തമസ്സ്‌ : ഭാഗം 39

തമസ്സ്‌ : ഭാഗം 39

എഴുത്തുകാരി: നീലിമ

“””””നിന്നെപ്പോലെ ചിന്ദിക്കാൻ നിനക്ക് മാത്രമേ കഴിയൂ മോഹൻ….. എന്റെ മോൾക്കുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് നീ….. ഒരിക്കലും നികത്താനാകാത്ത നഷ്ടം….!””””” തുളുമ്പി നിന്ന കണ്ണുകൾ തോളിൽ കിടന്ന തോർത്തു കൊണ്ട് ഒപ്പി എടുത്തു പ്രഭാകരൻ. തിരിഞ്ഞു വീണ്ടും പഴയത് പോലെ ദൂരേക്ക് നോട്ടം പായിച്ചു നിന്നു… “””””അച്ഛായീ….””””” നീട്ടിയുള്ള കുഞ്ഞിയുടെ വിളി കേട്ടാണ് മോഹനും പ്രഭാകരനും ഒരുപോലെ തിരിഞ്ഞു നോക്കിയത് …. മോഹനെ കണ്ട ഉടനെ കുഞ്ഞി ഓടി വന്നു കൈ രണ്ടും ഉയർത്തി… അവൻ ഒരു ചിരിയോടെ അവളെ എടുത്ത് പിടിച്ചു….. മനോഹരമായൊരു ചിരിയോടെ കുഞ്ഞി മോഹന്റെ കവിളിൽ ചുണ്ടുകൾ ചേർത്തു …. ഉള്ളിൽ ഉരുണ്ടു കൂടിയ നോവ് ആലിഞ്ഞില്ലാതാകുന്നതറിഞ്ഞു മോഹൻ…. അവനും അവളുടെ കവിളിൽ ഒരു മുത്തം നൽകി …. “””””കുഞ്ഞി എവിടെ ഒക്കെ നോക്കീന്നു അറിയുവോ അച്ചായിയെ?””””” പരിഭവം പറയുന്നത് പോലെ ചുണ്ട് കൂർപ്പിച്ചു പറഞ്ഞു കൊണ്ട് അവന്റെ കഴുത്തിലേയ്ക്ക് കൈ ചുറ്റിപിടിച്ചു….

“””””അച്ചായി ഇവിടെ തന്നെ ഉണ്ടായിരുന്നല്ലോ മോളൂ…. അപ്പൂപ്പൻ ഒറ്റയ്ക്കായോണ്ട് ഇവിടെ വന്നു നിന്നതല്ലേ….?””””” മോഹൻ അത് പറയുമ്പോഴാണ് അവൾ പ്രഭാകരനെ ശ്രദ്ധിക്കുന്നത് തന്നെ ….. അയാളുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ അവൾ മോഹന്റെ കയ്യിൽ നിന്നും ഊർന്നിറങ്ങി പ്രഭാകരന്റ അടുത്തേയ്ക്ക് ഓടി …. “”””അപ്പൂപ്പൻ എന്തിനാ കരയണേ…?””””” നെറ്റി ചുളിച്ചു പ്രഭാകരന്റെ മുഖത്തേയ്ക്ക് ഉറ്റു നോക്കിയാണ് ചോദ്യം…ഒപ്പം കൈ എത്തിച്ചു കണ്ണീരു തുടയ്ക്കാനും ശ്രമിക്കുന്നുണ്ട്….. കണ്ണുകളിൽ വിഷാദം നിറച്ച് ചുണ്ട് പിളർത്തി മുന്നിൽ നിന്നു ചോദിക്കുന്ന കുഞ്ഞിന്റെ മുഖത്തേയ്ക്ക് അയാൾ നോക്കി നിന്നു… പിന്നേ അവളെ വാരിയെടുത്തു ഒക്കതിരുത്തി……. “””””അതോ…. മോളുടെ അച്ചായിയെ… അപ്പൂപ്പനെ വഴക്ക് പറഞ്ഞു… അതല്ലേ അപ്പൂപ്പൻ കരയണത്….””””” കണ്ണുനീർ തുടയ്ക്കാതെ മുഖത്തെ വിഷാദഭാവം മറയ്ക്കാതെ തന്നെ പറഞ്ഞു…. പക്ഷെ ആ കുഞ്ഞിന്റെ സാമീപ്യം പോലും ഉള്ളിലെ പിരിമുറുക്കത്തിനു അയവു വരുത്തുന്നത് അറിയുന്നുണ്ടായിരുന്നു അയാൾ… കുഞ്ഞി തിരിഞ്ഞു മോഹനെ നോക്കി… “”””ആണോ അച്ചായി….? അച്ചായി അപ്പൂപ്പനെ വയക്ക് പറഞ്ഞോ?”””” “””””മ്മ്… അപ്പൂപ്പൻ കുറുമ്പ് കാണിച്ചപ്പോൾ അച്ചായി നല്ല വഴക്ക് കൊടുത്തു….”””” മോഹൻ ചിരിയോടെ പറഞ്ഞു….

“””””നൊണയാ… ന്റെ അച്ചായി ആരേം വഴക്ക് പറയില്ലല്ലോ…. കുഞ്ഞിക്ക് അറിയാല്ലോ… ന്റെ അച്ചായി പാവാ….””””” കുഞ്ഞി നിഷേധാർത്ഥത്തിൽ തല വെട്ടിച്ചു കൊണ്ട് പറഞ്ഞു…. “””””എന്നാരാ മോളോട് പറഞ്ഞത്? മോളുടെ അച്ചായി വഴക്ക് പറയുന്നത് അപ്പൂപ്പൻ കണ്ടിട്ടുണ്ടല്ലോ….””””” “””””അതേ…. അത് ദുഷ്ടൻമാരെയാ…. അപ്പൂപ്പൻ ദുഷ്ടൻ അല്ലല്ലോ…. അപ്പൊ വയക്ക് പറയൂല്ല…. കുഞ്ഞി കുറുമ്പ് കാണിക്കുമ്പോൾ അച്ചായി വഴക്ക് പറയാറില്ലല്ലോ….””””” കുഞ്ഞിയുടെ പറച്ചിൽ കേട്ട് പ്രഭാകരൻ ചിരിച്ചു പോയി…. “””””കുറുമ്പി…. നിന്നെ ആരേലും വഴക്ക് പറയുമോ? നീ അപ്പൂപ്പന്റെ പൂമ്പാറ്റക്കുട്ടിയല്ലേ…..?””””” അയാൾ കുഞ്ഞിയുടെ മൂക്കിലേയ്ക്ക് മൂക്ക് കൊണ്ട് ഉരസിയിട്ട് ചിരിയോടെ പറഞ്ഞു…. “””””എന്നാലേ…. എനിക്കെ ഇന്ന് വൈകിട്ട് വരുമ്പോ നേറയെ പൂവ് കൊണ്ടേ തരാമോ? അച്ചായി ഇപ്പൊ ഇടയ്ക്കൊക്കെ മറന്നു പോവും…. അപ്പൊ കുഞ്ഞിക്ക് സങ്കടാവും….. നാളെ ലെച്ചു പൂവ് വയ്ക്കും… അപ്പൊ കുഞ്ഞിയ്ക്കും വയ്ക്കണ്ടേ….?””””” നിഷ്കളങ്കമായ ആ കുഞ്ഞിന്റ സംസാരത്തിൽ പ്രഭാകരന്റെ കണ്ണുകൾ വീണ്ടും ഈറനണിഞ്ഞു…. കുഞ്ഞിയുടെ കാര്യങ്ങൾ ഒന്നും മറക്കാറില്ല മോഹൻ… ഈയിടെയായി അവൾക്ക് സ്ഥിരമായി കൊണ്ട് വരുന്ന പൂവ് അവൻ മറക്കുന്നു എന്ന് പറഞ്ഞാൽ അതിനർത്ഥം അവന്റെ മനസ്സ് അത്രയേറെ നോവുണ്ട് എന്ന് തന്നെയാണ്…..അതിന് കാരണം തന്റെ മകൾ തന്നെ ആകും…..

അച്ഛന്റെ മനസ്സ് ഉരുകുന്നത് ഈ കുഞ്ഞ് അറിയുന്നുണ്ടോ? അയാൾ അവളുടെ കവിളിൽ ഒന്ന് ചുംബിച്ചു… “””””അപ്പൂപ്പൻ കൊണ്ട് വരാട്ടോ…..””””” പറഞ്ഞിട്ട് അയാൾ നോക്കിയത് മോഹന്റെ മുഖത്തേക്കാണ്…. തീർത്തും നിർവികാരമായിരുന്നു ആ മുഖം…. തികട്ടി വന്ന ഓർമ്മളെ വിഴുങ്ങി മോഹൻ ദീർഘമായൊന്നു നിശ്വസിച്ചു… പിന്നേ ഒന്ന് ചിരിച്ചെന്നു വരുത്തി…. “””””വേറൊരു കാര്യം പറയാനാണച്ചാ ഞാൻ ഇങ്ങോട്ട് വന്നത്….”””” മോഹൻ പറയുമ്പോൾ സംശയഭാവത്തിൽ പ്രഭാകരൻ അവനെ ഒന്ന് നോക്കി… “””””എന്താ മോനേ….?””””” “””””ഇന്ന് രാവിലെ ഞാൻ ബേക്കറിയിലേയ്ക്ക് ഇല്ല ….. ഒന്ന് കിച്ചൂന്റ വീട് വരെ പോകണം…. ആക്‌സിഡന്റ് ആയ ശേഷം അവൻ ബേക്കറിയിലേയ്ക്ക് വരാറില്ലല്ലോ….. കുറച്ചു അധികം ദിവസമായില്ലേ? വീട്ടിലെ കാര്യങ്ങളൊക്കെ ബുദ്ധിമുട്ടിൽ ആയിരിക്കും… ഒന്ന് പോയി കാണണം…. കുറച്ചു കാശ് കൊടുക്കണം… പല ആവശ്യങ്ങളും ഉണ്ടാകില്ലേ?””””” “””””അതൊക്കെ ശെരിയാ.. പക്ഷെ… അവനിപ്പോ ഇവിടെ അല്ലല്ലോ മോനേ… നെയ്യാറ്റിൻകരയാ….സുമിത്രചേച്ചിടെ വീട്ടിൽ….”””” “””””അതറിയാം അച്ഛാ…. അവനെ ഇന്നലെ വിളിച്ചപ്പോകൂടി പറഞ്ഞെ ഉള്ളൂ…. എന്നാലും പോയെന്നു തിരക്കുന്നതല്ലേ മര്യാദ…? ഇപ്പോഴാണെങ്കിൽ കാശിനൊക്കെ അത്യാവശ്യമുള്ള സമയവും ആയിരിക്കും… അവനായിട്ട് ചോദിക്കില്ല…. കൊടുത്താലും വാങ്ങുമോ എന്നറിയില്ല… നിർബന്ധിച്ചു കൊടുക്കേണ്ടി വരും…. എന്തായാലും പോണം… കഷ്ടിച്ച് ഒരു മണിക്കൂർ യാത്ര അല്ലെ ഉള്ളൂ….?”””””

“””””മ്മ്.. എന്നാൽ പോയിട്ട് വാ… ഞാനും കൂടി വന്നേനെ …. പിന്നേ കടയിൽ ആരാ ഉള്ളത്….? ഞാനും ജയയും കൂടി പിന്നീട് ഒരു ദിവസം പൊയ്ക്കോളാം ….””””” “”””മ്മ്….. എന്നാൽ അങ്ങനെ ആകട്ടെ അച്ഛാ…”””” മോഹൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ കുഞ്ഞി പേഭകരന്റെ കയ്യിൽ നിന്നും ഇറങ്ങി മോഹന്റെ കയ്യിൽ തൂങ്ങിക്കഴിഞ്ഞിരുന്നു….. “””””അച്ചായി…. ന്നേം കൊണ്ടൊവോ കിച്ചന്റെ വീട്ടില്….?””””” കൊഞ്ചലോടെയാണ് ചോദ്യം….. “””””അയ്യോ… അത് ഒത്തിരി ദൂരെ അല്ലെ മോളെ… മോളെ പിന്നീട് ഒരു ദിവസം കൊണ്ട് പോകാം….””””” മോഹൻ പറഞ്ഞത് ഇഷ്ടമാകാത്തത് പോലെ കുഞ്ഞി ചിണുങ്ങി… പിന്നേ ചുണ്ട് പിളർത്തി…. “””””അച്ചായി പോയാൽ പിന്നേ കുഞ്ഞിക്ക് ഇവിടെ ബോറാ… ഒരു രസോം ഇല്ല… ന്നേം കൊണ്ടോ അച്ചായി… ഞാൻ നല്ല കുട്ടിയായിട്ട് ഇരുന്നോളാം ….””””” പറയുന്നതിനൊപ്പം കയ്യൊക്കെ കെട്ടി മോഹന്റെ മുന്നിൽ നല്ല കുട്ടിയായി അറ്റെൻഷനിൽ നിന്നു കൊടുത്തു കുഞ്ഞി…. മോഹൻ ചിരിയോടെ അവളെ പൊക്കി എടുത്തു….. “””””അവളെക്കൂടി കൂട്ടിക്കോ മോഹൻ… കിച്ചൂന്റെ വീട്ടിലേയ്ക്കല്ലേ…? അവര് നമുക്ക് അന്യരൊന്നും അല്ലല്ലോ….””””” ഒക്കെ കേട്ട് പിറകിലായി വന്ന പ്രഭാകരൻ പറഞ്ഞപ്പോൾ മോഹനും കുഞ്ഞിയുടെ ആഗ്രഹത്തിന് സമ്മതം മൂളി… കുഞ്ഞി അപ്പൂപ്പനായി ഒരു ഫ്ലയിങ് കിസ് പറത്തി വിട്ട് തന്റെ സന്തോഷം പ്രകടിപ്പിച്ചു മോഹനോട് ഒന്ന് കൂടി ഒട്ടി ഇരുന്നു ……

🍁🍁🍁🍁🍁🍁🍁🍁🍁🍁 രാവിലെ നിർത്താതെയുള്ള കാളിങ് ബെൽ കേട്ടാണ് വിനോദ് ഉണർന്നത്…. ഉറക്കം വിട്ട്മാറാത്ത കണ്ണുകൾ വലിച്ച് തുറന്നു ക്ലോക്കിലേയ്ക്ക് നോക്കി….സമയം ഏഴ് മണി ആകുന്നെ ഉള്ളൂ…. ഇതിപ്പോ ആരാ ഇത്ര രാവിലെ? മനുഷ്യന്റെ ഉറക്കം കളയാൻ…. മുഷിച്ചിലോടെയാണ് വിനോദ് ഡോർ തുറക്കാനായി പോയത്…. മുന്നിൽ നിൽക്കുന്നവരെക്കണ്ടു അവൻ ഒന്ന് ഞെട്ടി… “””””ഹാ… ആരാ ഇതൊക്കെ…? നിങ്ങളൊക്കെ എന്താ ഇത്ര രാവിലെ?… ഒരു മുന്നറിയിപ്പും ഇല്ലാതെ …?””””” അവന്റെ ചോദ്യങ്ങൾക്ക് മറുപടിയായി കിട്ടിയത് കാരണം പുകയുന്ന മാതിരി ഒരടിയായിരുന്നു….. അടിയുടെ ശക്തിയിൽ കവിളിൽ കൈ വച്ച് തറയിലേയ്ക്ക് ഇരുന്ന് പോയി അവൻ…. തലയ്ക്കുള്ളിൽ എന്തോ മൂളിപ്പറക്കുന്നത് പോലെ… കുറച്ചു സമയം കണ്ണുകൾ അടച്ച് തുറന്നു ഇരുന്നതിന് ശേഷമാണ് അവന് ബോധം തിരികെ കിട്ടിയത് തന്നെ …. അവൻ പതിയെ എഴുന്നേറ്റു നിന്നു… “””””എന്താ…? എന്തിനാ എന്നെ തല്ലിയത്…?”””” അപ്പോഴും മറുപടി ഉണ്ടായില്ല.. പകരം ഒരു ന്യൂസ്‌ പേപ്പർ അവന്റെ മുന്നിലേയ്ക്കിട്ടു…. അതിലെ വാർത്ത കണ്ട് അവന്റെ കണ്ണ് തള്ളി…. പ്രതീക്ഷിച്ചത് തന്നെ…. തന്റെ കയ്യിൽ നിന്നും കുഞ്ഞിനെ ഏറ്റു വാങ്ങുന്ന സ്ത്രീ….! കുഞ്ഞിനെ മാതാപിതാക്കളുടെ അരികിൽ എത്തിക്കാൻ താനാണ് മുൻകൈ എടുത്തത് എന്ന് രീതിയിൽ ആണ്‌ വാർത്ത…. അത് വായിച്ച് വിനോദ് സ്തംഭിച്ചു നിൽക്കുമ്പോൾ വന്നവിരിലൊരാൾ അവന്റെ ഷർട്ടിൽ കൂട്ടിപിടിച്ചു…. “””””കൂടെ നിന്ന് ചതിക്കുന്നോടാ…?””””

അലർച്ചയ്‌ക്കൊപ്പം കേട്ടാൽ അറയ്ക്കുന്ന കുറെ വാക്കുകളും പുറത്ത് ചാടി…. ഒപ്പം ഉണ്ടായിരുന്ന മറ്റൊരുവന്റെ ചവിട്ടേറ്റ് അവൻ നിലത്തേയ്ക്ക് തെറിച്ചു വീണു….. അവിടെ ഇട്ടു തന്നെ അവന്റെ അടിവയറ്റിലായി ഒന്ന് കൂടി തൊഴിച്ചു….. വിനോദ് വേദന കൊണ്ട് പുളഞ്ഞു….. “””””എനിക്ക് പറയാനുള്ളത് കൂടി കേട്ടിട്ട് നിങ്ങൾ അടിക്കേം ഇടിക്കേം ഒക്കെ ചെയ്യ്….”””” നിലത്ത് കിടന്നു തന്നെ വിനോദ് വേദന കടിച്ചമർത്തി ദേഷ്യത്തിൽ ചീറി…. ഒരാൾ വന്ന്‌ അവനെ ഷർട്ടിൽ പിടിച്ചു തൂക്കിയെടുത്തു ചുമരിനോട് ചേർത്ത് നിർത്തി…. കഴുത്തിൽ കുത്തിപ്പിടിച്ചു….. “””””പറയെടാ…. എന്താ നിനക്ക് പറയാനുള്ളത്? അത് കേൾക്കാൻ തന്നെയാ ഞങ്ങൾ വന്നത്…..””””” കഴുത്തിലെ പിടി അല്പം ഒന്നയച്ചു കൊണ്ട് അയാൾ അവന് പറയാൻ അവസരം നൽകി….അയാളുടെ വാക്കുകളിലും മുഖത്തും ദേഷ്യം നിറഞ്ഞു നിന്നു. വിനോദ് നടന്ന സംഭവങ്ങളൊക്കെ തനിക്ക് കുഴപ്പം ഒന്നും ഉണ്ടാകാത്ത വിധത്തിൽ ഒരല്പം വളച്ചൊടിച്ചു തന്നെ വിവരിച്ചു കേൾപ്പിച്ചു…. ആ അവസരത്തിൽ തനിക്ക് ഒന്നും ചെയ്യാനാകില്ലായിരുന്നു എന്നും, എന്തെങ്കിലും ചെയ്‌താൽ അത് മറ്റുള്ളവർക്ക് സംശയം ഉണ്ടാക്കുമായിരുന്നു എന്നുമൊക്കെ പറഞ്ഞു അവൻ അവരെ വിശ്വസിപ്പിച്ചു….. വിനോദിന്റെ ഷർട്ടിൽ മുറുകിയിരുന്ന അയാളുടെ കൈ പതിയെ അയഞ്ഞു ….

“””””നീ പറഞ്ഞതൊക്കെ ഞങ്ങൾ വെള്ളം തൊടാതെ വിഴുങ്ങി എന്നൊന്നും നീ കരുതണ്ട….അറിയാല്ലോ നിനക്ക്…..? കൂടെ നിന്നു ചതിക്കുന്നവന് ഞങ്ങൾ കൊടുക്കുന്ന ശിക്ഷ മരണമാണ്… നിന്നെ കൊല്ലാത്തത് നീ പറഞ്ഞതൊക്കെ ഞങ്ങൾ തൽക്കാലം വിശ്വസിച്ചത് കൊണ്ട് മാത്രമാണ്. ഇതൊക്കെ കള്ളമാണെന്ന് ഞങ്ങൾ അറിഞ്ഞാൽ…. വിനോദെ…. നീ ജീവനോടെ ബാക്കി ഉണ്ടാവില്ല…..””””” അയാൾ ഊക്കൂടെ അവനെ തറയിലേയ്ക്ക് തള്ളി പുറത്തേയ്ക്ക് ഇറങ്ങിപ്പോയി… പിറകെ ബാക്കി ഉള്ളവരും….. 🍁🍁🍁🍁🍁🍁🍁🍁🍁🍁 വിനോദ് പതിയെ തറയിൽ എഴുന്നേറ്റിരുന്നു…. ഹോ.. വല്ലാത്ത ചവിട്ട് തന്നെയാണ് ആ കാലൻ ചവിട്ടിയത്… നടുവൊക്കെ നുറുങ്ങിപ്പോയത് പോലെ നോവുന്നു…. അയാൾ തള്ളിയപ്പോൾ കസേരയിൽ ഇടിച്ചാണ് വീണത്…. എവിടെയൊക്കെയോ വേദനിക്കുന്നു…. കവിളിലും വല്ലാത്ത നീറ്റൽ…. അവൻ കൈ ഉയർത്തി കവിളിൽ ഒന്ന് തടവി… ഒപ്പം അയാൾ മുറുകെ പിടിച്ച കഴുത്തിലും…. അപ്പോഴാണവൻ ഓർത്തത്… അയ്യോ… ഇന്ന് അല്ലെ റോസ് വീട്ടിലേയ്ക്ക് ക്ഷണിച്ചത്…?

അവൻ എങ്ങനെ ഒക്കെയോ എഴുന്നേറ്റു…. വേച്ച് വേച്ച് നടുവും തടവി പതിയെ റൂമിലേയ്ക്ക് നടന്നു….. റൂമിൽ എത്തിയ ഉടനെ കണ്ണാടിയുടെ മുന്നിലാണ് നിന്നത്…. താടി ഉള്ളത് കൊണ്ട് കവിളിലേ അടി കൊണ്ട പാട് അറിയില്ല….. പക്ഷെ കഴുത്ത് നന്നായിട്ടുണ്ട് ചുവന്നു കിടപ്പുണ്ട്….. അത് വൈകിട്ടാകുമ്പോൾ മാറുമായിരിക്കും… ഇല്ലെങ്കിൽ അവളോട് പറയാൻ വല്ല കള്ളവും കണ്ട് പിടിക്കണം…. കള്ളം പറയാൻ പണ്ടേ തനിക്ക് മിടുക്കു കൂടുതൽ ആണല്ലോ….. പക്ഷെ ഈ നടുവിന്റെയും ശരീരത്തിന്റെയും വേദനയോ? ഇന്ന് പോകാതിരുന്നാലോ? അല്ലെങ്കിൽ വേണ്ട….. അവൾ ആദ്യമായി പറഞ്ഞ ഒരാവശ്യമാണ്…. ഇന്ന് പോകാതിരുന്നാൽ അവൾക്ക് തന്നിലുള്ള വിശ്വാസം കുറയും…. പോയി കാണാം… എന്തെങ്കിലും ചോദിക്കുകയാണെങ്കിൽ അതിനും എന്തെങ്കിലും നുണ പറയാം…. അവിടെയും സിമ്പതി കിട്ടുമല്ലോ…..? എന്നാലും ഇങ്ങനെ തല്ലുകയും ചവിട്ടുകയുമൊക്കെ ചെയ്യേണ്ട കാര്യം എന്താണ്? ഇത്രയും നാൾ അവന്മാരുടെ കൂടെ നിന്നതല്ലേ? അല്ല അവന്മാരുടെ സ്ഥാനത്തു ഞാനാണെങ്കിലും ഇങ്ങനെയേ പ്രവർത്തിക്കൂ….. തിരികെ തല്ലാൻ അറിയാഞ്ഞിട്ടല്ല…. ഇന്ന് രണ്ട് മൂന്ന് പേരെ ഉണ്ടായിരുന്നുള്ളൂ… അവന്മാരെ എങ്ങാനും താൻ തിരിച്ചു തല്ലിയാൽ ഇന്ന് തന്നെ എല്ലാം കൂടി ഒരു പട ആയിട്ട് ഇങ്ങ് വരും…

പിന്നേ എന്റെ പൊടി പോലും ബാക്കി കാണില്ല… വെറുതെ എന്തിനാ റിസ്ക് എടുക്കുന്നത്? ശരീരം കേടാകുന്ന ഒന്നിനും പോകാതിരിക്കുന്നതാണ് നല്ലത്…. ഈ സൗന്ദര്യം കൊണ്ട് വേണം റോസിനെ വളച്ചൊടിച്ചു കുപ്പിയിലാക്കാൻ….. അവൻ ഒരിക്കൽക്കൂടി കണ്ണാടിയിലേയ്ക്ക് നോക്കി നിന്നിട്ട് വീണ്ടും ബെഡിലേയ്ക്ക് വീണ് കണ്ണുകൾ അടച്ചു ….. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 നെയ്യാറ്റിൻകരയിൽ എത്തി മോഹൻ ഒന്ന് കൂടി കിച്ചുവിനെ വിളിച്ച് വഴി മനസിലാക്കി…. അത് പ്രകാരം കുറച്ചു മുന്നിലുള്ള ഇടവഴിയിലേക്ക് കാർ തിരിച്ചു…. കാർ കുറച്ചു ദൂരം മുന്നിലേയ്ക്ക് പോയപ്പോഴേ കുഞ്ഞി നാല് പാടും നോക്കുന്നത് കണ്ടു… അധികം വീടുകൾ ഒന്നും ഉണ്ടായിരുന്നില്ല.. ഇടയ്ക്കിടെ ഓരോ വീട് കാണാം…. എതിരെ ഒരു കാർ കൂടി വന്നാൽ പോകാൻ വലിയ ബുദ്ധിമുട്ടാകും…. അത് കൊണ്ട് ശ്രദ്ധയോടെയാണ് മോഹൻ ഡ്രൈവ് ചെയ്തത്…. “”””അച്ചായി… നിർത്തിയെ… നിർത്തിയെ…..””””” കുഞ്ഞി മോഹന്റെ കയ്യിലേയ്ക്ക് പിടിച്ചു കൊണ്ട് വിളിച്ച് കൂവി…. “””””ഇവിടെ നിർത്താൻ ഒക്കില്ല മോളെ…. കുറച്ചു ദൂരം കൂടി പോണം… നമ്മൾ ഇപ്പൊ കിച്ചന്റെ വീട്ടിൽ എത്തുമല്ലോ ….””””” “””””നിർത്തിയെ അച്ചായി… ദേ അതാ റോസമ്മേടെ വീട്… നമ്മക്ക് അവിടെ പോകാം അച്ചായി… കുഞ്ഞിക്ക് റോസമ്മേ കാണണം….”””””കുഞ്ഞി കാറിൽ ഇരുന്ന് പിറകിലേയ്ക്ക് തിരിഞ്ഞു നോക്കിക്കൊണ്ടാണ് പറഞ്ഞത്. അത് കേട്ട് മോഹനും കാർ സ്ലോ ചെയ്തു അവൾ നോക്കിയിടത്തേയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കി….

ഇടവഴിയിൽ നിന്നും അല്പം ഉള്ളിലോട്ടു കുറച്ചു പഴക്കം ചെന്ന ഒരു തറവാട് മോഡൽ വീടാണ് ശ്രദ്ധയിൽപ്പെട്ടത്….. “”””മോളു എന്താ ഈ പറയണത്…? ഇതൊന്നും ആകില്ല… മോൾക്ക് തോന്നുന്നതാണ്…..”””” “”””അല്ല… അല്ല.. ഇത് തന്നാ… നിർത്ത് അച്ചായി… നിക്ക് പോണം…. പ്ലീസ് അച്ചായി…”””” കുഞ്ഞി വല്ലാതെ വാശി പിടിച്ചു…. മൂന്ന് നാല് തവണ കുഞ്ഞി അവിടെ വന്ന്‌ പോയിട്ടുള്ളത് കൊണ്ട് അതാകും എന്ന് അവൻ ഉറപ്പിച്ചു…. പക്ഷെ അവിടെക്ക് പോകാൻ എന്ത്‌ കൊണ്ടോ തോന്നിയില്ല…. കുഞ്ഞിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വല്ലാത്ത വാശിയിലായിരുന്നു അവൾ… സാധാരണ അവൾ അങ്ങനെ ഒരു കാര്യത്തിലും വാശി കാണിക്കാറില്ല… പക്ഷെ ഇപ്പോൾ… ഒടുവിൽ കരച്ചിലിന്റെ വക്കിൽ എത്തിയപ്പോൾ അവളുടെ വാശിക്കു മുന്നിൽ മോഹന് കീഴടങ്ങേണ്ടി വന്നു….. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ജാനകിയും മായയുടെ അമ്മാമ്മയും ഹാളിൽ സംസാരിച്ചിരിക്കുമ്പോഴാണ് ഡോർ ബെൽ മുഴങ്ങിയത്….. ഇതിനോടകം തന്നെ കർക്കശക്കാരിയായ അമ്മമ്മയ്ക്ക് ജാനകി പ്രിയങ്കരിയായി മാറിയിരുന്നു. “”””ആൽവിച്ചായനോ ശരത് സാറോ ആകും.. ഇപ്പോൾ വരുമെന്ന് പറഞ്ഞിരുന്നു….. ഞാൻ തുറക്കാം അമ്മാമ്മേ…..”””” പറഞ്ഞു കൊണ്ട് അവൾ വൈകിട്ട് വിനോദിന്റെ വരവിനോടാനുബന്ധിച്ചു കുറച്ചു കാര്യങ്ങൾ പ്ലാൻ ചെയ്യാനുണ്ടായിരുന്നു.അതിലേക്കായി ആൽവിയും ശരത്തും രാവിലെ തന്നെ എത്താം എന്ന് നേരത്തെ പറഞ്ഞിരുന്നതാണ്…. ആൽവിയെ വിളിച്ചപ്പോൾ അവൻ ഓൺ ദി വേ ആണെന്ന് പറയുകയും ചെയ്തു… ആ ധൈര്യത്തിലാണ് ജാനകി തന്നെ കതകു തുറക്കാനായി പോയതും….. എന്നാൽ വാതിൽ തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന ആളിനെക്കണ്ടു ജാനകി അക്ഷരാർത്ഥത്തിൽ ഞെട്ടി പിറകിലേയ്ക്ക് മാറി…..!……… തുടരും………….

തമസ്സ്‌ : ഭാഗം 38

മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story