തമസ്സ്‌ : ഭാഗം 49

thamass

എഴുത്തുകാരി: നീലിമ

പത്തു മിനിറ്റിനുള്ളിൽ രുഗ്മിണിയുടെ വീട്ടിൽ നിന്നും ഭയാനകമായൊരു ശബ്ദം കേട്ടു.... ജനൽചില്ലുകൾ പൊട്ടിതകർന്നു തീ നാളങ്ങൾ പുറത്തേയ്ക്ക് എത്തി നോക്കി..... """""പ്രതീക്ഷകൾക്ക് വിപരീതമായി ഒന്നും സംഭവിച്ചില്ല... അവൻ പെട്ടെന്ന് വന്നപ്പോൾ എക്സ്പ്ലോഡ് ചെയ്യാനുള്ള അത്രയും ഗ്യാസ് സ്പ്രെഡ് ആയിട്ടുണ്ടാകുമോ എന്ന് ഞാൻ സംശയിച്ചു... പക്ഷെ ഇത്തവണ കർത്താവ്‌ നമ്മുടെ ഒപ്പമായിരുന്നു... അല്ലെങ്കിലും ചെകുത്താന്മാർക്കൊപ്പം എത്ര നാൾ അദ്ദേഹത്തിന് നിൽക്കാനാകും അല്ലെ?"""" വല്ലാത്തൊരു ആശ്വാസമായിരുന്നു ശരത്തിന്റെ വാക്കുകളിൽ ആകെ നിറഞ്ഞു നിന്നത്... മോഹനിലും ജാനിയിലും ഉണ്ടായിരുന്നു അതേ ആശ്വാസവും സംപ്തൃപ്തിയും..... പെട്ടെന്നാണ് ഒരു ട്രാവലർ വീടിനു മുന്നിലായി വന്ന് നിന്നത്. ടൂറിസ്റ്റുകൾ ആണെന്ന് തോന്നി... വീടിൽ നിന്നും കേട്ട ഉച്ചത്തിലുള്ള ശബ്ദവും തീയും പുകയും ഒക്കെ കൊണ്ടാകും ആ വാഹനത്തിനുള്ളിൽ ഉള്ളവർ ഉറക്കെ എന്തൊക്കെയോ സംസാരിക്കുകയും ആരൊക്കെയോ പുറത്തേയ്ക്ക് ഇറങ്ങുകയും ചെയ്തു. അടുത്തുള്ള വീടുകളിലെയും വിളക്കുകൾ തെളിഞ്ഞു തുടങ്ങി. """""ഇനിയും ഇവിടെ നിൽക്കണ്ട.... നമുക്ക് പോകാം...""""" ശരത് വേഗം ഡ്രൈവിങ് സീറ്റിലേക്ക് കടന്നിരുന്നു....

മോഹനും ജാനിയും കാറിലേയ്ക്ക് കയറി. കാർ മുന്നോട്ടെടുക്കുന്നതിനു മുൻപ് അവർ ഒരിക്കൽക്കൂടി തിരിഞ്ഞു നോക്കി.... വീടിന്റെ അടുക്കള ഭാഗം ആകെ പുകയാൽ മൂടപ്പെട്ടിരുന്നു.... അമർത്തിയുള്ള കരച്ചിൽ ഉള്ളിൽ നിന്നും കേൾക്കുന്നത് പോലെ.... ശരത് കാർ മുന്നിലേയ്‌ക്കെടുത്തു.... 💫🔥💫🔥💫🔥💫 കുറച്ചു മുന്നിലേയ്ക്ക് പോയപ്പോഴാണ് മോഹന്റെ മൊബൈൽ ശബ്ദിച്ചത്... മൂവരും ചിന്തകളിൽ ആയത് കൊണ്ട് തന്നെ ശബ്ദം കേട്ട് ഒരുപോലെ ഞെട്ടി... """""ആരാ മോഹൻ...?"""" ഡ്രൈവിങ്ങിൽ ശ്രദ്ധയൂന്നിക്കൊണ്ട് തന്നെ ശരത്തിന്റെ ചോദ്യം വന്നു. """""ആൽവിയാ....""""" ഫോണിലേയ്ക്ക് നോക്കി മോഹൻ ആശ്വാസത്തോടെ പറഞ്ഞു. """""ആൽവി.. പറയെടാ..."""" 📞............. """""താങ്ക് ഗോഡ്... മാതു അമ്മയും അവിടെ ഉണ്ടല്ലോ അല്ലെ...?"""" 📞............ """""ഇവിടെ ഒക്കെ നമ്മൾ പ്ലാൻ ചെയ്തത് പോലെ തന്നെ നടന്നു. മൂന്നും ഇപ്പൊ വീടിനകത്തു കത്തി തീർന്നിട്ടുണ്ടാകും.... ഓക്കേ ടാ.... ഞങ്ങൾ ഇപ്പോൾ മാതു അമ്മ പറഞ്ഞ വീട്ടിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുകയാ... മറ്റുള്ളവരെല്ലാം നേരത്തെ അങ്ങോട്ടേക്ക് പോയി.... ഞാൻ നിന്നെ വിളിക്കാം... """"" """""എന്താ മോഹൻ...? ആൽവി എന്ത്‌ പറഞ്ഞു...?""""" മോഹൻ കാൾ അവസാനിപ്പിച്ചപ്പോഴേ ശരത് ആകാംക്ഷയോടെ ചോദിച്ചു...

"""""പേടിക്കാനൊന്നുമില്ല സാർ.... വയറിലല്ലേ കുത്ത് കിട്ടിയത്... ആന്തരാവയവങ്ങൾക്കൊന്നും സാരമായ പരിക്കേറ്റിട്ടില്ല എന്നാണ് ഡോക്ടർ പറഞ്ഞതെന്ന്... പിന്നേ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചത് കൊണ്ട് അധികം ബ്ലഡ്‌ ലോസും ഉണ്ടായില്ല. ഒരു ചെറിയ സർജറി വേണ്ടി വന്നൂന്ന്... എന്നാലും ഇപ്പോൾ കണ്ടിഷൻ സ്റ്റേബിൽ ആണ്. പേടിക്കാൻ ഒന്നും തന്നെ ഇല്ലാ എന്നാണ് ആൽവിൻ പറഞ്ഞത്. കുറച്ചു ദിവസം ഹോസ്പിറ്റൽ കിടക്കേണ്ടി വരും...അത്രേ ഉള്ളൂ..""""" മോഹന്റെ വാക്കുകൾ ജാനിയിലും ശരത്തിലും ആശ്വാസം നിറച്ചു. """""നന്നായി... ഒരു പാവം കുട്ടിയാ അത്. അതിന് ആപത്തൊന്നും ഉണ്ടായില്ല എന്നറിഞ്ഞപ്പോൾ വല്ലാത്തൊരു ആശ്വാസം.....""""" ജാനകി പറഞ്ഞു കൊണ്ട് സീറ്റിലേയ്ക്ക് ചാരി ഇരുന്നു... പിന്നേ പതിയെ കണ്ണുകൾ അടച്ച് ചിന്തകളെ കൂട്ട് പിടിച്ചു... 💫💫💫💫💫💫💫💫 ആരൊക്കെയോ ചേർന്ന് രുഗ്മിണിയെയും വരുണിനേയും രാഹുലിനെയും ഹോസ്പിറ്റലിൽ എത്തിച്ചു എന്ന് പിറ്റേന്ന് രാവിലെ ആണ് ജാനകിയും മറ്റുള്ളവരും അറിയുന്നത്. ഹോസ്പിറ്റലിൽ എത്തിക്കുന്നതിനു മുൻപ് തന്നെ രാഹുൽ മരിച്ചിരുന്നു. രുഗ്മിണിയ്ക്കും വരുന്നിനും ഏറ്റ പൊള്ളലുകൾ അപേക്ഷിച്ചു അവനേറ്റ പരിക്കുകൾ ഗുരുതരമായിരുന്നില്ല.

തല എവിടെയോ ശക്തമായി ഇടിച്ചതായിരുന്നു മരണ കാരണം. രുഗ്മിണിയ്ക്കും വരുന്നിനും ഏറ്റ പൊള്ളലുകൾ അതീവ ഗുരുതരമായിരുന്നു. എന്നാൽ ചെയ്തു കൂട്ടിയ പാപങ്ങളുടെ ശിക്ഷ ഇനിയും അനുഭവിക്കാനുണ്ടെന്നത് പോലെ ഇരുവരുടെയും ശരീരത്തിൽ അല്പം ജീവൻ ദൈവം അവശേഷിപ്പിച്ചിരുന്നു.... വരുണിനെയും രുഗ്മിണിയെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പോലീസിന്റെ നീക്കങ്ങളും അറിഞ്ഞതിന് ശേഷം നാട്ടിലേയ്ക്ക് മടങ്ങിയാൽ മതി എന്നുള്ള ശരത്തിന്റെ തീരുമാനത്തോട് എല്ലാപേരും യോജിച്ചു.... ⚜️⚜️⚜️⚜️⚜️⚜️⚜️ പിറ്റേന്ന് വൈകിട്ടോടെ മാത്രമാണ് അവർക്ക് കൂടുതൽ വിവരങ്ങൾ അറിയാനായത്.... ASP യുടെ കാൾ ശരത്തിനെ തേടിയെത്തുമ്പോൾ എല്ലാപേരും വല്ലാത്ത ടെൻഷനിൽ ആയിരുന്നു. ശരത് കാൾ അവസാനിപ്പിക്കുന്നത് വരെ ആൽവിയും മോഹനും ജാനിയും വിവരങ്ങൾ അറിയാനായി അവന് ചുറ്റും അക്ഷമയോടെ കാത്തിരുന്നു. """""എന്താ സാർ....? എന്താ ASP സാർ പറഞ്ഞത്...?""""" ആകാംക്ഷയോടെയുള്ള ആദ്യ ചോദ്യം വന്നത് ആൽവിയിൽ നിന്നായിരുന്നു... മറുപടിയായി ശരത് ഒന്ന് ചിരിച്ചു... ആ ചിരി തന്നെ മൂവരുടെയും ഉള്ളിലെ പിരിമുറുക്കത്തിനു അയവു വരുത്തി.... """""പ്രധാനമായും രണ്ട് കാര്യങ്ങൾ ഉണ്ട്‌. ഒന്ന് ഒരിത്തിരി വിഷമിപ്പിക്കുന്നതാണ്. മറ്റൊന്ന് സന്തോഷം തരുന്നതും....""""" ഒരു മുഖവുരയോടെയാണ് ശരത് പറഞ്ഞു തുടങ്ങിയത്. """""ക്ഷമ ഇല്ലാ സാർ.. എന്തായാലും വേഗം പറയൂ..."""""

ജാനിയും വല്ലാത്ത ടെൻഷനിൽ ആയിരുന്നു. """"""വിഷമിപ്പിക്കുന്ന കാര്യം വരുണിനും രുഗ്മിണിയ്ക്കും ബോധം തെളിഞ്ഞു എന്നതാണ്..."""""" """"""എന്താ...? അപ്പൊ അവര് രണ്ടും രക്ഷപെടും എന്നാണോ...?""""" മൂന്ന് പേരും ഒരുപോലെയാണ് ചോദിച്ചത്... ആഗ്രഹിക്കാത്തതെന്തോ കേട്ടത് പോലെ മൂവരും ഞെട്ടിയിരുന്നു. """""എന്നല്ല.... രണ്ട് പേർക്കും ശരീരത്തിൽ ഗുരുതരമായിത്തന്നെ പൊള്ളൽ ഏറ്റിട്ടുണ്ട്. കണ്ടിഷൻ കുറച്ചു ക്രിട്ടിക്കലുമാണ്. രക്ഷപ്പെടുമെന്നോ ഇല്ലെന്നോ പറയാനാകാത്ത അവസ്ഥ...""""" """""വേണ്ട... രക്ഷപെടേണ്ട... ചാകണം.... തീരണം രണ്ടും... എന്നാലേ എന്റെ മനസ്സിന് സ്വസ്ഥത കിട്ടൂ...""""" ജാനകിയുടെ വാക്കുകളിൽ ദേഷ്യവും വിഷമവുമൊക്കെ നിറഞ്ഞിരുന്നു. """""" വിഷമിപ്പിക്കുന്ന വാർത്ത മനസിലായി. അപ്പോൾ സന്തോഷം തരുന്ന വാർത്ത എന്താണ്?""""" അറിയാനുള്ള ആകാംക്ഷ കൂടിക്കൂടി ആൽവി നീങ്ങി നീങ്ങി ശരത്തിന് അരികിൽ വരെ എത്തിയിരുന്നു. """"""സംസാരിക്കാൻ കഴിയുന്ന അവസ്ഥയിൽ അല്ലാതിരുന്നിട്ട് കൂടി ബോധം വീണപ്പോൾ രുഗ്മിണി പോലീസിന് മൊഴി കൊടുക്കാൻ തയാറായീന്ന് ....""""" """"""ങ്ങെ...!!!! ഇതിൽ എവിടെ ആണ് സാർ സന്തോഷം? രുഗ്മിണി മൊഴി നൽകി എന്ന് പറഞ്ഞാൽ അതിനർത്ഥം നമ്മൾ കുടുങ്ങാൻ പോകുന്നു എന്നല്ലേ?"""""

ആൽവിയുടെ സ്വരത്തിൽ ഒരല്പം പരിഭ്രമം ഉണ്ടായിരുന്നുവോ......? """"""അല്ല...അങ്ങനെ അല്ല ആൽവി.... ഇതിനിടയിൽ ഒരു തമാശ ഉണ്ടായി. രുഗ്മിണി തങ്കച്ചിക്ക് മാനസാന്തരം...!"""""" ഒരു തമാശ പറയുന്ന ഭാവത്തിൽ ശരത് ചിരിച്ചു കൊണ്ട് പറയുമ്പോൾ ഇതെന്താ പറയുന്നത് എന്ന അർത്ഥത്തിൽ ചുറ്റിനും ഇരുന്നവർ പരസ്പരം നോക്കി... """"""സാർ ഒന്ന് തെളിച്ചു പറയൂ.. വല്ലാതെ ടെൻഷൻ ആകുന്നുണ്ട്.....""""" ജാനകിയുടെ ക്ഷമ പൂർണമായും നശിച്ചിരുന്നു... """""എടൊ... ശരീരം ആസകലമുള്ള പൊള്ളലിന്റെ വേദനയും സഹിച്ചു നേരാം വണ്ണം സംസാരിക്കാൻ പോലും കഴിയാതെയിരുന്നിട്ടും രുഗ്മിണി പോലീസിനോട് കുമ്പസരിച്ചൂന്ന്... ഇത് വരെ ചെയ്തു കൂട്ടിയതൊക്കെ ഏറ്റു പറഞ്ഞൂന്നു.....ഡോക്ട്ടേഴ്‌സ് പോലും വിലക്കിയിട്ടും സംസാരിക്കണമെന്ന് നൽകണമെന്ന് അവരാണത്രേ വാശി പിടിച്ചത്. """"" """""അപ്പൊ അവർക്ക് അപകടം സംഭവിച്ചത് എങ്ങനെ ആണെന്ന് കൂടി പറഞ്ഞിട്ടുണ്ടാവില്ലേ?""""" ജാനി പോലും അറിയാതെ അവളുടെ സ്വരത്തിൽ ഒരു നേരിയ ഭയം കടന്ന് കൂടിയിരുന്നു. താൻ കാരണം തനിക്ക് പ്രിയപ്പെട്ടവർ വീണ്ടും വേദനിക്കേണ്ടി വരുമോ എന്നോർത്തുള്ള ആവലാതി ആയിരുന്നു അത്... """"""ഡോണ്ട് ബി അപ്സെറ്റ് ജാനകി. നമുക്ക് ഫേവറിബിൾ ആയിട്ടാണ് അവർ സംസാരിച്ചത്....

വരുണിനേയും രാഹുലിനെയും അവരെയും കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അവർ പോലീസിനെ അറിയിച്ചു . വരുണും രാഹുലും ചേർന്ന് തന്റെ മകളെക്കൂടി അതേ പോലെ മോശം അവസ്ഥയിലേയ്ക്ക് എത്തിക്കാൻ നോക്കുന്നു എന്നറിഞ്ഞപ്പോൾ അവരെ രണ്ട് പേരെയും രുഗ്മിണി തന്നെയാണ് കൊല്ലാൻ തീരുമാനിച്ചത് എന്നാണത്രേ അവർ പോലീസിനോട് പറഞ്ഞത്.""""" """""അവരങ്ങനെ പറഞ്ഞോ?""""" പ്രതീക്ഷിക്കാത്തത് കേട്ടതിലുള്ള ആശ്ചര്യമായിരുന്നു മോഹന് .... """""മ്മ്.... മകളെ ഉപദ്രവിക്കാൻ പ്ലാൻ ചെയ്തത് അറിഞ്ഞു അവര് തന്നെ ഗ്യാസ് തുറന്ന് വച്ച് രണ്ട് പേരെയും കൊല്ലാൻ ശ്രമിച്ചു. അവരുടെ ഒപ്പം ഇത്ര നാളും എല്ലാത്തിനും കൂട്ട് നിന്നതിലേ വിഷമം കാരണം അവരോടൊപ്പം സ്വയം ഇല്ലാതാകാം എന്നും തീരുമാനിച്ചു . രുഗ്മിണി പോലീസിന് നൽകിയ മൊഴി ഇങ്ങനെയാണ്...... ഒരുപക്ഷെ ഇതാകും അവരുടെ മരണ മൊഴി... മകള് മുന്നിൽ കിടന്ന് പിടയുന്നത് കണ്ടപ്പോഴാണ് ചെയ്തതൊക്കെ തെറ്റായിരുന്നു എന്നവർക്ക് ബോധം വന്നത്.... കഷ്ടം....""""" ശരത്തിന്റെ ചിരിയിൽ പുച്ഛമായിരുന്നു... പുച്ഛം മാത്രം.....!

"""""""പശ്ചാത്താപം തെറ്റുകൾക്കുള്ള പരിഹാരമാകുമായിരുന്നുവെങ്കിൽ ഈ ലോകത്തിൽ സകലരും വിശുദ്ധരായി മാറുമായിരുന്നില്ലേ? അവർക്കിനി എന്ത്‌ മാനസാന്തരം വന്നു എന്ന് പറഞ്ഞാലും ചെയ്തു കൂട്ടിയ പാപങ്ങൾക്കൊന്നും അത് പകരമാവില്ലലോ...? അവര് നശിചിപ്പിച്ച ജീവിതങ്ങൾ അവർക്ക് തിരികെ നൽകാൻ ആകാത്തിടത്തോളം അവരുടെ പാപക്കറ എത്ര കഴുകിയാലും മാഞ്ഞു പോകില്ല.... ദൈവത്തിന്റെ കോടതിയിൽ അവർക്ക് ഒരിക്കലും മാപ്പ് കിട്ടില്ല...."""""" പറഞ്ഞു നിർത്തുമ്പോൾ ജാനകിയിൽ നിന്നും ഒരു ദീർഘ നിശ്വാസം ഉതിർന്നിരുന്നു.... """"പക്ഷെ സാർ... അവരങ്ങനെ പറഞ്ഞത് കൊണ്ട് മാത്രം അത് അവരാണ് ചെയ്തത് എന്ന് പോലീസ് ഉറപ്പിക്കില്ലല്ലോ? നമ്മൾ വരുണിനൊപ്പം രുഗ്മിണിയുടെ കൈകാലുകളും ബന്ധിച്ചിരുന്നു. അവര് പറയുന്നത് നുണയാണെന്ന് അതിൽ നിന്നു തന്നെ മനസിലാകില്ലേ?""""" ആകെ ചിന്താകുലനായാണ് മോഹൻ സംശയം ഉന്നയിച്ചത്. """""അത് വിഷയമല്ല മോഹൻ. നമ്മൾ തുണി കൊണ്ടല്ലേ കെട്ടിയത്? അവരുടെ ശരീരത്തിൽ തീ പടർന്നപ്പോൾത്തന്നെ ആ കെട്ടുകളൊക്കെ അഴിഞ്ഞിട്ടുണ്ടാകും... പിന്നേ അത് കാരണം ഉണ്ടായ പാടുകളും ശരീരത്തിലെ മർദ്ദനം ഏറ്റ പാടുകളും... ഇരുവർക്കും 75 ശതമാനത്തിന് മുകളിൽ പൊള്ളലേറ്റത് കൊണ്ട് പാടുകളൊന്നും ശ്രദ്ധയിൽപെടാൻ ഇടയില്ല.

പക്ഷെ ഒരു ഡോക്ടറിനു വിശദമായ പരിശോധനയിൽ മർദിച്ചിട്ടുണ്ടെന്നു മനസിലാക്കാൻ കഴിയും.... അതിനെക്കുറിച്ചൊന്നും ഇപ്പോൾ വറിഡ് ആകണ്ട.... നമുക്ക് ഒരു കുഴപ്പവും വരാത്ത രീതിയിൽ കേസ് ഫ്രെയിം ചെയ്യാം എന്ന് ASP സാർ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇതല്ല പ്രധാനം... ഇതിനേക്കാൾ പ്രധാനമായ മറ്റൊന്ന് കൂടി സാർ പറഞ്ഞു.""""" ആകാംക്ഷയോടെ ആറ് കണ്ണുകൾ അവനിലേയ്ക്ക് പതിഞ്ഞു.... """""വരുൺ മരിച്ചാലും ഇല്ലെങ്കിലും അവൻ ഇപ്പോൾ അണിഞ്ഞിരിക്കുന്ന മാന്യതയുടെ മുഖം മൂടി കീറി എറിയണം.... ഇല്ലെങ്കിൽ മരണം ശേഷവും അവന്റെ വീര സാഹസങ്ങളാകും മാധ്യമങ്ങൾ കൊട്ടി ഘോഷിക്കുന്നത്... അത് വേണ്ട.. അവന്റെ യദാർത്ഥ രൂപം മാലാഘയുടേതല്ല ചെകുത്താന്റേതാണെന്ന് സമൂഹം അറിയണം.... അവനെ പുകഴ്ത്തിയ മാധ്യമങ്ങൾ തന്നെ അവനെ വലിച്ച് കീറി ഒട്ടിയ്ക്കുന്നത് കാണണം....വരുൺ നായർ എന്നും സത്യത്തിനൊപ്പം ആണെന്ന് പറഞ്ഞവർ തന്നെ അവനിലെ തിന്മ പുറത്തു കൊണ്ട് വരണം. നിർദ്ദനർക്ക് സൗജന്യ ചികിത്സ... ചാരിറ്റി പ്രവർത്തനങ്ങൾ.... സമൂഹത്തിൽ അപമാക്കപ്പെടുന്ന പെൺകുട്ടികൾക്ക് നീതി കിട്ടാൻ മുന്നിട്ടിറങ്ങുന്നവൻ.... സഹപ്രവർത്തകരുടെ പ്രിയപ്പെട്ട ഡോക്ടർ എല്ലാത്തിമുലുപരി സാമൂഹ്യ പ്രവർത്തകൻ...

എന്തൊക്കെ വേഷങ്ങളാണ് അവൻ ആടി തകർക്കുന്നത്....? അവൻ ഉയർത്തി കെട്ടിയ കപടതയുടെ കോട്ടകൾ പൊളിച്ചു കളയാൻ രുഗ്മിണിയുടെ മൊഴി മാത്രം പോരാ നമുക്ക്.... അത് കൊണ്ടാണ് ASP സാർ നമുക്ക് മീഡിയയുടെ സഹായം തേടാം എന്ന് പറഞ്ഞത്... വരുണിന്റെയും രുഗ്മിണിയുടെയും ക്രൂരതകൾക്ക് പാത്രമായവർ തന്നെ തങ്ങൾക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് സമൂഹത്തോട് സംസാരിക്കട്ടെ.... മാധ്യമങ്ങളിലൂടെ.... മീഡിയയ്ക്ക് ഒരു എക്സ്‌ക്ലൂസീവ് കിട്ടിയാൽ അവര് വെറുതെ ഇരിക്കുമോ? ഒരിക്കൽ അവന് സ്തുതി പാടിയവരിലൂടെത്തന്നെ അവന്റെ യദാർത്ഥ രൂപം നമുക്ക് വരച്ചു കാട്ടാമെന്നേ...""""" """"അതേ... അതാണ്‌ വേണ്ടത്... അവൻ ഇനി ജീവിക്കുകയാണെങ്കിൽത്തന്നെ വെറും ശവമായിട്ട് ജീവിച്ചാൽ മതി.... ജീവനുള്ള ശവം...! പരിഹാസവും അവക്ഞയും കലർന്ന നോട്ടങ്ങൾ തറഞ്ഞു കയറുമ്പോൾ വെന്ത് നീറണം അവൻ....""""" വരുണിനോടുള്ള ദേഷ്യത്താൽ ജാനിയുടെ കണ്ണുകളിൽ പോലും ചുവപ്പ് രാശി പടർന്നിരുന്നു.... ജനക്കൂട്ടത്തിന് നടുവിൽ അപമാനിതനായി തല ഉയർത്താനാകാതെ ചുറ്റിനും ഉള്ളവരുടെ ശാപ വാക്കുകളും പരിഹാസ ശരങ്ങളുമെറ്റ് നിൽക്കുന്ന വരുണിന്റെ രൂപം അവൾ ഉള്ളിൽ മെനഞ്ഞെടുത്തു..... അറിയാതെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരുന്നെത്തി...

ആത്‍മസംപ്തൃപ്തിയോടെ കണ്ണുകൾ അടച്ച് അവളൊരു ഒരു ദീർഘ ശ്വാസമെടുത്തു.. ⚜️💫⚜️💫⚜️💫 പിന്നീടുള്ള കുറച്ചു ദിവസങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത് വരുണും രുഗ്മിണിയും ആയിരുന്നു.... മുഖം മറച്ചു കുറെ പെൺകുട്ടികൾ തങ്ങളുടെ ദുരിതം നിറഞ്ഞു ജീവിത പുസ്തകം ജനങ്ങൾക്ക് മുന്നിൽ മാധ്യമങ്ങളിലൂടെ തുറന്ന് വച്ചപ്പോൾ വരുൺ അത് വരെ കെട്ടിയാടിയ നായക വേഷത്തിന് ഒരു രാവിനിപ്പുറം വില്ലന്റെ പരിവേഷം കൈ വന്നിരുന്നു..... അത് വരെ നല്ലത് പറഞ്ഞ നാവുകളിൽ നിന്നും അറപ്പുളവാക്കുന്ന വാക്കുകൾ ബഹിർഗമിക്കാൻ തുടങ്ങി.... ശരീരം ആസകലം ഏറ്റ പൊള്ളാലിൽ നിന്നുള്ള അസ്സഹനീയമായ വേദനയെക്കാൾ വരുണിനെ വേദനിപ്പിച്ചത് അത് വരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും തന്റെ ഒപ്പം നിന്ന സഹപ്രവർത്തകരിൽ നിന്നുള്ള അവഗണയും പരിഹാസവും പുച്ഛവും അവക്ജയുമൊക്കെ ആയിരുന്നു...... അത്ര നാളും മകന്റെ സുഖ വിവരങ്ങൾ അറിയാതിരുന്നാൽ ഉറക്കം നഷ്ടമാകും എന്ന് പറഞ്ഞിരുന്ന വരുണിന്റെ അമ്മ പോലും ഒന്ന് തിരിഞ്ഞു നോക്കാതിരുന്നത് അവന്റെ പതനം പൂർണമാക്കി....

വരുണിന്റെ മനസ്സും ശരീരവും ഒരുപോലെ വെന്ത് നീറി..... അവന്റെ ശരീരത്തെ ആകെ തളർത്തുന്ന അസ്സഹനീയമായ വേദനയെ കൊല്ലാനുള്ള വേദന സംഹാരികൾ പോലും പലപ്പോഴും അവന് മനപ്പൂർവം നിഷേധിക്കപ്പെട്ടു.... അവന്റെ അരികിൽ പോകാനോ ചികിത്സ നൽകാനോ പോലും പുരുഷന്മാർ ഉൾപ്പെടെയുള്ള ഡോക്ടർസും നഴ്സുമാരും പലപ്പോഴും വിസമ്മതിച്ചു... ഒടുവിൽ വേദന സഹിക്കാനാകാതെ നിലവിളിച്ചു കൊണ്ടവൻ മരണത്തിനായി ദൈവത്തിനോട് യാചിച്ചു... പക്ഷെ കരുണാമയനായ ദൈവം പോലും അവന്റെ യാചന കേൾക്കാതെ ബധിരനായി....... ഒരു മനുഷ്യായുസ്സിൽ സഹിക്കാവുന്നതിനേക്കാൾ ശാരീരികവും മാനസികവുമായ വേദനകൾ എല്ലാം ഒരാഴ്ച കൊണ്ട് സഹിച്ചു രുഗ്മിണിയും വരുണും... ശരീരത്തിൽ ഒരല്പം വസ്ത്രം പോലും തൊടാനാകാതെ ശരീരം ആസകലം വെന്തു നീറുന്ന വേദന സഹിച്ചു ഇരുവരും ഒരാഴ്ച പിന്നിട്ടു... ആ ഒരാഴ്ചയ്ക്കിപ്പുറം രുഗ്മിണി തങ്കച്ചി വേദനകളില്ലാത്ത ലോകത്തിലേയ്ക്ക് യാത്ര പറഞ്ഞകന്നു..... അപ്പോഴും വരുൺ മാത്രം എല്ലാരാലും വെറുക്കപ്പെട്ട ശരീരമായി അല്പപ്രാണനോടെ അവശേഷിച്ചു.... ചെയ്തു കൂട്ടിയ പാപങ്ങളുടെ ശിക്ഷ ഇനിയും അനുഭവിക്കാനുള്ളത് പോലെ.... ............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story