ടോ.." പാർക്കിൽ അങ്ങിങ്ങായി കമിതാക്കൾ ഇരിക്കുന്നുണ്ട്,.ചിലർ മടിയിൽ തലവെച്ചു കിടക്കുന്നു..മറ്റുചിലർ സ്നേഹം ചുംബനങ്ങളുടെ രൂപത്തിൽ കൈമാറിക്കൊണ്ടിരിക്കുന്നുണ്ട്..എല്ലാം കണ്ടിട്ട് തന്നെ എന്തോപോലെ.. അവിടെ നിന്ന് നേരെ ബീച്ചിലേക്ക്..കുഞ്ഞുനാളിൽ അമ്മയുടെ കൂടെ പോയിട്ടുണ്ടെന്നു ഇടയ്കൊക്കെ അമ്മയെന്നോട് പറയാറുണ്ട്..ഓർമ കിട്ടുന്നില്ല.. തിരമാലകൾ വന്നു കരയേ പുണരുന്നത് തന്നെ കാണാനൊരു ചേലാണ്..അസ്തമയ സൂര്യൻ ഒരു ചുവന്ന പൊട്ടുപോലെ അകലങ്ങളിലേക്ക് മറഞ്ഞു കൊണ്ടിരിക്കുന്നു... ഹോസ്റ്റലിൽ നിന്ന് അധികം ദൂരമില്ല ഇനി തോന്നുമ്പോയൊക്കെ വരാമല്ലോ.. തിരികെ റൂമിലെത്തി കുളിയും കഴിഞ്ഞു,..

പുതിയതായി വാങ്ങിയ ചുരിദാറെടുത്ത് അണിഞ്ഞു നോക്കി,.നല്ല ഭംഗിയുണ്ട്.. മെസ്സിൽ നിന്നും ഭക്ഷണം കഴിച്ചു കിടക്കാനായി ഒരുങ്ങുമ്പോയാണ് വർഷ പെട്ടിയും തൂക്കി റൂമിലേക്ക് വരുന്നത് കണ്ടത്.. സംശയരൂപത്തിലുള്ള എന്റെ നോട്ടം കണ്ടിട്ടാവും ഞാനാ റൂമിൽന്ന് ഇങ്ങോട്ട് മാറി, ഇനി നിന്റെ കൂടെ എന്തേലും പറഞ്ഞിരിക്കാലോ എന്നും പറഞ്ഞവൾ കയറി വന്നത്.. എനിക്കും സന്തോഷം തോന്നി..മിണ്ടാനും പറയാനും ഒരാളായല്ലോ, "സുമേ.. നീയാരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ.." വാ തോരാതെയുള്ള സംസാരത്തിന് ശേഷം ഉറക്കം വരാൻ തുടങ്ങിയതോടെ കണ്ണടച്ച് കിടക്കുമ്പോയായിരുന്നു അവളുടെ ചോദ്യം..അങ്ങനൊന്ന് ഉണ്ടായിരുന്നത് കൊണ്ട് കള്ളം പറയാൻ തോന്നിയില്ല... മറുപടിയൊന്നും പറയാതെയുള്ള എന്റെ കള്ളച്ചിരി കണ്ടിട്ടാവണം കിടക്കയിൽ നിന്നെഴുന്നേറ്റ് അവളെന്റെ അരികിൽ വന്നിരുന്നത്.. "പറയെടി.. ഞാനുമൊന്ന് അറിയട്ടെ നിന്റെ ആ പ്രേമവും, ആ കാമുകനേയും.." ഒരു ചിരിയോടെ ഞാനെന്റെ ഭൂതകാലത്തിന്റെ കെട്ടയിക്കാൻ തുടങ്ങി..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story