താലി: ഭാഗം 7

thali alrashid

രചന: അൽറാഷിദ് സാൻ

ഞാനവളുടെ കൈവിടുവിച്ച് അവനെ ലക്ഷ്യമാക്കി നടന്നു...അവൻ നോക്കുന്നതും ചിരിക്കുന്നതും എന്നോടായിരിക്കരുതേ ദൈവമേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട്... ഒന്നുരണ്ടടി വെച്ചപ്പോയേക്കും കൂട്ടുകാരുമായി സംസാരിച്ചിരിക്കുന്ന അവളുടെ കാമുകന്റെ നോട്ടം എന്നിലേക്ക് പതിയാൻ തുടങ്ങിയിരുന്നു.. അവന്റെത് മാത്രമല്ല കൂടെയുള്ള അവന്റെ കൂട്ടുകാരുടെയും..അതും കൂടി ആയതോടെ ഉണ്ടാക്കി വെച്ചിരുന്ന ധൈര്യമൊക്കെ ആവിയായി പോയത് പോലെ.. ഞാൻ തിരിഞ്ഞു വർഷയെ ദയനീയമായൊന്നു നോക്കി.. കൈകൊണ്ട് പോകാൻ ആഗ്യം കാണിക്കുന്നുണ്ടവൾ...ഒന്ന് നിന്ന ശേഷം മുഖത്തു കുറച്ച് ധൈര്യമൊക്കെ വരുത്തി ഞാൻ അവന്റെ അടുത്തേക്ക് ചെന്നു നിന്നു... സംസാരിക്കാൻ പോയിട്ട് ആ മുഖത്തു നേരെയൊന്നു നോക്കാൻ പോലും കഴിയുന്നില്ല...

കോളേജിലെ സീനിയർസിന്റെ കൂട്ടത്തിലുള്ള ഏറ്റവും അലമ്പ് ഗാങ് ആണ് മുന്നിൽ നിൽക്കുന്നത്...എന്റെ നിൽപ്പിൽ പന്തികേട് തോന്നിയ കൂട്ടത്തിലുള്ള ഒരുത്തൻ മറ്റുള്ളവരെ മാറ്റി നിർത്തി എന്റെയടുത്ത് വന്നുനിന്നു.. "എന്താ ഇവിടിങ്ങനെ നിന്ന് നട്ടം തിരിയണേ...എന്തേലും പ്രശ്നമുണ്ടോ..." "അത് പിന്നേ ചേട്ടാ.ഞാനീ ചേട്ടനോട് ഒരു കാര്യം ചോദിക്കാൻ വന്നതാ.." വർഷയുടെ കാമുകനെ ചൂണ്ടി ഞാനങ്ങനെ പറഞ്ഞതും എല്ലാവരുടെയും നോട്ടം അവന്റെ നേരെയായി... "എ.,എന്നോടോ.. എന്നോടെന്താ പറയാനുള്ളേ..." "അത് പിന്നെ ചേട്ടനൊന്ന് വന്നേ..." അത്രയും ആൺകുട്ടികളുടെ അതും സീനിയർസിന്റെ ഇടയിൽനിന്നും ഞാനവന്റെ കൈപിടിച്ച് നടക്കാൻ തുടങ്ങി..ചുറ്റുമുള്ളവരെല്ലാം കണ്ണ് മിഴിച്ച് നോക്കി നില്കുന്നത് തെല്ലൊരു ഭയത്തോടെ ഞാൻ ശ്രദ്ധിച്ചിരുന്നു...

"കൈ വിട് പെണ്ണെ ദേ എല്ലാരും നോക്കുന്നു.. കാണുന്നവരെന്താ വിചാരിക്ക..കൈ വിട്ടേ.." അവനെ ഒരു തൂണിന്റെ മറവിൽ നിർത്തി ഞാൻ കൈവിട്ടു.. "ദേ നോക്ക്...ആ നിൽക്കുന്ന കുട്ടിയെ ചേട്ടന് ഇഷ്ടമാണെന്ന് എനിക്കറിയാം.. ഇനി ഫോര്മാലിറ്റിക്ക് വേണ്ടി അവളെ അറിയേ ഇല്ലെന്ന് കള്ളം പറയൊന്നും വേണ്ട..ഊണും ഉറക്കവുമില്ലാതെ നട്ടപാതിരക്ക് ചേട്ടനെയും ഓർത്ത് പുറത്തിറങ്ങി നടക്കലാ അവളുടെ പണി..ഇന്നലെ നടന്നു നടന്നു റോഡിൽ എത്തിയിരുന്നു.. ഒരു കണക്കിനാ അവളെ പിടിച്ചു റൂമിൽ കൊണ്ടാക്കിയേ.. ഇനി ചേട്ടനെങ്ങാനും ഇഷ്ടമല്ലാന്നു പറഞ്ഞ അവള് ഹോസ്റ്റൽ റൂമിൽന്ന് താഴെക്ക് ചാടികളയുമെന്ന് പറഞ്ഞിരിക്കാ..ഇനി ചേട്ടൻ തന്നെ പറ എന്താ ഞാനവളോട് പറയണ്ടേ.." എന്റെ സംസാരം കേട്ടിട്ടവന്റെ കണ്ണൊക്കെ വിടരുന്നതു കണ്ടിട്ടെനിക്ക് ചിരിവന്നു തുടങ്ങിയിരുന്നു..

"അമ്മേ.. അവളങ്ങനോക്കെ ചെയ്യോ..എന്നാ ഒന്ന് ചാടി നോക്കാൻ പറ. ജീവൻ ബാക്കിയുണ്ടേൽ ഞാൻ പ്രേമിച്ചോളാം.." ഒരടിപോലെയാണ് അവന്റെ മറുപടി വന്നത്..പ്രതീക്ഷിക്കാത്തത്.,ഇനിയാ വർഷയോട് ഞാനെന്തു പറയുമെന്റിശ്വരാ.. എന്നാ ശെരിയെന്നുള്ള ഒരർത്ഥത്തിൽ തലയാട്ടി ഞാൻ വർഷയുടെ അടുത്തേക്ക് നടന്നു..വാടിയ എന്റെ മുഖം കണ്ടപ്പോയെ അവൾക് കാര്യം പിടികിട്ടിയിരുന്നു...മുഖത്ത് നിരാശ വന്നു തുടങ്ങിയിട്ടുണ്ട് പാവത്തിന്റെ... താഴെക്കും നോക്കി നിൽക്കുന്ന അവളുടെ തോളിൽ ഞാൻ കൈവെച്ചു... "അവന് ഒടുക്കത്തെ ജാഡയാടി...ഹൌ എന്നോട് പറയാ അവള് ഹോസ്റ്റലിൽ നിന്ന് താഴെക്ക് ചാടിക്കോട്ടെയെന്ന് .. അവൻ പോട്ടെന്നേ, ജാഡതെണ്ടി.. എന്റെ വർഷകുട്ടിക്ക് വേറെ നല്ല ചുള്ളൻ ചെക്കനെ ഞാൻ ഒപ്പിച്ചു തരാലോ.."

പെണ്ണിന്റെ മുഖം താഴെക്ക് തന്നെ.. "നീയൊന്ന് ചിരിക്കെന്റെ വർഷേ" എന്ന് പറഞ്ഞു ഞാനവളുടെ മുഖം കയ്യിലെടുത്തതും, എന്റെ മുഖത്തേക്ക് നോക്കിയ അവളുടെ മുഖത്തു ഒരു പ്രസരിപ്പ് പടരുന്നത് ഞാനറിഞ്ഞിരുന്നു..കണ്ണൊക്കെ വിടർത്തി അവളൊരെ നോട്ടമാണ്..ഒന്ന് കുലുക്കി വിളിച്ചെങ്കിലും അവളിൽ മാറ്റമൊന്നും കാണാത്തത് കൊണ്ട് ഞാനുമൊന്നു പിന്നിലേക്ക് തിരിഞ്ഞു നോക്കി... 'ഈശ്വരാ'... ഞാനറിയാതെ വിളിച്ചുപോയി.. അവളുടെ കാമുകനും ഒപ്പം വേറെ ഒരുത്തനും അതാ നേരെ മുന്നിൽ.. ദൈവമേ, പറഞ്ഞതൊന്നും കേട്ടു കാണരുതേ.. ഞാൻ പെട്ടന്നവരുടെ മുന്നിൽ നിന്നും ഒഴിഞ്ഞു മാറിയതും, അപ്പോയെക്കും ആർക്കാടി ജാടയെന്ന് ചോദിച്ചു എന്റെ തലയിലൊരു കൊട്ട് അവൻ കൊട്ടിയിരുന്നു... പെട്ടന്നുള്ള നീക്കമായതിനാൽ ഒഴിഞ്ഞു മാറാനും പറ്റിയില്ല..

അടി കിട്ടിയ ഭാഗത്ത് കൈകൊണ്ട് തടവി ഞാനവരുടെ രണ്ടുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി.. കണ്ണുകൾ കൊണ്ട് കഥപറയാണ് രണ്ടാളും..വർഷയുടെ കാലിനൊരു ചവിട്ട് കൊടുത്തതോടെ പരിസരബോധം വന്നവൾ അവന്റെ മുഖത്തേക്കുള്ള നോട്ടം തിരിച്ചു താഴെക്ക് തന്നെ നോട്ടം തുടർന്നു... "മര്യാദക്കൊരു കള്ളം പറയാൻ കഴിയാത്ത ഇവളെയാണോ നീ നിന്റെ ഇഷ്ടം പറയാൻ പറഞ്ഞയച്ചതു.. കഷ്ടം." വർഷക്ക് മിണ്ടാട്ടം മുട്ടിയിട്ടുണ്ട്...മറുപടി കിട്ടാതെ വന്നപ്പോ അവൻ പിന്നെയും തുടർന്നു.. "ഇഷ്ടമാണേൽ അത് നേരിട്ട് വന്നു പറയാനുള്ള ധൈര്യമെങ്കിലും വേണം ഞാൻ സ്നേഹിക്കുന്ന പെൺകുട്ടിക്ക്...അത് കൊണ്ട് മോള് ചെല്ല്... ധൈര്യമൊക്കെ ആയിട്ട് വന്നു പറഞ്ഞാൽ മതി.. ചേട്ടൻ കണ്ണിൽ എണ്ണെയൊഴിച്ച് കാത്തിരുന്നോളാം.." ഞങ്ങളുടെ നേർക്ക് ഒരുലോഡ് പുച്ഛവും വാരി വിതറി അവൻ തിരിഞ്ഞു നടന്നു... "ഒന്ന് നിന്നേ.." വർഷയാണ്.. ഇവളിതു എന്തിനുള്ള പുറപ്പാടാണാവോ.. "മോനങ്ങനെ വലിയ ആളാവാൻ നോക്കല്ലേ..

എനിക്കും അങ്ങനെ തന്നെയാ,, ഇഷ്ടാണേൽ അത് വന്നു പറയാനുള്ള ധൈര്യമെങ്കിലും ഞാൻ സ്നേഹിക്കുന്ന ചെക്കന് വേണമെന്നുണ്ട്..അതോണ്ട് ഇഷ്ടമാണേൽ പറഞ്ഞിട്ട് പോണം ഹേ..എനിക്കെന്റെ പാട്ടിനു പോണം.." ദൈവമേ ഇവൾക്ക് ഇത്രേം ധൈര്യമോ.. "ആഹാ ഇവള് കൊള്ളാലോ.. നീയിങ്ങു വന്നേ.." വർഷയുടെ കൈപിടിച്ച് അവൻ കുറച്ച് അപ്പുറത്തായി മാറി നിന്നു...പിന്നേ എന്തൊക്കെയോ സംസാരിച്ച ശേഷം ചിരിയായി കളിയായി.. "അവരുടെ മാവ് പൂത്തെന്നാ തോന്നണേ.." അവന്റെ കൂടെ വന്ന ഫ്രണ്ടാണ്..ശെരിയാണെന്ന് തോന്നുന്നു..ചിരിയും നോട്ടവും കണ്ടിട്ട് അവള് വീണമട്ടാണ്.. അവനും നന്നായി ഒലിപ്പിക്കുന്നുണ്ട്.. ക്ലാസ്സ്‌ കഴിഞ്ഞ് ഹോസ്റ്റലിലെത്താനുള്ള അവളുടെ തിടുക്കവും, നടത്തത്തിന്റെ സ്പീഡ് കൂടിയതും കാരണം എത്ര പെട്ടന്നാണ് റൂമിലെത്തിയത്..ബാഗ് താഴെ വെച്ച് ഡ്രസ്സ്‌ മാറുന്നതിനിടയിൽ അവള് വെറുതെ ചിരിക്കുന്നുണ്ടായിരുന്നു...

"അവനെന്താ എന്നോട് പറഞ്ഞെന്ന് അറിയോ സുമേ..അവന് ആദ്യം കണ്ടപ്പയെ എന്നെ ഇഷ്ടായീന്ന്.. അതൊന്ന് പറയാൻ അവസരം നോക്കി നടക്കായിരുന്നു പാവം..ഏതായാലും നല്ല സമയത്താ എനിക്ക് നിന്നേ പറഞ്ഞയക്കാൻ തോന്നിയേ.." "അപ്പൊ പ്രൊപോസും കഴിഞ്ഞല്ലേ മോളെ.,ഞാനൂഹിച്ചു നിന്റെയാ വളിച്ച ചിരി കണ്ടപ്പോ തന്നെ..അല്ലടി എന്നിട്ട് ആളെ കുറിച്ച് പറ കേൾക്കട്ടേ.." "പേര് കിരൺ.. പാവം ഫാമിലിയാടി,കോളേജ് കഴിഞ്ഞു ടൗണിൽ ഒരു കടയിലും നിൽക്കും..അച്ഛൻ മരിച്ചു പോയതാണത്രേ.. അവനാ കുടുംബം നോക്കുന്നേ.. താഴെ ഒരു അനിയത്തിയും കൂടിയുണ്ട്.." "നിന്റെ ഭാഗ്യമാ വർഷേ..ഈ പഠിത്തത്തിന്റെ ഇടയിലും കുടുംബം നോക്കാൻ കഷ്ടപ്പെടുന്നുണ്ടല്ലോ...ഒന്നിനും വകയില്ലേലും സ്നേഹത്തിനൊരു കുറവും കാണില്ല.."

അവളൊന്നു പുഞ്ചിരിച്ചു...അറിയാതെ ഞാനും.. "സുമിതക്കൊരു വിസിറ്ററുണ്ട്.." ഹോസ്റ്റലിലെ വാർഡനാണു...വിസിറ്ററോ, എനിക്കോ.. അതാരണെന്നറിയാൻ ഞാൻ സ്റ്റെപ്പിറങ്ങി താഴെക്ക് നടന്നു.. എന്നെ കാണാൻ വന്നയാളെ കണ്ടു എന്റെ കണ്ണും മനവും ഒരുപോലെ നിറഞ്ഞിരുന്നു... "അച്ഛൻ.." "എന്റെ മോള് അച്ഛനേം അമ്മനെയൊക്കെ മറന്നു പോയല്ലേ.." എന്നെ കണ്ടതും നിറഞ്ഞ കണ്ണ് തുടച്ചുകൊണ്ട് അച്ഛൻ ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു...ഓടിചെന്ന് ചിണുങ്ങിക്കൊണ്ടാ മാറിലേക്ക് വീഴുമ്പോൾ ഞാനാ പഴയ സുമക്കുട്ടിയായതുപോലെ.. പതിയെ എന്റെ തലയിൽ തലോടിക്കൊണ്ട് അച്ഛൻ തുടർന്നു... "ഒന്ന് വിളിക്കാന്നു വെച്ചാ ഞെക്കി തോണ്ടി വിളിക്കാനുള്ള സാധനം അച്ഛന്റെ കയ്യിലില്ലല്ലോ...ഇനിപ്പോ രമേശന്റെ ബൂത്തിലു പോയാലും ഇവിടുത്ത നമ്പറില്ലല്ലോ അച്ഛന്റെ കയ്യില്...

എത്ര ദിവസായി ന്റെ കുട്ടിനൊന്ന് കണ്ടിട്ട്.. നിന്റെ അമ്മയാണെങ്കി അവിടെ കിടന്ന് കയറുപൊട്ടിക്കാ നിന്നെ വന്നൊന്ന് കാണണംന്ന് പറഞ്ഞ്..ഇപ്പഴാ അച്ഛന് വന്നൊന്ന് കാണാൻ തരം കിട്ടിയേ..സുഖല്ലേ അച്ഛന്റെ കുട്ടിക്ക്.." പരിഭവത്തിന്റെ കെട്ടഴിക്കാൻ തുടങ്ങിയതും ഞാൻ തലപൊക്കി അച്ഛന്റെ മുഖത്തേക്കും നോക്കി നിന്നു.. "സുഖാണ് അച്ഛാ..അമ്മയേം കൂടി കൊണ്ട്വരായിരുന്നില്ലേ.." "സുഖാണെന്ന് ന്റെ കുട്ടിന്റെ മുഖം കണ്ടാൽ അറിയൂലേ..ഒന്ന് തടിച്ചിട്ടുണ്ട് മോള്..അമ്മനേം കൂടി കൊണ്ട് വരാന്ന് വെച്ചാ നിനക്കറിയില്ലേ അവള്ടെ കാര്യം.ഏത് നേരോം ഓരോ അസുഖങ്ങളല്ലേ..പിന്നേ വണ്ടിക്കൂലിം തികയില്ല.." പുഞ്ചിരിയോടെ തന്നെയാണ് അച്ഛൻ സംസാരിക്കുന്നത്.. അല്ലെങ്കിലും ജനനം തൊട്ടേ കാണുന്ന ദാരിദ്ര്യം അച്ഛനെന്തിന് എന്നിൽ നിന്നും മറച്ചുവെക്കണം..വീട്ടിലെ ചിലവും കയിഞ്ഞ് ബാക്കി മിച്ചം വെച്ച പൈസയും കൊണ്ടായിരിക്കും ഇങ്ങോട്ടുള്ള വരവ്.. "മോള് ഇതങ്ങട്ട് എടുത്ത് വെച്ചേക്ക്...നല്ല കടുമാങ്ങ അച്ചാറാ..നിനക്ക് വല്യ ഇഷ്ടല്ലേ ഇത്.

.നിന്റെ അമ്മ പ്രത്യേകം തന്നതാ നിന്റെ കയ്യിൽ തരാൻ..." "ഇങ്ങോട്ട് തന്നേക്ക് അച്ഛാ.." പുറകിൽ നിന്നും എന്നെതട്ടി മാറ്റി അച്ഛന്റെ കയ്യിൽ നിന്നും അച്ചാർ കുപ്പി വാങ്ങിയത് വർഷയാണ്... "ഇതെന്റെ കൂടെ പഠിക്കുന്ന കുട്ടിയാണച്ഛാ വർഷ.." അവളെ പരിജയപ്പെടുത്തി ഓരോ വിശേഷങ്ങളും പറഞ്ഞിരുന്ന് സമയം നീങ്ങിയതറിഞ്ഞില്ല.. "എന്നാ അച്ഛൻ ഇറങ്ങാണ് മോളെ..ഇനിം നിന്നാ ബസ്സ് കിട്ടില്ല.." "അച്ഛനൊന്ന് നിൽക്ക് ഞാനിപ്പോ വരാം.." കൂടെ നിൽക്കുന്ന വർഷയുടെ കൈപിടിച്ച് ഞാൻ റൂമിലേക്കോടി..റൂമിലെത്തി അച്ചാർ കുപ്പി മേശയിൽ വെച്ചു ഞാൻ വർഷയുടെ മുഖത്തേക്കൊന്ന് നോക്കി... എന്റെ മനസ്സ് വായിച്ചേന്നോണം അവളുടെ ബാഗിൽ നിന്നും ഒരു നൂറുരൂപ നോട്ടെടുത്ത് അവളത് എനിക്ക് നേരെ നീട്ടി... നന്ദിയോടെ ഒരു പുഞ്ചിരി പകരം നൽകി ഞാനത് താഴെ നിൽക്കുന്ന അച്ഛന്റെ കയ്യിലേൽപ്പിച്ചു.. "കിട്ടാൻ വകയില്ലാതെ എന്റെ മോളിതെവിടുന്നാ.."

സംസാരം തീരുന്നതിന് മുൻപേ അച്ഛന്റെ വായ ഞാൻ പൊത്തിയിരുന്നു.. "അതൊക്കെ എന്റെ കയ്യിലുള്ളതെന്നയാ അച്ഛാ.. വീട്ടിലേക്ക് ചെല്ലുമ്പോ അനിയൻകുട്ടൻമാർക്ക്‌ മിട്ടായി വാങ്ങിക്കാൻ മറക്കരുതേ ട്ടോ അച്ഛാ.. ചേച്ചിക്ക് എവിടെ നല്ല സുഖമാണെന്നും പറയണം.." "ന്റെ കുട്ടി വിഷമിക്കാതിരിക്ക്.,അച്ഛൻ ഒരു കാര്യം കൂടി പറയാനാ ഇവിടെ വന്നേ..നിന്റെ അമ്മന്റെ അസുഖം പെട്ടന്ന് മാറാന് ഓപ്പറേഷൻ വേണ്ടി വരുമെന്ന ആ ഡോക്ടർ പറഞ്ഞേ..ഒരു പതിനയ്യായിരം ഉണ്ടാക്കി കൊടുത്താൽ മതി അതും ആശുപത്രീലേ ബില്ല്, ഡോക്ടർ ഫീസൊന്നും വേണ്ടാന്ന് പറഞ്ഞു.. നല്ലൊരു മനുഷ്യൻ. എന്നാലും അച്ഛനെ കൊണ്ട് കൂട്ടിയാ കൂടോ അത്രേം പൈസ..നിന്നെ പഠിപ്പിക്കാൻ വേണ്ടീട്ടന്നേ നാട്ടുകാർടെ മുന്നില് ഇരന്നതാണ് അച്ഛൻ ഇനിയും ഒരാവശ്യം പറഞ്ഞ് അവർടെ അടുത്ത് ചെല്ലാൻ കഴിയൂല മോളെ.. അച്ഛനൊന്ന് നോക്കട്ടെ..

കിട്ടും, അച്ഛന് ദൈവായ്ട്ട് കൊണ്ടന്ന് തരും മോള് നോക്കിക്കോ.." മറുപടി പറയാൻ നാവ് പൊന്തുന്നില്ല..കരച്ചിൽ വന്നെന്റെ തൊണ്ടക്കുഴി വരെ എത്തിയിരുന്നു..പാടില്ല, അച്ഛന്റെ മുന്നിൽ തളർന്നെന്നാൽ അത് കണ്ടുനില്ക്കാനുള്ള കെൽപ്പുണ്ടായിക്കില്ല ആ പാവത്തിന്...ആ മനസ്സ് നീറുന്നത് ഈ മോൾക് മനസ്സിലാവും.. എന്റെ തലയിൽ ഒന്ന് കൈവെച്ച ശേഷം അച്ഛൻ തിരിഞ്ഞു നടക്കുന്നത് ഒരു തേങ്ങലോടെ ഞാൻ നോക്കി നിന്നു... "നീ കരയാണോ സുമേ...നീയിങ്ങനെ ആയാലെങ്ങനാ..എല്ലാത്തിനും ദൈവം ഒരു വഴി കണ്ടുവെച്ചിട്ടുണ്ടാകും.. വാ റൂമിൽ പോകാം.." വർഷയുടെ കൂടെ ഒരു നിഴലുപോലെ ഞാൻ നടന്നു നീങ്ങി...ഇടയ്ക്കെപ്പയോ വയറുവേദന വന്നു തറയിൽ കിടന്നു പിടയുന്ന അമ്മയുടെ മുഖം എന്റെ മനസ്സിലേക്കോടിയെത്തിയിരുന്നു.. ഭക്ഷണം കഴിച്ചിട്ട് ഇറങ്ങുന്നില്ല.. കുറച്ചു നേരം എന്തൊക്കെയോ ഇരുന്ന് ആലോചിച്ച ശേഷം ഞാൻ എഴുന്നേറ്റ് കൈ കഴുകി.. പുറത്തെ ബാൽക്കണിയിൽ ചെന്നു നിന്നു... അച്ഛനെകൊണ്ട് ഒറ്റയ്ക്ക് കഴിയുമെന്ന് തോന്നുന്നില്ല..

ഞാനല്ലാതെ താഴെയുള്ളത് രണ്ട് പൈതലുകളാണ്, അവരെകൊണ്ട് എന്ത്ചെയ്യാൻ കഴിയും..സ്വന്തമെന്ന് പറയാൻ മറ്റാരുമില്ല..ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.. ഞാൻ പതിയെ മുറ്റത്തേക്കിറങ്ങി ആകാശത്തേക്കും നോക്കിയിരുന്നു..അല്ലങ്കിലും മനസ്സിനെ ശാന്തമാക്കാൻ അനന്തമായ ആകാശത്തേക്കാൾ കഴിവ് മറ്റെന്തിനുണ്ട്... "സുമേ..നീ വിഷമിക്കാതിരിക്ക് ടീ..നമുക്ക് ആരോടെങ്കിലും ചോദിച്ചു നോക്കാം..കുറച്ചൊക്കെ എന്റെ വീട്ടിൽ പറഞ്ഞ് ഞാനും വാങ്ങി തരാമെടി.. നോക്ക്.. എന്റെ സ്നേഹം സക്സസായ സന്തോഷത്തിലാണ് ഞാൻ,, നീയിങ്ങനെ ഓരോന്നു ആലോചിച്ചു വിഷമിച്ചാ എനിക്കും സങ്കടാവും ട്ടോ.. എണീക്ക്..എന്നിട്ടൊന്ന് ചിരിച്ചു കാണിക്ക്.." മുഖത്തൊരു ചിരിയും വരുത്തി ഞാനവളുടെ കൂടെ റൂമിലേക്ക് നടന്നു...കുറച്ചു നേരം സംസാരിച്ചിരുന്നു.. എപ്പോയോ ഉറക്കം ഞങ്ങളെ രണ്ടുപേരെയും പിടികൂടിയിരുന്നു..

പിറ്റേന്ന് ഉച്ച ഭക്ഷണസമയത്ത് പുറത്തേക്കിറങ്ങി നടക്കുന്നതിനിടയിലാണ് വർഷയുടെ സംസാരം.. "സുമേ,നാളെ രണ്ടാം ശെനിയല്ലേ..നമ്മള് നിന്റെ വീടുവരെയൊന്നു പോയി നോക്കാം,എനിക്കാണെങ്കിൽ നിന്റെ സംസാരമൊക്കെ കേട്ടുകഴിഞ്ഞതിൽ പിന്നേ ആ നാടും വീടുമൊക്കെ കാണാൻ നല്ല കൊതിയുമുണ്ട്..ഇനി നീ വേണ്ടന്ന് പറഞ്ഞാലും ഞാൻ ഒറ്റയ്ക്ക് പോവും, കേട്ടല്ലോ.." അവളുടെ സംസാരം കേട്ടു ഞാനൊന്നു ഞെട്ടി.. വർഷ എന്റെ നാട്ടിലേക്ക്., അതും നല്ലൊരു മഴ പൈതാൽ തലയിലൂടെ വീഴാൻ കാത്തിരിക്കുന്ന ആ ചെറ്റകുടിലിലേക്ക്...ഇവളോടെന്ത്‌ മറുപടി പറയും.. "അത് പിന്നേ വർഷേ.." "നിർത്ത്.. എന്റെ വീടൊരു കുടിലാണ്,നല്ല ഭക്ഷണം കിട്ടില്ല,നിനക്കതൊക്കെ ബുദ്ധിമുട്ടാവും.. ഇതൊക്കെയല്ലേ നീ പറയാൻ വരുന്നേ.. എങ്കി കേട്ടോ എനിക്കതൊന്നും ഒരു പ്രശ്നേയല്ല.. അപ്പൊ നാളെ രാവിലെ നമ്മൾ നിന്റെ വീട്ടിലേക്ക് പോവുന്നു.."

അതും പറഞ്ഞവൾ ക്ലാസ്സിലേക്ക് നടന്നു...പെണ്ണ് വാശിയിലാണ്,ഇനിയും ചെന്ന് സംസാരിച്ചാൽ അത് പിണക്കത്തിലേ കലാശിക്കൂ...നാളെ അവളുടെ കൂടെ വീട്ടിലേക്ക് പോവുകയല്ലാതെ മറ്റുമാർഗമില്ല.. അമ്മയെ ഒന്ന് കാണുകയും ചെയ്യാം.. പതിയെ ക്ലാസ്സിലേക്ക് നടന്നു അവളോട് പോകാമെന്നു സമ്മതം മൂളി..ക്ലാസ്സ്‌ കഴിഞ്ഞു വേഗത്തിൽ ഞാനും അവളും റൂമിലെത്തി നാട്ടിലേക്കു പോവാനുള്ളതെല്ലാം ഒരുക്കി വെച്ചു...രാത്രി കിടക്കാൻ നേരത്തും നാടും വീടും അവിടുത്തെ കാഴ്ചകളും തന്നെയായിരുന്നു സംസാര വിഷയം..അങ്ങനെ പുലർച്ചെ നാല് മണിക്കുള്ള ബസ്സിന് പോകാൻവേണ്ടി ഞാനും അവളും മൂന്നര മണിക്കെ റോഡിലൂടെ ഇറങ്ങി ബസ്സ് സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു..ആ രാത്രിയിലും ഞങ്ങളുടെ വരവും കാത്ത് കുറച്ചുപേർ റോഡിൽ കാത്തിരിക്കുന്നുണ്ടായിരുന്നു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story