താലി: ഭാഗം 6

thali alrashid

രചന: അൽറാഷിദ് സാൻ

പതിവിന് വിപരീതമായി അന്ന് നേരം വൈകിയാണ് എഴുന്നേറ്റത്.. അതും സുമ വന്നു എഴുന്നേൽപ്പിച്ചതു കൊണ്ട്.. പെണ്ണ് പഠിക്കാനല്ല ക്ലാസ്സിൽ പോണത്.. കാമുകനെ കാണാൻ വേണ്ടി മാത്രമാണെന്ന് തോന്നും ഒരുക്കമൊക്കെ കണ്ടാൽ...മുടിയുടെ പിന്നിലായി മുല്ലപ്പൂവൊക്കെ ഒതുക്കി വെച്ച് അപ്പുറത്തെ റൂമിൽ പോയിട്ട് ആരുടെയോ സഹായം കൊണ്ട് സെറ്റ് സാരിയൊക്കെ എടുത്ത് അണിഞ്ഞിട്ടുണ്ട് പാവം...എല്ലാം കണ്ടു അവളെയൊന്നു ആക്കി ചിരിച്ച ശേഷം ഞാൻ കുളിക്കാൻ കയറി.. കുളി കഴിഞ്ഞു രാത്രി മടക്കിവെച്ച ആ പഴയ ചുരിധാറെടുത്ത് അണിയുന്നതിനിടയിലാണ് കട്ടിലിൽ ഒരു ചുവപ്പ് നിറത്തിലുള്ള സാരി കിടയ്ക്കുന്നത് ശ്രദ്ധയിൽ പെട്ടത്.. മെല്ലെ അതെടുത്തു കയ്യിൽ വെച്ച് നോക്കി.. എന്തൊരു മിനുസമുള്ള തുണി.തിളക്കം കൊണ്ട് കണ്ണെടുക്കാനും തോന്നുന്നില്ല.. "അതങ്ങനെ കയ്യിൽ പിടിച്ചു നില്കാതെ എടുത്ത് ഒരുങ്ങാൻ നോക്കെടി ബെല്ലടിക്കാൻ സമയമായിത്തുടങ്ങി.." വർഷയാണ്,..കണ്ണ് മിഴിച്ച് ഞാനവളെയൊന്നു നോക്കി.. "വർഷേ ഇതെനിക്കാണോ.." "പിന്നല്ലാണ്ട്...കുറെയായില്ലേ യൂണിഫോം പോലെ നീയീ ചുരിദാറും ഉടുത്തു നടക്കുന്നു..നിന്റെ കാര്യം പറഞ്ഞപ്പോ അമ്മ നിനക്കായ്ട്ട് കൊടുത്തുവിട്ടതാ.. നോക്കെടി നിനക്കിത് നന്നായി ചേരുന്നുണ്ട്..." എന്റെ മേലിൽ ആ സാരിയുടെ അറ്റം വെച്ചുകൊണ്ട് അവളങ്ങനെ പറയുമ്പോ എന്തന്നില്ലാത്തൊരു സങ്കടം എന്നെപിടികൂടിയിരുന്നു..

നിറഞ്ഞു വന്ന കണ്ണ് അവളെ കാണിക്കാതെ തുടച്ചുകൊണ്ട് ഞാൻ അവൾക്കൊരു സാരിയുമെടുത്ത് പുഞ്ചിരിയും നൽകി റൂമിൽ കയറി..ചെറുപ്പം തൊട്ടേ അമ്മ സാരിയെടുക്കുന്നത് കണ്ടുവളർന്നതു കൊണ്ട് ശെരിയായി ഉടുക്കാൻ ബുദ്ധിമുട്ടേണ്ടി വന്നില്ല..വേഗത്തിൽ അതെടുത്തു വാതിലും തുറന്ന് പുറത്തേക്ക് ഇറങ്ങിയതും, എന്നെ തന്നേ നോക്കി ഒരേനിൽപ്പാണവൾ.. "നീയെന്താ വർഷേ എന്നെ ആദ്യമായി കാണുന്ന പോലെ.. വേഗം വാ ബെല്ലടിക്കാനായി.." 'നിൽക്ക് മോളെ കഴിഞ്ഞില്ല.. ഇനി കുറച്ച് പരുപാടിയും കൂടെ ബാക്കിയുണ്ടെന്നും' പറഞ്ഞു എന്നെപിടിച്ചു നേരെ കണ്ണാടിക്ക് മുൻപിലിരുത്തി.. 'ഇനി ഞാൻ പറഞ്ഞിട്ടേ കണ്ണ് തുറക്കാവു' എന്നൊരു താക്കീതും... എന്നെയും ഒരുക്കാനാവും..മറ്റു മാർഗങ്ങളില്ലാത്തതു കൊണ്ട് ഞാൻ ഇഷ്ടമല്ലാഞ്ഞിട്ട് കൂടി ഒന്നും മിണ്ടാതെ കണ്ണടച്ച് ഇരുന്നു കൊടുത്തു.. നാളിതുവരെയായി കണ്ണിൽ കണ്മഷി പോലും ഞാൻ എഴുതി നോക്കിയിട്ടില്ല.. ദാരിദ്ര്യം അതിന് സമ്മതിച്ചില്ലെന്ന് വേണം പറയാൻ... എന്തൊക്കെയോ മുഖത്തു വാരി തേക്കുന്നുണ്ടവൾ..അതിന്റെ മനം മയക്കുന്ന സുഗന്ധം റൂമിലാകെ പരയ്ക്കാനും തുടങ്ങി...കുറച്ചു നേരത്തെ തേക്കലിനു ശേഷം അവൾ പാറി പറയ്ക്കുന്നയെന്റെ മുടിയിൽ പിടുത്തമിട്ടതു ഞാനറിഞ്ഞിരുന്നു..തലയിലൂടെയുള്ള മസ്സാജ് ചെയ്യുന്ന സുഖം കൊണ്ട് ഉറക്കമൊക്കെ വരുന്നത് പോലെ ഇടയ്ക്കിടയ്ക്ക് 'കണ്ണ് തുറക്കരുത് ട്ടോ സുമേയെന്ന്' അവളെന്നേ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു...

അങ്ങനെ അത് സംഭവിച്ചു..കുറച്ച് നേരത്തെ പരിശ്രമത്തിനൊടുവിൽ എന്നെ കണ്ണാടിയുടെ മുൻപിൽ നിർത്തിയ ശേഷം, എന്റെ കണ്ണുകൾ പൊത്തിയിരുന്ന അവളുടെ കൈകൾ പതുക്കെ മാറ്റി എന്നോട് കണ്ണ് തുറക്കാൻ പറഞ്ഞു... എന്താണ് ഇത്രനേരം അവളിരുന്ന് ഒരുക്കിയതെന്നറിയാൻ വേഗത്തിൽ കണ്ണ് തുറന്ന ഞാൻ ഒരു മാത്ര ഒന്ന് അമ്പരന്നു നിന്നു...കവിളുകളൊക്കെ തുടുത്തതു പോലെ, കണ്ണിൽ കരിമഷി കട്ടിയിൽ വാലിട്ടെയുതി, മുടി ഭംഗിയായി വാരി ഒരു ഭാഗത്തേക്ക് ഒതുക്കി വെച്ചിരിക്കുന്നു..ചുണ്ടുകളൊക്കെ നല്ല ചുവപ്പ് കൈവന്നത് പോലെ... കണ്ണാടിയുടെ മുൻപിൽ നില്കുന്നത് ഞാനല്ലന്ന് തോന്നിപ്പോയി... "ഇതാ ഈ ലോകത്തിനു മുന്നിൽ ഞാൻ അവതരിപ്പിക്കുന്നു മിസ്സ്‌ യൂണിവേഴ്സ്.. സ്മിത,, " അവളുടെ സംസാരവും, കണ്ണാടിക്ക് മുൻപിലുള്ള എന്റെയീ പുതിയ രൂപവും കൂടെ കണ്ടതോടെ ദേഷ്യം വന്നു ഞാൻ വിറയ്ക്കാൻ തുടങ്ങിയിരുന്നു.. "ഇതെന്തൊക്കെയാ നീയീ ചെയ്ത് വെച്ചിരിക്കുന്നേ വർഷേ...ഇതെന്തു കോലമാ.. ഞാനാകെ മാറിപ്പോയല്ലോ.. ഇതിനായിരുന്നോ ഇത്രേം നേരം ഒരുക്കാണെന്ന് പറഞ്ഞെന്നേ ഇരുത്തിയത്.. എനിക്കിതൊന്നും ഇഷ്ടല്ല.. ആവിശ്യത്തിനുള്ള സൗന്ദര്യം ഈശ്വരൻ തന്നിട്ടുണ്ടല്ലോ,ഇനിയെന്തിനാ ഓരോന്ന് വാരി തേച്ച് ഓവറാക്കുന്നേ..നിന്റെ കാര്യ പറയുന്നേ,എനിക്കിതൊന്നും ഇഷ്ടമല്ല... "

"അതിന് ഞാനെന്തു ചെയ്തുന്നാ നീയീ പറയുന്നേ,ഓവറാക്കി ഞാനൊന്നും ചെയ്തിട്ടില്ലെടോ.. ഇത് നിന്റെ നാച്ചുറൽ ഭംഗിയാ, അതായത് മേക്കപ്പ് ഒന്നുമില്ലാതെയുള്ള ഭംഗി..ഫേസ് സ്ക്രബെടുത്ത് ഒന്ന് ഇട്ടതോടെ ആ കരുവാളിപൊക്കെ പോയി.. അതാ നീയൊന്നൂടെ ഭംഗികൂടിയത് പോലെ...സത്യത്തിൽ നീ മേക്കപ്പ് കൂടിയിട്ടാ പിടിച്ചാൽ കിട്ടില്ല മോളെ നിന്നെ.." അവളെന്തൊക്കെയാ പറയുന്നതെന്ന് മനസ്സിലാവുന്നില്ല...എല്ലാം ഒരു പുഞ്ചിരിയിലൊതുക്കി ഞാനും അവളും കോളേജിലേക്ക് നടക്കാൻ തുടങ്ങി... ഓരോന്നു സംസാരിച്ചു കോളേജിന്റെ പടിയിലെത്തിയതറിഞ്ഞില്ല...ഗേറ്റിന് മുന്നിലിരിക്കുന്ന പൂവാലൻമാരുടെ ഗാങ് എന്തോ വീണുകിട്ടിയപോലെ അതിശയത്തോടെ ഞങ്ങളെ ശ്രെദ്ധിക്കുന്നത് കണ്ടു ഞാനും വർഷയും ചിരിക്കാൻ തുടങ്ങിയിരുന്നു... "ഒന്ന് നിന്നെ മക്കളെ..." കൂട്ടത്തിലേ ഒരുത്തന്റെ കമന്റ്‌ വന്നതോടെ ഞാനും അവളും നടത്തം നിർത്തി താഴെക്കും നോക്കി നിൽപ്പായി "ഇതേതാ ഈ ചുവന്ന കുട്ടി.." എന്നെ ചൂണ്ടി ആ ചേട്ടനങ്ങനെ പറഞ്ഞതും 'ന്യൂ അഡ്മിഷൻ ആണെന്ന്' വർഷ മറുപടിയും നൽകി.. "ഹം മോൾടെ പേരെന്താ.." അടുത്ത ചോദ്യം നേരിട്ടായിരുന്നു... ഒന്ന് നിന്ന് പരുങ്ങിയെങ്കിലും 'സ്മിത' എന്ന് ഞാൻ പറഞ്ഞൊപ്പിച്ചു.. "മോള് പൊക്കോ നമ്മളിവിടെയൊക്കെ ഉള്ളതാണെ..

കാണുമ്പോ ഒന്ന് മൈൻഡ് വെച്ചാൽ മതി.. " അവന്റെ സംസാരം തീരുന്നതിനു മുൻപേ ഞാൻ വർഷയുടെ കൈപിടിച്ച് നടന്നു നീങ്ങിയിരുന്നു... ക്ലാസ്സിൽ കയറിയതും എല്ലാ കുട്ടികളും വല്ല അത്ഭുതജീവിയെ കാണുന്നപോലെ എന്നെനോക്കികൊണ്ടേയിരുന്നു... "ദാ ഇവിടെ ഇരുന്നോളു..." ആദ്യ ദിവസം മുന്നിലെ ബെഞ്ചിൽ ഇരിക്കാൻ തുനിഞ്ഞതിന് എന്റെയടുത്തുനിന്നും എഴുന്നേറ്റ് പോയ കുട്ടിയാണ്...ഒന്ന് ഭംഗിയായി ഒരുങ്ങിയതോടെ അവൾക്കെന്നോടുള്ള ദേഷ്യം പോയി സ്നേഹം വന്നതുപോലെ..ഒരല്പം ദേഷ്യത്തോടെയാണെങ്കിലും ഞാൻ വർഷയുടെ കൈപിടിച്ച് ആ ബെഞ്ചിലിരുന്നു... ടീച്ചർ വന്നതോടെ ബുക്കെടുക്കാൻ തിരിഞ്ഞ ഞാൻ കണ്ടത്, വല്ലാത്തൊരു വശ്യമായ ചിരിയോടെ എന്നെനോക്കുന്ന ആൺകുട്ടികളെയാണ്...ഇവർക്കൊക്കെ എന്തുപറ്റിയെന്റെ ദൈവമേയെന്ന് മനസ്സിൽ അറിയാതെ ചോദിച്ചുപോയി.. ഇന്റർവെൽ ആയതോടെ ഞാനും വർഷയും ക്ലാസ്സിൽ നിന്നിറങ്ങി...അവളെന്റെ കൈപിടിച്ചു താഴെക്ക് നടക്കാൻ തുടങ്ങി...അവളുടെ കാമുകന്റെ അടുത്തേക്കാവുമെന്ന് ഞാനൂഹിച്ചു... "ദാ അവനാണ് ആ നിൽക്കുന്നത്...എന്റെ കാമുകൻ..ഇന്നറിയാം നമുക്ക് അവൻ നിന്നെയാണോ എന്നെയാണോ നോക്കി ചിരിക്കുന്നതെന്ന്.." "എടി കള്ളി.. ഇതിനായിരുന്നല്ലേ എന്നെ ഒരുക്കികൊണ്ട് വന്നത്..അത് നന്നായി അവന്റെ വായിൽന്ന് നിന്നെയാണ് അവൻ നോക്കുന്നതെന്നും, ചിരിക്കുന്നതെന്നും കേട്ടാൽ നിനക്ക് സമാധാനമാകുമല്ലോ.." "ഹം ആവും..." "എന്നാ നീയിവിടെ നിൽക്ക്.. ഞാനിപ്പോ പോയി വരാമെന്നു" പറഞ്ഞു ഞാനവളുടെ കൈവിടുവിച്ച് അവനെ ലക്ഷ്യമാക്കി നടന്നു...അവൻ നോക്കുന്നതും ചിരിക്കുന്നതും എന്നോടായിരിക്കരുതേ ദൈവമേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട്..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story