താലി: ഭാഗം 8

thali alrashid

രചന: അൽറാഷിദ് സാൻ

പുലർച്ചെ നാല് മണിക്കുള്ള ബസ്സിന്‌ പോകാൻ വേണ്ടി ഞാനും അവളും മൂന്നര മണിക്കേ റോഡിലൂടെ ഇറങ്ങി ബസ്സ്സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു.. ആ രാത്രിയിലും ഞങ്ങളുടെ വരവും കാത്ത് കുറച്ചുപേർ റോഡിൽ കാത്തിരിക്കുന്നുണ്ടായിരുന്നു.. 'പോലീസ്..' "മക്കളൊന്ന് നിന്നേ..." മുൻപിൽ നിന്നിരുന്ന S I യെ മറികടന്നു നടക്കുന്നതിനിടയിൽ പിന്നിൽ നിന്നും വിളിവന്നു... അതോടെ ഞാനും വർഷയും ചെറിയൊരു ഞെട്ടലോടെ സ്വിച്ചിട്ടപോലെ നിന്നു... "ഈ നട്ടപാതിരാക്ക് ഏതവന്റെ കൂടി ഒളിച്ചോടി പോവാടി..." "ഒളിച്ചോട്ടമൊന്നുമല്ല സാറേ.. എന്റെ നാട്ടിൽ പോവാ.,ഇവിടന്നു 4 മണിക്ക് നേരിട്ടൊരു ബസ്സുണ്ട്..." "ഹാ അതൊക്കെ അങ്ങ് സ്റ്റേഷനിൽ ചെന്നിട്ട് പറയാം..മക്കൾ വണ്ടിയിലോട്ട് കയറിയാട്ടേ..." "ഒരു തെറ്റും ചെയ്യാത്ത ഞങ്ങളെന്തിന് വണ്ടിയിൽ കയറണം.."

"നീയൊന്ന് മിണ്ടാതിരിക്ക് സുമേ.. " വർഷയാണ്..ഉരുളക്ക് ഉപ്പേരി പോലെ ഞാനാ പോലീസുകാരനിട്ട് മറുപടി കൊടുക്കുന്നത് കണ്ടു അവളൊന്ന് പേടിച്ചിട്ടുണ്ട്... "എന്തിന് മിണ്ടാതിരിക്കണം...നീയും ഞാനും നാട്ടിൽ പോവാൻ ഇറങ്ങിയതല്ലേ.. അല്ലാതെ ഒളിച്ചോടാനോ, അനാശ്യാത്തിനോ ഇറങ്ങിയതല്ലല്ലോ...പിന്നെന്തിനാ നീ പേടിക്കുന്നേ..." അവൾക്കുള്ള മറുപടി കൊടുത്തതോടെ അവള് വായയടച്ച് മിണ്ടാതിരുന്നു..ഞാൻ വീണ്ടും ആ പോലീസുകാരന് നേരെ തിരിഞ്ഞു... "ഈ രാത്രീലു ഇറങ്ങി നടന്നു, അതേ ഞങ്ങൾ ചെയ്തൊള്ളൂ.. അതൊരു തെറ്റായിട്ട് തോന്നീട്ടില്ല.. പിന്നേ ഈ പോക്ക് അതെന്റെ നാട്ടിലേക്ക് എന്റെ അമ്മയെ കാണാനുള്ള പോക്കാണ്.. വിശ്വാസം ഇല്ലെങ്കിൽ സർ കൂടെപ്പോരെ.." "അവളുടെ പ്രസംഗം കേട്ടുനിക്കാതെ പിടിച്ചു കേറ്റവളേ ലീലേ.."

മുന്നില് നിന്നിരുന്ന വനിതാ കോൺസ്റ്റബിളിനോട്‌ S I അത് പറഞ്ഞു തീരും മുൻപേ ആ സ്ത്രീ എന്നെയും വർഷയെയും കൈപിടിച്ച് ജീപ്പിന്റെ വാതിലും തുറന്ന് പുറകിലെ സീറ്റിലേക്ക് തള്ളിയിരുന്നു... പുറകെ അയാളും ഡ്രൈവറും വന്നു വണ്ടിയിൽ കയറി വണ്ടിയും സ്റ്റാർട്ട്‌ ചെയ്ത് ഒരനക്കം മുൻപോട്ടു നീങ്ങിയതും ഒരു ബൈക്ക് വേഗത്തിൽവന്നു മുന്നിൽ വട്ടം ചാടിയതും ഒരുമിച്ചായിരുന്നു... "ആരുടെ അമ്മക്ക് വാഴുഗുളിക വാങ്ങിക്കാൻ പോവാടാ #+#+# മോനെ.." S I യുടെ വായിൽ നിന്നും കേട്ടാലറയ്ക്കുന്ന ഒരു തെറി വന്നതോടെ ഞാൻ പതിയെ ചെവിപൊത്തിപിടിച്ചിരുന്നു..എല്ലാം കണ്ടു അന്തം വിട്ടിരിക്കാണ് വർഷ.. ചീത്ത പറഞ്ഞു നോക്കിയിട്ടും അവൻ വണ്ടി മുന്നിൽനിന്നും മാറ്റുന്നില്ലന്ന് കണ്ടതോടെ അയാൾ, ദേഷ്യത്തിൽ ജീപ്പിൽ നിന്നിറങ്ങി യൂണിഫോമിന്റെ കൈരണ്ടും മടക്കി വെച്ചു ചവിട്ടിക്കിലുക്കി ആ ബൈക്കുകാരന് നേരെ നടന്നു..

പിന്നേ അവന്റെ ഷിർട്ടിനു കുത്തിപിടിച്ചു അടിക്കാൻ കൈയോങ്ങിയതും ആ ബൈക്ക്കാരൻ ഹെൽമെറ്റ്‌ ഊരിയതും ഒരുമിച്ചായിരുന്നു... പെട്ടന്നാണ് അതുണ്ടായത്, ആ S I ബൈക്ക്കാരന്റെ മുഖം കണ്ടതും പിറകിലേക്ക് ഞെട്ടിമാറി കൂപ്പുകയ്യോടെ അയാൾക് മുന്നിൽ നിന്ന് വെപ്രാളപ്പെടുന്നുണ്ട്... ഒരു സ്റ്റേഷൻ ഭരിക്കുന്ന S I പോലും മുന്നിൽ ഇങ്ങനെ വെപ്രാളപ്പെടണമെങ്കിൽ, ആ ബൈക്കും കൊണ്ട് വന്നവൻ ചില്ലറക്കാരനായിയിരിക്കില്ല..മുന്നിൽ പോലീസു ഡ്രൈവർ ഇരിക്കുന്നത് കൊണ്ട് അവന്റെ മുഖം കാണാനും കഴിയുന്നില്ല.ഒന്ന് എത്തി നോക്കാൻ ശ്രമിച്ചങ്കിലും നിരാശയായിരുന്നു ഫലം.. കുറച്ചു നേരത്തെ സംസാരത്തിനൊകടുവിൽ.അയാൾ ബൈക്കുമെടുത്ത് വേഗത്തിൽ ഓടിച്ചുപോയി.. പിറകെ S I ഓടിവന്നു ജീപ്പിന്റെ വാതിൽ എനിക്കും വർഷയ്ക്കുമായി തുറന്നു തന്നു..

"മോൾക്കെന്നോട് ഒരു വാക്ക് പറഞ്ഞൂടായിരുന്നോ, നിങ്ങളു മാർക്കോയുടെ കൂടെ കോളേജിൽ പഠിക്കുന്ന കുട്ടികളാണെന്ന്...അതറിയാത്തോണ്ടല്ലേ അങ്കിളു ഇങ്ങനൊക്കെ പെരുമാറിയെ...മക്കൾക്ക് എവിടെക്കാ പോണ്ടേ അവിടെ ആക്കിതരാം.." "ബസ്സ്റ്റോപ്പിൽ ആക്കി തന്നാ മതി.. " എന്റെ മറുപടി കേട്ടതും ബസ് സ്റ്റാൻഡ് ലക്ഷ്യമാക്കി ജീപ്പ് കുതിച്ചുകൊണ്ടിരുന്നു... എങ്കിലും എന്താണ് കുറച്ചു മുൻപ് നടന്നതെന്നറിയാതെ ഞാനും വർഷയും മുഖത്തോട് മുഖം നോക്കിയിരിപ്പായിരുന്നു അപ്പോഴും... " മക്കളെ നിങ്ങൾക്ക് പോകാനുള്ള ബസ് ആണ് ദാ കിടക്കണത്..നേരത്തെ അങ്കിൾ പറഞ്ഞതൊന്നും മനസ്സിൽ വെച്ചേക്കല്ലേ കേട്ടോ...ഇനിയെന്ത് ആവിശ്യം ഉണ്ടേലും ഈ അങ്കിളിനെ ഒന്ന് അറിയിച്ചാൽ ഞാൻ ഓടി എത്തിക്കോളാം ട്ടോ..എന്നാ മക്കള് ബസ്സിൽ കയറിക്കാട്ടേ.." കുറച്ചു നിമിഷം മുൻപ് വരെ പഴയ പോലീസുകാരെ പോലെ ദയ കാണിക്കാതെ കുരച്ചുചാടി സംസാരിച്ചിരുന്ന ആ പോലീസുകാരനാണ്,

ഒരേട്ടനെപ്പോലെ സംസാരിച്ചു ഞങ്ങളെ യാത്രയാക്കാൻ ബസ്സിന്റെ അടുത്തേക്ക്, അതും കയ്യിലുള്ള ബാഗും പിടിച്ചു കൊണ്ട് വരുന്നത്...ഇതിപ്പോ എനിക്ക് വട്ടായതാണോ, അതോ ആ പോലീസുകാരന് വട്ടായതാണോ.. "അപ്പൊ പോട്ടെ മോളെ.. ഇത് അങ്കിളിന്റെ മൊബൈൽ നമ്പറാ, എന്ത് ആവിശ്യമുണ്ടെങ്കിലും വിളിക്കാൻ മടിക്കരുത്..അപ്പൊ റ്റാ റ്റാ.." ബസ്സിലെ സീറ്റിലിരിക്കുന്ന എനിക്കും വർഷയ്ക്കും നേരെ കൈവീശിക്കൊണ്ട് അയാൾ നടന്നുനീങ്ങുന്നത് ഞാനും വർഷയും അമ്പരപ്പോടെ നോക്കിയിരുന്നു... "അല്ല സുമേ, എന്തൊക്കെയാ ഇവിടെ നടക്കുന്നെ.പോലീസുപിടിക്കുന്നു, ജീപ്പിൽ കയറ്റുന്നു..ഏതോ ഒരുത്തൻ ബൈക്കും കൊണ്ട് വരുന്നു.എന്തൊക്കെയോ സംസാരിച്ച ശേഷം നേരത്തെ പിടിച്ചു ജീപ്പിൽ കയറ്റിയ ആ പോലീസുകാരൻ വന്നു മാപ്പ് ചോദിക്കുന്നു,, ഇവിടേക്ക് കൊണ്ടാക്കുന്നു ദാ ഇപ്പൊ നമ്പറും തന്ന് എന്ത് ആവിശ്യം ഉണ്ടേലും വിളിച്ചോളാൻ...എനിക്കൊന്നും മനസ്സിലാവുന്നില്ല.."

"പിന്നേ എനിക്കാണോ എല്ലാം മനസ്സിലായെ..ഇവർക്കൊക്കെ വട്ടായെന്ന് തോന്നുന്നു..അല്ലെടി ആരാ ഈ മാർക്കോ.." "ആ എനിക്കറിയില്ല.. ഏതായാലും അവനൊരു സംഭവമായിരിക്കും, അല്ലെങ്കി ആ പോലീസുകാരൻ ഇങ്ങനെയൊക്കെ പറയുമായിരുന്നോ.. അയാളൊക്കെ പേടിക്കണമെങ്കിൽ വല്ല അണ്ടർവേൾഡ് കിങ്ങും ആയിരിക്കും.. " "നീയൊന്ന് പോയെ വർഷേ.. അണ്ടർവേൾഡ് കിങ്ങല്ലേ നമ്മളെ കോളേജിൽ പഠിക്കാൻ വരുന്നേ.. വല്ല മന്ത്രിയുടെയോ MLA യുടെയോ മകനായിരിക്കും.." "നീയതൊക്കെ വിട്ടേ..നമ്മളിനി നേരെ നിന്റെ വീട്ടിലേക്ക്..ബസ് അവിടെത്താൻ 9 മണി ആവുമെന്നല്ലേ പറഞ്ഞേ,അപ്പൊ മോളെ ഒറ്റ ഉറക്കം.,ഹാ പിന്നേ കണ്ടക്ടർക്ക് കൊടുക്കാനുള്ള പൈസയൊക്കെ ഞാൻ കയറിയപ്പയെ അയാളെ ഏൽപ്പിച്ചിട്ടുണ്ട്.. ഇനി ഞാൻ ഉറങ്ങാൻ പോവാ.. ശല്യപ്പെടുത്തരുത് കേട്ടല്ലോ" എന്നും പറഞ്ഞുകൊണ്ട് കയ്യിലുള്ള ബാഗ് മടിയിൽ വെച്ചു തന്ന് അവൾ സീറ്റിൽ കണ്ണടച്ച് കിടക്കാൻ തുടങ്ങി.. ബസ് നീങ്ങി തുടങ്ങിയിരുന്നു...

പതുക്കെ ജനലിന്റെ ഗ്ലാസ്‌ നീക്കിയതും തണുപ്പുള്ള കാറ്റ് മുഖത്തടിക്കാൻ തുടങ്ങിയിരുന്നു...ഇടയ്ക്കെപ്പയോ ഞാനും ഒന്ന് മയങ്ങിപ്പോയി... പെട്ടന്നുള്ള ബ്രേക്കിൽ വണ്ടിയൊന്നു ഉലഞ്ഞതോടെ ഞാൻ ഞെട്ടിയെഴുന്നേറ്റു...പുലരിയുടെ പൊൻകിരണങ്ങൾ ഭൂമിയിൽ പതിക്കാൻ തുടങ്ങിയിരുന്നു, വർഷയാണെങ്കിൽ പോത്ത് പോലെ ഉറക്കമാണ്.ഇവിടൊരു ബോംബ് പൊട്ടിയാലും അവളറിയില്ല, ശവം.. കുറച്ചു ദൂരം കഴിഞ്ഞാൽ നാടെത്തും..അച്ഛൻ, അമ്മ, എന്റെ കുഞ്ഞനിയൻമാർ..മാസം രണ്ട് പിന്നിട്ടിരിക്കുന്നു അവരെയൊക്കെ പിരിഞ്ഞു കോളേജിലേക്ക് വന്നിട്ട്.. എല്ലാം എത്ര പെട്ടന്ന്.. ഇറങ്ങാനുള്ള സ്റ്റോപ്പ്‌ എത്താനായതോടെ അവളെ വിളിച്ചുണർത്തി.. ഉറക്കച്ചവിടോടെ അവളെ കൈപിടിച്ച് ബാഗുമെടുത്ത് ഞാനും അവളും ബസ്സിൽ നിന്നിറങ്ങി.. നല്ല തണുപ്പുണ്ട്.. "കുറച്ച് ഉള്ളിലേക്ക് നടക്കാനുണ്ട്.. നിനക്കല്ലേ നാടൊക്കെ കാണണമെന്ന് പറഞ്ഞേ..

നമുക്ക് നടന്നു നാടൊക്കെ കണ്ടു വീട്ടിലേക്ക് പോവാം ട്ടോ.." "ഞാനില്ല മോളെ..അതൊക്കെ സൗര്യം പോലെ ഞാൻ തന്നെ നടന്നു കണ്ടോളാം.. നീയാ ഓട്ടോ വിളിക്ക് എനിക്ക് നടക്കാനൊന്നും വയ്യ..." അവസാനം ഒരു ഓട്ടോ വിളിച്ചു ഞാനും അവളും വീട്ടിലേക്ക് പുറപ്പെട്ടു..ദൈവമേ വീട് കണ്ട ഇവള് ഉള്ളിലേക്ക് കയറുമോ ആവോ,എനിക്കാണെങ്കിൽ ആലോചിച്ചിട്ട് ഇരിക്കാനും നിക്കാനും വയ്യ.. റോഡിന്റെ അവസാനം ഓട്ടോ നിർത്തി..പൈസയും കൊടുത്ത് അവളും ഞാനും വീട് ലക്ഷ്യമാക്കി നടന്നുകൊണ്ടിരുന്നു..അതിനിടയിൽ എന്റെ വരവ് ദൂരെ നിന്നും കണ്ട കുഞ്ഞനിയൻ ഓടി വന്നെന്നേ കെട്ടിപിടിച്ചു.. അത്കണ്ട വർഷ കയ്യിൽ കരുതിയ മിട്ടായി പൊതി അവന്റെ കയ്യിൽ കൊടുത്ത ശേഷം കയ്യിലുള്ള ബാഗ് എന്നെ ഏൽപ്പിച്ച് അവനെയും എടുത്ത് നടക്കാൻ തുടങ്ങി.. പരിജയമില്ലാത്ത മുഖമായാതിനാൽ അവൻ മിണ്ടാതെ കയ്യിലുള്ള ചോക്ലേറ്റ് തിന്നുന്ന തിരക്കിലായിരുന്നു..

വീടിന്റെ മുന്നിലെത്തിയതും അവളൊന്ന് നിന്ന ശേഷം എന്റെ മുഖത്തേക്ക് നോക്കി.. "എടി..എന്ത് ഭംഗിയാ നിന്റെ വീട് കാണാൻ.. ചെറുതാണെങ്കിലും ഈ പൂന്തോട്ടവും ചുറ്റുപാടും കാണുമ്പോ തന്നെ ഒരു സന്തോഷം തോന്നാ...നിന്ന് പൊട്ടം കളിക്കാതെ ഉള്ളിലേക്ക് കയററെടി എനിക്ക് നിന്റെ വീട്ടുകാരെ കാണണ്ടേ.." ഈശ്വരാ...എന്ത് പറയുമെന്ന് വിചാരിച്ചിരിക്കായിരുന്നു...ഓലമേഞ്ഞതാണെങ്കിലും മുറ്റവും പരിസരവും വൃത്തിയോടെ തന്നെയാണ് കൊണ്ട് നടക്കാറു..വെറുതൊരു ഭംഗിക്ക് ഉണ്ടാക്കിയെടുത്തതാണ് ആ പൂന്തോട്ടവും.. ഞങ്ങളുടെ ശബ്ദം കേട്ടു പുറത്തേക്കിറങ്ങിയ അമ്മ പെട്ടന്ന് ഞങ്ങളെ കണ്ടതോടെ ഒന്ന് ഞെട്ടിയത് ഞാൻ കണ്ടിരുന്നു..ബാഗ് നിലത്തു വെച്ച് ഞാൻ അമ്മയെ ഓടിചെന്ന് കെട്ടിപിടിച്ചു..രോഗം വല്ലാതെ തളർത്തിയിട്ടുണ്ട് അമ്മയെ.ആകെ ഒരു ക്ഷീണം പോലെ..എല്ലാം കണ്ട് വർഷ പുഞ്ചിരിച്ചു നില്കുന്നുണ്ട്..

അവളെ അമ്മക്ക് പരിജയപ്പെടുത്തിയ ശേഷം അവളെയും കൊണ്ട് റൂം എന്ന് പറയാൻ കൊള്ളാത്ത എന്റെ നാല് മറയ്ക്കുള്ളിലേക്ക് നടന്നു... "എന്ത് പണിയ അമ്മയുടെ കുട്ടി കാണിച്ചേ..വരാണെങ്കിൽ ഒന്ന് പറഞ്ഞിട്ട് വേണ്ടേ..ഇവിടെണെങ്കിൽ ഒന്നുല്ല ആ കുട്ടിക്ക് കൊടുക്കാൻ..ഇനി അച്ഛൻ വരുവോളം കാക്കണ്ടേ.." അമ്മയാണ്..വർഷയെ ചെറുതായെങ്കിലും സൽക്കരിക്കാൻ പറ്റാത്തതിനുള്ള സങ്കടം പറച്ചിൽ.. "അതൊന്നും അവൾക് ഇഷ്ടാവില്ലമ്മാ..അമ്മ ചോറ് ഉണ്ടേൽ വിളമ്പി വെക്ക് ഞാൻ രണ്ട് മാങ്ങ പറിച്ച് ചമ്മന്തിയരയ്ക്കട്ടേ.." ഇതൊക്ക ആ പെണ്ണ് കഴിക്കോ ആവോ..കണ്ടറിയാം.. മുന്നിൽ ചോറും നല്ല മാങ്ങാ ചമ്മന്തിയും കൊണ്ട് വെച്ചതോടെ അതെടുത്ത് ആർത്തിയിൽ കഴിക്കുന്ന വർഷയെ ഞാനും അമ്മയും നോക്കിനിന്നുപോയി... ശേഷം ഞാനും അവളും ഒന്ന് നടക്കാനിറങ്ങി..

വീടിന് അടുത്തുള്ള തോടും, പാടവും, കുളവുമെല്ലാം ആദ്യമായി കാണുന്നതുപോലെയാണ് വർഷയുടെ കാട്ടികൂട്ടൽ.അതിൽ ചാടിയും, നീന്തിയും ഓടിയുമെല്ലാം അവൾ രസിച്ചുകൊണ്ടിരുന്നു,. എനിക്കാണെങ്കിൽ ഇതൊക്കെ കണ്ടു ചിരിയടക്കാനും വയ്യ.. വൈകുന്നേരം അച്ഛൻ വന്നതോടെ ഓരോ വിശേഷങ്ങളും പറഞ്ഞു അന്നത്തെ ഒരു ദിവസം തീർന്നു... പിറ്റേ ദിവസം തിരിച്ചു ഹോസ്റ്റലിലേക്ക് പോരാൻ വേണ്ടി അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞിറങ്ങാൻ നേരമാണ് കയ്യിലൊരു പൊതിയുമായി വർഷ അച്ഛന്റെ അടുത്തേക്ക് വന്നത്.. "അച്ഛാ.. ഇത് അമ്മയുടെ ഓപ്പറേഷനുള്ളതാണ്..എല്ലാം കൂടി ഒരു മുപ്പത്തിനായിരം രൂപയുണ്ട്.. അമ്മയുടെ ഓപ്പറേഷനോക്കെ കഴിഞ്ഞിട്ട് ബാക്കിയുള്ളത് കൊണ്ട് എല്ലാർക്കും ഒരു കൂട്ടം ഡ്രെസ്സും വാങ്ങിക്കോണ്ടു..ഓണമൊക്കെയല്ലേ വരുന്നേ..എന്നാ ഞങ്ങളിറങ്ങാ.." അവളുടെ സംസാരം കേട്ട് ഞാനും അച്ഛനും അമ്മയും ഒരുപോലെ ഞെട്ടിയിരുന്നു..ഈ കാശ്.. ....

ഹോസ്റ്റലിൽ എത്തുന്നത് വരെ പലപ്രാവശ്യം വർഷെയെന്നോട് മിണ്ടുവാൻ ശ്രമിച്ചങ്കിലും ഒരുതവണ പോലും ഞാനത് വകവെച്ചിരുന്നില്ല...അവളെന്നോട് പൈസയുടെ കാര്യം മറച്ചുവെച്ചത് അത്രത്തോളമെന്നേ സങ്കടപ്പെടുത്തിയിരുന്നു... അമ്മയുടെ ഓപ്പറേഷൻ നടക്കുമെങ്കിൽ കൂടി ഇത്രയും പൈസ എന്തിന് വേണ്ടിയവൾ.അതും അവളുടെ വീട്ടിൽ നിന്നും, ഞാനവളുമായുള്ള സൗഹൃദം മുതലെടുക്കയാണെന്ന് ആ വീട്ടുകാർക്ക് തോന്നിയിട്ടുണ്ടെങ്കിലോ എന്നുള്ള ഭയമാണ് എന്നെ വേട്ടയാടിക്കൊണ്ടിരുന്നത്... തിരികെ റൂമിലെത്തി വസ്ത്രം മാറുമ്പോയും രാത്രി ഭക്ഷണം കഴിക്കുമ്പോയും എന്റെ മൗനം അവൾക്കുണ്ടാക്കിയിരുന്ന വേദന ആ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു...സങ്കടം സഹിക്കാൻ കഴിയാതെ തലയിണയിൽ മുഖം പൊത്തി കരയുന്നതിനിടയിലാണ് അവളെന്റെ അരികിൽ വന്നിരുന്നത്...

എന്റെ മുടിയിഴയിൽ തലോടിക്കൊണ്ടിരുന്ന അവളുടെ കൈ ദേഷ്യം വന്നതോടെ തട്ടിമാറ്റിക്കൊണ്ട് ഞാൻ എഴുന്നേറ്റ് പുറത്തേ ബാൽക്കെണിയിൽ ചെന്നുനിന്നു.. "അമ്മയുടെ ഓപ്പറേഷൻ നടത്താനല്ലേ നിന്റച്ഛനങ്ങനെ ഇല്ലാത്ത കാശ് ഉണ്ടാക്കാൻ മനസ്സ് വെശമിച്ച് നടന്നിരുന്നേ...ഇനിം മറ്റുള്ളോരുടെ മുന്നിൽ കൈ നീട്ടാതിരിക്കാനല്ലേ ഞാനങ്ങനൊക്കെ ചെയ്തേ..അത് തെറ്റായിപ്പോയെന്ന് എനിക്ക് തോന്നീട്ടില്ല സുമേ..നീയിങ്ങനെ മിണ്ടാതിരിക്കുമ്പയാ സങ്കടം..." തിരിഞ്ഞു നിന്ന് വാടി താഴ്ന്നിരിക്കുന്ന അവളുടെ മുഖം ഞാൻ കയ്യിലെടുത്തു...പതിയെ കവിളിലൊരു ഉമ്മയും നൽകി ഞാനവളെ നെഞ്ചോടു ചേർത്തു..സങ്കടം കണ്ണുനീരിന്റെ രൂപത്തിൽ കവിളിൽ നിന്നും വേർപെട്ട് അവളുടെ ചുമലിനെ നനച്ചുകൊണ്ടിരുന്നു... "നിന്നേ സങ്കടപ്പെടുത്താൻ വേണ്ടിയായിരുന്നില്ല വർഷേ..എനിക്ക് മറക്കാൻ കഴിയാതൊരു സഹായമാ നീയിന്നു ചെയ്ത് തന്നെ..

ആ ഓപ്പറേഷൻ നടക്കുന്നതോടെ പഴയ പോലെ എന്റെ അമ്മയെ എനിക്ക് കാണുവാൻ സാധിക്കും..ഇടയ്കൊക്കെ വയറുവേദനിച്ചിട്ട് കൈ വയറിൽ വെച്ച് കണ്ണ് തുടക്കുന്നത് ഞാനെത്ര വട്ടം കണ്ടിട്ടുണ്ടെന്നറിയോ നിനക്ക്..നിനക്കൊരു സൂചനയെങ്കിലും തരാമായിരുന്നെനിക്ക്..പെട്ടന്ന് നീയാ പൈസയെടുത്ത് അച്ഛന് നൽകിയപ്പോ സന്തോഷമാണോ സങ്കടമാണോ വന്നതെന്നറിയില്ല...ഈ ഹോസ്റ്റലിൽ കാല് കുത്തിയ അന്ന് മുതൽ നിന്റെ സഹായത്തിലാ ഞാനിവിടെ കഴിഞ്ഞുപോകുന്നേ.. പക്ഷെ ഇന്ന് നീയെന്നേ തോല്പിച്ചു കളഞ്ഞല്ലോടി പെണ്ണെ..." "സഹായിച്ചതിന്റെ കണക്കവിടെ നിൽക്കട്ടെ.. നീയൊന്ന് കരയാതിരിക്ക്..ചെറുതാണെങ്കിലും നിന്റെയാ വീട്ടിൽ ചെന്നതിൽ പിന്നേ എന്റെ കുട്ടിക്കാലം തിരിച്ചുകിട്ടിയ പോലെയായിരുന്നു ഞാൻ..അമ്മയും അച്ഛനും നിന്റെയാ കുഞ്ഞനിയൻമാരും, ആ നാടും അവിടുത്തെ കാഴ്ചകളും..എന്ത് രസമായിരുന്നെടി ഇന്നലത്തെ ആ ദിവസം..

അങ്ങനൊരു ദിവസം എനിക്ക് നൽകിയതിന് ഞാനാ നിനക്ക് നന്ദി പറയണ്ടേ.." നിറഞ്ഞു വന്ന കണ്ണുതുടച്ചു ശേഷം അവള് തുടർന്നു.. "നാളെയാ ആ കാലമാടൻ ബിജുസാറിന്റെ പ്രൊജക്റ്റ്‌ വയ്ക്കാനുള്ള ലാസ്റ്റ് ഡേറ്റ്.. വാ എഴുതാനിരിക്കാം.. അല്ലെങ്കിലേ നാളെതൊട്ട് ക്ലാസ്സിന് പുറത്തിരുന്ന് പഠിക്കേണ്ടി വരും.." ചിരിച്ചുകൊണ്ടവൾ അങ്ങനെ പറയുമ്പോൾ എന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നിരുന്നു.. ചെറുപുഞ്ചിരിയോടെ അവളെന്നെ പിടിച്ചു ടേബിളിൽ കൊണ്ടിരുത്തി എഴുതാനുള്ള പ്രൊജക്റ്റും കൊണ്ട് വന്നു മുന്നിൽ വെച്ചു..കണ്ണു തുടച്ചു ഞാനും അവളും മത്സരിച്ചു എഴുതിയ ശേഷം ബുക്കെടുത്ത് വെച്ച് രണ്ടാളും ഒരു ബെഡിലേക്ക് വന്നിരുന്നു... കുറച്ച് നേരത്തെ സംസാരത്തിനൊടുവിൽ ഉറങ്ങുവാൻ കിടന്നു..ഇന്നലത്തെ നാട് ചുറ്റലും യാത്ര ക്ഷീണവും രണ്ടുപേരെയും ഒരുപോലെ തളർത്തിയിരുന്നു...

രാവിലെ നേരത്തെ എഴുന്നേറ്റ് കുളിയും കഴിഞ്ഞിരിക്കുമ്പോയാണ് ഇന്നലത്തേ സംസാരത്തിനിടയിൽ അടുത്തൊരു അമ്പലമുണ്ടെന്ന് വർഷ പറഞ്ഞത്..കോളേജിലേക്ക് പോവുന്ന വഴിയിലാണ്,ഇവിടേക്ക് വന്നത് മുതൽ നിന്ന് പോയതാണ് ഭഗവാനോടുള്ള പരാതി പറച്ചിൽ..അടുത്തൊരു അമ്പലമുള്ള സ്ഥിതിക്ക് പോയി നോക്കാം...സമയം ആറുമണിയാവുന്നതൊള്ളു കോളേജിലേക്ക് പോവാൻ ഇനിയും ഒരുപാട് സമയമുണ്ട്... പതുക്കെ ശബ്ദമുണ്ടാക്കാതെ വാതിലും തുറന്നു ഞാൻ പുറത്തേക്കിറങ്ങി.. സാരിയാണ് ഉടുത്തിട്ടുള്ളത്, മുറ്റത്തെ തുളസിയിൽ നിന്നും രണ്ടിലയെടുത്ത് മുടിക്ക് പിന്നിലായി തിരികി വെച്ച് ഞാൻ നടക്കാൻ തുടങ്ങി... ചുറ്റമ്പലമാണ്.. നല്ല പഴക്കമുണ്ടെന്ന് തോന്നുന്നു, ചെരുപ്പ് അയിച്ചുവെച്ച് ഞാൻ അകത്തേക്ക് കടന്നു..വലിയ തിരക്കില്ല, നേരെ മുന്നിലായി ഭഗവാനന്റെ പ്രതിഷ്ഠ കണ്ടതും കണ്ണടച്ച് മനസ്സിലുള്ള പരിഭവത്തിന്റെ കെട്ട് ഓരോന്നായി അഴിക്കാൻ തുടങ്ങിയിരുന്നു.

.ആ നിൽപ് കുറച്ച് നേരം നീണ്ടു.,മനസ്സ് നിറഞ്ഞതോടെ ഞാൻ കണ്ണ് തുറന്നപ്പോൾ കണ്ടത് മറ്റൊരു പ്രതിഷ്ഠയെ... മുന്നിലൊരുത്തൻ വിലങ്ങായി വന്നുനിൽക്കുന്നു.. ദൈവമേ ഇത്രേം നേരം പറഞ്ഞതൊക്കെ ഇവനോടായിരുന്നോ, ഭഗവാനോടല്ലേ..ഇനി പറഞ്ഞതൊക്കെ ഇവൻ കേട്ടുകാണുമോ..എങ്കിൽ പെട്ട് തിരിഞ്ഞു അമ്പലത്തിന് പുറത്തേക്കിറങ്ങി ചെരുപ്പ് ശെരിയാക്കി നിവരുമ്പോൾ അവനും തിരിഞ്ഞു ഞാൻ നിൽക്കുന്ന ഭാഗത്തേക്ക് നടന്നടുക്കുവാൻ തുടങ്ങിയിരുന്നു.. ആ മുഖം കണ്ടെന്റെ കണ്ണൊന്നു വിടർന്നിരുന്നു.. തിങ്ങി നിറഞ്ഞ താടി രോമങ്ങൾ.,നെറ്റിയിലെ തിലകക്കുറി, പാതി വിടർന്ന കണ്ണുകൾ, നല്ല ബലമുള്ള അഴകുള്ള ശരീരം.. നോട്ടം തുടരാൻ മനസ്സ് അനുവദിച്ചില്ല..തെല്ലൊരു നാണത്തോടെ ഞാൻ മുഖം തിരിച്ചു റൂം ലക്ഷ്യമാക്കി നടന്നു... മനസ്സിൽ ഒരുപാട് ചോദ്യങ്ങളുയരാൻ തുടങ്ങി..എന്തിനാണ് അയാളെ കണ്ടപ്പോൾ ഞാനങ്ങനെ നോക്കി നിന്നുപോയത്,ആ മുഖത്തിന്റെ പ്രസരിപ്പിൽ ചുറ്റുപാടുള്ളതെല്ലാം മങ്ങിയത് പോലെ..

ഓരോന്ന് ആലോജിച്ചു നടക്കുന്നതിനിടയിലാണ് പണ്ട് ബാല്യകാലത്തെ കളങ്കമില്ലാത്ത പ്രണയത്തിന് ടീച്ചറുടെ വായിൽന്ന് കേട്ട ചീത്ത ഓർമ വന്നത്.. 'നിന്നേപോലൊരു പാവപെട്ട വീട്ടിലെ പെണ്ണാണോ ആ കാശ് കാരന്റെ മോനെ പ്രേമിക്കുന്നത്...' കേട്ട അന്ന്മുതൽ ഹൃദയത്തിൽ പതിഞ്ഞുപോയൊരു കറുത്ത കുത്താണത്.. ശെരിയാണ് ഞാനെന്ന പെണ്ണിന് അനുരാഗം തോന്നാൻ പാടില്ല.,ഈ കാലത്ത് ബന്ധങ്ങൾ അളന്നുതിട്ടപ്പെടുത്തുന്നത് പണമാണ്.. എനിക്കില്ലാത്തതും അതാണ്‌..പാടില്ല, ഇനി ആവർത്തിക്കാൻ പാടില്ല.. കുറച്ച് നേരത്തേക്കെങ്കിലും മനസ്സിന്റെ കടിഞ്ഞാൺ വിട്ടുപോയ ആ സമയത്തെ ഞാൻ ശപിച്ചുകൊണ്ടിരുന്നു... ഹോസ്റ്റലിലെത്തി രാവിലെത്തേയുള്ള നാസ്തയും കഴിച്ചു റൂമിലേക്ക് ചെല്ലുമ്പോൾ വർഷയുടെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞിരുന്നു.

വേഗത്തിൽ റെഡിയായി കോളേജിലേക്ക് പുറപ്പെട്ടു.. ക്ലാസ്സിലെത്തി നേരെ മുന്നിലെ ഡെസ്കിൽ പ്രൊജക്റ്റ്‌ കൊണ്ട് വെച്ചു... ഇന്റർവെൽ ആയതോടെ പുറത്തേക്കിറങ്ങി കാഴ്ചകളും കണ്ടിരിക്കുമ്പോയാണ് വർഷയുടെ ചോദ്യം.. "സുമേ..ഇവിടെ വന്നിട്ട് ആരേലും നിന്നേ പുറകെ നടന്നു ശല്യം ചെയ്തിരുന്നോ...അല്ല പണ്ട് സ്കൂളിൽ പഠിച്ചിരുന്നപ്പോ ഒരുപാടെണ്ണം പിന്നാലെയുണ്ടായിരുന്നെന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാണ് ട്ടോ.." "ഹേയ്.. അന്ന് സ്കൂളിൽ പഠിക്കുമ്പയല്ലേടി., അതും ആ നാട്ടിൻപുറത്ത്.. ഇവിടന്ന് ആര് പിന്നാലെ നടക്കാൻ..അത്രക്ക് ദാരിദ്ര്യം പിടിച്ചവരൊക്കെ ഈ കോളേജിലുണ്ടോ.." "ഹും ഉണ്ട്..ഒന്നല്ല രണ്ടുപേർ.. നീയൊന്ന് തിരിഞ്ഞുനോക്കിക്കേ..." അവളുടെ സംസാരം കേട്ടുഞാൻ തിരിഞ്ഞുനോക്കി...കണ്ട കാഴ്ച ചിരിക്കാനുള്ള ഒന്നായിരുന്നു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story