തമസ്സ്‌ : ഭാഗം 53

thamass

എഴുത്തുകാരി: നീലിമ

"""""സാധിക്കും... മോഹനും കുഞ്ഞിയ്ക്കുമൊപ്പം സന്തോഷം മാത്രം നിറഞ്ഞൊരു ജീവിതം ഉണ്ടാകും നിനക്ക്.... ഞങ്ങളുടെ എല്ലാം പ്രാർത്ഥനകൾ ഒപ്പം ഉള്ളപ്പോൾ ഇനി വേദനകൾ ഉണ്ടാവില്ല...."""""" പുഞ്ചിരിയോടെ ജാനിയുടെ കവിളിൽ തട്ടി മദർ പറയുമ്പോൾ ജാനിയുടെ ചുണ്ടും ഒരു നേർത്ത പുഞ്ചിരിയാൽ വിടർന്നു നിന്നു.... """"പക്ഷെ മദർ.... ഇപ്പോഴും ഒരു നൊമ്പരവും പെറിയാണ്‌ പോകുന്നത്. എനിക്ക് വേണ്ടിയാ ജയേട്ടൻ ഈ യാത്രയ്ക്ക് തയാറായത് എന്നറിയാം... ജനിച്ചു വളർന്ന നാടാണ്.. അമ്മയുടെ ആത്‍മാവുറങ്ങുന്ന മണ്ണ്....! ഇവിടം വിട്ട് പോകാൻ ഒട്ടും ആഗ്രഹിക്കുന്നുണ്ടാവില്ല... വേദനിക്കുന്നുണ്ടാവും പാവം... അല്ലെങ്കിലും ഞാൻ എന്നും വേദനിപ്പിച്ചിട്ടല്ലേ ഉള്ളൂ....."""" പറഞ്ഞു തീരുമ്പോഴേയ്ക്കും ചിരി മാഞ്‌ കണ്ണുകളിൽ നനവ് പടർന്നിരുന്നു.... """"ജാനി..""""" മദർ അവളുടെ മുഖം തനിക്ക് നേരെ ഉയർത്തി പിടിച്ചു. """"വേണ്ടാത്ത ചിന്തകൾക്ക് മനസ്സിൽ ഇടം കൊടുക്കരുത് മോളെ. എന്നെന്നേക്കുമായി ഈ നാട് ഉപേക്ഷിച്ചു പോകണം എന്നല്ല...... പക്ഷെ ഇപ്പൊ ഇവിടെ നിന്നും മാറി നിൽക്കുന്നതാണ് എന്ത്‌ കൊണ്ടും നല്ലത്... മോളുടെ മനസ്സിൽ ഇപ്പോൾ വലിയൊരു മുറിവുണ്ട്. ഒരുപാട് ആഴത്തിൽ ഉള്ളത്..... അതിന് മരുന്നാകാൻ മോഹന്റെയും കുഞ്ഞിയുടെയും സ്നേഹത്തിനും പ്രെസൻസിനും മാത്രമേ കഴിയൂ. ഇവിടെ നിന്നാലും ആ സ്നേഹം നിന്നോടൊപ്പം ഉണ്ടാകും.... ഒപ്പം മറ്റുള്ളവരുടെ പരിഹാസവും കേൾക്കേണ്ടി വരും...

എത്ര സ്നേഹം കൊണ്ട് മൂടിയാലും മറക്കാൻ ആഗ്രഹിക്കുന്നതൊക്കെ ഓർമയിൽ നിലനിർത്താനെ ആ കുത്തുവാക്കുകൾക്ക് കഴിയൂ... ഉള്ളിലെ മുറിവ് ഉണങ്ങാതെ നിൽക്കും.....കൂടുതൽ കൂടുതൽ വ്രണമാകും. അത് മോളുടെ ആരോഗ്യത്തെയും ആയുസ്സിനെയും ബാധിക്കും... കുറച്ചു നാൾ ഈ അന്തരീക്ഷത്തിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും ഒന്ന് മാറി നിന്നാൽ ഒക്കെ മറക്കാൻ കഴിയും നിനക്ക്... മോഹനും കുഞ്ഞിയും മോളും മാത്രമുള്ള നിങ്ങളുടെ കുഞ്ഞ് സ്വർഗത്തിന് ആ മുറിവ്കൾ ഒക്കെയും നിഷ്പ്രയാസം ഉണക്കാൻ കഴിയും.. മോശം ചിന്തകൾ പോലും വരാതെ തടയാനാകും.... കുറച്ചു നാൾ നിങ്ങളുടേത് മാത്രമായൊരു ലോകത്ത് ജീവിക്ക് മോളെ..... മനസൊക്കെ ഒന്ന് സ്വസ്ഥമായാൽ തിരികെ വരണം.... അപ്പോഴും കുത്തുവാക്കുകൾ പറയാൻ ആൾക്കാർ ഇവിടെ ഉണ്ടാകും. അന്ന് പക്ഷെ അതൊന്നും നിന്നെ അത്രയധികം വേദനിപ്പിക്കില്ല.... ഒപ്പം കുഞ്ഞിയും കുറച്ചു കൂടി കാര്യങ്ങൾ മനസിലാകുന്ന പ്രായത്തിലേയ്ക്കെത്തുകയും ചെയ്യുമല്ലോ...? കൂടുതൽ ഒന്നും മനസിലായില്ലെങ്കിലും ഇത്രയും തന്നെ സ്നേഹിക്കുന്ന അമ്മയെക്കുറിച്ച് മറ്റുള്ളവർ പറയുന്നത് വിശ്വാസത്തിൽ എടുക്കേണ്ട കാര്യമില്ല എന്ന് ചിന്ദിക്കാൻ എങ്കിലും ആ കുട്ടിയ്ക്ക് കഴിയും.... അത് കൊണ്ട് പോണം.. ഒരു മാറ്റം മോൾക്ക് ഇപ്പൊ അത്യാവശ്യമാണ്.... എന്നെന്നേക്കുമായി നാട് വിട്ട് പോവുകയാണെന്നൊന്നും കരുതണ്ട... തിരികെ വരണം... മനസൊക്കെ ഒന്ന് ശാന്തമായിട്ട്... ഞങ്ങളൊക്കെ ഇവിടെ കാത്തിരിക്കും....""""" ജാനിയുടെ നെറുകയിൽ ഒന്ന് തലോടി മദർ പറഞ്ഞു നിർത്തി......

മദറിന്റെ വാക്കുകൾ ജാനിയുടെ ഉള്ളിലും അല്പം ആശ്വാസം നിറച്ചു .... അവൾ ദീർഘമായൊന്നു നിശ്വസിച്ചു... മറന്നു പോയൊരു കാര്യം അപ്പോഴാണ് അവളുടെ ഓർമയിലേയ്ക്കെതിയത്... """മറ്റൊന്ന് കൂടി എനിക്ക് പറയാനുണ്ട് മദർ.... നമ്മുടെ ശരത് സാറിനെക്കുറിച്ചാണ്....""" എന്താണെന്ന് അറിയാനായി മദർ അവളെ നോക്കി നിന്നു. """രാധുവിന്റെ സംസാരത്തിൽ അവൾക്ക് ശരത് സാറിനോട് എന്തോ ഒരു പ്രത്യേക താല്പര്യം ഉള്ളതായി തോന്നിയിട്ടിട്ടുണ്ട്. അവൾ എന്നോടൊന്നും പറഞ്ഞിട്ടൊന്നുമില്ല... എന്തോ എനിക്ക് അങ്ങനെ തോന്നി. രാധുവും ശരത് സാറും വേദന അനുഭവിക്കുന്നവരാണ്.... അവർക്ക് പരസ്പരം ആശ്വാസമാകാൻ കഴിയില്ലേ മദർ...? മദർ ഒന്ന് അദ്ദേഹത്തിനോട് സംസാരിച്ചു നോക്കൂ... ഞാനോ ജയേട്ടനോ പറയുന്നതിനേക്കാൾ നല്ലത് മദർ പറയുന്നതല്ലേ....?"""" ജാനിയ്ക്ക് മറുപടി നൽകാൻ തുനിയുമ്പോഴാണ് മദറിന്റെ ശ്രദ്ധ ജാനിയ്ക്ക് പിറകിലായി വാതിൽക്കൽ നിൽക്കുന്ന രണ്ടു പേരിലേയ്ക്ക് മാറിയത് ... മോഹനും ശരത്തും... മദർ നോക്കുന്നത് കണ്ട് ജാനിയും തിരിഞ്ഞു നോക്കി...ഇരുവരും ജാനി പറഞ്ഞതൊക്കെ കേട്ടു എന്ന് വ്യക്തമാണ്... ശരത്തിന്റെ ചുണ്ടിൽ നേർത്തൊരു പുഞ്ചിരി സ്ഥാനം പിടിച്ചിട്ടുണ്ട്..... ജാനിക്ക് ശരത് കേട്ടു എന്ന് മനസിലായപ്പോൾ നേരിയൊരു ചമ്മൽ ആണനുഭവപ്പെട്ടത്. ആളിന്റെ പേർസണൽ ലൈഫിൽ താൻ ഇടപെടുന്നു എന്ന തോന്നൽ ഉണ്ടാകുമോ എന്ന ചിന്ത അവളുടെ മനസിലേയ്ക്ക് കടന്ന് വന്നു.

""""സാർ.. അത്... ഞാൻ.... എന്റെ ആൽവിച്ചായനെപ്പോലെ കരുതിയത് കൊണ്ട ഞാൻ....."""" ശരത്തിന്റെ മുഖത്ത് നോക്കാനുള്ള മടിയോടെ വിക്കി വിക്കി പറഞ്ഞു തീർത്തു... ശരത്തിന്റെ ചുണ്ടിലെ ചിരി കൂടുതൽ വിടർന്നു.... """""ആണോ...? ആൽവിച്ചായനെപോലെ ആണോ..? എങ്കിൽ പിന്നേ എന്തിനാ ഈ സാർ വിളി..? നിങ്ങളോടൊക്കെ ഞാൻ പല തവണ പറഞ്ഞതാണ് ഈ സാർ വിളി ഒഴിവാക്കാൻ.... അത് കേൾക്കുമ്പോഴേ വല്ലാത്തൊരു അകൽച്ചയാ തോന്നുന്നത്.... ഞാൻ ദേ മോഹനേട്ടാന്നും ആൾവിച്ചായാന്നും ഒക്കെ വിളിച്ചു തുടങ്ങി.... അത് നിങ്ങളൊക്കെ എന്റെ പ്രിയപ്പെട്ടവരാണെന്ന് തോന്നൽ ഉള്ളത് കൊണ്ട് തന്നെയാണ്.... അത് കൊണ്ട് ഈ സാർ വിളി മതിയാക്കി ശരത് എന്ന് വിളിച്ചാൽ മതി ഇനി മുതൽ....... മോഹനേട്ടനെക്കൊണ്ട് എന്തായാലും ഞാൻ ശരത് എന്ന് വിളിപ്പിച്ചിട്ടുണ്ട്...."""" പറഞ്ഞു കൊണ്ട് ശരത് മോഹന്റെ തോളിലൂടെ കൈ കടത്തി ചേർത്ത് നിർത്തി... മോഹനും പുഞ്ചിരിയോടെ നിന്നു. തമ്മിൽ അധികം പ്രായവെത്യാസം ഒന്നും ഉണ്ടാവില്ല... എന്നാലും ശരത് എന്ന് വിളിക്കാൻ വല്ലാത്തൊരു മടി തോന്നി ജാനിയ്ക്ക്.... ആലോചിച്ചു നിൽക്കുമ്പോൾ ശരത് വീണ്ടും പറഞ്ഞു തുടങ്ങിയിരുന്നു.... """"പിന്നേ താൻ ഇപ്പോൾ പറഞ്ഞതിനെക്കുറിച്ച്... മനസ്സ് ഇപ്പോഴും കാവുവിനോപ്പം നിൽക്കുമ്പോൾ എങ്ങനെയാ ജാനി ഞാൻ...."""" തന്റെ മനസ്സ് എങ്ങനെയാണ് മനസിലാക്കിക്കൊടുക്കേണ്ടത് എന്നറിയാതെ ഒരു നിമിഷം ശരത് നിശബ്ദനായി...

""""ഈ ആത്‍മവ് എന്നത് സത്യമാണോ എന്നെനിക്ക് അറിയില്ല... അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ കാവുവിന്റെ ആത്‍മാവ് ഇപ്പോഴും ശരത് അവളെ ഓർത്ത് വിഷമിച്ചിരുന്നാൽ വേദനിക്കുകയെ ഉള്ളൂ..."""" ജാനിയ്ക്കുള്ള മറുപടിയായി ശരത്തിന്റെ ചുണ്ടുകൾ വീണ്ടും പുഞ്ചിരിച്ചു.... """"അതിന് ഞാൻ അവളെ ഓർത്ത് വിഷമിക്കുന്നു എന്നു ആരാ പറഞ്ഞത്? അവളെ ഓർത്ത് ഞാൻ വിഷമിച്ചിട്ടുണ്ട്.... പക്ഷെ ഇപ്പൊ അവളുടെ ഓർമ്മകൾ മാത്രമേ എന്നെ സന്തോഷിപ്പിക്കാറുള്ളൂ എന്നതാണ് സത്യം... ജാനി പറഞ്ഞത് പോലെ മരണാനന്തര ജീവിതം എന്നൊന്ന് ഉണ്ടോ എന്നെനിക്ക് അറിയില്ല. ഈ സിനിമകളിലും കഥകളിലുമൊക്ക പറയുന്നത് പോലെ കാറ്റായും മഴയായും ഗന്ധമായുമൊന്നും ആ സാമീപ്യം എനിക്ക് അനുഭവവേദ്യമായിട്ടുമില്ല.... പക്ഷെ ദിവസവും അവളുടെ ഫോട്ടോയിലേയ്ക്ക് നോക്കി സംസാരിച്ചിരിക്കുമ്പോൾ കിട്ടുന്ന സന്തോഷം ഉണ്ടല്ലോ... അത് തരാൻ മറ്റൊന്നിനും കഴിയില്ല... കാവു ഇല്ലാ എന്ന് വിശ്വസിക്കാൻ ഇപ്പോഴും എന്റെ മനസ്സ് തയാറാകാത്തിടത്തോളം ഞാൻ എങ്ങനെ ആ സ്ഥാനത്തു മറ്റൊരാളെക്കുറിച്ച് ചിന്ദിക്കും...? എന്ന് കരുതി ജീവിതകാലം മുഴുവൻ കാവുവിനെ മാത്രം ഓർത്തിരിക്കും എന്നൊന്നും ഞാൻ പറയുന്നില്ല.... ആ ഓർമ്മകൾ ആഴത്തിൽ വേരൂന്നിയിട്ടുണ്ട്... അത് പറിച്ചു മാറ്റുക അസാധ്യമൊന്നും ആവില്ല... പക്ഷെ അതിന് കുറച്ചധികം അധ്വാനം വേണ്ടി വരും.... കുറച്ചധികം സമയവും.... പൂർണമായും മറക്കാൻ ഒന്നും കഴിയില്ല... എപ്പോഴെങ്കിലുമൊക്കെ ആ ചിന്തകൾ തള്ളിക്കയറി വരും എന്നുമറിയാം.... മറ്റൊരാളെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയാൽ കാവുവിന്റെ ഓർമ്മകൾ ഒപ്പം ഉള്ള ആളിന് വേദന ആകാൻ പാടില്ലല്ലോ....

ജീവിതത്തെ ബാധിക്കാത്ത രീതിയിൽ അത്തരം ചിന്തകളെ അടക്കി നിർത്താൻ എന്റെ മനസ്സ് പാകപ്പെടണം......അങ്ങനേ ഒരവസ്ഥയിലേയ്ക്ക് മനസ്സിൽ എത്തിപ്പെട്ടാൽ.... അത് എനിക്ക് ബോധ്യമായാൽ അന്നേ ഞാൻ ഒരു കൂട്ടിനെക്കുറിച്ച് ചിന്ദിക്കുകയുള്ളൂ.... ഒരു പരീക്ഷണാർത്ഥം മറ്റൊരാളെ ഒപ്പം കൂട്ടി വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല ജാനി..."""" പറഞ്ഞു നിർത്തുമ്പോഴും ശരത്തിന്റെ ചുണ്ടിൽ അതേ പുഞ്ചിരി മായാതെ നിന്നിരുന്നു.... ശരത്തിന്റെ വാക്കുകൾ ശ്രവിച്ചു നിന്നവർക്കാർക്കും അവനോട് എന്താണ് പറയേണ്ടത് എന്നറിയുമായിരുന്നില്ല.... ജാനി മാത്രം മുന്നിലേയ്ക്ക് വന്നു. """"രാധു എന്നെങ്കിലും അവളുടെ ഉള്ളിലെ ഇഷ്ടം എന്നോട് പറഞ്ഞാൽ ഇപ്പോൾ പറഞ്ഞതൊക്കെയും ഞാൻ അവളോട് പറയും.. കാത്തിരിക്കാൻ അവൾ തയാറാണെങ്കിൽ അവളെ ഞാൻ തടയില്ല...."""" പുഞ്ചിരിയോടെ മുന്നിൽ നിന്നു പറയുന്ന ജാനിയെ കുറച്ചു നിമിഷങ്ങൾ അവൻ നോക്കി നിന്നു....ജാനിയ്ക്കുള്ള മറുപടി നൽകിയില്ല ശരത്... അതേ പുഞ്ചിരിയോടെ തിരിഞ്ഞു നടന്നു.... 🍁🍁🍁🍁🍁🍁🍁 നാട്ടിൽ നിന്നും പോകുന്നതിൽ ഏറെ വേദന കുഞ്ഞിയ്ക്കായിരുന്നു. അവളുടെ കൂട്ടുകാരി ലെച്ചുവിനെ പിരിയുന്നത് ഓർത്തിട്ട്... ഒടുവിൽ പോകുന്നതിനു മുൻപ് യാത്ര പറയാൻ ലെച്ചുവിന്റെ വീട്ടിലേയ്ക്കും പോകേണ്ടി വന്നു. ലെച്ചുവിനെ കണ്ട ഉടനെ കുഞ്ഞി ഓടിപ്പോയി കെട്ടിപിടിച്ചു... പിന്നേ വിശേഷം പറച്ചിലായിരുന്നു ഏറെ നേരം....

കുഞ്ഞി എന്നെ കെട്ടിപിടിച്ചു എന്റെ അമ്മയാണ് എന്ന് പറഞ്ഞപ്പോൾ ലെച്ചുവിന്റെ കുഞ്ഞ് കണ്ണുകളിൽ ഒരു നൊമ്പരം നിറയുന്നത് കണ്ടു... ഒപ്പം "കുഞ്ഞിയ്ക്ക് അപ്പൊ അച്ഛനേം അമ്മേം കിട്ടി ല്ലേ? " എന്നൊരു ചോദ്യവും.... അത് കേട്ടപ്പോൾ വല്ലാത്തൊരു നീറ്റലായിരുന്നു നെഞ്ചിൽ.... ആ നീറ്റൽ എന്നെ വല്ലാതെ ഉലച്ചത് കൊണ്ടു തന്നെയാണ് ഒരു പുനർവിവാഹത്തേക്കുറിച്ച് ചിന്തിച്ചു കൂടെ എന്നൊരു ചോദ്യം കീർത്തിയോടായി എന്നിൽ നിന്നും ഉണ്ടായതും ... എന്റെ സ്ഥാനത്തു ജാനി ആയിരുന്നുവെങ്കിൽ മറ്റൊരു വിവാഹത്തേക്കുറിച്ച് ചിന്തിക്കുമായിരുന്നോ എന്നൊരു മറു ചോദ്യമാണ് എനിക്ക് അവളിൽ നിന്നും ലഭിച്ചത്... ഇല്ലാ എന്ന ഉത്തരം എന്റെ ഹൃദയം നോടിയിട കൊണ്ട് എനിക്കായി നൽകിയപ്പോൾ അതവളിലേയ്ക്ക് കൈമാറാൻ എന്റെ നാവുകൾക്ക് ശക്തി ഉണ്ടായിരുന്നില്ല.... എവിടെ നിന്നോ ലെച്ചു വേഗത്തിൽ ഓടി വന്ന് കീർത്തിയുടെ മടിയിലേയ്ക്ക് കയറി ഇരിക്കുന്നത് കണ്ടു... ഒപ്പം കീർത്തിയുടെ ഇരുകവിളിലും ചുണ്ടുകൾ ചേർക്കുകയും ചെയ്തു... """"അമ്മയോട് അങ്ങനെ ഒന്നും ചോയിക്കല്ലേ ജാനമ്മേ.... അമ്മയ്ക്ക് സങ്കടാവും.... അന്നാള് അമ്മാമ്മ പറഞ്ഞപ്പോ നിക്ക് വേറൊരു അച്ഛയെ തരാൻ അമ്മയോട് ചോയിച്ചെയ ഞാൻ.... അന്ന് രാത്രി ഞാൻ ഒറങ്ങിയപ്പോ അച്ചടെ ഫോട്ടോ പിടിച്ചിരുന്നു അമ്മ ഒത്തിരി കരഞ്ഞു.. ഞാൻ കണ്ടാരുന്നു.... ഒറങ്ങീല്ലാരുന്നു.... ലെച്ചുനും സങ്കടം വന്നു.... ലെച്ചു ചോയിച്ചോണ്ടല്ലേ അമ്മ കരഞ്ഞേ...

"""" """"നിക്ക് വേറെ അച്ഛായെ വേണ്ട അമ്മേ.... ന്റെ അമ്മയും അച്ഛായും ഒക്കെ അമ്മ തന്നെയാ... അത് മതി ലെച്ചൂന്..... ന്റെ അമ്മ കരയാതിരുന്ന മാത്രം മതി...."""" കുഞ്ഞ് നിറഞ്ഞ ചിരിയോടെ കീർത്തിയുടെ കഴുത്തിലൂടെ കൈ ചുറ്റി അവളുടെ കവിളിൽ വീണ്ടും ചുംബിക്കുന്നത് കണ്ടു... കീർത്തി വിതുമ്പികരഞ്ഞു കൊണ്ട് കുഞ്ഞിനെ മുറുകെ കെട്ടിപിടിച്ചു... അവളുടെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി.... അമ്മയുടെയും കുഞ്ഞിന്റെയും ആ ലോകത്ത് നിന്നും ഞാൻ പതിയെ പിൻവാങ്ങി.... എന്തിണെന്നറിയാതെ നിറഞ്ഞു നിന്ന കണ്ണുകളെ തുടച്ചു മാറ്റാതെ തന്നെ ജയേട്ടനരികിലേയ്ക്ക് നടന്നു.... 🍁🍁🍁🍁🍁🍁🍁🍁 മലേഷ്യയിൽ താമസമൊക്കെ മായയുടെ വീട്ടിൽ തന്നെ അറേഞ്ച് ചെയ്തു. മോഹന് അതിൽ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. ആരെയും ബുദ്ധിമുട്ടിക്കാൻ മോഹൻ ആഗ്രഹിച്ചില്ല എന്നതാണ് സത്യം. ഫ്ലാറ്റിനോട് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല... സൗകര്യത്തിന് ഒരു വീട് കിട്ടാൻ കുറച്ചു താമസം വേണ്ടി വരും എന്ന് പറഞ്ഞത് കൊണ്ട് മാത്രം ആൽവിയുടെ നിർബന്ധത്തിന് വഴങ്ങി മായയുടെ വീടിന്റെ മുകൾ നിലയിൽ താമസിക്കാൻ തീരുമാനിച്ചത് ... വലിയ വീടായിരുന്നു മായയുടെ അച്ഛന്റേത്.. മുകളിലെ നിലയിൽ തന്നെ രണ്ട് ഫാമിലിയ്ക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നു. അടുക്കളയും മറ്റ് സൗകര്യങ്ങളും ഒക്കെ മുകളിലും ഉണ്ട്‌.... കുഞ്ഞിയ്ക്ക് എന്തായാലും വീട് ഒത്തിരി ഇഷ്ടമായി. മുകളിലെ ബാൽക്കണിയിൽ നിന്നും താഴേയ്ക്ക് നോക്കുമ്പോൾ വിശാലമായ ഗാർഡനിൽ പല നിറത്തിലുള്ള പൂക്കൾ വിടർന്നു നിൽക്കുന്നത് കാണാം... പൂക്കൾ ജാനിയെ ചൂണ്ടിക്കാട്ടി കുഞ്ഞി സന്തോഷം കൊണ്ട് കൈ കൊട്ടി തുള്ളി ചാടി....

""""എന്തോരം പൂക്കളാ അമ്മേ... എന്ത്‌ രസാ കാണാൻ ല്ലേ?""""" ഇരു കൈകളും ഇരു കവിളിലുമായി വച്ച് വിടർന്നു ചിരിച്ചു അത്ഭുതത്തിൽ പൂക്കളെ നോക്കി നിൽക്കുന്ന കുഞ്ഞിയെ കൗതുകത്തോടെ നോക്കി നിന്നു ജാനി... ഒരു കുഞ്ഞ് പനിനീർ പൂവ് തന്റെ ഉള്ളിലും പുഞ്ചിരി തൂകി വിടർന്നു വരുന്നതറിഞ്ഞു അവൾ....അതേ പുഞ്ചിരി പതിയെ അവളുടെ ചുണ്ടിലും സ്ഥാനം പിടിച്ചു. """"ആഹാ.. മോളൂന് ഇഷ്ടായോ ഇവിടെ?""" കുഞ്ഞിയുടെ ഉറക്കെയുള്ള സംസാരവും ചിരിയും കേട്ട് ഉള്ളിലേയ്ക്ക് വന്നതായിരുന്നു മോഹൻ... """മ്മ്... ഇവിടെ നല്ല രസോണ്ട് അച്ചായി....നെറേ പൂവൊക്കെ ഉണ്ട്‌.... ദേ നോക്കിയേ....""" കുഞ്ഞി താഴേയ്ക്ക് വിരൽ ചൂണ്ടി.... """അപ്പൊ ലെച്ചുനെ കാണാത്തതിലെ വിഷമമൊക്കെ മാറിയോ..?"""" മോഹൻ കുഞ്ഞിയെ എടുത്ത് പിടിച്ചു കളിയായി ചോദിച്ചു ... """""അതില്ല...ജോച്ചനാണെൽ ഇപ്പൊ കുഞ്ഞീടെ കൂടെ കൂടാറോന്നൂല്ല.... കുഞ്ഞിയ്ക്ക് കളിക്കാൻ ആരോണ്ടാവില്ല ഇവിടെ ....""" കുഞ്ഞീടെ മുഖം പെട്ടെന്ന് വാടി.... """"ജോക്കുട്ടൻ ഇപ്പൊ വലിയ കുട്ടി ആയില്ലേ മോളൂ..? എട്ടാം ക്ലാസ്സിൽ എന്നൊക്കെ പറയുമ്പോ ഒത്തിരി പഠിക്കാനൊക്കെ ഉണ്ടാവില്ലേ? അതല്ലേ മോളുടെ കൂടെ എപ്പോഴും കളിക്കാൻ കൂടാത്തത്.... ജോകുട്ടനെ എപ്പോഴും ശല്യം ചെയ്യുകയൊന്നും ചെയ്യരുതൂട്ടോ.... ഇടയ്ക്കൊക്കെ കൂടെ കൂടിക്കോ... അത്രെ പാടുള്ളൂ...."""" മോഹൻ അങ്ങനെ പറയുമ്പോൾ കുഞ്ഞിയുടെ മുഖത്തെ വാട്ടം ഒന്നൂടെ കൂടി...

""""സാരില്ല മോളെ... മോള് ഇവിടുത്തെ സ്കൂളിൽ ചേരുമ്പോഴേ ലേച്ചൂനെപ്പോലെ നിറയെ കൂട്ടുകാരെ കിട്ടൂല്ലേ .. അപ്പൊ കുഞ്ഞിക്ക് നിറയെ സന്തോഷാവും കേട്ടോ...""" """സത്യായിട്ടും.....?"""" ചോദ്യത്തോടൊപ്പം കണ്ണുകൾ വിടർത്തി അവൾ മോഹനെ ഒന്ന് നോക്കി... """മ്മ്... അച്ചായി കള്ളം പറയാറില്ലല്ലോ....""" ചിരിയോടെ കുഞ്ഞിയെ എടുത്ത് കൊണ്ട് മോഹൻ അവളുടെ കവിളിൽ മുത്തി... കുഞ്ഞിയെപ്പോലെ മോഹനും നാട്ടിൽ നിന്നും പോന്നതിൽ വേദന ഉണ്ടാകും എന്നൊരു ചിന്ത ജാനിയുടെ മനസിലേയ്ക്ക് കടന്ന് വന്നു. അതവളുടെ ചുണ്ടിലെ പുഞ്ചിരി പാടെ മായ്ച്ചു കളഞ്ഞു... അവളുടെ മുഖത്തെ മങ്ങൽ മോഹനും ശ്രദ്ധിച്ചു.. പതിയെ തോളിലൂടെ കയ്യിട്ട് അവളെ ഒന്ന് ചേർത്ത് പിടിച്ചു... """"എന്താടോ... എന്തിനാ ഇപ്പോഴും ഈ വിഷമം...? ഇതേ നമ്മുടെ മാത്രം ലോകമാണ്.. ഇവിടെ സങ്കടത്തിനും കണ്ണുനീരിനും സ്ഥാനമില്ല.... സന്തോഷവും ചിരിയും മാത്രേ ഉണ്ടാവാൻ പാടുള്ളൂ... ഇല്ലെടാ കുഞ്ഞാറ്റേ ..?"""" പറയുന്നതിനൊപ്പം കുഞ്ഞിയെ ഒന്ന് കൊഞ്ചിച്ചു മോഹൻ... """മ്മ്..."""" എന്തറിഞ്ഞിട്ടാണോ എന്തോ കുഞ്ഞി മോഹൻ പറഞ്ഞത് സമ്മതിച്ചു തല ചലിപ്പിച്ചു... """"അതല്ല ജയേട്ടാ... ഞാൻ എന്നും വേദന മാത്രേ തന്നിട്ടുള്ളൂ.... സങ്കടപ്പെടുത്തിയിട്ടേ ഉള്ളൂ... ഇപ്പൊ ഞാൻ കാരണം ജനിച്ച വീടും നാടും ഒക്കെ ഉപേക്ഷിച്ചു...."""" """""ഉപേക്ഷിച്ചു എന്നാരാ പറഞ്ഞത്...? ഒന്നും ഉപേക്ഷിച്ചിട്ടില്ല... അങ്ങനെ അതൊന്നും എനിക്ക് ഉപേക്ഷിക്കാനും കഴിയില്ല.... ഒരു മാറ്റം നല്ലതാണെന്നു തോന്നി.... തന്റെ മൈൻഡ് ഒക്കെ ഒന്ന് ഓക്കേ ആകാൻ.... ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ചില ഓർമകളിൽ നിന്നും ഒരു ഒളിച്ചോട്ടം....

നമ്മുടെ മാത്രം സന്തോഷങ്ങളിലേയ്ക്ക്.... ഞാനും താനും കുഞ്ഞിയും മാത്രം.... ഒരിക്കൽ നഷ്ടമായ സന്തോഷങ്ങൾ തിരികെ പിടിക്കാനായുള്ളൊരു യാത്ര...."""" """"തിരികെ പോകണം.... ഈ മനസ്സിൽ നിന്നും വേണ്ടാത്ത ചിന്തകളൊക്കെ ഒഴിഞ്ഞു പോയിക്കഴിയുമ്പോൾ നമ്മൾ തിരികെ പോകും... അപ്പൊ നമ്മുടെ മോൾക്കും കുറച്ചു കൂടി പക്വത വരും... ആരെങ്കിലും തന്നെക്കുറിച്ച് മോശം പറഞ്ഞാലും എന്റെ അമ്മ അങ്ങനെ അല്ല എന്ന് ചിന്ദിക്കാൻ അവൾക്ക് കഴിയും... അത് വരെ ദേ ഈ ഭാവം മുഖത്ത് വേണ്ടാട്ടോ.... ഈ വിഷമം ഇല്ലാതാക്കാനാണ് ഇങ്ങോട്ടേക്ക് വന്നത്... മനഃപൂർവം അത് മുഖത്തണിയരുത്....""""" മദറിൽ നിന്നും കേട്ട അതേ വാക്കുകൾ....! മോഹന്റെ വാക്കുകൾ ഉള്ളിൽ ഉണ്ടായ നേർത്ത നോമ്പരത്തെ പാടെ തുടച്ചു മാറ്റുന്നതറിഞ്ഞു ജാനകി. നഷ്ടമായ പുഞ്ചിരി വീണ്ടും ചുണ്ടിൽ സ്ഥാനം പിടിച്ചു. മോഹന്റെ തോളിലേയ്ക്ക് തല ചേർത്ത് വച്ച് നിന്നു... കുഞ്ഞി മോള് വീണ്ടും താഴേയ്ക്ക് ചൂണ്ടി എന്തൊക്കെയോ പറഞ്ഞു ചിരിച്ചു തുടങ്ങിയിരുന്നു.... 🍁🍁🍁🍁🍁🍁🍁🍁 മലേഷ്യയുമായി അഡ്ജസ്റ്റ് ആകാൻ കുറച്ചു ദിവസങ്ങൾ വേണ്ടി വന്നു ... പ്രത്യേകിച്ച് മോഹനും കുഞ്ഞിയ്ക്കും... കുഞ്ഞി ഇടയ്ക്കിടെ ലെച്ചുനെ കാണാൻ കഴിയാത്ത വിഷമമൊക്കെ പറയുമായിരുന്നുവെങ്കിലും മോഹൻ പക്ഷെ ബുദ്ധിമുട്ടുകൾ ഒന്നും പുറത്ത് പറഞ്ഞില്ല....എങ്കിലും മോഹന്റെ അസ്വസ്ഥത ജാനിയ്ക്ക് മനസിലാക്കാൻ കഴിയുമായിരുന്നു..... ദിവസങ്ങൾ മാസങ്ങളും വർഷങ്ങളുമായി പരിണമിച്ചു.... വിഷം കുനിയുന്ന ഓർമ്മകൾ ജാനിയുടെ മനസ്സിൽ നിന്നും മാഞ്ഞു തുടങ്ങി...

മോഹന്റെ സ്നേഹവും കരുതലും കുഞ്ഞിയുടെ കളി ചിരികളും ആൽവിയുടെയും മായയുടെയും സാനിധ്യവും അവളിലെ മുറിവുകൾക്കുള്ള മരുന്നായി മാറി.... പഴയതൊന്നും ചിന്തകളിൽ പോലും കടന്ന് വരാതെയായി.... ഇടയ്ക്ക് ഹോസ്പിറ്റലിൽ പോകുമ്പോൾ മാത്രം ഭൂതകാലത്തിന്റെ ഓർമ്മകൾ കടന്ന് വന്നു.... പ്രിയമുള്ളോരാളിന്റെ ചേർത്ത് നിർത്തലിൽ ആ ഓർമ്മകൾക്ക് തെല്ലും വേദനയില്ലാതെയായി.... ഹൃദയത്തിനോട്‌ ചേർത്ത് വച്ച് പ്രണയിക്കുന്ന ഒരാളിനൊപ്പമുള്ള ഓരോ ദിവസത്തിനും ഇരുപതിനാല് മണിക്കൂർ ദൈർഖ്യം പോരാ എന്ന് പോലും തോന്നിപ്പോയി ജാനിയ്ക്ക്..... എന്നോ യാത്ര പറഞ്ഞകന്ന ഒരിക്കലും വാടാത്ത പുഞ്ചിരിപ്പൂക്കൾ മാത്രം വിടർന്നു നിന്ന ഒരു വസന്ത കാലം വീണ്ടും വിരുന്നെത്തി..... ആ വസന്തം ഒരിക്കലും അവസാനിക്കാത്തിരുന്നെങ്കിൽ എന്നവൾ കൊതിച്ചു.... 🍁🍁🍁🍁🍁🍁🍁 അഞ്ച് വർഷങ്ങൾ കടന്ന് പോയത് ജാനിയോ മോഹനോ കുഞ്ഞിയോ അറിഞ്ഞതെ ഇല്ല.... ഇതിനിടയിൽ ഒരിക്കൽ പോലും അവർ നാട്ടിലേയ്ക്ക് പോയില്ല... ഒരു തവണ പ്രഭാകരനും ജയയും കുറച്ചു നാൾ അവിടെ വന്നു താമസിച്ചു.... കുഞ്ഞി ഏഴാം ക്ലാസിലേയ്ക്കെത്തി ...... ജോയൽ മെഡിസിൻ ഒന്നാം വർഷം വിദ്യാർത്ഥിയാണ് ഇപ്പോൾ ... കുഞ്ഞി എന്ന് വിളിച്ചു വിളിച്ചു മൈത്രി എന്ന അവളുടെ പേര് പോലും എല്ലാപേരും മറന്നു പോയിരുന്നു. പക്ഷെ ഇപ്പോൾ അച്ചായിയേം അമ്മേം ഒഴികെ വേറെ ആരെയും അവൾ കുഞ്ഞി എന്ന് വിളിക്കാൻ അനുവദിക്കില്ല... മറ്റുള്ളവരെല്ലാം മൈത്രി എന്ന് വിളിക്കണം എന്നവൾക്ക് നിര്ബന്ധമാണ്. അവളോട് വഴക്കുണ്ടാക്കാനായി മാത്രം ജോയൽ ഇടയ്ക്കിടെ കുഞ്ഞി എന്ന് വിളിച്ചു അവളുടെ പിറകെ കൂടും... പിന്നേ രണ്ടും കൂടി യുദ്ധമാണ്... അവനും ഇപ്പോൾ ജോക്കുട്ടൻ എന്ന് വിളിക്കുന്നത് നാണക്കേടാണ്..

ജോയൽ എന്നോ ജോ എന്നോ വിളിക്കണം... ആൾവിയേം മായേം പോലും ജോക്കുട്ടൻ എന്ന് വിളിക്കാൻ അവൻ അനുവദിക്കാറില്ല.... അത് കൊണ്ട് തന്നെ അടി ഉണ്ടാക്കുമ്പോഴൊക്കെ കുഞ്ഞി അവനെ ജോക്കുട്ടൻ എന്നെ വിളിക്കാറുള്ളൂ.... ഇടയ്ക്ക് ഇങ്ങനെ തമാശയ്ക്ക് അടിയുണ്ടാക്കാറുണ്ടങ്കിലും ജോയും കുഞ്ഞിയും വലിയ കൂട്ടാണ്..... കുറച്ചു ദിവസം കാണാത്തിരുന്നാൽ വിഷമിച്ചു പോകുന്ന അത്രയും കൂട്ട്... 🍁🍁🍁🍁🍁 മോഹനും ജാനിയും കുഞ്ഞിയ്ക്ക് അച്ഛനും അമ്മയും എന്നതിലുപരി നല്ല സുഹൃത്തുക്കളാണ്.... ഉറങ്ങുന്നതിനു മുൻപ് കുറച്ചു അധികം സമയം ഇരുവരോടും അന്നത്തെ മുഴവൻ വിശേഷങ്ങളും പങ്ക് വയ്ക്കണം അവൾക്ക്... സ്കൂളിലെ കുഞ്ഞു കുഞ്ഞ് വിശേഷങ്ങൾ പോലും പറഞ്ഞു തീർക്കുമ്പോൾ കൗതുകത്തോടെ അവർ അവളെ കെട്ടിരിക്കും.... ചിലപ്പോൾ ചെറിയ ഉപദേശങ്ങളുമായും മറ്റ് ചിലപ്പോൾ തങ്ങളുടെ സ്കൂൾ ജീവിതവുമായുമൊക്കെ അവരും ഒപ്പം കൂടും..... മിക്കപ്പോഴും മോഹനും ജാനിയ്ക്കും നടുവിലായി കിടന്ന് കൊണ്ടാണ് വിശേഷങ്ങളുടെ ഭാണ്ഡം അഴിക്കാറ്.... പലതും പറഞ്ഞും ചിരിച്ചും തമാശ പറഞ്ഞും മൂന്ന് പേരും ഉറക്കത്തിലേയ്ക്ക് വഴുതി വീഴും... എന്നും ആദ്യം ഉറങ്ങുന്നത് മോഹനാണ്... കുഞ്ഞിയുടെയും ജാനിയുടെയും സംസാരം പിന്നെയും തുടരും.... അന്നും പതിവ് പോലെ മോഹനാണ് ആദ്യം ഉറങ്ങിയത്... കുഞ്ഞിയും ഉറങ്ങിക്കഴിഞ്ഞും ജാനിയുടെ കണ്ണുകളോട് ഉറക്കം കൂട്ട് കൂടാതെ മാറി നിന്നു. ഒത്തിരി നാളുകൾക്ക് ശേഷം കാരണം അറിയാത്തോരസ്വസ്ഥത മനസിനെ ആകെ വന്ന് മൂടുന്നതറിഞ്ഞു ജാനി..... കിടന്നാലും ഉറങ്ങാൻ കഴിയില്ല എന്ന് മനസിലായപ്പോൾ പതിയെ എഴുന്നേറ്റു റൂമിന് പുറത്തേയ്ക്ക് നടന്നു......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story