താലി: ഭാഗം 5

thali alrashid

രചന: അൽറാഷിദ് സാൻ

ഒരു ചിരിയോടെ ഞാനെന്റെ ഭൂതകാലത്തിന്റെ കെട്ടയിക്കാൻ തുടങ്ങി.. "പണ്ട് വീടിനടുത്തുള്ള അമ്പലത്തിലേ ഉത്സവത്തിന്റെയന്നാണ് ഞാനവനെ ആദ്യമായി കാണുന്നത്..ചെണ്ടക്കാരുടെ കൊട്ടിനൊപ്പം താളം പിടിക്കുന്ന ഒരു പൊടിമീശക്കാരൻ..വെളുത്തു മെലിഞ്ഞ ശരീരമാണെങ്കിലും ആളെ കാണാനൊരു ചേലുണ്ട്.. അവന്റെ കണ്ണുകൾക്ക് ഒരു കാന്തിക ശക്തിയുള്ളത് പോലെ..നോക്കുന്തോറും തിളക്കം കൂടി കൂടി വരും..എല്ലാവരും ദേവിയുടെ പ്രതിഷ്ഠയിലേക്കും,ഗജവീരൻമാരിലേക്കും നോക്കിക്കൊണ്ടിരിക്കുമ്പോൾ എന്റെ ശ്രെദ്ധ മുഴുവനായും അവന്റെ ആ കണ്ണുകളിലേക്കായിരുന്നു... ഇമചിമ്മാതെ നോക്കിയത് കൊണ്ടാവും ഇടയ്ക്കെപ്പയോ അവന്റെ നോട്ടം എനിക്ക് നേരെയും വന്നുതുടങ്ങിയിരുന്നു.. അവൻ ശ്രെദ്ധിക്കാൻ തുടങ്ങിയതോടെ ഞാൻ മെല്ലെ അമ്മയുടെ പിറകിലേക്ക് മാറി നിന്നു... സമയം ഒരുപാടായതോടെ വീട്ടിലേക്ക് പോവാൻ നടക്കുന്നതിനിടയിൽ ഞാനൊന്നുകൂടെ തിരിഞ്ഞു നോക്കി.. അമ്പലത്തിലേ ആൽത്താരയിലെ ഒരു മൂലയിൽ അവനെന്നെയും നോക്കി നിൽപ്പുണ്ടായിരുന്നു...ഓർത്തുവെക്കാൻ ഒരു പുഞ്ചിരി നൽകി ഞാനവനോട് യാത്ര പറഞ്ഞു തിരിഞ്ഞു നടന്നു..

അന്ന് രാത്രി മേൽക്കൂരയിലെ ഓലയ്ക്കിടയിലൂടെ ഞാൻ കണ്ട അമ്പിളി മാമനും അവന്റെ മുഖമായിരുന്നു..കണ്ണടച്ചാൽ ആ മുഖം മാത്രം പിറ്റേന്ന് സ്കൂളിൽ പോവുന്ന നേരത്ത് ആ കണ്ണുകൾ എന്നെയും കാത്തു വഴിയിൽ നിൽക്കുന്നുണ്ടായിരുന്നു.. ഒപ്പം കയ്യിലൊരു കടലാസും...അവൻ നടന്നു അടുത്തേക്കെത്തിയപ്പോയൊക്കെ നെഞ്ചുവല്ലാതെ തുടിക്കുന്നുണ്ടായിരുന്നു.. ഒപ്പം ഒരു തരം വെപ്രാളവും... ഒരു പുഞ്ചിരിയോടെ അവനാ കടലാസ് കഷ്ണം കയ്യിൽ വെച്ചു തന്നു...ഒപ്പം ആരും കാണാതെ ഒറ്റക്കിരിക്കുമ്പോൾ വായിക്കണേ എന്നൊരു അഭ്യർത്ഥനയും... ക്ലാസിലെത്തി ടീച്ചർവന്ന് പഠിത്തവും തുടങ്ങി.. ആദ്യ പീരിയടിൽ മലയാളത്തിന്റെ വിമല ടീച്ചർ..നല്ല പാവം ആണ് ആ ടീച്ചർ, എനിക്കാണെങ്കിൽ അവൻ തന്ന കടലാസിൽ എന്താണെന്നറിയാൻ ആകാംക്ഷ കൂടി കൂടി ഇരിക്കാനും വയ്യ...ബെല്ലടിച്ച് ടീച്ചർ പോവുന്നത് വരെ ക്ഷമ ക്ഷമയോടെ കാത്തിരുന്നു.. ടീച്ചർ പോയതും, ബുക്കിൽ എടുത്തുവെച്ചിട്ടുള്ള കടലാസെടുത്ത് ഞാൻ വായിച്ചു നോക്കി.. നിനക്ക് ഇഷ്ടമാണോ എന്നെ.. എന്തായാലും എനിക്ക് നിന്നേ ഇഷ്ടമായി..ആ പച്ച പാവാടയുമെടുത്ത് നിൽകുമ്പോ ദേവി ഭൂമിയിലേക്ക് ഇറങ്ങി വന്നത് പോലുണ്ട്..എന്തിനാ എന്നെ കണ്ടപ്പോ അമ്മയുടെ ബാക്കിൽ മാറി നിന്നത്.. എന്നെ ഇഷ്ടമല്ലാഞ്ഞിട്ടാണോ..

അത് മാത്രം പറയരുത്,, ആദ്യമായി കണ്ടപ്പോ തന്നെ എനിക്ക് ഇഷ്ടമായി.. ഇനിയെന്റെ പെണ്ണാണ് നീ.. എന്ന് ജയരാജൻ ഒപ്പ്... അടുത്തുള്ള കുട്ടിയുടെ അടക്കി പിടിച്ചുള്ള സംസാരം കേട്ടാണ് ഞാൻ തലയുയർത്തി നോക്കിയത്..ഹൃദയത്തിലൊരു കൊള്ളിയാൻ മിന്നിയത് പോലെ.,മുന്നിൽ ദേഷ്യത്തോടെ നിൽക്കുന്നു കണക്കിന്റെ സുമതി ടീച്ചർ.. കയ്യിലുള്ള കടലാസ് തിരികെ ബാഗിലേക്ക് വയ്ക്കുമ്പോയേക്കും ടീച്ചറത് തട്ടിപ്പറിച്ച് കയ്യിലാക്കിയിരുന്നു..എന്നോട് എഴുന്നേറ്റ് നില്കാൻ പറഞ്ഞതിന് ശേഷം ടീച്ചർ അതെടുത്ത് വായിച്ചു നോക്കി.. പിന്നെ നേരെ പുറത്തേക്ക് കൊണ്ടുപോയി രണ്ട് അടിയും കുറേ ഉപദേശവും നിന്നെപ്പോലൊരു പാവപെട്ട വീട്ടിലെ പെണ്ണാണോ ബാലൻ നായരുടെ മോനെ പ്രേമിക്കുന്നത് എന്നൊരു ചോദ്യവും... അതോടെ ഉള്ളിൽ മൊട്ടിട്ട പ്രണയം വാടിക്കരിഞ്ഞു...പിന്നീടവനെ ഒരുപാട് വട്ടം കണ്ടുവെങ്കിലും ഞാൻ മുഖം കൊടുക്കാതെ നടന്നു...അങ്ങനെ എന്നിൽ തുടങ്ങിയ ആ പ്രണയം എന്നിൽ തന്നെ അവസാനിച്ചു..ഇതാണ് എന്റെ ജീവിതത്തിലെ ആദ്യത്തേയും അവസാനത്തേയും പ്രണയം..." "അല്ല സുമേ നീയന്ന് എത്രാം ക്ലാസ്സിലാ പഠിച്ചിരുന്നേ.." ആദ്യപ്രണയത്തിന്റെ ഓർമകൾ അയവിറക്കുമ്പോയാണ് അവളുടെ ചോദ്യം.. "ഞാനന്ന് ആറാം ക്ലാസിൽ അവൻ ഒമ്പതിലും..."

മറുപടി പറഞ്ഞു ഞാൻ തിരിഞ്ഞു കിടന്നു...വർഷയുടെ പൊട്ടിച്ചിരി കേട്ടാണ് ഞാൻ എഴുന്നേറ്റത്..അവളാണെങ്കിൽ വയറിൽ കൈ വെച്ച് ചിരിയോടു ചിരി.. "ഹ ഹ ഹാ നീയിത്ര സീരിയസായി പറഞ്ഞു തുടങ്ങിയപ്പോ ഞാൻ വിചാരിച്ചു ഇപ്പോ അടുത്തെങ്ങാനും നടന്നാതാണെന്ന്..ഇതിപ്പോ പണ്ട് ആറാം ക്ലാസ്സിൽത്തെ പ്രേമമാണെന്ന് കേട്ടപ്പോ ചിരി നിർത്താൻ വയ്യ മോളേ..എന്തായാലും സമ്മതിച്ചു നിന്നേ.." അതും പറഞ്ഞവൾ പിന്നേയും ചിരി.. എനിക്കാണെങ്കിൽ അത് കണ്ടിട്ട് ദേഷ്യം വരാൻ തുടങ്ങി.. ഒരു പ്രധിഷേധഭാവത്തോടെ ഞാൻ പുതപ്പെടുത്ത് തലയിൽ മൂടി ഉറങ്ങാൻ കിടന്നു... കുറച്ച് നേരത്തെ നിശബ്ദതയ്ക്ക് ശേഷം ഞാൻ മെല്ലെ എഴുന്നേറ്റ് അവളുടെ കൂടെകിടന്നു.. "അല്ലമോളേ എന്താപ്പോ ഇങ്ങനൊരു ചോദ്യം ചോദിക്കാൻ..നിന്റെ മനസ്സ് ഏതെങ്കിലും ചെക്കൻ കൊത്തിക്കൊണ്ട് പോയോ.." എന്റെ ചോദ്യം കേട്ടവൾ നിന്ന് പരുങ്ങാൻ തുടങ്ങിയാതോടെ എനിക്കുറപ്പായി അവളുടെ മനസ്സിൽ ആരോ കയറിക്കൂടീട്ടുണ്ടെന്ന്... "അത് സുമേ എനിക്ക്.." "ആഹ് പോരട്ടെ പോരട്ടെ..." "ഇഷ്ടാണോന്നു ചോദിച്ചാ എനിക്കറിയില്ല.. അവൻ ഇപ്പോ രണ്ട് ദിവസായി എന്നെ ശ്രെദ്ധിക്കുന്നുണ്ട്.. ആ നോട്ടവും, ചിരിയും എനിക്കെന്തോ പോലെ ആവാണ്.." "അതാരാ അങ്ങനൊരാളു..പേരെന്താ ആൾടെ..."

"പേരൊന്നും എനിക്കറിയില്ല..നമ്മളുടെ സീനിയർ ആണ്.. നാളെ കോളേജിലെത്തിയിട്ട് കാണിച്ച് തരാം ട്ടോ..ഇപ്പോ മോള് പോയി ഉറങ്ങാൻ നോക്ക്.." അവളെന്നെ മെല്ലെ ഉന്തി കട്ടിലിലേക്കാക്കി.. അതാരായിരിക്കും..അങ്ങനൊരാളുടെ നോട്ടവും ചിരിയും ഞാനിതുവരെ കണ്ടില്ലല്ലോ..അല്ലെങ്കിലും അതാലോചിച്ചു ഞാനെന്തിനാ ഉറക്കം കളയുന്നെ,, നാളെ കോളേജിൽ ചെന്നാൽ ആളെ നേരിട്ട് കാണാമല്ലോ.. കണ്ണുകൾ ഇറുകിയടച്ച് ഞാൻ പുലരിയെ കാത്തിരുന്നു... വേഗത്തിൽ എഴുന്നേറ്റ് കുളിച്ചു റെഡിയായി വർഷയുടെ കയ്യിൽ പിടിച്ചു കോളേജിലേക്ക് നടന്നു.. "അല്ല സുമേ നമ്മൾ പോവുന്നത് എന്റെ ലോവറെ കാണാനാണോ എന്റെ ലോവറെ കാണാനാണോ.." എന്റെ വെപ്രാളം കണ്ടിട്ടാവും അവളങ്ങനെ ചോദിച്ചത് "എന്താ സംശയം, നിന്റേതു തന്നെ.. നീയെന്താ വിചാരിചേ അവനെ ദൂരെന്ന് കണ്ട് മടങ്ങി പോരാമെന്നോ.. നിന്നേ അവന്റെ മുന്നിലേക്കിട്ട് ഇവളോട് ഇഷ്ടമാണേൽ ഇപ്പോ പറയണം മിസ്റ്റർ എന്ന് അവന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടേ ഞാനിന്ന് ക്ലാസിലേക്ക് കയറുള്ളൂ മോളേ..." "ദേ സുമേ നീ കളിക്കല്ലേ, അവൻക്കിഷ്ടാണോന്ന് അറിയണ്ടേ..ഇനി വേറെ വല്ല പരിജയവും കൊണ്ടുള്ള ചിരിയാണെങ്കിലോ.. നീ എടുത്തു ചാടി നാറ്റിക്കല്ലേ മോളേ, ഞാൻ തന്നെ ചോദിച്ചോളാം നീയൊന്ന് കൂടെ നിന്ന് തന്നാൽ മതി.." "ആയിക്കോട്ടെ, ന്നാ ശെരിയായ ചിലവുണ്ട്..ഒരു വല്യ പാത്രം ഐസ്ക്രീം.." "അതൊക്കെ വാങ്ങി തരാം നീയൊന്ന് നേരെ നടക്കാൻ നോക്ക്..

ബെല്ലടിക്കാൻ സമയായി തുടങ്ങി.." അങ്ങോട്ടുമിങ്ങോട്ടും ഉന്തിയും തള്ളിയും ഓടിയും കൊച്ചു കുട്ടികളെപ്പോലെ ഒരുവിധത്തിൽ ഞങ്ങൾ കോളേജിലെത്തി.. നേരെ ബാഗ് ക്ലാസ്സിലും വെച്ച് പുറത്തേക്കിറങ്ങി സ്റ്റെപ് വഴി കയറിവരുന്ന ചെക്കൻമാരെയെല്ലാം നോക്കികൊണ്ടിരുന്നു.. കയറിവരുന്ന ചുള്ളൻ ചെക്കൻമാരെയെല്ലാം കാണുമ്പോ ഇതാണോ ഇതാണോയെന്ന് ഞാൻ മാറി മാറി ചോദിക്കും.. അല്ലായെന്ന് പറയുമ്പോയൊക്കെ അവളുടെ മുഖഭാവം ഞാൻ ശ്രെദ്ധിക്കും..നല്ല നിരാശ നിറഞ്ഞുനിൽക്കുന്നത് കാണാം.. ദൈവമേ ഈ രണ്ട് ദിവസം കൊണ്ട് പ്രേമം ഇത്രേം പടർന്നു പന്തലിക്കോ.. അവസാനം നീണ്ട ബെല്ല് മുഴങ്ങി...അവനെ കാണാഞ്ഞിട്ടുള്ള നിരാശയോടെ ഞാനും അവളും തിരിഞ്ഞു ക്ലാസ്സിലേക്ക് നടന്നു.. "ഇന്നിനി ലീവായിരിക്കോ വർഷേ.." നടക്കുന്നതിനിടയിൽ ഞാൻ ചോദിച്ചത് കേട്ടു അവളെന്നോട് പൊട്ടിതെറിച്ചു.. "നീയാ കരിനാക്ക് വളച്ചു അങ്ങനൊന്നും പറയാതെടി..വന്നോളും, വരും.." "ഹ ഹ അവനെ പറ്റി പറഞ്ഞപ്പോ പെണ്ണിന്റെ ദേഷ്യം കണ്ടോ..അത്രയ്ക്ക് ഇഷ്ടപ്പെട്ടോ മോളേ അവന്റെ ആ ചിരി.." അത്ചോദിച്ചപ്പോ പെണ്ണിന് നാണം.. 'നിന്ന് കഥകളി കളിക്കാതെ വേഗം ക്ലാസ്സിലേക്ക് കയറെടി' യെന്നും പറഞ്ഞു അവളെ ഉന്തിതള്ളി ബെഞ്ചിൽ കൊണ്ടിരുത്തി... ഉച്ചവരെ എങ്ങനെയൊക്കെയോ തള്ളി നീക്കി.. ഭക്ഷണം കഴിച്ച ശേഷം ഗ്രൗണ്ടിലേ കുട്ടികൾ ഫുട്ബോൾ കളിക്കുന്നതും കണ്ടിരിക്കുമ്പോയാണ് പിന്നിൽ നിന്നും വർഷയുടെ വിളി കേട്ടത്...

"ഓടി വാ സുമേ.. അവനതാ പോവുന്നൂ.." കേട്ടപാതി കേൾക്കാത്തപാതി ഞാനവൾ നിൽക്കുന്ന ലൈബ്രറി ലക്ഷ്യമാക്കി ഓടി.. അപ്പോയെക്കും അവൻ നടന്നു നീങ്ങിയിരുന്നു... "ശ്ശൊ കാണാൻ പറ്റിയില്ലല്ലോ വർഷേ..." "ഒരു വഴിയുണ്ട്, അവൻ താഴെ പിജി സെക്ഷനിലേക്കാ പോയതെന്ന് തോന്നുന്നു.. വേഗം വാ സ്റ്റെപ്പിറങ്ങി നോക്കിയാൽ ചിലപ്പോ കാണാം.." അവളതു പറഞ്ഞു തീരുന്നതിന് മുൻപേ എന്റെ കൈപിടിച്ചു വലിച്ചു ഓട്ടം തുടങ്ങിയിരുന്നു... സ്റ്റെപ്പുകളൊക്കെ ഇറങ്ങുകയായിരുന്നില്ല,ചാടിയെന്ന് വേണം പറയാൻ.. അവനെ കാണാൻ പെണ്ണിന് ഇത്രേം ഉത്സാഹോ.. "സുമേ അതാടി അവൻ, ആ വയലറ്റ് ഷർട്ടും മുണ്ടും..." ഓഡിറ്റോറിയത്തിന്റെ വാതിൽക്കൽ ഒരു കൂട്ടം സീനിയർസുണ്ട്..അതിലേക്ക് ചൂണ്ടിയാണവളുടെ സംസാരം... "ഏത് ആ കൂട്ടത്തിൽ നിക്കണ വയലറ്റോ.." "ആഹ് അതന്നേ.. പക്ഷെ മോളെ കഷ്ടകാലത്തിന് അവന് അങ്ങോട്ട് തിരിഞ്ഞാണല്ലോ നിക്കണത്..." "അതിനൊക്കെ വഴിയുണ്ട്.. അതവൻ തന്നെയാണെന്ന് ഉറപ്പാണല്ലോ..." "അതെ.. അല്ല നീയെന്താ അങ്ങനൊരു ചോദ്യം.." 'അതൊക്കെ മോള് നേരിട്ട് കണ്ടാൽ മതി'യെന്നും പറഞ്ഞു എന്റെ കയ്യിൽ നിന്നും അവളുടെ കൈവിടുവിച്ചു ഞാൻ, അവന്റെ നേരെ നടക്കാൻ തുടങ്ങി... 'സുമേ വേണ്ടടി അത് പ്രശ്നമാകുമെന്ന്' അവൾ പുറകിൽന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു...

അതിന് മറുപടി നൽകാതെ ഞാൻ അവനെയും ലക്ഷ്യമാക്കിയുള്ള നടത്തത്തിന് വേഗതകൂട്ടി.. എന്റെ വരവ് കണ്ടു അവന്റെ ഒപ്പമുള്ള സീനിയർസിന്റെ തലയെല്ലാം പൊന്തിതുടങ്ങുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു...പക്ഷെ അവന് മാത്രം ഒരു മാറ്റവുമില്ലാതെ അങ്ങോട്ടും തിരിഞ്ഞു ഒരേ നിൽപ്പാണ്...അടുത്തെത്തിയിട്ടും പതുക്കെ ചുമച്ചു നോക്കിയിട്ടും ഒരു അനക്കവുമില്ല.. ഒന്ന് തട്ടിനോക്കിയാലോ.. അത് വേണോ, അത് കണ്ടാ വർഷയെന്ത്‌ വിചാരിക്കും... അല്ലെങ്കിലും ഞാനെന്തിനാ പേടിക്കുന്നെ, അവൾടെ കാര്യം ശെരിയാക്കാൻ വന്നതല്ലേ, തട്ടിവിളിച്ചാലും പ്രശ്നൊന്നുല്ല.. "ചേട്ടാ ഇങ്ങോട്ടൊന്ന് നോക്കാവോ.. " പതിയെ അവന്റെ ഷോൾടറിൽ തട്ടി ഞാനത് ചോദിച്ചതും, പതുക്കെയൊന്ന് തിരിഞ്ഞു എനിക്കഭിമുഖമായി വന്നു നിന്നു.. അവന്റെ മുഖം കണ്ടതും എന്റെ കണ്ണൊന്നു വിടർന്നിരുന്നു..നല്ല കട്ടി മീശയും കുഞ്ഞു കുഞ്ഞു താടിരോമങ്ങളും കൊണ്ട് ഭംഗിയുള്ളൂരു കുഞ്ഞു മുഖം...കണ്ണൊക്കെ കാണാൻ എന്തൊരു ഭംഗിയെന്റിശ്വരാ...വർഷയുടെ സെലെക്ഷൻ കൊള്ളാം.. 'ഹാ എന്തു വേണം"..കട്ടിയുള്ള ശബ്ദം.. ഈ ശരീരത്തിന് ചേരുന്നതല്ല "അത്പിന്നേ, ചേട്ടനാ നിൽക്കുന്ന കുട്ടിയെ കണ്ടോ.. " കുറച്ചപ്പുറം മാറി നിൽക്കുന്ന വർഷയെ കാണിച്ചുകൊണ്ട് ഞാൻ ചോദിച്ചു..

"അതേലോ.. ആ കുട്ടിക്കെന്താ.." "ആ കുട്ടിക്ക് ചേട്ടനോട് ഇഷ്ടാണത്രേ.. ചേട്ടനും ഇഷ്ടല്ലേ അവളെ.. " അതുവരെ പുഞ്ചിരിച്ചിരുന്ന ആ മുഖം വാടിയതുപോലെ..പെട്ടെന്നെന്തോ ഓർമയിൽ വന്നത്പോലെ അവനൊന്നു രൂക്ഷമായി നോക്കിയെന്നെ... "മോള് ഏത് ക്ലാസിലാ പഠിക്കുന്നേ..." കുറച്ച് ദേഷ്യത്തോടെയുള്ള ചോദ്യം കേട്ടതും ഞാൻ നിന്ന് വിയർക്കാൻ തുടങ്ങി.. 'അത് പിന്നേ.. അത്.. ഞാൻ BA ഇംഗ്ലീഷ്... " "മോള് പഠിക്കാനല്ലേ കോളേജിലേക്ക് വരുന്നേ, അല്ലാതെ മാമാപ്പണിക്കല്ലല്ലോ.." "ആ.. അല്ല." "ന്നാ നിന്ന് മനുഷ്യന്റെ കൈക്ക് ജോലിയുണ്ടാക്കാതെ ക്ലാസ്സിൽ പോടീ ..." അവന്റെ സംസാരം തീരുന്നതിന് മുൻപേ ഞാൻ ഓടി വർഷയുടെ അടുത്തെത്തിയിരുന്നു...അവിടെന്ന് അവനെ ഒന്നൂടെ തിരിഞ്ഞു നോക്കിയതും അവൻ ദേഷ്യത്തോടെ ഒരേ നിൽപ്പാണ്..പിന്നേ ഇങ്ങോട്ടെക്ക് വന്നതിനു വിപരീതമായി ഞാൻ അവളുടെ കൈപിടിച്ചായിരുന്നു മേലേക്ക് ഓടിക്കയറിയത്... ഓട്ടം ചെന്ന് നിന്നത് ക്ലാസ്സിന് മുന്നിൽ.. "അവന് വട്ടാണെടി.." ഓട്ടത്തിന്റെ വേഗതകാരണം കിതച്ചുകൊണ്ടാണ് ഞാനത് പറഞ്ഞത്...അതോടെ പിടിച്ചിരുന്ന കൈ ദേഷ്യത്തോടെ തട്ടിമാറ്റിയവൾ മുഖത്തേക്കും നോക്കി നിൽപ്പായി.. "നീയിതെന്തൊക്കെയാ കാണിച്ചു കൂട്ടിയത് സുമേ.. അവനാരാണെന്ന് കൂടി എനിക്കറിയത്തില്ല.. നീയെന്തൊക്കെയാ അവനോട് പറഞ്ഞു കൂട്ടിയേ..." "അറിയില്ലെന്നോ... ഈശ്വരാ.എന്നിട്ടാണോ ടീ നീയെന്നെ ആ ചെക്കന്റെ മുന്നിലേക്ക് പറഞ്ഞു വിട്ടേ..." "ഞാൻ പറഞ്ഞു വിട്ടതാണോ, നീയല്ലേ വല്യ ആളായി പറഞ്ഞത് കേൾക്കാതെ അവനോട് പോയി സംസാരിചേ.." "അത്പിന്നേ ഞാൻ..വർഷേ അപ്പൊ ആ വയലറ്റ് ഷർട്ട്‌.."

"എനിക്ക് ആളുമാറിയതാണ് മോളേ.. അവനും വയലറ്റ് ഷർട്ടാ ഇട്ടിരിക്കുന്നേ.. പെട്ടന്ന് ഈ ചെക്കൻ നില്കുന്നത് കണ്ടപ്പോ ഞാൻ.. സത്യായിട്ടും ആള് മാറിയതാ.." "ദൈവമേ ഇനി ഞാനാ ചേട്ടന്റെ മുഖത്തേക്കെങ്ങനെ നോക്കും.." അറിയാതെ ചോദിച്ചുപോയി... ഒന്ന് മുഖത്തോടു മുഖം നോക്കിയ ശേഷം ഞങ്ങൾ രണ്ടുപേരും ഒരേ ചിരിയായി...കുറച്ച് നേരം ആ പൊട്ടിച്ചിരി നീണ്ടുനിന്നു, "ഇനി ഞാനില്ല മോളേ ഇമ്മാതിരി പണിക്ക്.. നീയാരയാന്നു വെച്ചാ പ്രേമിക്കേ, കെട്ടേ ചെയ്യ്.." ചമ്മലിന്റെ അളവ് കുറക്കാൻ ഒരു ചിരിയും ചിരിച്ചു ഞാൻ ക്ലാസിലേക്ക് കയറി ബെഞ്ചിൽ വന്നിരുന്നു..അപ്പയേക്ക് അവളുടെ മുഖത്തെ ചിരിമാഞ്ഞുതുടങ്ങിയിരുന്നു.. കണ്ടപ്പോൾ പാവം തോന്നിയത് കൊണ്ടാണ് 'നിന്റെ കാര്യമൊന്ന് ശെരിയാക്കി തരുന്നത് വരെ ഞാൻ കൂടെയുണ്ടാകുമെന്ന്' പറഞ്ഞു ആ മാഞ്ഞചിരി തിരികെ കൊണ്ട്വരാൻ ശ്രെമിച്ചു അവളുടെ അടുത്ത്ചെന്ന് നിന്നത്... അത് കേട്ടതോടെ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു സന്തോഷം അവളുടെ മുഖത്ത് തെളിഞ്ഞു വരുന്നുണ്ടായിരുന്നു... അന്നത്തെ പീരിയടുകളെല്ലാം ഒരു അലസതപോലെ തോന്നിച്ചു..തിരിച്ചു ഹോസ്റ്റലിലേക്ക് നടക്കുമ്പോയും ഞങ്ങൾക്കിടയിൽ നിറഞ്ഞു നിന്ന മൗനത്തിന് കാരണമെന്താണെന്ന് എത്രയാലോചിച്ചിട്ടും എനിക്ക് മനസ്സിലായതേയില്ല... ഹോസ്റ്റലിലെത്തി കുളിയും പഠിത്തവുമെല്ലാം കഴിഞ്ഞശേഷവും അവളൊന്നും മിണ്ടുന്നില്ല..

ഭക്ഷണം കഴിച്ച ശേഷം അവൾ പുറത്തേക്കിറങ്ങി പോകുന്നത് കണ്ടാണ് ഞാനും വേഗത്തിൽ കഴിച്ച ശേഷം കൈകഴുകി അവളുടെ അടുത്തേക്ക് നടന്നത്... മാനത്ത് അമ്പിളിയമ്മാവൻ പുഞ്ചിരിതൂകി നിൽക്കുന്നുണ്ട്.. അവള് അതും നോക്കി നിൽപ്പാണ്.. അടുത്തേക്ക് ചെന്ന് തോളിൽ കയ്യിട്ട് നിന്ന് ഞാനും മാനത്തേക്ക് നോക്കി നിൽപ്പായി.. "ഞാൻ നിന്റെയത്ര ഭംഗിയില്ലലേ സുമേ..." പെട്ടന്നവളുടെ ചോദ്യം കേട്ട ഞാൻ അമ്പരന്ന് നിന്നുപോയി.. "നീയെന്തൊക്കെയാ പെണ്ണെ ഈ ചോദിക്കുന്നേ.. നിനക്ക് പ്രേമം മൂത്ത് വട്ടായോ.." "അല്ല സുമേ ഞാൻ പറഞ്ഞത് സത്യല്ലേ.. ഞാൻ നിന്റത്ര ഭംഗിയില്ല.. അവനിനി നോക്കി ചിരിക്കുന്നതും ഒളിഞ്ഞു നോക്കുന്നതുമൊക്കെ നിന്നെയാണങ്കിലോ..." ഉച്ചക്ക് ശേഷമുള്ള മൗനത്തിന് കാരണം അപ്പോഴാണെനിക്ക് പിടികിട്ടിയത്... അവൻ അവളിൽ നിന്ന് എന്നിലേക്കടുക്കുമോ എന്നുള്ള ഭയമാണവൾക്ക്.. "അങ്ങനൊന്നും വിചാരിക്കണ്ട വർഷേ..ഞാനവനെ കണ്ടിട്ട് പോലുമില്ല.. നീയീ പറയുന്ന നോട്ടവും ചിരിയും എനിക്കിതുവരെ കാണാനും പറ്റിയിട്ടില്ല.. അല്ലെങ്കിലും ഈ ദാരിദ്ര്യം പിടിച്ച എന്നെയൊക്കെ ആര് പ്രേമിക്കാനാടി...നീ അങ്ങനൊന്നും വിചാരിക്കണ്ട.. അവൻ നോക്കുന്നതും ചിരിക്കുന്നതുമൊക്കെ നിന്നോട് തന്നെയാ.. നീയുണ്ടെന്നു കരുതുന്ന സ്നേഹം അവൻ നിന്നോട് വന്നു പറയേം ചെയ്യും..നീ നോക്കിക്കോ" ഒരു വിധത്തിൽ എങ്ങനെയൊക്കെയോ അവളെ പറഞ്ഞു സമാധാനിപ്പിച്ച് റൂമിലേക്ക് കൊണ്ട് വന്നു കട്ടിലിൽ കിടത്തി.. "നീ സുഖായി ഉറങ്ങിക്കോ.. നാളെ നിന്റെ മറ്റവനെ കണ്ടു പിടിച്ചു നിന്നെ ഏൽപ്പിച്ചിട്ടേ ബാക്കി കാര്യമൊള്ളൂ.."

പതിയെ പുതപ്പെടുത്ത് പുതച്ചുകൊടുത്ത് കവിളിൽ തലോടി ഞാനത് പറയുമ്പോ തെല്ലൊരു ആശ്വാസം കിട്ടിക്കാണും അവൾക്.. അത്കൊണ്ടാകും എഴുന്നേറ്റിരുന്ന് എന്റെ കവിളിൽ ഒരുമ്മ തന്ന് അവൾ വീണ്ടും പുതച്ചു കിടന്നത്.. തിരികെ വന്നു കട്ടിലിൽ കിടന്നപ്പോയും അവളുടെ ചോദ്യം എന്റെയുള്ളിൽ അലയടിക്കാൻ തുടങ്ങിയിരുന്നു.. "അവൻ നോക്കുന്നതും ചിരിക്കുന്നതും നിന്നോടാണെങ്കിലോ.." എന്നോടായിരിക്കോ ദൈവമേ... ആവാതിരിക്കട്ടെ, ഒരു പ്രണയത്തിന് വേണ്ടിയും നഷ്ടപ്പെടുത്തി കളയാനാവുന്നതല്ല എനിക്കവളോടുള്ള സൗഹൃദം...ഇനി അങ്ങനൊരു പ്രണയം മറ്റൊരാൾക്ക്‌ തന്നോട് ഉണ്ടെങ്കിൽ കൂടി അത് കണ്ടില്ലെന്ന് നടിച്ചു അതിൽ നിന്നും മാറി നടക്കാനെ എനിക്ക് കഴിയുകയൊള്ളു...പ്രണയിക്കാൻ അർഹതയില്ലാത്തവളാണ് ഞാൻ... എല്ലാരും ഓരോ കാരണങ്ങൾ പറഞ്ഞു മാറ്റിനിർത്തിയപ്പോയും കൂടെയുണ്ടായിരുന്ന ആകെയൊരു തുണ അവൾ മാത്രമായിരുന്നു.. നാളുകൾക്ക് ശേഷം ഞാൻ കുറച്ചെങ്കിലും സന്തോഷിക്കുന്നതും അവളൊരാൾ കൂടെയുള്ളതു കൊണ്ടാണ്.. നാളെ അവനെ കണ്ടു പിടിക്കണം, എന്റെ വർഷയുടെ പ്രണയം അവനെ അറിയിക്കണം, അവൻ എതിരു പറഞ്ഞാലും എന്നെകൊണ്ട് കഴിയും വിധം ശ്രമിച്ച് അത് ശെരിയാക്കി കൊടുക്കണം... ഈശ്വരാ പരീക്ഷിക്കരുതേ എന്ന പ്രാർത്ഥനയോടെ ഞാൻ കണ്ണുകൾ ഇറുകിയടച്ചു... ............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story