തമസ്സ്‌ : ഭാഗം 51

thamass

എഴുത്തുകാരി: നീലിമ

ഭയം കാരണം വിനോദിന്റെ കണ്ണുകൾ പുറത്തേയ്ക്ക് ഉന്തി നിന്നു...ശ്വാസം നിലച്ചു പോയത് പോലെ കാലുകൾ നിശ്ചലമായിരിക്കുന്നു.... ശരീരം ആകെ തളരുന്നു..... ഇപ്പോൾ ഇവയുടെ ക്രൗര്യത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ തന്റെ ശരീരത്തിനു തീരെ ശക്തി ഇല്ലാ എന്ന് അവൻ ഭയപ്പാടോടെ ഓർത്തു..... കടിച്ചു കീറുമ്പോൾ നിലവിളിക്കാൻ അല്ലാതെ ഒരു ചെറുത്ത് നിൽപ്പിനു പോലും താൻ ആശക്തനാണ്.... തന്റെ മുന്നിലൂടെ ഓരോരുത്തരായി പുറത്തേയ്ക്ക് പോകുന്നത് കണ്ടു വിനോദ്. നായ്ക്കളെ സ്വാതന്ത്രരാക്കി ആൽവിനും പുറത്തേക്കിറങ്ങി. അവ രണ്ടും ജാനിക്കരികിലേയ്ക്കെത്തി ... അവളുടെ ഗന്ധം ആസ്വദിച്ചു അവൾക്കരികിലായി ഒന്ന് ചുറ്റിതിരിഞ്ഞു. പിന്നേ നാവുകൾ പുറത്തേക്കുന്തി അനുസരണയോടെ അവൾക്ക് മുന്നിൽ ഇരുന്നു.... ജാനി കുനി ഞ്ഞു അവയ്‌ക്കരികിലായി ഇരുന്നു. രണ്ടിന്റെയും തലയിൽ കൈ വച്ചൊന്നു തലോടി.... കിതയ്ക്കുന്നത് പോലെ ശബ്ദം ഉണ്ടാക്കി വാലാട്ടി രണ്ടും തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു. ജാനി ഒന്ന് തല തിരിച്ചു പിറകിലേയ്ക്ക് നോക്കി.... വീണ്ടും നോട്ടം നായ്ക്കളിലേയ്ക്കെത്തി നിന്നു .... """""നിങ്ങൾക്കുള്ളതാണ്....""""" പറയുന്നതിനൊപ്പം എന്തിനോ ആക്ഞ നൽകി കണ്ണുകൾ ചലിച്ചു....

അവളുടെ ആക്ഞ കിട്ടിയത് പോലെ നായ്ക്കൾ മുന്നിലേയ്ക്ക് കുതിയ്ക്കുമ്പോൾ ഒരു ചെറു ചിരിയോടെ ജാനി എഴുന്നേറ്റു പുറത്തേയ്ക്ക് നടന്ന് കഴിഞ്ഞിരുന്നു.... 🖤🔥🖤🔥🖤🔥🖤 ഉള്ളിൽ നിന്നും ഉയർന്നു കേൾക്കുന്ന നിലവിളി ജാനിയിൽ വേദനയുടെ ഒരു നേർത്ത ലാഞ്ചന കൂടി സൃഷ്ടിച്ചില്ല... അവളുടെ കൺ മുന്നിൽ ഒരുപാട് മുഖങ്ങൾ മിന്നി മറഞ്ഞു.... ഒടുവിൽ അത് അവ്യക്തമായ കാവു എന്ന രൂപത്തിലേയ്ക്ക് വന്ന് നിൽക്കുമ്പോൾ അവൾ മിഴികൾ മുറുകെ പൂട്ടി.... മിഴിക്കോണിൽ നിന്നും രണ്ട് തുള്ളി അടർന്നു വീണു.... മറ്റുള്ളവരുടെ വേദന ഹരമാക്കിയവനോട് കണ്ണുനീർ ലഹരിയാക്കിയവനോടുള്ള പ്രതികാരം പൂർത്തിയാക്കിയതിന്റെ ചാരിദാർത്ഥ്യത്തിൽ നിന്നും ഉരുവായ രണ്ട് നീർതുള്ളികൾ...! 💫💫💫💫💫💫 അല്പ സമയത്തിന് ശേഷം ശരീരമാകെ ചോര ഒലിപ്പിച്ച ഒരു രൂപം കൂപ്പു കൈകളോടെ ഉള്ളിൽ നിന്നും പാഞ്ഞു വന്ന് അവളുടെ മുന്നിൽ നിന്നു.... അയാളുടെ മുഖം ആകെ വികൃതമായിരുന്നു... ശരീരമാകെ വിറയ്ക്കുന്നുണ്ടായിരുന്നു.... ജാനിയേക്കണ്ടു അവന്റെ പിറകിലായി ഓടി വന്ന നായ്ക്കൾ കുറച്ചു മാറി വിനോദിനെതന്നെ നോട്ടമിട്ടിരുന്നു... പുറത്തേക്കുന്തിയ അവയുടെ പല്ലുകളിലൂടെ വിനോദിന്റെ ചോര നിലത്തേയ്ക്കിറ്റു വീണു....

""""ജാനി..... രക്ഷിയ്ക്ക്.... വയ്യ...ഇനിയും.. വയ്യ..... അല്ലെങ്കിൽ.. കൊല്ല്... ഒറ്റയടിയ്ക്ക്... ഇങ്ങനെ... ഇഞ്ചിഞ്ചായി.... വയ്യ.... വേദന.... ആഹ്...."""" മുറിഞ്ഞു പോയി അവന്റെ വാക്കുകൾ.... അവനെ നോക്കിയില്ല ജാനകി... ഇരു കൈകളും മാറിൽ പിണച്ചു കെട്ടി ചുമരിനോട് തല ചേർത്തു വച്ച് കണ്ണുകളടച്ചു അതേ നിൽപ്പ് തുടർന്നു .... പ്രാണഭയം ശരീരത്തിനു ചിലപ്പോൾ ശക്തി പകരും.... ജീവൻ രക്ഷിക്കണമെന്ന ചിന്ത ക്ഷീണിതനായ വിനോദിന്റെ കാലുകൾക്കും ഊർജ്ജം പകർന്നു.... അവിടെ നിന്നിട്ടും പ്രയോജനം ഇല്ലാ എന്ന് മനസിലായപ്പോൾ നായ്ക്കളെ ഒന്ന് നോക്കി ഭയന്ന് വിറച്ചു കൊണ്ടവൻ പുറത്തേയ്ക്കോടി.... പിറകെ നായ്ക്കളും .... """""മോളെ.. അവൻ രക്ഷപെടും...."""" പീറ്ററേട്ടൻ പറഞ്ഞതും അവൾ കേട്ടില്ല എന്ന് തോന്നി. പ്രതികരണം ഇല്ലാത്തത് കൊണ്ടാകും പീറ്ററേട്ടനും അവന്റെ പിറകെ ഓടി... കുറച്ചു സമയത്തിന് ശേഷം ക്ഷീണിതനായി പീറ്ററേട്ടൻ മടങ്ങി വന്നു... അപ്പോഴും ജാനി അതേ നിൽപ്പ് തുടർന്നിരുന്നു.... """""പീറ്ററേട്ട.. അവൻ... ചത്തോ...?"""" ആൽവിയുടെ സ്വരം വിദൂരതയിൽ നിന്നെന്ന പോലെ ജാനിയുടെ കാതിലെത്തി .... """"ഇല്ല.... ആറ്റിലേയ്ക്ക് ചാടി.... രക്ഷപെടില്ല... നല്ല ഒഴുക്കുള്ള ആറാണ്... ഈ അവസ്ഥയിൽ അവന് നീന്തി രെക്ഷപെടാനൊന്നും പറ്റില്ല....

ബോഡി കൂടി കിട്ടുമോ എന്ന് സംശയമാണ്....""" പീറ്ററേട്ടൻ പറയുന്നത് കേട്ടു.... """"വേണ്ട... അതും മീനുകൾക്ക് ഭക്ഷണമാകട്ടെ....."""" വീണ്ടും ആൽവിയുടെ ശബ്ദം... എന്തിനോ വേണ്ടി ജാനിയുടെ ചുണ്ടുകൾ വിതുമ്പി...... പൊട്ടിക്കരച്ചിലോടെ അവൾ നിലത്തേയ്ക്കിരുന്നു.... ⚜️⚜️⚜️⚜️⚜️ അരുവിയിലേയ്ക്ക് ഇറങ്ങി നിൽക്കുന്ന ഒരു പാറയിലായി ഇരിക്കുകയായിരുന്നു ജാനി.... ഇരു കൈകളും പാറയിലേയ്ക്ക് കുത്തി കണ്ണുകൾ അടച്ച് എന്തോ ചിന്തയിലാണ്.... അരുവിയിലെ തണുത്ത ജലത്തിലേയ്ക്ക് ഇറക്കി വച്ച കാലുകൾ പതിയെ ഇളക്കുന്നുണ്ട്.... മോഹൻ അവൾക്കരികിലേയ്ക്ക് വന്നത് പോലും അവൾ അറിഞ്ഞില്ല.... """"ജാനി...."""" മോഹന്റെ നേരിയ ശബ്ദം പോലും അവളിൽ ഞെട്ടൽ ഉളവാക്കി.... കണ്ണുകൾ തുറന്ന് നോക്കുമ്പോൾ മുന്നിൽ മോഹനെക്കണ്ടു അവളുടെ ഉള്ളൊന്നു പിടച്ചു.... ആ വരവിന്റെ ഉദ്ദേശം മനസിലാക്കി, നിറഞ്ഞു വന്ന കണ്ണുകൾ മോഹനിൽ നിന്നും മറയ്ക്കാനായി കുനിഞ്ഞിരുന്നു... """""എന്താടോ...? അവിടെത്തന്നെ ഇരിക്കുവാണോ? ഇങ്ങോട്ട് കയറി വന്നേ....""""" ചോദ്യത്തോടൊപ്പം അവൻ കൈ മുന്നിലേയ്ക്ക് നീക്കി പിടിച്ചു. നിരസിക്കാനായില്ല ജാനിയ്ക്ക്.... അവന്റെ കയ്യിൽ പിടിച്ചു കരയിലേയ്ക്ക് കയറി നിന്നവളുടെ മുഖത്തേയ്ക്ക് കുറച്ചു നിമിഷങ്ങൾ മോഹൻ നോക്കി നിന്നു....

"""""എന്താടോ? എന്തിനാ ഈ വിഷമം? ഇത്രയും വലിയ ശിക്ഷ വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ടോ? ചെയ്തതൊക്കെ അധികമായിപ്പോയി എന്ന് തോന്നുന്നുണ്ടോ...?""""" """"""ഇല്ല ജയേട്ടാ.... ഒന്നും.. ഒന്നും അധികമായിരുന്നില്ല....""""" ജാനിയുടെ മറുപടി ഉടനെ വന്നു... """""ഇതിലും കുറഞ്ഞൊരു ശിക്ഷ അവർക്ക് നൽകാൻ എനിക്ക് കഴിയില്ല.... സ്വബോധത്തിലേയ്ക്ക് മടങ്ങി വന്നപ്പോൾ മൂന്നിനെയും കൊന്നു കളയണം എന്ന് തന്നെയാണ് ആദ്യം തോന്നിയത്... പക്ഷെ പിന്നീട് എപ്പോഴോ നിയമം കയ്യിലെടുക്കുന്നത് ശെരിയാണോ എന്ന് ചിന്തിച്ചു... ആ ചിന്ത മാറ്റിയത് ശരത് സാറിന്റെ വാക്കുകളാണ്.... നിയമത്തിന്റെ വഴിയിലൂടെ സഞ്ചരിച്ചു അവർക്കെതിരെ എല്ലാ തെളിവുകളും നിരത്തിയിട്ടും നീതിയുടെ പടി വാതിൽ വരെ എത്തി തോറ്റു മടങ്ങിയവനാണ് ശരത് സാർ..... ശരത് സാർ നിരത്തിയ സാക്ഷികൾ അവസാന നിമിഷം കൂറ് മാറി. അവർക്കെതിരെ കണ്ടെത്തിയ തെളിവുകൾ കെട്ടിച്ചമച്ചവയാണെന്ന് വരുത്തി തീർത്തു.... നിയമപാലകനായിട്ടും തോറ്റു പോയി അദ്ദേഹം.. നിയമത്തിനു വേണ്ടത് തെളിവുകളാണ് ജയേട്ടാ... സത്യങ്ങൾ അല്ല....! പണം നൽകിയും ഭീഷണിപ്പെടുത്തിയും തെളിവുകളും സാക്ഷികളും ഇല്ലാതാക്കാൻ വരുണിനെ പോലെ ഉള്ളവർക്ക് സാധിക്കും .

അത് കൊണ്ടാണല്ലോ പല കേസുകളിലും സാക്ഷികൾ അവസാന നിമിഷം കൂറ് മാറുന്നത്. ഒന്നുകിൽ ഭീഷണി.. അല്ലെങ്കിൽ പണം.... ഇത് രണ്ടും അവർക്ക് നിഷ്പ്രയാസം കഴിയും. ഇപ്പോൾ മാധ്യമങ്ങളോടു സംസാരിച്ച പെൺകുട്ടികളുടെ ധൈര്യവും രുഗ്മിണി ജീവനോടെ ഇല്ല എന്നതും വരുൺ പ്രതികരിക്കാനാകാത്ത അവസ്ഥയിലാണ് എന്നതുമായിരുന്നു. അങ്ങനെ അല്ലായിരുന്നുവെങ്കിൽ എന്നോട് ചെയ്തത് പോലെ അവരുടെ ബന്ധങ്ങളെ മുന്നിൽ നിർത്തി അവരോടും ഭീഷണി മുഴക്കിയേനെ. ഇപ്പോൾ പറഞ്ഞതൊക്കെയും അവര് തന്നെ മാറ്റി പറഞ്ഞേനെ.... ശിക്ഷ കിട്ടില്ല ജയേട്ടാ... കാശിനു വേണ്ടി നീതിയും നിയമവും വളച്ചൊടിക്കാൻ കഴിവുള്ള ചില വക്കീലന്മാർ ഉള്ളപ്പോൾ അവരെപ്പോലുള്ളവർക്ക് അർഹിക്കുന്ന ശിക്ഷ കിട്ടില്ല.... ഇനി കിട്ടിയാൽത്തന്നെ വളരെ കുറച്ചു വർഷങ്ങളുടെ ശിക്ഷ മാത്രം....ജയിലിൽ തിന്നും കുടിച്ചും തടിച്ചു കൊഴുത്തു..... വേണ്ട.... അങ്ങനെ ജീവിക്കണ്ട അവരൊന്നും..... ചാകണം... ഇഞ്ചിഞ്ചായി വേദന അനുഭവിച്ചു ചാകണം...."""" """""അവിടെ എത്തുന്ന പെൺകുട്ടികൾ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ വേദന നിങ്ങൾക്കൊക്കെ ഊഹിക്കാൻ കഴിയുന്നതിലും അധികമാണ്. സ്വയം ഈ വഴി തിരഞ്ഞെടുത്തവരുണ്ടാകും...

രുഗ്മിണി തങ്കച്ചിയെപ്പോലെ ഉള്ളവർ... അവർക്കൊന്നും അത്തരമൊരു ജീവിതം വേദന നൽകുന്നുണ്ടാവില്ല... പക്ഷെ വിനോദിനെപ്പോലെ ഉള്ളവരുടെ ചതിയിലും കാപട്യത്തിലും അവിടെ ഇതിപ്പെടുന്നവരുടെ അവസ്ഥ അങ്ങനെ അല്ല.... മരണതുല്യമാണ് അവർക്കത്... അല്ല അതിലും ഭീകരം....!"""" """""തന്റെ അനുവാദം ഇല്ലാതെ മോശമായൊരു അർത്ഥത്തിൽ ഒരാൾ തന്റെ ശരീവരത്തിൽ തൊട്ടാൽ പോലും അറപ്പ് തോന്നും ഒരു സ്ത്രീയ്ക്ക്... അപ്പോൾ ദിവസം മുഴുവൻ പലരുടെയും ശാരീരിക പീഡനങ്ങൾ ഏറ്റു വാങ്ങുന്ന ഒരു സ്ത്രീയുടെ അവസ്ഥ ചിന്ദിക്കാൻ കഴിയുമോ?"""" """"""അവിടെ ഞാൻ അനുഭവിച്ചതൊന്നും എനിക്ക് ഓർമ ഇല്ലാ.... അത് ദൈവം എനിക്ക് നൽകിയ അനുഗ്രഹം... ഇല്ലെങ്കിൽ ആ ഓർമ്മകൾ മനസിലേറ്റി അതിന്റെ ചൂടേറ്റ് സ്വയം വെന്തുരുകി ജീവിക്കേണ്ടി വന്നേനെ എനിക്ക്... പക്ഷെ അവിടെ കണ്ട പല കാഴ്ചകളും ഇപ്പോഴും എന്റെ ഓർമയിൽ ഉണ്ട്‌.... ആദ്യമൊക്കെ മാതാപിതാക്കളെയും മക്കളെയും ഭർത്താവിനെയും സഹോദരങ്ങളേയുമൊക്കെ ഓർത്ത് കരഞ്ഞിരുന്ന പെൺകുട്ടികൾ പിന്നീട് കരഞ്ഞത് അവിടെ ജീവിച്ചു തീർക്കേണ്ടി വരുന്ന ഓരോ നിമിഷത്തെയും ഓർത്തായിരുന്നു. രാവെന്നോ പകലെന്നോ ഇല്ലാതെ ഏറ്റു വാങ്ങേണ്ടി വരുന്ന ശരീരികവും മാനസികവുമായ പീഡനങ്ങൾ... വാർത്തമാനത്തിലെയും ഭാവിയിലെയും ഓരോ നിമിഷങ്ങളെയും ഭയന്ന്.... ജീവിക്കാനും മരിക്കാനും കഴിയാതെ..... ഓർക്കാൻ കഴിയുന്നുണ്ടോ ആ അവസ്ഥ....?

മരിക്കാൻ ഭയമാണ്... ജീവിക്കാൻ അതിലും ഭയക്കണം എന്നുള്ള അവസ്ഥ...!!! അവരോരുത്തരുടെയും ശരീരവും മനസ്സും വേദനിച്ചതിന്റെ നൂരിലൊരംശം വേദന വിനോദോ വരുണോ രുഗ്മിണിയോ അറിഞ്ഞിട്ടില്ല ...."""" """""മക്കൾ നഷ്ടപ്പെട്ട മാതാപിതാകൾ അനുഭവിച്ച മനോവേദനയോളം വിനോദ് അനുഭവിച്ചിട്ടില്ല.... നൂറ് കണക്കിന് ജീവിതങ്ങൾ ഇല്ലാതാക്കിയവരാണ്... ശിക്ഷ കുറഞ്ഞു പോയീന്നെ തോന്നുന്നുള്ളൂ ജയേട്ടാ.... ഒട്ടും കൂടിയിട്ടില്ല.... അതോർത്തു എനിക്ക് വിഷമവും ഇല്ല..."""" """"പിന്നേ എന്താടോ... എന്താ തന്റെ പ്രശ്നം? ഇങ്ങനെ വെറുതെ ഇരുന്നു ഓരോന്ന് ചിന്തിച്ചു കൂട്ടുന്നതാണ് കുഴപ്പം.... കഴിഞ്ഞതോർത്തു വേദനിക്കരുത്... ഇനിയുള്ള ജീവിതത്തേക്കുറിച്ച് ചിന്തിക്ക്.... ഇനിയും താൻ ഇവിടെ മായയുടെ അമ്മാമ്മയുടെ വീട്ടിൽ നിൽക്കണ്ട. നമുക്ക് വീട്ടിലേയ്ക്ക് പോകാം. അവിടെ രണ്ട് പേര് തന്റെ വരവ് പ്രതീക്ഷിച്ചു ഇരിപ്പുണ്ട്. തന്റെ അമ്മയും അച്ഛനും..... മായ ഒക്കെ അവരോട് പറഞ്ഞു. അമ്മ ആകെ വിഷമത്തിലാ.. അപ്പൊ തുടങ്ങിയ കരച്ചിലാണ്. തന്നെ കണ്ടാലേ സമാധാനം ആകുള്ളൂ... കുഞ്ഞിയും ആകെ സന്തോഷത്തിലാണ്... ഇത്ര നാളും തന്നെക്കുറിച്ച് മോശം പറഞ്ഞ അമ്മ തന്നെ എന്തൊക്കെയോ കുഞ്ഞിയോട് പറഞ്ഞിട്ടുണ്ട്.

റോസമ്മയാണ് അവളുടെ അമ്മ എന്നറിഞ്ഞപ്പോൾ ആകെ ത്രിൽ അടിച്ച് നിൽക്കുവാണ് മോള്....താൻ വന്നേ... നമുക്ക് പോകാം..."""" ജാനിയുടെ കൈ പിടിച്ചു മോഹൻ മുന്നിലേയ്ക്ക് നടക്കാനൊരുങ്ങി. എന്നാൽ നിന്നിടത്തു നിന്നനങ്ങിയില്ല ജാനി... """""വേണ്ട ജയേട്ടാ.. ഞാൻ എങ്ങോട്ടും ഇല്ലാ....ജയേട്ടന്റെ ജീവിതത്തിലേയ്ക്ക് പഴയ ജാനിയായി കുഞ്ഞിയുടെ അമ്മയായി വരാൻ എനിക്ക് ഇനി ഒരിക്കലും കഴിയില്ല....""""" മോഹൻ അവളുടെ കയ്യിലെ പിടി വിട്ട് ഞെട്ടലോടെ ജാനിയെ നോക്കി.... കുറച്ചു നിമിഷങ്ങൾ അവളിൽ തന്നെ നോട്ടം തങ്ങി നിന്നു. പതിയെ ഞെട്ടൽ മാഞ്ഞു ഒരു നേർത്ത പുഞ്ചിരി വിരിഞ്ഞു... """"താൻ വന്നേ...."""" മോഹൻ കവളുടെ കൈ പിടിച്ചു അടുത്തൊരു കുഞ്ഞ് പാറയിലേയ്ക്കിരുത്തി ... അരികിൽ ഒന്നിലായി അവനും ഇരുന്നു.... """"എന്താ തന്റെ പ്രശ്നം....? തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ എനിക്ക് മനസിലാകും..... ഇങ്ങനെ ഒരവസ്ഥയിൽ താൻ പറയുന്നത് കേട്ട് തന്നെ ഞാൻ ഇവിടെ തനിച്ചാക്കി പോകും എന്ന് തനിക്ക് തോന്നുന്നുണ്ടോ?"""" ഇല്ലാ ജയേട്ടാ.... നിങ്ങൾ എന്നെ കൂടുതൽ ചേർത്ത് പിടിക്കുകയെ ഉള്ളൂ എന്നെനിക്കറിയാം... അതിനി ഏത് സാഹചര്യത്തിൽ ആണെങ്കിലും.... നിങ്ങളോളം ഇത്രയേറെ ഭ്രാന്തമായി സ്നേഹിക്കാൻ കഴിയുന്ന മറ്റൊരാൾ ഉണ്ടാകുമോ...? നിങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കാൻ എന്റെ ഉള്ളം കൊതിക്കുന്നുണ്ട്.... എന്റെ അസുഖമോ ഞാൻ ജീവിച്ച സാഹചര്യമോ ഒന്നും നിങ്ങൾക്ക് ഒരു വിഷയമാകില്ല എന്നറിയാം.....

നിങ്ങൾ സ്നേഹിച്ചത് എന്നെയായിരുന്നില്ലേ...? എന്റെ മനസിനെ... എന്റെ ആത്‍മവ് തൊട്ടറിഞ്ഞു.... ആ സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യം മാത്രം എല്ലായ്പ്പോഴും എനിക്ക് നിഷേധിക്കപ്പെടുകയാണല്ലോ.... അവളുടെ മനസ്സ് മൗനമായി കരഞ്ഞു.... """""ഒരു സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി വരാൻ പെട്ടെന്നൊന്നും തനിക്ക് കഴിയില്ല എന്നറിയാം. അതിന് തനിക്ക് കുറച്ചധികം സമയം വേണ്ടി വരും.... എത്ര സമയം വേണമെങ്കിലും തനിക് എടുക്കാം. ഇനി എന്നെ അംഗീകരിക്കാൻ തനിക്ക് കഴിഞ്ഞില്ല എങ്കിൽ അതും എന്നെ വേദനിപ്പിക്കില്ല. പക്ഷെ കുഞ്ഞി.... അവൾക്ക് ഒരമ്മയെ വേണം... മൂന്ന് വർഷം അവൾക്ക് നഷ്ടമായ ഒരമ്മയുടെ സ്നേഹം ഇനിയെങ്കിലും അവൾക്ക് കൊടുക്കണ്ടെടോ...? അവൾ അത് ഒരുപാട് ആഗ്രഹിക്കുന്നുണ്ട്..."""" """""തന്റെ അസുഖമാണ് പ്രശ്നം എങ്കിൽ .... ശരിയാണ്.. അത് വിഷമിപ്പിക്കുന്നത് ഒന്ന് തന്നെയാണ്.... പക്ഷെ ഇപ്പോൾ തന്റെ ഫിസിക്കൽ ഹെൽത്ത്‌ സ്റ്റേബിൽ ആണെന്നാണ് ഡോക്ടർ പറഞ്ഞത്. ശ്രദ്ധിക്കേണ്ടത് മെന്റൽ ഹെൽത്ത് ആണ്... ഇങ്ങനെ ഓരോന്ന് ചിന്തിച്ചു മനസ്സ് വിഷമിപ്പിക്കരുത്...... ആരോഗ്യത്തിൽ നന്നായി ശ്രദ്ധ ചെലുത്തിയാൽ.... പൂർണമായും ഒരു സാധാരണ ജീവിതം സാധയമല്ല എങ്കിലും..

സാധാരണ പോലൊരു ജീവിതം സാധ്യമാകും എന്ന് തന്നെയാണ് ഡോക്ടർ പറഞ്ഞത്. നഷ്ടമായ സന്തോഷം തിരികെ നേടാൻ ആകില്ല... പക്ഷെ ഇനിയുള്ള ജീവിതമെങ്കിലും... ആ സന്തോഷങ്ങൾ എങ്കിലും നഷ്ടമാക്കാതിരിക്കാമല്ലോ ജാനി.... നമ്മുടെ കുഞ്ഞിക്ക് വേണ്ടിയെങ്കിലും തനിക്ക് എന്റെ ഒപ്പം വന്നു കൂടെ...?""" ജാനിയുടെ കയ്യിൽ മൃദുവായി കൈതലം അമർത്തി അവളുടെ കണ്ണുകളിലേയ്ക്ക് ഉറ്റു നോക്കിയിരുന്നു മോഹൻ.... ഹൃദയത്തിൽ ആകമാനം ഒരു നോവ് പടർന്നു കയറുന്നതറിഞ്ഞു ജാനി... മനസ്സ് വല്ലാതെ കൊതിക്കുന്നു... ഈ നിമിഷം ഒപ്പം വരാൻ.... ഹൃദയം കേഴുന്നു... ആ സ്നേഹം... ആ സാമീപ്യം.. പക്ഷെ ഹൃദയത്തെക്കാൾ ബുദ്ധി പറയുന്നത് അനുസരിക്കണം.... വിവേകത്തോടെ ചിന്ദിക്കണം... ജയേട്ടന് വേണ്ടി... കുഞ്ഞി മോളുടെ നല്ല ഭാവിയ്ക്ക് വേണ്ടി.... ഹൃദയത്തിന്റെ വിങ്ങൽ ഒരു ദീർഘ നിശ്വാസത്തിൽ അടക്കി നിർത്തി കണ്ണുകൾ ഒന്നമർത്തി തുടച്ചു മുഖമുയർത്തി... """"അവൾക്ക് വേണ്ടി... അവൾക്ക് വേണ്ടിയാണ് ജയേട്ടാ ഇങ്ങനെ ഒരു തീരുമാനം...."""" """"കുഞ്ഞിയ്ക്ക് വേണ്ടിയോ...? തന്റെ ഈ തീരുമാനം മോൾക്ക് സന്തോഷം നൽകും എന്നാണോ താൻ ഈ പറയുന്നത്? എന്നാൽ ആ ചിന്ത തെറ്റാണ് ജാനി....""""" തീർത്തും ശാന്തമായിരുന്നു മോഹന്റെ സ്വരം...

""""""ഒരിക്കലും അല്ല.... ഞാൻ ജയേട്ടന്റെ ജീവിതത്തിൽ നിന്നും ഒരിക്കൽ പടിയിറങ്ങിയതാണ്.... അന്ന് പരിഹാസത്തോടെയും സഹതാപത്തോടെയുമുള്ള നോട്ടങ്ങളും ഒളിഞ്ഞും തെളിഞ്ഞുമുള്ള കുത്തുവാക്കുകളുമൊക്കെ കുറെ അറിഞ്ഞിട്ടുണ്ടാകുമല്ലോ....? ഇപ്പോൾ അതൊക്കെ എല്ലാപേരും മറന്നില്ലേ...? ജയേട്ടനെപ്പോലെ നല്ലൊരു മനുഷ്യനെ വിട്ടു പോയതിൽ എന്നെയാകും എല്ലാപേരും കുറ്റപ്പെടുത്തുന്നുണ്ടാവുക... കുഞ്ഞിയോടും എല്ലാപേർക്കും സ്നേഹവും വാത്സല്യവുമൊക്കെ ആകും.... ഇപ്പൊ നിങ്ങൾ അനുഭവിക്കുന്ന സന്തോഷങ്ങളെല്ലാം ഞാൻ കാരണം ഇല്ലാതാകാൻ പാടില്ല....""""" """""കേരളത്തിലെയും ബാംഗ്ലൂരിലെയും ഒരുവിധം എല്ലാ മീഡിയയും ഞങ്ങളുടെ ന്യൂസ്‌ കവർ ചെയ്തതാണ്... മുഖം മറച്ചിരുന്നു എങ്കിലും ആരെങ്കിലും എന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ....? അല്ലെങ്കിൽ തന്നെ മറ്റൊരുവനൊപ്പം ഇറങ്ങിപ്പോയവളല്ലേ ഞാൻ... ആ പേര് ദോഷം എനിക്ക് ഇപ്പോഴും ഉണ്ട്‌... അങ്ങനെ ഉള്ള ഞാൻ വീണ്ടും ജയേട്ടന്റെ ജീവിതത്തിലേയ്ക്ക് തിരികെ വന്നാൽ സമൂഹം ഒറ്റപ്പെടുത്തുന്നത് എന്നെ മാത്രം ആയിരിക്കില്ല... നിങ്ങളെ കൂടി ആയിരിക്കും.... ഞാൻ അവിടെ എത്തപ്പെട്ടത് എങ്ങനെ എന്ന് ആരും ചിന്ദിക്കില്ല... എന്നും കുറ്റക്കാരാവുക ഇരകൾ എന്ന് വിശേഷണം ചാർത്തി കിട്ടുന്നവരാണല്ലോ...?

വരുണിനോടും വിനോദിനോടും ക്ഷമിച്ചാലും ഞങ്ങളോട് സമൂഹം ക്ഷമിക്കില്ല.... ചീത്ത സ്ത്രീയായി മുദ്ര കുത്തപ്പെടും... ആട്ടി അകറ്റും.... മോശം സംസാരവും പരിഹാസവും ആക്ഷേപവുമൊക്കെ ജയേട്ടൻ സഹിക്കും. എനിക്ക് വേണ്ടി..... എന്നെ ചേർത്തു നിർത്തും... എനിക്ക് ആശ്വാസം പകരും.. ധൈര്യം പകരും..... ഞാനും നിങ്ങളും രണ്ടാല്ലാത്തത് കൊണ്ട് ജയേട്ടൻ അത് ചെയ്യും... പക്ഷെ കുഞ്ഞി....? അവൾ കുഞ്ഞാണ്.... ശെരിയും തെറ്റും പോലും തിരിച്ചറിയാൻ കഴിയാത്ത പ്രായം...."""" """""എന്നെപ്പോലെ ഒരാളുടെ മകളായതിന്റെ പേരിൽ അവൾ ഒറ്റപ്പെടും.... സ്കൂളിൽ പോലും...... അവളുടെ അമ്മ ചീത്തയാണെന്ന് പറഞ്ഞു അവളോട് കൂട്ട് കൂടരുത് എന്ന് കുട്ടികളുടെ മാതാപിതാക്കൾ അവരെ ചട്ടം കെട്ടും.... കാര്യം എന്താണെന്ന് പോലും അറിയാതെ എന്റെ കുഞ്ഞ് വേദനിക്കും.... ആ ഒറ്റപ്പെടലിന്റെ കാരണം അവൾ എല്ലാപേരോടും തിരക്കും.... അത് ഞാനാണ് എന്നറിയുമ്പോൾ..... അവൾക്ക് എന്നോട് ദേഷ്യം തോന്നും... എന്റെ കുഞ്ഞ് എന്നെ വെറുക്കും..... എന്നിലെ സത്യം അവളോട് ഒന്ന് പറഞ്ഞു കൊടുക്കാൻ പോലും കഴിയില്ല എനിക്ക്.... അതൊന്നും മനസിലാക്കാനുള്ള പ്രായം അവൾക്ക് ആയിട്ടില്ലല്ലോ....? അവൾ എന്നെ അകറ്റി നിർത്തിയാൽ ഈ നശിച്ച ജന്മം ഓർത്ത് എനിക്ക് വീണ്ടും കരയാനെ കഴിയൂ.... അതിനേക്കാൾ ഒക്കെ ഉപരി... അവളുടെ ഭാവി.... വളർന്നു വരുന്നൊരു പെൺകുട്ടിയാണവള്.... നല്ലൊരു വിവാഹബന്ധം പോലും എന്റെ കുഞ്ഞിന് കിട്ടില്ല....

ഞാൻ നിങ്ങളുടെ ഒപ്പം കൂടിയാൽ മൂന്ന് വർഷം ഞാൻ അനുഭവിച്ച വേദനകളെക്കാൾ അധികം ഇനിയുള്ള ജീവിതത്തിൽ അനുഭവിക്കേണ്ടി വരും.... ഞാൻ കാരണം എന്റെ ജയേട്ടന്റെയും കുഞ്ഞിയുടെയും ഇപ്പോഴുള്ള സന്തോഷങ്ങൾ കൂടി ഇല്ലാതായി എന്ന ചിന്ത ഞാൻ എന്നെത്തന്നെ വെറുക്കാനെ കാരണമാകുള്ളൂ.... ചിലപ്പോൾ ഈ ജീവിതം അവസാനിപ്പിക്കാൻ പോലും എനിക്ക് തോന്നിപ്പോകും.... വേണ്ട ജയേട്ടാ.... അതൊന്നും വേണ്ട.... അകന്ന് നിന്നായാലും എനിക്ക് നിങ്ങളുടെ സന്തോഷം കണ്ടാൽ മാത്രം മതി.... ജയേട്ടന്റെ സ്നേഹം എന്നും എന്നോടൊപ്പം ഉണ്ടാകും എന്നറിയാം.... അത് മതി എനിക്ക്... അത് മാത്രം....."""" പറഞ്ഞു നിർത്തി എഴുന്നേൽക്കുമ്പോഴും അവളുടെ കണ്ണുകൾ കലങ്ങിയിരുന്നില്ല.... ഒക്കെ നേരത്തെ തീരുമാനിച്ചുറപ്പിച്ചതായിരുന്നു എന്ന് മുഖഭാവത്തിൽ നിന്നും വ്യക്തമായിരുന്നു.... """""പിന്നേ നീ എങ്ങോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത്? റോസ് ആയിട്ട് ഇനിയും ഇവിടെ തന്നെ കഴിയാനാണോ...?""""" ചോദ്യത്തോടെ മായ അവർക്കരികിലേയ്ക്ക് നടന്നു വന്നു... ജാനിയെയും മോഹനെയും അന്വേഷിച്ചു അങ്ങോട്ടേക്ക് വന്നതായിരുന്നു ആൽവിയും മായയും...

""""ഇല്ല മായേച്ചി... റോസിന്റെ വേഷം ഞാൻ അഴിച്ചു വച്ചതാണ്. അത് ഇനി ഒരിക്കൽക്കൂടി ഞാൻ അണിയില്ല.... ഇനിയുള്ള ജീവിതം ഒരു വേഷംകെട്ടലും ഇല്ലാതെ ജാനിയായിത്തന്നെ ജീവിച്ചു തീർക്കണം.... അത് പക്ഷെ ഇവിടെ അല്ല... മദറിനോപ്പം... അവരുടെ ഓർഫനേജിൽ.... ഇവിടെ നിന്നും ഏറിയാൽ നാലോ അഞ്ചോ മണിക്കൂർ യാത്ര.... ഇടയ്ക്കൊക്കെ എനിക്ക് ജയേട്ടനെയും കുഞ്ഞിയെയും കാണുകയും ചെയ്യാം... ഇടയ്ക്ക് ഇത്തിരി സമയം അവളുടെ അമ്മയായി... അവളെ സ്നേഹിച്ചു കൊഞ്ചിച്ചു...അത്രയേ ഞാൻ മോഹിക്കുന്നുള്ളൂ... പറഞ്ഞതൊക്കെ ഒന്ന് കൂടി തിരുത്തി ഞാൻ റോസമ്മ തന്നെയാണ് എന്ന് പറഞ്ഞാൽ കുഞ്ഞി വിശ്വസിക്കും..."""" ജാനി സ്വയം ആശ്വസിക്കുകയായിരുന്നു. മുന്നിൽ നിൽക്കുന്ന ആളുടെ സ്നേഹം വേണ്ട എന്ന് വയ്ക്കുന്നത് മകൾക്ക് വേണ്ടിയാണെന്ന്..... """"""നമ്മുടെ സമൂഹവും സമൂഹത്തിന്റെ ചിന്ദാഗതികളും മാറാത്തിടത്തോളം എന്നെപ്പോലെ ഉള്ളവർക്ക് ഇങ്ങനെയെ തീരുമാനിക്കാൻ കഴിയൂ മായേച്ചി.... മായേച്ചി ഒന്നാലോചിച്ചു നോക്കൂ... അകന്ന് നിൽക്കുമ്പോഴാണ് സന്തോഷം കിട്ടുന്നതെങ്കിൽ ... സമാധാനം കിട്ടുന്നതെങ്കിൽ അടുക്കാതിരിക്കുന്നതല്ലേ നല്ലത്....? """"" ജാനിയുടെ ചോദ്യത്തിന് മറുപടി ഇല്ലാതെ നിന്നു പോയി മായ..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story