താലി: ഭാഗം 9

thali alrashid

രചന: അൽറാഷിദ് സാൻ

അവളുടെ സംസാരം കേട്ട ഞാൻ തിരിഞ്ഞു നോക്കി..കണ്ട കാഴ്ച ചിരിക്കാനുള്ള ഒന്നായിരുന്നു.. ഒരുത്തൻ തൂണിലും ചാരി മുഖത്തേക്കും നോക്കി ഒരേ നിൽപ്പാണ്..അവന്റെ കൂടെ തന്നെ വേറൊരുത്തൻ വായിൽ ലോല്ലിപോപ്പ് വെച്ചിട്ടുണ്ട്..അതിൽ നിന്നുള്ള കളർ മുഖത്താകെ പരന്ന് തുടങ്ങിയിട്ടുമുണ്ട്, കൊച്ചു കുട്ടികളെ പോലെ.. കണ്ടിട്ട് തന്നെ എന്തോ പോലെ.. "ഇതാണ് ശരിക്കും ഒലിപ്പീര്..ഹോ അവന്റെ മുഖത്തേക്കൊന്ന് നോക്ക് സുമേ.." അത് കേട്ടതോടെ ഒന്ന് ചിരിച്ചുകൊണ്ട് ഞാനും അവളും ഓടി ക്ലാസ്സിൽ കയറി. "സുമേ..പണ്ടത്തെ ഒരു പ്രേമത്തിന്റെ കാര്യോം പറഞ്ഞ്, ആ ഓർമകളും അയവിറക്കിയിരിക്കുന്നത് പയഞ്ചൻ ഏർപ്പാടാണ് ട്ടോ.. ഈ കോളേജ് ലൈഫോക്കേ ഒരിക്കലേ കിട്ടൊള്ളൂ.. അത് നമ്മൾ മാക്സിമം എൻജോയ് ചെയ്യണം..വേണേൽ നല്ല ചുള്ളൻ ചെക്കൻമാരെയും പ്രേമിച്ച് ഹാപ്പിയായി നടക്കാൻ നോക്കടി.. അത് സുഖമുള്ളൂരു ലോകമാണ്.."

"അറിയാം മോളേ..അത് വേറൊരു ലോകമാണ്..ഈ പ്രേമിക്കുന്നവർകൊക്കേ ഒരു വിചാരണ്ട്.,സ്നേഹിക്കാൻ ഒരു ചെക്കനും കറങ്ങാൻ ഒരു ബൈക്കും.,പിന്നേ നാല് നേരോം അവനോടുള്ള പഞ്ചാരയടിയും ഉണ്ടേൽ അവളാണ് ലോകത്തെ ഏറ്റവും വലിയ സന്തോഷമുള്ളവളെന്ന്.. അതൊന്നും അല്ലെടി..സ്നേഹിക്കാനറിയുന്ന അച്ഛനും അമ്മേം,അല്ലലില്ലാത്തൊരു ജീവിതോം,കൂട്ടിന് സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന കൂടെപ്പിറപ്പുകളും ഉണ്ടേൽ അതാണ് സന്തോഷം..ഈ പ്രേമം തരുന്ന സന്തോഷമൊക്കെ അവനോ, അല്ലെങ്കി അവളോ ഒന്ന് തേച്ച് പോണവരെ കാണുള്ളൂ മോളേ.. പക്ഷെ കുടുംബം കൊണ്ട് കിട്ടുന്ന സന്തോഷമൊക്കെ മരിക്കുവോളം കൂടെണ്ടാകും.. അതിന് മറ്റൊരാളെ ആശ്രയിച്ച് കാത്തിരിക്കേണ്ട..അതാണ്‌ യഥാർത്ഥ സ്നേഹവും..പിന്നേ ഈ പ്രേമമെങ്ങാനും പൊട്ടിയാ, പിന്നെ കരച്ചിലായി, പിഴിച്ചിലായി..

വിരഹം വന്നാ എന്റമ്മോ പിന്നേ ഈ ലോകത്തോട് തന്നെ വെറുപ്പായിരിക്കുമെന്ന് കേട്ടിട്ടുണ്ട്..പിന്നേ അവന്റേം ഓർമകളേം കൂട്ട്പിടിച്ച് ജീവിതത്തിലേക്ക് കയറി വരുന്ന വേറെരുത്തനെ കഷ്ടപെട്ട് സ്നേഹിക്കണം..മരിക്കുവോളം ഒരു സ്വസ്ത്ഥതയില്ലാത്ത ജീവിതം.. എന്തിനാടി കുറച്ച് നേരത്തേ സന്തോഷത്തിന് വേണ്ടി ഒരായുസ്സ് കളഞ്ഞു കുളിക്ക്ണേ..അതോണ്ട് ഞാനില്ല പ്രേമിക്കാൻ.. ഞാനുള്ള ലോകം കൊണ്ട് അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചോളാം ട്ടോ.." ക്ലാസെടുത്തത് കുറച്ച് കൂടിപ്പോയെന്ന് അവള്ടെ മുഖം കണ്ടാലറിയാം..എന്നാലും കേട്ടറിവ് വെച്ച് സ്നേഹം ചിരിപ്പിച്ചതിനേക്കാൾ കൂടുതലായി കരയിപ്പിച്ചിട്ടേയൊള്ളൂ.. അല്ലെങ്കിലേ സങ്കടമെന്റെ കൂടെപ്പിറപ്പാണ്..ഇനി അതിന്റെ കൂടെയൊരു പ്രണയവും..അതും കൂടിയേ ഇനി ആവാനൊള്ളൂ.. "ഹം നിന്നോട് പ്രേമത്തിന്റെ കാര്യം പറഞ്ഞ എന്നെ തല്ലാൻ ആളില്ലാഞ്ഞിട്ടാ...

പക്ഷെ മോളേ അന്ന് നീയാ ഡ്രെസ്സിലും, ലുക്കിലും ഒന്ന് മാറ്റം വരുത്തിയതോടെ ചെക്കൻമാർക്കിടയിൽ നീയാണ് സംസാരവിഷയമെന്നാ കോളേജിലെ ഒരു കരക്കമ്പി..നീയൊന്ന് സൂക്ഷിക്കുന്നത് നല്ലതാ.. " "എല്ലാം നിന്റെ പണിയാ.. ഇനി അതും പറഞ്ഞു ഞാൻ പഴയ പോലെ ആവാനൊന്നും പോണില്ല..ഇതാ ഭംഗി ലേ ടി.." "ഹ ഹ..ഭംഗി ഇതൊക്കെ തന്നെയാടി.. ഇനി ഓവർ ആകണ്ട.. നീയാ ടൈപ്പ് അല്ലാന്നും എനിക്കറിയാ.. ചെക്കൻമാർക്കും ഇതെന്നെയാ ഇഷ്ടം.." മറുപടിയായി ഞാനൊന്ന് പുഞ്ചിരിച്ചു..അവള് പറഞ്ഞത് ശെരിയാണ്..കോളേജിലേക്ക് വരുമ്പോയും പോവുമ്പോയുമെല്ലാം കാണുന്ന ചെക്കൻമാരെല്ലാം എന്നെ തുറിച്ചു നോക്കുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട്..ഇടയ്കൊക്കെ ഒരു പെണ്ണെന്ന നിലയിൽ ഞാനത് ആസ്വദിക്കാറുണ്ടെങ്കിലും,ഉള്ളിൽ ഭയമാണ്..വഴി തെറ്റി പോവാതെ കാക്കണേ ഈശ്വരാ.. അങ്ങനെ പഠിത്തവും, ക്ലാസും,

സൗഹൃദവും ഹോസ്റ്റലുമായി ദിവസങ്ങൾ നീങ്ങിക്കൊണ്ടിരുന്നു..ഇടയ്കൊക്കെ ഓരോരുത്തർ വന്നു ഇഷ്ടമാണെന്ന് പറഞ്ഞു പിന്നാലെ നടക്കുമെങ്കിലും, ഞാൻ തീർത്തും അവഗണിക്കുന്നതോടെ അവര് എന്നേം വിട്ടു അവരുടെ പാടും നോക്കി പോവും... അതങ്ങനെ നടന്നുപോയ്‌ക്കൊണ്ടിരുന്നു... അങ്ങനെയിരിക്കേ കോളേജ്ഡേയുടെ ഡേറ്റ് വന്നതോടെ ക്ലാസ്സിലെല്ലാവർക്കും ഒരേ നിർബന്ധമായിരുന്നു, ക്ലാസ് ബേസ് തിരിച്ചിട്ടുള്ള ഒപ്പന മത്സരത്തിന് ഞാൻ തന്നെ മണവാട്ടിയാവണമെന്നത്.. സന്തോഷത്തോടെ ഞാനത് സ്വീകരിച്ചു.. അന്ന് കോളേജ് ഡേയുടെ ഒപ്പന മത്സരം നടന്നുകൊണ്ടിരിക്കുന്ന സമയം.,ഒപ്പമുള്ളവരൊക്കെ മേക്കപ്പ് കഴിഞ്ഞ ശേഷം സ്റ്റേജിന്റെ അടുത്തേക്ക് നടന്നു നീങ്ങിയിരുന്നു.,മണവാട്ടിയുടെ വസ്ത്രം എന്നെവല്ലാതെ വീർപ്പുമുട്ടിച്ച് കൊണ്ടിരുന്നു..അതിനിടയിൽ പേസ്റ്റ് മൈലാഞ്ചി കയ്യിലിട്ടിട്ടുള്ള ചൊറിച്ചിൽ വേറെയും..റൂമിലേ ഫാൻ, ഫാൻ കണ്ടുപിടിച്ച കാലത്തുള്ളതാണെന്ന് തോന്നുന്നു.. വലിയ ശബ്ദം എന്നല്ലാതെ കാറ്റ് പുറത്തേക്ക് കാണുന്നില്ല..

ചെസ്റ്റ് നമ്പർ നാല് ആണ് എന്റെ ടീമിന്റെത് ഇപ്പൊ നടന്നുകൊണ്ടിരിക്കുന്നത് രണ്ടാം നമ്പർ ടീമിന്റെയും.. വർഷക്കാണെങ്കിൽ മറ്റുള്ള ഐറ്റങ്ങളിൽ പങ്കെടുക്കാനുള്ളത് കൊണ്ട് അവളുമില്ല കൂട്ടിന്.. എല്ലാം കൊണ്ടും ഒറ്റപെട്ട പോലെ.. ഞാൻ പതിയെ തലയിലുള്ള തട്ടം അഴിച്ചുമാറ്റി പുറത്തേ വരാന്തയിൽ ചെന്നുനിന്നു...നല്ല കാറ്റുണ്ട്,കുറച്ച് നേരം ആ നിൽപ് നിന്നു..മൂന്നാമത്തെ ടീമിന്റെ പേര് മൈക്കിലൂടെ വിളിച്ചു പറയുന്നത് ഞാൻ ശ്രദ്ധിച്ചു..ഇനി അടുത്തത് ഞാനടങ്ങുന്ന ടീം.. അത്രയും കുട്ടികൾടെ ഇടയിൽ ഞാൻ മണവാട്ടിയായി.. ജീവിതത്തിലിന്ന് വരെ സ്റ്റേജിലും കയറിയിട്ടില്ല..ഈശ്വരാ കാത്തോളണേ... ടെൻഷൻ കൂടി കൂടി ഞാനിപ്പോ അറ്റാക്ക് വന്നു മരിച്ചുപോവുമെന്ന സ്ഥിതിയായി..ഇടയിൽ മൂത്രശങ്കയും.. നേരെ സ്റ്റെപ്പിറങ്ങി താഴെക്ക് പരുപാടിയായതിനാൽ എല്ലാവരും അവരുടെതായ കാര്യങ്ങളിൽ തിരക്കിലാണ്..

ഓടിചെന്ന് ടോയ്ലറ്റിൽ കയറി കാര്യം സാധിച്ച ശേഷം ഞാൻ വാതിലും തുറന്ന് പുറത്തിറങ്ങി.. വാതിലിന്റെ കുറ്റിയും ശെരിയാക്കി തിരിഞ്ഞതും നേരെ മുന്നിൽ അനിലും അവന്റെ കുറച്ച് ശിങ്കിടികളും..കൈ കാലുകൾ വിറയ്ക്കാൻ തുടങ്ങിയിരുന്നു..ആ ടീമിലുള്ളവരെല്ലാം കള്ളും കഞ്ചാവും ആണെന്ന് വർഷ പറഞ്ഞതോർമയിലുണ്ട്..അതായിരുന്നില്ല,ഒരിക്കൽ ഇഷ്ടമാണെന്നു പറഞ്ഞു പിന്നാലെ നടന്നിട്ട് എന്റെ കൈക്ക് കയറി പിടിച്ചപ്പോ അത്രേം കുട്ടികളുടെ മുന്നിൽ വെച്ച് എനിക്കവന്റെ മുഖത്തു കൈവെക്കേണ്ടി വന്നിട്ടുണ്ട്..അന്ന് അവിടെ വെച്ചന്നോട് പറഞ്ഞതാണ്,ഇതിന് നീ ദുഃഖിക്കേണ്ടി വരുമെന്ന്... മുഖത്ത് കുറച്ച് ധൈര്യം വരുത്തി ഞാൻ നടക്കാൻ തുടങ്ങി..അതിനിടയിൽ അവന്റെ കൂടെയുള്ളവർ എനിക്ക് ചുറ്റും ഒരു വലയം തീർത്തിരുന്നു... ഞാൻ തിരിഞ്ഞു നിന്ന് അവന്റെ മുഖത്തേക്ക് ദയനീയമായൊന്നു നോക്കി, ചോരയൊലിക്കും പോലുള്ള കണ്ണുകൾ,പാറി പറക്കുന്ന മുടിയിഴകൾ, ദയയുടെ തെല്ലൊരു കണിക അവന്റെ മുഖത്തു കാണാനില്ല,.മദ്യത്തിന്റെ രൂക്ഷഗന്ധം അവിടെമാകെ പരന്നുതുടങ്ങിയിരുന്നു.. അതെല്ലാം എന്റെ ഭയം വർധിപ്പിച്ചുകൊണ്ടിരുന്നു..

വല്ലാത്തൊരു ചിരിയോടെ അവന്റെ നേർക്ക് നടന്നടുക്കുവാൻ തുടങ്ങി.പിന്നിലേക്ക് ഞാനും.. അവസാനം ചെന്ന് നിന്നത് വരാന്തയുടെ കൈവരിയിൽ..ഇനി നീങ്ങിയാൽ താഴെക്ക് പതിക്കും.. രക്ഷപ്പെടാൻ മാർഗമില്ല.. എന്ത് വന്നാലും നേരിടുക തന്നെ.. ഞാൻ കൈവരിയിൽ ചേർന്നുനിന്നു.. ഒന്ന് അടുത്തേക്ക് വന്ന ശേഷം അവന്റെ മുഖം അവനെന്റെ കഴുത്തിലേക്കടുപ്പിക്കാൻ തുടങ്ങി.. കുതറി മാറാൻ ശ്രമിക്കുമ്പോയെക്കും എന്റെ രണ്ട് കൈകളും അവന്റെ കൂടെയുള്ളവർ ഒരു സൈഡിലേക്ക് പിടിച്ച് വെച്ചിരുന്നു... "ഹാ..നീയീ ചൂടന്ന തുളസിക്കതിരിന്റെയും, പിന്നേ നിന്റെയീ വിയർപ്പിന്റെയും ഈ ഗന്ധമുണ്ടല്ലോ പെണ്ണേ.. അതെന്നെ പ്രാന്തനാക്കുന്നുണ്ട്.." അതും പറഞ്ഞവൻ വീണ്ടും എന്റെ കഴുത്തിലേക്ക് മുഖം അടുപ്പിച്ച് ശ്വസിക്കാൻ തുടങ്ങി... "കയ്യെടുക്കടാ.." തെല്ലൊരു ശബ്ദത്തോടെ അവനങ്ങനെ പറഞ്ഞതും, അവന്റെ കൂടെയുള്ളവർ എന്റെ കൈകൾ വിട്ട് മാറി നിന്നു..

"നീ ഇന്ന്... ഇന്നൊരു ദിവസം മാത്രം എന്റെ കൂടെ കിടക്കണം..നിന്നേ കണ്ട അന്ന് മുതൽ മനസ്സിൽ കയറിയതാണാ ആഗ്രഹം.." പോക്കറ്റിൽ നിന്നും കുറച്ച് ആയിരം രൂപ നോട്ടുകളെടുത്ത് എന്റെ വായിൽ തിരുകി വെച്ച ശേഷം അവൻ തുടർന്നു... "വെറുതെ വേണമെന്നില്ല.. എല്ലാം കഴിഞ്ഞു നീ പോകുമ്പോ ഇത്പോലുള്ള കെട്ടുകൾ ഒരുപാട് കൊണ്ടും പോകാം...അപ്പൊ എങ്ങനെയാ കാര്യങ്ങൾ നീയങ്ങു സമ്മതിക്കല്ലേ.." സംസാരം തീർന്നതും അവനെന്റെ കയ്യിൽ പിടുത്തമിട്ടിരുന്നു..ഒരുപെണ്ണും കേൾക്കാൻ കൊതിക്കാത്ത വാക്കുകളും അവന്റെ കയ്യിലെ പിടുത്തവും ദേഷ്യം കൊണ്ടെന്റെ സമനില തെറ്റിച്ചിരുന്നു.. ഒരു നിമിഷം.,എന്റെ കൈ അവന്റെ മുഖത്ത് വീണ്ടും ആഞ്ഞുപതിച്ചു... അടികൊണ്ട് താഴ്ന്ന അവന്റെ മുഖം നിവരുന്നതിന് മുൻപേ.. അവന്റെ കൂടെയുള്ള ഒരുവന്റെ കാൽ എന്റെ അടിവയറ്റിൽ പതിച്ചിരുന്നു.. വായുവിൽ ഒന്നുയർന്ന ശേഷം നേരെ താഴെക്ക്..

'അമ്മേ'യെന്നുള്ള എന്റെ നിലവിളി അന്തരീക്ഷത്തിൽ അലയടിച്ചുകൊണ്ടിരുന്നു.. തലപിളർന്നത് പോലുള്ളൂരു വേദന...ശരീരത്തിൽ നിന്നും രക്തം കിനിഞ്ഞിറങ്ങുന്നത് ഞാനറിഞ്ഞിരുന്നു...കണ്ണ് പൂർണ്ണമായും അടയുന്നതിന് മുൻപേ ഒരുരൂപം എന്നിലേക്കടുത്തത് പോലെ... കണ്ണുകൾ പൂർണ്ണമായും അടഞ്ഞു...ഇടയ്ക്കെപ്പയോ ശരീരത്തിലെന്തോ തുളഞ്ഞുകയറുന്ന വേദനയറിഞ്ഞതോടെ ഞാൻ പതിയെ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു...ഞാൻ കിടയ്ക്കുന്നത് വലിയൊരു കൂട്ടം ഡോക്ടർമാർക്കിടയിലാണെന്ന് പാതി കാഴ്ചയിലും എനിക്ക് മനസ്സിലാക്കാമായിരുന്നു... കണ്ണ് വീണ്ടും അടയുകയാണ്.. "സുമേ.. സുമേ.. കണ്ണ് തുറക്കടി.. സുമേ.." വർഷയുടെ വിളിയാണ് എന്റെ കണ്ണുതുറപ്പിച്ചത്..പതിയെ ഞാൻ കണ്ണ് തുറന്ന് ചുറ്റും ഒന്ന് പരതി നോക്കി.. വർഷയും, ഡോക്ടറും കൂടെ കോളേജിലേ ടീച്ചർസുമുണ്ട്.. ബെഡിൽ നിന്നും എഴുന്നേറ്റിരിക്കണമെന്നുണ്ട്.,ശരീരമാകെ വേദന കാരണം കഴിയുന്നില്ല..ഒരു കണക്കിന് നിരങ്ങി നീങ്ങി ബെഡിൽ ചാരിയിരുന്നു..

കയ്യിൽ ഗ്ളൂക്കോസ് ഇട്ടത് കാരണം നല്ല വേദനയും.. "കുട്ടിക്കിപ്പോൾ എവിടെയെങ്കിലും വേദന തോന്നുന്നുണ്ടോ...സ്‌പെഷ്യലി തലയുടെ ഭാഗത്തെവിടെയെങ്കിലും.." "ഇല്ല.." "എങ്കിൽ വിശ്രമിച്ചോളു.. നല്ല റസ്റ്റ്‌ വേണം.. ശരീരം കൂടുതൽ അനക്കരുത്, ശബ്ദവും അതികം വേണ്ട..സ്റ്റിച് ഇളകിയാൽ ബ്ലീഡിങ്ങുണ്ടാവും.." അത്രയും പറഞ്ഞു കൊണ്ട് കൂടെയുള്ള സിസ്റ്ററെയും കൊണ്ടു ഡോക്ടർ പുറത്തേക്ക് നടന്നു.. "തല്ക്കാലം വർഷയിവിടെ നിന്നേക്കൂ. എന്താവിശ്യമുണ്ടെങ്കിലും,വിളിക്കാൻ മറക്കരുത്.. നാളെ ഡിസ്ചാർജ് ആവാമെന്നാണ് ഡോക്ടർ പറഞ്ഞത്.. സുമിത കിടന്നോളു..." കവിളിലൊന്നു തലോടിയ ശേഷം പ്രിൻസിപ്പളും ടീച്ചർസും യാത്ര പറഞ്ഞിറങ്ങി... "സുമേ എന്താടി ഇതൊക്കെ.. ഒറ്റയ്ക്ക് നടക്കാനും പഠിച്ചിട്ടില്ലേ ഇതുവരെ..ഭാഗ്യം കൊണ്ട രക്ഷപെട്ടേന്ന ആ ഡോക്ടർ പറഞ്ഞേ.. നീയിത് വല്ലതും കേൾക്കുന്നുണ്ടോ.." ഏതോ ലോകത്തിൽ ചിന്തയിലായിരുന്ന എന്നെ വർഷ പിടിച്ചോന്ന് കുലുക്കിയപ്പോയാണെനിക്ക് ബോധം വന്നത്...

അനിലിന്റെയും കൂട്ടുകാരുടെ അടികൊണ്ടാണ് ഞാൻ താഴെക്ക് വീണതെന്ന കാര്യം ആരും അറിഞ്ഞില്ലന്ന് തോന്നുന്നു..എല്ലാവരും ഞാൻ കാൽതെറ്റി വീണന്നാണ് വിചാരിച്ചിരിക്കുന്നത്...അതൊരു കണക്കിന് നന്നായെന്ന് തോന്നി.. ഇനി അതിന്റെ പേരിലൊരു ബഹളം വേണ്ടല്ലോ... "അതപ്പോ പെട്ടന്ന് വെപ്രാളത്തിൽ.. ഞാൻ ശ്രദ്ധിച്ചില്ല വർഷേ.,അത് പോട്ടേ ഒപ്പനയുടെ റിസൾട്ട്‌ എന്തായടി..." "ഒപ്പന.. എന്നെകൊണ്ടൊന്നും പറയിപ്പിക്കരുത്.. എടി നീ വീണിട്ടിവിടെ കിടക്കാൻ തുടങ്ങീട്ട് ദിവസം രണ്ടായി..മൂന്ന് കുപ്പി ബ്ലഡാ നിന്റെ ശരീരത്തിൽ കുത്തിവെച്ചേ...എല്ലാം കൂടെ ഒൻപത് സ്റ്റിച്ചാ നിന്റെ തലയിൽ.. " ദേഷ്യം വന്നിട്ടുള്ള സംസാരം കേട്ടതോടെയാണ് എന്റെ വീഴ്ച എത്രത്തോളം വലുതായിരുന്നെന്ന് മനസ്സിലായത്... "ഒരു ദിവസം ബോധമില്ലാതെ കിടക്കായിരുന്നു നീ..ബാക്കിയുള്ളോരിവിടെ തീ തിന്ന് നടക്കാ.. അപ്പയാ അവൾടൊരു ഒപ്പന..." അവള് നല്ല ദേഷ്യത്തിലാന്നെന്നു മനസ്സിലായതോടെ ഞാൻ പിന്നീടൊന്നും മിണ്ടിയില്ല...

ഇനി മിണ്ടിയാ വയ്യാതെ കിടക്കാണെന്നു നോക്കില്ല അവള്...ഒന്ന് തരാനും മടിക്കില്ല.. കണ്ണടച്ചു കുറച്ച് നേരം കിടന്നതോടെ ഒന്ന് മയങ്ങിപ്പോയി.. തലയിലാകെ കെട്ടുള്ളത് കാരണം ശരിക്ക് നീണ്ടുനിവർന്നൊന്ന് കിടക്കാനും കഴിയുന്നില്ല..കയ്യിൽ ഗ്ളൂക്കോസുള്ളത് കാരണം ഭക്ഷണമെല്ലാം വർഷയാണെനിക്ക് വാരി തന്നത്.. അവള്ടെ ചൂടൊക്കെ ഒന്ന് അടങ്ങിയ പോലുണ്ട്.. "സുമേ നീ കാല് തെറ്റി വീണത് തന്നെയല്ലേ.. അല്ലാതെ മറ്റൊന്നും കൊണ്ടല്ലല്ലോ.." അവളുടെ ചോദ്യം കേട്ടതോടെ ഞാൻ സംശയരൂപത്തിൽ അവളെയൊന്നു നോക്കി.. "അല്ലെടി, ഡോക്ടർ പറഞ്ഞത് സാദാരണ വീഴുന്നതിനേക്കാൾ ശക്തിയായിട്ടാണ് നിന്റെ വീഴ്ചയെന്നാ.. അത് കൊണ്ട് ചോദിച്ചതാ.." "അത്പിന്നെ ഒപ്പനക്കുള്ള എന്റെ നമ്പർ പെട്ടന്ന് മൈക്കിലൂടെ കേട്ടപ്പോ വേഗം ഓടിയെത്താൻ നോക്കിയതാ.. പെട്ടന്ന് വാതിലും തുറന്ന് ഇറങ്ങിയപ്പോ കാൽ വഴുതി.." "മം..രക്ഷപെട്ടതാ മോളെ.. നീയാ ചോരയിലും കുളിച്ചു കിടക്കണത് കണ്ടപ്പോ, എന്റെ ബോധോം പോയതാ..

പിന്നെ ആരെക്കയോ അവിടെന്ന് ക്ലാസിൽ കൊണ്ടോയി വെള്ളം തെളിയിച്ചപ്പോ ബോധം വന്നു..." അവളുടെ സംസാരം കേട്ടു ഞാനറിയാതെ ഉച്ചത്തിൽ ചിരിച്ചുപോയി..പെട്ടന്ന് തലയിൽ വേദന വന്നതോടെ നിർതേം ചെയ്തു..ആ ഒരു ദിവസം എങ്ങനെയൊക്കെയോ ഹോസ്പിറ്റലിൽ തള്ളി നീക്കി.. പിറ്റേ ദിവസം രാവിലെ തന്നെ ഡിസ്ചാർജ് ചെയ്ത ശേഷം പ്രിൻസിപ്പലിന്റെ കാറിൽ ഞങ്ങളെ ഹോസ്റ്റലിലേക്ക് ആക്കിതന്നു... എന്റെ നിർബന്ധത്തിന് വഴങ്ങിക്കൊണ്ടാണ് മനസ്സില്ല മനസ്സോടെ വർഷ ക്ലാസ്സിൽ പോകാമെന്നു സമ്മതിച്ചത്..ഞാനോ ഇങ്ങനായത് കാരണം ഉള്ള ക്ലാസും പോയി റൂമിലിരിപ്പാണ്, എനിക്ക് കൂട്ടിരിക്കാമെന്ന് പറഞ്ഞു അവളും ലീവെടുക്കാണ് പോലും.. അവസാനം ഉന്തി തള്ളി പറഞ്ഞയച്ചു.. പിന്നീടുള്ള ദിവസങ്ങളൊക്കെയും വിരസത നിറഞ്ഞതായിരുന്നു.. രാവിലെ അവള് ക്ലാസ്സിൽ പോണതോടെ ഞാൻ റൂമിൽ തനിച്ചാവും.,എങ്കിലും ബുക്കടുത്ത് വായിക്കും വൈകുന്നേരം അവള് തിരിച്ചു വന്നാൽ അന്ന് ക്ലാസ്സിൽ പഠിപ്പിച്ചതൊക്കെ എനിക്ക് പറഞ്ഞു തന്നും,

എഴുതി തന്നും അവളെന്നെ സഹായിച്ചുകൊണ്ടിരുന്നു.. അങ്ങനെ ഒരാഴ്ചക്ക് ശേഷം വീണ്ടും കോളേജിലേക്ക്.നേരത്തെ വർഷയെയും പിടിച്ചു എഴുന്നേൽപ്പിച്ച് റെഡിയായി ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു... കുറച്ച് ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ്.. മറ്റുകൂട്ടുകാരോടെല്ലാം വിശേഷങ്ങൾ പങ്കുവെച്ച ശേഷം ബെഞ്ചിൽ പോയിരുന്നു..ഇടയിൽ ടീച്ചറും വന്നു ക്ലാസും തുടങ്ങി.. "ഈ ക്ലാസ്സിൽ പഠിക്കുന്ന സുമിതയോടും, വർഷയോടും പ്രിൻസിപ്പളുടെ റൂമിലേക്ക് ചെല്ലാൻ പറഞ്ഞു.." പ്യൂൺ രവിചേട്ടനാണ്.. ഈശ്വരാ എന്തിനാ പ്രിൻസി വിളിപ്പിക്കുന്നെ... ഞാൻ വർഷയുടെ മുഖത്തേക്കൊന്നു നോക്കി.. അവളും സംഭവമെന്തന്നറിയാതെ മിഴിച്ച് നിൽപ്പാണ്... ക്ലാസിൽന്നിറങ്ങി വല്ലാത്തൊരു ഹൃദയമിടിപ്പോടെ ഞാനും അവളും പ്രിൻസിപ്പളിന്റെ റൂം ലക്ഷ്യമാക്കി നടന്നു...ഉള്ളിലൊരുപാട് ചോദ്യങ്ങളുയരാൻ തുടങ്ങിയിരുന്നു.. വർഷയുടെ കൈപിടിച്ച് വാതിലും തുറന്നു അകത്തേക്ക് കയറി..

ഫോണിൽ ആരോടോ ദേഷ്യത്തിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന പ്രിൻസിപ്പൽ ഞങ്ങളെ കണ്ടതോടെ കസേരയിലേക്ക് ചൂണ്ടി ഇരിക്കാൻ ആഗ്യം കാണിച്ചു... കസേരയിൽ ഇരുന്ന ശേഷം എനിക്ക് നേരെ, മുന്നിൽ കൈകെട്ടിയിരിക്കുന്നയാളേ കണ്ട് ഞാനൊന്ന് ഞെട്ടിയിരുന്നു.. 'അനിൽ...' "സുമിതാ..നീയന്ന് കാൽതെറ്റിയാണോ, അതോ അനിലിന്റെ അടികൊണ്ടാണോ താഴെക്കു വീണത്.." പ്രിൻസിപ്പളാണ്..ഞാനൊന്നും മിണ്ടിതെ താഴെക്കും നോക്കി നിൽപ്പായി... "സുമിത നിന്നോടാണ് ചോദിക്കുന്നത്.." അടുത്ത തവണ പ്രിൻസിയുടെ ചോദ്യം പൊട്ടിത്തെറിച്ചു കൊണ്ടായിരുന്നു..ശബ്ദം കേട്ട് ഞാൻ മുഖമുയർത്തി അനിലിനെയൊന്ന് നോക്കി.. "പറയു..ഇവന്റെ അടികൊണ്ടാണോ നീയന്ന് വീണത്.." "അതെ.." മറുപടി പറഞ്ഞ ശേഷം ഞാൻ മുഖമുയർത്തി നോക്കി..എന്റെ മറുപടിയിൽ പ്രിൻസിപ്പളും വർഷയും ഒരുപോലെ ഞെട്ടിയിരുന്നു...

കസേരയിൽ നിന്നും എഴുന്നേറ്റ ശേഷം പ്രിൻസി ഞങ്ങൾക്കടുത്ത് വന്നുനിന്നു.. "എന്ത്കൊണ്ടാണ് അതാരെയും അറിയിക്കാതിരുന്നത്.." "അതിന്റെ പേരിലിനി ബഹളമൊന്നും വേണ്ടെന്ന് കരുതിയിട്ടാണ് സർ..അയാൾക്കൊരു അബദ്ധം പറ്റിയതാവും, എനിക്കാരോടും പരാതിയില്ല.." "സ്റ്റോപ്പിറ്റ്..നീയത് ഞങ്ങളെ അറിയിച്ചിരുന്നങ്കിൽ, എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയാമായിരുന്നു.എങ്കിൽ അതിത്രേം വലിയൊരു പ്രശ്നമാവുമായിരുന്നില്ല..നീയിവന്റെ മുഖത്തിന്റെ ഒരു ഭാഗമല്ലേ കണ്ടൊള്ളൂ..ദാ കാണ് ഞങ്ങൾ കണ്ടില്ലായിരുന്നുവെങ്കിൽ ഇവനിങ്ങനെ ജീവനോടെ കാണില്ലായിരുന്നു ..ആ മാർക്കോയും ഗ്യാങ്ങും ഇവിടൊരു കലാപം നടത്തിയേനെ." അനിലിന്റെ മുഖത്തിന്റെ മറുഭാഗത്ത്‌ നിന്നും രക്തം കിനിഞ്ഞിറങ്ങുന്നുണ്ട്..

ഒന്നും മനസ്സിലാവാതെ മിഴിച്ചിരിക്കുന്ന എന്റെയടുക്കൽ അയാൾ വന്നുനിന്നു.. "നിന്നേ തള്ളിയിട്ടത് ഇവനാണെന്ന് പറഞ്ഞു തല്ലി തല്ലി ഒരു പരുവമാക്കിയിരിക്കയാണ് ആ മാർക്കോ..ഒരു കണക്കിനാ രക്ഷപെടുത്തി ഇങ്ങോട്ട് കൊണ്ട്വന്നേ.." മാർക്കോ...അന്ന് നാട്ടിൽ പോവാൻ നേരം ഞങ്ങളെ പിടിച്ചുവെച്ച ആ പോലീസുകാരൻ പിന്നീട് പേടിയോടെ ഞങ്ങളോട് വന്നുപറഞ്ഞ അതെ പേര്.. അതാരാണെന്ന് ചോദിക്കാൻ നാവുപൊങ്ങുന്നതിനു മുൻപേ പുറത്തേക്ക് കൈവീശി പ്രിൻസിയയാളെ വിളിച്ചിരുന്നു.. "ടാ മാർക്കോ..ഇങ്ങു വാടാ.." പുറകിൽ നിന്നും കാലടിയുടെ ശബ്ദം കേട്ട ഞാൻ വെട്ടിതിരിഞ്ഞു നോക്കുമ്പോയേക്കും ഒരുരൂപം എന്നിലേക്കു നടന്നടുക്കാൻ തുടങ്ങിയിരുന്നു.. ആ മുഖം കണ്ട് എന്റെ കണ്ണൊന്നു വിടർന്നിരുന്നു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story