താലി: ഭാഗം 43

thali alrashid

രചന: അൽറാഷിദ് സാൻ

ഹരിയുടെ അട്ടഹാസം ആ നാല് ചുവരുകൾകിടയിൽ അലയടിച്ചു കൊണ്ടിരുന്നു.,എഴുന്നേൽക്കാൻ പോയിട്ട് പാതിയടഞ്ഞ കണ്ണുകളെ പൂർണമായൊന്നു തുറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാൻ., അരയിൽ നിന്നും ഒളിപ്പിച്ചു വെച്ചിരുന്ന കത്തിയവൻ പുറത്തെടുത്തു,.എന്റെ കഴുത്തിനു നേരെ വെച്ചുകൊണ്ട് വല്ലാത്തൊരു ചിരി ചിരിച്ചുകൊണ്ടിരുന്നു.,. പെട്ടന്നാണ് ഞങ്ങൾക്കിടയിലേക്ക് ആ SI കയറിവന്നത്.. "ഹരി സാർ മണ്ടത്തരം കാണിക്കരുത്.,ഇവളെ ഈ കോലത്തിൽ ജീപ്പിലേക്ക് കയറ്റികൊണ്ട് വന്നത് ആ നാട്ടുകാർ മുഴുവൻ കണ്ടതാണ്...ഇവളെങ്ങാനും ഇവിടെ കിടന്നു തീർന്നു പോയാൽ ഞാൻ സമാധാനം പറയേണ്ടി വരും..ഇതിപ്പോ നാട്ടുകാരെ കണ്ണിൽ പൊടിയിടാൻ ഒരു അറസ്റ്റ്,.രണ്ടു ദിവസം കഴിഞ്ഞു പുറത്ത് വിട്ടാൽ പിന്നെ സാറിന്റെ ഇഷ്ടം പോലെ കൊല്ലേ വളർത്തെ ചെയ്യ്.." ഹരിനാഥന് ബോധോദയം വന്നത്പോലെ കയ്യിലെടുത്ത കത്തി അയാൾ തിരികെ അരയിലേക്ക് തന്നെ എടുത്തുവെച്ചു.. "അല്ല നിന്നെ കൊന്നാൽ ഞാൻ അകത്തുകിടക്കേണ്ടി വരില്ലേ.

,അപ്പൊ പിന്നെ ഞാനിത്ര കഷ്ടപെട്ടതൊക്കെ വെറുതെയായിപ്പോകും.,അങ്ങനെ നിന്നെ കൊല്ലാതിരുന്നാലും ശെരിയാവില്ല.,.ഒരു പെണ്ണന്ന നിലക്ക് അവസാനമായൊരു പരിഗണനകൂടി ഞാൻ നിനക്ക് തരാം..മൂന്ന് ദിവസം.,മൂന്ന് ദിവസത്തിനുള്ളിൽ ആ പരട്ടകിളവിയേയും കൊണ്ട് ഈ നാട് വിട്ടേക്കണം..പിന്നെയുള്ളത് ജയൻ..അവന്റെ കാര്യം ഞാൻ നോക്കികോളാം,അവൻ പിഴപ്പിച്ചു വിട്ട ഒരുപാടെണ്ണമുണ്ടല്ലോ നാട്ടിൽ ,അതിലേതെങ്കിലും ഒരുത്തിയുടെ പ്രതികാരം കേസ് ക്ലോസ്ഡ്..ഒരിക്കൽ പിഴച്ചത് പോലെ ഇനി ഹരിക്ക് പിഴക്കില്ല.,തീർക്കുമെന്ന് പറഞ്ഞാൽ തീർത്തിരിക്കും..പക്ഷെ ഇനിയുള്ള മൂന്ന് ദിവസം കൊണ്ട് നീയീ നാടു വിട്ടു പോകണം,എവിടേക്ക് പോകുന്നു എന്നൊന്നും എനിക്കറിയേണ്ട പക്ഷെ ഇനിയെന്റെ കണ്മുന്നിൽ കാണരുത്,.എന്ത് പറയുന്നു.." ഇനിയും തോൽവിയേറ്റു വാങ്ങാൻ ഞാൻ ഒരുക്കമായിരുന്നില്ല.,ഒരു ഒളിച്ചോട്ടത്തിന് ഞാൻ തയ്യാറെല്ലന്ന് ആ മുഖം നോക്കി പറയണമെന്നുണ്ടായിരുന്നു.,പക്ഷെ നാവ് പൊങ്ങുന്നില്ല.,അവന്റെ മുഖം നോക്കി തറയിലേക്കൊന്ന് നീട്ടിതുപ്പികൊണ്ട് ഞാനെന്റെ പ്രതിഷേധമറിയിച്ചതും മുഖമടക്കി ഒരടിവീണതും ഒരുമിച്ചായിരുന്നു.,

വീണ്ടും തല്ലാൻ കൈ പൊക്കിയെപ്പോയേക്കും ആ SI വന്നു അവനെ തള്ളിമാറ്റി.. ശരീരമെല്ലാം മരവിച്ചത്പോലെ..ക്ഷീണം കൊണ്ട് കണ്ണുകൾ താനെ അടഞ്ഞുപോയി.., കണ്ണുതുറന്നപ്പോയേക്കും ഞാനെന്റെ ആ ചെറിയവീട്ടിലേക്കെത്തിയിരുന്നു.,അടുത്തായി രമചേച്ചിയും കരഞ്ഞുകൊണ്ട് കല്യാണിയമ്മയും..തെളിവുകളുടെ അഭാവത്താൽ കേസൊന്നും ചാർജ് ചെയ്യാതെ വെറുതെ വിട്ടതാണത്രേ.,കൊണ്ട് പോയ അതെ പോലീസ് ജീപ്പിൽ വീട്ടിലേക്ക് കൊണ്ട് വന്നു കിടത്തി അവർ പോയെന്ന് രമചേച്ചി പറയുന്നത് കേട്ടിരുന്നു.., മുഖത്തെ ചോരപ്പാടുകളെല്ലാം ചൂടുവെള്ളം കൊണ്ട് അവർ തുടച്ചുമാറ്റുന്നുണ്ടായിരുന്നു.,ഹോസ്പിറ്റൽ വരെ പോയി നോക്കാമെന്നു എന്റെ കാലു പിടിച്ചു പറഞ്ഞതാണ് രണ്ടുപേരും..കൂട്ടാക്കിയില്ല,ആ വേദനയും വാശിയും എനിക്ക് കൂടെ വേണം,ഹരിയെ ഇഞ്ചിഞ്ചായി തീർത്തു കളയാൻ അതാവശ്യമാണെനിക്ക്.. അന്ന് രാത്രി വെളുപ്പിച്ചത് ഹരിനാഥനെക്കുറിച്ചോർത്താണ്.,ഇനിയുമെനിക്ക് ജീവിക്കണമെന്നില്ല എങ്കിലും ഒരു ചതിയിലൂടെ വേണം അവനെ തീർത്തുകളയാൻ.,

പക്ഷെ അത് കല്യാണിയമ്മയെ അറിയിക്കാതെ വേണം.. കിടക്കയിൽ നിന്നെഴുന്നേറ്റു,മേലാകെ വേദനിക്കുന്നുണ്ട് ഒന്നുരണ്ടു അടി മുന്നോട്ട് വെച്ചതും നെഞ്ചിനുള്ളിലൂടെ ഒരു മിന്നൽ കടന്നുപോയത് പോലെ..ശ്വാസം മുട്ടുന്നുണ്ട്..നിലത്തിരുന്നു.. എന്റെ പരാക്രമം കണ്ടിട്ടാകും പാത്രം കഴുകുകയായിരുന്ന കല്യാണിയമ്മ അതെല്ലാം വലിച്ചറിഞ്ഞു കയ്യിലൊരു ഗ്ലാസ്‌ വെള്ളവുമായി ഓടിയെന്റെ അരികിൽ വന്നു.,.ആത്മാവ് ശരീരം വിട്ടുപോകുകയാണെന്ന് തോന്നിയതോടെ ഞാൻ സർവ്വശക്തിയാലേ ശ്വാസം ഉള്ളിലേക്കെടുത്തു..പിന്നെ അതിലേറെ ശക്തിയിൽ പുറത്തേക്ക്,.പുറത്തേക്കുള്ള ശ്വാസത്തോടൊപ്പം രക്തതുള്ളികൾ, പിന്നെയും പിന്നെയും അതിങ്ങനെ ഒഴുകികൊണ്ടിരുന്നു.. കിടക്കയിൽ വന്നു കിടന്നതും പിന്നീട് അയൽവക്കത്തെ കുമാരേട്ടനും കല്യാണിയമ്മയും താങ്ങിപിടിച്ചെന്നേ ഓട്ടോയിൽ കൊണ്ടിരുത്തിയതും പാതിജീവനിൽ ഞാനറിയുന്നുണ്ടായിരുന്നു.. വൈകിയില്ല വേഗത്തിൽ ടൗണിലേ വലിയ ഹോസ്പിറ്റലിലേക്കെന്നേ കൊണ്ട്പോയി.. ജീവച്ഛവം പോലെ രണ്ടുദിനങ്ങൾ..ഇടയിൽ ഒരു ഓപ്പറേഷൻ.. അന്നത്തെ SI യുടെ ആ ചവിട്ടിൽ ആന്തരികാവയവങ്ങൾക്ക് ക്ഷതം..ഉള്ളിലുള്ള ബ്ലീഡിങ് കാരണമാണത്രേ ഞാൻ രക്തം ഛർദിച്ചത്..

ചുറ്റിലും നടക്കുന്നതെല്ലാം ഞാനറിയുന്നുണ്ടായിരുന്നു..ഓപ്പറേഷനുള്ള പണം തികയ്ക്കാൻ കയ്യിലെയും കാതിലേയും പണ്ട് മാർക്കോയുടെ അച്ഛൻ പിറന്നാൾ സമ്മാനമായി നൽകിയതായിരുന്നെന്ന് പറഞ്ഞു എനിക്ക് കാണിച്ചുതന്നിരുന്ന മോതിരം പോലും നിറകണ്ണുകളാലേ കല്യാണിയമ്മ ഊരി നൽകുന്നത് ഞാൻ കണ്ടിരുന്നു..ചുറ്റുപാടുകൾ ഒരുപാട് മാറ്റിയിരിക്കുന്നു കല്യാണിയമ്മയെ...നിഴൽ പോലെ എനിക്ക് കൂട്ടിരുന്നതും മകളെപ്പോലെ ഭക്ഷണം വാരി നൽകിയിരുന്നതുമൊക്കെ അവര് തന്നെ..ഇങ്ങനൊരു അവസ്ഥ വന്നെങ്കിലെന്ത്‌,ഒരമ്മയുടെ സ്നേഹവും കരുതലും അനുഭവിക്കാനായ നിർവൃതിയിലായിരുന്നു ഞാനപ്പോയൊക്കെ... ഹരിനാഥൻ എനിക്കനുവദിച്ച അവസാനത്തെ ദിവസമാണിന്ന്.,ഈ കിടത്തത്തിൽ അർത്ഥമില്ല..ഓപ്പറേഷൻ സമയത്ത് നൽകിയ വേദന സംഹാരിയുടെ സമയപരിധി കഴിഞ്ഞന്ന് തോന്നുന്നു,.നെഞ്ചാകെ പച്ച മുറിവ് വലിഞ്ഞു മുറുകി വേദനിക്കുന്നുണ്ട്.. ജനൽകണ്ണാടിയിലൂടെ പുറത്തേക്ക് കണ്ണും നട്ടിരിക്കുന്ന സമയം.,കല്യാണിയമ്മ ക്ഷീണം കൊണ്ടാവണം താഴെ തറയിൽ ഒരു മുണ്ട് വിരിച്ചു മയക്കത്തിലാണ്..എന്തോ ഒരു നനവ് പോലെ കാലിൽ പടരുന്നുണ്ടെന്നു മനസ്സിലായതോടെയാണ് ഞാൻ പാതിയടഞ്ഞ കണ്ണുതുറന്നത്..

കാലിന്റെ ഭാഗത്ത് ആരോ ഇരിക്കുന്നുണ്ട്..അപ്പച്ചനായിരിക്കുമോ..ഞാനിവിടെ കിടക്കുന്ന വിവരം കുമാരേട്ടൻ അപ്പച്ചനെ കണ്ട് പറയണമെന്ന് പറഞ്ഞിരുന്നു.. അപ്പച്ചനായിരിക്കുമെന്ന വിശ്വാസത്താൽ വേദന കടിച്ചമർത്തി എഴുന്നേറ്റിരുന്ന ഞാൻ ആ കാഴ്ച കണ്ട് വേദന മറന്ന് തരിച്ചു നിന്നുപോയി.. എന്റെ കാൽപാദങ്ങളിൽ തലവെച്ചു കിടക്കുന്നത് അവനായിരുന്നു..മാർക്കോയെന്ന ജയൻ..നെഞ്ചിലേ കെട്ടിൽ നിന്നും രക്തതുള്ളികൾ കിനിഞ്ഞിറങ്ങുന്നുണ്ട്..അതിങ്ങനെ വാതിൽപടി മുതൽ അവൻ നടന്നു നീങ്ങിയ വഴിയിലാകെ തറയിൽ പാടുകൾ തീർത്തിരിക്കുന്നു.. ഉള്ളിൽ പകഞ്ഞുപൊന്തിയ രോഷം പുറത്തുകാണിക്കാനെന്നോണം ഞാൻ കാലുകൾ പതിയെ അവന്റെ കൈകളിൽ നിന്നും അടർത്തിമാറ്റി..അവൻ തലപൊക്കി എഴുന്നേറ്റിരുന്നു..കണ്ണുനീർ കവിളിലൂടെ പാടുകൾ തീർത്തിട്ടുണ്ട്..അതും ചതിയുടെ കണ്ണീരാവും, എഴുന്നേൽക്കാൻ കഴിയുമായിരുന്നെങ്കിൽ ഓടിപ്പോയിരുന്നു ഞാനവന്റെ മുന്നിൽ നിന്നും., പതിയെ കിടന്ന്കൊണ്ട് ഞാൻ മുഖം തിരിച്ചു.,ഇടയ്ക്കെപ്പോയോ അവന്റെ കൈകൾ എന്റെ മുടിയിയകളിൽ ഒഴുകിനടക്കാൻ തുടങ്ങിയിരുന്നു.. "ഓർമ വെച്ച കാലം മുതൽ ഉള്ളിൽ കൊണ്ട് നടക്കാൻ തുടങ്ങിയിരുന്നതായിരുന്നു ഞാനീ മുഖം.,സ്വന്തമാക്കണം എന്നു തന്നെയായിരുന്നു ഉള്ളിൽ.,

പക്ഷെ എന്റെ ആ കുഞ്ഞുമനസ്സ് കാണാൻ അന്ന് നിനക്കും സാധിച്ചിരുന്നില്ല സുമേ..നിന്നെ സ്നേഹിച്ച കുറ്റത്തിന് അന്നാദ്യമായി എന്റെ അച്ഛനെന്നെ തല്ലി.,പിന്നീട് നാടുകടത്തലെന്നോണം അമ്മാവന്റെ വീട്ടിലേക്ക്..അവിടെയെന്നേ കാത്തിരുന്നത് ചതിക്കുഴികളായിരുന്നു..അച്ഛന്റെ സ്വത്തിലേക്കായിരുന്നു അമ്മാവന്റെ കണ്ണുകൾ,.എന്നും എനിക്കായി പ്രത്യേകം തയ്യാറാക്കിയ ഭക്ഷണം,.നാളുകൾ കടന്നുപോയി...ഒരിക്കൽ എന്നും കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം കിട്ടാതായതിൽ പിന്നെയാണ് ഞാനാ സത്യം മനസ്സിലാക്കിയത്.,ഭക്ഷണത്തോടൊപ്പം അമ്മാവനെനിക്ക് നൽകിയിരുന്നത് വീര്യം കുറഞ്ഞ മയക്കമരുന്നുകൾ..പതിയെ പതിയെ അതെന്നെ അടിമപ്പെടുത്തിയിരുന്നു..പിന്നീടെന്റെ ലഹരി പെണ്ണായിരുന്നു..അല്ല അമ്മാവന്റെ മകളിലൂടെ ഞാൻ ആയെന്ന് വേണം പറയാൻ..അതും ചതിയായിരുന്നു..നീയോർക്കുന്നുണ്ടോ മായയെ,അവളുടെ പേരിലാണ് ഞാനും നീയും രണ്ടു വഴിയായി പിരിഞ്ഞത്..അതവളാണ് എന്റെ അമ്മാവന്റെ മകൾ.." "സ്നേഹത്തിനുമപ്പുറം ഒരു തരം ക്രൂരത.,വന്യമായി ഒരുപെണ്ണിനെ വേട്ടയാടുന്നതായിരുന്നു എനിക്കിഷ്ടം..മാനം പറിച്ചെറിയുമ്പോയുള്ള സമയത്തെ കണ്ണുനീർ.,അതെന്നെ വല്ലാതെ ആനന്ദം കൊള്ളിച്ചിരുന്നു.."

"ഒന്ന് ഞാൻ തീർത്തുപറയാം സുമേ,.എന്റെ സമ്മതം ചോദിച്ചിട്ടു തന്നെയാണ് അന്നമ്മ നിന്നെ കാണാൻ നിന്റെ അപ്പച്ച് ന്റെ വീട്ടിലേക്ക് വന്നത്..അല്ല ഞാൻ പറഞ്ഞയച്ചതായിരുന്നു..എനിക്ക് വേണമായിരുന്നു നിന്നെ,ഒന്നായി ജീവിച്ചു ചെയ്തുകൂട്ടിയ പാപങ്ങളെല്ലാം ഏറ്റുപറഞ്ഞു ഒരുമിച്ചുള്ള നല്ലൊരു ജീവിതം സ്വപ്നം കണ്ടിരുന്നു ഞാൻ..എല്ലാത്തിനോടും പൊറുത്തപെട്ടു വരികയായിരുന്നു നമ്മുടെ കല്യാണശേഷം..,പതുക്കെ പതുക്കെ ഞാൻ മാറുന്നതും ഞാനറിഞ്ഞിരുന്നു.." "നിനക്കോർമയുണ്ടോ നമ്മുടെ ആദ്യരാത്രിയിൽ ഞാൻ കുടിച് ലക്ക്കെട്ട് കയറി വന്നത്.,കുറ്റബോധം കൊണ്ടായിരുന്നില്ല ഇത്രകാലം അമ്മാവന്റെ കൂടെനിന്ന് എന്നെ ചതിച്ചത് എന്റെ കൂടെപ്പിറപ്പായിരുന്നെന്ന് അമ്മാവന്റെ വായിൽ നിന്നും കേട്ട നിമിഷം മുതൽ സമനില തെറ്റിയിരുന്നു എനിക്ക്.,താങ്ങാനാവാതെ വന്നതോടെ മറക്കാനെന്നോണം വീണ്ടും മയക്കമരുന്നുകൾ... അവസാനമെന്റെ പേരിൽ വന്ന പെണ്ണ് കേസും അവരുടെ വ്യക്തമായ പദ്ധതിയായിരുന്നു..

ചതിക്കപ്പെടുകയാണെന്ന് മനസ്സിലായിട്ടു കൂടി നിന്നുകൊടുക്കേണ്ടി വന്നെനിക്ക്..കാരണം ആ ശിക്ഷ ഞാനർഹിച്ചിരുന്നു.,നിന്നെപ്പോലൊരു പാവം പെണ്ണിനെ ഇത്രത്തോളം കഷ്ടപ്പെടുത്തിയതിന് ദൈവം പകരം നൽകിയത് സന്തോഷത്തോടെയാണ് ഞാൻ ഏറ്റുവാങ്ങിയത്..എനിക്ക് ഭാഗ്യമില്ലെന്ന് കരുതി സമാധാനിച്ചു.." കേട്ടതൊന്നും വിശ്വസിക്കാനാവാതെ ഞാൻ അവന് നേരെ തിരിഞ്ഞിരുന്നു.. കണ്ണീർ തുടച്ചുകൊണ്ട് എന്റെ കവിളിൽ ഒന്ന് തലോടി അവൻ തുടർന്നു.. "എല്ലാം നിന്നോട് ഏറ്റുപറഞ്ഞു നല്ലവനായിത്തീരാൻ വന്നതല്ല ഞാൻ.,ഈ പറയുന്നതൊന്നും നീ വിശ്വസിക്കില്ലെന്നുമറിയാം..എങ്കിലും സത്യം എന്താണെന്ന് നീയറിയണം സുമേ..പിന്നീടൊരിക്കൽ ഇത് പറയാൻ എനിക്കാഴുസ്സുണ്ടാവില്ലെന്ന് ബോധ്യമുള്ളത് കൊണ്ട് വന്നതാണ് ഈയൊരവസ്ഥയിൽ.

.ഇനി ഏട്ടന്റെ കൈകൊണ്ട് പിടയുമ്പോയും ഇതെല്ലാം തുറന്നു പറഞ്ഞ സന്തോഷത്തിൽ മരിക്കാമെല്ലോ എനിക്ക്..അതിന് വേണ്ടി മാത്രം വന്നതാണ്.." ചോരയൊഴുകുന്ന മുറിവിൽ കൈവെച്ച് അവൻ എഴുന്നേറ്റിരുന്നു..പതിയെ കണ്ണുനിറഞ്ഞു കിടക്കുകയായിരുന്ന എന്റെ മുഖത്തേക്ക് അവന്റെ ചുണ്ടുകളടുപ്പിച്ചു.,ആദ്യം നെറ്റിയിൽ,പിന്നീട് രണ്ടുകണ്ണുകളിലും മാറി മാറി.. "ഇനി കാണുക എന്നൊന്നുണ്ടാവില്ല സുമേ.,എന്റെ ആയുസ്സ് എണ്ണപെട്ടതാണ്..ഞാൻ മരിച്ചാൽ സ്വത്തെല്ലാം ചേട്ടന്റെ കയ്യിലായിക്കോളും..ഈ പാഴ്ജന്മം കൊണ്ട് അവനെങ്കിലും ഒരു ഉപകാരമുണ്ടാവട്ടെ..പോവുകയാണ്..അമ്മയുടെ മുഖത്തേക്ക് നോക്കാനുള്ള ത്രാണിയില്ല.,ഉണർന്നാൽ പറയണം ഞാൻ വന്നിരുന്നെന്ന്..ഈ മോൻ ചതിയിൽ പെട്ടാണ് ഇങ്ങനെയായിപ്പോയെന്നും അമ്മയോട് പറയണം.." ഒരു പുഞ്ചിരിയോടെ തന്നെ മാർക്കോ എഴുന്നേറ്റ് പോവുന്നത് കണ്ണീരോടെ ഞാൻ നോക്കിനിന്നു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story