തമസ്സ്‌ : ഭാഗം 50

thamass

എഴുത്തുകാരി: നീലിമ

ആ ഒരാഴ്ചയ്ക്കിപ്പുറം രുഗ്മിണി തങ്കച്ചി വേദനകളില്ലാത്ത ലോകത്തിലേയ്ക്ക് യാത്ര പറഞ്ഞകന്നു..... അപ്പോഴും വരുൺ മാത്രം എല്ലാരാലും വെറുക്കപ്പെട്ട ശരീരമായി അല്പപ്രാണനോടെ അവശേഷിച്ചു.... ചെയ്തു കൂട്ടിയ പാപങ്ങളുടെ ശിക്ഷ ഇനിയും അനുഭവിക്കാനുള്ളത് പോലെ.... 🍁🍁🍁🍁🍁🍁🍁 കണ്ണുകളടച്ചു കിടക്കുകയായിരുന്ന രാധുവിന്റെ ബെഡിനരികിലേയ്ക്ക് ഇരുന്നു ജാനകി. പതിയെ മുടിയിഴകളിലൂടെ വിരലോടിച്ചു.... എണ്ണമയമില്ലാതെ പാറിക്കിടന്ന മുടി ഒതുക്കി വച്ചു..... ""രാധൂ...."" പതിയെ നേർത്ത ശബ്ദത്തിൽ അവൾ വിളിച്ചു....കണ്ണുകൾ അവൾ പോലും അറിയാതെ നിറഞ്ഞു വന്നു. രാധു കണ്ണുകൾ ചിമ്മി തുറന്ന് ജാനിയെ നോക്കി. മുന്നിൽ ജാനിയേക്കണ്ടു ചുണ്ടുകൾ നന്നായി വിടർന്നൊന്നു മനോഹരമായി പുഞ്ചിരിച്ചു..... ""ഓക്കേ ആയില്ലേ മോളെ....?"" സ്നേഹവും വാത്സല്യവും ഒക്കെ നിറച്ച ഒരു ചോദ്യം..... ""മ്മ്....."" ഒരു മൂളലോടെ അവൾ ജാനിയുടെ കൈ കവർന്നു. ""ചേച്ചി എന്നെ കാണാൻ വരാതിരുന്നപ്പോൾ വല്ലാതെ സങ്കടം വന്നു. എന്തോ... എന്നോട് ദേഷ്യം ആകും എന്ന് കരുതി....

അതാ ഞാൻ മാതു അമ്മയോട് ചേച്ചിയെ കാണണം എന്ന് പറഞ്ഞത്...."" ""ദേഷ്യമാണോ ചേച്ചി എന്നോട്...?"" നിഷ്കളങ്കമായി രണ്ട് കണ്ണുകളിലും സങ്കടം നിറച്ച് ജാനിയെ നോക്കി ചോദിക്കുമ്പോൾ അവളുടെ ചുണ്ടുകൾ വിതുമ്പാൻ തുടങ്ങിയിരുന്നു.... ജാനിയ്ക്ക് അപ്പോൾ കുഞ്ഞിയെയാണ് ഓർമ വന്നത്.... വഴക്ക് പറയാൻ തുടങ്ങുമ്പോൾ ചുണ്ടുകൾ പിളർത്തി വിതുമ്പുന്ന ഒരു മൂന്ന് വയസുകാരിയുടെ മുഖം....! ""നിന്നോട് എനിക്ക് എങ്ങനെ ദേഷ്യം തോന്നാനാണ് മോളെ....? എന്റെ അനിയത്തിക്കുട്ടി അല്ലെ നീ....?"" ""പിന്നേ കാണാൻ വരാതിരുന്നത്.... അത് ഒരു നേരിയ കുറ്റബോധം ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ടാണ്.... നിനക്ക് ഈ ഭൂമിയിൽ ആകെ ഉണ്ടായിരുന്ന ബന്ധത്തെ ഇല്ലാതാക്കിയത് ഞാൻ അല്ലെ...? നിന്റെ മുന്നിൽ ഇങ്ങനെ വന്ന് നിൽക്കാൻ മനസ്സ് തയാറായില്ല.... നിന്നോട് ഞാൻ എന്തോ തെറ്റ് ചെയ്തത് പോലെ ഒരു തോന്നൽ....""

"" മരണത്തിൽ കുറഞ്ഞ ഒരു ശിക്ഷയും അവരർഹിക്കുന്നില്ല മോളെ... അതാ ഞാൻ....."" പറയുമ്പോൾ രാധുവിന്റെ കൈക്ക് മുകളിലുള്ള ജാനിയുടെ കൈ ഒന്ന് കൂടി മുറുകി.... രണ്ട് തുള്ളി കണ്ണുനീർ രാധുവിന്റെ കയ്യിലേയ്ക്ക് വന്ന് പതിച്ചു.... രാധു പക്ഷെ പുഞ്ചിരിക്കുകയാണ് ചെയ്തത്.... ""അതാണോ...? ഞാൻ കരുതി ചേച്ചിടെ സന്തോഷങ്ങളൊക്കെ തല്ലി കെടുത്തി, ബന്ധങ്ങളെ ചേച്ചിയിൽ നിന്നും അകറ്റിയ അവരോടുള്ള ദേഷ്യം ചേച്ചിക്ക് എന്നോടും ഉണ്ടാകും എന്ന്...."" ""അവരെക്കുറിച്ച് ഓർക്കുമ്പോ തന്നെ എനിക്ക് ദേഷ്യമാണ്.... ചേച്ചിക്ക് അറിയുമോ? ഒരമ്മയുടെ സ്നേഹവും കെയറും ഞാൻ അവരിൽ നിന്നും അറിഞ്ഞിട്ടോ അനുഭവിച്ചിട്ടോ ഇല്ലാ.... എന്നെ ഊട്ടിയിട്ടോ ഉറക്കിയിട്ടോ ഇല്ലാ.... എന്നെ കേട്ടിട്ടില്ല.... എന്റെ സ്വപ്‌നങ്ങൾ അറിഞ്ഞിട്ടില്ല.... എനിക്ക് വയ്യാതാകുമ്പോ ആധിയോടെ എന്റെ അരികിൽ ഇരുന്നിട്ടില്ല... എന്നെ വാത്സല്യത്തോടെ ഒന്ന് ചുംബിച്ചിട്ടില്ല.... സ്നേഹത്തോടെ ഒന്ന് പുണർന്നിട്ടില്ല... പക്ഷെ അവരെനിക്ക് പണം കൊണ്ട് വാങ്ങാവുന്ന എല്ലാ സൗഭാഗ്യങ്ങളും തന്നു....

മകളോടുള്ള സ്നേഹത്തെപ്പോലും ആഡംബരം കൊണ്ട് പൊതിയാനാണ് അവര് നോക്കിയത്... എനിക്ക് വേണ്ടത് അതായിരുന്നില്ല എന്നവർ ഒരിക്കലും മനസിലാക്കിയില്ല.... എന്നിട്ടും ഞാൻ അവരെ സ്നേഹിച്ചു.... കാരണം ഈ ലോകത്തിൽ എനിക്ക് സ്വന്തമെന്നു പറയാൻ... സ്നേഹിക്കാൻ അവരും മുത്തശ്ശിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ...."" ""ഒരമ്മയുടെ വാത്സല്യം ഞാൻ അറിഞ്ഞത് അവരുടെ അമ്മ എന്ന് അവര് തന്നെ പറഞ്ഞു തന്ന ആ സ്ത്രീയിൽ നിന്നുമാണ്.... എല്ലാ വെക്കേഷൻസിലും ഞാൻ അവരോടൊപ്പം ആയിരുന്നു. രുഗ്മിണി തങ്കച്ചി എന്നെ ഒന്ന് കാണാൻ പോലും പലപ്പോഴും വരാറില്ല..... ബിസിനസ്സിന്റെ തിരക്കാണെന്നാണ് വിളിക്കുമ്പോൾ എന്നോട് പറയാറ്.... അച്ഛൻ മരിച്ചപ്പോൾ അച്ഛന് നൽകിയ വാക്ക് പാലിക്കാൻ ഊണും ഉറക്കവും ഉപേക്ഷിച്ചു അച്ഛന്റെ ബിസിനസ് സാമ്രാജ്യം വളർത്താൻ ശ്രമിക്കുന്ന നല്ലൊരു ഭാര്യയായിരുന്നു അവര് എന്റെ കണ്ണിൽ.... അങ്ങനെ അവരെന്നെ വിശ്വസിപ്പിച്ചിരുന്നു....."" ""ജീവിതത്തിൽ കുറച്ചു വാക്കുകൾ മാത്രമേ മകൾക്കായി മാറ്റി വച്ചിരുന്നുള്ളൂ എങ്കിലും ആ അമ്മയോട് എനിക്ക് സ്നേഹമായിരുന്നു...

ബഹുമാനമായിരുന്നു..... അപ്പോഴും ഒരുപാട് സന്തോഷം തോന്നുമ്പോഴും സങ്കടം വരുമ്പോഴുമൊക്കെ അവരുടെ സാമീപ്യം ഞാൻ കൊതിക്കാറുണ്ടായിരുന്നു... അവരുടെ നെഞ്ചോട്‌ ചേർന്നൊന്നു പൊട്ടിക്കരയാനും പൊട്ടി ചിരിക്കാനും ചേർത്ത് പിടിച്ചുറങ്ങാനുമൊക്കെ എന്തോരം കൊതിച്ചിരുന്നെന്നോ...? ഒരമ്മയുടെ കടമകൾ അവര് മറന്നപ്പോഴും ഞാൻ അവരെ സ്നേഹിക്കുകയെ ചെയ്‌തിട്ടുള്ളൂ...."" ""പക്ഷെ അവർ ആരാണ്, എന്താണ് എന്നറിഞ്ഞപ്പോൾ.... നിങ്ങളോടൊക്കെ അവർ ചെയ്ത ക്രൂരതയെക്കുറിച്ച് അറിഞ്ഞപ്പോൾ...എന്താ ഞാൻ പറയേണ്ടത്....? അവരോട് എനിക്ക് തോന്നുന്ന വികാരം..... ദേഷ്യമൊ..... വെറുപ്പോ........ അല്ല...അതിനേക്കാൾ കൂടുതലായി എന്തോ..... അറപ്പ്....! അതേ... അറപ്പാണ് എനിക്ക് അവരോട്..... ഇപ്പൊ... അവരുടെ മരണം അറിഞ്ഞിട്ടും ഇപ്പോഴും ആദ്യം തോന്നിയത്തിൽ നിന്നും അല്പം പോലും അത് കുറഞ്ഞിട്ടില്ല...."" ""കൊല്ലാൻ പോലും കൊതിച്ചതാ... പക്ഷെ അതിന് മാത്രം കഴിയില്ലായിരുന്നു..... അവരെ .... ഞാൻ അമ്മ എന്ന് വിളിച്ചതല്ലേ? ഒരുപാട് സ്നേഹിച്ചതല്ലേ? അത് മാത്രം കഴിയില്ലായിരുന്നു......""

ജാനിയുടെ കൈയിലേക്ക് മുറുകെ പിടിച്ചു കരഞ്ഞു തുടങ്ങിയിരുന്നു അവൾ.... ""രാധൂ.... മോളെ....."" ""വല്ലാതെ വേദനിക്കുന്നുണ്ടല്ലേ....? ഒറ്റപ്പെട്ടു പോയീന്നു തോന്നുന്നുണ്ടല്ലേ...? എന്നെങ്കിലും രുഗ്മിണിയിൽ നിന്നും നീ ആഗ്രഹിച്ചത് പോലെ ഒരമ്മയുടെ സ്നേഹം കിട്ടുമെന്ന് നീ പ്രതീക്ഷിച്ചിരുന്നു അല്ലെ....?"" മനസ്സ് അറിഞ്ഞത് പോലെ ജാനകിയിൽ നിന്നും ചോദ്യങ്ങൾ വന്നപ്പോൾ മറുപടി ഉണ്ടായില്ല രാധുവിന് .... ജാനിയുടെ ഇരു കൈകളും സ്വന്തം മുഖത്തേക്കമർത്തി അവൾ പൊട്ടിക്കരഞ്ഞു.... ""കരയരുത് എന്ന് ഞാൻ പറയുന്നില്ല.... കരയുമ്പോൾ മനസിന്‌ ആശ്വാസം കിട്ടുന്നു എങ്കിൽ കിട്ടിക്കോട്ടെ... പക്ഷെ ഒറ്റപ്പട്ട് പോയി എന്ന് ചിന്തിക്കരുത് എന്റെ മോള് ....ചേച്ചിടെ സ്ഥാനത്തു ഞാൻ ഉണ്ട്‌... അമ്മയുടെ സ്ഥാനത്ത് ... അല്ല അമ്മയായിത്തന്നെ മാതു അമ്മയുണ്ട്.... ജീവനോടെ തിരികെ വന്നത് ദേ ഈ നിൽക്കുന്ന അമ്മയുടെ മകളായി സ്നേഹം അനുഭവിച്ചു ജീവിക്കാനുള്ള ഭാഗ്യം നിനിക്ക് ഉണ്ടായിരുന്നത് കൊണ്ടാകും...""

ജാനി മാതു അമ്മയെ നോക്കി പറഞ്ഞു നിർത്തുമ്പോൾ രാധുവിന്റെ സംസാരവും കരച്ചിലും കേട്ട് ശരത്തിനരികിൽ നിന്നിരുന്ന മാതു അമ്മ വേഗത്തിൽ നടന്ന് അവൾക്കരികിലെത്തി.... ""ഒന്ന് മറ്റൊന്നിനു പകരമാവില്ല എന്നറിയാം.... എന്റെ മോളുടെ നഷ്ടം അത് എനിക്ക് എന്നും നികത്താനാകാത്ത നഷ്ടം തന്നെ ആയിരിക്കും... അവൾ ഈ ലോകത്തിൽ ഇല്ല എന്നറിഞ്ഞപ്പോൾ മരിക്കാൻ തന്നെയാണ് തോന്നിയത്.... അവിടെയും ദൈവം എന്നോട് ഒരിത്തിരി കരുണ കാട്ടി... ഒരു മകളെ എന്നിൽ നിന്നും എന്നെന്നേക്കുമായി അടർത്തി മാറ്റിയപ്പോൾ മറ്റൊരു മകളെ എനിക്ക് സ്വന്തമായി തന്നു...."" ""എന്റെ മോളാ... എന്റെ സ്വന്തം മോള്... അല്ലാന്നു പറയരുത്...."" രാധുവിന്റെ കൈ ജാനിയിൽ നിന്നും അടർത്തി മാറ്റി അവര് സ്വന്തം കൈക്കുള്ളിലായി പൊതിഞ്ഞു പിടിച്ചു. ""ആരും ഇല്ലാത്തവരാ നമ്മള് രണ്ട് പേരും.. അങ്ങനെ ഉള്ളവർക്ക് ഉള്ളറിഞ്ഞു കളങ്കമില്ലാതെ പരസ്പരം സ്നേഹിക്കാൻ കഴിയും.... വരില്ലേ എന്റെ കൂടെ... മോളായിട്ട്... എന്റെ സ്വന്തം മോളായിട്ട്....."" പറയുമ്പോ അവരുടെ വലത് കൈ ഇടനെഞ്ചിലേയ്ക്ക് ചേർന്നിരിപ്പുണ്ടായിരുന്നു.... കണ്ണുകൾ നിറഞ്ഞു കാഴ്ചയെ മറച്ചിരുന്നു..... മറുപടി പറഞ്ഞില്ല രാധു.. അവരുടെ കൈകൾ കൂട്ടിപിടിച്ചു അതിലേക്ക് ചുണ്ടുകൾ ചേർത്തു നിശബ്ദയായി കരഞ്ഞു .....

കുറച്ചു സമയം അമ്മയുടെയും മകളുടെയും ലോകമായിരുന്നു.... ഏറെ നേരത്തിനു ശേഷം അവളുടെ നെറുകയിൽ ചുണ്ടുകൾ പതിപ്പിച്ചു മാതു അമ്മ പിന്മാറുമ്പോൾ രാധുവിന്റെ കണ്ണുകൾ വീണ്ടും ജാനിയെത്തേടിയെത്തി... ""ചേച്ചി... എനിക്ക് ഒരു കാര്യം കൂടി ചേച്ചിയോട് പറയാനുണ്ട്....."" ""ഇടയ്ക്ക് നിങ്ങളൊക്കെ പറഞ്ഞിരുന്നില്ലേ ഒരു മദറിന്റെ കാര്യം... ഒരു ഓർഫനേജ് ഒക്കെ നടത്തുന്ന....."" ""മ്മ്....."" അതേ... എന്ന അർത്ഥത്തിൽ ജാനി ഒന്ന് മൂളി.... ""മദറിനെ എനിക്ക് ഒന്ന് കാണാൻ പറ്റുമോ?"" ""മദർ എറണാകുളത്താണ് മോളെ.. ഇങ്ങ് ബാംഗ്ലൂർ വരെ വരണ്ടേ? എന്താ ഇപ്പൊ മദറിനെ മാണാൻ?"" ""രുഗ്മിണി തങ്കച്ചി അവരുടെ എല്ലാ സ്വത്തുക്കളുടെയും അവകാശിയായി എന്നെയാ വച്ചേക്കുന്നത്. മരണശേഷം അതൊക്കെ എന്നിൽ വന്ന് ചേരും. പക്ഷെ.... അതൊന്നും എനിക്ക് വേണ്ട... ആരുടേയും കണ്ണുനീര് വീഴ്ത്തി ഉണ്ടാക്കിയ ഒരു രൂപ പോലും എനിക്ക് വേണ്ട. ഞാൻ അതൊക്കെ മദറിന് കൊടുത്താലോ എന്ന് ആലോചിക്കുവാ.... അവരുടെ ഓർഫനേജിന്റെ പേരിൽ..."" ""നല്ല തീരുമാനം... നന്മ ഉള്ളൊരു മനസുണ്ട് എന്ത് മോൾക്ക്... നല്ലതേ വരൂ....."" ജാനി അവളുടെ തലയിൽ ഒന്ന് തലോടി നെറുകയിൽ ചുംബിച്ചു.... ""ഞങ്ങൾ ഇന്ന് തിരികെ പോകും ട്ടൊ രാധു ....

ഒരു ചെകുത്താന്റെ ജന്മത്തിനെ കൂടെ നരകത്തിലേയ്ക്ക് പറഞ്ഞു വിടാനുണ്ട്...."" വിനോദിനെക്കുറിച്ച് ചിന്ദിച്ചപ്പോൾ ജാനി പോലും അറിയാതെ അവളുടെ മുഖത്തേയ്ക്ക് ദേഷ്യം ഇരച്ചു കയറിയിരുന്നു... ഒരു ദീർഘ നിശ്വാസമെടുത്തു അവൾ വീണ്ടും പഴയ അവസ്ഥയിലേയ്ക്കെത്തി ... ""രാധു പറഞ്ഞ കാര്യം ഞാൻ ശരത് സാറിനോട് പറയാം.. സാർ സംസാരിക്കും മദറിനോട്.."" ""ചേച്ചി....."" രാധു വീണ്ടും വിളിച്ചു.... എന്തോ ചോദിക്കാനുള്ളത് പോലെ.... പക്ഷെ ഇത്തവണ ചോദിക്കാൻ ഒരു മടി കൂടി ഉണ്ട്‌.... ""എന്താ രാധു ...? എന്തോ ചോദിക്കാനുണ്ടല്ലോ ..."" ""അത്... അത് പിന്നേ.... ചേച്ചിക്ക് കാവൂനെ അറിയോ?"" മടിച്ചു മടിച്ചു ചോദ്യം വന്നു.... ജാനി ഒന്ന് നെറ്റി ചുളിച്ചു അവളെ നോക്കി... ""ശരത് സാറിന്റെ....."" ബാക്കി പറയാതെ അവളൊന്നും നിർത്തി.. നോട്ടം കുറച്ചു മാറി മോഹനോട് സംസാരിച്ചു നിൽക്കുന്ന ശരത്തിലേയ്ക്ക് നീളുന്നത് കണ്ടു... ജാനിയുടെ കണ്ണുകളും ഒരു വേള അവളുടെ കണ്ണുകളെ പിന്തുടർന്നു .. അവളുടെ ചുണ്ടിൽ ഒരു നേർത്ത ചിരി വിരിഞ്ഞു... അത് മറച്ചു കൊണ്ടവൾ സംസാരിച്ചു തുടങ്ങി. ""ഇല്ല.... ഞാൻ അവിടെ എത്തുമ്പോൾ കാവു അവിടെ ഉണ്ടായിരുന്നോ.. അതോ അതിനും മുന്നേ മരണപ്പെട്ടുവോ? ഒന്നും അറിയില്ല.... ചോദിച്ചിട്ടില്ല ശരത് സാറിനോട്....

ഇപ്പോഴും കാവുവിനെ മാത്രം ഹൃദയത്തിൽ പേറി പ്രണയിക്കുന്ന ഒരാളിനോട് എങ്ങനെ അവളുടെ മരണത്തെക്കുറിച്ച് ചോദിക്കും...? ആ പേരുച്ചരിക്കുമ്പോഴേ കണ്ണുകളിൽ നിറയുന്ന വേദന ഞാൻ കണ്ടിട്ടുണ്ട്...."" ""എന്നിട്ടും... എന്നിട്ടും എന്തിനാ ദൈവം...? സ്നേഹിക്കാൻ മാത്രം അറിയുന്നവരെ ദൈവം അതിന് അനുവദിക്കാതിരിക്കുന്നതെന്താണ്....?"" ""ജീവിതം അങ്ങനെ ആണ് മോളെ....... അർഹതയുള്ളവർക്ക് സ്നേഹം പലപ്പോഴും കിട്ടാക്കനിയാണ്..... കിട്ടുന്നവർക്കോ അത് വേണ്ട താനും.....ചിലർക്ക് കിട്ടിയാൽ തന്നെ അതിന് അധികം ആയുസും ഉണ്ടാകാറില്ല...."" ""ഒരിക്കലും ഒന്നാകില്ല എന്നറിഞ്ഞിട്ടും ചിലർ സ്നേഹിക്കുന്നത് കണ്ടിട്ടില്ലേ...? ഉപാധികളില്ലാത്ത സ്നേഹം..... അത് അനന്തമാണ്.... ഒരാളുടെ ആഭാവത്തിലും അത് അറ്റമില്ലാതെ ഒഴുകിക്കൊണ്ടിരിക്കും..... അത് പോലെ തന്നെയാണ് ശർത്ത സാറും..."" ""ഒരുപാട് സ്നേഹിക്കുന്ന ഒരു പങ്കാളി ഒപ്പം ഉള്ളപ്പോഴും ആ മനസ്സ് അറിയാൻ ശ്രമിക്കാതെ ഇല്ലാത്ത സ്നേഹത്തിന് പിറകെ പോകുന്നവരുള്ള സമൂഹത്തിൽ ശരത് സാറിനെപ്പോലെ ചിലർ വേറിട്ട് നിൽക്കും....

എന്റെ ജയേട്ടനെപ്പോലെ ❤️ ആ ഹൃദയം ഇനി മറ്റൊരു പെൺകുട്ടിയ്ക്ക് വേണ്ടി മിടിക്കുമോ...? അറിയില്ല....."" ""ഭാഗ്യമില്ലാതായൊപ്പോയി ഇല്ലേ കാവുചേച്ചിക്ക്... ആ സ്നേഹം അനുഭവിക്കാൻ....."" മറുപടി പറയാതെ ജാനി പുഞ്ചിരി തൂകിയതെ ഉള്ളൂ..... ശരത്തിലേയ്ക്ക് നീളുന്ന രാധുവിന്റെ നോട്ടം ജാനിയുടെ ഉള്ളിൽ ഒരു നേരിയ തണുപ്പ് പടർത്തുന്നുണ്ടായിരുന്നു. ഇതിനോടകം ആൽവിയെപ്പോലെ ശരത്തും അവൾക്ക് പ്രിയപ്പെട്ട സഹോദര തുല്യനായി മാറിയിട്ടുണ്ടായിരുന്നു.... 🍁🍁🍁🍁🍁🍁 മുന്നിലേയ്ക്ക് നീക്കി വച്ച ബിരിയാണിയുടെ പൊതിയിലേയ്ക്കും ജാനിയുടെ മുഖത്തേയ്ക്കും വിനോദ് മാറി മാറി നോക്കി.... വായിൽ ഉമിനീർ ഉറവ പൊട്ടി.... മുന്നിലിരിക്കുന്ന കുപ്പിയിലെ വെള്ളത്തിനോട് പോലും വല്ലാത്തൊരാർത്തി തോന്നി അവന്..... പിന്നിലേയ്ക്ക് കെട്ടി വച്ചിരുന്ന ക്ഷീണിതമായ കൈകൾ കെട്ട് പൊട്ടിക്കാനായി അവൻ പോലും അറിയാതെ ചലിച്ചു തുടങ്ങി..... നോട്ടം വെള്ളത്തിലേയ്ക്കും പൊതിയിലേയ്ക്കും മാറി മാറി വീണു..... പീറ്ററേട്ടൻ അവന്റെ കയ്യിലെ കെട്ടുകൾ അഴിച്ച് കൊടുത്തു....

ഒരു കുതിപ്പിന് അവൻ മുന്നിലേയ്ക്കാഞ്ഞു.... പൊതി അവൻ കയ്യിലെടുക്കുന്നതിനു മുന്നേ ജാനി അത് കൈക്കലാക്കിയിരുന്നു... വിനോദ് കണ്ണുകൾ ഉയർത്തി അവളെ നോക്കി.... ആ ഭക്ഷണത്തിനായി അവൻ കണ്ണുകൾ കൊണ്ട് അവളോട് കെഞ്ചി..... ""വേണോ നിനക്കിത്...?"" ഭക്ഷണപ്പൊതി മുന്നിലേയ്ക്ക് നീട്ടി അവൾ ചോദിച്ചു .. വേണം എന്നവൻ തല ചലിപ്പിച്ചു.... അവന്റെ കണ്ണുകളിലും മുഖത്തും മിന്നി മറഞ്ഞ ഭാവങ്ങളിലൊക്കെ ആ ഭക്ഷണത്തോടുള്ള ആർത്തി മാത്രമായിരുന്നു..... ""കൊതി തോന്നുന്നുണ്ടോ വിനോദെ....?""ജാനി പുച്ഛത്തോടെ ഒന്ന് ചിരിച്ചു. ""ഒരിത്തിരി ഭക്ഷണത്തിന് വേണ്ടി... ഒരു തുള്ളി വെള്ളത്തിനു വേണ്ടി നീ ഇങ്ങനെ വിശന്നു പൊരിഞ്ഞു കൊതിയോടെ കാത്തിരിക്കുന്ന ഒരു ദിവസം എന്റെ അതിയായ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു.... എന്റെ പ്രതികാരങ്ങളിൽ ഒന്ന്....."" ""ബേക്കറികളുടെയും ഹോട്ടലുകളുടേയുമൊക്കെ മുന്നിൽ ചില്ല് കൂട്ടിലൂടെ പുറത്തേയ്ക്ക് കാണുന്ന ഭക്ഷണത്തിലേയ്ക്ക് നോക്കി കൊതിയോടെ നിൽക്കുന്ന കുഞ്ഞുങ്ങളെ കണ്ടിട്ടുണ്ടോ നീ....? അവരുടെ വേദന അറിഞ്ഞിട്ടുണ്ടോ....? വിശപ്പും ദാഹവും തളർത്തുമ്പോഴും അത് മുന്നിൽ കണ്ടിട്ടും കയ്യിൽ എത്താതിരിക്കുമ്പോൾ ഉള്ള ആ അവസ്ഥ ഉണ്ടല്ലോ....

അത്രയും വേദന തരുന്ന ഒരവസ്ഥ ജീവിതത്തിൽ മറ്റൊന്നും ഉണ്ടാകില്ല...."" ""നീ കാരണം... നീ കാരണം അതേ വേദന അറിഞ്ഞ എത്രയോ കുഞ്ഞുങ്ങൾ....! ഒരു തവണ... ഒരേ ഒരു തവണയെങ്കിലും ആ വേദന നീയും അറിയണം എന്ന വല്ലാത്തൊരു മോഹം ഉണ്ടായിരുന്നു... അതാണിപ്പോൾ സഭലമായത്...."" ""അറിയുന്നുണ്ടോടാ ആ കുഞ്ഞുങ്ങളുടെ വേദന നീയിപ്പോ...? മനസിലാക്കുന്നുണ്ടോ ടാ.... കുറെ പിഞ്ചു കുഞ്ഞുങ്ങളെ വിറ്റ് നീയുണ്ടാക്കിയ കാശ് കൊണ്ട് വിശന്നു പൊരിഞ്ഞപ്പോ ഒരു പിടി ചോറ് വാങ്ങാൻ കഴിഞ്ഞോ നിനക്ക്? ജീവിതം ഇങ്ങനെ ആണ് വിനോദെ... ഇന്ന് നീ.. നാളെ ഞാൻ..... അതാണ്‌ ജീവിതനിയമം.... അത് ഓർക്കണമായിരുന്നു നീ.... ഇനി ഓർത്തിട്ടും പ്രയോജനമില്ല... ഒരുപാട് വൈകിപ്പോയി....."" ജാനകി കയ്യിൽ ഇരുന്ന ബിരിയാണി വിനോദിന് മുന്നിലേയ്ക്ക് നീട്ടി പിടിച്ചു.... ""കഴിക്ക്.... നിന്റെ അവസാനത്തെ ആഹാരം....."" ജാനകിയുടെ വാക്കുകൾ വിനോദ് കേട്ടില്ല.... അവൻ അവളുടെ കയ്യിൽ നിന്നും പൊതി തട്ടിപ്പറിക്കുന്നത് പോലെ വാങ്ങി. നിലത്തു പടഞ്ഞിരുന്നു.... പൊതി വലിച്ചു തുറന്ന് വായിൽ കൊള്ളൂന്നതിനേക്കാൾ അധികം വായിലേയ്ക്ക് കുത്തി കയറ്റി വിഴുങ്ങി...... രുചി അവൻ അറിഞ്ഞില്ല... വിശപ്പ്... വിശപ്പ് മാത്രം....!!

നിമിഷ നേരത്തിനുള്ളിൽ അവൻ ആഹാരവും മുഴുവൻ വെള്ളവും അകത്താക്കി. ""നീ അറിഞ്ഞോ...? നീ കാരണം അച്ഛനമ്മമാരെ നഷ്ടമായ കുട്ടികളിൽ അധികം പേരും അവരുടെ വീടുകളിൽ തിരികെ എത്തിക്കഴിഞ്ഞു.... കൂട്ടത്തിൽ എന്റെ അപ്പൂസും.... നിന്റെ കൂട്ടാളികളിൽ പലരും ഇപ്പോൾ ജയിലിൽ ആണ്... ബാക്കി ഉള്ളവരെ തിരഞ്ഞു കൊണ്ടിരിക്കുന്നു.... ഉടനെ കിട്ടും...."" നാളുകൾക്ക് ശേഷം മനസ്സും വയറും നിറഞ്ഞു ഭക്ഷണം കഴിച്ചതിന്റെ സന്തോഷത്തിൽ ഇരുന്ന വിനോദ് ഞെട്ടലോടെ ജാനിയെ നോക്കി.... ""അത് മാത്രം അല്ലാന്നെ.... മറ്റൊരു സന്തോഷ വാർത്ത കൂടിയുണ്ട്.... അത് ഇവനോട് പറഞ്ഞോ പീറ്ററേട്ടാ...?"" മോഹൻ പീറ്ററേട്ടനെ നോക്കിക്കൊണ്ട് വിനോദിനരികിലേയ്ക്ക് നടന്നു ചെന്നു. ""പിന്നേ... അത് വളരെ പ്രധാനപ്പെട്ട വാർത്തയല്ലേ...? ഒക്കെ അപ്പപ്പോൾ അറിയിച്ചിട്ടുണ്ട്...."" ""ഹാ... അത് നന്നായി.... നിന്റെ പ്രിയപ്പെട്ട രുക്കു അമ്മയ്ക്കും ഡോക്ടർ സാറിനും കിട്ടാനുള്ളതൊക്കെ കിട്ടിയിട്ടുണ്ട്. ഇനി നിന്റെ ഊഴം ആണ്. ഇപ്പൊ നിനക്ക് നൽകിയ ആഹാരം എന്തിനാണെന്ന് അറിയുമോ? നിന്റെ അവസ്ഥ കണ്ടപ്പോഴുള്ള ദയ കൊണ്ടാണെന്ന് കരുതിയോ...? വിശപ്പിന്റെ ആധിക്യവും ക്ഷീണവുമൊക്കെ കാരണം ഒന്ന് സംസാരിക്കാൻ പോലും അശക്തനായിരുന്നു നീ....

ഞങ്ങൾക്ക് പോരാ.... നീ ഉറക്കെ ഉറക്കെ നിലവിളിക്കുന്നത് കേൾക്കണം ഞങ്ങൾക്ക് ....."" മോഹൻ ദേഷ്യത്തോടെ അവനരികിലേയ്ക്ക് വന്ന് കുനിഞ്ഞിരുന്ന മുഖം അവന്റെ മുടിയിൽ പിടിച്ചു വലിച്ചുയർത്തി.... ""നീ ഒരു പെണ്ണാണ്... നിനക്ക് എന്നെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് ഒരിക്കൽ നീ പറഞ്ഞത് ഓർക്കുന്നുണ്ടോ....? ശെരിയാണ്... അന്ന് എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു. അച്ഛന്റേം അമ്മേടേം തണലിൽ വളർന്ന മകൾ.... വിവാഹ ശേഷം ഭർത്താവും കുഞ്ഞുമാണ് എന്റെ ലോകം എന്ന് ചിന്തിച്ചിരുന്ന ഒരു സാധാരണ വീട്ടമ്മ.... നിന്നെപ്പോലെ ഒരു ചെകുത്താന്റെ കൂർമ ബുദ്ധിക്ക് മുന്നിൽ വിവേകത്തോടെ ഒന്ന് ചിന്തിക്കാൻ പോലും അന്നെനിക്ക് കഴിയുമായിരുന്നില്ല.... ഒട്ടും ബോൾഡ് അല്ലാത്ത അധികം ലോക പരിചയം ഇല്ലാത്ത ഒരു സാധാരണ നാട്ടിൻ പുറത്ത്കാരിപ്പെണ്ണിനെ എങ്ങനെ മാനസികമായി തളർത്താമെന്നു നിനക്ക് വ്യക്തമായി അറിയാമായിരുന്നു.... അതിൽ നീ വിജയിക്കുകയും ചെയ്തു...."" ""ഒരു മനുഷ്യനെ ഭീരുവും ധീരനുമാക്കുന്നത് അനുഭവങ്ങൾ ആണല്ലോ....? രുഗ്മിണിയുടെ അടുക്കൽ നിന്നും എനിക്ക് ഉണ്ടായ അനുഭവങ്ങൾ എന്റെ മനസ്സിനും ധൈര്യം പകർന്നു...

ആ വീട്ടിലെ നാല് ചുവരുകൾക്കുള്ളിൽ പ്രതിധ്വനിച്ചിരുന്ന നിലവിളി ശബ്ദങ്ങൾ എന്റെ ഉള്ളിൽ നിറച്ചത് നിന്നെ ഉൾപ്പെടെ എല്ലാത്തിനെയും കൊന്ന് കളയാനുള്ള പകയാണ്... സ്വബോധം നഷ്ടമാകുന്നത് വരെ ഒരവസരം കിട്ടിയാൽ രുഗ്മിണിയെ കൊല്ലണം എന്ന് തന്നെയാണ് ഉറപ്പിച്ചിരുന്നതും.... പക്ഷെ ദൈവം നിങ്ങളുടെ പതനത്തിനായി അതിലും മികച്ചൊരു സ്ക്രിപ്റ്റ് ഒരുക്കി വച്ചിരുന്നു.....ഇപ്പൊ അത് ക്ലൈമാക്സിലേയ്ക്ക് എത്തി നിൽക്കുവാണ്‌ ..."" ""ഒരു പെണ്ണിന് എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് ഇപ്പൊ നിനക്ക് മനസിലായിട്ടുണ്ടാകും അല്ലെ?"" ഉത്തരം പറഞ്ഞില്ല വിനോദ്.... അവന്റെ കണ്ണുകൾ ആ മുറിയുടെ ഓരോ ഭാഗത്തും ചുറ്റിനും നിൽക്കുന്നവരുടെ മുഖത്തും പാഞ്ഞു നടപ്പുണ്ടായിരുന്നു... തന്റെ മരണത്തിലേയ്ക്കായി അവൾ എന്താണ് കരുതി വച്ചിരിക്കുന്നത് എന്ന ചിന്ത അവന്റെ ഉള്ളിലാകെ ഭയം നിറയ്ക്കുന്നുണ്ടായിരുന്നു ""നീ അന്വേഷിക്കുന്നത് എന്തിനെയാണ് വിനോദെ.. നിന്റെ മരണത്തിനെയോ...? ഇനിയും ഞാൻ നിന്നെ നിരാശനാക്കുന്നില്ല.... നിന്റെ മരണ ദൂതന്മാരെ വിളിക്കാം അല്ലെ....?"" വിനോദിന്റെ കണ്ണുകളിലെ പിടപ്പ് വർധിച്ചു... വല്ലാത്തൊരു പരവേശം ശരീരമാകെ വ്യാപിക്കുന്നതറിഞ്ഞു അവൻ .... നേർത്ത മുരൾച്ചയുടെ ശബ്ദം കേട്ട് വിനോദ് ഒന്ന് വിരണ്ടു... കണ്ണുകൾ ജാനിയ്ക്ക് പിറകിലേയ്ക്ക് സഞ്ചാരിച്ചു....

ജാനിയ്ക്ക് പിറകിലായി രണ്ട് നായ്ക്കൽ...! ഇപ്പോൾ അവ ചങ്ങലപ്പൂട്ടിലാണ്... ആ ചങ്ങല ആൽവിന്റെ കയ്യിൽ ഭദ്രവും....! വല്ലാത്ത ശൗര്യം ഉണ്ട്‌ രണ്ടിനും... തിളങ്ങുന്ന കണ്ണുകൾ.... മുരളുമ്പോൾ പുറത്തേയ്ക്ക് തെളിഞ്ഞു കാണുന്ന മൂർച്ചയുള്ള പല്ലുകൾ കാണുമ്പോൾ അവ വിനോദിനെ നോക്കി ക്രൂരമായി ചിരിക്കുകയാണെന്ന് തോന്നും.... അധികം ഉയരമോ വണ്ണമോ ഒന്നും ഇല്ലാ... പക്ഷെ രണ്ടിന്റെയും മുഖത്ത് വല്ലാത്തൊരു രൗദ്ര ഭാവമുണ്ട്..... വിനോദിലെ ഭയം ഉച്ചസ്ഥായിയിൽ എത്തിയിരുന്നു.... ശരീരം ആകെ വിറയ്ക്കുന്നത് പോലെ.... ഹൃദയമിടിപ്പ് കാതിൽ കേൾക്കാം.... നെറ്റിയിൽ ഉരുണ്ടു കൂടിയ വിയർപ്പ് കണങ്ങൾ ചെന്നിയിലൂടെ ഒഴുകി തുടങ്ങി.... ഒന്ന് ഉമിനീർ വിഴുങ്ങി അവൻ വീണ്ടും അവറ്റകളെ നോക്കി.... ""നിനക്ക് ഞാൻ കാത്ത് വച്ച സമ്മാനമാണ്.... ഇന്നലെ ഒന്നും കഴിച്ചിട്ടില്ല പാവങ്ങൾ... നല്ല വിശപ്പ് കാണും.... ഇന്ന് അവർക്കുള്ള സദ്യയാണ് നീ...."" ""പേടി തോന്നുന്നടുണ്ടോ വിനോദെ...?"" ഭയം കാരണം വിനോദിന്റെ കണ്ണുകൾ പുറത്തേയ്ക്ക് ഉന്തി നിന്നു...ശ്വാസം നിലച്ചു പോയത് പോലെ കാലുകൾ നിശ്ചലമായിരിക്കുന്നു.... ശരീരം ആകെ തളരുന്നു..... ഇപ്പോൾ ഇവയുടെ ക്രൗര്യത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ തന്റെ ശരീരത്തിനു തീരെ ശക്തി ഇല്ലാ എന്ന് അവൻ ഭയപ്പാടോടെ ഓർത്തു..... കടിച്ചു കീറുമ്പോൾ നിലവിളിക്കാൻ അല്ലാതെ ഒരു ചെറുത്ത് നിൽപ്പിനു പോലും താൻ ആശക്തനാണ്....വിനോദിന്റെ ഉള്ളം കിടുങ്ങി................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story