താലി: ഭാഗം 42

thali alrashid

രചന: അൽറാഷിദ് സാൻ

മുഖത്ത് അല്പം അമർഷം നിറച്ചുകൊണ്ട് ആ നേഴ്സ് നടന്നുനീങ്ങുന്നത് ഒരു നിസ്സാഹായതയോടെയാണ് ഞാൻ നോക്കി നിന്നത്.. ശരീരമെല്ലാം കുഴയുന്നത്പോലെ.,ഒന്നരമാസത്തെ ജാമ്യത്തിനാണ് മാർക്കോ ജയിലിൽനിന്നിറങ്ങിയതെന്ന് ഞാനറിഞ്ഞിരുന്നു.,പകയോടെയുള്ള അവന്റെ തിരിച്ചു വരവ് പേടിച്ച് ഒരുൾ ഭയത്തോടെയായിരുന്നു ഞാനിത്രനാൾ തള്ളിനീക്കിയിരുന്നത്.,പിന്നെ പിന്നെ അവന്റെ വിവരമൊന്നുമില്ലാത്തതിനാൽ മനസ്സ് മാറിക്കാണുമെന്ന് ആശ്വസിച്ചിരുന്നു..,എന്റെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചിരിക്കുന്നു..ഇതും ഹരിയേട്ടന്റെ ചതിയാവാം.. തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ ഒരായിരം ചോദ്യങ്ങളെന്നെ അലട്ടിയിരുന്നു.,കൂടെയിരിക്കുന്ന രമചേച്ചിയുടെ സംസാരങ്ങൾക്കെല്ലാം മറുപടി നൽകിയിരുന്നത് ഒന്ന് മൂളിക്കൊണ്ടായിരുന്നു..എന്റെ മുഖഭാവമെല്ലാം ശ്രദ്ധിച്ചതുകൊണ്ടാവും ഇറങ്ങാനുള്ള സ്റ്റോപ്പ്‌ എത്തിയതും തലയിലൊന്ന് കൈവെച്ച് രമചേച്ചി ബസ്സിൽന്നിറങ്ങിയത്.. കയ്യിലുള്ള ശമ്പളത്തിന്റെ നേർപാതി കല്യാണിയമ്മയെ ഏൽപിച്ചുകൊണ്ടു ഞാൻ വീട്ടിലേക്ക് കയറി..ഒന്ന് പുഞ്ചിരിച്ചു കാണിച്ചങ്കിലും എന്റെ മുഖത്തെ വാട്ടവും,വെപ്രാളവുമെല്ലാം മനസ്സിലായിട്ടാവണം കട്ടിലിൽ മുഖംപൂയ്ത്തി കിടക്കുകയായിരുന്ന എന്റെ അരികിൽ വന്നു കല്യാണിയമ്മ പതിയെ തലയിൽ തലോടിക്കൊണ്ടിരുന്നത്..

മാർക്കോയുടെ ഈയവസ്ഥ എങ്ങനെ ആ മുഖം നോക്കി പറയും ഞാൻ.,പെറ്റുവളർത്തിയ അമ്മയല്ലേ.,മകന് തന്നെ വേണ്ടെന്ന് വെച്ച് അമ്മയ്ക്കും അങ്ങനെ ആവാൻ കഴിയില്ലല്ലോ.. ഞാൻ പതിയെ എഴുന്നേറ്റിരുന്നു,.അടുത്തിരിക്കുന്ന കല്യാണിയമ്മയുടെ കയ്യിൽ കൈ ചേർത്തുപിടിച്ചു.. "ഞാനിന്ന് രമച്ചേച്ചിയുടെ കൂടെ ഹോസ്പിറ്റലിൽ പോയിരുന്നു.,അമ്മയ്ക്ക് വിഷമമൊന്നും തോന്നരുത്,.ജയൻ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്..എന്തോ മുറിവ് കാരണം.." വേച്ചു വേച്ചു കൊണ്ടാണ് ഞാനത്രയും പറഞ്ഞു നിർത്തിയത്.,ആ മുഖത്തൊരു ഭീതി പരക്കുന്നത് കാണാമായിരുന്നു.. എന്നോടെന്തെക്കെയോ മൂളിക്കൊണ്ട് പറയുന്നുണ്ട്,.മാർക്കോയെ കാണണമെന്നായിരിക്കുമോ.,മനസ്സിലാവുന്നില്ല..പതിയെ കണ്ണ് നിറച്ചു അവർ എഴുന്നേറ്റ് പോയി.. ഹരിയേട്ടൻ രണ്ടും കല്പിച്ചുള്ള പുറപ്പാടാണ്,.പക്ഷെ കൂടെ നിർത്താനായി പണം നൽകി ജാമ്യം വാങ്ങിച്ചെടുത്തവൻ തന്നെ ആക്രമിച്ചങ്കിൽ അതിനെന്തങ്കിലും വ്യക്തമായ കാരണമുണ്ടായിരിക്കണമല്ലോ..ഇനി മുഴുവൻ സ്വത്തുക്കളും ഒറ്റയ്ക്ക് അനുഭവിക്കാനായിരിക്കുമോ...യാത്ര ക്ഷീണം കൊണ്ടോ എന്തോ കണ്ണടച്ച് കിടക്കുന്നതിനിടയിൽ എപ്പോയോ ഒന്ന് മയങ്ങിപ്പോയിരുന്നു.. പുറത്തൊരു വാഹനത്തിന്റെ നിർത്താതെയുള്ള ഹോൺ കേട്ടുകൊണ്ടാണ് കണ്ണുതുറന്നത്.,

കാത് പൊട്ടുന്നത് പോലെ,സമയം ഏഴിനോടടുത്തിരിക്കുന്നു.,ഇരുട്ട് കനം വെച്ചുതുടങ്ങിയിട്ടുണ്ട്..എഴുന്നേറ്റ് കെട്ടഴിഞ്ഞ മുടിക്കെട്ട് മടക്കികെട്ടി ഞാൻ വാതിലിനടുത്തേക്ക് നടന്നു..,കല്യാണിയമ്മ നിഴൽ പോലെ പുറകെയും..വാതിൽ തുരുതുരെ മുട്ടുന്നുണ്ട്,.വാതിൽ കൊളുത്തിൽ കൈവെച്ചതും പെട്ടന്ന് കല്യാണിയമ്മയെന്റെ തോളിൽ കൈ വെച്ചു..അതേ ആ പേടി എന്നെയും പിടികൂടിയിട്ടുണ്ട്,ഹരിനാഥൻ..മാർക്കോയെ ഒരവസസ്ഥയിൽ ആക്കിയ ശേഷം ഇനിയയാളുടെ ലക്ഷ്യം ഞങ്ങൾ രണ്ടുപേരുമാണ്.,മുന്നിലുള്ള അവസാനത്തെ ശത്രുക്കൾ..ചിന്തിച്ചു നിന്നില്ല നേരെ അടുക്കളയിലേക്ക് നടന്നു അടുപ്പിനരികിലുള്ള മൂർച്ചയുള്ള വാക്കത്തി കയ്യിലെടുത്തു തിരികെ വാതിലിന് മുന്നിലേക്ക് തരിച്ചു നിൽക്കുന്ന കല്യാണിയമ്മയുടെ മുഖത്തേക്കൊന്ന് നോക്കി തലയാട്ടികൊണ്ട് ഞാൻ വാതിൽ തള്ളിത്തുറന്ന് പുറത്തേക്കിറങ്ങി..എന്നെ കാത്തു പുറത്തു നിന്നിരുന്നത് രണ്ടു വനിതാ പോലീസുകൾ,ചുറ്റിലും ഒരുപാട് നാട്ടുകാർ... മുറുകെ ചേർത്തു പിടിച്ചിരുന്ന വാക്കത്തി പതിയെ അഴഞ്ഞുകൊണ്ട് തറയിലേക്ക് പതിച്ചു,.എല്ലാവരും വാക്കത്തിയിലേക്കും എന്റെ മുഖത്തേക്കും അത്ഭുതത്തോടെ മാറി മാറി നോക്കുന്നുണ്ട്.

,ഉറക്കത്തിൽ നിന്നും അതേപടി എഴുന്നേറ്റ് വന്നന്റെ മുഖവും,കെട്ടഴിഞ്ഞ മുടിക്കെട്ടുകളും തീർത്തും ഒരു ഭ്രാന്തിയുടെ പരിവേഷമെനിക്ക് നൽകിയിരുന്നു.. "ടി ലതേ ആ തള്ളയെ മാറ്റി നിർത്തി അവളെ മാത്രമിങ്ങ് കൊണ്ട് വന്നേക്ക്.." ജീപ്പിലിരിക്കുന്ന SI യുടെ ശബ്ദം ഉയർന്നുകേട്ടതും മുന്നിലുള്ള പോലീസുകാരി എന്റെ പുറകിൽ നിൽക്കുകയായിരുന്ന കല്യാണിയമ്മയെ തള്ളിമാറ്റികൊണ്ട് എന്റെ കയ്യിൽ പിടുത്തമിട്ടു.,മറുഭാഗത്ത് വേറൊരു പോലീസുകാരിയും..മുന്നിലേക്കെന്നേ കൈ പിടിച്ചു വലിക്കുമ്പോയും നിന്നിടത്ത് നിന്നും ഞാൻ അനങ്ങിയിരുന്നില്ല., "കൈ വിട്.,പിടിച്ചുവലിക്കാതെ തന്നെ ഞാൻ വന്നോളാം..അതിന് മുൻപ് ഞാൻ ചെയ്ത തെറ്റെന്താണെന്ന് എനിക്കറിയണം.." ഉള്ളിലുള്ള ഭയം പുറത്തുകാണിക്കാതെ ഞാൻ ഉച്ചത്തിൽ സംസാരിച്ചതും ജീപ്പിലിരുന്ന SI പുറത്തേക്ക് ചാടിയിറങ്ങി... "ഹൊ കേസെന്താണെന്നറിഞാലേ തമ്പുരാട്ടി കൂടെപ്പോരു എന്നുണ്ടോ.." "അതേ.." എന്റെ ശബ്ദം വീണ്ടും അന്തരീക്ഷത്തിൽ അലയടിച്ചു കൊണ്ടിരിന്നു.. "കഥാപ്രസംഗം കേട്ടു നില്കാതെ പിടിച്ചു വണ്ടിയിലേക്ക് കയറ്റടി അവളെ.." SI ഉറക്കെ ആക്രോശിച്ചതും എന്റെ കൈകളിൽ വീണ്ടും പിടിത്തമിട്ട വനിതാ പോലീസുകാരികളെ തട്ടിമാറ്റികൊണ്ട് ഞാൻ നിലത്തുവീണ വാക്കത്തി കയ്യിലെടുത്തു...

ഒരു നിമിഷത്തേക്ക് എല്ലാവരും ഒന്ന് നിശബ്ദരായി... മുന്നിലുള്ള പോലീസുകാർ ഒരകലം പാലിച്ചു എന്റെ ചലനങ്ങൾ നോക്കികൊണ്ടിരുന്നു.,ഒരാളൊയികെ.. വായിലുള്ള മുറുക്കാൻ ഉമ്മറത്തേക്ക് നീട്ടിതുപ്പികൊണ്ട് SI എനിക്ക് നേരെ നടന്നടുത്തുതുടങ്ങി.,ഞാൻ പതറിയിരുന്നില്ല,എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിച്ചതായിരുന്നു ഇത്രയും നാൾ,ഹരിനാഥന്റെ പണം മേടിച്ചിട്ടുള്ള ഒരു നാടകമാണ് എനിക്ക് മുൻപിൽ നടക്കുന്നതെന്ന ബോധ്യമുള്ളതിനാൽ എന്തും നേരിടാനുറച്ചുള്ള എന്റെ നിൽപ്പ് കണ്ട് അയാളുടെ നടത്തത്തിന്റെ വേഗത പതിയെ കുറയാൻ തുടങ്ങിയിരുന്നു.. "അടുക്കരുത് സർ.,ക്ഷമ നശിച്ച് നിൽപ്പാണ് ഞാൻ,.ഹരിനാഥന്റെ പൈസയുടെ ബലമാണ് നിങ്ങളുടെ ഈ വരവെന്നത് നന്നായറിയാമെനിക്ക്.." ഹരിനാഥൻ..ആ പേര്കേട്ടതും വിളറി പൂണ്ടപോലെ അയാളുടെ മുഖം ചുവക്കാൻ തുടങ്ങിയിരുന്നു.,കൂടെ ചുറ്റും കൂടിയിട്ടുള്ള നാട്ടുകാരുടെ അടക്കം പറച്ചിലും കൂടിയായതോടെ അയാൾക്ക് സമനില തെറ്റിക്കാണണം.. ഞാൻ കല്യാണിയമ്മയുടെ മുഖത്തേക്കൊന്ന് ശ്രദ്ധതിരിച്ചതും പ്രതീക്ഷിക്കാതെയുള്ള അയാളുടെ പെട്ടന്നുള്ള നീക്കം എനിക്ക് തടുക്കാനായിരുന്നില്ല.. ആദ്യത്തെ ചവിട്ട് അടിവയറ്റിൽ.,വായുവിൽ ഒന്നുയർന്നു പൊങ്ങി നേരെ വീടിന്റെ ചുമരിൽ തട്ടി നിലത്തേക്ക്..

എന്നിട്ടും തീർന്നിരുന്നില്ല അയാളുടെ രോഷം,ഒരു കണക്കിന് നിരങ്ങി ചുവരിൽ ചാരിയിരുന്നു., "ഒരുത്തനെ കുത്തി കൊല്ലാൻ നോക്കിയതും പോരാഞ്ഞിട്ട് തന്തയില്ലായ്മ പറയുന്നോടി കഴുവേറി മോളെ.."എന്ന് ഉറക്കെ വിളിച്ചു അയാൾ നടന്നടുത്തത് മാത്രമേ ഓർമയിലുള്ളൂ.,കൈ കൊണ്ട് തടഞ്ഞുമാറ്റുന്നതിന് മുൻപേ അയാളുടെ ലാടം പതിച്ച ബൂട്ട്സ് എന്റെ നെഞ്ചിൽ പതിച്ചിരുന്നു.. ശ്വാസം പെട്ടന്ന് നിലച്ചത് പോലെ.,കണ്ണുകൾ പുറത്തേക്ക് ചാടിയെന്ന് തോന്നിപ്പോയി..ഒന്ന് ആഞ്ഞു ചുമച്ചു.,രണ്ടാമത്തെ ചുമയിൽ ശ്വാസത്തോടൊപ്പം പുറത്തേക്ക് വന്നത് രക്തതുള്ളികൾ..വായിൽ നിന്നും മൂക്കിൽ നിന്നും... "എടുത്ത് വണ്ടിയിലേക്കിടവളെ.,ഈ ശേഖരനാരാണെന്ന് ഞാനിന്ന് കാണിച്ചു കൊടുക്കാം അവൾക്ക്.." അയാൾ മുറ്റത്തേക്ക് ഒന്നൂടെ ആട്ടിതുപ്പികൊണ്ട് ചവിട്ടിതുള്ളി വണ്ടിയിലേക്ക് കയറി..പിറകെ എന്നെ രണ്ടു കൈകൊണ്ടു താങ്ങിവലിച്ചുകൊണ്ട് കോൺസ്റ്റബിൾമാരും..ജീപ്പിലെ സീറ്റിൽ പാതിയടഞ്ഞ കണ്ണുകളോടെ ഞാൻ കല്യാണിയമ്മയെ എത്തിനോക്കി.,അവർ പൊട്ടികരയുന്നുണ്ടായിരുന്നു..മുഖത്തേക്ക് തണുത്ത കാറ്റടിക്കാൻ തുടങ്ങിയതോടെ പാതിയടഞ്ഞ കണ്ണുകൾ പൂർണ്ണമായി അടഞ്ഞിരുന്നു.. ശ്വാസം മുട്ടുന്നത്പോലെ അനുഭവപ്പെടാൻ തുടങ്ങിയതോടെയാണ് ഒരു വെപ്രാളത്തോടെ ഞാൻ പിടഞ്ഞഴുന്നേറ്റത്.,മുന്നിൽ ഇരുമ്പുകമ്പിൾ മാത്രം..ഞെരങ്ങി നീങ്ങി എഴുന്നേറ്റിരുന്നു..ഞാനിപ്പോയുള്ളത് തെറ്റുകാരെ പാർപ്പിക്കുന്ന സെല്ലിലാണ്..

സമയം എത്രയായെന്നറിയില്ല.,മുന്നിലെ ടേബിളിൽ ഒരു പോലീസുകാരൻ കിടന്നുറങ്ങുന്നുണ്ട്.,വല്ലാത്ത ദാഹം പോലെ.,മുന്നിലെ മൺകലത്തിൽ വെള്ളമുണ്ടെന്ന് തോന്നുന്നു..ഒരുകണക്കിന് എഴുന്നേറ്റ് നിന്നതും നെഞ്ചല്ലാം ഒടിഞ്ഞുനുറുങ്ങിയ ഒരു വേദന,.ഞെട്ടറ്റപോലെ താഴെക്കിരുന്നു..ഇഴഞ്ഞുനീങ്ങി ഗ്ലാസിൽ വെള്ളം പകർന്നു അത് ആർത്തിയോടെ വായിലേക്ക് വെച്ചതും മൂക്കിൽ നിന്നും പുറത്തേക്ക് വന്ന ചൂടുചോരയുടെ മനം മടുപ്പിക്കുന്ന രൂക്ഷഗന്ധം കാരണം ഓക്കാനം വന്നുപോയി..ഒരു കണക്കിന് ദാഹപകുതിയാക്കി നിർത്തി..കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.. ദൈവങ്ങളെ.,ഇങ്ങനെയെന്നെയിട്ട് വേദന തീറ്റിക്കാൻ എന്ത് തെറ്റാണു ഞാൻ ചെയ്ത് പോയത്..ജനനം തൊട്ട് തുടങ്ങിയതല്ലേ ഈ വേദന തിന്നൽ.,കഷ്ടപ്പാടുകളെ കണ്ടുവളർന്നതിനാൽ ആഗ്രഹങ്ങളും, സ്വപ്നങ്ങളും മണ്ണിട്ട്മൂടി വിധിയെന്ന് കരുതി സമാധാനിച്ചതാണോ ഞാൻ ചെയ്തതെറ്റ്.,എല്ലാവർക്കും സ്നേഹം പകർന്നതാണോ ഞാൻ ചെയ്ത തെറ്റ്.,ജയന്റെ ചതിയൊളിപ്പിച്ച സ്നേഹം ആത്മാർത്ഥമാണെന്ന് തെറ്റിധരിച്ചതോ..അതോ എല്ലാം ചതിയായിരുന്നെന്ന് മനസ്സിലായതോടെ അവനെ തീർക്കാൻ ഇറങ്ങിപ്പുറപ്പെട്ടതോ... എന്റെ വിധിയോർത്ത് സഹതപിച്ചിരിക്കുന്ന സമയം.

.പുറത്തൊരു കാർ വന്നുനിർത്തിയ ശബ്ദം കേൾക്കാമെനിക്ക്..പുറത്ത് ആരുടെയൊക്കെയോ അടക്കി പിടിച്ചുള്ള സംസാരവും.,കണ്ണടച്ചു കിടക്കുന്നതിനിടയിൽ എപ്പോയോ സെൽ തുറക്കുന്ന ശബ്ദം കേട്ടുകൊണ്ടു ഞാൻ കണ്ണുതുറന്നു..,മുന്നിൽ അയാൾ,ഹരിനാഥൻ.. "അയ്യോ മംഗലം തറവാട്ടിലേ കെട്ടിലമ്മയല്ലേയീ സെല്ലിൽ ചോരവാർന്നു കിടക്കുന്നെ.,എന്റെ ഈശ്വരൻമാരെ നിങ്ങളിത് കാണുന്നില്ലേ..ഹ ഹ ഹ ഹാ...." അയാൾ ഉറക്കെ അട്ടഹസിക്കുന്നുണ്ടായിരുന്നു.,വീണ്ടും അയാളുടെ കാലടികളുടെ ശബ്ദം അടുത്തേക്ക് വരും പോലെ..ഞാൻ കണ്ണുതുറന്നു.,ക്രൂരമായ ഒരു ചിരിയോടെ എന്റെ മുഖത്തേക്കൊന്ന് നോക്കിയ ശേഷം അയാൾ എന്റെ മുടിയിൽ പിടുത്തമിട്ടു.,പതിയെ ബലം പ്രായോഗിച്ച് എന്റെ മുഖം ഉയർത്തികൊണ്ടു വന്നു.. "അന്നേ നിന്നേ കൊല്ലാതെ വിട്ടതാണ് ഞാൻ ചെയ്ത തെറ്റ്.,പെണ്ണല്ലേന്ന് വിചാരിച്ചു..അങ്ങനെയല്ല ഞാൻ വിചാരിച്ചതിലും അപ്പുറമാണ് നീ..എന്നാലും നിന്റെയാ ധൈര്യവും വാശിയും,സമ്മതിച്ചിരിക്കുന്നു..." മുടിയിൽ നിന്നും പിടിവിട്ടുകൊണ്ട് ചുണ്ടിൽ വെച്ച സിഗരറ്റിന് തീ കൊളുത്തികൊണ്ടയാൾ തുടർന്നു.. "ഉശിരുള്ളവരെ എനിക്കിഷ്ടമാണ്.,

അത്‌കൊണ്ട് തന്നെയാ നിന്നെക്കാൾ കൊമ്പും വീറുമുള്ള എന്റെ കൂടെപിറപ്പായ ജന്മശത്രുവിനെ ലക്ഷങ്ങൾ എണ്ണിക്കൊടുത്ത് പുല്ല് പോലെ ഇറക്കികൊണ്ട് വന്നത്.,നീ കാരണമല്ലെ അവനീ സ്ഥിതിയിലായന്ന് വിചാരിച്ചു നിന്നേം കൊന്നവൻ തിരിച്ചു ജയിയിലേക്ക് തന്നെ പൊയ്ക്കോളുമെന്ന് കരുതിയിരുന്ന എനിക്ക് തെറ്റി..തിരിച്ചു തറവാട്ടിലേക്ക് വന്നുകയറിയതിൽ പിന്നെ അവന് മാനസാന്തരം,.നിന്നെ കണ്ട് മാപ്പ് ചോദിക്കണമെന്ന്,.ഞാനാട്ടിപ്പായിച്ച ആ പരട്ട തള്ളയെ തറവാട്ടിലേക്ക് കൂട്ടികൊണ്ടുവരണമെന്ന്..എല്ലാം സമ്മതിച്ചു കൊടുത്തു തല്ക്കാലത്തേക്ക്..ഒപ്പമിരുന്ന് രണ്ടെണ്ണം വീശി.,ഫിറ്റായെന്ന് കണ്ടപ്പോ കുടിച്ചിരുന്ന കുപ്പി തന്നെ പൊട്ടിച്ച് പള്ളക്ക് കേറ്റി,അത് കഴിഞ്ഞു നെഞ്ചും കൂട് നോക്കി രണ്ടുവട്ടം..കുറേ കിടന്നു പിടഞ്ഞു.,ചോരയൊക്കെ നിന്ന് അനക്കം ഇല്ലാതായതോടെ തീർന്നന്ന് വിചാരിച്ചതാ..എവിടന്ന് കൊണ്ടുപോയിട്ട റോഡ് സൈഡിൽ നിന്ന് ആരൊക്കെയോ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി..ആയുസ്സിന്റെ ബലം,അല്ലാതെന്ത്‌ പറയാൻ...ഇനി നിന്റെ അവസരമാണ് സുമേ..സുഖമുള്ള മരണം പെട്ടന്ന് വേണോ അതോ സാവധാനം മതിയോ..നിന്റെ ഇഷ്ടം പോലെ തീരുമാനിക്ക് ഹ ഹ ഹ ഹാ..." ഹരിയുടെ അട്ടഹാസം ആ നാല് ചുവരുകൾക്കിടയിൽ അലയടിച്ചുകൊണ്ടിരുന്നു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story